close
Sayahna Sayahna
Search

മാങ്ങാറിച്ചെടികൾ


മാങ്ങാറിച്ചെടികൾ
EHK Story 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ദൂരെ ഒരു നഗരത്തില്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 79

കിഴക്കു മലനിരകളാണ്. പടിഞ്ഞാറു വടക്കോട്ടേക്കൊഴുകുന്ന പുഴയും. പുഴ ശരിക്കും ഒഴുകുന്നതു പടിഞ്ഞാറു കടലിലേക്കു തന്നെ. പക്ഷേ ആ പരി സരത്തുവച്ച് ഓർമ്മത്തെറ്റുപോലെ അതു വടക്കോട്ടേക്കൊഴുകി, ഏതോ കാണാമറയത്തുവച്ചു വീണ്ടും ഗതിമാറി. പുഴ ഭഗവതീക്ഷേത്രത്തിന്റെ അകലെയാണൊഴുകിയിരുന്നതെന്നും പിന്നീടു ഭഗവതിക്കു നീരാടാനായി പുഴയോടു ക്ഷേത്രത്തിനടുത്തുകൂടെ ഒഴുകാൻ ആജ്ഞാപിച്ചതിന്റെ ഫലമായാണു പുഴ വളഞ്ഞൊഴുകിത്തുടങ്ങിയതെന്നും ഉള്ള ഐതിഹ്യം പറഞ്ഞുതന്നതു സുഭദ്രച്ചേച്ചിയായിരുന്നു.

പുഴയിൽനിന്നു വരുമ്പോൾ കയറാൻ പറമ്പിന്റെ പിന്നിൽ കടമ്പയുണ്ട്. രാജു ഒരു നിമിഷം ശങ്കിച്ചു നിന്നു. കടമ്പ കടന്നുപോണോ അതോ കിഴക്കുവശത്തു ഗെയ്റ്റിൽക്കൂടി പോയാൽ മതിയോ? പറമ്പു വളഞ്ഞു പാടം വഴി പോകാൻതന്നെ തീരുമാനിച്ചു. കൊയ്ത്തുകഴിഞ്ഞ് ഒഴിഞ്ഞുകിടക്കുന്ന പാടം. ഓണത്തിന്റെ നാന്ദിയായി നീലയും മഞ്ഞയും പൂക്കൾ വിരിയാൻ തുടങ്ങിയിരുന്നു. അവയ്ക്കിടയിൽ അയാൾ കണ്ടു, മാങ്ങാറിച്ചെടികൾ. ഉടനെ താൻ കടമ്പ കടക്കാതെ മുൻവശത്തു പാടത്തുകൂടെ വരാനുള്ള കാരണവും അയാൾക്കു മനസ്സിലായി. കുട്ടിക്കാലത്തു പുഴയിൽ കുളിച്ചുവരുമ്പോൾ സുദദ്രച്ചേച്ചിയും അമ്മായിയും പിന്നിലൂടെ കടമ്പ കടന്ന് എളുപ്പവഴി നോക്കുമ്പോൾ താൻ മാത്രം പാടത്തേക്കോടും. മാങ്ങാറിച്ചെടികൾ പറിക്കാൻ. കിഴക്കെ പാടത്തു മാത്രമേ ആ ചെടികളുള്ളു എന്നത് ഒരദ്ഭുതമായിരുന്നു.

അയാൾ കുമ്പിട്ട് ഒരു മാങ്ങാറിച്ചെടി പറിച്ചെടുത്തു വാസനിച്ചു. ചതഞ്ഞ ഇലകൾ പച്ചമാങ്ങയുടെ മണംപൊഴിച്ചു.

സുഭദ്രച്ചേച്ചി ഉമ്മറത്ത് ഒതുക്കുകല്ലിൽ ഇരിക്കുകയാണ്. അമ്മായി തിണ്ണമേലും.

“നീയ് ചെരുപ്പില്ലാതെയാണോ പുഴക്കരയ്ക്കു പോയത്? നോക്കു അമ്മേ രാജുവിന്റെ കയ്യിലെന്താണ്ന്ന്. ബോംബെപ്പോയി ജോല്യായിന്നൊക്കെ പറഞ്ഞാലും ഇവനിപ്പോഴും പണ്ടത്തെ രാജുക്കുട്ടൻ തന്ന്യാണ്.”

സുഭദ്രച്ചേച്ചി മേൽകഴുകി വേഷം മാറിയിരിക്കുന്നു. കരയുള്ള മുണ്ടാണുടുത്തിരിക്കുന്നത്. നീല ബ്ലൌസും, തലമുടി പിന്നിയിട്ടിരിക്കയാണ്. മുപ്പതു കഴിഞ്ഞെന്ന് ആരും പറയില്ല.

മുപ്പതു വയസ്സ്. രാജു ആലോചിച്ചു. എത്ര പെട്ടെന്നാണ്. താൻ എട്ടുപത്തു വയസ്സുള്ള ഒരു കുട്ടിയായി ഒഴിവുകാലങ്ങളിൽ ഇവിടെ വന്നു താമസിച്ചിരുന്നപ്പോൾ സുഭദ്രച്ചേച്ചി എത്ര ചെറുപ്പമായിരുന്നു. എപ്പോഴും ഓടിച്ചാടി നടന്നുകൊണ്ടിരുന്ന ഉറക്കെ ചിരിച്ചുകൊണ്ടിരുന്ന ഒരു പാവാടക്കാരി. അന്ന് അമ്മാവൻ ഉണ്ടായിരുന്നു.

