നഗരം
നഗരം | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | കാനഡയില്‍ നിന്നൊരു രാജകുമാരി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
ആദ്യപതിപ്പിന്റെ പ്രസാധകര് | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 63 |
അന്തോണിച്ചേട്ടന്റെ തയ്യല്‍ക്കടയുടെ മേല്പുര തകരം കൊണ്ടാണ്. ചുമരുകളും. പണ്ടത് ഒരു ബസ്സ് ഷെഡ്ഡാ യിരുന്നു. കമ്പനി പൊളിഞ്ഞപ്പോള്‍ അനാഥമായ ഒരു കരിബസ്സ് അതില്‍ കുറേ കാലം കിടന്നിരുന്നു. ഒരു ദിവസം ആരോ വന്ന് ആ ബസ്സ് ഇരുമ്പുവിലയ്ക്ക് വാങ്ങിക്കൊണ്ടു പോയി. പിന്നെ കുറെക്കാലം അവിടെ ഒരു ചായക്കടയായിരുന്നു. നാരായണന് നായരുടെ ചായക്കട. രാവിലെ അഞ്ചുമണി മുതല്‍ പലതരം പല ഹാരത്തിന്റെയും വാസന വരാറുണ്ട്. ഏറ്റവും ആദ്യം വാസന ഉയരുന്നത് പുട്ടിന്റെതാണ്. കയറു വരിഞ്ഞ മുളംകുഴലില്‍ സുലഭം ചേര്‍ത്ത നാളികേരം അരിപ്പൊടി യോടൊപ്പം വേവുന്ന വാസന. ഉടനെതന്നെ ചായയുടെ മണവും, രാവിലെ ആറുമണിക്കുതന്നെ വിശപ്പുണ്ടാക്കും. പിന്നെ ദോശയുണ്ടാക്കുന്ന മണം, ഉച്ചതിരിയുമ്പോള്‍ പരിപ്പുവട, പപ്പടവട എന്നിവ എണ്ണയില്‍ മൊരിയുന്ന മണം. നാരായണന് നായര്‍ ഉണ്ടാ ക്കുന്ന എന്തിനും ഒരു ഗുണമേന്മയുണ്ടായിരുന്നു. മായം ചേര്‍ക്കല്‍ അന്നു കണ്ടുപിടിച്ചിട്ടുണ്ടായിരുന്നില്ല. അതെ ല്ലാം മുപ്പതു വര്‍ഷം മുമ്പ് നടന്ന കാര്യങ്ങള്‍. അയാള്‍ ആലോചിച്ചു. തനിയ്ക്ക് എട്ടു പത്തു വയസ്സുള്ളപ്പോള്‍. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ നേരിയ വേദന തോന്നുന്നു. ജീവിതം അന്ന് കുറെക്കൂടി മെച്ചപ്പെട്ടതായിരുന്നുവെന്ന തോന്നല്‍.
നാരായണന്‍നായര്‍ പെട്ടെന്നു മരിച്ചു. എങ്ങിനെയാണെന്നയാള്ക്ക് ഓര്‍മ്മയില്ല. പിന്നെ കുറെക്കാലം ആ പീടിക അടച്ചിട്ടു. അതിനുശേഷം പെട്ടെന്നാണ് കുന്നം കുളത്തുകാരന്‍ അന്തോണി ആ ഷെഡ്ഡില്‍ സാര്‍ട്ടോറി യല്‍ ടൈലറിംഗ് തുടങ്ങിയത്. സാര്‍ട്ടോറിയല്‍ എന്നതിന്റെ അര്‍ത്ഥം രവീന്ദ്രന് അന്നറിയില്ലായിരുന്നു. തന്റെ കയ്യിലുള്ള പോക്കറ്റ് നിഘണ്ടുവില്‍ ആ വാക്കില്ലായിരു ന്നു. അത് പള്ളിയോടു ബന്ധപ്പെട്ട എന്തോ വാക്കാണെ ന്നയാള്‍ ധരിച്ചുവെച്ചു. കാരണം അന്തോണിച്ചേട്ടന് കഴുത്തില്‍ സ്വര്‍ണ്ണ മാലയില്‍ ഒരു സ്വര്‍ണ്ണക്കുരിശു ധരിച്ചിരുന്നു; ഞായറാഴ്ച പള്ളിയില്‍ പോകാറുമുണ്ട്.
ഒന്നാംക്ലാസ്സില്‍ പഠിപ്പിച്ച ചാക്കോ മാസ്റ്റര്‍ കഴിഞ്ഞാല്‍ പിന്നെ അയാള്‍ കാണുന്ന ഒരേ ഒരു നസ്രാണി അന്തോണിച്ചേട്ടനായിരുന്നു. നസ്രാണികള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കൃസ്ത്യാനികള്‍ വളരെ അകലെ ഏതോ നാട്ടില്‍ നിന്നു വരുന്നവരാണെന്നായിരുന്നു അയാള്‍ അന്നു വിശ്വസിച്ചിരുന്നത്. പോര്‍ട്ടുഗീസുകാര്‍ കോഴിക്കോട്ടിറങ്ങിയതുപോലെ അവര്‍ ഒരു ദിവസം കപ്പലിറങ്ങി വന്നവരാണെന്നും, സ്ഥിരതാമസ സ്ഥലമില്ലാതെ ദേശാടനം ചെയ്തും കച്ചവടം ചെയ്തും കാലക്ഷേപം കഴിക്കുകയാണെന്നും അയാള്‍ കരുതിയിരുന്നു. ചാക്കോമാസ്റ്റര്‍ ഒരു മുക്കാലിന് രണ്ടു ചോക്കാ പെന്സിലുകള് വിറ്റിരുന്നു. ചോക്കാ പെന്‍സിലു കള്‍ പുതുമയാണ്. നഗരത്തിലെ കടകളിലൊന്നുമില്ല. ചാക്കോമാസ്റ്റര്‍ കുന്നംകുളത്തുനിന്നാണ് ചോക്കാപെന്സിലുകള് കൊണ്ടുവരുന്നത്. അങ്ങിനെയാണ് കുന്നംകുളം എന്ന സ്ഥലത്തെപ്പറ്റി അറിയുന്നത്. അനേകായിരം നാഴിക ദൂരെയുള്ള ഒരു സ്ഥലം. അവിടെ നിന്നാണ് കൃസ്ത്യാനികള്‍ വരുന്നത്.
അന്തോണിച്ചേട്ടന് വന്നത് ഒരു പുതിയ ‘ഉഷ’, തയ്യല്‍ യന്ത്രവുമായാണ്. ക്രോമിയം പ്ലേറ്റ് ചെയ്ത ഭാഗങ്ങള്‍ തിളങ്ങുന്ന, ത്രീ ഇന്‍ വണ്‍ എണ്ണയുടെ വാസനയുള്ള യന്ത്രം. ഷെഡ്ഡ് മാവിന് പലകകള്‍ വെച്ച് രണ്ടായി വിഭജിച്ചു. ഉള്ളില്‍ ട്രയല്റൂമും, അളവെടുക്കുന്ന സ്ഥലവും. മുമ്പിലുള്ള മുറിയില്‍ തയ്യല്മെഷീന്. മെഷീന്റെ പിന്നില്‍ അന്തോണിച്ചേട്ടന് ജോലി ചെയ്തു. കാല് പെഡലില്‍ അമരുന്ന താളത്തോടൊപ്പം അയാള്‍ കുലുങ്ങി. തല താളത്തോടെ മുന്നോട്ടും പിന്നോട്ടും ആടി. മുന്നോട്ടുള്ള ആട്ടത്തില്‍ നെറ്റിയും, മെഷീന്റെ പൊങ്ങിത്താഴുന്ന ഹോള്‍ഡറുമായി ഒരു തലനാരിഴയുടെ വ്യത്യാസമെ ഉണ്ടാവു. മുറിച്ചുകളഞ്ഞ ശീലക്കഷ്ണങ്ങള്ക്കു വേണ്ടി ഷാപ്പിനു മുമ്പില്‍ പരതുമ്പോള്‍, അയാള്‍ അന്തോണിച്ചേട്ടന് ജോലി ചെയ്യുന്നതു ഒരു മാസ്മരവിദ്യയാണെന്നപോലെ നോക്കിനില്ക്കാറുണ്ട്.
അന്തോണിച്ചേട്ടന് ധാരാളം ബിസിനസ്സ് കിട്ടി. നഗരത്തില്‍ അതുവരെയു ണ്ടായി രുന്ന ഒരേ ഒരു ടെയ്ലര് കുമാരനായിരുന്നു. അയാളുടെ തുരുമ്പു പിടിച്ച യന്ത്രം പലപ്പോഴും കേടായി കിടന്നു. അയാള്‍ ഉപയോഗിച്ചിരുന്നത് മോശം നൂലായിരുന്നു. അവ രണ്ടുമൂന്നാഴ്ചക്കുള്ളില്‍ തന്നെ പൊടിഞ്ഞു പോയി. നിസ്സാരമായ ഒരു ജോലി കൊടുത്താല്‍ പോലും അയാള്‍ ആള്‍ക്കാരെ കുറെ പ്രാവശ്യം നടത്തിച്ചു. കുമാരനെക്കൊണ്ട് മടുത്തിരിക്കുന്ന സമയത്താണ് അന്തോണിച്ചേട്ടന്റെ വരവ്. അദ്ദേഹമാവട്ടെ നഗര വാസികള്‍ക്ക് ഒരു പുതിയ രൂപം തന്നെ കൊടുത്തു. സ്റ്റൈല്‍ എന്നാല്‍ എന്താണെന്ന് അവരെ മനസ്സിലാക്കിച്ചു. കൃത്യനിഷ്ഠ സൗകര്യമാണെന്ന് പട്ടണവാസികളെ ബോദ്ധ്യപ്പെടുത്തി. വസ്ത്രധാരണത്തില്‍ ഒരു നവോത്ഥാനം തന്നെ അയാള്‍ ഉണ്ടാക്കിത്തീര്‍ത്തു. അന്തോണിച്ചേട്ടന് വന്ന് ഒരു കൊല്ലത്തിനകം തന്നെ നഗരവാസികള്‍ കാണാന്‍ കൊള്ളാവുന്നവരായി. ചുരുങ്ങി, മേല്‍ ഒട്ടിപ്പിടിച്ച വസ്ത്രങ്ങളുമായി സാന്ഫറൈസ്ഡ് പരസ്യത്തിലെ കഥാപാത്രങ്ങളെപ്പോലെ നടന്നവര്‍ അപ്രത്യക്ഷരായി. തുന്നല്‍ വിട്ട ബ്ലൗസുകള്‍ സ്ത്രീകള്‍ കൂറഗുളികയുടെ മണമുള്ള ഇരുമ്പു പെട്ടികള്‍ക്കടിയില്‍ പൂഴ്ത്തി വെച്ചു. നീണ്ട് വായവട്ടമുള്ള പട്ടാള ട്രൗസറുകള്‍ക്കു പകരം കുട്ടികള്‍ കുറച്ചുകൂടി നീളം കുറഞ്ഞ് തുടയുടെ ഭംഗി കാണിക്കുന്ന തരം ട്രൗസറുകള്‍ ഇട്ടു തുടങ്ങി. ഏറ്റവും വിപ്ലവാത്മകമായ പരിവര്‍ത്തനം ഷര്‍ട്ടിന്റെ കുടുക്കുക ളായിരുന്നു. കുടുക്കുകള്‍ ഷര്ട്ടിന്മേല് തന്നെ തയ്ച്ചു പിടിപ്പിക്കാമെന്ന് നഗരവാസികള്‍ക്ക് മനസ്സിലാവുന്നത് അപ്പോഴാണ്. അതുവരെ ചെയ്തിരുന്നത് കുടുക്കുകള്‍ ഒരു ശീലപ്പട്ടമേല് പിടിപ്പിക്കുകയാണ്. ആ പട്ട ഷര്‍ട്ടിനടിയില്‍ വെച്ച് അതിലെ കുടുക്കുകള്‍ ഷര്‍ട്ടിന്റെ രണ്ടു ദ്വാരങ്ങള്‍ക്കിടയിലൂടെ ഫിറ്റുചെയ്യുന്ന സങ്കീര്‍ണ്ണമായ പരിപാടി അവസാനിച്ചു. നഗരം നിശ്ശബ്ദമായി ഒരു മാര്ഗ്ഗദര്ശകന് നന്ദിപറഞ്ഞു.
ഈ പൂര്‍വ്വ കഥകളെല്ലാം അമ്പതുകളുടെ രണ്ടാം ഭാഗത്ത് നടന്നവയാണ്. വളരെ പഴയ കഥകള്‍. അതി നിടയ്ക്ക് രവീന്ദ്രന് പത്താം ക്ലാസ് പാസ്സായി, ടൈപ് റൈറ്റിംഗും ഷോര്‍ട്ട് ഹാന്റും പഠിച്ച് ജോലിക്കായി ബോം ബെയ്ക്കു വണ്ടി കയറി.
അയാളുടെ അഭാവത്തില്‍ നഗരം വളരാന്‍ തുടങ്ങി. വളര്‍ച്ചയാകട്ടെ അഭൂതപൂര്‍വ്വമായിരുന്നു. തന്റെ പതിനേഴു വയസ്സിനിടയില്‍ ആ നഗരത്തില്‍ കാര്യമായ ഒരു മാറ്റവും ഉണ്ടായിട്ടില്ല. വല്ലപ്പോഴും ഒരു ഓലപ്പുര മാറ്റി ഓടാക്കുകയോ, പീടികകളിലൊന്നിന്റെ കേടുവന്ന നിരപ്പലക മാറ്റുകയോ അല്ലാതെ കാര്യമായ മാറ്റ ങ്ങളൊന്നുമില്ലാതെ നഗരം ജീവിച്ചു. ഇപ്പോഴിതാ, പെട്ടെന്ന് ഉണര്‍ന്നെഴുന്നേറ്റ പോലെ നഗരം കര്‍മ്മനിരതമായി. ഫലം അത്ഭുതാവഹമായിരുന്നു. കൊല്ലംതോറും ഒരു മാസത്തെ ലീവില്‍ വരുമ്പോള്‍ നഗരത്തിന്റെ മുഖഛായ മാറി വരുന്നതയാള്‍ കണ്ടു. അതയാളില്‍ സന്തോഷമുണ്ടാക്കി. ഒപ്പം തന്നെ നീരസവും. താന്‍ പുറത്തു പോകാന്‍ കാത്തിരുന്നപോലെയാണ് നഗരത്തിന്റെ വളര്‍ച്ച.
