അദ്ധ്യായം പതിനാറു്
ധർമ്മരാജാ | |
---|---|
ഗ്രന്ഥകർത്താവ് | സി.വി. രാമൻ പിള്ള |
മൂലകൃതി | ധർമ്മരാജാ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചരിത്രാഖ്യായിക |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഗ്രന്ഥകർത്താവു് |
വര്‍ഷം |
1913 |
മാദ്ധ്യമം | അച്ചടിപ്പതിപ്പു് |
പിന്നോട്ട് | മാർത്താണ്ഡവർമ്മ |
{{epigraph|
- “ലളിതം നടനം മനോഭിരാമം
- കളസംഗീതകമംഗലം വിളങ്ങി.”
}{}
രാജ്യദാസനും കാവ്യരസികനുമായ കേശവാഖ്യന്മാർ രണ്ടുപേരുടേയും സംഭാഷണത്തിലെ അഭിമതവിരുദ്ധതയ്ക്കിടയിൽ, വലിയ കൊട്ടാരം നൃത്തമണ്ഡപം താളമേളസ്വരസംഗീതസാഹിത്യങ്ങളുടെ സംയോജമധുരിമകൊണ്ടു് കലിംഗാദി മഹാരഷ്ട്രാധിപന്മാരുടെ നവരാത്രിസമ്മേളനങ്ങളേയും ഭിക്ഷാടം ചെയ്യിക്കുന്നു. മഹാരാജാവിന്റെ അനുമതിയോടുകൂടി ആരംഭിച്ചിരിക്കുന്ന ഹരികഥാകാലക്ഷേപത്തെ അനുഭവിച്ചു് കാലക്ഷേപോപയുക്തമായ അവിടത്തെ പ്രസാദഫലങ്ങളെ സമ്പാദിപ്പാൻ, ആ ‘സഭാകല്പതരു’വെ പൗരാണിക ചകോരങ്ങളും കവിവരമയൂരങ്ങളും ഗായകകോകിലങ്ങളും ശാസ്ത്രാപയുക്തം അഭിനന്ദനീയമാംവണ്ണം മണ്ഡനംചെയ്യുന്നു. ആ സഭാതലത്തിന്റെ ഒരു പാർശ്വത്തെ ദളവാ, സർവാധി, ജനറൽ, സമ്പ്രതി എന്നിത്യാദി വികസിതകുസുമങ്ങളാൽ രചിതങ്ങളായ ഹാരങ്ങളും, മറ്റൊരു പാർശ്വത്തെ ദളവാദിസ്ഥാനകോരകങ്ങളായ കണക്കു തമ്പി ചെമ്പകരാമനിരകളും സവിശേഷം അഭിരാമമാക്കുന്നു. പടിഞ്ഞാറു് ഭാഗത്തുള്ള സൗധാന്തരം ‘മിന്നും പൂഞ്ചേല’കളുടെ അവികലവിമലഭാസ്സുകൊണ്ടു് അളികുലസങ്കീർണ്ണമായുള്ള കമലകുവലയേന്ദീവരാദി ദളങ്ങളുടെ ചടുലവിലാസങ്ങളാലും, കർണ്ണഭൂഷകളായുള്ള പൊന്നോലകളുടെ കാന്തിസ്ഫുരണംകൊണ്ടും, മണികനകമയമായ മാലാകലാപം കൊണ്ടും, ‘അത്ഭുതശ്രീവിലാസ’മായി പരിലസിക്കുന്നു. ആ അന്തർഗൃഹത്തിൽനിന്നു് പ്രചരിക്കുന്ന മുല്ലമല്ലികചമ്പകാദികുസുമചയത്തിന്റെ പരിമളരൂക്ഷതയെ, ആ സദസ്സിനെ അലങ്കരിക്കുന്ന ഭൂദേവതതിയുടെ വക്ത്രാന്തർഗൃഹത്തിൽനിന്നു് പ്രവഹിക്കുന്ന അഗ്രശാലാരസാളത്തിന്റെ കട്വമ്ലദ്രവസമ്മിശ്രണം നന്ദനാരാമത്തിനും ദുർല്ലഭമായുള്ള ഒരു വിശിഷ്ടസൗരഭ്യമാക്കുന്നു.
പ്രമത്തതകൊണ്ടു് പ്രതിബന്ധംകൂടാതെ പിതൃപാദപരിസരത്തിലെന്നപോലെ സഞ്ചയിച്ചിരുന്ന പൗരജനാവലിയുടെ നിസ്വനംകൊണ്ടു് കളകളായിതമായിരുന്ന ആ രംഗം, മഹാരാജാവിന്റെ ആഗമനസൂചകമായുള്ള അകമ്പടിക്കാരുടെ പ്രവേശനത്തിൽ സാക്ഷാൽ ചിദാസ്പദമായ വൈകുണ്ഠത്തിന്റെ മാഹാത്മ്യത്തേയും പ്രപഞ്ചസൃഷ്ടിയുടെ പൂർവഗാമിയായ പ്രശാന്തതയേയും കൈക്കൊണ്ടു. ആ മണ്ഡപത്തിലെ സകല ജീവചലനങ്ങൾക്കും ഇങ്ങനെ പഞ്ചത ഭവിച്ച മാത്രയിൽ, ആ രംഗം അഖിലജനമനോഹരനായ ഒരു ശാരദീയകോകിലത്തിന്റെ ക്രീഡാവനമായി വിഡംബനത്തെ അവലംബിച്ചു. പഞ്ചമുഖനായ ആദിമപിതാമഹനെപ്പോലെ വിശിഷ്ടനായ ഒരു പ്രാസംഗികൻ ആ സഭാതലബ്രഹ്മാണ്ഡത്തെ ഭൂഭരണം ചെയ്‌വാൻ നിൽക്കുന്നുണ്ടെന്നു് സഭാവാസികൾ സാമാന്യേന ധരിച്ചിരുന്നു എങ്കിലും, അവരുടെ നേത്രേന്ദ്രിയങ്ങൾക്കു് ദൃശ്യമായതു് മേചകവർണ്ണമായ കേശബന്ധസ്തൂപിയെ വഹിക്കുന്ന ഒരു കസവു പട്ടാംബരത്തഴയായിരുന്നു. ആ രാജസാലങ്കാരമുദ്രയുടെ വാഹകനെന്നപോലെ പ്രാസംഗികനായ ബുദ്ധന്റെ സുരചിതമായുള്ള മുഖഹസ്തപാദങ്ങൾ കാണുമാറാകുന്നു. രത്നസംഖചിതങ്ങളായ കനകകാഞ്ചീവലയാദികളും, വജ്രകുണ്ഡലങ്ങളും, ചക്രദീപയഷ്ടിദ്വന്ദ്വംപോലെ അദ്ദേഹത്തിന്റെ മുമ്പിൽ പ്രശോഭിക്കുന്ന ഹംസനിലവിളക്കുകളിലെ ദീപശിഖകളെ അനേകവർണ്ണങ്ങളായി നക്ഷത്രകോടികൾ എന്ന പോലെ പ്രതിബിംബിപ്പിക്കുന്നു. പ്രാസംഗികോദ്ദണ്ഡൻ ആദിബ്രഹ്മാവോടു് സാമ്യവാനാണെങ്കിലും, സൃഷ്ട്യാരബ്ധിക്കു് പരമായി ഉല്പന്നമായ അനവധി കരകൗശലങ്ങളുടെ അപേക്ഷയാൽ അദ്ദേഹത്തിന്റെ അന്നത്തെ വേഷവൈഭവം പരിപുഷ്ടമാക്കപ്പെട്ടിരുന്നു. കേശമീശകളുടെ അതിർത്തികൾക്കുണ്ടായിരുന്ന രേഖാസൂക്ഷ്മതയും രമ്യതയും ക്ഷുരകന്റേയും, പുറകോട്ടു് ബന്ധിച്ചിരിക്കുന്ന കേശമകുടത്തിൽ കുഞ്ചമായി തിരുകിയിരിക്കുന്ന ഹാരം ഒരു സുദാമാവിന്റേയും, അദ്ദേഹം അണിഞ്ഞിരിക്കുന്ന ചന്ദനകുങ്കുമങ്ങൾ ഒരു കുബ്ജസൈരന്ധ്രിയുടേയും, വസ്ത്രാഭരണങ്ങൾ അതതിന്റെ വിദഗ്ദ്ധ നിർമ്മാതാക്കളുടേയും സാഹായ്യത്തെ പ്രത്യക്ഷമാക്കുന്നു. മുഖത്തിന്റെ സ്വർണ്ണപ്രഭയ്ക്കു് ചാന്ദ്രികാത്വമുണ്ടാക്കുവാൻ വേണ്ടി അഭ്രചൂർണ്ണപ്രയോഗത്തേയും പ്രാസംഗികനടരാജൻ അപേക്ഷിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ നെറ്റിയിൽ തെളിയുന്ന കുങ്കുമക്കുറിയുടെ ശോണതയെ സുഗന്ധപരിപൂർണ്ണമായുള്ള താംബൂലദ്രവ്യങ്ങളുടെ ചർവണംകൊണ്ടു് ശോഭിക്കുന്നതും തനിക്കുള്ള അജിതപ്രഗത്ഭതയ്ക്കു് അനുരൂപകമായ ഒരു സദസ്സു് അവിടെ ലഭിക്കുന്നതല്ലെന്നുള്ള നിർഭാഗ്യത്താൽ ശോചിക്കുന്നതും ആയ അധരങ്ങൾ അപഹരിക്കുന്നു. ത്യാഗരാജഗോവിന്ദസ്വാമി പ്രഭൃതികളായ ഗായകകേസരികളുടേയും ‘ഗുരുപാദരു്’ എന്നു സങ്കൽപിക്കപ്പെടാവുന്ന ആ പ്രാസംഗികനായ ഉദ്ധതസിദ്ധന്റെ നേത്രങ്ങൾ കനകജലസമുദ്രത്തിൽ ഇന്ദ്രനീലമത്സ്യങ്ങൾപോലെ കളിയാടികൊണ്ടിരിക്കുന്നു. ആ മഹാരാജസമക്ഷം രാജാങ്കമായുള്ള രണ്ടു് സാമ്പ്രാണിക്കുറ്റികളിൽ പ്രാസംഗികന്റെ ഭൃത്യന്മാരാൽ തിരുകപ്പെട്ട തിരികളിൽനിന്നു് പ്രവഹിക്കുന്ന പരിമളവിശേഷം ഭക്തിദ്യോതകവും ബുദ്ധിസ്തംഭകവും ആയി പരിലസിക്കുന്നു. മൃദംഗാദിവാദ്യസ്വരങ്ങളുടെ പ്രതാപത്തോടു് ലയിപ്പിച്ചു്, ഹരിപഞ്ചാനനൻ സ്വശ്രുതിഝരികയെ പ്രണവശബ്ദസംയുതമായ ശ്രീപത്മനാഭനാമഘോഷത്തോടുകൂടി മഞ്ജുളപ്രവാഹം ചെയ്യിച്ചുതുടങ്ങിയപ്പോൾ, മഹാരാജാവും മയങ്ങിത്തുടങ്ങി. ഹരിനാമപുണ്യഹ്രദത്തിൽനിന്നു് ഉൽഭൂതമായ അമൃതപ്രവാഹം നാട്ടമലഹരിയാദി ഗിരിസാനുക്കളും, സാന്ദ്രകരുണമായ ഘണ്ഡപുന്നാഗാദി വനതലങ്ങളും, കേദാരവാരാട്യാദിശിലാദ്വീപങ്ങളും, സൈഗ്നവസൗരാഷ്ട്രാദി വിസ്തൃതികളും, ഗളമാളവാദി പുരവരങ്ങളും, കല്യാണികാമോദരിയാദി ചൈത്രരഥങ്ങളും, തോടിഭൈരവിയാദി വിഷമശാഡ്വലങ്ങളും, ആഹരിബലഹരിയാദി കർദ്ദമദേശങ്ങളും തരണംചെയ്തു് ആരഭീമൃദുശഷ്പശീതളാനുഭൂതിയോടെ, ഭൂപാളബ്രഹ്മാനന്ദസാഗരത്തോടു് സംഗമിച്ചു. മൃഗേന്ദ്രോൽപതനം പോലുള്ള ആരോഹങ്ങളും, നദിഝരികകൾപോലുള്ള അവരോഹങ്ങളും, ഗജപ്രൗഢിയോടുകൂടിയുള്ള പ്രപാതങ്ങളും, സർപ്പപ്ലവതുല്യമായുള്ള ഭ്രമണങ്ങളും, ആകാശമദ്ധ്യസ്ഥനായ ഗരുഡന്റെ പക്ഷനിശ്ചലതപോലെ പ്രവർത്തനം ചെയ്യുന്ന സ്വരലയങ്ങളും കൊണ്ടു് സരസ്വതീദേവിയെ സംഗീതാത്മികയായി ആ പ്രാസംഗികഗായകൻ അവിടെ പ്രത്യക്ഷയാക്കി. കഥാവിഷയം, നശ്വരമായ പ്രപഞ്ചത്തിൽ ആത്മാവൊന്നേ ശാശ്വതമായുള്ളു എന്നും അതു് പരമാത്മാവിന്റെ ചൈതന്യമാകയാൽ പരമാത്മാനുഭൂതിയെ സ്വാത്മാവിനാൽ സാധിക്കണമെന്നും, അതു് ഗുരുപ്രസാദലബ്ധിയാൽ ബാലന്മാർക്കു് ക്ഷിപ്രസാദ്ധ്യമാണെന്നും ഇതിനു് ദൃഷ്ടാന്തം ധ്രുവരാജകുമാരോപാഖ്യാനംതന്നെ എന്നും ആയിരുന്നു. പ്രാസംഗികനായ ഹരിപഞ്ചാനനന്റെ സംഗീതതരളതയും സ്വരമാധുര്യവും അഭിനയനൈപുണിയും വചനപ്രൗഢിയും രംഗവാസികളെ ആത്മമാത്രന്മാരാക്കി: സൗധാന്തർഗൃഹവാസിനികളായ മഹാരാജാസംബന്ധികളെ മുക്കാലും ധ്രുവപദത്തിലേക്കു് ഗമിപ്പിച്ചു. ഗായകശത്രുവായ മാമാവെങ്കിടനെക്കൊണ്ടു് സന്ദർഭാനുസാരമായ സന്താപഹർഷാനുതാപാശ്രുക്കളെ വർഷിപ്പിച്ചു: മഹാരാജാവിന്റെ ഭക്തിസംപൂർണ്ണമായുള്ള മനസ്സിന്റെ പൗരുഷത്തെ ഉന്മൂലനംചെയ്തു: ഇത്രയിലും പരം ആശ്ചര്യമായി അവിടെ സന്നിഹിതരായുള്ളവരിൽ ക്ഷീണചിത്തന്മാരെക്കൊണ്ടു് പുത്രനാൽ അലങ്കരിക്കപ്പെട്ട അങ്കത്തോടുകൂടിയ ഉത്താനപാദനേയും, മത്സരേർഷ്യാകലുഷയായ സുരുചിയേയും, സ്ത്രീലമ്പടനായ അച്ഛനാൽ അധിക്ഷിപ്തനായ രാജകുമാരനേയും, പുത്രപാരവശ്യം കണ്ടു് പരിപീഡിതയായ സുനീതിയേയും, വിഷ്ണുപാദാന്വേഷകന്റെ നിലയിൽ രണ്ടാമതും രാജകുമാരനേയും, തപോമാർഗ്ഗോപദേഷ്ടാവായ ശ്രീ നാരദബ്രഹ്മർഷിയേയും, വൈനതേയവാഹനാരൂഢനായി അവതീർണ്ണനായ മഹാവിഷ്ണുവിനേയും കഥയിലെ അതാതുഘട്ടത്തിൽ ഹരിപഞ്ചാനനവിഭവനിൽ സന്ദർശനം ചെയ്യിച്ചു. കഥാമദ്ധ്യത്തിൽ ശ്രീകൃഷ്ണാവതാരരാത്രിയിലെന്നപോലെ ചെറ്റു ചെറ്റു് ഇടിമുഴക്കവും ശ്രീപത്മനാഭവിജയാശംസകമായ മംഗളഗാനഘോഷങ്ങളോടുകൂടി ഹരിപഞ്ചാനനൻ ദീപവന്ദനംചെയ്തു് കഥയെ സമാപനംചെയ്തു.