“ചേച്ചി കുളിച്ചു സുന്ദരിയായിരിക്കുന്നല്ലോ.”

“നീ പോടാ നുണയാ. അവർ മുഖത്തു വിരിഞ്ഞ നാണം അവിദഗ്ധമായി ഒരു ചിരിയിൽ മറച്ചുകൊണ്ടു പറഞ്ഞു.”

“നിങ്ങളെന്താണു പുഴയിൽ കുളി നിർത്തിയത്? നല്ല തെളിവെള്ളം.”

“മുമ്പത്തെ മാതിരിയൊന്നും അല്ല ഇപ്പൊ. അമ്മായി പറഞ്ഞു. വരണവഴിക്കു നിറയെ വീടുകള് പൊന്തിവന്നിരിക്കുന്നു. നമ്മടെ പിന്നില്ള്ള കുറച്ചു പാടം മാത്രെള്ളു. പിന്നെ ഒക്കെ വീടുകളാണ്. മുമ്പ് ഇവിടെ നിന്നാൽ പൊഴ കാണായിരുന്നു. ഇപ്പൊ എല്ലാം മാറി. രണ്ടുനാലു കൊല്ലായിട്ട് ഇവിടെത്തന്ന്യാ കുളി.”

“എന്തുകുളി?” അവർ കൂട്ടിച്ചേർത്തു. “പൊഴേല് മുങ്ങിക്കുളിക്കണ സുഖൊന്നും കുളിമുറീല് കിട്ടില്ല്യ.”

രാജുവിന്റെ മുമ്പിൽ തകർച്ചയുടെ ചിത്രമായിരുന്നു. ഒരു കാലത്തു കറുത്തു തിളങ്ങിയിരുന്ന ഉമ്മറവും ഇരുത്തിയും വിണ്ടു പൊളിഞ്ഞുമിരിക്കുന്നു. ഓട് പൊട്ടിയുണ്ടായ ചോർച്ചകാരണം ചുമരിൽ ചുവന്ന പാടുകൾ വീണിരിക്കുന്നു. മുറ്റത്തെ തുളസിത്തറപോലും പൊളിഞ്ഞിരിക്കയാണ്.

സുഭദ്ര രാജുവിനെ ശ്രദ്ധിക്കുകയായിരുന്നു. തടി അധികമൊന്നുമില്ല. കട്ടിയില്ലാത്ത മീശ, ചുരുണ്ട തലമുടി. നനഞ്ഞതോർത്തുകൊണ്ടു പുതച്ചു മുമ്പിൽനിൽക്കുന്ന ഇരുപത്തിരണ്ടുകാരനിൽ വർഷങ്ങൾക്കു മുമ്പ് ഒഴിവുകാലങ്ങളിൽ വന്നു കളിയും ബഹളവുമായി തന്റെ ദിവസങ്ങൾക്കു നിറംപകർന്ന ആ കുട്ടിയെ കാണാൻ ശ്രമിക്കുകയായിരുന്നു അവൾ.

“ഈ വീടും പറമ്പും ഒരു ദ്വീപ് മാതിരിയാണ്.” രാജു പറഞ്ഞു.

സുഭദ്ര ചോദ്യപൂർവ്വം അവനെ നോക്കി. അവൻ ഒന്നും പറയാതെ ആലോചിക്കുകയാണ്. മാറ്റമില്ലാത്ത ഒരു ദ്വീപു പോലെ. ഈ പറമ്പിനു ചുറ്റും ഉള്ള ലോകം പാടെ മാറിയിരിക്കുന്നു. വയലുകൾ വീടുകളും പറമ്പുകളുമായി മാറി. പുതിയ നിരത്തുകൾ. നിറയെ വാഹനങ്ങൾ. അതിനിടയിൽ ഈ വീടും പറമ്പും മാത്രം.

“നീയിവിടെ അവസാനം വന്നതെന്നാണ്?”

അമ്മായി ചോദിച്ചു.

അവൻ ആലോചിച്ചു. പത്തു കൊല്ലം? പന്ത്രണ്ട്?

“ഞാൻ പറയാം അമ്മെ. സുഭദ്ര പറഞ്ഞു. അച്ഛന്റെ പതിനാറടിയന്തരത്തിനു വന്നതാണ് ഇവൻ. പിന്നെ ഇങ്ങോട്ടു തിരിഞ്ഞു നോക്കിയിട്ടില്ല.”

അവന്റെ അമ്മാവൻ മരിച്ചപ്പോ പിന്നെ അവന് ഇവിട്യായിട്ടു ബന്ധല്ല്യാന്ന് തോന്നീട്ടുണ്ടാകും. അമ്മായി പറഞ്ഞു. അവരുടെ സ്വരത്തിൽ പരിഭവവും വ്യസനവുമുണ്ട്.