ആദ്യത്തെ കൊല്ലം ലീവില്‍ വന്നപ്പോള്‍ റോഡിന്റെ ഒരു വശത്തായി ഇരുമ്പിന്റെ കാലുകള്‍ നാട്ടി കമ്പി വലിക്കുകയാണ്. വിദ്യുച്ഛക്തി വരുന്നു. മണ്ണെണ്ണ വിളക്കുകളുടെ കാലം കഴിഞ്ഞു. അടുത്ത കൊല്ലം ലീവില്‍ വന്നപ്പോഴേയ്ക്ക് നഗരം മുഴുവന്‍ വൈദ്യുതവിളക്കുകളുടെ പ്രഭാവത്തില്‍ തുടിച്ചു നില്‍ക്കുകയാണ്. ഓരോ പീടികകള്‍ക്കും ബോര്ഡുണ്ടാക്കിയിരിക്കുന്നു. ബോര്‍ഡിനു മുകളില്‍ വളഞ്ഞ ഒരു ബ്രാക്കറ്റില്‍ കത്തി നില്ക്കുന്ന വിളക്കുകള്‍. വിദ്യുച്ഛക്തി വന്നതോടെ ഇലക്ട്രിക് സ്റ്റോറുകളും വയര്‍മാന്‍മാരുടെ പീടികകളും വന്നു.
അഞ്ചു ബസ്സുകള്‍ക്ക് ഒരേ സമയം നില്ക്കാന് ഉതകുന്ന ഒരു ബസ് സ്റ്റാന്റ് വന്നു. അതുവരെ ബസ്സുകള്‍ നിന്നിരുന്നത് സരസ്വതി വിലാസം കാപ്പി ക്ലബ്ബിനു മുമ്പിലായിരുന്നു.
ഗ്രാമീണവായനശാലയില്‍ ഒരു റേഡിയോ സ്ഥാപിച്ചു. അതിന്റെ കോളാമ്പിയുടെ ആകൃതിയിലുള്ള ഉച്ചഭാഷിണി നിരത്തിന്റെ ബഹളത്തിലേയ്ക്ക് തിരിച്ചു വിട്ടു. വൈകുന്നേരം റേഡിയോ സിലോണില്‍ കിട്ടുന്ന തമിഴ് പാട്ടുകള്‍ കേള്‍ക്കാന്‍ ആളുകള്‍ തടിച്ചുകൂടി. റേഡിയോ അന്ന് ഒരു അപൂര്‍വ്വ വസ്തുവായിരുന്നു. നഗരത്തിലെ ഹെഡ്പോസ്റ്റാഫീസില്‍ ആകെ രജിസ്റ്റര്‍ ചെയ്ത റേഡിയോകളുടെ എണ്ണം ഏഴായിരുന്നു. അതില്‍ അഞ്ചെണ്ണം വന്നത് കഴിഞ്ഞ രണ്ടു കൊല്ലത്തിനുള്ളില്‍.
നഗരത്തോടൊപ്പം അന്തോണിച്ചേട്ടനും വളര്‍ന്നു. അയാളുടെ പീടികയില്‍ കണ്ണാടി വാതിലുകളും, ഉള്ളില്‍ ചില്ലുവെച്ച ഷോകേസുകളും വന്നു. അവയില്‍ നിറയെ വര്‍ണ്ണശബളമായ ബ്ലൗസുകളും. അന്തോണിച്ചേട്ടന്റെ തുന്നല്‍പ്പീടിക ഒരു ലേഡീസ് ഓണ്‍ ടെയ്ലറിംഗ് ആയി മാറിയിരുന്നു. ആണുങ്ങളോട് ചെയ്ത ഒരു കൊടും ചതിയായിരുന്നു അത്. എങ്കിലും സംഭവിക്കേണ്ടത് സംഭവിച്ചു. പുറത്തു തൂക്കിയിട്ട ബോര്‍ഡില്‍ ലേഡീസ് ഓണ്‍ ടെയ്ലേഴ്സ് എന്ന് എഴുതിയതിന്നടിയില് കറുത്ത പെയിന്റടിച്ചു മായ്ച്ചു കളഞ്ഞ സാര്റ്റോറിയല് എന്ന വാക്ക് അവ്യക്തമായി കാണാം. ഷോകേസുകളിലും തട്ടിന്മേലുമായി അഞ്ചു ട്യൂബ് ലൈറ്റുകള്‍. മുകളില്‍ ഒരു മുപ്പത്താറ് ഇഞ്ച് സീലിംഗ് ഫാന്‍. അതിനു താഴെ ലാമിനേറ്റ് പതിച്ച ഷോകേസിനു പിന്നില്‍ അന്തോണിച്ചേട്ടന് പുഞ്ചിരികൊണ്ട് നില്ക്കുന്നു.
ബ്ലൗസുകളും ഉടുപ്പുകളും അളവെടുത്തേ തുന്നു എന്ന വാശിക്കാരനാണ് അന്തോണിച്ചേട്ടന്. പാകത്തിന് ബ്ലൗസു കൊടുത്താല്കൂടി അളവെടുത്തേ തുന്നാറുള്ളു. കൗണ്ടറിന്റെ പിന്നിലുള്ള ട്രയല്‍ റൂമിലാണ് അളവെടുക്കാറ്. അയാള്‍ ഒരു കലാകാരനായിരുന്നു. ഒരു സ്ത്രീയുടെ ദേഹം അയാള്‍ക്ക് എന്നും ഒരു വെല്ലുവിളിയായിരുന്നു. അതിന്റെ നിമ്നോന്നതങ്ങള്‍ അയാളെ ഹരം പിടിപ്പിച്ചു. ഒരു സ്ത്രീയില്‍ നിന്ന് വേറൊരു സ്ത്രീയിലേക്ക് വരുമ്പോഴുള്ള മാറ്റം. ആ നിമ്നോന്നതങ്ങളെ ഒതുക്കി നിര്‍ത്താനുള്ള കവചങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അയാള്‍ ആ വെല്ലുവിളി സ്വീകരിക്കുകയായിരുന്നു. ഒരു ചിത്രകാരന് കാന്വാസ്സുപോലെ, ശില്പിക്ക് കരിങ്കല്ലു പോലെ ഒന്നായിരുന്നു അന്തോണിച്ചേട്ടനു സ്ത്രീദേഹം. അതിനെ ഒരു ആകൃതിയിലാ ക്കാന്‍ അയാള്‍ കിണഞ്ഞു ശ്രമിച്ചു. അതിന്റെ ഫലം സ്വയം കണ്ട് സംതൃപ്തിയടഞ്ഞു. ഒരു സ്ത്രീ ശരീരം അയാള്‍ക്ക് കാമോദ്ദീപകമായിരുന്നില്ല. അത് അയാളുടെ തപസ്യയായിരുന്നു. അതുകൊണ്ട് അന്തോണി ച്ചേട്ടനെപ്പറ്റി യാതൊരു പരാതിയും ഒരു സ്ത്രീയും പറഞ്ഞിരുന്നുമില്ല. ഒരിക്കല്‍ മാത്രം അയാളുടെ മനസ്സ് അല്പം പതറി അതയാളെ ഒരു വഴിത്തിരിവില്‍ എത്തിക്കുകയും ചെയ്തു.
