close
Sayahna Sayahna
Search

ദുഷ്ടകഥാപാത്രങ്ങളുള്ള കഥകൾ


ദുഷ്ടകഥാപാത്രങ്ങളുള്ള കഥകൾ
EHK Story 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ദൂരെ ഒരു നഗരത്തില്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 79

സുചിത്ര കഥയെഴുതുകയാണ്. മുറിയിൽ വാതിലടച്ച് സ്വന്തമായി ഒരു ലോകം സൃഷ്ടിച്ചശേഷം അവൾ കഥയെഴുതാൻ തുടങ്ങുന്നു. മുമ്പിൽ സാമൂഹ്യപാഠം നോട്ടുപുസ്തകത്തിൽനിന്ന് ധൃതിയിൽ ചീന്തിയെടുത്ത കടലാസിൽ ആദ്യത്തെ വാചകം എഴുതിവച്ചിട്ടുണ്ട്.

‘അമ്മ ഒരു ദുഷ്ടകഥാപാത്രമാണ്.’

ആദ്യത്തെ വാചകം അവളെ സംബന്ധിച്ചേടത്തോളം എളുപ്പമായിരുന്നു. ശരിക്കു പറഞ്ഞാൽ എല്ലാ കഥകളും തുടങ്ങുന്നത് ആരെയെങ്കിലും ഒരു ദുഷ്ടകഥാപാത്രമായി സങ്കല്പിച്ചുകൊണ്ടാണ്. ആ വാചകം, ഒരു കുഞ്ഞിക്കിളി പറന്നുവന്ന് ജനൽപ്പടിയിലിരിക്കുന്ന ലാഘവത്തോടെ പെൻസിൽ തുമ്പിൽനിന്ന് കടലാസിലെ നീലവരികൾക്കിടയിൽ വന്നിരുന്ന് ചിറകുകളൊതുക്കി തലവെട്ടിച്ച് അവളെ നോക്കുന്നു. ശരി. ഇനി അടുത്ത വാചകം? അവിടെയാണ് സുചിത്ര വിഷമിക്കുന്നത്. ഒരാൾ ദുഷ്ടകഥാപാത്രമാണെന്ന പ്രസ്താവന എളുപ്പമാണ്. പക്ഷേ അതിനെ സാഹചര്യങ്ങൾ വിവരിച്ച് ന്യായീകരിക്കണം, സത്യത്തിന്റെ പരിവേഷം കൊടുക്കണം. സ്വന്തം കാലിൽ നിൽക്കാറാക്കണം. പോര, ഒരു വെറും വാചകമെന്നതിന്നപ്പുറത്ത് സാഹിത്യത്തിന്റെ മേച്ചിൽപ്പുറങ്ങളിൽ തലയുയർത്തി നിൽക്കാറാകണം. എല്ലാറ്റിനുമുപരി ആ വാചകംകൊണ്ട് തുടങ്ങുന്ന കഥ അതിന്റെ സ്രഷ്ടാവിന് അമരത്വം കൊടുക്കണം.

കഴിഞ്ഞ കഥ തുടങ്ങിയത് ‘അച്ഛൻ ഒരു ദുഷ്ടകഥാപാത്രമാണെ’ന്ന വാചകത്തിലായിരുന്നു. ആ വാചകം എഴുതിയ ശേഷം അവൾ കുറേ നേരം കരഞ്ഞു. എഴുത്ത് എത്രത്തോളം വേദനാജനകമാണെന്ന് അവൾ മനസ്സിലാക്കി. കരഞ്ഞുചീർത്ത കണ്ണുകളോടെ അവൾ മുറിയിൽനിന്ന് പുറത്തിറങ്ങിയപ്പോൾ അമ്മ ചോദിച്ചു.

“എന്താ നിന്റെ മുഖം ഇങ്ങിനെ?”

അവൾ ഒരു വാചകമേ എഴുതിയിട്ടുള്ളു. അതിലെ വാക്കുകൾ അവളെ കുത്തിനോവിച്ചു. പക്ഷേ അവൾക്ക് സത്യം പറയാതിരിക്കാൻ വയ്യ. അച്ഛൻ ഒരു ദുഷ്ടകഥാപാത്രം തന്നെയാണ്.

ഞാൻ എഴുത്തു നിർത്തുന്നു. എന്റെ മുന്നിൽ മേശപ്പുറത്ത് ഒരു പേജ് പകുതിയായി നിൽക്കുന്നു. ഞാൻ കുനുത്ത അക്ഷരത്തിലാണ് എഴുതുന്നത്, കാരണം എന്റെ കഥ ഒരു പത്തുവയസ്സുകാരി കഥയെഴുതുന്നതിനെപ്പറ്റിയാണ്. എന്റെ അക്ഷരങ്ങളും വാക്കുകളും അവളെപ്പോലെ ചെറുതും ലോലവുമായിരിക്കണം. എന്റെ മുമ്പിൽ അവളുണ്ട്. മുമ്പിലല്ല മനസ്സിൽ. ദുഷ്ടകഥാപാത്രങ്ങളുള്ള ഏഴു കഥകൾക്കു ശേഷം അവൾ എട്ടാമത്തെ കഥയെഴുതുകയാണ്.

