close
Sayahna Sayahna
Search

അനിയതം, എങ്കിലും ഉദാത്തം


അനിയതം, എങ്കിലും ഉദാത്തം
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡിസി ബുക്‌സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 72 (ആദ്യ പതിപ്പ്)

വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?

“ഉന്മാദം വരെ ചെന്നെത്തത്തക്കവിധത്തില്‍ എന്റെ വികാരത്തെ ഉജ്ജ്വലിപ്പിക്കുന്ന കലാസൃഷ്ടി’’ എന്ന് ഫ്രഞ്ചെഴു­ത്തുകാരന്‍ അങ്ദ്രേഷീദും (Andre Gide 1869-1951) “മനുഷ്യന്റെ കഴിവുകളെ അതിശയിക്കുന്ന സാകല്യാവ­സ്ഥയിലുള്ള വെളിപാടിന്റെ ആവിഷ്കാരം” എന്ന് ഫ്രഞ്ച് സറീയലിസത്തിന്റെ ഉദ്ഘോഷകന്‍ അങ്ദ്രേ ബ്രതോങും (Andre Breton 1896-1966) വാഴ്ത്തിയ മാസ്റ്റര്‍പീസാണ് ലോത്രാ എമൊങ്ങിന്റെ (Lautreamont 1846-1870) ‘ലേ ഷാങ് ദ മല്‍ദൊറൊര്‍’ (Le chants de Maldoror) എന്ന നോവല്‍. നോവല്‍ എന്നു ഞാന്‍ ഇതിനെ വിളിച്ചെങ്കിലും യഥാര്‍ഥത്തില്‍ ഇതു കാവ്യമാണ്. ഛന്ദസ്സിനെ നിരാകരിച്ചു ഗദ്യത്തിലെഴുതിയ കാവ്യം. ഇരുപത്തിനാലു വയസ്സ് വരെ മാത്രമേ ലോത്രാ എമൊങ് ജീവിച്ചിരുന്നുള്ളു. ഹ്രസ്വമായ ആ കാലയളവി­നുള്ളില്‍ അദ്ദേഹം രചിച്ച ഈ നോവല്‍ പില്‍ക്കാലത്ത് സ്പാനിഷ് കവിയും നാടക­കര്‍ത്താവുമായ ‘ഗാര്‍സി അ ലോര്‍ക (Garcia Lorca 1898-1936), ഫ്രഞ്ച് നാടക കര്‍ത്താവും നോവലിസ്റുമായ അല്‍ഫ്രദ് ഷാറി (Alfred Jarry 1873-1907) ഇറ്റലിയിലെ ചിത്രകാരന്‍ മോദീല്‍യാനീ (Modigliani 1884-1896) ഫ്രഞ്ച് കവി പൊള്‍ വെര്‍ലേന്‍ (Paul Verlaine 1844-1896) ഇവരിലൊക്കെ സ്വാധീനത ചെലുത്തി. സറീയലിസ്റ്റ് ചിത്രകാരന്‍ സാല്‍വാതോര്‍ ദാലീ (Salvador Dali 1904-1989),ആത്മകഥയായ “Secret Life’’ ല്‍ പറഞ്ഞത് ഇങ്ങനെ.. മല്‍ദൊറൊറിന്റെ നിഴല്‍ എന്റെ ജീവിത­ത്തില്‍നിന്നു മാറിയതേയില്ല.