അന്തോണിച്ചേട്ടന് ഉച്ചയ്ക്ക് ചോറു കൊണ്ടുവന്നിരുന്നത് മേരിക്കുട്ടിയായിരുന്നു. പതിനെട്ടു വയസ്സുകാരി മേരിക്കുട്ടി വളരെ സുന്ദരിയായിരുന്നു. സൗന്ദര്യവും ധനവും ഒന്നിച്ചിരിയ്ക്കാറില്ലല്ലൊ. അതുകൊണ്ട് അവള് വളരെ പാവപ്പെട്ട ഒരു വീട്ടിലെയായിരുന്നു. കീറിയ ബ്ലൗസും പാവാടയും ഇട്ടു വരുന്ന മേരിക്കുട്ടിയെ നോക്കി അന്തോണിച്ചേട്ടന് എന്നും പറയും.
നിനക്കൊരു ബ്ലൗസ് തുന്നിക്കാന്‍ മേലെ?
ഓ, ഞങ്ങളൊക്കെ പാവങ്ങളാണെ, അങ്ങിനെയൊക്കെ മതി.
അവളുടെ മറുപടിയുമുണ്ടാകും. വീണ്ടും വീണ്ടും ഈ അന്വേഷണം തുടര്‍ന്നപ്പോള്‍ ഒരു ദിവസം അവള് ചോദിച്ചു.
ബ്ലൗസ് വെറുതെ തുന്നിത്തരുമോ?
ഓ തുന്നിത്തരാലോ തുണി കൊണ്ടു വാ.
അയാള്‍ ഊണു കഴിക്കുമ്പോള്‍ അവള് പുറത്തു കാത്തു നില്‍ക്കുകയോ, അല്ലെങ്കില്‍ അകത്ത് കൗണ്ടറി ന്മേല് കൈകുത്തി നില്‍ക്കുകയോ ചെയ്യും. ഷോകേസില്‍ തൂക്കിയിട്ട ബ്ലൗസുകളും ഉടുപ്പുകളും അവള് സശ്രദ്ധം പഠിക്കും.
അന്തോണിച്ചേട്ടന് മേരിക്കുട്ടിയുടെ വെളുത്ത ശരീരം ശ്രദ്ധിക്കും. ബ്ലൗസിന്റെ കീറലിന്നടിയില് കാണുന്ന അവളുടെ ദേഹം അയാളില്‍ വല്ലായ്മയുണ്ടാക്കും. അയാള്‍ അസ്വസ്ഥനാവും. അയാള്‍ക്ക് 30 വയസ്സായി രുന്നു. വിവാഹത്തെപ്പറ്റി ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല.
ഒന്നാം തീയ്യതിയായിരുന്നു അയാള്‍ ഊണിന്റെ പണം കൊടുക്കാറ്. ഇരുപത്തഞ്ചു രൂപ. രണ്ടാം തീയ്യതി ചോറു കൊണ്ടുവരുമ്പോള്‍ മേരിക്കുട്ടിയുടെ കയ്യില്‍ ഒരു ചെറിയ പൊതിയുണ്ടായിരുന്നു.
ഇതെന്താ ഒരു പൊതി? അന്തോണിച്ചേട്ടന് ചോദിച്ചു.
ഒന്നുമില്ല. അവള് പറഞ്ഞു. അവള് അന്തോണിച്ചേട്ടന് ഉണ്ണുന്നതും നോക്കി നിന്നു. പക്ഷെ അവള്‍ക്ക് കുറച്ചു തിടുക്കമുണ്ടായിരുന്നു. അയാള്‍ ഊണുകഴിച്ച് കൗണ്ടറില്‍ എത്തിയപ്പോള്‍ അവള് ആ പൊതി അയാള്‍ക്കു നേരെ നീട്ടി.
ഇതാ തുണി. പാകത്തിനുള്ള ബ്ലൗസും ഒപ്പമുണ്ട്. വെറുതെ തുന്നിത്തരാംന്ന് പറഞ്ഞില്ലെ?
അയാള്‍ പൊതി നിവര്‍ത്തി. ഒരു ചുവപ്പു ചീട്ടിത്തുണി. പാകത്തിനുവെച്ച ബ്ലൗസ് കീറിയതാണ്.
അയാള്‍ പെട്ടെന്ന് നിശ്ശബ്ദനായി. വിലകുറഞ്ഞ ആ ചുവപ്പു ചീട്ടിത്തുണി അയാളെ വേദനിപ്പിച്ചു. അവള് പാവപ്പെട്ടവളാണ് എന്നതില്‍ തനിയ്ക്കും ഒരു പങ്കുണ്ടെന്ന തോന്നല്‍. സരസ്വതി വിലാസത്തില്‍ ഒന്നേകാല്‍ ഉറുപ്പികക്കാണ് ബ്രാഹ്മണ ഭോജനം കിട്ടുന്നത്. ഇവള് കൊണ്ടു വരുന്ന ഊണ് അതിനേക്കാള്‍ പതിന്മടങ്ങ് നല്ലതാണ്. എന്നിട്ടും അത് പീടികയില്‍ കൊണ്ടുവരുവാനുള്ള കൂലിയടക്കം താന്‍ കൊടുക്കുന്നത് മാസം ഇരുപത്തഞ്ചു രൂപയാണ്. ദിവസവും മത്സ്യമുണ്ടാകും. ആഴ്ചയില്‍ രണ്ടു ദിവസം മാട്ടിറച്ചിയും. താന്‍ ഇന്നലെ കൊടുത്ത പണത്തില്‍ നിന്നു അമ്മയോടു ചോദിച്ചു വാങ്ങിയ പണം കൊണ്ടായിരിക്കണം അവള് ഈ തുണി വാങ്ങിയത്. അയാള്‍ ടേപ്പ് കയ്യിലെടുത്തു പറഞ്ഞു.
വരൂ അളവെടുക്കാം.
ഉം, ഉം അളവെടുക്കണ്ട. ഈ ബ്ലൗസു മാതിരി തുന്നിയാല് മതി.
അതു പറ്റില്ല. അളവെടുക്കണം.
വേണ്ട, എനിക്ക് നാണമാവും.
നാണിക്കാനെന്താണുള്ളത്? ഇതാ ഈ കാണുന്ന ബ്ലൗസുകളെല്ലാം അളവെടുത്തു തുന്നിയതാണ്. ഇതില്‍ പതിനഞ്ചു വയസ്സുതൊട്ട് അമ്പതു വയസ്സുവരെയുള്ളവരുടെ ബ്ലൗസുകളുണ്ട്. അവര്‍ക്കൊക്കെ അളവു കൊടുക്കാന്‍ മടിയില്ലെങ്കില്‍ നിനക്കെന്താണിത്ര നാണം?