രാജുവിന് കുറ്റബോധം തോന്നി. ഇടയ്ക്കിടയ്ക്കു വരേണ്ടതായിരുന്നു. എന്തു പറ്റി? കഴിഞ്ഞ എട്ടുപത്തു വർഷങ്ങൾ എങ്ങനെ കടന്നുപോയി എന്നറിയില്ല.പഠിത്തത്തിൽ മോശമായിരുന്നു. വീട്ടിൽ സാമ്പത്തികമായി മോശസ്ഥിതിയായിരുന്നു. ക്രൂരമായി ശിക്ഷിക്കുന്ന അധ്യാപകർക്കും സാമ്പത്തികതകർച്ചയുടെ മനഃക്ലേശംമൂലം സദാ വെറിപിടിച്ചു കൊണ്ടിരുന്ന അച്ഛനമ്മമാർക്കും ഇടയിൽ തന്റെ പത്തുവർഷങ്ങൾ നഷ്ടപ്പെട്ടു പോയിരുന്നു.

അവന്റെ മുഖം ഇരുണ്ടതു കണ്ടപ്പോൾ സുഭദ്ര പറഞ്ഞു.

“അമ്മ എന്തിനാ അവന്റെ മനസ്സു കേടുവരുത്തണത്?”

അമ്മായി ഒന്നും പറഞ്ഞില്ല. വയസ്സായാൽ എല്ലാവരും ഒരേ മാതിരിയാണ്. ആദ്യം കണ്ടപ്പോൾ കുശലാന്വേഷണത്തിനു മറുപടിയായി അവർ തന്റെ പ്രാരാബ്ധങ്ങളുടെ ഭാണ്ഡം തുറക്കുകയാണു ചെയ്തത്. കണ്ണിനു കാഴ്ച നശിച്ചു തുടങ്ങി. തിമിരമാണ്. ഓപ്പറേഷൻ വേണംന്ന് പറേണ്ണ്ട്. കാലിന്റെ മുട്ടിനു നല്ല വേദന. ഒതുക്കുകല്ലു കേറാൻകൂടി വയ്യാതായിരിക്കുണു. ശ്വാസംമുട്ടലുണ്ട്. രാത്രി ഒറക്കംല്ല്യ.

പത്തു മിനിറ്റോളം പരാതികൾ കേട്ടപ്പോൾ സുഭദ്ര പറഞ്ഞു.

“മതി അമ്മേ. അവനെ വന്നപാട് ഓടിക്കണ്ട. അമ്മേടെ പരാതികള്.”

‘വയസ്സാവുന്നത് ഒരു ശാപാണ്.’ അമ്മായി സ്വയം പറഞ്ഞു. ‘പക്ഷേ അത് അവനവൻ അനുഭവിച്ചല്ലേ പറ്റൂ.’

സുഭദ്ര ഒതുക്കുകല്ലിൽ നിന്ന് എഴുന്നേറ്റുവന്നു രാജുവിന്റെ ഒപ്പം നടക്കാൻ തുടങ്ങി.

മുറ്റത്തിന്റെ അരികുകളിൽ ക്രോട്ടൻ ചെടികളിൽ ശംഖുപുഷ്പത്തിന്റെ വള്ളി പടർന്നിരുന്നു.

ഈ ക്രോട്ടൻ ചെടികളും വെള്ള ശംഖുപുഷ്പവും, ചായ്പ്പിൽ കഴിഞ്ഞ കൊല്ലം അരിമാവു ചാർത്തിയ പാടുകളുമായി തിരുവോണം സ്വപ്നം കണ്ടുറങ്ങുന്ന തൃക്കാക്കരയപ്പനും ഒന്നും മാറിയിട്ടില്ല.

“ഈ ശംഖുപുഷ്പം...” കൂമ്പിത്തുടങ്ങിയ ഒരു പൂവറുത്തുകൊണ്ടു രാജു പറയാൻ ഓങ്ങി.

“അന്നുംണ്ടായിരുന്നു.” സുഭദ്ര പറഞ്ഞു. “ഞാനതു നശിപ്പിക്കാൻ പലതവണ ശ്രമിച്ചതാണ്. വീണ്ടും ഇരട്ടിശക്തിയോടെ അതു തഴച്ചുവളരും. അസുരവിത്ത്.”

“സുഭദ്രേ വെളക്ക് കൊളുത്ത്. അമ്മായി വിളിച്ചുപറഞ്ഞു.”

പാടത്തുനിന്നു തണുത്ത കാറ്റു വീശിത്തുടങ്ങി. പണ്ട് ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് എല്ലാവരും മയങ്ങുമ്പോൾ രാജു മാത്രം പടിക്കൽ പോയി പാടത്തിന്റെ വിശാലതയിൽ ലയിച്ചു നിൽക്കാറുണ്ട്. നോക്കിനിൽക്കെ ദൂരെ വെള്ളം ഒഴുകുന്നതുപോലെ അലകളുമുണ്ടാകും.

‘അതു മൃഗതൃഷ്ണയാണ്.’ അന്നു സുഭദ്രച്ചേച്ചി പറഞ്ഞു. ‘വെയിലിന്റെ ചൂടുകൊണ്ടുണ്ടാവുന്നതാണ്.’

നാളെ ഉച്ചവരെ ഇവിടെ തങ്ങിയാൽ ആ ദൃശ്യം വീണ്ടും കാണാമെന്നു രാജു ഓർത്തു. നാളെ വൈകുന്നേരം വരെ താമസിക്കാൻ തയ്യാറായിട്ടാണ് അവൻ വന്നതും. പക്ഷേ ഇപ്പോൾ ഈ തകർച്ചയുടെ ഇടയിൽ അവന് ഒന്നും ഉറപ്പിക്കാനായില്ല.

