close
Sayahna Sayahna
Search

അമ്മ ഉറങ്ങുന്ന രാത്രി


‌← അഷ്ടമൂർത്തി

അമ്മ ഉറങ്ങുന്ന രാത്രി
KVAshtamoorthi-02.jpg
ഗ്രന്ഥകർത്താവ് കെ.വി.അഷ്ടമൂർത്തി
മൂലകൃതി വീടുവിട്ടുപോകുന്നു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡി.സി. ബുക്സ്, കോട്ടയം
വര്‍ഷം
1992
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 97

അമ്മ ഉറങ്ങുന്ന രാത്രി

ഈ മുറിയില്‍ ഞാന്‍ ഒറ്റയ്ക്കാണ്. സമയം രാത്രി പതിനൊന്നു കഴിഞ്ഞിരിക്കുന്നു. ചുറ്റുമുള്ള ഫ്‌ളാറ്റുകളില്‍ വിളക്ക് കെട്ടുകഴിഞ്ഞു. ഏതോ ഒരു ഫ്‌ളാറ്റില്‍നിന്ന് ഒരു കുട്ടിയുടെ ശാഠ്യം പിടിച്ച കരച്ചില്‍. മറ്റൊന്നില്‍ നിന്ന് ഏതോ ദമ്പതികളുടെ ഉറക്കെയുറക്കെയുള്ള കലഹം. എവിടെയോനിന്ന് നേര്‍ത്ത ഒരു ഗാനം — ഇവ മാത്രമാണ് ഈ രാത്രിയുടെ നിശ്ശബ്ദതയെ പിളര്‍ക്കുന്നത്. ബാക്കിയെല്ലാവരും ഉറങ്ങിക്കഴിഞ്ഞിട്ടുണ്ടാവണം.

പക്ഷേ എന്റെ ദിവസം തുടങ്ങുന്നതേയുളളൂ.

ഇവിടെ ഞാന്‍ തനിച്ചാണെന്നു പറഞ്ഞെങ്കിലും അത് ഒരര്‍ദ്ധസത്യമേ ആകുന്നുള്ളൂ. എന്റെ അമ്മയുണ്ട് മുറിയില്‍. നിലത്തുവിരിച്ചിട്ട കോസറിയില്‍ അമ്മ ഉറങ്ങുന്നു. വളരെനാളായി അമ്മ ആശിച്ചിരുന്ന ഉറക്കം.

ഉറങ്ങൂ അമ്മേ ഉറങ്ങൂ. അല്ലലറിയാതെ ഒരുദിവസമെങ്കിലും.

അമ്മ ഇവിടെയെത്തിയിട്ട് ഏഴു കൊല്ലമായി. അതില്‍പ്പിന്നെ മനസ്സുവിട്ട് ഒന്നുറങ്ങാന്‍ കഴിഞ്ഞിട്ടില്ല അമ്മയ്ക്ക്. ഒരു പകലിന്റെ വ്യഥ മുഴുവന്‍ മറക്കാന്‍ അമ്മ രാത്രിയുടെ മടിയില്‍ തലചായ്ച്ച് ഉറങ്ങാന്‍ ശ്രമിക്കുന്നു. അപ്പോഴൊക്കെ കൊതുകുകള്‍ അലോസരത്തിന്റെ ഗീതങ്ങള്‍ പാടിവന്ന് അമ്മയെ പൊതിയുന്നു. കഴിവുകളെല്ലാമൊരുക്കൂട്ടി അമ്മ അവയോട് പൊരുതുന്നു. പുലരാറാവുമ്പോള്‍, കൊതുകുകള്‍ കൂട്ടത്തോടെ സ്ഥലം വിടുമ്പോള്‍, ദേഹമാസകലം ചുവന്ന പാടുകളും വീര്‍ത്ത കണ്ണുകളുമായി അമ്മ മയക്കം തുടങ്ങുന്നു. പക്ഷേ ഉടനെതന്നെ ബദ്ധപ്പാടു നിറഞ്ഞ എന്റെ ദിനചര്യയിലേക്ക് അമ്മ ഉണരുന്നു.

ഇന്നു സന്ധ്യയ്ക്ക് ജോലി കഴിഞ്ഞുവന്ന എനിക്ക് പതിവുപോലെ അമ്മ വാതില്‍ തുറന്നുതന്നു. ഞാന്‍ വേഷം മാറി കാലും മുഖവും കഴുകിയപ്പോഴേക്കും അമ്മ ചായയുണ്ടാക്കിത്തന്നു. ചായ പകരുന്ന ഉന്മേഷത്തില്‍ അപ്പോഴേക്കും ചൂടാറിക്കഴിഞ്ഞ പത്രം വായിക്കുമ്പോള്‍ ഒരു സിഗററ്റ് വലിക്കുന്നത് എന്റെ ശീലമാണ്. തീപ്പെട്ടിയെടുക്കാന്‍ അടുക്കളയില്‍ ചെന്നപ്പോള്‍ അമ്മ അരി കഴുകുകയായിരുന്നു. പത്രം വായിക്കുന്നതിനിടയില്‍ അടുക്കളയില്‍ എന്തോ തട്ടിമറിയുന്ന ശബ്ദം കേട്ടെങ്കിലും ഞാനതു ശ്രദ്ധിച്ചില്ല. പിന്നെ അടുക്കളയില്‍ നിന്ന് എന്തോ കരിയുന്ന നാറ്റം വന്നപ്പോള്‍ ഞാന്‍ ചെന്നു നോക്കി. അമ്മ കൈയില്‍ ഒരു കത്തിയുമായി നിലത്തിരിപ്പുണ്ടായിരുന്നു. മുന്‍പില്‍ രണ്ടായി മുറിച്ച ഒരു മത്തങ്ങ. വിളിച്ചിട്ട് അമ്മ കേട്ടില്ല. കൂലക്കിയുണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അമ്മ മറിഞ്ഞുവീണു. അങ്ങനെ എന്റെ അമ്മ മരിച്ചു.