ആദ്യത്തെ കഥ ഒരറവുകാരനെപ്പറ്റിയായിരുന്നു. അച്ഛന്റെ ഒപ്പം മാർക്കറ്റിൽ പോയപ്പോഴാണ് അവൾ കഥാപാത്രത്തെ കാണുന്നത്. അയാൾ വലിയ കത്തികൊണ്ട് ഇറച്ചി വെട്ടിക്കൊണ്ടിരിക്കെ അവളെ നോക്കി ചിരിച്ചു. അയാളുടെ നോട്ടം സുചിത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങിനെ നോക്കിക്കൊണ്ടിരിക്കെ അയാൾ സ്വന്തം വിരൽ വെട്ടിക്കളഞ്ഞാലെത്ര നന്നെന്ന് അവൾ ആലോചിച്ചു. അവളുടെ ആഗ്രഹം നടന്നില്ലെന്നു മാത്രമല്ല, അയാൾ കൂസലില്ലാതെ വെട്ടുകതന്നെയാണ്. അയാളുടെ നോട്ടം ഒഴിവാക്കാനായി അവൾ മുഖം തിരിച്ചു. അപ്പോഴാണ് വെട്ടിയെടുത്ത ഒരു ആട്ടിൻതല അവൾ കാണുന്നത്. അവൾക്ക് പെട്ടെന്ന് തല ചുറ്റി.

അതോടെ അവൾ ഇറച്ചിഭക്ഷണം നിർത്തി. വീട്ടിൽചെന്ന് മുറിയിൽ വാതിലടച്ച് കുറ്റിയിട്ടു. മരിച്ചുപോയ ആടിനെക്കുറിച്ച് ആലോചിച്ച് കുറേ നേരം കരഞ്ഞു. ആടിന്റെ ദൈന്യതയാർന്ന കണ്ണുകൾ വീണ്ടും വീണ്ടും അലട്ടിയപ്പോൾ അവൾ സാമൂഹ്യപാഠം നോട്ടുപുസ്തകത്തിൽനിന്ന് ഒരേടു വലിച്ചുചീന്തി പെൻസിലെടുത്ത് എഴുതി. അതേ, അതുതന്നെ. “അറവുകാരൻ ഒരു ദുഷ്ടകഥാപാത്രമാണ്.”

തന്റെ വാചകത്തിന് ഉദ്ദേശിച്ചത്ര ശക്തി കിട്ടിയില്ലെന്ന തോന്നലുണ്ടായപ്പോൾ അവൾ കൂട്ടിച്ചേർത്തു. “അതേ, ശരിക്കും ഒരു ദുഷ്ടകഥാപാത്രം.”

‘അതേ’ എന്ന വാക്കിന് എത്രത്തോളം ശക്തിയുണ്ടെന്നവൾ അന്നാണ് മനസ്സിലാക്കിയത്. പതിനഞ്ചു മിനിറ്റിന്നുള്ളിൽ അവൾ കഥയെഴുതിത്തിർത്തു.

കഥയ്ക്ക്, അറവുകാരന്റെ മുമ്പിലെ ആടിന്റെ അന്ത്യമുണ്ടായത് മലയാളം ടീച്ചറുടെ കയ്യിൽനിന്നാണെന്നത് വിരോധാഭാസമായിരിക്കണം. അല്ലെങ്കിൽ സാഹിത്യചരിത്രത്തിന്റെ ഒരനിവാര്യതയായിരിക്കണം. എന്തായാലും അതവളെ കൂടുതൽ കഥകളെഴുതാനും, എഴുതിയ കഥകൾ മലയാളം അറവുകാരിയുടെ കയ്യിൽപ്പെടാതെ സൂക്ഷിച്ചുവയ്ക്കാനും പ്രേരിപ്പിച്ചു. ദുഷ്ടനായ അറവുകാരനെന്ന കഥ അവൾ വീണ്ടുമെഴുതി. മാറ്റിയെഴുതിയപ്പോൾ അറവുകാരന്റെ ഭാര്യയെ നല്ല കഥാപാത്രമാക്കി വളർത്തിക്കൊണ്ടുവന്നു. ആ സ്ത്രീ ഒരാടിനെ, ഭർത്താവിന്റെ അറവുകത്തിയിൽനിന്ന് സ്വന്തം ജീവൻ പണയംവച്ച് എങ്ങിനെ രക്ഷിച്ചുവെന്നവൾ അതിൽ ചിത്രീകരിച്ചു. സ്ത്രീകഥാപാത്രങ്ങൾ പൊതുവേ നല്ലവരായിരുന്നു. കളങ്കമറ്റവർ. അവർ ആൺകഥാപാത്രങ്ങളോട് പൊരുതി ജയിച്ചു. ആ ഇളം പ്രായത്തിൽ സുചിത്ര, സാറാ ജോസഫിനേയോ ഗ്രേസിയേയോ വായിച്ചിട്ടുണ്ടായിരുന്നില്ല. എങ്കിലും ഈ രണ്ടു കഥാകാരികളേയും നയിച്ച അതേ നൈസർഗ്ഗികസാരള്യം അവളെക്കൊണ്ട് സ്ത്രീപക്ഷകഥകൾ എഴുതിച്ചു. തന്റെ ആദ്യകഥ ഒരു അറവുകാരന്റെ നിഷ്ഠൂരതയോടെ നശിപ്പിച്ച മലയാളം ടീച്ചറെപ്പോലും അവൾ ദുഷ്ടകഥാപാത്രമാക്കിയില്ലെന്നത് ഇതിന്റെ പശ്ചാത്തലത്തിൽ വേണം കൂട്ടിവായിക്കാൻ.

ദുഷ്ടകഥാപാത്രങ്ങളെത്തേടിയുള്ള കഥാകാരിയുടെ രണ്ടാം യാത്ര അവസാനിച്ചത് ഒരു ദിവസം സ്‌കൂളിൽനിന്നു വരുമ്പോഴായിരുന്നു. സജി സഹപാഠിയാണ്, അയൽക്കാരനാണ്, സ്‌നേഹിതനാണ്, ഒക്കെ സമ്മതിച്ചു. പക്ഷേ എല്ലാവരുടേയും മുമ്പിൽവച്ച് അവളെ തടിച്ചിയെന്നു വിളിച്ചതെന്തിനാണ്? അവൾക്ക് തടിയുണ്ട്, ശരിയായിരിക്കാം. ആരും ശ്രദ്ധിക്കാനിടയില്ലാത്ത ഒരു പ്രതിഭാസം ഇങ്ങിനെ വിളിച്ചുകൂകി ജനശ്രദ്ധയാകർഷിക്കേണ്ട യാതൊരാവശ്യവും സജിക്കുണ്ടായിരുന്നില്ല. ആവശ്യപ്പെടാതെ അവളിൽ അടിച്ചേൽപ്പിച്ച ഈ പ്രകോപനം അവൾ നേരിടുകതന്നെ ചെയ്തു. അവൾ പുസ്തകസഞ്ചി നിലത്തിട്ട് ഓടിച്ചെന്ന് സജിയെ മറിച്ചിട്ട്, അവന്റെ വയറ്റിൽ കയറിയിരുന്ന് മുഖത്ത് മാന്തി. പോറലേറ്റ മുഖവുമായി അന്തംവിട്ടു കിടക്കുന്ന സജിയെ ഒരാത്മപരിശോധനയ്ക്ക് വിട്ടശേഷം അവൾ യാത്രതിരിച്ചു. വീട്ടിൽ ചെന്ന ഉടനെ മുറിയിൽ കയറി വാതിലടച്ച് സാമൂഹ്യപാഠത്തിന്റെ നോട്ടുബുക്കിൽനിന്ന് ഏടു ചീന്തിയെടുത്ത് ആദ്യത്തെ വാചകമെഴുതി. ‘സജി ഒരു ദുഷ്ടകഥാപാത്രമാണ്.’

ഞാൻ വീണ്ടും നിർത്തുന്നു. സുചിത്ര കഥയെഴുതാനായി സാമൂഹ്യപാഠത്തിലെ ഏടുകൾ മാത്രമെടുക്കുന്നതെന്തിനാണെന്ന ചോദ്യം വരാം. അതറിയാതെ ഇനി കഥ തുടരുന്നതിൽ അർത്ഥമില്ല. അഞ്ചാം ക്ലാസിൽ പഠിക്കുന്ന അവൾക്ക് വിവിധ വിഷയങ്ങളിലായി ഇരുപത്തിരണ്ട് നോട്ടുപുസ്തകങ്ങളുണ്ട്. അതിൽ മൈക്രോബയോളജിയും, ക്വാണ്ടം മെക്കാനിക്‌സും ഒക്കെ പെടും. അതൊന്നും തൊടാതെ സാമൂഹ്യപാഠം പുസ്തകത്തിൽനിന്നു മാത്രം കടലാസ് എടുക്കുന്നതെന്താണ്? ഉത്തരം ഇതാണ്. സാമൂഹ്യപാഠം എടുക്കുന്ന മിനിടീച്ചർ മെലിഞ്ഞ് സൗമ്യയായ ഒരു നല്ല കഥാപാത്രമാണ്. പതിനഞ്ചു ടീച്ചർമാരിൽ അവളെ അടിക്കാത്ത ഒരേ ഒരു ടീച്ചർ മിനിയാണ്. മാത്രമല്ല, നോട്ടുപുസ്തകത്തിന്റെ കട്ടി കുറഞ്ഞുവരുന്നതു പോകട്ടെ പുസ്തകംതന്നെ ഒരു തമോഗർത്തത്തിൽ അപ്രത്യക്ഷമായാലും അവർ ശ്രദ്ധിക്കുകയുമില്ല. മിനിടീച്ചറെപ്പറ്റി ഒരു കഥയെഴുതണമെന്നവൾ തീർച്ചയാക്കിയിരുന്നു. പക്ഷേ ദുഷ്ടകഥാപാത്രങ്ങൾ നിറഞ്ഞ കഥകളിൽ സൗമ്യയും സുശീലയുമായ ഒരു ടീച്ചർക്ക് എവിടെ സ്ഥാനം? അങ്ങിനെ പൂർത്തീകരിക്കാൻ പറ്റാത്ത അഭിലാഷങ്ങളുടെകൂടെ ഈ കഥാതന്തുവും മനസ്സിലൊതുക്കി അവൾ സജിയെന്ന ദുഷ്ടകഥാപാത്രത്തെപ്പറ്റി എഴുതാൻ തുടങ്ങി. കഥ ആദ്യത്തെ വാചകത്തിൽനിന്നു പുറത്തുകടക്കാൻ മടിച്ചു നിൽക്കുമ്പോഴാണ് വാതിൽക്കൽ മുട്ടുകേട്ടത്. അമ്മയുടെ ഇടപെടലാണ്. സർഗ്ഗപ്രക്രിയയിൽ അമ്മയുടെ നേരിട്ടുള്ള, പരുഷമായ ഇടപെടൽ ഒട്ടും സഹായകമായിരുന്നില്ല. എഴുതാൻ തുടങ്ങിയ കടലാസ് കിടക്കയുടെ അടിയിൽ ഒളിപ്പിച്ചുവച്ച് അവൾ വാതിൽ തുറന്നു.

“എന്താ, ഉടുപ്പ് മാറ്റിയില്ലേ ഇതുവരെ? ചായയുണ്ടാക്കീട്ട് എത്ര നേരായി? നീയെന്താണിവിടെ ചെയ്തിരുന്നത്?”