“നീ എന്താണ് ആലോചിക്കണത്? സുഭദ്ര ചിരിച്ചുകൊണ്ടു ചോദിച്ചു.”

“ഒന്നുമില്ല.”

“എന്തോ ഉണ്ട്. പറ.”

അകലെ നിന്നു തീവണ്ടിയുടെ കൂക്ക്. പണ്ടെല്ലാം തീവണ്ടിയുടെ കൂക്കു കേട്ടാണ് ഇവിടെ സമയമറിഞ്ഞിരുന്നത്.

ഓ സമയം അഞ്ചരയായി. അല്ലെങ്കിൽ സമയം എട്ടായി. കിഴക്കോട്ടുള്ള വണ്ടിയല്ലെ ഇപ്പൊ പോയത്. അല്ലമ്മേ അതു പാസഞ്ചറാ. മെയ്‌ല് നേർത്തേ പോയിരിക്കുണു. ഇതെല്ലാം ഇവിടെ സാധാരണ കേൾക്കാറുള്ള വാചകങ്ങളാണ്. തീവണ്ടിയുടെ പോക്കുവരവുനോക്കി അവർ ജീവിതത്തിനു ചിട്ടയുണ്ടാക്കി. ഇന്നു കൂടുതൽ തീവണ്ടികൾ വന്നപ്പോൾ അതിന്റെ യാന്ത്രിക ശബ്ദത്തിൽ ജീവിതത്തിന്റെ ലാളിത്യം അഭികാമ്യമല്ലാത്തൊരു സങ്കീർണതയ്ക്കു വഴിമാറിക്കൊടുത്തു.

പാടത്തു വെളിച്ചം മങ്ങി. അകലെ കിഴക്കൻ മലനിരകൾ ഇരുട്ടിന്റെ മറയിൽ അപ്രത്യക്ഷമായി.

“നീയെന്താണ് ആലോചിക്കണത്ന്ന് എന്നോടു പറയില്ലെ?”

“ചേച്ചി തടിച്ചിരിക്കുന്നു.” വിഷയം മാറ്റാനായി രാജു പറഞ്ഞു.

“ഊം.” അവർ നീട്ടിമൂളി. “വെറുതെ ഇരുന്ന് തിന്ന്വല്ലെ?”

“സുഭദ്രേ.” അമ്മായി വിളിച്ചു. “സമയം കൊറെയായി ഇതുവരെ വിളക്കു കൊളുത്തിയിട്ടില്ല.”

“ഞാൻ പോയി വിളക്കു കൊളുത്തട്ടെ. എന്നിട്ട് ഊണിന്റെ കാര്യം നോക്കണം. നിനക്ക് അയില വറുത്തതിഷ്ടല്ലെ. വറുക്കാൻ പെരട്ടിവെച്ചിട്ടുണ്ട്.”

അമ്മായി അകത്തേക്കു പോയിക്കഴിഞ്ഞു. എപ്പോഴാണു പോയതെന്നവൻ ശ്രദ്ധിച്ചിരുന്നില്ല. ചുറ്റും വളർന്ന ഇരുട്ടിന്റെ സമുദ്രത്തിൽ അവൻ മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപായി മാറി. അവൻ ബോംബെയെക്കുറിച്ചോർത്തു. ഇവിടെ ഈ നാട്ടിൻപുറത്തിരുന്നു ബോംബെയുടെ തിരക്കുപിടിച്ച രാജവീഥികളെപ്പറ്റിയും ആകാശം മുട്ടുന്ന കെട്ടിടങ്ങളെപ്പറ്റിയും ഈരണ്ടു മിനിറ്റ് കൂടുമ്പോൾ ഓടുന്ന സബർബൻ ട്രെയിനുകളെപ്പറ്റിയും ആലോചിക്കുന്നത് ഒരു വിചിത്രാനുഭവമായിരുന്നു. അവൻ മലാഡിലെ തന്റെ ഒറ്റമുറി ഫ്‌ളാറ്റ് ഓർത്തു. ഒപ്പം താമസിക്കുന്ന രണ്ടു സ്‌നേഹിതന്മാരെയും. പതിനഞ്ചുദിവസം കഴിഞ്ഞാൽ താൻ തിരിച്ചുപോയി അവരോടൊപ്പം ചേരും. ഓഫീസിൽ പോയിത്തുടങ്ങും. മേലധികാരി വിളിക്കുമ്പോൾ ഷോർട്ട്ഹാൻഡ് നോട്ട്ബുക്കുമായി പോയി കത്തുകൾ എഴുതിയെടുക്കും. പിന്നെ തിരിച്ചു തന്റെ ഇരിപ്പിടത്തിൽപോയിരുന്ന് ഒരു മടുപ്പോടെ ടൈപ്പ്‌റൈറ്ററിൽ ലെറ്റർഹെഡ് തിരുകും. വൈകുന്നേരം ചർച്ച് ഗേറ്റ് സ്റ്റേഷനിലേക്ക് ഓടും. ഇലട്രിക്‌ട്രെയിനിൽ ശ്വാസം വിടാൻപോലുമിടയില്ലാത്ത തിരക്കിൽ യാത്ര ചെയ്യും. അവനു ദ്വേഷ്യം തോന്നി. ഇത്രയും ദൂരെനിന്ന് ആലോചിക്കുമ്പോൾ അതിന്റെയെല്ലാം അർത്ഥമില്ലായ്മ അവനു ബോധ്യമാവുകയാണ്.