എനിയ്ക്കു നാണമാവും. അവള് വീണ്ടും പറഞ്ഞു.
അളവെടുക്കാതെ ഞാന്‍ തുന്നില്ല അയാള്‍ തീര്‍ത്തു പറഞ്ഞു. അവള് കുറച്ചുനേരം കൗണ്ടറിനു മുന്നില്‍ നിന്നു പിന്നെ ഒഴിഞ്ഞ ചോറിന് പാത്രവുമായി തിരിച്ചുപോയി.
പിറ്റെ ദിവസം അവള് ചോദിച്ചു. ബ്ലൗസ് തയ്യാറായോ?
അളവെടുക്കാതെ ഞാന്‍ തുന്നാറില്ല. അയാള്‍ പറഞ്ഞു.
പിറ്റേന്നും അതിനു പിറ്റേന്നും അവള് ഒരേ ചോദ്യം ചോദിച്ചു. ഒരേ മറുപടി കിട്ടി.
പെരുന്നാളിന് ഇനി ഒരാഴ്ചയേ ഉള്ളു. അതിനുമുമ്പ് ബ്ലൗസ് കിട്ടിയാല്‍ നന്നായിരുന്നു.
അളവെടുക്കട്ടെ എന്നാല്‍ തുന്നാം. അവള് കൊടുത്ത തുണിയും ബ്ലൗസും അയാള്‍ ചില്ലിട്ട അലമാരിയില്‍ വെച്ചിരുന്നത് അവള് എന്നും നോക്കും. പെരുന്നാളിന് മൂന്നു ദിവസമുള്ളപ്പോള്‍ അവള് ചോദിച്ചു.
ബ്ലൗസ് തുന്നില്ലെ?
അളവെടുത്താല്‍ തുന്നാം.
എന്നാല്‍ വേണ്ട. ആ ശീല മടക്കിത്തന്നോളൂ. ഞാന്‍ കുമാരന്റെ തയ്യല്‍ക്കടയില്‍ കൊടുക്കാം.
ഉണ്ടുകൊണ്ടിരുന്ന അന്തോണിച്ചേട്ടന് പെട്ടെന്ന് നിവര്‍ന്നിരുന്നു, ഊണു മതിയാക്കി, കൈകുടഞ്ഞെഴു ന്നേറ്റു തൂക്കുപാത്രത്തി ന്റെ തട്ടുകള്‍ ഓരോന്നായി അടുക്കി, കാതുമിട്ട് അവളുടെ മുമ്പില്‍ വെച്ചു. കൈ കഴുകി തോര്‍ത്തു കൊണ്ടു തുടച്ച് അയാള്‍ പറഞ്ഞു.
അമ്മച്ചിയോടു പറയു നാളെതൊട്ട് എനിക്ക് ചോറ് വേണ്ടെന്ന്. മേരിക്കുട്ടിയുടെ ബ്ലൗസ്പീസും ബ്ലൗസും കടലാസില്‍ പൊതിഞ്ഞ് അവളുടെ മുമ്പില്‍ വെച്ചു.
അന്തോണിച്ചേട്ടന്റെ പ്രതികരണം ഇത്ര ക്രൂരമായിരിക്കുമെന്ന് മേരിക്കുട്ടി കരുതിയില്ല. അവള് സ്തബ്ധയായി നിന്നു, പിന്നെ കണ്ണില്‍ നിന്ന് നീര് ധാരയായി ഒഴുകാന്‍ തുടങ്ങി. തേങ്ങലിനിടയില്‍ അവള് വിക്കി വിക്കി പറഞ്ഞു.
അളവെടുത്തോളു.
വിജയശ്രീലാളിതനായ അന്തോണിച്ചേട്ടന് ടേപ്പ് കഴുത്തിലൂടെ ഒരു മാല പോലെ ഇട്ട് പെന്‍സിലും പുസ്തകവുമായി ട്രയല്‍ മുറിയിലേക്കു നടന്നു. അവള് പിന്നാലെ നടന്നു.
തേങ്ങലുകളും സാന്ത്വനങ്ങളും ഇടവിട്ട് വിങ്ങിനിന്ന ആ ട്രയല്‍ മുറിയില്‍ എന്താണ് നടന്നതെന്ന് ആര്‍ക്കും അറിയില്ല. അന്തോണിച്ചേട്ടന്റെ അസിസ്റ്റന്റ് ഊണു കഴിക്കാന്‍ പോയിരുന്നു. അളവെടുക്കല് അരമണിക്കൂ റോളം നീണ്ടുനിന്നു പുറത്തു കടന്നപ്പോള്‍ മേരിക്കുട്ടിയുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു. അവള് തൂക്കു പാത്രവുമെടുത്ത് തല കുനിച്ച് വീട്ടിലേക്കു നടന്നു.
പിറ്റേന്ന് അവളുടെ അമ്മച്ചിയാണ് ചോറുകൊണ്ടുവന്നത്. അത് അന്തോണിച്ചേട്ടനെ തെല്ലു ഭയപ്പെടുത്തി.
മോള് സുഖല്ല്യാതെ കെടക്കാണ്.
എന്താണ് അസുഖം?
പന്യാണ്. ഇന്നലെ വരുമ്പോള്‍ തന്നെ സുഖല്ല്യാന്ന് പറഞ്ഞിരുന്നു.
അന്തോണിച്ചേട്ടന് ആശ്വാസമായി, പെണ്ണ് തന്നെ ഒറ്റിക്കൊടുത്തിട്ടില്ല. ഒപ്പം ഒരു കുറ്റബോധവും മനസ്സില്‍ വളര്‍ന്നു. ഊണിന്നി ടയില്‍ അവളെ നോക്കിയിരിക്കുമ്പോള്‍ ഉണ്ടാവാറുള്ള തോന്നലെന്താണെന്നയാള്ക്കു മനസ്സിലായി. അയാള്‍ നിശബ്ദനായി ഊണുകഴിച്ചു.
പിറ്റേന്നും ഉമ്മതന്നെയാണ് ചോറു കൊണ്ടുവന്നത്.
മോള്‍ക്ക് എങ്ങിനെയുണ്ട്?
ഭേദമുണ്ട് ഉമ്മ പറഞ്ഞു. കെടക്ക്ന്യാണ് ഒന്നും കഴിക്കുന്നൂല്ല്യാ പാവം.
പിറ്റേന്ന് പെരുന്നാളാണ് അയാള്‍ മനസ്സില്‍ കരുതി. അയാള്‍ അന്നുറങ്ങിയില്ല. തന്റെ തയ്യല്‍ യന്ത്രത്തിനു മുമ്പില്‍ അയാള്‍ തപസ്സിരുന്നു. രാത്രി നീണ്ടു പോയി. ഭക്ഷണത്തിന്റെ കാര്യം അയാള്‍ മറന്നുപോയിരുന്നു. മനസ്സില്‍ കീറിയ ബ്ലൗസിട്ട ഒരു പാവം പെണ്‍കുട്ടിയുടെ ഓര്‍മ്മ കടന്നുവന്നു. ചീട്ടിത്തുണിയുടെ ഒരു ബ്ലൗസും അയാള്‍ക്ക് ഓര്‍മ്മ വന്നു. അയാള്‍ കരയാന്‍ തുടങ്ങി.
