close
Sayahna Sayahna
Search

പ്രതിഭയുടെ നക്ഷത്രശോഭ


പ്രതിഭയുടെ നക്ഷത്രശോഭ
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡിസി ബുക്‌സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 72 (ആദ്യ പതിപ്പ്)

വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?

‘The Outsider’ എന്ന പുസ്തകമെഴുതിക്കഴിഞ്ഞ് ‘രായ്ക്കുരാമാനം’ വിശ്വ പ്രശസ്തി നേടിയ കോളിന്‍ വില്‍സനെ പ്രശസ്തനായ ഡോം മൊറൈസ് ലണ്ടനില്‍വച്ചു കണ്ടപ്പോള്‍ അദ്ദേഹം വില്‍സനോട് ഇപ്പോള്‍ എന്തു ചെയ്യുന്നുവെന്നു ചോദിച്ചു. I am writing dirty books — ഞാന്‍ വുത്തികെട്ട പുസ്തകങ്ങള്‍ എഴുതുന്നു , എന്നായിരുന്നു വില്‍സന്റെ മറുപടി. ഇത് ഇന്ത്യയിലെ ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ എഴുതിയിട്ട് മൊറൈസ് Which is true — പറഞ്ഞതു ശരിതന്നെ എന്നു കൂട്ടിച്ചേര്‍ത്തു. ആ സംഭവത്തിനു കുറച്ചു കാലം മുന്‍പ് ഈവ് എന്നുപേരുള്ള ഒരു സ്ത്രീ വില്‍സനോടു പറഞ്ഞു. “You may be a genius Collin; but you are a damn fool!” — “കോളിന്‍, നിങ്ങള്‍ പ്രതിഭാശാലിയായിരിക്കാം, പക്ഷേ നാശം പിടിച്ച മണ്ടനുമാണു നിങ്ങള്‍”

കോളിന്‍ വില്‍സന്‍ ഏതു പുസ്തകം പ്രസിദ്ധപ്പെടുത്തിയാലും ലോകമാകെയുള്ള ജനങ്ങള്‍ അത് വായിക്കും. ആ ഗ്രന്ഥം വിവിധ ഭാഷകളിലേക്കു തര്‍ജമ ചെയ്യപ്പെടും. ആ വിധത്തിലുള്ള ഒരെഴുത്തുകാരനെക്കുറിച്ച് രണ്ടുതരത്തിലാണ് അഭിപ്രായം. മൊറൈസിനെപ്പോലെയുള്ളവര്‍ വില്‍സനെ ജുഗുപ്സാവഹങ്ങളായ പുസ്തങ്ങള്‍ എഴുതുന്നയാളായി കാണുന്നു. സ്ത്രീകളില്‍ ചിലര്‍ അദ്ദേഹത്തെ മണ്ടന്‍ എന്നു വിശേഷിപ്പിക്കുന്നു. ഇതില്‍ ഏതാണു സത്യം എന്ന ചോദ്യത്തിന് അസന്ദിഗ്ദ്ധമായ ഉത്തരം നല്‍കുന്ന ഗ്രന്ഥമാണ് ഹോവേഡ് ഡോസ്സറുടെ “Collin Wilson — The man and his mind” എന്നത്.

