close
Sayahna Sayahna
Search

അമാൻഡാ ജോസിയുടെയും ജാരൻ


രഞ്ജിത് കണ്ണൻകാട്ടിൽ

കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
Kintsugi-01.png
ഗ്രന്ഥകർത്താവ് രഞ്ജിത് കണ്ണൻകാട്ടിൽ
മൂലകൃതി കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2016
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 80
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

പുകമഞ്ഞിന്റെ പാളി,
ജനൽച്ചില്ലിൽതീർത്ത മങ്ങൽ,
ഒരു കണ്ണായി വളരുന്നത് കണ്ടത്
അമാൻഡാ ജോസിയാണ്.

ഓർമ്മയില്ലാത്തൊരു ലോകത്ത്
ഉറക്കം വിൽക്കാറുള്ള പുസ്തകശാലക്ക് പുറത്ത്
ഇടുങ്ങിയ മുറിയ്ക്കുള്ളിൽ, നെരിപ്പോടിന്റെ വെളിച്ചത്തിന്
ഇരുട്ടിനെ തളയ്ക്കാനാകാത്ത നട്ടപ്പാതിരായ്ക്ക്
ആത്മസമർപ്പണം ചെയ്ത് കിടക്കയായിരുന്നു ഞാനപ്പോൾ

കണ്ണ്,
പന്നിപ്പടക്കത്തിന്റെ വെളിച്ചത്തോടെയും ഒച്ചയോടെയും
പൊട്ടുന്നതു കണ്ടതും എന്റെ അമാൻഡാ ജോസി തന്നെ.
സ്ഫോടനങ്ങളിൽനിന്നും തീ തിന്ന്,
ഒന്നിനു പുറകെ ഒന്നായി തെളിയുന്ന വഴിവിളക്കുകൾ.
പന്തല്ലൂക്കാരൻ ജോണിയുടെ വീടിനു മുന്നിലെ
ഇടവഴിയിലൂടെ വലത്തോട്ടു തിരിയുന്ന വെളിച്ചം,
കനോലി കനാലെത്തുന്നതോടെ
കുറേ മിന്നാമിനുങ്ങുകളും
മിനുങ്ങും മീനുകളുമായി മാറുന്നു.

കനാൽക്കരയിലെ, ജോസിയേട്ടന്റെ
(അതായത് അമാൻഡയുടെ കെട്ട്യോന്റെ) വീട്
ഒരു കനലായി പൊള്ളി വേവുന്നു.
രണ്ട് പെൺകുഞ്ഞുങ്ങളുടെ നാഭിയിൽ
ചുവന്ന തെരുവിന്റെ കണ്ണാടിമുഖം, ചുമലിൽ രതിനുകം.

അമാൻഡാ ജോസി,
എന്റെ മേനിച്ചൂടിൽനിന്നും
വിയർപ്പു പോലെ ഉരുകിയൊഴുകി മണ്ണോടു ചേർന്നു.

സായ്‌‌വ് കൊക്കയിലെ ആത്മഹത്യകൾക്കും,
പശ്ചാത്താപങ്ങൾക്കും, എന്റെ ചുവന്ന രാത്രികൾക്കും
അന്ത്യമില്ലാത്ത തുടർച്ചകൾ.