ആറ് അദ്ധ്യായങ്ങളുണ്ട് ഈ കൃതിക്ക്. സംഭവങ്ങള്‍ വിവരിക്കുന്നത് ഒരാള്‍. മല്‍ദൊറൊര്‍ വേറൊരാള്‍. ചിലപ്പോള്‍ രണ്ടുപേരെയും വേര്‍തിരി­ച്ചറിയാന്‍ വയ്യാത്ത­വിധത്തിലാവും പ്രതിപാദനം. ആഖ്യാനം നിര്‍വഹി­ക്കുന്നയാളിന്റെ ’ഓള്‍ട്ടര്‍ ഇഗോ’ യായി സൂക്ഷ്മ­ശരീരമായ് മല്‍ദൊറൊറിനെ കാണുകയും ചെയ്യാം. എന്നാല്‍ രണ്ടുപേരും ഒറ്റക്കാര്യത്തില്‍ യോജിക്കും. മനുഷ്യരെ ദ്രോഹിക്കുക, അവരുടെ സ്രഷ്ടാവായ ഇശ്വരനെ നിന്ദിക്കുക ഇതിലാണ് അവര്‍ ഒന്നാവുക. അരുണാഭമായ ശിശുവിന്റെ മുഖത്ത് ഉമ്മവയ്ക്കു­മ്പോഴൊക്കെ മല്‍ദൊ റൊറിനു തോന്നും, കത്തികൊണ്ട് അതിന്റെ പിഞ്ചു കവിളുകള്‍ കുത്തി­ക്കീറിയെങ്കിലെന്ന്. നിയമം തടസ്സമായി നിന്നില്ലെങ്കില്‍ അയാള്‍ അതു പലതവണ ചെയ്യുമായിരുന്നു. കല്ലിനു ഗുരുത്വാകര്‍ഷ­ണത്തില്‍ നിന്നു രക്ഷനേടാന്‍ കഴിയുമോ? സാധ്യമല്ല, സാധ്യമല്ല. അതുപോലെ തിന്മയ്ക്ക് നന്മയുമായി കൂട്ടുകൂടാനും കഴിയില്ല. മനുഷ്യരെ ഉന്നമിപ്പിക്കാനായി എഴുതുന്നവ­രുണ്ടാകാം. പക്ഷേ, ലോത്രാ എമൊങ്ങിന്റെ ലക്ഷ്യം ക്രൂരതകളുടെ ആഹ്ലാദം ചിത്രീകരിക്കാന്‍ തന്റെ ജീനിയസ് ഉപയോഗിക്കണ­മെന്നാണ്. ഈശ്വരന്റെ സമഗ്രാ­ധികാരത്തെ നോവലിസ്റ്റും അദ്ദേഹത്തിന്റെ രണ്ടു കഥാപ്രാത്രങ്ങളും അംഗീകരിക്കുന്നുണ്ട്. പക്ഷേ, ഭയം ജനിപ്പിക്കുന്ന ആ ഈശ്വരനെ അവര്‍ നിന്ദിക്കുകയാണ്.

caption
ലോത്രാ എമൊങ്

അനന്തതയെ­ക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ പുച്ഛം താഴെച്ചേര്‍ക്കുന്ന വിവരണത്തില്‍നിന്നു വ്യക്തമാകും. ‘എന്റെ അമ്മ എന്നോടു പറഞ്ഞു. നീ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഗ്രാമ­പ്രദേശത്ത് നായ്ക്കള്‍ കുരയ്ക്കുന്നതു് കേട്ടാല്‍ കമ്പിളിക്കു താഴെ ഒളിച്ചുകൊള്ളണം. ആ നായ്ക്കള്‍ ചെയ്യുന്നതിനെ നിന്ദിക്കരുത്. നിനക്കുള്ളതുപോലെ അവയ്ക്കും അനന്തതയ്ക്കു­വേണ്ടിയുള്ള അദമ്യമായ ദാഹമുണ്ട്. നിനക്കും എനിക്കും നീണ്ട മുഖമുള്ള മറ്റാളുകള്‍ക്കും ഉള്ളതുപോലെ­തന്നെ. ഉന്നമനം നല്‍കുന്ന ഈ ദൃശ്യത്തെക്കുറിച്ച് ധ്യാനിക്കു­ന്നതിനുവേണ്ടി ജനലിന്റെ മുന്‍പില്‍ നില്‍ക്കാന്‍ നിന്നെ ഞാന്‍ അനുവദിക്കാം’ ഇതിനുശേഷം മരിച്ച ആ സ്‌ത്രീയുടെ അഭിലാഷത്തെ ഞാന്‍ എപ്പോഴും മാനിച്ചിട്ടുണ്ട്.

തിന്മയുടെ മൂര്‍ത്തിമത്‌ഭാവമായ മനുഷ്യനെ പ്രിയപ്പെട്ട വായനക്കാര്‍ക്കു കാണണമെങ്കില്‍ ഈ ചിത്രം നോക്കുക.

“അര്‍ദ്ധരാത്രി. ഒരു വണ്ടി പോലും കാണാനില്ല. എനിക്കു തെറ്റിപ്പോയി. ഭൂമിയുടെ അടിയില്‍ നിന്നെന്ന പോലെ ഇതാ പെട്ടെന്ന് ഒരെണ്ണം ആവിര്‍ഭവിക്കുന്നു. വൈകിപ്പോയ ചില ആളുകള്‍ അതിനെ ശ്രദ്ധിച്ചുനോക്കുന്നുണ്ട്. മുകളിലത്തെ നിലയില്‍ ചത്ത മീനിന്റെ കണ്ണുകള്‍ പോലെയുള്ള കണ്ണുകളോടുകൂടി ആളുകള്‍ ഇരിക്കുന്നു. ജീവനില്ലാത്ത­വരെപ്പോലെ...