പരുഷമെങ്കിലും ആ ഇടപെടൽ അവൾക്ക് ആലോചിക്കാനുള്ള സാവകാശം കൊടുത്തു. അതാകട്ടെ കഥയുടെ ഗതിതന്നെ മാറ്റിമറിക്കുകയും ചെയ്തു. ചായകുടിച്ചുകഴിഞ്ഞ് അവൾ വീണ്ടും സൃഷ്ടിയിലേർപ്പെട്ടു. തന്റെ ആദ്യവാചകം അപ്പോഴും ഒരപനിർമ്മാണത്തിനു പ്രേരകമായിട്ടെന്നപോലെ കിടന്നിരുന്നു. “സജി ഒരു ദുഷ്ടകഥാപാത്രമാണ്.” ഒരു രചയിതാവ് എന്ന താഴ്ന്ന നിലയിൽനിന്ന് നിരൂപകലോകത്തെ അത്യുന്നതങ്ങളിലേയ്ക്കു കയറാൻ അതവളെ പ്രേരിപ്പിച്ചു. അത് കൂടുതൽ കുഴപ്പമാവുകയാണുണ്ടായത്. അവൾ ഒരേ സമയം പ്രതിയും വിധികർത്താവുമായി മാറി. അപനിർമ്മാണത്തിന്റെ ആദ്യഘട്ടം കടന്നുപോയപ്പോൾ അവൾക്ക് ഒരു കാര്യം മനസ്സിലായി. തന്റെ വാചകത്തിൽ ന്യായീകരിക്കാനാവത്ത ഒരപഭ്രംശമുണ്ട്. സജി സത്യമല്ലേ പറഞ്ഞത്?

ഇത്തരുണത്തിൽ അവൾ എഴുന്നേൽക്കുകയും അമ്മയുടെ കണ്ണിൽപ്പെടാതെ കിടപ്പറയിലെ അലമാറിമേലുള്ള വലിയ ആൾക്കണ്ണാടിയുടെ മുമ്പിൽ പോയി നിൽക്കുകയും ചെയ്തു. തിരിഞ്ഞും മറിഞ്ഞും നിന്ന് മുമ്പിൽ കണ്ട രൂപം അവൾ ഒരു വിമർശനബുദ്ധിയോടെ നോക്കിക്കണ്ടു.

നിൽക്കൂ. എന്റെ കഥാപാത്രത്തെ ഞാൻ വൃദ്ധനയനങ്ങൾകൊണ്ട് ഒന്ന് പഠിക്കട്ടെ. സ്വല്പം തടിയുണ്ട്, ശരി. പക്ഷേ ഒരു കാർട്ടൂണിസ്റ്റിനു മാത്രമേ അവളെ തടിച്ചിയെന്നു വിളിക്കാൻ അർഹതയുള്ളൂ. അവളുടെ മുഖത്ത് ശൈശവത്തിന്റെ സാരള്യം, കൈപ്പത്തികൾ ഒരു കൊച്ചുകുട്ടിയുടേതുപോലെ ഉരുണ്ടവയായിരുന്നു. അവളുടെ ഓരോ ചലനത്തിലും ഒരു കൊച്ചുകുട്ടിയുടെ ചാരുതയുണ്ടായിരുന്നു. ഓമനിക്കാൻ തോന്നുന്ന നൈർമ്മല്യം.

പത്തുമിനിറ്റുനേരമെടുത്ത് നടത്തിയ അവലോകനം കഥാകാരിക്ക് അനുകൂലമായിരുന്നില്ല. അവൾ മനസ്സിടിഞ്ഞ് തിരിച്ചുപോയി എഴുത്തുമേശക്കു മുമ്പിലിരുന്നു. ആദ്യവാചകം ഒരു തിരുത്തലിന്നായി കെഞ്ചിക്കൊണ്ട് കടലാസ്സിൽ ഒതുങ്ങിക്കിടന്നു. ഇല്ല, അവൾ സ്വയം പറഞ്ഞു, തിരുത്തില്ല. സജി ഒരു ദുഷ്ടകഥാപാത്രം തന്നെയാണ്. കണ്ണാടിക്കു മുമ്പിൽ നിന്നപ്പോൾ തന്നോടുതന്നെ തോന്നിയ ദ്വേഷ്യം ഒരു ക്രൗര്യമായി സജിയുടെ നേരെ തിരിഞ്ഞു. പിന്നീട് ഒന്നും ആലോചിക്കാതെ അവൾ എഴുത്തു തുടർന്നു. താൻ അവനെ മലർത്തിയിട്ട് മുഖം നിറയെ മാന്തിയത് അവൾ സൗകര്യപൂർവ്വം വിസ്മരിച്ചു — സർഗ്ഗാത്മക നിമിഷങ്ങളിൽ അങ്ങിനെയുള്ള നിസ്സാര കാര്യങ്ങൾ വിസ്മൃതിയുടെ കയങ്ങളിൽ ആണ്ടുപോകുന്നത് സർവ്വസാധാരണമാണല്ലോ.

പിന്നീട് ദുഷ്ടകഥാപാത്രങ്ങൾ നിറഞ്ഞ കഥകൾ പലതും അവളുടെ പെൻസിൽത്തുമ്പിൽനിന്ന് വാർന്നുവീണു. വിസ്താരഭയംകൊണ്ട് ആ കഥകളൊന്നും ഇവിടെ വിവരിക്കുന്നില്ല.

