close
Sayahna Sayahna
Search

രോഹിണി ഭട്ട്


‌← അഷ്ടമൂർത്തി

രോഹിണി ഭട്ട്
KVAshtamoorthi-02.jpg
ഗ്രന്ഥകർത്താവ് കെ.വി.അഷ്ടമൂർത്തി
മൂലകൃതി വീടുവിട്ടുപോകുന്നു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡി.സി. ബുക്സ്, കോട്ടയം
വര്‍ഷം
1992
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 97

രോഹിണി ഭട്ട്

സ്ത്രീധനമരണത്തേക്കുറിച്ച് ഓരോ വാര്‍ത്ത വായിക്കുമ്പോഴും ഞാന്‍ രോഹിണി ഭട്ടിനേക്കുറിച്ച് ഓര്‍ത്തുപോവുന്നു.

രോഹിണി എന്റെ സഹപാഠിയായിരുന്നു. ആദ്യത്തെ ക്ലാസ്സില്‍ത്തന്നെ എല്ലാവരില്‍ നിന്നും അകന്ന് ഏറ്റവും പിന്നിലത്തെ ബെഞ്ചില്‍ ഒറ്റയ്ക്കു ചെന്നിരുന്ന് അവള്‍ ശ്രദ്ധ പിടിച്ചുപറ്റി. ബെഞ്ചില്‍ ചമ്രം പടിഞ്ഞിരുന്നാണ് അവള്‍ കുറിപ്പുകള്‍ എഴുതിയത്. അതു കണ്ടതോടെ എനിക്കു രോഹിണിയോടു വെറുപ്പായി.

ക്ലാസ്സില്‍ പകുതിയിലധികം പെണ്‍കുട്ടികളായിരുന്നു. അവരില്‍ നിന്നൊക്കെ അകന്നുനില്‍ക്കുകയായിരുന്നു രോഹിണി. ആ കൂസലില്ലായ്മയും അവളോടുള്ള അനിഷ്ടം വളര്‍ത്തുകയാണ് ചെയ്തത്.

ദിവസങ്ങള്‍ കഴിയുന്തോറും അവള്‍ ഒരു ഫ്‌ളര്‍ട്ട് ആണെന്ന എന്റെ സംശയം ബലപ്പെട്ടുവന്നു. ഓരോ ദിവസവും ഓരോ ആണ്‍കുട്ടിയുടെ കൂടെ അവളെ കണ്ടു. അവള്‍ കൈയൊഴിച്ച അപൂര്‍വ്വം പേരില്‍ ഒരാളാണ് ഞാനും എന്ന് കരുതിയിരിക്കുമ്പോള്‍ ഒരു ദിവസം പിന്നില്‍ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.

‘ബിജോയ്, ഇന്നു നമുക്ക് ക്ലാസ്സ് കഴിഞ്ഞ് ഒന്നിച്ചു പോവാം.’

ഞാന്‍ അതു കേട്ടില്ലെന്നു നടിച്ച് ഇരുന്നപ്പോള്‍ അവള്‍ അടുത്തു വന്ന് അഭ്യര്‍ത്ഥന ആവര്‍ത്തിച്ചു.

സമ്മതിയ്ക്കുകയല്ലാതെ എനിയ്ക്കു നിവൃത്തിയൊന്നുമില്ലായിരുന്നു.

ക്ലാസ്സുകഴിഞ്ഞപ്പോള്‍ പതിവു കൂട്ടുകാരോട് നടന്നുകൊള്ളാന്‍ പറഞ്ഞ് ഞാന്‍ വരാന്തയില്‍ കാത്തുനിന്നു. രോഹിണി പ്രൊഫസറോട് കാര്യമായി എന്തോ സംസാരിയ്ക്കുകയാണ്. കുറച്ചുനേരം കാത്തുനിന്നപ്പോഴേയ്ക്കും എന്റെ ക്ഷമ കെട്ടു. ഞാന്‍ ഇറങ്ങിനടന്നു.

പിറ്റേന്ന് മാപ്പു ചോദിയ്ക്കാന്‍ ഞാന്‍ രോഹിണിയുടെ അടത്തു ചെന്നപ്പോള്‍ അവള്‍ മുഖം തിരിച്ചു.

ബാധ അതോടെ തീര്‍ന്നുവെന്നാണ് വിചാരിച്ചത്. പക്ഷേ അതിന്റെ പിറ്റേന്ന് രോഹിണി ആവശ്യം ആവര്‍ത്തിച്ചു.

കൂട്ടുകാരൊക്കെ സ്ഥലം വിട്ടിരുന്നു. രോഹിണി വളരെ പതുക്കെയാണ് നടന്നത്. വേഗം നടന്നു ശീലിച്ച ഞാന്‍ അവളുടെ പതിഞ്ഞ താളത്തിനൊത്തു നടക്കാന്‍ വിഷമിച്ചു.

കടലില്‍നിന്ന് തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. അറബിക്കടലിന്റെ റാണിയുടെ പതക്കം അകലെനിന്ന് കാണാനുണ്ടായിരുന്നു. രോഹിണി ഒന്നും മിണ്ടിയിരുന്നില്ല. നിശ്ശബ്ദത ഭഞ്ജിക്കാന്‍ എന്താണ് പറയേണ്ടത് എന്ന് ഞാന്‍ ചിന്തിക്കുമ്പോഴാണ് രോഹിണി ചോദിച്ചത്.

‘എന്നെ പേടിയാണോ?’

ഞാന്‍ രോഹിണിയുടെ മുഖത്തേക്കു നോക്കി. അവള്‍ ചിരിക്കുകയായിരുന്നു. എനിക്കു കലശലായി ദേഷ്യം വന്നു.

‘പേടിക്കുന്നത് എന്റെ സ്വഭാവമല്ല,’ ഞാന്‍ പറഞ്ഞു.