മഹാരാജാവു് ആ രാത്രിയിലെപ്പോലെ പരമാനന്ദം അതിനുമുമ്പു് അനുഭവിച്ചിട്ടില്ലായിരുന്നു. കഥാരംഭംമുതൽ അവസാനം വരെ അരക്ഷണംപോലും വിശ്രമത്തിനോ ദാഹശാന്തിയ്ക്കോ നില്ക്കാതെയും, ശബ്ദത്തിനു് ക്ഷീണവും സ്വരവ്യക്തിക്കു് ഭംഗവും കൂടാതെയും ശരീരത്തിൽ വിയർപ്പിന്റെ ലവലേശമില്ലാതെയും പ്രസംഗം ചെയ്‌വാൻ സാധിച്ച യോഗസിദ്ധിയുടെ മഹത്വത്തെ അവിടന്നു് അത്യന്തം പ്രശംസിച്ചു. തനിയ്ക്കുണ്ടായ ലഘുവായ വിഭ്രാന്തി ആ സിദ്ധന്റെ മുഖഗളിതമായുള്ള ഹരികഥാലാപനശ്രവണത്തിൽ ലയിച്ചുണ്ടായ ബ്രഹ്മാനന്ദഫലമെന്നു് സ്വകാര്യമായി വിധിച്ചു്, മഹാരാജാവു് ഹരിപഞ്ചാനനയോഗീശ്വരനെ തന്റെ സമീപത്തു് വരുത്തി, ഒരു സ്വർണ്ണത്തളികയിൽ വിലയേറിയതായ ജോടിസാൽവയും സ്വർണപ്പഞ്ചപാത്രാദികളും വച്ചു്, സംഭാവനയായി ദാനം ചെയ്തു. തന്റെ കരങ്ങളാൽ ലൗകികകൃത്യങ്ങൾക്കു് പ്രതിഫലസ്വീകാരം വർജ്ജിക്കപ്പെട്ടിരിക്കുന്നതാണെങ്കിലും, ശ്രീപത്മനാഭദാസന്റെ കരപദങ്ങളാൽ സമ്മാനിക്കപ്പെടുന്നതിനെ താൻ ആരാധിക്കുന്ന അംബികയ്ക്കു് സമർപ്പിക്കപ്പെടുന്ന ഉപഹാരമായി സ്വീകരിക്കയേ നിവൃത്തിയുള്ളു എന്നു് പ്രസംഗിച്ചും, തിരുമനസ്സിലേയ്ക്കു് ദീർഘായുസ്സിനെ പ്രാർത്ഥിക്കാതെ, ആത്മസുഖത്തെ ആശംസിച്ചും, അദ്ദേഹം ആ സംഭാവനത്തെ സ്വീകരിച്ചു. ഈ സമ്മാനസ്വീകരണത്തിനിടയിൽ, മഹാരാജാവിന്റേയും യോഗീശ്വരന്റേയും കരങ്ങൾ പരസ്പരം സ്പർശിച്ചു. അപ്പോൾ ഹരിപഞ്ചാനനന്റെ നേത്രങ്ങൾ ഒരു വിശേഷകാർഷ്ണ്യത്തോടുകൂടി ഉജ്ജ്വലിക്കയും, “ആഹ! ഇച്ഛാനുസാരമായ എന്തു നല്ല അവസരം!” എന്നു് അദ്ദേഹം മനസ്സുകൊണ്ടു് ചിന്തിക്കയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ കാപട്യകലുഷമായ നേത്രാന്തം ആയുധപാണികളായി നിൽക്കുന്ന അനവധി പരിചാരകന്മാരേയും, വിശേഷിച്ചും ശിലാബിംബംപോലെ നില്ക്കുന്ന വ്യാളിനേത്രനായ ജനറൽ കുമാരൻ തമ്പിയേയും, മല്ലന്മാരായ ഭടജനങ്ങളേയും ദർശനംചെയ്കയാൽ സ്വാന്തർഗതത്തെ അന്തഃകോശങ്ങളിൽ നിഗുഹനംചെയ്യേണ്ടിവന്നു. യോഗീശ്വരനിൽ കാണപ്പെട്ട സ്തോഭങ്ങൾ സ്വസാന്നിദ്ധ്യം കൊണ്ടുണ്ടായതെന്നു് മഹാരാജാവു് വ്യഖ്യാനിച്ചു. അദ്ദേഹത്തോടു് മനസാ സ്നേഹപ്രതിജ്ഞ ചെയ്‌വാനും അവിടന്നു് സന്നദ്ധനായി.
ഹരിപഞ്ചാനനന്റെ അനുഗാമികൾക്കും വിലയേറിയ സമ്മാനങ്ങൾ കൊടുത്തു് അദ്ദേഹത്തിനെ മഹാരാജാവു് യാത്രയാക്കി എങ്കിലും, ഉടനെ നിദ്രാവിശ്രമത്തെ ആരംഭിക്കുന്നതിനു് അവിടത്തേയ്ക്കു് സൗകര്യം ലഭിച്ചില്ല. വിളറിയ മുഖത്തോടുകൂടി സർവ്വാധികാര്യക്കാർ അവിടത്തെ മുമ്പിൽ എത്തി വിറകൊണ്ടു് നില്ക്കുന്നു. അസംഖ്യം കീഴ്ജീവനക്കാരും സംഭ്രമാധീനന്മരായി രാജമതത്തെ പ്രതീക്ഷിച്ചു് അവിടവിടെ നിലകൊള്ളുന്നു. ഹൈദരാലിമഹാരാജാവിന്റെ സൈന്യം തിരുവിതാംകൂറിനെ ആക്രമിച്ചു എന്നുള്ള വർത്തമാനത്തെ ധരിപ്പിപ്പാൻ സർവ്വാധികാര്യക്കാർ എത്തിയിരിക്കുന്നു എന്നു് മഹാരാജാവു് സംശയിച്ചു്, തൊണ്ടയടച്ചും വിറച്ചും നിൽക്കുന്ന സർവ്വാധികാര്യക്കാരോടു് വിശേഷമെന്തെന്നു് ചോദ്യം ചെയ്തു.
- സർവ്വാധികാര്യക്കാർ
- “കല്പിച്ചു്, ക്ഷമിച്ചു രക്ഷിക്കണം, ഇദ്ദേഹം… ഇദ്ദേഹം…”
- മഹാരാജാവു്
- “ഇദ്ദേഹം – എദ്ദേഹം? എന്തു ചെയ്തു? പറയൂ!”
- സർവ്വാധികാര്യക്കാർ
- “അയാളെ കാൺമാനില്ല – കൊണ്ടുപൊയ്ക്കളഞ്ഞു, പൊന്നുതമ്പുരാനേ, കൊണ്ടുപൊയ്ക്കളഞ്ഞു. അടിയങ്ങളുടെ വായിൽ മണ്ണുമടിച്ചു!”
- മഹാരാജാവു്
- “അനർത്ഥമായി! ഒരദ്ദേഹത്തിന്റെ കഥയെന്തു്? കാൺമാനില്ലാത്തതാരെ? പേരുകൾ പറഞ്ഞു് കഥ ഒതുക്കൂ. ഈ ബ്രഹ്മപ്രളയഭയപ്പാടു് ഇവിടെക്കഴിഞ്ഞ രംഗത്തിനു് ദൃഷ്ടിദോഷം തീരാനോ?”
- സർവ്വാധികാര്യക്കാർ
- “കേശവൻകുഞ്ഞെന്നു് പറഞ്ഞ കൊലപാതകക്കാരനെ ഈ സ്വാമിയാരു് കൊണ്ടു് പൊയ്ക്കളഞ്ഞു പൊന്നുതമ്പുരാനെ! അതാണു് വായിൽ മണ്ണടിച്ചു എന്നറിയിച്ചതു്!”