caption
കോളിന്‍ വില്‍സന്‍

ലോകത്തെ ഭവനമായിക്കാണാന്‍ കഴിയാത്ത,അതിന്റെ മൂല്യങ്ങളെ സ്വീകരിക്കാന്‍ വയ്യാത്ത മനുഷ്യനാണു കോളില്‍ വില്‍സന്റെ The Outsider — പുറമേ നില്‍ക്കുന്നവര്‍. അയാളുടെ സ്വഭാവം സ്പഷ്ടമാക്കിത്തരാന്‍, മാനസിക നില വ്യക്തമാക്കിത്തരാന്‍ വില്‍സന്‍ ഒരു ഫ്രഞ്ച് നോവലിസ്റ്റിന്റെ കൃതിയില്‍നിന്നു ചില വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ‘The Outsider’ എന്ന പുസ്തകം ആരംഭിക്കുന്നു. “ട്രാമിന്റെ മുകളില്‍, വായുവില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നു. അല്പം ഉയര്‍ത്തപ്പെട്ട അവളുടെ പാവാട (കാറ്റിനാല്‍) വീര്‍പ്പിക്കപ്പെടുന്നു. പക്ഷേ, വാഹന ഗതാഗതത്തിന്റെ ഒരു മറവ് ഞങ്ങളെ രണ്ടുപേരേയും വേര്‍തിരിക്കുന്നു. ട്രാം കാര്‍ ഒഴുകിപ്പോകുന്നു — പേടിസ്വപ്നം മാഞ്ഞുപോകുന്നപോലെ. തെരുവില്‍ അങ്ങോട്ടുമിങ്ങോട്ടും ചലനംകൊള്ളുന്ന പാവാടകള്‍. അവ ഉയരുന്നു, എങ്കിലും ഉയരുന്നുമില്ല. കടയിലെ പൊക്കം കൂടിയ വീതി കുറഞ്ഞ കണ്ണാടിയില്‍ വിവര്‍ണനായ കണ്ണുകള്‍ക്കു കനം കൂടിയ എന്നെത്തന്നെ ഞാന്‍ കാണുന്നു. ഒരു സ്‌ത്രീയെയല്ല എനിക്കാവശ്യം — എല്ലാ സ്ത്രീകളെയുമാണ്.’’

ആ നോവലിലെ കഥാപാത്രം ഔട്ട് സൈഡര്‍. ലോകത്തിനു പുറത്തു നില്‍ക്കുന്നവന്‍. അയാളുടെ സ്ഥിതിവിശേഷം തികച്ചും സ്പഷ്ടം. എല്ലാ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പേരു പറയാന്‍ വയ്യാത്തതും അപകടകാരികളും ആയ ആവേഗങ്ങളുണ്ട്. എങ്കിലും മറ്റുള്ളവരുടെ മുന്‍പില്‍ അവര്‍ക്കു നാട്യങ്ങളുണ്ട്. അവരുടെ മാന്യതയും തത്ത്വചിന്തയും മതവും സംസ്കാരമുള്ളവരെന്നു ധരിപ്പിക്കാനുള്ള നാട്യം മാത്രമാണ്. അവര്‍ പുറമേ നില്‍ക്കു ന്നവര്‍ മാത്രം. അങ്ങനെ നില്‍ക്കുന്നത് സത്യമെന്തെന്ന് അയാന്‍ വേണ്ടിയും. ഫ്രഞ്ച് നോവലിസ്റ്റിന്റെ കഥാപാത്രം സത്യം കാണാന്‍ അഭിലഷിച്ചതു പോലെ. ഇമ്മട്ടില്‍ ഔട്ട്സൈഡേഴ്സാണ് — ബഹിര്‍ഭാഗസ്ഥരാണ് — ദസ്തെയെവ്സ്കി, ടി.ഇ. ലോറന്‍സ്, ശ്രീരാമകൃഷ്ണ പരമഹംസന്‍, വാന്‍ഗോ (ഡച്ച് ചിത്രകാരന്‍) ഇവരെന്ന് വില്‍സന്‍ സ്ഥാപിക്കുന്നു. അദ്ദേഹം അവതരിപ്പിക്കുന്ന ഔട്ട്സൈഡറില്‍ ദ്വന്ദ്വഭാവങ്ങളുണ്ട്. അവ തമ്മില്‍ സംഘട്ടനം ചെയ്യുന്നു. അവയില്‍ ആദ്യത്തേത് വര്‍ത്തമാനകാലത്ത് ജീവിക്കുകയും ജീവിത സമീപനത്തില്‍ അവധാനത കാണിക്കുകയും ചെയ്യുന്നു. സത്യം ഗ്രഹിക്കുന്നതിന് അതിനു സമ്പൂര്‍ണമായ കഴിവില്ല. ഭീരുത്വമുണ്ട് അതിന്. സ്വന്തം സുരക്ഷിതത്വത്തില്‍ അത് എപ്പോഴും ശ്രദ്ധിക്കുന്നു. ആപത്തുകളില്‍ ചെന്നുവീഴാന്‍ അത് ധൈര്യപ്പെടുന്നില്ല. ദ്വന്ദ്വഭാവങ്ങളില്‍ രണ്ടാമത്തേത് ആഹ്ലാദത്തിന്റെ അംശം പിടിച്ചെടുക്കുന്നു. സൌന്ദര്യത്തില്‍ തല്‍പരത്വമുണ്ട് അതിന്. ഇതൊന്നും ഭീരുത്വമുള്ള മറ്റേ അംശത്തിനു സാധ്യമല്ല. ദൌര്‍ഭാഗ്യം മനുഷ്യന്റെ ബുദ്ധിശൂന്യതയാല്‍ ഉണ്ടാകുന്നതാണെന്ന് ഈ രണ്ടാമത്തെ അംശം കരുതുന്നു. മരണം പോലും ആത്മഹത്യയാണെന്ന് അത് ഉദ്ഘോഷിക്കും. പ്രസാദാത്മകതയിലാണ് അതിനു വിശ്വാസം. ഇതാണു കോളിന്‍ വില്‍സന്റെ നവീനമായ അസ്തിത്വവാദം — New Existentialism. ഇത് ഷാങ്പൊള്‍ സാര്‍ത്രിന്റെ വിഷാദാത്മകമായ അസ്തിത്വവാദത്തില്‍നിന്നു ബഹുദൂരം അകന്നുനില്‍ക്കുന്നു. തന്റെ ഇ നൂതന ചിന്താപദ്ധതി മനുഷ്യജീവിതത്തെ കൂടുതല്‍ സമ്പന്നമാക്കുമെന്ന് വില്‍സന്‍ കരുതുന്നു.