‘പിന്നെ എന്താ മിനിയാണ് ഓടിപ്പോയത്?’

വസ്തുനിഷ്ഠമായ മറുപടി കൊടുത്തേ തീരു. കുറച്ചൊന്നാലോചിച്ച് ഞാന്‍ പറഞ്ഞു.

‘പകല് മുഴുവന്‍ തിരിമുറിഞ്ഞ പണി. വൈകുന്നേരം ക്ലാസ്സിനു വരണ്ട എന്നുവരെ തോന്നാറുണ്ട്. ക്ലാസ്സുകൂടി കഴിയുമ്പോഴേക്കും ക്ഷീണം ഇരട്ടിക്കും. വല്ല വിധത്തിലും വീട്ടിലെത്തിയാല്‍ മതിയെന്നാവും. അതാണ് ഈ ഓട്ടം.’

മറുപടി അവള്‍ക്ക് ബോധിച്ചില്ലെന്നു തോന്നുന്നു. ചിരിച്ചുകൊണ്ട് അവള്‍ വിഷയം മാറ്റി.

‘ബിജോയ്, നിങ്ങളുടെ ഭാഷയില്‍ പേര് വിജയ് എന്നല്ലേ വേണ്ടിയിരുന്നത്?’

‘വിജയന്‍ എന്നാണ് വേണ്ടത്.’

‘പിന്നെ എന്താണ് പേരില്‍ ഒരു ബംഗാളിച്ചുവ?’

‘ബംഗാളിക്കും മലയാളിക്കും ഒരു സമാനസ്വഭാവമുള്ളതറിയില്ലേ?’ ഞാന്‍ ചോദിച്ചു. ‘ഉല്‍ക്കര്‍ഷബോധം!’

പിന്നെ സ്റ്റേഷനിലെത്തുന്നതുവരെ അവള്‍ ഒന്നും സംസാരിച്ചില്ല. എന്തിനാണ് അവള്‍ എന്റെ കൂടെ വരാം എന്നു പറഞ്ഞതെന്ന് അത്ഭുപ്പെടുകയായിരുന്നു ഞാന്‍. വണ്ടി വന്നപ്പോള്‍ അവള്‍ സ്ത്രീകള്‍ക്കുള്ള കംപാര്‍ട്ടുമെന്റിലാണ് കയറിയത്.

പിന്നെ രണ്ടു മാസത്തോളം രോഹിണി കാര്യമായ ഒരടുപ്പവും കാണിച്ചില്ല. കണ്ടാല്‍ ‘ഹലോ’ എന്നു പറഞ്ഞ് ഒന്നു ചിരിച്ചുവെന്നുവരുത്തും. തനിയെ ക്ലാസ്സില്‍ വരും. പിന്നിലത്തെ ബെഞ്ചില്‍ ചമ്രം പടിഞ്ഞിരുന്ന് കുറിപ്പുകളെഴുതും. ക്ലാസ്സുകഴിഞ്ഞാല്‍ തനിച്ചു മടങ്ങും.

ദീപാവലി വെക്കേഷന്‍ തുടങ്ങുന്നതിന്റെ തലേന്ന് അവള്‍ എന്റെ അടുത്തുവന്ന് ബെഞ്ചില്‍ ഒപ്പമിരുന്നു.

‘ഡൗറി ഡെത്ത്‌സിനേക്കുറിച്ച് വല്ല ലേഖനങ്ങളോ റിപ്പോര്‍ട്ടുകളോ കൈയിലുണ്ടോ?’ അവള്‍ ചോദിച്ചു.

എനിക്കു കുറച്ച് ആലോചിക്കേണ്ടിവന്നു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് സണ്‍ഡേ വാരികയില്‍ ഒരു ഫീച്ചര്‍ കണ്ടത് ഓര്‍മ്മ വന്നു. തപ്പിയെടുക്കേണ്ടി വരും.

‘രോഹിണിക്ക് എന്തിനാണ് അത്?’ ഞാന്‍ ചോദിച്ചു.

‘പേപ്പര്‍ സബ്മിറ്റ് ചെയ്യണ്ടേ?’

‘അതിന് കണ്ടുപിടിച്ച വിഷയമാണോ ഇത്?’ എനിക്കു ചിരി വന്നു. ’ഇറ്റീസ് ആന്‍ ഓവര്‍റിട്ടണ്‍ സബ്ജക്റ്റ്.‘

‘ഐ ഡോണ്‍ട് മൈന്‍ഡ് ദാറ്റ്,&lrquo; രോഹിണി പറഞ്ഞു. ‘ഏതു വിഷയമെടുത്താലും ഒരാള്‍ക്ക് സ്വന്തമായി പറയാന്‍ എന്തെങ്കിലും ഉണ്ടാവും.’

വെക്കേഷന്‍ കഴിഞ്ഞു തുറന്നപ്പോള്‍ വാരികയുടെ പ്രതിയുമായാണ് ഞാന്‍ ക്ലാസ്സിലെത്തിയത്. പക്ഷേ രോഹിണി വന്നിരുന്നില്ല. പിന്നേയും രണ്ടാഴ്ച കഴിഞ്ഞാണ് അവള്‍ ക്ലാസ്സില്‍ വന്നത്. വാരിക നീട്ടിയപ്പോള്‍ അവള്‍ പറഞ്ഞു. ‘ഇത് ഇപ്പോള്‍ കൈയില്‍ത്തന്നെ വെച്ചോളൂ. ആവശ്യമായാല്‍ ഞാന്‍ ചോദിച്ചോളാം.’

രോഹിണി ചിന്താമഗ്നയായിരുന്നു. ശല്യപ്പെടുത്തേണ്ടെന്നുകരുതി തിരിച്ചുനടക്കുമ്പോള്‍ രോഹിണി വിളിച്ചു.

