close
Sayahna Sayahna
Search

പനി


‌← അഷ്ടമൂർത്തി

പനി
KVAshtamoorthi-02.jpg
ഗ്രന്ഥകർത്താവ് കെ.വി.അഷ്ടമൂർത്തി
മൂലകൃതി വീടുവിട്ടുപോകുന്നു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡി.സി. ബുക്സ്, കോട്ടയം
വര്‍ഷം
1992
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 97

പനി

പൂമുഖവാതില്‍ തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ ഉണ്ണി കണ്ണുതുറന്നു. വലത്തോട്ടു തിരിഞ്ഞുകിടന്ന് ജനലഴികളിലൂടെ മുറ്റത്തേക്ക് എത്തിനോക്കി. അച്ഛനാണ്. ഓഫീസിലേക്കുള്ള പുറപ്പാട്.

അച്ഛന്റെ കൈയില്‍ പതിവില്ലാതെ കുടയുണ്ടായിരുന്നു. പതിവുള്ള ബാഗ് കൈയിലില്ലെന്നും ഉണ്ണി ശ്രദ്ധിച്ചു. പടിക്കലെത്തിയപ്പോഴേക്കും മുറ്റത്തെ മാവിന്‍ തണലില്‍നിന്നു വിട്ട് വെയിലത്തേയ്‌ക്കെത്തിയിരുന്നു. അച്ഛന്‍ നടത്തം നിര്‍ത്തി കുട നിവര്‍ത്തിപ്പിടിച്ചു. പിന്നെ മുളംപടി കവച്ചുവെച്ച് പാതയിലേക്കിറങ്ങി.

സമയം ഒമ്പതരയായി എന്നര്‍ത്ഥം, അച്ഛന്‍ പോയിമറഞ്ഞ വഴിയിലേക്കുതന്നെ നോക്കിക്കിടന്നുകൊണ്ട് ഉണ്ണി ഓര്‍മ്മിച്ചു. അച്ഛന് എല്ലാം കൃത്യമാണ്. രാവിലെ എണീക്കുന്നത് എന്നും ആറുമണിക്ക്. പല്ലു തേയ്ക്കാനും ചായ കുടിക്കാനും ഒക്കെ കൃത്യസമയങ്ങളുണ്ട്. ഏഴരവരെ പത്രം വായിക്കും. പിന്നെയാണ് തൊഴുത്തില്‍ ചെന്ന് പശുവിനെ അഴിച്ച് തൊടിയില്‍ കൊണ്ടുകെട്ടുക. ആ സയമത്ത് അനീത്തിയും താനും അടുക്കളയില്‍ പ്രാതലിനിരിക്കുകയാവും.

ഇപ്പോള്‍ ക്ലാസ് കൂടിയിട്ടുണ്ടാവുമെന്ന് ഉണ്ണി ഓര്‍മ്മിച്ചു. ഭാസ്‌ക്കരന് തന്നെക്കാണാതെ വിഷമം തോന്നിയിരിക്കും. അനീത്തി പുസ്തകം കൊടുക്കാന്‍ മറന്നിട്ടുണ്ടാവില്ലെന്ന് സമാധാനിക്കുകയേ നിവൃത്തിയുള്ളു. ഇറങ്ങുന്നതിന് മുമ്പ് ഒന്നുകൂടി ഓര്‍മ്മിപ്പിക്കണമെന്നു വിചാരിച്ചതാണ്. പക്ഷേ അനീത്തി പോയത് അറിഞ്ഞില്ല.

കുറേശ്ശെ തണുപ്പുണ്ട്. രാത്രി ജനാല അടച്ചാണ് കിടന്നത്. രാവിലെ പല്ലുതേച്ചു വന്ന് അതു തുറന്നിട്ടു. ഏറെ താമസിയാതെ ഉറങ്ങിപ്പോവുകയും ചെയ്തു.

ഉണ്ണി മലര്‍ന്നുകിടന്ന് കാലുകൊണ്ട് പുതപ്പു വലിച്ചെടുത്തു മൂടിപ്പുതച്ചു.