‘അച്ഛൻ ഒരു ദുഷ്ടകഥാപാത്രമാണ്.’ എന്നെഴുതിയത് അവളുടെ സാഹിത്യജീവിതത്തിലെ വഴിക്കല്ലായി. അവൾ ഒരുപാടുനേരം കരഞ്ഞു. അച്ഛൻ അവളെ കൊഞ്ചിക്കാറുള്ളതെല്ലാം അവൾക്ക് ഓർമ്മ വന്നു. അമ്മ കൊച്ചനുജനെ കൊഞ്ചിക്കുന്നത് അസൂയയോടെ നോക്കിനിൽക്കുമ്പോഴെല്ലാം അച്ഛൻ അവളെ എടുത്ത് ഓമനിക്കുകയും, ഓഫീസിൽനിന്ന് വരുമ്പോൾ ചോക്കളേറ്റ് കൊണ്ടുവരികയും ചെയ്യാറുണ്ട്. ഹോംവർക്ക് ചെയ്യാത്തതിന് അമ്മ ശാസിക്കുമ്പേഴെല്ലാം അച്ഛൻ ഇടപെട്ട് അവൾക്ക് ശിക്ഷ ഇളവുചെയ്തുകൊടുക്കാറുണ്ട്. എന്നിട്ടും എഴുതേണ്ടിവന്നു, അച്ഛൻ ഒരു ദുഷ്ടകഥാപാത്രമാണെന്ന്.

ഇവിടെ കഥാകാരന്റെ ഇടപെടൽ അത്യാവശ്യമായി വന്നിരിക്കുന്നു. അവൾ ഏറ്റവും ഇഷ്ടപ്പെടുന്ന അച്ഛൻ ഒരു ദുഷ്ടകഥാപാത്രമായി മാറിയതിന്റെ പശ്ചാത്തലം മനസ്സിലാക്കാൻ സംഭവം നടന്ന സ്ഥലത്തിന്റെ ഭൂപടം ഉപകരിക്കുമെന്നതുകൊണ്ട് ഇവിടെ വിവരിക്കാം. കഥാകാരിയായ എന്റെ കഥാപാത്രത്തിന് ഒരുപക്ഷേ സ്ഥിതിഗതികളുടെ കിടപ്പിനെപ്പറ്റി ആന്തരാർത്ഥത്തിൽ അവഗാഹമുണ്ടാവണമെന്നില്ല. മൈക്രോബയോളജി ക്ലാസ്സിലെ നിരവധി വിഷയങ്ങളിലൊന്നാണെങ്കിലും മാക്രോബയോളജിയിൽ സുചിത്രയെന്ന പത്തുവയസ്സുകാരി സ്വാഭാവികമായും അജ്ഞയാണ്.

അല്പം ചരിത്രം. കിടപ്പുമുറിയിൽ രണ്ടു കട്ടിലുകളാണുള്ളത്. ഒന്ന് ഇരട്ടക്കട്ടിൽ. അതിലായിരുന്നു സുചിത്ര അമ്മയുടേയും അച്ഛന്റേയും കൂടെ കിടന്നിരുന്നത്. അതെ, എന്താ സംശയം, നടുവിൽത്തന്നെ. അങ്ങിനെ ലോകത്തിന്റെ ഒത്ത നടുക്ക് എല്ലാ സൗഭാഗ്യങ്ങളോടുംകൂടി ജീവിച്ചുപോകുമ്പോഴാണ് കൊച്ചനുജൻ എന്ന ക്ഷണിക്കപ്പെടാത്ത അതിഥി വില്ലനായി വരുന്നത്. അവന്റെ വരവോടെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. ഒരു ദിവസം സ്‌കൂളിൽനിന്നു വന്നപ്പോൾ കണ്ടത് കിടപ്പുമുറിയിൽ ചുവരിനരികിലായി ഒരു പുതിയ കട്ടിൽ പ്രതിഷ്ഠിക്കപ്പെട്ടതാണ്. നിറയെ കാർട്ടൂൺ കഥാപാത്രങ്ങളുള്ള ഒരു വിരിപ്പും കിടക്കമേൽ വിരിച്ചിട്ടുണ്ട്. ഇന്നു മുതൽ അച്ഛൻ മാറിക്കിടക്കാൻ തീർച്ചയാക്കിയെന്നാണവൾ ധരിച്ചത്. കാരണം ഏറെ ദിവസങ്ങളായി ഉറക്കം കിട്ടാത്തതിനെപ്പറ്റി അച്ഛൻ പരാതിപ്പെട്ടിരുന്നു. നന്ദുവിന്റെ രാത്രിയുള്ള കരച്ചിൽ, പിന്നെ കട്ടിലിൽ സ്ഥലമില്ലാത്ത കുഴപ്പം, എല്ലാം അച്ഛനെ ശല്യപ്പെടുത്തിയിരുന്നു. അതുകൊണ്ട് അച്ഛൻ മാറിക്കിടക്കുകയാണെന്നും, പിന്നീട്, എന്നെങ്കിലും നന്ദുവിന് മുലകുടിയെന്ന ദുശ്ശീലം നിർത്തണമെന്നു സ്വയം തോന്നുകയാണെങ്കിൽ അവനും അച്ഛന്റെകൂടെ പോകുമെന്നും, വലിയ കട്ടിൽ തനിക്കും അമ്മയ്ക്കും മാത്രമായി ഒഴിഞ്ഞു കിട്ടുമെന്നും അവൾ ആശിച്ചു. അങ്ങിനെ സ്ത്രീകൾ മാത്രമായ, അല്ലെങ്കിൽ സ്ത്രീകൾ അധീശത്വം പുലർത്തുന്ന ഒരു ലോകം സ്വപ്നം കണ്ടു നടന്ന സുചിത്രയ്ക്ക് ഒരു ഞെട്ടൽ കൊടുത്തുകൊണ്ട് അച്ഛൻ പറഞ്ഞു.