തേങ്ങലുകള്‍ക്ക് ശമനമുണ്ടായപ്പോള്‍ അയാള്‍ എഴുന്നേറ്റു. അലമാരി തുറന്ന് പുതിയ ടു ബൈ ടു ശീലകള്‍ പുറത്തെടുത്ത് മുറിക്കാന്‍ തുടങ്ങി. കത്തിരി വിശ്രമിക്കാന്‍ തുടങ്ങിയപ്പോള്‍ ജോലി തയ്യല്‍ മെഷിന് ഏറ്റെ ടുത്തു.
പിറ്റേന്ന് കട മുടക്കമായിരുന്നു. പതിനൊന്നു മണിക്ക് മേരിക്കുട്ടിയുടെ വാതില്‍പ്പടിയില്‍ എത്തിയ അന്തോണിച്ചേട്ടന്റെ കയ്യില്‍ ഒരു വലിയ പൊതിക്കു പുറമെ ഒരു കെട്ടു റോസാപൂക്കളുമുണ്ടായിരുന്നു.
നഗരത്തില്‍ അപ്പോഴും ഒരു പൂക്കട തുടങ്ങിയിട്ടുണ്ടായിരുന്നില്ല; എന്നു വെച്ചാല്‍ പൂക്കട മുതലായ ആഡംബരങ്ങള്‍ ഉണ്ടാവാന്‍ മാത്രം നഗരം അന്നു വളര്‍ന്നിരുന്നില്ല. അപ്പോള്‍ അന്തോണിച്ചേട്ടന് ഒരു കെട്ടുണ്ടാക്കാന്‍ മാത്രം റോസാപ്പൂക്കള്‍ എവിടെ നിന്നു കിട്ടിയെന്നത് അജ്ഞാതമാണ്.
അയാള്‍ മേരിക്കുട്ടിയുടെ കട്ടിലിന്നരികില്‍ കസേരയില്‍ ഇരുന്ന് റോസാപ്പൂക്കള്‍ നീട്ടി. അവള് അതു വാങ്ങി മുഖത്തോടടുപ്പിച്ചു. അവള് സാധാരണത്തേക്കാള്‍ സുന്ദരിയായിരുന്നു. പെട്ടെന്ന് എന്തോ ഓര്‍ത്ത് അവള് നാണിച്ചു മുഖമാകെ ചുവന്നു.
നീ തുന്നാന്‍ തന്ന ബ്ലൗസ് റെഡിയായിട്ടുണ്ട്.
വലിയപൊതി അവളുടെ നേരെ നീട്ടി അന്തോണിച്ചേട്ടന് പറഞ്ഞു. അവള് ഒരു സംശയത്തോടെ ആ പൊതി വാങ്ങി, ഒരു ചോദ്യഭാവത്തില്‍ അതു തുറന്നു.
ആ പൊതിയില്‍ മൂന്നു ബ്ലൗസുകള്‍. ഒന്ന് അവള് തുന്നാന്‍ കൊടുത്തതു തന്നെ പിന്നെ വേറെ ഒരു ഓറഞ്ചും ഒരു പച്ചയും. രണ്ടു സാരികള്‍, ഓറഞ്ചും പച്ചയും, അതിനുയോജിച്ച രണ്ടു പാവാടകളും.
സാരികളും ബ്ലൗസുകളും ചിതറിക്കിടന്ന പൊതി മടിയില്‍ വെച്ച് അവള് അന്തോണിച്ചേട്ടനെ നോക്കി.
ഞാന്‍ ഈയൊരു ബ്ലൗസു മാത്രമല്ലെ തന്നിട്ടുള്ളു, പിന്നെന്തിനാണ് ഇതെല്ലാം കൊണ്ടു വന്നത്?
നിനക്കുവേണ്ടി വാങ്ങിയതാണ് ഇഷ്ടപ്പെട്ടോ?
അവള് ഒന്നും പറഞ്ഞില്ല.
വാങ്ങിക്കോ മോളെ.
ഉമ്മ പറഞ്ഞു, അവര്‍ക്കതിന്റെ അര്‍ത്ഥം മനസ്സിലായി.
അമ്മച്ചീ ഞാന്‍ മേരിക്കുട്ടിയെ ഇന്നു വലിയ പള്ളിയില്‍ പെരുന്നാളിന് കൊണ്ടു പോകട്ടെ?
പെയ്ക്കൊ മക്കളെ അവര്‍ പറഞ്ഞു. പിന്നെ തിരിഞ്ഞു നിന്ന് ആരും കാണാതെ കര്ത്താവിന് കുരിശു വരച്ചു.
മേരിക്കുട്ടി അന്തോണിച്ചേട്ടന്റെ ഒപ്പം വലിയ പള്ളിയില്‍ പെരുന്നാളിന് പോകുക തന്നെ ചെയ്തു. എല്ലാവര് ക്കും പറയാനുണ്ടായിരുന്നത് മേരിക്കുട്ടിയുടെ ബ്ലൗസിന്റെ ഫിറ്റിംഗിനെപ്പറ്റിയാണ്. ഇത്രയും നല്ല ഫിറ്റിംഗുള്ള ബ്ലൗസ് ഇതുവരെ ആരും കണ്ടിട്ടില്ല. അന്തോണിച്ചേട്ടന്റെ മാസ്റ്റര്‍ പീസായിരുന്നു അത്.
ആയില്ലെങ്കിലല്ലെ അത്ഭുതമുള്ളു.
പിറ്റത്തെ ഞായറാഴ്ച കല്ല്യാണത്തിന് മേരിക്കുട്ടിയുടെ വെഡ്ഡിംഗ് ഡ്രസ്സും തയ്ച്ചത് അന്തോണിച്ചേട്ടന് തന്നെയായിരുന്നു.
ഇതെല്ലാം പഴയ കഥകള്‍. താന്‍ ബോംബെയിലായിരുന്ന കാലത്ത് നടന്ന സംഭവങ്ങള്‍. നഗരത്തിന്റെ വളര്‍ച്ചയോടൊപ്പം അതാതു കാലത്ത് പ്രചരിച്ചിരുന്ന കഥകളിലൊന്ന് മാത്രം. ഗ്രാമീണവായനശാലയുടെ സെക്രട്ടറിയും, തന്റെ സുഹൃത്തുമായ രാഹുലന് പറഞ്ഞു തന്ന കഥയാണിത്, അയാള്‍ ഒരു സാഹിത്യകാരനും കൂടി ആയിരുന്നു. അയാളുടെ മനോധര്‍മ്മം ഇതിന് എത്രമാത്രം നിറം കൊടുത്തുവെന്നറിയില്ല.
