പൂവും മുള്ളും
പൂവും മുള്ളും | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ? |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഡിസി ബുക്‌സ് |
വര്‍ഷം |
1997 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 72 (ആദ്യ പതിപ്പ്) |
← വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?
ഫ്രഞ്ച് ഗണിതശാസ്‌ത്രജ്ഞനും തത്ത്വചിന്തകനും രാഷ്ട്രവ്യവഹാര തത്പരനുമായിരുന്നു കൊങ്ദോര്‍സേ. അദ്ദേഹത്തിന്റെ സംപൂര്‍ണമായ പേര് മാറി ഷാങ് ആങ്ത്വാന്‍ നിക്കോലാകാരീതാ മാര്‍ക്കീ ദ കൊങ്ദോര്‍സേ എന്ന്. (Marie Jean Antoine Nicolas Caritat Marquis de Condoncet 1743-1794). ഫ്രഞ്ച് വിപ്ലവത്തിന്‍ പങ്കെടുത്തെങ്കിലും ജയിലില്‍ക്കിടന്നു മരിക്കേണ്ട ദുര്‍വിധിയായിരുന്നു അദ്ദേഹത്തിന്. അതിശക്തങ്ങളായ വാക്കുകളാണ് കൊങ്ദോര്‍സേ യുടെ തൂലികയില്‍ നിന്നു നിര്‍ഗമിച്ചിരുന്നത്. ഒരു ഭാഗം കേള്‍ക്കുക. “മനുഷ്യെന്റെ വിനാശാത്മകമായ ഹസ്തം ജീവനുള്ള ഒന്നിനേയും വെറുതെ വിടുന്നില്ല. ഭക്ഷണത്തിനു വേണ്ടി അവന്‍ കൊല്ലുന്നു; വസ്‌ത്രധാരണത്തിനു വേണ്ടി അവന്‍ കൊല്ലുന്നു; സ്വയമലങ്കരിക്കാന്‍ വേണ്ടി അവന്‍ കൊല്ലുന്നു; ആക്രമണം നടത്താന്‍ വേണ്ടി അവന്‍ കൊല്ലുന്നു; തന്നെ രക്ഷിക്കാന്‍ വേണ്ടി അവന്‍ കൊല്ലുന്നു; അറിവു നേടാന്‍ വേണ്ടി അവന്‍ കൊല്ലുന്നു; സ്വയം വിനോദിക്കാന്‍ വേണ്ടി അവന്‍ കൊല്ലുന്നു; കൊല്ലാന്‍ വേണ്ടി അവന്‍ കൊല്ലുന്നു. ഗര്‍വിഷ്ഠനും ഭയങ്കരനുമായ രാജാവ് — അയാള്‍ക്ക് എല്ലാം വേണം. ഒന്നും അയാള്‍ക്കു തടസ്സമല്ല. ആട്ടിന്‍കുട്ടിയില്‍ നിന്ന് അയാള്‍ കുടല്‍ ചിന്തിയെടുത്ത് ഗാനോപകരണം സ്പന്ദിപ്പിക്കുന്നു. ചെന്നായുടെ മാരകമായ പല്ലു പറിച്ചെടുത്ത് അയാള്‍ സുന്ദരങ്ങളായ കലാസൃഷ്ടികളെ മിനുക്കുന്നു. ആനയില്‍ നിന്നു കൊമ്പ് പിഴുതെടുത്തു കുഞ്ഞിനു കളിപ്പാട്ടമുണ്ടാക്കുന്നു. അയാളുടെ മേശയുടെ പുറത്തു ശവങ്ങള്‍ മാത്രം.