‘ബിജോയ്!’

ഞാന്‍ തിരിച്ചുചെന്നു.

‘എനിക്കു വേണ്ടി ഇന്നത്തെ ക്ലാസ്സ് കട്ട് ചെയ്യാന്‍ ഒരുക്കമാണോ?’

എനിക്ക് ആ ചോദ്യം ഒട്ടും ഇഷ്ടമായില്ല. വാരിക പിന്നീടു മതി എന്നു പറഞ്ഞതോടെത്തന്നെ എനിക്കു മുഷിഞ്ഞിരുന്നു. രണ്ടാമതൊന്നാലോചിക്കാതെ ഞാന്‍ പറഞ്ഞു. ‘സോറി. ഒരുക്കമല്ല.’

ചെയ്തതു തെറ്റായിപ്പോയി എന്നു തോന്നിയത് പിന്നീടാണ്. അങ്ങോട്ടു ചെന്നു പറയാം എന്നുറപ്പിച്ചാണ് കോളേജിലെത്തിയത്. പക്ഷേ, അന്ന് രോഹിണി ക്ലാസ്സില്‍ വന്നില്ല.

അന്നു മാത്രമല്ല പിന്നെ തുടര്‍ച്ചയായി നാലുദിവസം.

ആറാം ദിവസം ഏതായാലും അവള്‍ വന്നു. ക്ലാസ്സ് കട്ട് ചെയ്ത് കൂടെച്ചെല്ലാന്‍ ഒരുക്കമാണെന്നറിയിച്ചപ്പോള്‍ അവള്‍ ചിരിച്ചു.

‘അവിടത്തെ ദയവ്!’

കടല്‍ത്തീരത്ത് സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞിരുന്നില്ല. രോഹിണി ഒന്നും മിണ്ടിയില്ല. പറയട്ടെ എന്നു കരുതി ഞാന്‍ കാത്തിരുന്നു. ഒടുവില്‍ അവള്‍ പറഞ്ഞു. ‘ദീപാവലിക്ക് നാട്ടില്‍ പോയ സമയത്ത് എന്റെ ഏടത്തി മരിച്ചു.’

രോഹിണി എന്റെ മുഖത്തു നോക്കി. ഞാന്‍ ഞെട്ടുമെന്നു അവള്‍ പ്രതീക്ഷിച്ചിരിക്കാം. പത്രത്തിലെ ഒരൊറ്റക്കോള വാര്‍ത്ത ഉണ്ടാക്കുന്ന നടുക്കത്തിലപ്പുറമൊന്നും എന്നിലുണ്ടാവാന്‍ വഴിയില്ല. രോഹിണിക്ക് ഒരേടത്തി ഉണ്ടായിരുന്നു എന്നുതന്നെ ഞാനിപ്പോഴാണല്ലോ അറിയുന്നത്.

‘എന്തായിരുന്നു അസുഖം?’ മര്യാദയോര്‍ത്ത് ഞാന്‍ ചോദിച്ചു.

‘ഒന്നുമുണ്ടായിരുന്നില്ല. ഒരു സ്ത്രീധനമരണത്തേക്കുറിച്ച് പത്രങ്ങളിലൊക്കെ വന്നിരുന്നു. വായിച്ചില്ലേ?’

എന്റെ കണ്ണുകള്‍ കുടുങ്ങിനില്‍ക്കാത്ത വാര്‍ത്താശീര്‍ഷകങ്ങളായിരുന്നു സ്ത്രീധനമരണങ്ങള്‍.

‘ഓര്‍മിക്കുന്നില്ല,’ ഞാന്‍ പറഞ്ഞു.

‘ദീപാവലിയുടെ പിറ്റേന്നാണ്. രാത്രി രണ്ടുമണിക്ക് ഒരു കാര്‍ വീട്ടില്‍ വന്നുനിന്നു. ഉടനെ പുറപ്പെടണം. സുമതി വിഷം കഴിച്ച് ആസ്പത്രിയിലാണ് എന്ന് ഏടത്തിയുടെ ഭര്‍ത്താവു പറഞ്ഞു. ആസ്പത്രിയിലെത്തിയപ്പോള്‍ ഏടത്തി സ്‌കര്‍ട്ടു മാത്രമിട്ട് പോസ്റ്റുമാര്‍ട്ടം കാത്തുകിടക്കുന്നു. ആഭരണങ്ങളൊക്കെ അഴിച്ചുവെച്ചിരുന്നു.’

ഒരു ദീര്‍ഘനിശ്വാസത്തിനുശേഷം രോഹിണി തുടര്‍ന്നു.

‘അത് ആത്മഹത്യയായിരുന്നുവെന്ന് എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല. ദീപാവലി വെക്കേഷന് നാട്ടില്‍ വരുമ്പോള്‍ മൈലാഞ്ചി ഇടാനുള്ള സ്‌റ്റെന്‍സില്‍ വാങ്ങിക്കൊണ്ടുവരണമെന്ന് ഏടത്തി എനിക്കെഴുതിയിരുന്നു.’

‘ആത്മഹത്യയല്ലെന്നു തോന്നാന്‍ വേറെ കാരണമുണ്ടോ?’

‘സുമതിയെ അവരെപ്പോഴും ഹരാസ് ചെയ്തിരുന്നു.’

‘സ്ത്രീധനപ്രശ്‌നത്തില്‍, അല്ലേ?’

‘അല്ല. സുമതിയെ കല്യാണം കഴിക്കുമ്പോള്‍ അവര്‍ ഒരുറുപ്പികപോലും സ്ത്രീധനം ആവശ്യപ്പെട്ടില്ല. ദാരിദ്ര്യംകൊണ്ട് ഞങ്ങള്‍ കൊടുത്തുമില്ല. നേരെ മറിച്ച് സുമതിയുടെ കല്യാണശേഷം അവരുടെ ദയാവായ്പിലായിരുന്നു ഞങ്ങളുടെ ജീവിതം. എന്നെ ഇത്ര പഠിപ്പിച്ചതും അവര്‍തന്നെ.’