ദേവീക്ഷേത്രത്തിൽനിന്നു ദീപരാധാനയ്ക്കുള്ള കൊട്ട് കേട്ടു. കുളിച്ചു വരുമ്പോൾ നട അടച്ചിരിക്കയായിരുന്നു. പണ്ടു സുഭദ്രച്ചേച്ചിയുടെ ഒപ്പം കുളികഴിഞ്ഞുവന്നാൽ ദീപാരാധനയ്ക്കു നട തുറക്കുന്നതും കാത്തു നിൽക്കാറുണ്ടായിരുന്നത് ഓർമ്മ വന്നു.

പൂമുഖത്തു മങ്ങിയ വിളക്കു കത്തിയിരുന്നു. വോൾട്ടേജ് കുറവാണ്. ഇടനാഴികയിലും അടുക്കളയിലും മങ്ങിയ വെളിച്ചംതന്നെ.

രാജു ശബ്ദമുണ്ടാക്കാതെ അടുക്കളയുടെ വാതിൽക്കൽ വന്നു സുഭദ്ര ചീനച്ചട്ടിയിൽ മീൻ മറിച്ചിടുന്നതു നോക്കി നിന്നു.

“നീ വരുമെന്നെനിക്കറിയാം.” അവൾ പറഞ്ഞു.

രാജു അടുക്കളയിലേക്കു കടന്നു.

“ചേച്ചി അറിയാതെ വരണമെന്നു വിചാരിച്ചതാ. ഞാൻ ഇവിടെ നിൽക്കുന്നുണ്ടെന്ന് എങ്ങനെ മനസ്സിലായി?”

“എനിക്കറിയാം. നീ കുട്ടിയായിരിക്കുമ്പോൾ അടുക്കളയിൽ വന്നു ഞാൻ ജോലിയെടുക്കണതു നോക്കിനിൽക്കാറുള്ളത് ഓർമ്മണ്ടോ?”

സുഭദ്ര രാജുവിന്റെ മറുപടിക്കു കാത്തില്ല.

“നീ അന്നൊക്കെ വാ തോരാതെ സംസാരിച്ചുകൊണ്ടു നിൽക്കും. ആ നാവൊക്കെ എവിടെപ്പോയി ഇപ്പോ?”

“സുഭദ്രച്ചേച്ചി മീൻ വറുക്കുമ്പോൾ ഒരു പ്രത്യേക വാസനയാണ്, സ്വാദും.”

“നീ ഇങ്ങനെ നുണ പറഞ്ഞോ.”

“അല്ല ചേച്ചി, എനിക്കു വിശക്കുന്നു.”

“ഊണു കാലായിരിക്കുന്നു.”

“അമ്മായി എവിടെ?”

“അമ്മ കിടന്നു. രാത്രി കഞ്ഞികുടിക്ക്യാണ് പതിവ്. രാത്രിയായാൽ അമ്മയ്ക്കു നല്ല വിഷമമാണ്. അപ്പൊ നേർത്തെ കിടക്കും. ഇന്ന് വലിവൊന്നുംണ്ടാവാഞ്ഞാൽ മതിയായിരുന്നു. വലിവു തൊടങ്ങ്യാൽപിന്നെ ഒറക്കംല്ല്യ പാവം.”

ഊണു കഴിഞ്ഞു രാജു മുറ്റത്ത് ഉലാത്തി. സമയം ഒൻപതരയായി. നക്ഷത്രാവൃതമായ ആകാശം. പുഴയിൽനിന്നുള്ള കാറ്റ് നേരിയ ചൂടുള്ളതാണ്. ചുറ്റും ഇരുട്ടും ഏകാന്തതയും മാത്രം. സാവധാനത്തിൽ എന്തിനെന്നറിയാത്ത ഒരു വേദന മനസ്സിനെ കാർന്നു തിന്നാൻ തുടങ്ങിയത് അവൻ അറിഞ്ഞു. കിഴക്ക് ഉറങ്ങിക്കിടക്കുന്ന മലനിരകൾക്കു മുകളിൽ നക്ഷത്രങ്ങൾ. ദൂരെ നിന്നു തീവണ്ടിയുടെ കൂക്ക്. പാടത്തുനിന്നു ചീവിടുകളുടെ ശബ്ദം. എല്ലാം ആ വേദന കൂട്ടാനേ ഉപകരിച്ചുള്ളു.

സുഭദ്ര ഉമ്മറത്തുവന്നു വിളിച്ചു.

“രാജു നെനക്കു കിടക്കാനായില്ലെ?”

അവൻ ഉമ്മറത്തു കയറി.

“നെനക്കു ഞാൻ മുകളിൽ വിരിച്ചിട്ടുണ്ട്. പോയി കിടന്നോ? ഞാൻ അടുക്കള വൃത്തിയാക്കിയിട്ടു വരാം. നീ ഉറങ്ങരുത് ട്ടോ. എനിക്കു കൊറെ സംസാരിക്കാനുണ്ട്. നിന്റെ ബോംബെ വിശേഷങ്ങളൊക്കെ പറയണം.”