ഏതാനും നിമിഷങ്ങള്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചുനിന്നു. വാതില്‍ തുറന്ന് എതിരെയുള്ള ഫ്‌ളാറ്റില്‍ മുട്ടിവിളിക്കാം. പരോപകാരം ചെയ്യാന്‍ വെമ്പി നില്ക്കുന്ന ആ വീട്ടുടമസ്ഥന്‍ അയല്ക്കാരെയെല്ലാം വിളിച്ചുകൂട്ടും. സഹതാപം വഴിയുന്ന മുഖവുമായി അവരിവിടെ തടിച്ചുകൂടും. അവരില്‍ പ്രായമായവര്‍ എന്നെ ആശ്വസിപ്പിക്കാനൊരുമ്പെടും. ബന്ധുക്കളെ അറിയിക്കാനും കമ്പിയടിക്കാനും സന്നദ്ധരാവും. ശ്മശാനത്തില്‍ ഒരു ചിത പറഞ്ഞുവെയ്ക്കും. അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ വാടകയ്ക്കു കിട്ടുന്ന പുരോഹിതന്മാരെ കൊണ്ടുവരും. വീട്ടില്‍ തടിച്ചുകൂടിയവര്‍ക്ക് എതിര്‍വീട്ടിലെ സ്ത്രീ ചായയുണ്ടാക്കിക്കൊടുക്കും. അന്ത്യകര്‍മ്മങ്ങള്‍ക്കുശേഷം ഒരു നാഴിക അകലെയുള്ള പൊതുശ്മശാനത്തിലേക്കു വിലാപയാത്ര പുറപ്പെടും. അങ്ങനെ എന്റെ അയല്‍ക്കാര്‍ക്ക് ഒരു രാത്രിയിലെ ഉറക്കം നഷ്ടപ്പെടുന്നു.

അമ്മ മരിച്ചുവെന്നറിഞ്ഞിട്ടും ആരെയും വിളിച്ചുകൊണ്ടുവരാതിരുന്നത് അയല്‍ക്കാരോടുള്ള എന്റെ സഹാനുഭൂതികൊണ്ടല്ലായിരുന്നു. എന്റെ ഒരാശയുടെ പൂര്‍ത്തീകരണത്തിനായിരുന്നു. എന്റെ അമ്മ കൊതുകുകടിയേല്ക്കാതെ ഉറങ്ങുന്നത് ഒരിക്കലെങ്കിലും കാണണം എന്ന മോഹം എന്നെ കീഴടക്കി. ശാന്തയായ അമ്മയെ; സുസ്മിതയായ അമ്മയെ.

ഞാന്‍ ഈ മുറിയിലെത്തി കോസറി തട്ടിക്കുടഞ്ഞു വിരിച്ചു. അമ്മയെ താങ്ങിയെടുത്തുകൊണ്ടുവന്ന് അതില്‍ക്കിടത്തി. ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്നിട്ടു. ചോര വിശന്നുവരുന്ന കൊതുകുകള്‍ അമ്മയുടെ തണുത്ത വരവേല്‍പ്പില്‍ മനം മടുത്ത് തിരിച്ചുപറക്കുന്നതു കാണാന്‍ ഞാന്‍ അടുത്തുതന്നെ ഒരു കസേരയിട്ടു ചാഞ്ഞിരുന്നു.

ഉറങ്ങൂ അമ്മേ ഉറങ്ങൂ. ബദ്ധപ്പാടു നിറഞ്ഞ ജീവിതത്തിനുശേഷം ഒരു രാത്രിയെങ്കിലും.

ഏറെക്കുറെ എല്ലാവരും ഉറങ്ങിക്കഴിഞ്ഞിട്ടുണ്ടാവണം. ശാഠ്യം പിടിക്കുന്ന കുട്ടിയുടെ കരച്ചില്‍ ഇപ്പോള്‍ കേള്‍ക്കാനില്ല. ദമ്പതികളുടെ കലഹവും ഒടുങ്ങിക്കഴിഞ്ഞു. നേര്‍ത്ത ഗാനവീചികള്‍ മാത്രം ഇപ്പോഴും ഇവിടേക്ക് ഒഴുകിവരുന്നു. ഉറക്കം വെടിയുന്ന എന്റെ രാത്രിക്ക് ഒരുപക്ഷേ അതു പശ്ചാത്തലഭാവം പകരുകയാവാം.