ഉത്തരത്തിന്മേലുള്ള ഗൗളിയുടെ മേല്‍ ഉണ്ണിയുടെ കണ്ണുചെന്നു വീണു. എത്രനേരമായി ആ ഗൗളി അവിെടത്തന്നെ നില്‍ക്കുന്നു. ഉണ്ണിക്ക് അത്ഭുതം തോന്നി. ഇന്നു രാവിലെ കണികണ്ടത് അതിനെയാണ്. പല്ലു തേക്കാന്‍ താഴത്തേക്കിറങ്ങിപ്പോവുന്നതുവരെ അതിനെത്തന്നെ നോക്കിക്കിടന്നു. മടങ്ങി വന്നപ്പോഴും അവിടെത്തന്നെയുണ്ട്.

ഗൗളിയെക്കണ്ടു മുഷിഞ്ഞപ്പോള്‍ ഉണ്ണി ചെരിഞ്ഞുകിടന്നു.

ചുമര് കഴിഞ്ഞ കൊല്ലമാണ് വെള്ള പൂശിയത്. ഒക്കെ പാണ്ടും ചൂണ്ടുമായിപ്പോയി. പഴയ ടൈംപീസിരിക്കുന്ന സ്റ്റാന്‍ഡിനു കുറച്ചു താഴെ വലത്തുഭാഗത്തായി ഉള്ള ഒരു പാണ്ടില്‍ കണ്ണുനട്ടുകൊണ്ട് ഉണ്ണി കിടന്നു. ആ പാണ്ടിന് മനുഷ്യച്ഛായയുണ്ടെന്ന് ഉണ്ണിക്കു തോന്നി. പിന്നെയും ശ്രദ്ധിച്ചപ്പോള്‍ നരച്ച തലമുടിയും ചുക്കിച്ചുളിഞ്ഞ മുഖവും നീട്ടിയ കാതുകളും തെളിഞ്ഞുതെളിഞ്ഞു വന്നു.

ഉണ്ണി മുഖം തിരിച്ചു. ചുമരിനു പുറംതിരിഞ്ഞു കിടന്ന് ജനാലയിലൂടെ പുറത്തേക്കു നോക്കി. വെയില് നല്ലവണ്ണം പരന്നിട്ടുണ്ട്. കുറച്ചുനേരം കഴിഞ്ഞാല്‍ ഭാര്‍ഗ്ഗവിയും അമ്മുവും പടികടന്നുവരും. കിഴക്കോര്‍ത്ത് കുറേനേരം അമ്മയോട് ഞായം പറഞ്ഞുനില്‍ക്കും ഭാര്‍ഗ്ഗവി. അമ്മ നാട്ടുവര്‍ത്തമാനങ്ങള്‍ അറിയുന്നത് അങ്ങനെയാണ്. കൈയിലെ സോപ്പുപെട്ടിയിലും മാറിയുടുക്കാനുള്ള തുണികളിലും തിരുപ്പിടിച്ചുകൊണ്ട് അമ്മുവും എല്ലാം ശ്രദ്ധിച്ചു കേള്‍ക്കും.

ആദ്യമൊക്കെ മുടക്കുദിവസങ്ങളിലേ അമ്മു കുളിക്കാന്‍ വരാറുള്ളൂ. നാലില്‍ തോറ്റപ്പോള്‍ ഭാര്‍ഗ്ഗവി അവളെ മൂന്നില്‍ കൊണ്ടിരുത്തി. നാലില്‍ത്തന്നെയാണ് ഇരുത്തേണ്ടതെന്ന് അമ്മ എത്ര പറഞ്ഞുകൊടുത്തിട്ടും ഭാര്‍ഗ്ഗവിക്കു ബോദ്ധ്യമായില്ല. ഏതായാലും പിറ്റേന്നുമുതല്‍ അമ്മു സ്‌കൂളില്‍പ്പോക്കു നിര്‍ത്തി.

കോണിപ്പടിയുടെ ശബ്ദം കേട്ടു. അമ്മയാവുമെന്നൂഹിച്ചത് ശരിയായി. അമ്മ തനിക്കുള്ള കഞ്ഞിയും കൊണ്ടുള്ള വരവാണ്.