“ഇന്നു മുതൽ എന്റെ കുഞ്ഞിമോള് ഈ കട്ടിലിലാണ് കിടക്കണത്. മിക്കിമൗസും ടോം ആന്റ് ജെറിയുമുള്ള, സ്വപ്‌നങ്ങൾ തൊട്ടുതലോടുന്ന ഈ കിടക്കയിൽ.”

അവളെ എടുത്ത് വട്ടം ചുറ്റിക്കൊണ്ടാണ് അച്ഛൻ അതു പറഞ്ഞതെന്നത് ഒട്ടും ആശ്വാസപ്രദമായിരുന്നില്ല. ആർക്കുവേണം മിക്കിമൗസ് ! അങ്ങിനെ ‘കരിഞ്ഞുപോയ സ്വപ്‌നങ്ങളുടെ ചിതയിൽ’ (കഥാകാരി അവളുടെ ഒരു കഥയിൽ ഉപയോഗിച്ച ശൈലി കടമെടുത്തതുകൊണ്ടാണ് ഉദ്ധരണിയിലിട്ടിരിക്കുന്നത്.) കിടക്കുമ്പോൾ സുചിത്ര കഥയെഴുത്തു തുടങ്ങിയിട്ടുണ്ടായിരുന്നില്ല. ഉണ്ടെങ്കിൽ അന്നുതന്നെ അച്ഛൻ ഒരു ദുഷ്ടകഥാപാത്രമായി കടലാസിൽ മൂക്കുകുത്തി വീണേനേ. ഒരു കൊല്ലം കഴിഞ്ഞ്, തന്റെ പുതിയ കിടപ്പുസ്ഥലത്തോട് യോജിച്ചുകഴിഞ്ഞശേഷം, ഒറ്റയ്ക്കു കിടക്കുന്നതാണ് എല്ലാംകൊണ്ടും നല്ലതെന്ന് മനസ്സിലായശേഷമാണ് ആ സംഭവം നടക്കുന്നത്.

കഥയ്ക്ക് ‘സ്ത്രീപീഡനം’ എന്നു പേരിടണമെന്ന് അപ്പോൾത്തന്നെ അവൾ തീർച്ചയാക്കിയിരുന്നു. ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്നപ്പോൾ കേട്ടത് അമ്മയും അച്ഛനുംകൂടി മല്ലുപിടിക്കുന്നതിന്റെ ശബ്ദങ്ങളാണ്. അച്ഛൻ അമ്മയെ ഉപദ്രവിക്കുകയാണെന്ന് അവൾ മനസ്സിലാക്കി. മുറിയിലെ അരണ്ട വെളിച്ചത്തിൽ അവൾക്ക് അച്ഛൻ അമ്മയുടെ മേൽ കിടന്ന് അമ്മയെ ഉപദ്രവിക്കുന്നതു കാണാൻ കഴിഞ്ഞു. താൻ സജിയുടെ വയറ്റിൽ കയറിയിരുന്ന് അവന്റെ മുഖത്തു മാന്തിയതാണ് അവൾക്ക് ഓർമ്മ വന്നത്. അമ്മ മോങ്ങുകയാണ്. തന്നെയും നന്ദുവിനെയും ഉണർത്തേണ്ട എന്ന സദുദ്ദേശമാണ് ഉറക്കെ നിലവിളിക്കുന്നതിൽനിന്ന് അമ്മയെ തടഞ്ഞതെന്ന് സുചിത്രയ്ക്കു മനസ്സിലായി. അച്ഛൻ അമ്മയെ കൊല്ലുമോ എന്ന ഭയമുണ്ടായി, പേടിതോന്നി അവൾ കണ്ണടച്ചു കിടന്നു. ശബ്ദങ്ങൾ സാവധാനത്തിൽ കുറഞ്ഞുവന്നു, അതോടെ അവൾ അറിയാതെ ഉറങ്ങിപ്പോകുകയും ചെയ്തു.

രാവിലെ എഴുന്നേറ്റപ്പോൾ ഈ സംഭവം മനസ്സിലേയ്ക്ക് ഇരച്ചുകയറിയതോടെ അവൾ അമ്മയെ അന്വേഷിച്ചു ചെന്നു. അമ്മ അടുക്കളയിൽ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ദോശയുണ്ടാക്കുന്നു. അവൾ അടുത്തുചെന്നു നോക്കി. മുഖത്ത് പോറലുകളൊന്നുമില്ല. ഒരുപക്ഷേ അച്ഛന് മാന്താൻ പറ്റിയിട്ടുണ്ടാവില്ല. എന്തായാലും ആശ്വസിപ്പിക്കേണ്ടത് മകളെന്ന നിലയ്ക്കും ഒരു സ്ത്രീപ്രജയെന്ന മട്ടിലും തന്റെ കടമയാണെന്നവൾ മനസ്സിലാക്കി. അവൾ ചോദിച്ചു.

“രാത്രി അച്ഛൻ അമ്മേ ഉപദ്രവിച്ചു അല്ലേ?”

“അച്ഛൻ ഉപദ്രവിക്ക്യേ?” അമ്മ ഒന്നും അറിയാത്ത മട്ടിൽ ചോദിച്ചു.

അത് സുചിത്രക്കിഷ്ടമായില്ല. അമ്മയുടെ വക ശീലാവതി ചമയലാണ്. ശീലാവതിയുടെയും സാവിത്രിയുടെയും ഒക്കെ കാലം കഴിഞ്ഞിരിക്കുന്നു. ഇത് സ്ത്രീ വിമോചനത്തിന്റേയും പെണ്ണെഴുത്തിന്റേയും കാലമാണ്. അവൾ വീണ്ടും പറഞ്ഞു.