എന്റെ അമ്മ ഉറങ്ങുന്നത് അധികനേരം ആസ്വദിച്ചിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല. അതിനിടയ്ക്ക് വിളക്കു കെട്ടുപോയി. അകലെനിന്നുള്ള ഗാനവും പൊടുന്നനെ നിലച്ചു. അപ്പോള്‍ എന്റെ വീട്ടില്‍ മാത്രമല്ല വെളിച്ചം നഷ്ടപ്പെട്ടതെന്ന് ഞാനറിഞ്ഞു. നഗരത്തിലെ വിദ്യുച്ഛക്തി ജീവനക്കാര്‍ ഇന്നലെ തുടങ്ങിയ പണിമുടക്കിനേക്കുറിച്ച് ഞാന്‍ മുന്‍പേതന്നെ ഓര്‍ക്കേണ്ടതായിരുന്നു.

വെളിച്ചം വരുന്നതു കാത്തിരുന്ന ഞാന്‍ കേട്ടത് വാതിലില്‍ ആരോ മുട്ടിവിളിക്കുന്നതാണ്. ആരാവും ഈ പാതിരയ്ക്ക് ഒരു സന്ദര്‍ശകന്‍? ഞാന്‍ പതുക്കെ എഴുന്നേറ്റ് കോറിഡോറിലെത്തി. വെളിച്ചം നഷ്ടപ്പെട്ട ഈ നേരത്ത് പീപ്‌ഹോളിലെ നിഴല്‍ പ്രതീക്ഷയ്ക്കപ്പുറത്തായിരുന്നു. ഞാന്‍ വാതില്‍ തുറന്നു.

ഒരു സ്ത്രീരൂപമാണെന്നേ എനിക്കു മനസ്സിലായുള്ളൂ. അമ്മയില്ലേ എന്ന ശബ്ദം കേട്ടപ്പോള്‍ അത് എതിരേയുള്ള ഫ്‌ളാറ്റിലെ സ്ത്രീയാണെന്നറിഞ്ഞു. ഉറങ്ങുകയാണ്, ഞാന്‍ പറഞ്ഞു. എന്താ വേണ്ടത്?

ആ സ്ത്രീ ലേശം ഒന്നു മടിച്ചുനിന്നു. പിന്നെ ചോദിച്ചു. മെഴുകുതിരിയുണ്ടോ നിങ്ങളുടെ കയ്യില്‍?

എനിക്ക് നിശ്ചയമില്ലായിരുന്നു. അമ്മയാണ് എല്ലാം അതാതിന്റെ സ്ഥാനത്തു വയ്ക്കാറ്. എത്ര നിസ്സാരകാര്യത്തിനുപോലും ഞാന്‍ അമ്മയെ ആശ്രയിക്കുകയാണ് പതിവ്.

തപ്പിയെടുക്കേണ്ടിവരും, ഞാന്‍ പറഞ്ഞു.

ഞാന്‍ അകത്തുവന്നു തിരയട്ടെ?

വേണ്ടവേണ്ട, ഞാന്‍ പെട്ടെന്നു പറഞ്ഞുപോയി. നിങ്ങള്‍ ഇപ്പോള്‍ പോകൂ. ഞാന്‍ തിരഞ്ഞുപിടിച്ച് നിങ്ങള്‍ക്കു കൊണ്ടുവന്നു തരാം.

വെളിച്ചമില്ലെങ്കില്‍ എന്റെ ഭര്‍ത്താവിന് ഉറക്കം വരില്ല, കുറച്ചുനേരം സംയിച്ചുനിന്നു തിരിഞ്ഞുനടക്കുമ്പോള്‍ അവര്‍ പിറുപിറുത്തു. ഈ രാത്രി എങ്ങനെ കഴിച്ചുകൂട്ടുമാവോ!

അവര്‍ അകത്തുകയറി വാതിലടയ്ക്കുന്നതുവരെ ഞാന്‍ അവിടെത്തന്നെ നിന്നു.

തിരിച്ചു മുറിയില്‍ വന്ന ഞാന്‍ മെഴുകുതിരി തപ്പിപ്പിടിക്കാന്‍ മിനക്കെട്ടില്ല. ഇരുട്ടില്‍, അതും ഒരേകദേശരൂപം പോലുമില്ലാതെ, അതിനു തുനിയുന്നത് വിഡ്ഢിത്തമാണെന്ന് എനിക്കു ബോദ്ധ്യമുണ്ടായിരുന്നു. കസാലയില്‍ വന്നിരുന്ന്, അടുത്ത നിമിഷം ഞെട്ടി കണ്‍തുറക്കുന്ന ബള്‍ബിനെ പ്രതീക്ഷിക്കുകയേ എനിക്കിനി നിവൃത്തിയുള്ളു.

നേരം കഴിയുന്തോറും വെളിച്ചം വീണ്ടുകിട്ടും എന്ന പ്രതീക്ഷ എനിക്കില്ലാതായി. ഒരു മെഴുകുതിരിയെങ്കിലും വാങ്ങി സൂക്ഷിക്കാതിരുന്ന എന്റെ അശ്രദ്ധയെ സ്വയം പഴിച്ചു. വെളിച്ചം വന്നില്ലെങ്കില്‍ ഈ രാത്രി എനിക്കു വിഫലമായിത്തീരുകയാണ്.