മരത്തിന്റെ കോണി കയറി രാജു തളത്തിലേക്കു കടന്നു. തളത്തിൽ നിന്നാണു കിടപ്പുമുറിയിലേക്കു വാതിൽ. സിമന്റിട്ട നിലം താഴത്തേക്കാൾ തണുപ്പാണ്. കട്ടിലിന്മേൽ ഇട്ട കിടക്കയിൽ അലക്കിയ വിരി വിരിച്ചിരുന്നു. തലയിണ ഉറയും അലക്കിയതുതന്നെ. മുറിയിൽ ചന്ദനത്തിരിയുടെ വാസന. ചുവരിൽ കത്തിക്കഴിയാറായ ചന്ദനത്തിരിയിൽനിന്നു ചാരം തൂങ്ങിക്കിടന്നു. പടിഞ്ഞാട്ടുള്ള ജനലിൽക്കൂടി പകലാണെങ്കിൽ പുഴ കാണാമായിരുന്നു. ഇപ്പോൾ കട്ട പിടിച്ച ഇരുട്ടു മാത്രം. പുഴയിൽ നിന്നുള്ള കാറ്റ് എവിടെയോ മടിച്ചുനിന്നു.

താഴ്ന്ന മരത്തട്ടിൽനിന്നു തൂങ്ങിക്കിടക്കുന്ന മങ്ങിയ വിളക്ക് കെടുത്താതെ രാജു കിടക്കയിൽ പോയി കിടന്നു. പതുപതുത്ത കിടക്ക, നിഴലുണ്ടാക്കാൻപോലും പ്രാപ്തമല്ലാത്ത മങ്ങിയ വെളിച്ചം, രാത്രിയുടെ ശബ്ദങ്ങൾ. അവൻ ഉറക്കത്തിലേക്കു വഴുതിവീണു.

“നീ ഉറക്കായി അല്ലെ? സുഭദ്രയുടെ ശബ്ദംകേട്ടു രാജു ഉണർന്നു.”

“ഞാനൊന്നു മയങ്ങിപ്പോയി.”

സുഭദ്ര വെള്ളംനിറച്ച പിച്ചളകൂജയും സ്റ്റീൽഗ്ലാസും ചുമരരുകിൽ നിലത്തുവച്ചു കട്ടിലിനടുത്തേക്കു വന്നു.

“ഉറക്കം വരുന്നുണ്ടോ? എന്നാൽ നീ ഉറങ്ങിക്കോ.”

“ഇല്ല ചേച്ചി.” രാജു കിടന്നുകൊണ്ടു പറഞ്ഞു. “ഇവിടെ കറണ്ട് എപ്പോഴും ഇങ്ങിനെയായിരിക്ക്യോ?”

“ഉം. ചെലേടത്തൊക്കെ രാത്രി പത്തുമണി കഴിഞ്ഞാൽ കൊറച്ചു തെളിയും. ഇവിടെ എപ്പോഴും ഇങ്ങനെയാ.”

“ബോംബെല് സീറോവാട്ട് ബൾബിട്ടാൽ കൂടി ഇതിലും പ്രകാശംണ്ടാവും.”

“നീ ബോംബെയിലെ വിശേഷങ്ങളൊക്കെ പറ.” കട്ടിലിൽ അവന്റെ അടുത്തിരുന്നുകൊണ്ടു സുഭദ്ര പറഞ്ഞു.

“എന്തു വിശേഷങ്ങൾ?”

“നെന്റെ ഓഫീസിനെപ്പറ്റി, നീ താമസിക്കണ സ്ഥലത്തെപ്പറ്റിയൊക്കെ.”

“ഓഫീസ് നരിമാൻ പോയിന്റ്ന്ന് പറയണ സ്ഥലത്താണ്. പതിനെട്ടുനിലക്കെട്ടിടത്തിൽ പന്ത്രണ്ടാം നിലയിൽ.”

“പന്ത്രണ്ടാമത്തെ നിലയിലോ?”

“അതെ.”

“അപ്പോ കൊറച്ച് സമെയടുക്കില്ലെ കയറിപ്പറ്റാൻ.”

അതൊരു വേറെ ലോകമാണ്. രാജു ആലോചിച്ചു ഒരു നാടൻ പെൺകുട്ടിക്കു മനസ്സിലാവാൻ കഴിയാത്ത അദ്ഭുതലോകം. അതിനെപ്പറ്റി പറഞ്ഞുകൊടുക്കാൻ ആ പന്ത്രണ്ടു നില ചവിട്ടിക്കയറുന്നതിനേക്കാൾ വിഷമമാണ്.

അവൻ പറഞ്ഞുകൊടുക്കാൻ തുടങ്ങി. മുകളിലെ നിലയിലേക്കു കയറുവാൻ അതിവേഗത്തിൽ ചലിക്കുന്ന നാലു വിശാലമായ ലിഫ്റ്റുകൾ ഉള്ളതും, അവ എങ്ങിനെയാണു പ്രവർത്തിക്കുന്നതെന്നും മറ്റു ചില കെട്ടിടങ്ങളിൽ ചലിക്കുന്ന കോണികളുള്ളതും കൊട്ടാരത്തിന്റെ പ്രൗഡിയിലുണ്ടാക്കിയ ഓഫീസുകൾ. റിസപ്ഷൻ കൗണ്ടറിൽ ഇരിക്കുന്ന സുന്ദരികളായ പെൺകുട്ടികൾ. നാൽപതുകിലോമീറ്റർ അകലെ താൻ വാടകയ്ക്കു താമസിക്കുന്ന ഒറ്റമുറി ഫ്‌ളാറ്റ്. ഇലട്രിക് ട്രെയിനിൽ രാവിലെയും വൈകുന്നേരവും തിക്കിത്തിരക്കിയുള്ള യാത്ര.