‘അപ്പോള്‍ ഡൗറിഡെത്തെന്ന് പത്രത്തില്‍ വന്നത്…’

‘അസംബന്ധം!’ രോഹിണി ചീറി. ‘ഈ പത്രക്കാര്‍ക്ക് എന്നും ഒന്നുമാത്രമേ പറയാനുള്ളു. ഏതെങ്കിലും ഒരു പെണ്‍കുട്ടി മരിച്ചാല്‍ തുടങ്ങുകയായി ജപം. ഡൗറിഡെത്താണത്രെ! നിങ്ങള്‍ക്കറിയുമോ ഈ മരണങ്ങളില്‍ തൊണ്ണുറുശതമാനവും നടക്കുന്നത് സ്ത്രീധനം കാരണമല്ല. ഞാന്‍ ഈ ജേര്‍ണലിസത്തെ വെറുത്തുതുടങ്ങി.’

‘മരണത്തെപ്പറ്റി അന്വേഷിക്കാന്‍ അച്ഛനമ്മമാര്‍ പോലീസില്‍ പരാതിപ്പെട്ടില്ലേ?’ ഞാന്‍ ചോദിച്ചു.

‘ഇല്ല. ഞാന്‍ പറഞ്ഞില്ലേ, അവരോടുള്ള കടപ്പാട്. എന്നുമാത്രമല്ല —’

പെട്ടെന്ന് എന്റെ കണ്ണുകളില്‍ ഉറ്റുനോക്കിക്കൊണ്ട് രോഹിണി ചോദിച്ചു.

‘ഞാന്‍ സുന്ദരിയാണെന്നു തോന്നുന്നുണ്ടോ ബിജോയ്?’

എനിക്ക് പെട്ടെന്ന് ഉത്തരം പറയാനായില്ല. ഞാന്‍ എന്റെ സഹപാഠികളെ ഓര്‍ത്തുനോക്കി. ജ്യോതി സൊഹാനി, വീണാഷെട്ടി, അല്‍പ്പന ചൗധരി… രോഹിണി അവരോളം സുന്ദരിയല്ല. ഒരു ശരാശരി പെണ്‍കുട്ടിമാത്രം.

‘അല്ലെങ്കില്‍ സൗന്ദര്യം ആപേക്ഷികമല്ലേ?’ രോഹിണി തന്നോടുതന്നെയെന്നപോലെ ചോദിച്ചു. പിന്നെ തുടര്‍ന്നു. ‘ഞാന്‍ സുമതിയേക്കാള്‍ സുന്ദരിയാണെന്നു തോന്നുന്നു.’

പിന്നെയും മൗനത്തിന്റെ തുടര്‍ച്ച. ഇരുട്ടിയപ്പോള്‍ ഞങ്ങള്‍ എഴുന്നേറ്റു.

‘നാളെ ക്ലാസ്സില്‍ വരില്ലേ?’ പിരിയുമ്പോള്‍ ഞാന്‍ ചോദിച്ചു.

‘തീര്‍ച്ചയായും,’ രോഹിണി പറഞ്ഞു.

പക്ഷേ രോഹിണി പിറ്റേന്ന് ക്ലാസ്സില്‍ വന്നില്ല. അന്നുമാത്രമല്ല. പിന്നെ രോഹിണി പഠിക്കാന്‍ വന്നതേയില്ല.

പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേന്ന് ആകാശവാണി തിയേറ്ററില്‍ ഒരു സിനിമ കാണാന്‍ പോയതായിരുന്നു ഞാന്‍. ടിക്കറ്റെടുത്തു. പടം തുടങ്ങാന്‍ പിന്നെയും പത്തുമിനിട്ടു കഴിയണം. ഒരു ചായ കുടിക്കാന്‍ എമ്മല്ലേസ് ഹോസ്റ്റല്‍ കാന്റീനില്‍ ചെന്നിരുന്നു. അപ്പോള്‍ അതാ ഒരു മേശയ്ക്കപ്പുറം രോഹിണി ഇരിക്കുന്നു. ഒപ്പമിരിക്കുന്ന സുമുഖനായ ചെറുപ്പക്കാരനോട് എന്തോ സംസാരിക്കുന്നതിനിടയില്‍ അവള്‍ എന്നെക്കണ്ടില്ല. ശല്യപ്പെടുത്തേണ്ടെന്നു കരുതി ഞാന്‍ അങ്ങോട്ടു ശ്രദ്ധിക്കാതിരുന്നു.

‘ഹലോ!’

രോഹിണി എന്നെ കണ്ടു. ഉടനെ ചെറുപ്പക്കാരനേയും കൂട്ടി എന്റെ അടുത്തേക്കു വന്നു.

‘നിങ്ങളുടെ ഭാഷയിലുള്ള സിനിമ കാണാന്‍ പോവുകയാണ്,’ ഞാന്‍ പറഞ്ഞു.

‘ഭാവ്‌നി ഭവായ്?’ എനിക്കെതിരെ ഇരുന്ന് അവള്‍ ചോദിച്ചു.

‘അതെ.’

രോഹിണി എന്നെ ചെറുപ്പക്കാരന് പരിചയപ്പെടുത്തി.

‘അയാം സുധീര്‍ ദോഷി.’ ചെറുപ്പക്കാരന്‍ എനിക്കു കൈതന്ന് എതിരെ ഇരുന്നു.

വര്‍ത്തമാനത്തിനിടയില്‍ കേതന്‍മേത്ത തന്റെ കോളേജ്‌മേറ്റായിരുന്നുവെന്ന് അയാള്‍ പറഞ്ഞു. കാണേണ്ട സിനിമയാണ്. പടത്തിന്റെ പ്രൊഡക്ഷന്‍ യൂണിറ്റിലും അയാള്‍ ഉണ്ടായിരുന്നുവത്രെ.