- മഹാരാജാവു്
- (ക്ഷമ അസ്തമിച്ചു്) “എന്തു് കേശവൻകുഞ്ഞിനെ ഈ സ്വാമിയാരു് കൊണ്ടുപോയോ? ഇതാരു് സ്വപ്നം കണ്ടു?”
- സർവ്വാധികാര്യക്കാർ
- “കിനാവു കണ്ടതല്ല – അല്ലാ, പൊന്നു തിരുമേനീ – ഈ വേഷം, കാശീപ്പട്ടുകള്, വൈരക്കടുക്കൻ, പടിയരഞ്ഞാണം – എല്ലാം ഇതുതന്നെ, ഈ വേഷംതന്നെ. അവിടെച്ചെന്നു കാവൽകിടന്നവരെ മയക്കി കുറ്റപ്പുള്ളിയെ കൊണ്ടുപോയി! തിരിയെപ്പിടിപ്പാൻ വേണ്ട ശ്രമങ്ങൾ ചെയ്യുന്നു. അഞ്ചൽക്കുതിരകളും നാലുവഴിക്കും ഓടീട്ടുണ്ടു്.”
- മഹാരാജാവു്
- (രോഷഹാസ്യത്തോടു്) “തിര്യെപ്പിടിക്കുന്നതു് തീയെപ്പിടിക്കുന്നപോലാകരുതു്. തടിയന്മാർ എല്ലാം കിടന്നുറങ്ങി – മിടുക്കന്മാർ കൊണ്ടുകടന്നു! പഴിചുമക്കാൻ കൊണ്ടവനും കൊടുത്തവനും കണ്ടുനിന്നവനുമല്ല, സർവ്വവ്യാപി ഹരിപഞ്ചാനനൻ. ഇനി ഹൈദരാലിഖാൻ രാജ്യവും ഇതുപോലെ ഒരു രാത്രി കൈയ്ക്കലാക്കിക്കൊണ്ടു് പറന്നു എന്നും വന്നേക്കാം. ഭാഗ്യവാന്മാർക്കു് സമർത്ഥന്മാരായ മന്ത്രിമാരുണ്ടായിരുന്നു. നമ്മുടെ ഭാഗ്യമിങ്ങനെ! ഈ കണ്ണിൻ മുമ്പിൽ പതിനഞ്ചുനാഴികയായി നിൽക്കുന്ന ഹരിപഞ്ചാനനൻ, അതിനിടയിൽ അവിടെ പറന്നു ചെന്നു്, അവനെ കൊണ്ടുപോയി എന്നു് ഒരു വിദ്വാൻ ഒരു കൂസലും കൂടാതെ പറയുന്നു! മറ്റുള്ള യോഗ്യന്മാർ വായുംതുറന്നു്, നാം ജളനാകുന്നതു് കണ്ടു രസിപ്പാൻ വട്ടമിട്ടു് നിൽക്കുന്നു! കാര്യങ്ങൾ ഒന്നും നിങ്ങൾ അന്വേഷിക്കണ്ട. നേരം വെളുക്കട്ടെ. ഇനി അവനോന്റെ കാര്യം അവനോൻ നോക്കിക്കൊള്ളാം. ദളവായും വലിയ സർവ്വാധിയും സർവ്വാധിയും! സഹിക്കേണ്ടേ പൊളി കേട്ടാൽ? ആ കേശവനെ രാവിലെ ഇവിടെ വരുത്തി നിറുത്തിയേക്കട്ടെ – ഉണരുമ്പോൾ കാണണം.”
മഹാരാജാവിന്റെ ദേഷ്യം ഹേതുവാൽ സർവാധികാര്യക്കാർ വിറച്ചു വിയർത്തു് കണ്ണുനീരു് വാർത്തുതുടങ്ങി. കേശവ പിള്ളയുടെ ജീവചരിത്രത്തിലെ ഒരു സംഭവം ഇതിഹാസമായി ഇന്നും നടപ്പിലുണ്ടല്ലോ. അയാളുടെ പ്രവേശനാരംഭത്തിൽ അയാളെ മഹാരാജാവു് ഒരു ദിവസം കണിയായി കാണുകയുണ്ടായി. പ്രാകൃതന്റെ ദർശനത്തിലുണ്ടായ നീരസത്താൽ അയാളെ മഹാരാജാവു് ബന്ധനത്തിലാക്കി. അക്കാലത്തു് പഞ്ചസാരക്ഷാമം ബാധിച്ചു് ക്ഷേത്രത്തിൽ ചില നിവേദ്യങ്ങൾപോലും മുട്ടിയിരുന്നു. എന്നാൽ ഇങ്ങനെയുണ്ടായ കണിദിവസത്തിൽ ഒരു കപ്പൽ പഞ്ചസാര തിരുവനന്തപുരത്തു് തുറമുഖത്തടുത്തു. ഈ സംഭവത്തിലുണ്ടായ സന്തോഷത്തിന്റെ സൂചകമായി കേശവ പിള്ളയെ ബന്ധനത്തിൽനിന്നും മോചിപ്പിച്ചു. എന്നു മാത്രമല്ല, പകടശാലയിൽ എഴുത്തുവേലയ്ക്കു് നിയമിക്കുകയും ചെയ്തു. ഈ ശിക്ഷയും സമ്മാനവും നൽകിയതു് മാർത്താണ്ഡവർമ്മ മഹാരാജാവും, കേശവ പിള്ള പടത്തലവന്റേയും പോക്കുമൂസാമുതലാളിയുടേയും ശുപാർശപ്രകാരം രാമവർമ്മ യുവരാജാവിനാൽ അവിടത്തെ എഴുത്തുകാരനായി സ്വീകരിക്കപ്പെട്ടു് അവിടത്തെ സേവിച്ചിരുന്ന കാലത്തും ആയിരുന്നെങ്കിലും അയാളെ വരുത്തി നിർത്തണമെന്നു് ഈ കഥാരാത്രിയിൽ കല്പന ഉണ്ടായതു് കേട്ടു്, “നാളെയും പഞ്ചസാരക്കപ്പൽ വരുമെന്നായിരിക്കാം വിചാരം; എന്നും കാണണമെങ്കിൽ കണ്ണിനകത്തിട്ടടച്ചോട്ടെ” എന്നു് അസൂയക്കാരായ പരിചാരകന്മാർ ഓരോവിധം അഭിപ്രായപ്പെട്ടു. മഹാരാജാവിന്റെ നിയോഗതാല്പര്യം വായനക്കാർ ഊഹിച്ചിരിക്കാം. അവിടുന്നു് ആ യുവാവിന്റെ സന്ദർശനം ആവശ്യപ്പെട്ടതു്, കേശവൻകുഞ്ഞിനെ കണ്ടുകൊൾവാൻ അയാൾക്കു് നൽകിയ അനുവാദത്തെ ഏതുവിധത്തിൽ ഉപയോഗിച്ചു എന്നു് നിർണ്ണയംവരുത്തീട്ടു് ആ സംഗതിയിൽ അന്വേഷണം നടത്താൻ മാത്രമായിരുന്നു.