ഞാനൊരു തീപ്പെട്ടിക്കൊള്ളിയുരച്ചു. ശാന്തവും സൗമ്യയുമായുറങ്ങുന്ന അമ്മയുടെ മുഖം കണ്ടു. തീനാളം എന്റെ വിരലുകളില്‍ തൊട്ടപ്പോഴാണ് കൊള്ളി കത്തിത്തീര്‍ന്നുവെന്ന് ഞാനറിഞ്ഞത്. ഉറങ്ങുന്ന അമ്മ എനിക്കൊരു ലഹരിപോലെയായി. ഞാന്‍ രണ്ടാമതും ഒരു കൊള്ളി കത്തിച്ചു. അങ്ങനെ പലതവണ. ഒടുവില്‍ തീപ്പെട്ടിയില്‍ ഒരു കൊള്ളി മാത്രമേ ബാക്കിയുള്ളുവെന്നറിഞ്ഞ് ഞാന്‍ നിര്‍ത്തി. അത് അടിയന്തരാവസ്ഥയില്‍ ഉപയോഗിക്കാനായി കരുതിവെക്കുകയാണ് ബുദ്ധി.

എത്രനേരം അങ്ങനെ ഇരുട്ടില്‍ കഴിച്ചുകൂട്ടിയെന്നറിയില്ല. പുറത്ത് ഏതെങ്കിലും പെട്ടിക്കട തുറന്നിരിക്കുന്നുണ്ടെങ്കില്‍ ഒന്നോ രണ്ടോ മെഴുകുതിരികള്‍ വാങ്ങിക്കൊണ്ടുവരുന്നത് നന്നായിരിക്കുമെന്ന് എനിക്കു തോന്നി.

ഷര്‍ട്ടെടുത്തിട്ട് പുറത്തിറങ്ങാന്‍ തുടങ്ങുമ്പോഴാണ് വീടിന്റെ താക്കോലിനേപ്പറ്റി ഞാനോര്‍ത്തത്. അമ്മ എപ്പോഴും ഇവിടെയുണ്ടാവാറുള്ളതുകൊണ്ട് ഞാനതു കൈയില്‍ സൂക്ഷിക്കാറില്ല. പൂട്ടിപ്പോവേണ്ട ആവശ്യം വരാറില്ല. ഇപ്പോള്‍ അകത്ത് അമ്മയുടെ മൃതദേഹം കാത്തുസൂക്ഷിക്കേണ്ട ഒരു നിധിയായി മാറിയിരിക്കുന്നു.

കുറച്ചുനേരം ആലോചിച്ചതിനുശേഷം ഞാന്‍ അകത്തു കയറി. മേശപ്പുറത്തുണ്ടാവാനാണു വഴി. തീപ്പെട്ടിയെടുത്ത് കൊള്ളിയുരസി നോക്കി. ആളിക്കത്തലില്‍ മേശപ്പുറത്ത് ഒന്നോ രണ്ടോ മാസികകള്‍ മാത്രമേ കണ്ണില്‍പ്പെട്ടുള്ളൂ.

പൂട്ടണ്ട എന്നു തീരുമാനിച്ച് ഞാന്‍ പുറത്തിറങ്ങി. നാട്ടുവെളിച്ചംപോലുമില്ലാത്ത കൃഷ്ണപക്ഷത്തിലെ ഈ രാത്രി. നക്ഷത്രങ്ങള്‍ പോലുമില്ലാത്ത ആകാശം. പടികടന്ന് ഞാന്‍ ബസ്‌സ്റ്റോപ്പ് വരെ നടന്നു. സ്‌റ്റോപ്പിനടുത്തുള്ള പെട്ടിക്കട അടച്ചിരിക്കുന്നു. ഈ പാതിരയ്ക്കും അതു തുറന്നിരിക്കുമെന്നു പ്രതീക്ഷിച്ച എന്റെ മൂഢത്വത്തെക്കുറിച്ച് എനിക്കു ലജ്ജ തോന്നി. പിന്നെ ഏറെ ആലോചിക്കാതെ ഞാന്‍ തിരിച്ചുനടന്നു.

എനിക്കിനി മറ്റൊന്നും ചെയ്യാനില്ല. വെളിച്ചം വരുമെന്നു പ്രതീക്ഷിക്കുകയല്ലാതെ. ഇരുട്ടില്‍ പാഴായിപ്പോവുന്ന ഈ രാത്രിക്ക് ചരമക്കുറിപ്പുകളെഴുതുകയല്ലാതെ.

ഞാന്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചു. പക്ഷേ, അതിന്റെ ശബ്ദം മുറിയില്‍ വേറൊരു മൂലയില്‍ നിന്നാണു കേട്ടതെന്ന് എനിക്കു തോന്നി. അമ്മയാവുമോ? അമ്മയ്ക്കു ജീവനുണ്ടോ? ഞാന്‍ താഴെയിരുന്ന് അമ്മയുടെ മൂക്കിനു താഴെ വിരല്‍വെച്ചു നോക്കി. ശ്വസിക്കുന്നില്ല. ദേഹം തണുത്തുതന്നെയിരിക്കുന്നു.

അടിസ്ഥാനമില്ലാത്ത എന്റെ വിഭ്രാന്തിയേക്കുറിച്ച് സ്വയം ഒന്നു ചിരിക്കാന്‍ പുറപ്പെടുമ്പോഴാണ് മുറിയില്‍ എന്തോ തട്ടി വീണത്. ശബ്ദംകൊണ്ട് അത് ആഷ്‌ട്രേയാണെന്നു മനസ്സിലായി. വല്ല പൂച്ചയെങ്ങാനും അകത്തു കടന്നുകൂടിയിട്ടുണ്ടോ? വീഴാനുള്ള കാരണത്തേക്കുറിച്ച് ആലോചിക്കുമ്പോഴാണ് അത് ആരോ ടീപ്പോയില്‍തന്നെ വെയ്ക്കുന്ന ശബ്ദവും കേട്ടത്. അതെന്നെ ഞെട്ടിച്ചു. അമ്മ എഴുന്നേറ്റു നടക്കുകയല്ലെന്നുറപ്പുവരുത്താന്‍ ഞാന്‍ ഒരിയ്ക്കല്‍ക്കൂടി അമ്മയെ തപ്പിനോക്കി.

അതോടെ മുറിയില്‍ മറ്റാരോ കൂടിയുണ്ടെന്ന് എനിക്കു ബോദ്ധ്യമായി.

തീപ്പെട്ടിയെടുത്തപ്പോഴാണ് അതില്‍ ഒരു കൊള്ളിപോലും ബാക്കിയില്ലെന്ന കാര്യം എനിക്കോര്‍മ്മ വന്നത്. പെട്ടിക്കട തുറന്നിരിക്കുന്നുണ്ടാവുമെന്ന മൂഢപ്രതീക്ഷയില്‍ അവസാനത്തെ കൊള്ളി ഏറെയൊന്നും ആലോചിക്കാതെയാണ് ഞാന്‍ പാഴാക്കിക്കളഞ്ഞത്.

വാതില്‍ പൂട്ടാതെ ഞാന്‍ പുറത്തിറങ്ങിപ്പോയ നേരത്താവുമോ ഇരുള്‍പോലെ ഈ ജീവന്‍ അകത്തേക്കു പതുങ്ങിക്കടന്നിട്ടുണ്ടാവുക?

ആരാ അത്? ചോദിച്ചപ്പോള്‍ എന്റെ ശബ്ദം പുറത്തുവന്നില്ല. അതായിരിക്കാം മൗനം എനിക്കു മറുപടിയായി കിട്ടിയത്. എല്ലാ ശക്തിയും ഒരുക്കൂട്ടി ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു.

നിങ്ങളുടെ അമ്മയ്ക്ക് വേണ്ടപ്പെട്ട ഒരാളാണ്, ഞാന്‍ മറുപടി കേട്ടു.

അമ്മയ്ക്കിവിടെ കൂട്ടുകാരാരുമുണ്ടെന്ന് ഞാനിതുവരെ അറിഞ്ഞിട്ടില്ല. ഈ പാതിരാവില്‍, ഞാനറിയാതെ എന്റെ വാതില്‍ തുറന്ന് അകത്തു കടന്നു വരണമെങ്കില്‍ സാമാന്യം ധൈര്യമുള്ള ആളാവണം.

തീപ്പെട്ടിയുണ്ടോ നിങ്ങളുടെ കയ്യില്‍? ഞാന്‍ ചോദിച്ചു.

ഇല്ല. ശബ്ദം പറഞ്ഞു. എന്നെ കാണാനാണെങ്കില്‍ അതിനു മിനക്കെട്ടിട്ടു ഫലമില്ല. ഞാന്‍ നിങ്ങള്‍ക്കൊക്കെ അദൃശ്യനാണ്.

ഭൂതപ്രേതങ്ങളിലൊന്നും വിശ്വാസമില്ലാത്ത എനിക്ക് അതു ബോധ്യമായില്ല. സന്ദര്‍ഭത്തിനൊത്ത് ലേശം നേരമ്പോക്കാവാം എന്നു കരുതി ചോദിച്ചു. നിങ്ങളെപ്പോഴാണ് അകത്തുകടന്നത്?

നിങ്ങളുടെ അമ്മ മരിച്ച സമയത്തുതന്നെ ഞാനിവിടെ ഉണ്ടായിരുന്നു.

എനിക്കൊന്നും മനസ്സിലായില്ല. എന്റെ അമ്മയുടെ മരണവൃത്താന്തം, ഞാനിത്രയും രഹസ്യമാക്കി വെച്ച വൃത്താന്തം, വേറൊരാള്‍ അറിഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. ഞാന്‍ സ്വപ്നം കാണുകയാണോ എന്നു ശങ്കിച്ചു. വയറ്റില്‍ നുള്ളി ഉണര്‍ന്നിരിക്കുകയാണെന്ന് ഉറപ്പുവരുത്തി. അസ്വസ്ഥത മറച്ചുവെയ്ക്കാന്‍ വേണ്ടി ചോദിച്ചു. എന്താ നിങ്ങളുടെ പേര്?