“അമ്മയെ അച്ഛൻ ഉപദ്രവിക്കണത് ഞാൻ കണ്ടല്ലോ. അമ്മ കരയ്യായിരുന്നു, ശബ്ദംണ്ടാക്കാതെ.”

“അപ്പോ നീ ഉണർന്നു കിടക്ക്വായിരുന്നോ?” അവർ തലയിൽ കയ്യുവെച്ച് ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഈ അമ്മ!”

കഥയിൽ അമ്മയെ വേദനിപ്പിക്കപ്പെടുന്ന കഥാപാത്രമായി ചിത്രീകരിക്കുകയായിരുന്നു സുചിത്ര. ഭർത്താവിന്റെ പീഡനങ്ങളെല്ലാം സുസ്‌േമരവദനയായി സ്വീകരിക്കുന്ന പാവം സ്ത്രീ അവസാനം സ്വന്തം സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നു. നല്ലൊരു വാചകം കയ്യിൽകിട്ടിയ ഉത്സാഹത്തിൽ അവൾ അവളുടെ മുറിയിലേയ്ക്ക് ഓടിപ്പോയി. രാത്രി മുഴുവൻ സ്ത്രീപീഡനം നടത്തിയ അച്ഛൻ, സ്വീകരണമുറിയിൽ, ഒന്നുമറിയാത്തമട്ടിൽ വർത്തമാനപത്രം വായിക്കുന്നു. അവൾ നോട്ടുപുസ്തകത്തിൽനിന്ന് ഏടു ചീന്തിയെടുത്ത് (അതെ, സാമൂഹ്യപാഠത്തിൽ നിന്നുതന്നെ) പെൻസിൽകൊണ്ട് ആദ്യത്തെ വാചകം എഴുതി. ‘അച്ഛൻ ഒരു ദുഷ്ടകഥാപാത്രമാണ്.’ അതോടെ ഓർമ്മകൾ മനസ്സിലിരച്ചുവന്ന് അവൾക്ക് സങ്കടം വരികയും അവൾ തേങ്ങിത്തേങ്ങി കരയുകയും ചെയ്തു.

അവൾ കഥകളെല്ലാം ഒളിപ്പിച്ചുവച്ചിരുന്നത് കിടക്കയുടെ അടിയിലായിരുന്നു. അമ്മയുടെ കഴുകൻ കണ്ണുകളിൽനിന്ന് തന്റെ സൃഷ്ടികളെ രക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നവൾ കണ്ടു. ഉത്തരാധുനികകഥകളഴുതാൻ തുടങ്ങുന്ന പുത്തനെഴുത്തുകാരൻ തന്റെ കൃതികളെ പ്രതിരോധിക്കുന്ന അതേ വീറോടെ അവൾ ആ കർമ്മം നിർവഹിച്ചു. നിത്യവും വൈകുന്നേരം സ്‌കൂളിൽനിന്നു വന്നാൽ അവൾ വാതിലടച്ച് തന്റെ സൃഷ്ടികളുടെ കാനേഷുമാരിക്കണക്കെടുക്കും. ഒരു നാലു കഥകൾകൂടി എഴുതിയാൽ ഏതെങ്കിലും ഉത്തരാധുനിക നിരൂപകന്റെ അവതാരിക ചേർത്ത് ഒരു സമാഹാരം ഇറക്കണമെന്നും അവൾ തീർച്ചയാക്കിയിരുന്നു. അങ്ങിനെ സാഹിത്യത്തിൽ ഒന്നു പച്ചപിടിച്ചുവരാൻ ആരെയൊക്കെ കാണണം, എന്തൊക്കെ അഭ്യാസങ്ങൾ ചെയ്യണം എന്നൊക്കെയുള്ള സ്വപ്‌നങ്ങൾ നെയ്തുകൊണ്ടിരിക്കെ ഒരു ദിവസം, വിധിയെന്നല്ലാതെ എന്തു പറയാൻ, അവളുടെ സ്വപ്‌നങ്ങളെല്ലാം ചാരമായി മാറിയ സംഭവമുണ്ടായി. (സ്വപ്‌നങ്ങൾ ചാരമായി മാറിയെന്ന ക്ലീഷെ കഥാകാരിയുടേതല്ല!)

ഇവിടെ ഞാനെന്ന കഥാകൃത്ത് ഒരു പത്രലേഖകന്റെ കർമ്മം നിർവ്വഹിക്കട്ടെ. രാവിലെ മകളെ സ്‌കൂളിലേയ്ക്കും ഭർത്താവിനെ ഓഫീസിലേയ്ക്കും പറഞ്ഞയച്ചശേഷം കുമ്പനിറച്ച് പാൽകുടിച്ച മയക്കത്തിൽ കിടക്കുന്ന കുട്ടിയുടെ തല തൊട്ടുതലോടി അവനിൽ ഉറങ്ങാനുള്ള വിശ്വാസം ഊട്ടിയുറപ്പിച്ച് അമ്മ തിരുമ്പാനുള്ള ശ്രമങ്ങൾ തുടങ്ങി. സുചിത്രയുടെ കിടക്കവിരിയായിരുന്നു ആദ്യത്തെ ഇര. അതു വലിച്ചെടുത്തപ്പോഴാണ് ഒരു കടലാസ് നിലത്തു വീഴുന്നതു കണ്ടത്. അതു പെറുക്കിയെടുത്ത് വിരസമായ കണ്ണുകളോടെ വായിച്ചുനോക്കി. അവൾക്ക് ആവശ്യമുള്ള എന്തെങ്കിലും കുറിപ്പുകളാണെങ്കിൽ എടുത്തു വയ്ക്കണമല്ലോ. പെൻസിൽകൊണ്ട് കുനുത്ത അക്ഷരത്തിലെഴുതിയ ആ കുറിപ്പ് വായിക്കാൻ ജനലിന്നടുത്തേയ്ക്കു വരേണ്ടി വന്നു. മുകളിൽ വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നു. ‘സ്ത്രീപീഡനം.’