വണ്ടിക്കാരന്‍ കുതിരകളെ ചാട്ടകൊണ്ടടിക്കുമ്പോള്‍ ചാട്ടയാണ് അയാളുടെ കൈയെ ചലനം കൊള്ളിക്കു­ന്നതെന്നു തോന്നും, കൈയല്ല ചാട്ടയെ ചലനം കൊള്ളിക്കുന്നത്. അവസാനത്തെ സ്റ്റോപ്പില്‍ എത്താന്‍ വേണ്ടി വണ്ടി ശൂന്യാകാശത്തിലൂടെ കീറിപ്പായുകയാണ്: തെരുവുകളെ കിരുകിരുപ്പിച്ചുകൊണ്ട്‌ വണ്ടി അപ്രത്യക്ഷമാവുകയാണ്. ആകൃതിയില്ലാത്ത ഒരു രൂപം അതിന്റെ പിന്നാലെ ഓടുന്നു. ’ഞാന്‍ യാചിക്കുന്നു. വണ്ടി നിറുത്തൂ ഇന്നലെത്തൊട്ടു ഞാന്‍ ഒന്നും കഴിച്ചിട്ടില്ല...

എന്റെ അച്ഛനമ്മമാര്‍ എന്നെ ഉപേക്ഷിച്ചു...എന്തു ചെയ്യണമെന്ന് എനിക്കറിഞ്ഞുകൂടാ. ഞാന്‍ വീട്ടില്‍ തിരിച്ചു ചെല്ലാന്‍ തീരുമാനിച്ചു. ഒരു സീറ്റ് എനിക്കു തന്നാല്‍ മതി.. എട്ടു വയസ്സുമാത്രം പ്രായമുള്ള കുട്ടിയാണു ഞാന്‍. എനിക്കു നിങ്ങളെ വിശ്വാസമാണ്.’ വണ്ടി അപ്രത്യക്ഷമാവുകയാണ്. അത് അപ്രത്യക്ഷമാവുകയാണ്... പക്ഷേ, പൊടിയിലുടെ ആകൃതിയില്ലാത്ത ഒരു രൂപം ഉന്മാദത്തോടെ ഓടുകയാണ്... നിലവിളികള്‍ കാതടപ്പിക്കുന്ന രീതിയില്‍ ഉയരുന്നു. രണ്ടോ മൂന്നോ മിനിറ്റുനേരം...”

“പെട്ടെന്നു നിലവിളികള്‍ നിന്നു. കാരണം ആകൃതിയില്ലാത്ത ആ രൂപം റോഡില്‍ ഉയര്‍ന്നുനിന്ന കല്ലില്‍ത്തട്ടി വീണു എന്നതാണ്. അവന്റെ തലയ്ക്കുമുറിവുപറ്റി. അതിലേ വന്ന ഒരാള്‍ വിളക്കുയര്‍ത്തി ആ ശിശുവിനെ നോക്കി. അത് അപ്രത്യക്ഷ­മാവുകയാണ്, അത് അപ്രത്യക്ഷമാവുകയാണ്.”

ലോത്രാ എമൊങ് ഇതിനുശേഷം പറയുന്നു.. “മനുഷ്യനെന്ന കാട്ടുമൃഗത്തിന്റെയും അവന്റെ സ്രഷ്ടാവിന്റെയും നേര്‍ക്ക് അക്രമണം നടത്താനാണ് ഞാന്‍ എന്റെ കവിതയെ ഉപയോഗിക്കാന്‍ പോകുന്നത്. ഇതുപോലെയുള്ള കൃമികളെ ഈശ്വരന്‍ സൃഷ്ടിക്കാന്‍ പാടില്ലായിരുന്നു”

ലോത്രാ എമൊങ്ങിന്റെ ഈ മനുഷ്യ­വിദ്വേഷത്തില്‍ ലോകം തകരുന്നു. അസ്തിത്വവാദികളുടെ ‘അബ്സേഡ്’ എന്ന ആശയത്തിന് ആദ്യമായി ആവിഷ്കാരം നല്കിയത് ഈ ഫ്രഞ്ചെഴുത്തു­കാരനാണെന്ന് അസന്ദിഗ്ദ്ധമായി പറയാം. ലോകത്തിന്റെ ഈ ക്രൂരതയെ, മനുഷ്യന്റെ നൃശംസതയെ ലോത്രാ എമൊങ് നിന്ദിക്കുന്നത് വിശുദ്ധമായ കവിതയിലൂടെയാണ്.

“Awake, Maldoror! He opens the shutters of the window. He leans on the window sill. He contemplates the moon which sheds on his breast a cone of ecstatic rays which flutter like moths with silver beams of ineffable softness. He waits for moming with its change of scenery to bring its discovery relief to his shattered heart.”