ഈ വാക്കുകള്‍ സത്യമാവിഷ്കരിക്കുന്നു. സമ്മതിക്കാം. പക്ഷേ, ഇതു മാത്രമാണോ സത്യം? ഹിറ്റ്ലര്‍ നിരപരാധരായ ലക്ഷക്കണക്കിന് ജൂതന്മാരെ വിഷവാതകം ശ്വസിപ്പിച്ചു കൊന്നപ്പോള്‍, പ്രതിയോഗികളുടെ കഴുത്തുകള്‍ മുറിച്ച് രക്തം തെരുവുകളില്‍ ഒഴുക്കിയപ്പോള്‍ അര്‍ദ്ധനഗ്നനായ ഒരു പുണ്യാളന്‍ നൌഖാലിയിലെ തെരുവുകളില്‍ വടിയൂന്നി നടന്ന് അഹിംസയുടെ സന്ദേശം പ്രചരിപ്പിക്കുകയും സ്നേഹത്തിന്റെ മാഹാത്മ്യം ജനതയെ ഗ്രഹിപ്പിക്കുകയും ചെയ്യുകയായിരുന്നു. എതാണ്ട് ആ കാലയളവില്‍ത്തന്നെ ഒരു വിശ്വമഹാകവി വിശ്വഭാരതിയിലിരുന്നുകൊണ്ട് സൗന്ദര്യത്തിന്റെ ഗാനങ്ങള്‍ രചിക്കുകയായിരുന്നു. അലിഗ്സാണ്ടര്‍ ചക്രവര്‍ത്തി ജനങ്ങളെ കൊന്നു മുന്നേറിയപ്പോള്‍ അയാളുടെ ഗുരുനാഥനായ അരിസ്റ്റോട്ടല്‍ സത്യസാക്ഷാത്കാരത്തിനുള്ള മാര്‍ഗങ്ങള്‍ ചൂണ്ടിക്കാണിക്കുകയായിരുന്നു. റഷ്യന്‍ ജനതയെ നിഗ്രഹിക്കാന്‍ നെപ്പോളിയന്‍ ആ രാജ്യത്തേക്കു സൈന്യത്തെ നയിച്ചപ്പോള്‍ ജര്‍മ്മന്‍ മഹാകവി ഗെറ്റേ ‘ഫൌസ്റ്റ്’ എന്ന മാസ്റ്റര്‍പീസ് എഴുതുകയായിരുന്നു. അലിഗ്സാണ്ടറെയും നെപ്പോളിയനെയും ഹിറ്റ്‌ലറെയും ലോകജനത വിസ്മരിച്ചുവരുന്നു. റ്റാഗോറിന്റെയും ഗെറ്റേയുടെയും യശസ്സിന്റെ നിലാവ് ഇപ്പോഴും നമ്മളെ തഴുകിക്കൊണ്ടിരിക്കുന്നു. കൊങ്ദോര്‍സേയുടെ നിരീക്ഷണമാകെ സത്യമല്ല. പിഞ്ചുകുഞ്ഞുങ്ങളെ വാതിലില്‍ ചേര്‍ത്തു വച്ച് ആണിയടിച്ചു കൊല്ലുന്ന മനുഷ്യന്‍ തന്നെയാണ് താജ് മഹല്‍ നിര്‍മ്മിക്കുന്നത്. സിംഹാസനത്തിലിരിക്കുന്ന അച്ഛനെ പിടിച്ചു കാരാഗൃഹത്തിലിട്ടതിനു ശേഷം ആ സിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍ തന്നെയാണ് മേഘസന്ദേശമെഴുതുന്നത്. ശിഷ്ടതയുടെയും ദുഷ്ടതയുടെയും രണ്ടു പ്രവാഹങ്ങള്‍ സമാന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്നു. രണ്ടു പ്രവാഹങ്ങളെയും നമ്മള്‍ കാണണം. അതിനു യത്നിക്കുമ്പോള്‍ നന്മയുടെ പ്രവാഹം സൃഷ്ടിക്കുന്നവര്‍ സംസ്കാരത്തെ മുന്നോട്ടു നയിക്കുന്നു. തിന്മയുടെ പ്രവാഹം സുഷ്ടിക്കുന്നവര്‍ അതിനെ പിറകൊട്ടു വലിക്കുന്നു എന്ന സത്യം ബോധപ്പെടും. നന്മയുടെ പ്രവാഹം സൃഷ്ടിക്കുന്നവര്‍ തിന്മയുടെ പ്രവാഹം സൃഷ്ടിക്കുന്നവരെ തങ്ങളിലേക്ക് ആനയിച്ച് തിന്മയുടേ തീവ്രത കുറയ്ക്കേണ്ടതാണ്. പക്ഷേ, കേരളത്തില്‍ അതുണ്ടാകുന്നില്ല. ഉണ്ടാകുന്നില്ലെന്നു മാത്രമല്ല നിലവിലുള്ള തിന്മയുടെ ആക്കം അവര്‍ കൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