അതൊക്കെ എന്തിനറിയുന്നു? ശബ്ദം ചിരിച്ചു. ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടപ്പെട്ട ആളാണ്. ഈ നഗരത്തിലെ ആള്‍ത്തിരക്കിലും ഓരോരുത്തരെയും നിഴലുപോലെ ഞാന്‍ പിന്തുടരുന്നു. നിങ്ങളുടെ അമ്മ മരിച്ചതുമുതല്‍ ഞാന്‍ നിങ്ങള്‍ക്കു കൂട്ടിരിക്കുകയാണ്. ശബ്ദം പെട്ടെന്നു നിര്‍ത്തി. ആട്ടെ അതൊക്കെ പോട്ടെ. എനിക്കു നിങ്ങളോടു ചിലതു പറയാനുണ്ട്.

ആദ്യം തോന്നിയ ബേജാറില്‍ നിന്ന് ഞാന്‍ വിമുക്തനായിരുന്നു. പറഞ്ഞോളൂ, ഞാന്‍ സമ്മതിച്ചു.

കേള്‍ക്കുമ്പോള്‍ മുഷിയരുത്. നിങ്ങള്‍ അമ്മയുടെ വിഷമം മുഴുവനും മനസ്സിലാക്കിയിട്ടില്ല എന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. നിങ്ങള്‍ മാത്രമല്ല പലരുമുണ്ട് ഈ നഗരത്തില്‍ ഇതുപോലെ. അമ്മ നിങ്ങള്‍ക്ക് ഒരസ്വാസ്ഥ്യമായിരുന്നു. രാവിലെ ജോലിക്കു പോയിക്കഴിഞ്ഞാല്‍പ്പിന്നെ നിങ്ങള്‍ അമ്മയെ മറക്കുകയാണല്ലോ പതിവ്. ജോലിയുടെ ബദ്ധപ്പാടില്‍ നിങ്ങള്‍ സൗകര്യപൂര്‍വ്വം മുഴുകുന്നു. രാവിലെ നിങ്ങള്‍ പോയിക്കഴിഞ്ഞാല്‍ അമ്മ ഈ ബാല്‍ക്കണിയില്‍ വന്നു നില്‍ക്കും. സമയംഅപ്പോള്‍ ഒമ്പതു മണിയായിട്ടേ ഉണ്ടാവുള്ളു. പിന്നെ ഒരു മണിക്കൂറോളം കഴിയുമ്പോള്‍ പുറത്തെ ബദ്ധപ്പാടൊടുങ്ങുന്നു. ജോലിയുള്ള ഒരു ദിവസം ഈ നഗരത്തിലെ വീടുകള്‍ മൂകമായിത്തീരുന്നത് അപ്പോഴാണ്. കുട്ടികളെ സ്‌കൂളിലേക്കും ഭര്‍ത്താവിനെ ഓഫീസിലേക്കും ഒരുക്കിയയച്ച് വേഗത്തിലിട്ട ഫാനിന്റെ ചുവട്ടില്‍ വീട്ടമ്മമാര്‍ തളര്‍ന്നുവീഴുന്ന നേരം. പിന്നെ ക്ഷീണവും വിയര്‍പ്പും കഴുകിക്കളയാന്‍ കുളിമുറിയില്‍ കയറുന്ന നേരം. അമ്മ പക്ഷേ ബാല്‍ക്കണിയില്‍ത്തന്നെ നില്‍ക്കും. താഴെ മുറ്റത്ത് പഴയ ടിന്നുകള്‍ വാങ്ങാന്‍ നടക്കുന്ന ഒന്നോ രണ്ടോ വഴിവാണിഭക്കാര്‍. അടുത്ത നിമിഷം പൊട്ടിക്കരച്ചിലുകളായി മാറുമെന്നു തോന്നിപ്പിക്കുന്ന അവരുടെ വിളിച്ചുപറച്ചിലുകള്‍. രാത്രിഷിഫ്ടു കഴിഞ്ഞ് പകലെന്ന രാത്രി തുടങ്ങും മുമ്പേ വല്ലതും വാങ്ങിക്കൊണ്ടുവരാന്‍ സ്പനാടകരേപ്പോലെ പുറത്തിറങ്ങുന്ന രണ്ടോ മൂന്നോ ജോലിക്കാര്‍. നടപ്പാത ഏങ്കോണിച്ചുകടക്കുന്ന ഒരു പൂച്ച. അമ്മ ഇതെല്ലാം കണ്ടുകൊണ്ടു കുറെനേരം നില്ക്കും. പിന്നെ മുറിയില്‍ വന്നിരിക്കും. അപ്പോള്‍ ഞാന്‍ അമ്മയുടെ അടുത്ത് ചെന്നിരിക്കും. ആദ്യമാദ്യമൊക്കെ അമ്മ എന്നെ വെറുത്തിരുന്നു. പിന്നെപ്പിന്നെ വേണ്ടപ്പെട്ട ഒരാളായി അംഗീകരിച്ചു. അമ്മ എന്നോട് പരാതികള്‍ പറയാന്‍ തുടങ്ങി. ഞാനെല്ലാം ക്ഷമയോടെ കേള്‍ക്കും. ചിലപ്പോള്‍ എന്നോട് തമാശ പറയും. എല്ലാം പങ്കിട്ടുകൊണ്ട് ഞാന്‍ ഒപ്പമിരിക്കും.