ഇറ്വിടെ ഭാവാത്മകതയ്ക്കാണ് പ്രാധാന്യം. എന്നാല്‍ സമുദ്രത്തിനെ അഭിസംബോധന ചെയ്തുകൊണ്ടു കഥാപാത്രം പറയുന്ന ചില വാക്യങ്ങള്‍ ലോകസാഹിത്യത്തിലെ ഉദാത്തമായ എതു കവിതയ്ക്കും സദൃശമാണ്. ദീര്‍ഘമായ ആ കാവ്യത്തില്‍നിന്ന് രണ്ടുമൂന്നു വാക്യങ്ങളെങ്കിലും എടുത്തെഴുതാതിരിക്കാന്‍ മനസ്സ് സമ്മതിക്കുന്നില്ല. കേള്‍ക്കുക.

“Old ocean, great celebrate, when you survey the solemn solitude of your imperturable realms, you are justly proud of your native magnificence and of the true praises which I so fervently bestow on you. Rocked voluptuously by the gentle effluvia of your majestic slowness — that most imposing of all the attributes with which the divine power has endowed you — unroll in sombre mystery along all your sublime surface, your incomparable waves, in calm awareness of your eternal power.”

സമുദ്രത്തിന് ഏകാന്തത, വിഷയാസക്തി, ഉദാത്തത. ജീവിതത്തിന്റെ പ്രതീകമായി മാറുകയാണ് സമുദ്രം. കൊലപാതകങ്ങള്‍, ബലാല്‍സംഗങ്ങള്‍, അനിയത ലൈംഗിക വേഴ്ചകള്‍ ഇവയിലൂടെ വായനക്കാരെ നയിച്ച്, തമ്മില്‍ ബന്ധമില്ലാത്ത വാസ്തവികതകളെ ചിത്രീകരിച്ച്, ശസ്ത്രക്രിയ നടത്താനുള്ള മേശയുടെ പുറത്ത് തയ്യല്‍ യന്ത്രവും കുടയും വച്ച് സൌന്ദര്യത്തിന് ഒരു പുതിയ അര്‍ത്ഥതലം സൃഷ്ടിച്ച് ഒരന്യാദൃശമായ മണ്ഡലം സൃഷ്ടിക്കുകയാണ് മഹാനായ ഈ കലാകാരന്‍. ചേര്‍ച്ചയില്ലാത്ത ഈ വസ്തുക്കളെ അദ്ദേഹം ചേര്‍ത്തുവച്ചതില്‍ നിന്നാണ് പില്‍ക്കാലത്തു സറീയലിസ്റ്റുകള്‍ തങ്ങളുടെ ആ പ്രസ്ഥാനത്തില്‍പ്പെട്ട കാവ്യങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും പ്രചോദന­മാര്‍ജ്ജിച്ചത്.

“ആളൊഴിഞ്ഞ വിജനമായ ഒരു തീവണ്ടിയാപ്പീസിന്റെ ഗോപുരാഗ്രത്തില്‍ കുത്തിയിറക്കിയ ഒരു മേഘത്തില്‍ തല കീഴായി തൂങ്ങിനില്ക്കുന്ന അമ്മൂമ്മയുടെ ചിത്രം” എന്ന് ഒരു സറീയലിസ്റ്റ് കവി എഴുതാന്‍ ഹേതു ലോത്രാ എമൊങ്ങാണ്. വായനക്കാരനെ മതിവിഭ്രമത്തോളം ഇത് എത്തിക്കു­ന്നുണ്ടെങ്കിലും ഉത്കൃഷ്ടങ്ങളായ സാഹിത്യ സൃഷ്ടികള്‍ ജനിപ്പിക്കുന്ന വിശ്രാന്തി ഈ ഗ്രന്ഥവും ജനിപ്പിക്കുന്നുണ്ട്. കലയ്ക്കും സാഹിത്യത്തിനും എത്താവുന്ന ഒരതിരുണ്ട്. ആ അതിരില്‍ എത്താറുണ്ട് ചില കൃതികളെന്ന് ഒരു ഫ്രഞ്ച് നോവലിസ്റ്റ് പറഞ്ഞതായി ആ പുസ്തകത്തിന്റെ അവതാരികയില്‍ കാണുന്നു. ആ അതിരില്‍ എത്തിയ കലാസൃഷ്ടിയാണ് ലോത്രാ എമൊങ്ങിന്റെ ‘ലേ ഷാങ് ദ മല്‍ദൊ റൊര്‍.’