അവിടെനിന്നു യാത്ര പറയുമ്പോള്‍ പിറ്റേന്നു തന്നെ രോഹിണിയെ കാണുമെന്ന് പ്രതീക്ഷിച്ചതല്ല. ഹോട്ടല്‍ റിറ്റ്‌സിനു മുമ്പില്‍ അവള്‍ എന്നെത്തന്നെ കാത്തുനില്ക്കുകയായിരുന്നു എന്നു തോന്നി. കൂടെ തലേന്നു കണ്ട ചെറുപ്പക്കാരനുണ്ടോ എന്നാണ് ഞാന്‍ നോക്കിയത്.

‘ടുഡേ അയാം എലോണ്‍,’ രോഹിണി ചിരിച്ചു. ‘ഒരുകാര്യം ചോദിക്കാനാണ് ഞാനിവിടെ നിന്നത്. നാളെ വൈകുന്നേരം ഒന്നു കാണാന്‍ സൗകര്യപ്പെടുമോ?’

‘ഇഷ്ടംപോലെ,’ ഞാന്‍ പറഞ്ഞു.

‘എന്നാല്‍ പറയൂ, എത്ര മണിക്ക്, എവിടെവെച്ച്?’

‘വൈകുന്നേരം അഞ്ചര മണി, സല്‍ക്കാര്‍ റെസ്‌റ്റോറന്റ്.’

‘ശരി. ഞാന്‍ നിങ്ങളുടെ അതിഥിയായിരിക്കും. എഗ്രീഡ്?’

പിറ്റേന്ന് അഞ്ചരയ്ക്കു മുമ്പുതന്നെ ഞാന്‍ സല്‍ക്കാറിന്റെ മുന്നിലെത്തി.

അഞ്ചര കഴിഞ്ഞു രോഹിണി വന്നപ്പോള്‍.

റെസ്റ്റോറന്റില്‍ നല്ല തിരക്കായിരുന്നു. മേശ ഒഴിയാന്‍ കാത്ത് ഒഴിഞ്ഞ ഒരു മൂലയില്‍ ഞങ്ങള്‍ നിന്നു. രോഹിണി പതിവിലേറെ ഉല്ലാസവതിയാണെന്ന് എനിക്കു തോന്നി. കസാല കിട്ടി ഇരുന്നപ്പോള്‍ ഞാന്‍ മെനുകാര്‍ഡ് രോഹിണിക്കുനേരെ നീട്ടി. ‘യൂ ചൂസ്.’

‘നോ, അതിഥിക്കു വേണ്ടതെന്തെന്നു നിശ്ചയിക്കേണ്ടത് ആതിഥേയനാണ്.’

മെനു കാര്‍ഡിലൂടെ ഞാന്‍ കണ്ണോടിച്ചു. സ്വതേ മധുരപ്രിയരാണ് ഗുജറാത്തികള്‍. സൗത്തിന്ത്യന്‍ ഡിഷസ് ഒന്നും ഇഷ്ടമായിക്കൊള്ളണമെന്നില്ല. ഈ സമയത്ത് പഞ്ചാബി ഡിഷസ് ഓര്‍ഡര്‍ ചെയ്യുന്നതു പന്തിയാവുമെന്നും തോന്നുന്നില്ല. തീരുമാനമെടുക്കും മുമ്പേ വെയ്റ്റര്‍ അടുത്തു വന്നു.

‘രണ്ടു കാപ്പി,’ ഞാന്‍ പറഞ്ഞു.

കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം രോഹിണി ചിരിച്ചു.

‘നിങ്ങള്‍ ഒരു നല്ല കാമുകനല്ല.’

അതെനിക്കു പൂര്‍ണ്ണബോധ്യമായിരുന്നു. പക്ഷേ മുഖത്തുനോക്കി രോഹിണി അങ്ങനെ പറഞ്ഞപ്പോള്‍ ലേശം സങ്കോചമുണ്ടായെന്നു മാത്രം. രോഹിണി പിന്നെയും ചിരിച്ചു.

‘ഒരു മഹദ്‌വാക്യം കേട്ടിട്ടുണ്ടോ? നല്ല ഒരു കാമുകന്‍ ഒരിക്കലും നല്ല ഒരു ഭര്‍ത്താവാകുന്നില്ല. അതു തിരിച്ചുപറഞ്ഞാല്‍ ചീത്ത കാമുകന്‍ എപ്പോഴും നല്ല ഭര്‍ത്താവാകുന്നു.’

‘എന്നാല്‍ ഞാനിത് ഒരു കോംപ്‌ളിമെന്റായി എടുത്തോട്ടെ?’ ഞാന്‍ ചോദിച്ചു.

‘ആസ് യു ലൈക്ക്,’ രോഹിണി പറഞ്ഞു.

വെയ്റ്റര്‍ കാപ്പി കൊണ്ടുവന്നു.

കാപ്പി കുടിക്കുമ്പോള്‍ രോഹിണി എന്തോ ചിന്തിക്കുകയായിരുന്നു. പിന്നെ ചോദിച്ചു.

‘നിങ്ങളുടെ നാട്ടില്‍ വിചിത്രമായ ഒരു സിസ്റ്റം നിലവിലുണ്ടെന്നു കേട്ടിട്ടുണ്ടല്ലോ. മട്രിലീനിയല്‍ സിസ്റ്റം?’