ഇപ്പോള്‍ അതെല്ലാം മാറിയിരിക്കുന്നു. അന്തോണിച്ചേട്ടന്റെ ലേഡീസ് ഓണ്‍ ടെയ്ലറിംഗിനു എതിര്‍വശ ത്തുള്ള തന്റെ വീട്ടില്‍ ജനലിന്നടുത്തുള്ള കട്ടിലില്‍ കിടന്നു കൊണ്ട് രവീന്ദ്രന് ആലോചിച്ചു. ആ കാലമെല്ലാം മാറിയിരിക്കുന്നു. കഴിഞ്ഞ പത്തു കൊല്ലം അയാള്‍ നാട്ടില്‍ വരലുണ്ടായില്ല. അതിനുശേഷം അയാള്‍ ജോലി രാജി വെച്ച് നാട്ടിലേയ്ക്കു വന്നതാണ്. മനസ്സില്‍ താന്‍ താമസിച്ചിരുന്നതും, തിരിച്ചൊന്നും തരാതെ തന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല ഭാഗം അപഹരിച്ചതുമായ നഗരത്തോടുള്ള വെറുപ്പും, ശ്വാസകോശത്തില്‍ അനുദിനം കാര്‍ന്നു തിന്നുന്ന രോഗവുമായി. സ്റ്റ്രെപ്റ്റോമൈസിന്‍ ഇന്‍ജക്ഷനും ഒരു പറ്റം ഗുളികകളുമായി അയാള്‍ക്ക് ചുരുങ്ങിയത് നാലു മാസമെങ്കിലും വിശ്രമിക്കണം. പകല്‍ മുഴുവന്‍, ചിലപ്പോള്‍ രാത്രി വളരെ വൈകും വരെ അയാള്‍ ജനലിലൂടെ പുറത്തേയ്ക്കു നോക്കിക്കിടന്നു. അന്തോണിച്ചേട്ടനാണ് തൊട്ടുമുമ്പില്‍. അയാളെ നോക്കിയിരിക്കുമ്പോഴാണ് രവീന്ദ്രന് ഒരമര്‍ഷത്തോടെ മനസ്സിലാക്കിയത്, നഗരത്തെ സംബന്ധിച്ചിട ത്തോളം ധീരോദാത്തയുടെയും പ്രണയ സൗരഭ്യങ്ങളുടെയും കാലം കഴിഞ്ഞിരിക്കുന്നു. താന്‍ തിരിച്ചുവരാന്‍ കാത്തിരിക്കുകയായിരുന്നു നഗരം ഇതിനു വേണ്ടി, അതിന്റെ വികൃതരൂപം കാണിച്ചുതരാനായി.
അമ്മ ഇടയ്ക്ക് മുകളിലേയ്ക്ക് കയറി വരും, കട്ടിലില്‍ ഇരുന്ന് കിതപ്പിന്നിടയില്‍ തന്റെ തല തലോടും.
മുടിയൊക്കെ പോയിത്തുടങ്ങി. അവര്‍ പരാതിപ്പെടും. ഇനിയെന്നാ നീ കല്ല്യാണൊക്കെ കഴിക്കാന്‍ പോണത്? മുപ്പത്തെട്ടു വയസ്സായില്ലെ?
അയാള്‍ ചിരിച്ചു. അയാള്‍ക്ക് നാല്പത് തികഞ്ഞിരുന്നു. രണ്ടുവര്ഷങ്ങള് അമ്മയുടെ മനസ്സില്‍ നിന്ന് എങ്ങിനെയോ ചോര്‍ന്നു പോയിരുന്നു. അവര്‍ക്ക് ഒരു മാതിരി നഷ്ടപ്പെട്ടുവെന്നു കരുതിയ മകനെ തിരിച്ചു കിട്ടിയതിലുള്ള സന്തോഷമാണ്. രോഗം ചികിത്സിച്ചു ഭേദമാക്കാവുന്നതേയുള്ളു. എല്ലാം ഭേദപ്പെട്ടാല്‍ ഒരു പുതിയ ജീവിതം തുടങ്ങാമല്ലൊ. മുമ്പെല്ലാം വളരെ കൃത്യമായി എല്ലാ വര്‍ഷവും ലീവില്‍ വന്നിരുന്നതാണ്. കഴിഞ്ഞ പത്തു കൊല്ലമായി അതുണ്ടായില്ല. വേണമെന്ന് വെച്ചിട്ടല്ല. എന്താണുണ്ടായതെന്ന് അയാള്‍ക്ക് ഓര്‍മ്മയില്ല. മോശപ്പെട്ടുകൊണ്ടിരുന്ന ആരോഗ്യം, അസംതൃപ്തരായ മേലധികാരികള്‍, തരം കിട്ടിയാല്‍ തന്നെ അപമാനിക്കുന്ന കമ്പനിയുടമ. ഇതിനെല്ലാമിടയില്‍ പത്തുവര്ഷങ്ങള് കഴിച്ചുകൂട്ടി. ഇപ്പോള്‍ അതെല്ലാം ഒരു മഞ്ഞിന്നിടയിലൂടെ കാണുന്ന പോലെയാണ്. ഒന്നിനും തെളിമയില്ല. താന്‍ അതില്‍നിന്നെല്ലാം വളരെ അകലെയാണല്ലൊ എന്ന സമാധാനം. ശത്രുവില്നിന്നോടി രക്ഷപ്പെട്ട ഇരയുടെ മനോഭാവം.
അന്തോണിച്ചേട്ടന് ഇര പിടിക്കാന്‍ പതുങ്ങി നില്‍ക്കുകയാണ്. ഇടയ്ക്കിടയ്ക്ക് പീടികയില്‍ നിന്നിറങ്ങി നിരത്തിന്റെ രണ്ടറ്റത്തേക്കും നോക്കും. ആരെങ്കിലും വരുന്നുണ്ടെന്നു കണ്ടാല്‍ ഉടനെ പീടികയിലേയ്ക്കു വലിയും. കണ്ണാടിച്ചില്ലില്ലൂടെ തുറുകണ്ണും പായിച്ച് നില്ക്കും. ആ നിര്ഭാഗ്യവാന് അടുത്തെത്തിയാല്‍ ഒരു ചാട്ടമാണ്. സംശയിക്കാതെ നടന്നു പോകുന്ന വഴിയാത്രക്കാരന് അന്തോണിച്ചേട്ടന്റെ കയ്യില്‍പ്പെടുന്നു. പിന്നെ മോചനമില്ല. അന്തോണിച്ചേട്ടന് ഇരയെ അകത്തേയ്ക്കു വലിച്ചിഴച്ചു കൊണ്ടുപോകുന്നു. അര മണിക്കൂറോളം അയാളെ പീഡിപ്പിക്കുന്നു. ഇര ഇടയ്ക്കിടയ്ക്ക് പിടഞ്ഞെഴുന്നേറ്റ് രക്ഷപ്പെടാന്‍ നോക്കുന്നു. ഒരു ബലമായ കൈ ഇരയെ വീണ്ടും തട്ടിതാഴ്ത്തിടുന്നു. വീണ്ടും പീഡനം തന്നെ. അന്തോണിച്ചേട്ടന് കണ്ണുകള്‍ ഇടയ്ക്കിട യ്ക്ക് റോഡിലേയ്ക്ക് പായിക്കുന്നു. പെട്ടെന്ന് പുതിയൊരു ഇരയെ കണ്ടാല്‍ ചാടിയെഴുന്നേല്ക്കുന്നു. റോഡിലേക്കു കുതിക്കുന്നു. ആ തക്കം നോക്കി പഴയ ഇര വേച്ച് വേച്ച് രക്ഷപ്പെടുന്നു. വേറെ ഇരയെ കിട്ടി യില്ലെങ്കില്‍ വീണ്ടും പഴയ പടി കണ്ണാടിച്ചില്ലിനു പിറകില്‍ തുറുകണ്ണും പായിച്ചു നില്‍ക്കുകയോ, അല്ലെങ്കില്‍ നിരുപദ്രവിയെന്നു തോന്നും വിധം നിരത്തില്‍ ഉലാത്തുകയോ ചെയ്യും. മറ്റൊരിരയെ കിട്ടും വരെ. രാത്രി വിളക്കുകാലിന്റെ വെളിച്ചത്തില്‍ നിന്നും അകന്ന് നിഴലില്‍ അയാള്‍ കാത്തു നില്ക്കുന്നു. വെളിച്ചത്തില്‍ നടക്കുന്ന ഇരകള്‍ പതുങ്ങി നില്ക്കുന്ന അന്തോണിച്ചേട്ടനെ കാണുന്നില്ല. പെട്ടെന്നാണ് ആക്രമണ മുണ്ടാവുക.