My fiftieth year had come and gone
I sat, a solitary man, in a crowded London shop
An open book and empty cup
on the marble table—top.
While on the shop and street I gazed,
My body of a sudden blazed;
And twenty minutes more or less
It seemed, so great my happiness
That I was blessed and could bless എന്ന് ഡബ്ള്യൂ. ബി. യേറ്റ്സ്.

അനേകം സ്വത്വങ്ങളുടെ സങ്കലനമാണ് ആത്മാവെന്ന് ഈ കവി വിശ്വസിക്കുന്നു. ഈ വിഭിന്ന സ്വത്വങ്ങളെ വേര്‍തിരിക്കാനും വയ്യ, ഒന്നിച്ചു ചേര്‍ക്കാനും വയ്യ. യേറ്റ്സിന്റെ ഈ കാവ്യത്തില്‍ അസ്തിത്വവാദികള്‍ പറയുന്ന വൈരുധ്യമുണ്ട്. എങ്കിലും സാധാരണ മനുഷ്യന്‍ കാണുന്ന പരിമിതികളെ ലംഘിച്ച് താന്‍ അനുഗ്രഹിക്കപ്പെട്ടവനായി അദ്ദേഹം കാണുന്നു. അനുഗ്രഹിക്കാനും അദ്ദേഹത്തിനു കഴിയും. ഇതുതന്നെയാണ് വില്‍സന്റെ നൂതനമായ അസ്നിത്വവാദം. ഈ വാദം അദ്ദേഹത്തിന്‍റേതു മാത്രമായതുകൊണ്ട് ഡോസര്‍ അദ്ദേഹത്തെ തത്വചിന്തകനായി ദര്‍ശിക്കുന്നു.