സുഭദ്രയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം യക്ഷിക്കഥകളായിരുന്നു. എന്തെല്ലാം അത്ഭുതങ്ങൾ. ഈ ഓണംകേറാമൂലയിലിരുന്നു താൻ വല്ലതും അറിയുന്നുണ്ടോ?

“ആട്ടെ, ഇനി ചേച്ചിയുടെ വിശേഷങ്ങളൊക്കെ പറയൂ.”

“എന്റെ വിശേഷങ്ങളൊ? പറയണ്ട വിശേഷങ്ങൾ തന്നെ. സൂര്യനുദിക്കുന്നു. അസ്തമിക്കുന്നു. ഈ വലിയ വീട്ടിൽ വയസ്സായ അമ്മയുടെ ഒപ്പം നിത്യകന്യകയായി ഞാൻ വസിക്കുന്നു.”

സുഭദ്രയുടെ സ്വരത്തിലെ തീഷ്ണത രാജുവിനെ വേദനിപ്പിച്ചു.

“ഒരു കാര്യം ചോദിച്ചാൽ ചേച്ചിക്കു വിഷമമാവ്വോ?”

“എന്താ?”

“ഒന്നൂല്ല്യ.”

“നീ പറേ.”

“സാരല്യ, ഞാൻ വെറുതെ ചോദിച്ചതാ.”

“എനിക്കറിയാം നീ എന്താണുദ്ദേശിക്കണത്ന്ന്.”

“ഉം?”

“ചേച്ചീടെ കല്യാണം എന്താ കഴിയാതിരുന്നത്ന്ന്?”

മൗനം.

രാത്രിയുടെ ശബ്ദങ്ങൾ ഇപ്പോൾ വ്യക്തമാണ്. അതിനിടയിൽ മൗനം നീണ്ടുപോയി.

മൗനത്തിന്റെ ചില്ലുവാതിൽ എങ്ങിനെയാണ് തകർക്കേണ്ടതെന്ന് ആലോചിച്ചിരിക്കെ സുഭദ്ര പറയാൻ തുടങ്ങി.

“ചെറുപ്പത്തിലേ ആലോചനകള് വന്നിരുന്നു. അന്നെല്ലാം അച്ഛൻ തറവാട്ടുമഹിമ പറഞ്ഞുനടന്നു. നായന്മാരായാൽ മാത്രം പോര മുന്തിയ നായന്മാർ തന്നെ വേണം. എത്ര നല്ല ആലോചനകള് വന്നതാ. ഒക്കെ ഈ ഒരു കാരണം പറഞ്ഞ് വേണ്ടാന്ന് വെച്ചു. പിന്നെ അച്ഛൻ മരിച്ചു. അതിനു ശേഷം ആരും തിരിഞ്ഞുനോക്കാനുംണ്ടായില്ല്യ. അച്ഛനു തവറാട്ടുമഹിമ മാത്രെണ്ടായിരുന്നുള്ളു. പണപ്പെട്ടി കാലിയായിരുന്നു.”

“എന്റെ യോഗം ഇതായിരിക്കും.”

ഒന്നും പറയാനാവാതെ രാജു കിടന്നു. പെട്ടെന്നു സുഭദ്ര ഒരു ചിരിയോടെ ചോദിച്ചു.

“ഞാൻ നെന്റെ ഒപ്പം ബോംബെയ്ക്കു വരട്ടെ? നെനക്കു ഭക്ഷണംണ്ടാക്കിത്തരാം. പിന്നെ എനിക്ക് ഒരു ജോലിക്കു ശ്രമിക്കും ചെയ്യാലോ. ഞാൻ ടൈപ്പ്‌റൈറ്റിംഗ് പാസായിട്ടുണ്ട്.”

രാജു മൗനം തുടർന്നു.

“എന്താ നിനക്കു പേടീണ്ടോ, ചേച്ചിയെ കൊണ്ടുപോകാൻ?”

രാജു ചിരിച്ചു. സുഭദ്രയുടെ സ്വരത്തിലെ പ്രസാദം വീണ്ടു കിട്ടയിരിക്കുന്നു.

“ഞാൻ വെറുതേ പറഞ്ഞതാ. ഈ വയസ്സായ അമ്മേം ഇവിടെ ഇട്ട് എനിക്ക് എങ്ങോട്ടും പോവാൻ പറ്റില്ല.”

സമയമെത്രയായിട്ടുണ്ടാകും. പത്തര? പതിനൊന്ന്.

“എനിക്ക് ഉറക്കം വരുന്നു. ഞാൻ കിടക്ക്വാണ്.” രാജു പറഞ്ഞു.