ഉച്ചയ്ക്ക് അമ്മ കാര്യമായി ഊണുകഴിക്കാറില്ല. വിശപ്പില്ലെന്നാണു പറയാറ്. ചുറ്റും ഉച്ചനേരത്തിന്റെ മയക്കം പതിയുമ്പോള്‍ അമ്മയും ഉറങ്ങാന്‍ കിടക്കും. പക്ഷേ, നഗരപ്രാന്തങ്ങളിലെ ഈച്ചകള്‍ അമ്മയെ ഉറങ്ങാന്‍ സമ്മതിക്കാറില്ല. അമ്മ മയക്കത്തിലേക്ക് തെന്നിവീഴുമ്പോഴൊക്കെ അവ കൂട്ടത്തോടെ അമ്മയെ പൊതിയുന്നു. അവയെ ആട്ടിയകറ്റി അമ്മ തളരുന്നു.

നിങ്ങള്‍ക്ക് മുഷിയുന്നുണ്ടോ? ശബ്ദം വര്‍ത്തമാനം നിര്‍ത്തി ചോദിച്ചു.

ഇല്ല. പറഞ്ഞോളൂ. ഞാന്‍ പറഞ്ഞു. ഞാനെല്ലാം കേള്‍ക്കുന്നുണ്ട്.

ആരിലും വിഷാദം നിറയ്ക്കുന്ന സന്ധ്യകളേക്കുറിച്ച് ഞാന്‍ പറയേണ്ടതില്ലല്ലോ. ഒന്നും ചെയ്യാനില്ലാതെ അനങ്ങാതിരിക്കുന്ന അമ്മയ്ക്ക് മൂകസാക്ഷിയായിരിക്കാനേ എനിക്കു കഴിയാറുള്ളൂ. നിങ്ങളുടെ കോളിങ് ബെല്ലിന്റെ ശബ്ദത്തിന് കാതോര്‍ത്തിരിക്കുകയാണ് അമ്മയുടെ പതിവ്. അത് നിങ്ങളെ കാണാനുള്ള അക്ഷമയാണെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. അതിന്റെ കാരണം പിന്നെപ്പറയാം. നിങ്ങള്‍ വാതില്‍ തുറന്ന് അകത്തുകടക്കുന്നതോടെ ഞാന്‍ പുറത്തു പോകുകയാണ് ആദ്യമൊക്കെ പതിവ്.

ഓഫീസീല്‍നിന്ന് തിരിച്ചുവന്ന നിങ്ങള്‍ സിഗററ്റും പത്രവുമായി ഈ മുറിയില്‍ത്തന്നെ കഴിയുമ്പോള്‍ നിങ്ങള്‍ക്കു ചായ തന്ന് അമ്മ അടുക്കളയിലേക്കുതന്നെ ഉള്‍വലിയുന്നു. ആദ്യമൊക്കെ, ഓര്‍ക്കുന്നുണ്ടോ, നിങ്ങള്‍ മടങ്ങിയെത്തും മുമ്പുതന്നെ അമ്മ അവയൊക്കെ തീര്‍ത്തുവെയ്ക്കാറുണ്ടായിരുന്നു. നിങ്ങളുടെ മുഖത്ത് കണ്ണുനട്ടുകൊണ്ട് അരികെയുള്ള കസാലയിലിരിയ്ക്കുന്ന അമ്മ പത്രം വായിക്കുന്ന നിങ്ങളെ അസ്വസ്ഥനാക്കിയിരുന്നു. നിങ്ങള്‍ അമ്മയോട് കാര്യമായി ഒന്നും മിണ്ടിയിരുന്നില്ല. കുറ്റബോധത്തോടെ നിങ്ങളുടെ കണ്ണുകള്‍ അമ്മയെ തേടിച്ചെല്ലുമ്പോഴൊക്കെ അമ്മ നിങ്ങളെ നോക്കി മന്ദഹസിക്കും. അത് നിങ്ങളെ കൂടുതല്‍ അസ്വസ്ഥനാക്കും. എന്തെങ്കിലും സംസാരിക്കാന്‍ നിങ്ങള്‍ ശ്രമിക്കായ്കയല്ല. പക്ഷേ, നിങ്ങള്‍ അമ്മയോട് എന്തു പറയാനാണ്? ഓഫീസിലെ വര്‍ത്തമാനങ്ങളോ? രാഷ്ട്രീയമോ? നിങ്ങളുടെ വിഷമം എനിക്കു മനസ്സിലാക്കാന്‍ കഴിയും. അമ്മയും മനസ്സിലാക്കിയെന്നു തോന്നുന്നു. അന്നു തൊട്ടാണ് നിങ്ങള്‍ വരുമ്പോഴൊക്കെ അമ്മ അടുക്കളയിലേക്കു രക്ഷപ്പെട്ടത്. അന്നുതൊട്ടാണ് ഞാന്‍ അടുക്കളയിലും അമ്മയ്ക്കു കൂട്ടിരിക്കാന്‍ തുടങ്ങിയത്.