ഇതെന്തു സാധനമാണെന്ന വിചാരത്തിൽ അമ്മ വായന തുടങ്ങി. ‘അച്ഛൻ ഒരു ദുഷ്ടകഥാപാത്രമാണ്’ എന്ന ആദ്യത്തെ വാചകം അവരെ ഞെട്ടിച്ചുവെങ്കിലും തുടർന്ന് വായിക്കാൻ അതവരെ പ്രേരിപ്പിച്ചു. ആദ്യമുണ്ടായ ഞെട്ടൽ ഒരു ചിരിയിലേയ്ക്കും, പിന്നീട് പൊട്ടിച്ചിരിയിലേയ്ക്കും സംക്രമിച്ചപ്പോൾ അവർ സുചിത്രയുടെ കിടക്കയുടെ അടിയിൽ പരിശോധിക്കാൻ തീർച്ചയാക്കി. ഒരൊറ്റ കഥകൊണ്ട് അവൾ സാഹിത്യചക്രവാളത്തിൽ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു! ആ കൊച്ചു സാഹിത്യകാരിയുടെ സൃഷ്ടികൾ ഓരോന്നായി പുറത്തുവന്ന് അവരെ നോക്കി പുഞ്ചിരിതൂകി. ഒമ്പതു കൊച്ചു കഥകൾ! എല്ലാം ഒരാവർത്തി വായിച്ചശേഷം കീറാനായി ഒതുക്കി. കീറികീറിയില്ലാ എന്നായപ്പോഴാണ് പെട്ടെന്നൊരാശയം അവരുടെ തലയിൽ വന്നത്. ഈ കഥകളെല്ലാം ശരിക്കുള്ള ദുഷ്ടകഥാപാത്രത്തെക്കൊണ്ടും വായിപ്പിക്കണം. അവർ ആ കഥകൾ ഒന്നായി മടക്കി അലമാറിയിൽ സൂക്ഷിച്ചുവച്ചു.

സാഹിത്യാസംസ്‌കൃത വസ്തുക്കളെ ഇരതേടാൻ പോയ പെൺപുലി തിരിച്ചുവന്നപ്പോൾ കണ്ടത് തന്റെ മക്കളെ ആരോ എടുത്തുകൊണ്ടുപോയതായാണ്. അവൾ ഉറക്കെ അലറിക്കൊണ്ട് അടുക്കളയിലേയ്ക്ക് ഓടി.

“എന്റെ കഥകളൊക്കെ എവിടെ?”

പുലിക്കുട്ടികളെ എടുത്ത് ഒളിപ്പിച്ച അമ്മാളു ഒന്നു പരുങ്ങി. അവൾ അവയെ കണ്ണെഴുതിയിച്ചിട്ടുണ്ടായിരുന്നില്ല, പൊട്ടു തൊടിയിച്ചിട്ടുണ്ടായിരുന്നില്ല. അവൾ ധൈര്യം സംഭരിച്ച് ചോദിച്ചു.

“ആ, അതോ? അതൊക്കെ കഥ്യാണോ?”

“അതേ, അതൊക്കെ എവിടെ?”

“എന്തു കഥകളാണതൊക്കെ?” അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. എന്തു കുട്ടികളാണവർ എന്ന് ഒരമ്മയോടു ചോദിക്കുന്നപോലെ. “എന്തൊക്കെയാണ് നീ എഴുതീരിക്കണത്? ഞാനതൊക്കെ കീറിക്കളഞ്ഞു.”

“കീറിക്കളയ്യേ, എന്റെ കഥ്യൊക്ക്യോ?” സുചിത്രക്ക് സങ്കടം സഹിക്കാനായില്ല. ഉത്തരാധുനികതയുടെ നിർവ്വികാരതയും അന്യത്വവുമെല്ലാം കഥകളിലേ ഉള്ളൂ. വ്യക്തിജീവിതത്തിൽ വികാരങ്ങളും ആശങ്കകളുമെല്ലാമുള്ള വെറും പച്ച മനുഷ്യസ്ത്രീയായിരുന്നു അവൾ. അല്ലെങ്കിലും സാഹിത്യസൃഷ്ടിയും സ്രഷ്ടാവിന്റെ വ്യക്തി ജീവിതവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട ആവശ്യമെന്ത്?

അവൾ ഉറക്കെ കരഞ്ഞുകൊണ്ട് മുറിയിലേയ്ക്ക് ഓടി, വാതിലടച്ചു കുറ്റിയിട്ട് കട്ടിലിൽ കിടന്നു കുറേ നേരം കരഞ്ഞു. അമ്മ വാതിൽക്കൽ വന്ന് മുട്ടിവിളിച്ചിട്ടൊന്നും വാതിൽ തുറന്നില്ല. കുറച്ചൊരാശ്വാസം കിട്ടിയപ്പോൾ അവൾ സാമൂഹ്യപാഠത്തിൽനിന്ന് ഒരേടു ചീന്തിയെടുക്കുകയും ‘കശാപ്പുകാരി’ എന്ന ശീർഷകത്തിനു താഴെ എഴുതാൻ തുടങ്ങുകയും ചെയ്തു.

‘അമ്മ ഒരു ദുഷ്ടകഥാപാത്രമാണ്.’