ഫ്രായിറ്റിന്റെസിദ്ധാന്തങ്ങള്‍ ഏകപക്ഷീയങ്ങളാണെന്നു കരുതുന്ന വില്‍സന്‍ അദ്ദേഹത്തെ അംഗീകരിക്കുന്നില്ല. മനോവിശ്ലേഷകനായ ഫ്രായിറ്റിനെക്കാള്‍ അദ്ദേഹം മനഃശാസ്ത്രജ്ഞനായ മസ്ലോയെ ബഹുമാനിക്കുന്നു. Peak Experience — പരകോടിയിലെത്തിയ അനുഭൂതി — എന്നൊരു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് അദ്ദേഹം. ഇതിന്റെ സ്വഭാവം വ്യക്തമാക്കാനായി വില്‍സന്‍ ഒരു ഫ്രഞ്ച് നോവലിസ്റ്റിന്റെ നോവലിലെ ഒരു സംഭവം വിവരിക്കുന്നു. കുറേ ഫ്രഞ്ച് തടവുകാരെ ജര്‍മന്‍ സൈന്യം പീഡിപ്പിക്കുന്നു. അതില്‍നിന്നു രക്ഷപ്പെടാനായി തടവുകാരുടെ നേതാവായ റോബര്‍ട് ഒരു മാര്‍ഗം നിര്‍ദേശിക്കുന്നു. തടവുമുറിയുടെ ഒരു മൂല ’കേര്‍ടന്‍’ കൊണ്ടു മറച്ചിട്ട് അവിടെ ഒരു തരുണി ഇരിക്കുന്നതായി സങ്കല്‍പിക്കണം. അവളുടെ മുന്‍പില്‍ വച്ച് വസ്ത്രം മാറ്റരുത്. ശാപവചനങ്ങള്‍ അറിയാതെ നാക്കില്‍നിന്നു വന്നുപോയാല്‍ അവളോടു മാപ്പു പറയണം. ഇങ്ങനെയെല്ലാം അവര്‍ പ്രവര്‍ത്തിച്ചു. ജര്‍മന്‍ സൈനികോദ്യോഗസ്ഥന്‍ ഇതു മനസലാക്കി നേതാവിനോടു പറഞ്ഞു. ‘നാളെ കാലത്ത് ഞാന്‍ ഇവിടെ വരും. അപ്പോള്‍ നിങ്ങള്‍ പെണ്ണിനെ വിട്ടുതരണം. ഇല്ലെങ്കില്‍ നേതാവിനെ എകാന്തത്തടവിലാക്കും.’ അവര്‍ രാത്രി മുഴുവനും ആലോചിച്ചു. തങ്ങളുടെ ആത്മവീര്യം വര്‍ദ്ധിപ്പിച്ച സാങ്കല്‍പിക യുവതിയെ വിട്ടുകൊടുക്കാന്‍ വയ്യ എന്നായിരുന്നു അവരുടെ തീരുമാനം. കാലത്ത് റോബര്‍ട് എകാന്തത്തടവിലായി. ദിവസങ്ങള്‍ കഴിഞ്ഞു. അയാള്‍ മരിച്ചിരിക്കും എന്ന് കൂട്ടുകാര്‍ കരുതി. അങ്ങനെയിരിക്കേ റോബര്‍ട് ദൂരെ നടന്നുപോകുന്നത് അവര്‍ കണ്ടു. അയാളെ വിളിച്ച് എങ്ങനെ ജീവിച്ചുവെന്ന് അവര്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി അദ്ഭുതജനകമായിരുന്നു.

“ഞാന്‍ തടവില്‍ കിടക്കുമ്പോഴെല്ലാം ഈ സമതലത്തില്‍ക്കൂടി ആനകള്‍ നടന്നുപോകുന്നതായി സങ്കല്പിച്ചു. ആ സങ്കല്പം എനിക്ക് അനുഭൂതിവിശേഷം പ്രദാനം ചെയ്തു. ജീവിക്കാന്‍ അത് എന്നെ സഹായിച്ചു.’’ (ഗ്രന്ഥത്തില്‍ നിന്നു പകര്‍ത്തുകയല്ല ഞാന്‍. Romain Garry യുടെ The Roots of Heaven വായിച്ച ഓര്‍മയില്‍നിന്നു കുറിക്കുകയാണിത്). ഈ പരകോടിയിലെ അനുഭവം യുവതിയെ അഗാധസത്യമാക്കി മാറ്റുന്നു. തടവറയേക്കാള്‍ വലിയ സത്യമാണ് അതെന്ന് വില്‍സന്‍ കരുതുന്നു. അതുകൊണ്ട് ഫാന്‍റസിയെ നിന്ദിക്കാന്‍ പാടില്ലെന്ന് അദ്ദേഹം നമുക്കു മുന്നറിവു തരുന്നു. മനുഷ്യന്റെ ആവശ്യകതയുടെ അഗാധത സൂചിപ്പിക്കുന്ന ഇത്തരം പരകോടിയിലെ അനുഭൂതികള്‍ വെറും സത്യമല്ല. അത് സത്യാത്മകതയാണ്. അല്ലെങ്കില്‍ Deeper Reality ആണ്.