‘അതെ. മരുമക്കത്തായം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുടുംബസ്വത്തില്‍ ഒപ്പമായിരുന്നു അവകാശം. ആണുങ്ങള്‍ക്ക് ദാമ്പത്യത്തിന് ഭാര്യവീട്ടില്‍ പോകണം. സാമ്പത്തികസ്വാതന്ത്ര്യം കാരണം പെണ്ണുങ്ങള്‍ക്ക് കുട്ടികളുടെ അച്ഛന്റെ മേല്‍വിലാസം വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ല. ചാരിത്ര്യം അവര്‍ക്ക് സൂക്ഷിക്കപ്പെടേണ്ട ഒരു നിധിയായിരുന്നില്ല.’

അത്ഭുതം കൊണ്ട് രോഹിണിയുടെ കണ്ണുകള്‍ വിടര്‍ന്നു.

‘ഞാന്‍ അടുത്ത ജന്മത്തിലെങ്കിലും കേരളത്തില്‍ ജനിക്കട്ടെ.’

കേരളത്തില്‍ത്തന്നെ ഒരു വിഭാഗം മാത്രമേ മരുമക്കത്തായക്കാരുള്ളു എന്നും അതുതന്നെ ഇപ്പോള്‍ ദുര്‍ബലമായി വരികയാണെന്നും ഞാന്‍ രോഹിണിയെ അറിയിച്ചു. അതു വേരറ്റു പോവുകയാണ്.

‘പക്ഷേ,’ രോഹിണി പറഞ്ഞു. ‘പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഫലത്തില്‍ ഇതുതന്നെയാവും ഉണ്ടാവുക. പാശ്ചാത്യനാടുകളില്‍ ഇത്രയധികം വിവാഹമോചനം നടക്കുന്നത് അതിന്റെ ലക്ഷണമല്ലേ?’

കുറച്ചുനേരം രോഹിണി മൗനമായിരുന്നു. പിന്നെ തുടര്‍ന്നു. ‘സ്ത്രീധനം കൊടുക്കാതിരുന്നതുകൊണ്ടോ വാങ്ങാതിരുന്നതുകൊണ്ടോ പെണ്‍കുട്ടികളുടെ മേലുള്ള ഈ പീഡനം അവസാനിക്കുകയില്ല. പുരുഷമേധാവിത്വം അവസാനിക്കുകയാണ് വേണ്ടത്.’

ഒഴിഞ്ഞ കസാലകള്‍ കാത്ത് ആളുകള്‍ പിന്നെയും നില്ക്കുന്നുണ്ടായിരുന്നു. കപ്പുകള്‍ ഒഴിഞ്ഞിട്ടും അവിടെ ഇരിക്കുന്നതുകണ്ട് വെയ്റ്റര്‍ അത്ര സുഖമല്ലാത്ത നോട്ടം പായിച്ചു. രോഹിണിക്കും അതു മനസ്സിലായി. ഞങ്ങള്‍ എഴുന്നേറ്റു.

റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ രോഹിണി ചോദിച്ചു. ‘ഞാന്‍ നിങ്ങളുടെ കൂടെ ജനറല്‍ കംപാര്‍ട്ടുമെന്റില്‍ വരുന്നതിനു വിരോധമുണ്ടോ?’

വണ്ടിയില്‍ അസാമാന്യ തിരക്കുണ്ടായിരുന്നു. മുഖം നഷ്ടപ്പെട്ട മനുഷ്യര്‍ സിന്ദൂരപ്പൊട്ടൊന്നു കണ്ടാല്‍ അങ്ങോട്ടു തള്ളി നീങ്ങുന്നു. രോഹിണിയെ ആക്രമണത്തില്‍ നിന്നു രക്ഷിക്കാന്‍ കിണഞ്ഞു പരിശ്രമിക്കേണ്ടിവന്നു. പരസ്പരം അമര്‍ന്നു ഞെരുങ്ങിനില്ക്കുമ്പോള്‍ രോഹിണി ചോദിച്ചു.

‘ഹൗ ഡു യു ഫീല്‍?’

‘ഐ കാന്‍ ഫീല്‍ യോര്‍ ഹാര്‍ട്ട് ബീറ്റ്‌സ്,’ ഞാന്‍ പറഞ്ഞു.

എനിക്കിറങ്ങാനുള്ള സ്റ്റേഷനടുക്കാറായപ്പോഴേക്കും തിരക്കു കുറഞ്ഞിരുന്നു. രോഹിണിക്ക് ഇനിയും മൂന്ന് സ്റ്റേഷന്‍ കടക്കണം. ഞാന്‍ യാത്ര പറയാനൊരുങ്ങുമ്പോഴാണ് രോഹിണി പറഞ്ഞത്.

‘ഞാന്‍ നിങ്ങളുടെ കൂടെ വരുന്നു.’

ചീത്ത കാമുകനേക്കുറിച്ചുള്ള പരാമര്‍ശം ഞാന്‍ മറന്നിട്ടില്ലായിരുന്നു. ഭീരുത്വം കാണിക്കേണ്ട സമയം ഇതല്ല. പക്ഷേ ഒരവിവാഹിതന്‍ ഒരവിവാഹിതയെക്കൂട്ടി വീട്ടിലേക്കു പോവുക! എന്റെയുള്ളില്‍ ഒരു സദാചാരിയിരുന്ന് ഉറക്കെ കൂവി.

സ്റ്റേഷനില്‍ വണ്ടിയിറങ്ങി. രോഹിണി എന്നെ തൊട്ടുരുമ്മി നടന്നു. ഒരു ഹോട്ടലിന്റെ മുന്നിലെത്തിയപ്പോള്‍ രോഹിണി പറഞ്ഞു.

‘എനിക്കു വല്ലാതെ വിശക്കുന്നു.’

ഹോട്ടലില്‍ കയറിച്ചെന്ന് രാത്രിയൂണിനുളള രണ്ടു പാര്‍സല്‍ വാങ്ങി. ബസ്സിലിരിക്കുമ്പോള്‍ എനിക്ക് ഒന്നും സംസാരിക്കാന്‍ തോന്നിയില്ല. ശബ്ദം താഴ്ത്തി രോഹിണി ചോദിച്ചു.