കേശവ പിള്ളയെക്കുറിച്ചുള്ള കല്പനയും അതിനെക്കുറിച്ചുള്ള ഗൂഢാപഹാസവും കൊണ്ടും, ആ രംഗം അവസാനിച്ചില്ല. ദ്വാദശി ഊട്ടിനു് ആതിഥ്യ നിമന്ത്രണം ചെയ്തതിന്റെ ശേഷം തന്നെക്കൂടാതെ അംബരീഷമഹാരാജാവു് പാരണവീടിയതിലേക്കു് ശിക്ഷ ചെയ്‌വാനായി, അത്രിപുത്രനായ ദുർവാസാവു് തിളച്ച ഗർവത്തോടും എരിഞ്ഞ കോപത്തോടും ആ മഹാരാജാവിന്റെ മുമ്പിൽ പ്രത്യക്ഷനായതുപോലെ, ഇതാ വീണ്ടും ഹരിപഞ്ചാനനൻ രാമവർമ്മമഹാരാജാവിന്റെ സന്നിധിയിൽ പ്രവേശിച്ചിരിയ്ക്കുന്നു. ഭക്ഷ്യം കണ്ട സർപ്പത്തിന്റെ ചീറ്റം അകമേ പ്രസരിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ രോഷദീപ്തമായ മുഖം മഹാരാജാവിന്റെ സ്മിതചന്ദ്രികാവിലാസത്താൽക്ഷണത്തിൽ പ്രശാന്തമായി, രാമണീയകത്തിന്റെ പരമോൽക്കർഷത്തെ പ്രാപിച്ചു്, ആ രാജശേഖരനെ ആശ്ചര്യസരസ്സിൽ മഗ്നനാക്കുന്നു. ഹരിപഞ്ചാനനൻസിദ്ധസിംഹൻ ആ പ്രവേശത്തിൽ മുമ്പിലത്തേതിലും ദീർഘഗാത്രനായും ദാരുണഭാവത്താൽ കലുഷമുഖനായും ചമഞ്ഞിരിക്കുന്നു. അങ്കവസ്ത്രത്തെ കടിസൂത്രത്തിന്റെ മുകളിലായി അരയിൽ ചുറ്റിയും, ജടാഭാരത്തെ അഴിച്ചിട്ടും, മീശയെ ഉഗ്രവൈരാഗിയെപ്പോലെ വിതർത്തിട്ടും, വിയർപ്പുതുള്ളികളെ വൈഡൂര്യശകലങ്ങൾപോലെ ശരീരത്തിൽ മിനുങ്ങിച്ചും, ഉൽക്കുലമായുള്ള ധിക്കാരമദത്തെ രാജസന്നിധിക്കനുരൂപമായവിധത്തിൽ അടക്കാതെയും, മഹാരാജാവിന്റെ തിരുമേനിയോടു് സംഘട്ടനം ചെയ്‌വാൻ തക്കവണ്ണം അടുക്കുന്നു. പരിസരസ്ഥിതന്മാരായ പരിജനങ്ങളിൽനിന്നു് ഭയസൂചകമായുള്ള സീൽക്കാരഘോഷം പൊങ്ങുന്നതിനിടയിൽ, ഹരിപഞ്ചാനന്റെ പുറകിൽ തടിജ്ജിഹ്വപോലുള്ള ഒരു ഖഡ്ഗം അതിന്റെ കിരണങ്ങളെ വർഷിച്ചു. സ്വാമിദ്രോഹം കണ്ടു് വിചാരശൂന്യനായി യോഗീശ്വരദർപ്പത്തെ ശിക്ഷിപ്പാൻ അണഞ്ഞ ജനറൽ കുമാരൻ തമ്പിയുടേയും മഹാരാജാവിന്റേയും നേത്രങ്ങൾ ഇടഞ്ഞു. തന്റെ ഭുജബലത്തെ ലേഹനംചെയ്‌വാൻ താഴ്ന്ന ഖഡ്ഗത്തിന്റെ ഗതിയെ സൂക്ഷ്മമായി ഗ്രഹിച്ച ഹരിപഞ്ചാനനനൻ കേവലം ഒരു മന്ദഹാസത്താൽ അതിനെ ആദരിച്ചു. ഹരിപഞ്ചാനനന്റെ ദുർഗർവത്തെ പ്രതിഹാസംകൊണ്ടു് ആദരിച്ചുനിന്ന മഹാരാജാവിന്റെ നിരോധഭൂചേഷ്ടയെക്കണ്ടു്, ഡിലനായിയുടെ പ്രഥമാന്തേവാസിയായ തമ്പി തന്റെ ആയുധത്തെ ഉപസംഹരിക്കുന്നതിനു് ഉദ്യോഗിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ഉയർത്തപ്പെട്ട കരം മറ്റൊരു കരത്താൽ ബന്ധിക്കപ്പെട്ടു. തന്റെ ഹസ്തത്തെ വലയംചെയ്യുന്ന ഉദ്ധതഹസ്തം വീരശൃംഖലകൊണ്ടുള്ള ആവരണത്തിനു് യോജ്യമായുള്ളതെന്നു് അസൂയകൂടാതെ അഭിമാനിച്ചും, അതു് സ്വവർഗ്യന്റേതായിരിക്കണേ എന്നു് അഭിലഷിച്ചും കുമാരൻ തമ്പി തിരിഞ്ഞുനോക്കിയപ്പോൾ കാണപ്പെട്ടതു് ഹരിപഞ്ചാനനൻ വല്ല സാഹസവും പ്രവർത്തിച്ചേക്കുമെന്നുള്ള ശങ്കാവേശത്തോടുകൂടി അദ്ദേഹത്തെ പിൻതുടർന്ന വൃദ്ധസിദ്ധനായിരുന്നു. തന്റെ സാഹസത്താലും അതിനു് കിട്ടിയ ശിക്ഷയാലും ലജ്ജിതനായി കുമാരൻ തമ്പി മഹാരാജാവിനെ മുഖം കാണിച്ചു് മാറിനിന്നു. ഇതിനിടയിൽ അക്കഥയൊന്നും ധരിക്കാത്ത പോലെ ഹരിപഞ്ചാനനൻ മഹാരാജാവിനെ സംസ്കൃതത്തിൽ ഇങ്ങനെ ഭാവമുണ്ടാകുമാറു് സംബോധനം ചെയ്തു: “അല്ലയോ മഹാരാജാധിരാജൻ! പ്രളയാവർത്തനവൃത്താന്തം കേട്ടില്ലേ? അവിടത്തെ പ്രജകൾ, ഭൃത്യന്മാർ, എന്തു് മഹാന്ധമാർഗികൾ! ഹരിപഞ്ചാനനൻ ബ്രഹ്മഘാതകനെ രക്ഷിച്ചു കൊണ്ടു് പോയിപോലും! ഹരിപഞ്ചാനന ജഡവും ജീവനും ആ സമയത്തു് മഹാരാജസന്നിധിയിൽത്തന്നെ ആയിരുന്നില്ലേ? യോഗസിദ്ധികൾ ദുര്യശസ്കരമായിത്തീരുന്നതു് ഈ രാജ്യത്തിൽ! ഏകജീവാത്മാ ഏകമാത്രയിൽ രണ്ടു സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന അത്ഭുതകർമ്മവും ഈ രാജ്യത്തിൽ! ഹരിപഞ്ചാനനന്റെ സർവ്വേന്ദ്രിയങ്ങളും മഹാരാജസന്നിധിയിൽ ജാഗ്രത്തായി ചേഷ്ടിച്ചുകൊണ്ടിരുന്നപ്പോൾ ഹരിഎന്നുപഞ്ചാനനൻ മഹാഘാതകത്രാണത്തിനായി ശരീരജീവന്മാരോടുകൂടി ഇതരപ്രദേശത്തു് ആവിർഭവിച്ചതും തിരുമനസ്സിലെ രാജ്യപ്രഭാവം! യോഗികൾക്കുംതന്നെ ദ്വിദിശാസാന്നിദ്ധ്യം ഏകമാത്രത്തിൽ സാധ്യമല്ലെന്നു് പുരാണകഥകളെല്ലാം സാക്ഷീകരിക്കുന്നതിനെ ശ്രീപത്മനാഭദാസനായ അവിടത്തെ രാജ്യത്തിന്റെ നവപുരാണം ഖണ്ഡിക്കുന്നു! സർവവ്യാപിത്വം പരബ്രഹ്മരൂപിക്കു് പ്രത്യേകം വിവക്ഷിതമായ ലക്ഷണം. ശ്രീകൃഷ്ണഭഗവാൻ ബഹുലാശ്വശ്രുതദേവന്മാരുടെ മോദത്തിനായി ഒരേസമയത്തു് രണ്ടു സ്ഥലങ്ങളിൽ പ്രത്യക്ഷീഭവിച്ചു. അങ്ങനെയുള്ള സർവവ്യാപിത്വം ഈ അൽപപ്രാണിക്കു് സാധ്യമോ? ശ്രീപത്മനാഭദാസപ്രഭോ! ധർമ്മവിഭവ! രാജാധിരാജൻ! ഈ രാജ്യം വിട്ടുപോകുന്നതിനു് കൽപനതന്നനുഗ്രഹിക്കണം. അന്യദേശീയനായ ഇവന്റെ സത്യവാദിത്വംകൊണ്ടു് ബുദ്ധിമാന്മാരും ബലവാന്മാരും ആയ ശത്രുക്കളെ ഇവിടെ സമ്പാദിച്ചു. അവർ ദിനംപ്രതി വർദ്ധിച്ചുംവരുന്നു. ശ്രീപത്മനാഭസേവനം ഒരുവിധം കഴിഞ്ഞു. ഈ സന്നിധിയിൽവച്ചു ചരമം പ്രാപിപ്പാൻ മോഹിച്ചിരുന്നതിനെ അവിടത്തെ പ്രജകളുടെ ധർമ്മം അനുവദിക്കുന്നില്ല. അവിടത്തേക്കു് ആത്മസുഖവും പ്രാരബ്ധദുഃഖതരണവും സ്വർഗ്ഗതിയും സുഗമമാകട്ടെ!”