ശാന്തമായുറങ്ങുന്ന അമ്മയെ കാണാന്‍ ഉറക്കമൊഴിച്ചിരിക്കുന്ന നിങ്ങള്‍ക്ക് കൂട്ടിരിക്കാന്‍ വന്നതാണ് ഞാന്‍. അമ്മയ്ക്കിനി ഞാനാരുമല്ല. പകല്‍സമയത്ത് ഇവിടെ കടന്നുവരുന്ന എന്റെ പതിവ് ഇനി മുതല്‍ ആവശ്യമില്ല. എന്നാലും ഞാന്‍ വരും. പകലുകളിലല്ല, രാത്രികളില്‍. ജോലികഴിഞ്ഞു തളര്‍ന്നുവരുന്ന നിങ്ങള്‍ക്ക് കൂട്ടിരിക്കാന്‍.

വാതില്‍ക്കല്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു.

നോക്കൂ, രാത്രിയൊടുങ്ങി. വെളിച്ചം പരക്കാന്‍ ഇനി നിമിഷങ്ങളേ ബാക്കിയുള്ളു. ഇപ്പോള്‍ വാതില്‍ക്കല്‍ മുട്ടിയത് അടുത്ത വീട്ടിലെ സ്ത്രീയാവാനാണിട. രാത്രി അവര്‍ക്ക് ഉറക്കം കുറവാണ്. വെളിച്ചം അവരെ ഭ്രാന്തു പിടിപ്പിക്കുമത്രേ. ഭര്‍ത്താവിനാണെങ്കില്‍ വെളിച്ചമില്ലാതെ ഉറക്കം വരില്ല. അവരുണര്‍ന്നു കിടക്കുമ്പോഴൊക്കെ ആ മുറിയില്‍ ഞാന്‍ പതുങ്ങിക്കടന്നുചെന്നു. രാത്രി മുഴുവന്‍ പരാതി കേള്‍ക്കാന്‍. പകല്‍സമയങ്ങളില്‍ അവര്‍ക്കെന്നെ ആവശ്യമില്ല. അവര്‍ ഗാഢമായി ഉറങ്ങുന്നതപ്പോഴാണ്.

ഞാന്‍ കുറേയധികം പറഞ്ഞുപോവുന്നു. അമ്മയെ ശ്മശാനത്തിലേക്കെടുക്കേണ്ട സമയമായി. നിങ്ങള്‍ എഴുന്നേല്‍ക്കുക. വാതില്‍ തുറക്കുക. ആ സ്ത്രീയെ അമ്മയുടെ മരണമറിയിക്കുക. ഞാനിവിടെനിന്ന് തല്ക്കാലം പുറത്തുപോവുകയാണ്.

കാലടിയൊച്ച ഞാന്‍ കേട്ടില്ല. ആരുമെന്നെ സ്പര്‍ശിച്ചതുമില്ല. ഏതാനും നിമിഷങ്ങളുടെ നിശ്ശബ്ദതയ്ക്കുശേഷം ഞാന്‍ ചോദിച്ചു. നിങ്ങള്‍ പോയോ?

എനിക്കുള്ള മറുപടി വാതില്‍ക്കല്‍ വീണ്ടും ഒരു മുട്ടലായിരുന്നു.

ഞാന്‍ എഴുന്നേറ്റു ബാല്‍ക്കണിയില്‍ ചെന്നു. താഴെ കെട്ടിടവളപ്പില്‍ ദിവസം ഉറക്കമുണര്‍ന്നു തുടങ്ങിയിരിക്കുന്നു. പാല്‍ക്കാരന്‍ പാത്രങ്ങള്‍ കലമ്പിച്ചുകൊണ്ട് സൈക്കിളില്‍ കറങ്ങുന്നു. പത്രക്കാരനും വരികയായി. നേരത്തേ ജോലിക്കു പോകുന്നവര്‍ ബസ്‌സ്റ്റോപ്പിനെ ലക്ഷ്യമാക്കി തിടുക്കത്തില്‍ നടക്കുന്നു.

മുറിയില്‍ ഇപ്പോഴും ഇരുട്ടാണ്. ബാല്‍ക്കണിയുടെ വാതില്‍ ഞാന്‍ മലര്‍ക്കെ തുറന്നു. മരണം നടന്ന വീട്ടിലേക്ക് മടിച്ചുമടിച്ചു കയറുന്ന സന്ദര്‍ശകനേപ്പോലെ പുലരിയുടെ അരണ്ട വെളിച്ചം മുറിയിലേക്കു മെല്ലെ കടന്നുവന്നു. ഞാന്‍ അമ്മയുടെ അടുത്തു മുട്ടുകുത്തിയിരുന്നു. അമ്മയുടെ മുഖത്ത് ഉറുമ്പുകള്‍ അരിച്ചുനടക്കുന്നുണ്ടായിരുന്നു.

അപ്പോള്‍ വാതിക്കല്‍ തുടര്‍ച്ചയായി മുട്ടുകേട്ടു.

ഞാന്‍ എഴുന്നേറ്റു.

എനിക്ക് വാതില്‍ തുറക്കാനുള്ള സമയമായി.

(1985)