‘വല്ലവരും കാണുമോ എന്ന് പേടി തോന്നുന്നുണ്ടോ?’

ഒരു ചിരിയിലൂടെ ഞാനത് നിഷേധിച്ചു.

ഫ്‌ളാറ്റില്‍ എത്തിയ ഉടനെ രോഹിണി പറഞ്ഞു. ‘വല്ലാത്ത യാത്ര. എനിക്ക് ഒന്നു കുളിക്കണം.’

തോള്‍സ്സഞ്ചിയില്‍ നിന്ന് വസ്ത്രങ്ങള്‍ പുറത്തെടുത്ത് രോഹിണി കുളിമുറിയില്‍ കയറി.

കര്‍ട്ടനൊക്കെ ശരിക്കിട്ട് കസാലയില്‍ ചെന്നിരുന്നപ്പോഴും ഞാന്‍ അസ്വസ്ഥനായിരുന്നു. ഫ്രിഡ്ജ് തുറന്ന് ഒരു ബിയര്‍ പുറത്തെടുത്തു.

കുളിമുറിയില്‍നിന്നു പുറത്തുകടന്ന രോഹിണി എന്നെ നോക്കി പുരികം ചുളിച്ചു. ‘ധൈര്യം വിലയ്ക്കു വാങ്ങുകയാണ് അല്ലേ.’

കണ്ണാടിയുടെ മുമ്പില്‍ നിന്ന് രോഹിണി വസ്ത്രങ്ങള്‍ ശരിക്കുടുത്തു. തലമുടി ചീന്തിയൊതുക്കി. പിന്നെ എന്റെ എതിരെ ഒരു കസാല വലിച്ചിട്ടിരുന്ന് ടീപ്പോയില്‍നിന്ന് ഒരു മാസികയെടുത്ത് നിവര്‍ത്തി താളുകള്‍ മറിച്ചു.

‘ഏതെങ്കിലും പത്രത്തില്‍ ശ്രമിക്കുകയുണ്ടായോ?’ രോഹിണി ചോദിച്ചു.

‘ഇല്ല,’ ഞാന്‍ പറഞ്ഞു. ‘ഡെസ്‌ക്കിലിരുന്ന് നരയ്ക്കാന്‍ എന്നെക്കൊണ്ടാവില്ല. റിപ്പോര്‍ട്ടിങ്ങ് എനിക്കു പറ്റുമെന്നും തോന്നുന്നില്ല. ഞാന്‍ സ്വതേ കുറച്ചു ഷൈ ആണല്ലോ.’

‘അല്ലെങ്കിലും ഇതിലൊന്നും അത്ര അര്‍ത്ഥമുണ്ടെന്ന് എനിക്കു തോന്നുന്നില്ല.’ രോഹിണി പറഞ്ഞു. ‘പത്രത്തില്‍ കാണുന്നതൊന്നും ഇന്ന് വിശ്വസിക്കാന്‍ കൊള്ളാത്തതാണ്.’

ഞാന്‍ രോഹിണിയെത്തന്നെ നോക്കിയിരുന്നു. അവള്‍ സുന്ദരിയാണെന്ന് ഞാന്‍ കണ്ടുപിടിച്ചു.

‘മിനിയാണ് രോഹിണിയുടെ കൂടെ കണ്ടത് ആരാണ്?’ ഞാന്‍ ചോദിച്ചു.

‘സുധീര്‍ ദോഷി, സുമതിയുടെ വിഡോവര്‍. ഇന്നലെ അയാളെ യാത്രയാക്കി വരുമ്പോഴാണ് നമ്മള്‍ റിറ്റ്‌സിന്റെ മുമ്പില്‍വെച്ച് കണ്ടുമുട്ടിയത്.’

കുറച്ചു നേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം രോഹിണി ചോദിച്ചു.

‘എന്റെ ബ്രദറിന്‍ലോ സുന്ദരനാണ് അല്ലേ?’

‘അതെ, എനിക്കയാളോട് കൂടുതല്‍ സംസാരിക്കണമെന്നുണ്ടായിരുന്നു. സമയം കിട്ടിയില്ല.’

രോഹിണി സ്വയം ചിരിച്ചു. പിന്നെ കൈയെത്തിച്ച് ഹാന്‍ഡ്ബാഗ് തുറന്ന് ഒരുകവര്‍ പുറത്തെടുത്ത് എന്റെ കൈയില്‍ തന്നു. ഞാന്‍ കവര്‍ തുറന്നു. രോഹിണിയുടെ വിവാഹക്ഷണമായിരുന്നു അത്.

കവര്‍ തിരിച്ചേല്പിച്ചപ്പോള്‍ അവള്‍ പറഞ്ഞു. ’കൈയില്‍ത്തന്നെ വെച്ചോളൂ. ഇത് ബിജോയിനുള്ളതാണ്.’

സുധീര്‍ ദോഷിയുടെ ആ ഭാവിവധുവിനെ നോക്കി ഞാന്‍ അനങ്ങാതിരുന്നു. രോഹിണി ചിരിക്കാന്‍ ശ്രമിച്ചു.