“ഞാൻ നെന്റെ കൂട്യാണ് ഇന്ന് കെടക്കണത്.” അവർ എഴുന്നേറ്റുകൊണ്ടു പറഞ്ഞു. “എന്താ സമ്മതമല്ലെ?”

“ഉം കെടന്നോളു.” രാജു നീങ്ങിക്കിടന്നു കൊണ്ടു കളിയായി പറഞ്ഞു.

“ഞാൻ താഴത്തുപോയി നോക്കട്ടെ. അമ്മയ്ക്കു വല്ലതും വേണോന്ന് ചോദിച്ചിട്ട് വരാം.”

“ലൈറ്റ് ഓഫാക്കിക്കോളു.”

സുഭദ്ര വിളക്കു കെടുത്തി.

മരത്തിന്റെ കോണി കരകര ശബ്ദമുണ്ടാക്കി. പിന്നെ ശബ്ദങ്ങളൊന്നുമില്ല. ചുറ്റുമുള്ള ലോകം മുഴുവൻ മായ്ക്കാൻ ഇരുട്ടിനു കഴിഞ്ഞില്ല. കിഴക്ക് മലനിരകൾക്കു മുകളിൽ ചന്ദ്രൻ ഉദിച്ചിട്ടുണ്ടാകും.

കൊയ്ത്ത്കഴിഞ്ഞ പാടത്തു വിടർന്ന നീലയും മഞ്ഞയും പൂക്കൾ. മാങ്ങാറിച്ചെടികൾ പറിച്ചെടുത്ത് ഒരു എട്ടുവയസ്സുകാരൻ നഗ്നപാദനായി വരമ്പിലൂടെ ഓടി. ചന്ദനത്തിരിയുടെയും കെട്ടുകഴിഞ്ഞ നിലവിളക്കിന്റെയും വാസന നിറഞ്ഞ മുറിയിൽ, സന്ധ്യയ്ക്കു കുളിച്ചതുമൂലം അപ്പോഴും സുഗന്ധം വിട്ടിട്ടില്ലാത്ത നഗ്നമായ നിറമാറിന്റെ കുളിർമയിൽ സ്മൃതികൾക്കപ്പുറത്തെവിടെയോ നഷ്ടപ്പെട്ടുപോയ സ്ത്രീഗന്ധം അവൻ അന്വേഷിച്ചു. എവിടെനിന്നോ സുഭദ്രയുടെ സ്വരം കേട്ടു. തന്നെ ഉറക്കാനായി കചദേവയാനീ കഥ പറയുകയാണോ?

“എന്തുറക്കാണിത്? ഞാൻ എത്ര നേരായി വന്നിട്ട്?”

രാജു കണ്ണു തുറന്നു. പെട്ടെന്നുണ്ടായ അമ്പരപ്പിൽ, ജാള്യതയിൽ കൈകൾ വലിച്ചെടുത്ത് എഴുന്നേറ്റിരുന്നു. സ്ഥാനം മാറിപ്പോയ മുണ്ട് ശരിക്കുടുത്തു. അരുതാത്തതെന്തോ ചെയ്തുവെന്ന അറിവിൽനിന്നുണ്ടായ വല്ലായ്മയിൽ സുഭദ്ര പകച്ചുനിന്നു.

നിമിഷങ്ങൾ അരിച്ചരിച്ചു നീങ്ങവെ സുഭദ്രയുടെ ശബ്ദം കേട്ടു.

“നെക്കെന്നെ വെറുപ്പായി അല്ലെ?”

രാജു മറുപടി പറയാതെ അവളോടു ചേർന്നുകിടന്നു. പെട്ടെന്ന് എല്ലാം എത്ര സ്വാഭാവികമായെന്ന് അവൻ കണ്ടു. വലിച്ചെടുത്ത കൈകൾ യാന്ത്രികമായി മുന്നോട്ടു നീണ്ടു. നഗ്നമായ ചുമലുകളിൽ തലോടിക്കൊണ്ടിരിക്കെ വിരലുകൾ ഒരു മുറിവിന്റെ പാടിൽവന്നുനിന്നു. അവൻ തപ്പിനോക്കി.

“അതെന്താന്നറിയ്യോ?” സുഭദ്ര ചോദിച്ചു.

“ഉം?”

“നീ ഒരിക്കല് ദ്വേഷ്യം പിടിച്ചപ്പോ എന്നെ കടിച്ചത് ഓർമ്മണ്ടോ?”

രാജുവിനു നേരിയ ഓർമ്മയുണ്ട്. എന്തോ നിസാരകാര്യത്തിനു ശണ്ഠ കൂടിയതാണ്. ധാരാളം ചോര ഒഴുകിയത് ഓർമ്മയുണ്ട്. അന്നത്തെ വേദന മാറ്റാനെന്നോണം അവൻ ആ മുറിവു തലോടി.

“ഞാൻ ഓരോ പ്രാവശ്യവും കുളിക്കുമ്പോഴും ഈ പാടു കാണും. നെന്നെ ഓർക്കുകയും ചെയ്യും. നെന്നെ ഓർക്കാൻ നീയെനിക്കൊരു വടു ഉണ്ടാക്കിത്തന്നു. എന്നെ ഓർക്കാൻ ഞാൻ നെനക്ക് ഒന്നും തന്നില്ല.”

“വേദനപോലും.” രാജു കൂട്ടിച്ചേർത്തു.