യോഗീശ്വരന്റെ വാദം അവിതർക്കിതവും, അപേക്ഷ അനുവദനീയവും ആയിരുന്നു. ഹരിപഞ്ചാനനനെ സമാധാനപ്പെടുത്തുന്നതിനായി കരുണാപൂരത്തോടുകൂടി അദ്ദേഹത്തിന്റെ കരങ്ങളെ ഗ്രഹിപ്പാൻ മഹാരാജാവു് മുന്നോട്ടടുത്തപ്പോൾ, ആ യോഗീശ്വരന്റെ വിഷദ്രോഹഭയങ്ങളാൽ എന്നപോലെ പൊടുന്നനവെ പുറകോട്ടു് മാറി. രാമവർമ്മമഹാരാജാവു്, യോഗീശ്വരൻ വിചാരിച്ചതുപോലെ കുമാരൻ തമ്പിയും കേശവ പിള്ളയും അല്ലായിരുന്നു. അഭയപ്രദാനമായി നീട്ടിയ സ്വഹസ്തങ്ങളെ ഹരിപഞ്ചാനനൻ തിരസ്കരിച്ച മാത്രയിൽ മഹാരാജാവിന്റെ മനസ്സിൽ ദിവ്യമായ ഒരു ഉദ്വേഗം ഉണർന്നു. ഹരിപഞ്ചാനനന്റെ മുഖമഞ്ജുളതയേയും വിജയിക്കുന്ന സൗഹാർദ്ദഭാവത്തോടുകൂടി ആ യോഗീശ്വരനെ ഇരുത്തി, താനും ഇരുന്നു്, മറ്റുള്ളവരെ അകലത്താക്കീട്ടു്, ആത്മീയമായും ലൗകീകമായും രാജ്യകാര്യസംബന്ധമായും ഉള്ള ഓരോ വിശേഷങ്ങളെപ്പറ്റി അവിടന്നു് സംഭാഷണം തുടങ്ങി. ഒടുവിൽ ഹരിപഞ്ചാനനൻ ആ ഘട്ടത്തിൽ തന്റെ രാജ്യം വിട്ടു് പോകുന്നതു് അവിടത്തേക്കും അനുജൻ യുവരാജാവിനും മനസ്താപകാരണമായിത്തീരുമെന്നും, ജളന്മാരുടെ അന്ധവിശ്വാസാധിക്യം കൊണ്ടുള്ള പ്രലപനങ്ങൾ എന്തായാലും, അന്നത്തെ അത്ഭുതസംഭവത്തെ സംബന്ധിച്ചു് ശ്രീപത്മനാഭൻ പ്രസാദിച്ചരുളുന്ന ബുദ്ധിയെ പ്രയോഗിച്ചു് ധർമ്മാനുസാരമായും, രാജ്യക്ഷേമപ്രദമായും ഉള്ള വിധത്തിലല്ലാതെ താൻ ഒന്നും പ്രവർത്തിക്കുന്നതല്ലെന്നും അരുളിച്ചെയ്തു് ഹരിപഞ്ചാനനനെ യാത്രയാക്കി. മഹാരാജാവും ഹരിപഞ്ചാനനനും തമ്മിൽ സുസ്ഥിരമായുള്ള മൈത്രീബന്ധം ഉണ്ടായിരിക്കുന്നു എന്നുള്ള ശ്രുതി ഉദയത്തിനുമുമ്പു് പുരവാസികളുടെ ഇടയിൽ പരന്നു.
അടുത്ത ദിവസം ഉദിക്കുന്നതിനുമുമ്പിൽത്തന്നെ ഈ വൃത്താന്തങ്ങളെല്ലാം മഹാരാജാവിനു് കേശവ പിള്ളയെ കാണണമെന്നുണ്ടായ കല്പനസഹിതം അയാൾക്കു് അറിവു കിട്ടി. ബന്ധനസ്ഥനായ കേശവൻകുഞ്ഞിനെ സന്ദർശനംചെയ്തതു് അത്യനർത്ഥകാരണമായി എന്നും, രാമയ്യൻമുഖേന മഹാരാജാവോടു് താൻ ചെയ്തിരുന്ന അപേക്ഷനിമിത്തം അവിടത്തെ അപ്രീതി ഈ വിഷയത്തിലും തന്നെ ബാധിച്ചേക്കാമെന്നും ഉള്ള സംശയത്താൽ കേശവ പിള്ളയുടെ ചാഞ്ചല്യങ്ങൾക്കു് നിലയില്ലാതെ ആയി. കേശവൻകുഞ്ഞിന്റെ ബന്ധമോചനം ഹരിപഞ്ചാനനാൽ ചെയ്യപ്പെട്ടതെന്നുണ്ടായ പ്രസ്താവത്തെ കേശവ പിള്ള പൂർണ്ണമായി വിശ്വസിച്ചു. എന്നു മാത്രമല്ല, അയാളുടെ ബുദ്ധിയിൽ അത്ഭുതകരമായ ഒരു സംശയവും ഉദിച്ചു, പൂർവ്വരാത്രിയിലെ പിശാചഘോഷങ്ങളും, താൻ കേൾക്കണ്ടെന്നപേക്ഷിച്ച ഹരികഥാപ്രസംഗവും കേശവൻകുഞ്ഞിനെ തസ്കരിപ്പാനുള്ള ശ്രമതന്തുവിൽ കോർക്കപ്പെട്ട മണികളെന്നും, ചന്ത്രക്കാറന്റെയോ മീനാക്ഷിയുടെയോ ഇച്ഛാനുസാരമായി യോഗീശ്വരൻ ഇതരദുസ്സാധ്യമായുള്ള ആ ക്രിയയെ നിവർത്തിച്ചതാണെന്നും അയാൾ വിധിച്ചു. രാജശാസനത്തെ അനുസരിച്ചു്; അയാൾ രാജമന്ദിരത്തിൽ ചെന്നു് മഹാരാജാവു് തിരുമനസ്സിലെ സമയം കാത്തു നിന്നു. പള്ളിനീരാട്ടിനു് കടവിലെഴുന്നള്ളുന്നതിനുമുമ്പിൽ മഹാരാജാവു് അയാളെ വരുത്തി കേശവൻകുഞ്ഞിനെ സന്ദർശനംചെയ്തുവോ എന്നു മാത്രം ചോദ്യം ചെയ്തു. അയാൾ ബന്ധനഗൃഹത്തിൽ നടന്ന പരമാർത്ഥമെല്ലാം അറിയിച്ചു. ആ സംഗതിയിൽ തന്റെ ഭൃത്യൻ നിരപരാധി എന്നു തീർച്ചയാക്കിയ ഭാവത്തിലും അയാളോടു് അഭിപ്രായമൊന്നും ചോദിക്കാതെയും മഹാരാജാവു് അയാളെ പൊയ്ക്കൊള്ളുന്നതിനു് അനുവദിച്ചു.
|