‘സുമതിയുടെ മരണം കഴിഞ്ഞ് ഒരാഴ്ചയായില്ല. സുധീര്‍ എന്റെ വീട്ടില്‍വന്ന് അച്ഛനമ്മമാരോട് പറഞ്ഞു. രോഹിണിയെ എനിക്കു വിവാഹം കഴിച്ചു തരണം. അച്ഛനമ്മമാര്‍ക്ക് അതു നിരസിക്കാന്‍ ശക്തിയുണ്ടായിരുന്നില്ല. കടപ്പാടുകളേക്കുറിച്ച് ഞാനൊരിക്കല്‍ പറഞ്ഞല്ലോ. എനിക്കറിയാം സുമതിയെ വിവാഹം ചെയ്ത കാലത്തുതന്നെ സുധീറിന് എന്റെ മേല്‍ നോട്ടം ഉണ്ടായിരുന്നു. ഞാന്‍ സുമതിയേക്കാള്‍ സുന്ദരിയാണെന്ന് അയാള്‍ ഇടയ്ക്കിടെ എന്നോട് സ്വകാര്യം പറഞ്ഞിരുന്നു. അച്ഛനമ്മമാരെ ഞാന്‍ ചെറുത്തുനിന്നപ്പോള്‍ കൗസല്യയെ കിട്ടണമെന്നായി അയാളുടെ ഡിമാന്‍ഡ്.’

കുറച്ചുനേരം മിണ്ടാതിരുന്ന് രോഹിണി തുടര്‍ന്നു. ‘കൗസല്യയ്ക്ക് പതിനാറു വയസ്സേ ആയിട്ടുള്ളൂ. കണ്ണെടുക്കാന്‍ തോന്നാത്തത്ര സുന്ദരിക്കുട്ടി. അവളെ ഏതായാലും നശിപ്പിക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു.’

ഞാന്‍ ഫ്രിഡ്ജ് തുറന്ന് ഒരു ബിയര്‍ കൂടി പുറത്തെടുത്തു. രോഹിണി എന്റെ മുഖത്തു നോക്കി തുറന്നു ചിരിച്ചു. പിന്നെ മുഖം കുനിച്ചിരുന്നു.

‘ഞാന്‍ നാണം മറന്ന് ഒരു കാര്യം പറയുകയാണ്. എന്റെ അല്പത്വം എന്നു കരുതിക്കോളൂ,’ രോഹിണി തുടര്‍ന്നു. ‘സുധീര്‍ അങ്ങനെ വിജയിച്ചു വിലസുന്നത് എനിക്കു കാണാന്‍ വയ്യ. പുരുഷമേധാവിത്വത്തിനെതിരെ ഒരു ചെറുവിരലിളക്കാനെങ്കിലും എനിയ്ക്കു കഴിയണം.’

രോഹിണി എന്താണ് പറഞ്ഞുവരുന്നതെന്ന് എനിക്കു മനസ്സിലായില്ല.

‘ഞാന്‍ ഈ രാത്രി ഇവിടെ കഴിയാന്‍ തീരുമാനിച്ചു,’ രോഹിണി പറഞ്ഞു. ‘ഒരു കന്യകയായി സുധീറിന്റെ മുന്നില്‍ ചെല്ലാതിരിക്കാനാണ് എന്റെ ശ്രമം.’

കൈയിലെ മഗ്ഗ് ഞാന്‍ വായിലേക്ക് കമിഴ്ത്തി. ഒരു പെണ്‍കുട്ടിയുടെ ഗന്ധമേറ്റിട്ടാവാം, മുറിയിലെ സ്ഥാവരവസ്തുക്കള്‍ ഇളകിക്കളിക്കുന്നതുപോലെ എനിക്കു തോന്നി. കര്‍ട്ടന്റെ ഞൊറികള്‍ തമ്മില്‍ത്തമ്മില്‍ സ്വകാര്യം പറഞ്ഞു.

രാത്രി പിന്നെയും കനത്തു.

ആ രാത്രിക്കുശേഷം ദിവസങ്ങള്‍ എത്രയോ കടന്നുപോയി. നീണ്ട ഒരു യാത്രകഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ കോറിഡോറില്‍ കുറെ കത്തുകള്‍ എന്നെ കാത്തുകിടപ്പുണ്ടായിരുന്നു. കൂട്ടത്തില്‍ കൈയക്ഷരം തിരിച്ചറിയാനാവാത്ത ഒരു കവറെടുത്ത് ആദ്യം തുറന്നു. രോഹിണിയുടെ കത്തായിരുന്നു അത്.

‘പ്രസവിക്കാത്തതായിരുന്നു സുമതിക്കുണ്ടായിരുന്ന പ്രധാന കുറ്റം,’ രോഹിണി എഴുതി. ‘ഇത്ര വേഗം ഗര്‍ഭിണിയായതാണ് എന്റെ പേരിലുള്ള കുറ്റം. സുധീറിന്റെ അമ്മ എന്നെ എപ്പോഴും ബുദ്ധിമുട്ടിക്കുന്നു. ഇന്ത്യയിലെ അമ്മമാര്‍ എന്നാണ് മകന്റെ ഭാര്യയെ സ്‌നേഹിക്കാന്‍ പഠിക്കുക? സുധീറാവട്ടെ എപ്പോഴും അമ്മയുടെ പക്ഷത്തു നില്ക്കുന്നു. ഇന്ത്യയിലെ ഭര്‍ത്താക്കന്മാര്‍ എന്നാണ് ഭാര്യയെ വിശ്വസിച്ചുതുടങ്ങുക?

’വെക്കേഷന്‍ കാലമായതുകൊണ്ട് കൗസല്യ എന്റെ കൂടെയുണ്ട്.

‘വീണ്ടും എഴുതാം.’

എഴുത്തില്‍ മേല്‍വിലാസമില്ല. തീയതിയും സ്ഥലപ്പേരുമില്ല. കവറിനു പുറത്തെ പോസ്റ്റാഫീസിന്റെ സീലും വ്യക്തമല്ല.

ആ കത്തു കിട്ടിയിട്ട് ഏഴു വര്‍ഷങ്ങള്‍ കഴിഞ്ഞു. വീണ്ടും എഴുതാം എന്നു പറഞ്ഞെങ്കിലും രോഹിണി പിന്നെ എനിക്കെഴുതിയതുമില്ല.

(1989)