അധികാരത്തിലേക്കുള്ള ഒരിച്ഛാശക്തി പ്രവര്‍ത്തനമായി സെക്സിനെ കാണുന്ന വില്‍സന്‍ Coolidge effectഎന്ന ശക്തിവിശേഷത്തെക്കുറിച്ച് പറയുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന കുലിജ്ജ് (Calvim Coolidge) ഭാര്യയോടൊരുമിച്ച് ഒരു കോഴി വളര്‍ത്തല്‍ കേന്ദ്രം കാണാന്‍ പോയി. രണ്ടുപേരും രണ്ടുസമയത്താണ് അവിടം കണ്ടത്. കോഴികളെ കണ്ട പ്രസിഡന്‍റിന്റെ ഭാര്യ അവിടത്തെ ഉദ്യോഗസ്ഥനോടു ചോദിച്ചു, പുവന്‍കോഴി ദിവസത്തില്‍ ഒരു തവണയിലധികം പിടക്കോഴിയോടു ചേരുന്നുണ്ടോയെന്ന്. ‘അനേകം തവണകള്‍’ എന്നായിരുന്നു മറുപടി. അതു കേട്ടു പ്രസിഡന്‍റിന്റെ ഭാര്യ അയാളോടു പറഞ്ഞു: ‘ഇക്കാര്യം പ്രസിഡന്‍റിനെ അറിയിക്കൂ.’ പ്രസിഡന്റ് കോഴികളെ കാണാനെത്തിയപ്പോള്‍ ഭാര്യ പറഞ്ഞത് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തോടു പറഞ്ഞു. ഉടനെ പ്രസിഡന്‍റിന്റെ ചോദ്യം: ‘പുവന്‍കോഴി ഒരു പിടക്കോഴിയെത്തന്നെയാണോ എപ്പോഴും തെരഞ്ഞെടുക്കുന്നത്?’ മറുപടി കിട്ടി പ്രസിഡന്റിന്. ‘അയ്യോ അല്ല, ഓരോ തവണയും ഓരോ പിടക്കോഴിയെയാണ് തെരഞ്ഞെടുക്കുക’ ഇതു കേട്ട് പ്രസിഡന്റ് പറഞ്ഞു: ‘ഇക്കാര്യം എന്റെ ഭാര്യയെ അറിയിക്കു’ ലൈംഗികത്വത്തിന്റെ ഈ അദമ്യ ശക്തിയെ വില്‍സന്‍ ഗ്രഹിക്കുന്നുണ്ടെങ്കിലും അത് അസ്തിത്വത്തിന്റെ സമുന്നത മണ്ഡലത്തില്‍ മനുഷ്യരെ എത്തിക്കണമെന്നാണ് അദ്ദേഹം പ്രഖ്യാപിക്കുന്നത്. അതു ചെയ്യാത്തതുകൊണ്ട് കാസാനോവായുടെ ’ഓര്‍മക്കുറിപ്പു’കളും ഹെന്‍ട്രി മില്ലറുടെ നോവലുകളും സാര്‍ഥകങ്ങളല്ല, മൂല്യമുള്ളവയല്ല എന്ന് അദ്ദേഹം കരുതുന്നു.

ഇങ്ങനെ നിരവധി മണ്ഡലങ്ങളിലേക്കു കടന്നുചെന്ന് യുക്തിഭദ്രമായി നൂതന മതങ്ങള്‍ പ്രകാശിപ്പിച്ച ധിഷണാശാലിയായി ഗ്രന്ഥകാരന്‍ വില്‍സനെ കാണുന്നു. ജുഗുപ്സാവഹങ്ങളായ ഗ്രന്ഥങ്ങള്‍ എഴുതുന്ന ആളല്ല കോളിന്‍ വില്‍സനെന്ന് ആ ഗ്രന്ഥം വായിച്ചാല്‍ നമുക്കു മനസ്സിലാകും. അദ്ദേഹം മണ്ടനല്ല, മറിച്ച് പ്രതിഭാശാലിയാണെന്നും നമ്മള്‍ കണ്ടറിയും. ഈ കാലയളവിലുണ്ടായ പ്രധാനപ്പെട്ട ഗ്രന്ഥമായി ഞാനിതിനെ കാണുന്നു.