പ്രാചീന കലകളോടുള്ള ചിലരുടെ പ്രതിപത്തി മൂല്യാധിഷ്ഠിതമല്ല എന്നാണ് എനിക്കു തോന്നുന്നത്. ഒരു കാലയളവിന്റെ, സവിശേഷതകളുടെ ആവിഷ്കാരമായേ തെയ്യം തുടങ്ങിയവയെ നമുക്ക് കാണാനാവൂ. അവയ്ക്ക് അവയുടേതായ മൂല്യങ്ങളുണ്ടെന്നു ഞാന്‍ സമ്മതിക്കുന്നു. പക്ഷേ, നമ്മുടെ ഈ കാലയളവില്‍ അത്തരം കലകള്‍ക്കു ഒരു സാംഗത്യവുമില്ല. വ്യക്തിയെ നോക്കൂ. അവന്‍ ശിശുവായിരുന്നു, യുവാവായിരുന്നു. മധ്യവയസ്കനായിരുന്നു, ഇപ്പോള്‍ വൃദ്ധന്‍. ശൈശവത്തിനു ചില മൂല്യങ്ങളുണ്ട്. അവ മൂല്യങ്ങളായതു കൊണ്ട് വാര്‍ദ്ധക്യത്തിലും അവ അംഗീകരിക്കപ്പെടേണ്ടതാണെന്നു വാദിച്ചാല്‍ അതിനേക്കാള്‍ വലിയ വിഡ്ഢിത്തം വേറെ എവിടെയുണ്ട്? സാഹിത്യത്തിനും ചിത്രകലയ്ക്കും പ്രതിമാ നിര്‍മ്മാണ കലയ്ക്കും എന്തെന്നില്ലാത്ത വികാസം വന്നിരിക്കുന്ന ഈ കാലത്ത് റ്റേലിവിഷന്‍ സെറ്റിന്റെ നോബ് തിരിച്ചാല്‍ കുരുത്തോല കൊണ്ടുള്ള പാവാടയുടുത്ത്, ജുഗുപ്സാവഹങ്ങളായ കല്ലുമാലകളിട്ട്, മുഖത്തു കരിപുരട്ടി ബീഭത്സത വരുത്തി, ചില പേക്കോലങ്ങള്‍ ചുവടു വയ്ക്കുന്നതു കണ്ടാല്‍ എന്തു തോന്നും നമുക്ക്? ... ഇത്തരംപേക്കോലങ്ങള്‍ക്ക് അവ ആവിര്‍ഭവിച്ച കാലത്ത് ചില മൂല്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സമ്മതിക്കാന്‍ എനിക്കു മടിയില്ല. പക്ഷേ, അതാണ് ഇന്നത്തെ തലമുറയ്ക്കും ആദരണീയം എന്നു പറയുന്നവര്‍ ‘ശിശുവായിരുന്ന കാലത്ത് ഞങ്ങള്‍ കിടന്നു പെടുത്തിരുന്നു. അതുകൊണ്ട് ഈ വാര്‍ദ്ധക്യത്തിലും ഞങ്ങള്‍ക്കതു ചെയ്യാം’ എന്നു പരോക്ഷമായി പ്രസ്താവിക്കുകയാണ്‍. തനതു നാടകമെന്ന കലാഭാസത്തിനും എന്റെ ഈ ഉപാലംഭം തല കുനിച്ചു സ്വീകരിക്കാം. പ്രാകൃത കലാരൂപങ്ങളെ വാഴ്ത്തിക്കാള്ളൂ. പ്രതിമകളാക്കി കാഴ്ചബംഗ്ലാവില്‍ വെക്കേണ്ട അത്തരം കലകളെ ജീവനുള്ള മനുഷ്യരിലുടെ ആവിഷ്കരിച്ചു പടിഞ്ഞാറു നിന്നു വരുന്ന സായ്പന്മാരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചിട്ട് ഇതാണു ഞങ്ങളുടെ ഫോക്ക് ആര്‍ട്ടിനെ എന്നും വീമ്പടിക്കരുത്. അതു ചെയ്താല്‍ വെള്ളക്കാര്‍ Marvelous, Marvelouse എന്നു വെറുതെ പറയും. ഉള്ളില്‍ അവര്‍ നമ്മളെ പുച്ഛിക്കുകയും ചെയ്യും. ഇങ്ങനെ ഇക്കാലത്ത് ഒട്ടും സംഗതമല്ലാത്ത ഫോക്ക് ആര്‍ട്ടിനെ സായ്പന്മാരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ച് കൈയടി വാങ്ങാന്‍ ശ്രമിച്ചിരുന്നു ഒരു കലാകാരന്‍. കഷ്ടം! അദ്ദേഹം ഇന്നില്ല. വേറൊരു കലാകാരന്‍ അദ്ദേഹത്തിന്റെ ആ പ്രയത്നത്തിന് ഒരു വിഛേദവും വരുത്താതെ നൈരന്തര്യം നല്കിക്കൊണ്ടിരിക്കുന്നു. തിന്മയുടെ പ്രവാഹത്തിന് ശക്തി കൂട്ടുകയാണ് അദ്ദേഹം.