എവിടെയോ എന്തോ പിശകുണ്ട്. അയാള്‍ ഓര്‍ത്തു. ഇങ്ങിനെയൊന്നുമായിരുന്നില്ല തന്റെ മനസ്സിലുണ്ടാ യിരുന്ന നഗരം. രണ്ടാഴ്ച കൂടുമ്പോള്‍ ക്ലിനിക്കിലേക്കു പോകണം. ഒന്നുകില്‍ എക്സ്റേ എടുക്കാനോ, അല്ലെങ്കില്‍ രക്തം പരിശോധിക്കാനോ. ആ യാത്രയിലാണ് നഗരത്തിന്റെ പൊടിപുരണ്ട മുഖം അയാള്‍ കാണുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ ലീവില്‍ വന്നിരുന്നപ്പോള്‍ ഒരു തരുണിയെപ്പോലെ കാത്തു നിന്ന നഗരം വാര്ദ്ധക്യലക്ഷണങ്ങള് കാണിച്ചു തുടങ്ങിയിരിക്കുന്നു. വാതിലുകളുടെയും ജനലുകളുടെയും ചായം അടര്‍ന്നു മങ്ങിയിരുന്നു. പീടികകളുടെ പേരെഴുതിയ ബോര്‍ഡുകള്‍ തുരുമ്പു പിടിച്ചിരുന്നു. ഓടകളില്‍ ചീഞ്ഞ വെള്ളം കെട്ടിനിന്നു നാറിത്തുടങ്ങിയിരുന്നു. എല്ലാറ്റിലും അസഹനീയമായത് നഗരവാസികളുടെ അവഗണന യായിരുന്നു. അതവരുടെ ഭാവത്തിലും, പ്രവൃത്തിയിലും, സംസാരത്തിലും നിഴലിച്ചുകണ്ടു. നഗരം പെട്ടെന്ന വര്‍ക്ക് അന്യാധീനമായ പോലെ അവര്‍ നഗരത്തെ സംശയത്തോടെ നോക്കി. പുതുതായി ഒരാളെക്കണ്ടാല്‍ അവര്‍ വിചാരണ തുടങ്ങും. എന്താണ് പേര്? വീടെവിട്യാ? എന്താ ജോലി? ശമ്പളം? ലീവില്‍ വന്നതാണോ, എത്ര ലീവുണ്ട്? അവര്‍ നിങ്ങളെ നഗ്നരാക്കുന്നു. അരഞ്ഞാണ്‍ ചരടും കൂടി പൊട്ടിച്ചെറിഞ്ഞാല്‍ സമാധാന മായി. നിങ്ങളെ പദവിയുടെ ഏതു തട്ടിലിടണമെന്നവര് ഗണിച്ചുണ്ടാക്കുന്നു. അയാളുടെ ഭാവിയിലുള്ള നീക്കങ്ങളെല്ലാം ഈ വിലയിരുത്തലിനെ ആധാരമാക്കിയായിരിക്കും. അയാള്‍ അഭ്യുദയകാംക്ഷികള്ക്കെല്ലാം മുന്നറി യിപ്പും കൊടുക്കുന്നു.
ജോലി രാജിവെച്ച് വന്നിരിക്ക്യാണത്രെ. അല്ലെങ്കിലെന്തു കിട്ടാനാന്നെ ഈ ടൈപിംഗിന്റെ ജോലിക്ക്. ഇക്കാലത്തൊക്കെ ഒരു എഞ്ചിനീയറാവണം അല്ലെങ്കില്‍ ഡോക്ടര്‍. അതുമല്ലെങ്കില്‍ ഗവര്മ്മെണ്ടില് വല്ലതും കിട്ടണം.
വാര്‍ത്ത പരക്കുന്നു. പ്രതിക്ക് ഭ്രഷ്ട് കല്പിക്കുന്നു. നേരെ വരുന്ന ആള്ക്കാര് മുഖം തിരിച്ച് കണ്ടില്ലെന്ന് നടിച്ച് പോകുന്നു.
താന്‍ ജനിച്ചു വളര്‍ന്ന നഗരം തന്നെയാണോ ഇത്?
തിരിച്ച് വീട്ടിലെത്തുമ്പോള്‍ അയാള്‍ അലമാരിയില്‍ പരതുന്നു. എവിടെയൊ പൊടിപിടിച്ച ആ ചെറിയ ആല്‍ബം കാണണം. ക്ഷീണം വകവെയ്ക്കാതെ അയാള്‍ തിരച്ചില്‍ തുടരുന്നു, ആ ആല്‍ബം കിട്ടുംവരെ. അതില്‍ ആദ്യത്തെ പേജില്‍തന്നെ അയാളുടെ ഫോട്ടോ ഉണ്ട്. ഏകദേശം പത്തു വയസ്സു പ്രായമുള്ളപ്പോള്‍ എടുത്ത ഫോട്ടോ. മുറ്റത്ത് ആ പയ്യന് കയ്യും തൂക്കിയിട്ട് സങ്കോചമുള്ള കണ്ണുകളോടെ നില്ക്കുന്നു. പിന്നില്‍ വെയിലില്‍ കുളിച്ചു നില്ക്കുന്ന പൂച്ചെടികള്‍. ആ പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചതയാള്ക്ക് ഓര്‍മ്മയുണ്ട്. ആ പൂച്ചെടികള്‍ നട്ടിരുന്നിടത്ത് ഇപ്പോള്‍ വെറും പുല്ലുകള്‍ മാത്രമേയുള്ളു എന്നയാള്‍ ഓര്‍ത്തു. ആല്‍ബത്തിന്റെ മറ്റു പേജുകള്‍ മറിക്കാന്‍ അയാള്‍ അശക്തനായിരുന്നു. ആല്‍ബം മടക്കി അലമാരിയില്‍ തന്നെ വെച്ച് അയാള്‍ കട്ടിലില്‍ പോയി കിടന്നു. പുറത്ത് അന്തോണിച്ചേട്ടന് ഒരു ഇരയെ കിട്ടിയ സന്തോഷത്തില്‍ വെളുക്കെ ചിരിച്ചു നില്‍ക്കുകയാണ്.