കുട്ടികൃഷ്ണമാരാര്‍ എന്ന പേര് സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ചെറിയ പേരല്ല, വലിയ പേരു തന്നെയാണ്. അദ്ദേഹത്തിന്റെ ‘വൃത്തശില്പം’ എന്ന ഗ്രന്ഥം പാശ്ചാത്യലോകത്താണ് ആരെങ്കിലും എഴുതിയതെങ്കില്‍ ആ ആളിന് അവിടത്തെ അധികാരികള്‍ ഡിലിറ്റ്ബിരുദം കൊടുക്കുമായിരുന്നു. ‘മലയാളശൈലി’ എന്ന ഗ്രന്ഥത്തിലെ വാദഗതികളോട് ഈ ലേഖകന്‍ യോജിക്കുന്നില്ലെങ്കിലും അത് നിസ്തുല ഗ്രന്ഥം തന്നെയാണ്. അലങ്കാരത്തെക്കുറിച്ച് അദ്ദേഹം രചിച്ച പുസ്തകം മൗലികമായ ചിന്തയെയും പാണ്ഡിത്യത്തെയും കാണിക്കുന്നു.
ശൈലീവല്ലഭനാണ് കുട്ടികൃഷ്ണമാരാര്‍. ഈ നിലയിലെല്ലാം അദ്ദേഹം നന്മയുടെ പ്രവാഹത്തെ സൃഷ്ടിച്ച ആളാണെങ്കിലും അതിനെ നിസ്സാരമാക്കുമാറ് തിന്മയുടെ വലിയ നദിയെയും ഒഴുക്കിവിടുന്നു. ശ്രീരാമനെ നിന്ദിക്കുക, ദുര്യോധനനെ പ്രശംസിക്കുക, ലീല ഭര്‍ത്താവിനെ കൊന്നു എന്നു പ്രഖ്യാപിക്കുക, നൈഷധീയ ചരിതത്തെ ഉണ്ണായിവാര്യരുടെ നളചരിതം കഥകളിയോട് താരതമ്യപ്പെടുത്തി സംസ്കൃത കവിയെ പുച്ഛിക്കുക, നളചരിതം കഥകളിയെ വാഴ്ത്തുമ്പോള്‍ മഹാകവി കുഞ്ചന്‍ നമ്പ്യാരെ നിന്ദിക്കുക ഇവയെല്ലാം വിമര്‍ശനമെന്ന പ്രക്രിയയില്‍ പെടുന്നില്ല. എവിടെയെവിടെയെല്ലാം ധര്‍മ്മമുണ്ടോ ഭാരതീയ സാഹിത്യത്തില്‍ അതെല്ലാം അധര്‍മ്മമാണ് അദേഹത്തിന്. എവിടെയൊക്കെ അധര്‍മ്മമുണ്ടോ അതൊക്കെ ധര്‍മ്മമാണ് കുട്ടിക്കൃഷ്ണമാരാര്‍ക്ക്. ഇത്തരത്തില്‍ തിന്മയുടെ മഹാപ്രവാഹമുണ്ടാക്കിയ അദ്ദേഹം അതിന്റെ സമീപത്ത് അദ്ദേഹം രൂപം നല്കിയ നന്മയുടെ കൂമ്പാരം തുച്ഛീകരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ‘ഭാരതപര്യടനം’ സംസ്കാരലോപമാര്‍ന്ന കൃതിയാണ്. അതു വായിച്ച സി.ജെ. തോമസ് ‘ഞാന്‍ ബൈബിള്‍ക്കഥകളെയും ഇമ്മട്ടില്‍ വിമര്‍ശിക്കാന്‍ പോകുന്നു’ എന്ന് എന്നോടു പറഞ്ഞു. ‘അരുത്’ എന്ന് ഞാന്‍ നിര്‍ദ്ദേശിച്ചത് അദ്ദേഹം പുച്ഛിച്ചു തള്ളി. എങ്കിലും സി.ജെ. തോമസ് അങ്ങനെയൊരു കൃതി രചിച്ചില്ല. രചിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെയും കുട്ടികൃഷ്ണമാരാരെ എന്ന പോലെ വാഴ്ത്താന്‍ ആളുകള്‍ അനവധി ഉണ്ടാകുമായിരുന്നു.
‘ചീത്ത ഇരുമ്പില്‍ നിന്നു നല്ല വാളുണ്ടാക്കുന്നതെങ്ങനെ? മഴയുടെ സ്വഭാവം മാറുന്നില്ല. അത് പൂന്തോട്ടത്തില്‍ പൂക്കളെ വളര്‍ത്തുന്നു. ചതുപ്പു നിലങ്ങളില്‍ മുള്ളുകളെ വളര്‍ത്തുന്നു’ എന്ന് കവി സാദി പറഞ്ഞിട്ടുണ്ട്. സര്‍ഗപ്രക്രിയ എന്ന വര്‍ഷാപാതം ചില മാനവഹൃദയങ്ങളില്‍ പനിനീര്‍പ്പൂക്കള്‍ വിടര്‍ത്തുന്നു. മറ്റു ചിലരില്‍ മുള്ളുകള്‍ ഉണ്ടാക്കുന്നു.
|