കൈയിലെ പാത്രങ്ങള്‍ മേശപ്പുറത്തുവെച്ച് അമ്മ കട്ടിലിനടുത്തേക്കു സ്റ്റൂള്‍ വലിച്ചിട്ടു. മേശപ്പുറത്തുനിന്ന് സ്റ്റീല്‍ക്കിണ്ണമെടുത്ത് സ്റ്റൂളില്‍വെച്ച് കഞ്ഞി വിളമ്പി. പൊടിയരിക്കഞ്ഞി. കുമ്പിള്‍ കുത്തിയ പ്ലാവിലയും വെച്ചു. ഉണ്ണി അതെല്ലാം നിര്‍ന്നിന്മേഷം കണ്ടുകിടന്നു. മരികയില്‍ നിന്ന് ഉപ്പുവിതറിയ കണ്ണിമാങ്ങ കൂടി വിളമ്പിയിട്ട് അമ്മ പറഞ്ഞു.

‘കഴിച്ചോളൂ.’

ഉണ്ണി പുതപ്പു മാറ്റി എഴുന്നേറ്റിരുന്നു. മഞ്ഞനിറത്തിലുള്ള പ്ലാവിലയെടുത്ത് ഒരു കവിള്‍ കഞ്ഞി അകത്താക്കി. ഒരു കണ്ണിമാങ്ങാക്കഷണമെടുത്ത് വായിലിട്ടു. വാടിയ കണ്ണിമാങ്ങ.

…അരക്കൊല്ലപ്പരീക്ഷക്കാലം. സ്‌കൂളില്‍നിന്നു മടങ്ങിവരുന്നത് മാമ്പൂമണം നിറഞ്ഞ തൊടിയിലൂടെ. കാലമാവും മുമ്പേ പൂത്ത മാവുകളില്‍ നിന്ന് കൊഴിഞ്ഞുവീണ കണ്ണിമാങ്ങകള്‍. ആര്‍ത്തിയോടെ പെറുക്കിയെടുക്കാന്‍ തുടങ്ങുമ്പോള്‍ അനീത്തിയും ഒപ്പം കൂടുന്നു. ‘ഏട്ടാ, എനിക്ക് ആറെണ്ണം കിട്ടി. ഏട്ടനോ?’ അനീത്തിയുടെ വലിയ കണ്ണുകള്‍. പൊരിഞ്ഞ വെയിലത്ത് രണ്ടുനാഴിക താണ്ടിവന്ന കെടുതി. ഓടി അടുക്കളയിലെത്തുന്നു. ‘അമ്മേ ഇനിയ്ക്ക് വല്ലാണ്ട് ദാഹിക്ക്ണു…’

അമ്മ ജനലഴികളില്‍ ചാരിയിരുന്ന് പുറത്തേക്കു നോക്കി. ജനല്‍ ചൊരിഞ്ഞ വെളിച്ചത്തില്‍ അമ്മയുടെ മുഖത്തെ ആലസ്യം ഉണ്ണി തിരിച്ചറിഞ്ഞു.

‘ദാ കണ്ട്വോ ഉണ്ണീ’, ജനലിനു പുറത്തേക്കു വിരല്‍ചൂണ്ടി അമ്മ പറഞ്ഞു. ‘കൊന്ന പൂവിടാന്‍ തൊടങ്ങീരിക്ക്ണു. ഇനി മേടം ഒന്നാന്ത്യായാ ഒറ്റ പൂവ്ണ്ടാവ്‌ല്യാ.’

ഉണ്ണി അമ്മയെ കാണുകയായിരുന്നു. അമ്മയുടെ തലമുടി മുഷിഞ്ഞിരിക്കുന്നു. കഴുത്തില്‍ ചളി ഒരു വരയായി നില്‍ക്കുന്നു. കണ്ണുകള്‍ തൂങ്ങിയിരിക്കുന്നു.

ഉണ്ണി അമ്മയുടെ ചെറുതാലിത്തിളക്കത്തില്‍ കണ്ണുനട്ടുകൊണ്ട് അനങ്ങാതിരുന്നു.

‘എന്താ രുചില്യേ നെണക്ക്?’ അമ്മ ചോദിച്ചു ‘പനീടെ ലക്ഷണാണ്. അച്ഛന്‍ ഒന്നും കഴിക്കാണ്ടെയാണ് ആപ്പീസില്‍ പോയത്. ഇഡ്ഡലീം ചട്ട്ണീം കൊട്ത്തപ്പൊ വെശ്പ്പ്‌ല്യാന്നു പറഞ്ഞു. വല്ലാത്ത ക്ഷീണംന്ന് പറഞ്ഞ് കുളിച്ചൂല്യ രാവ്‌ലെ.’

അച്ഛന്‍ എന്നും രാവിലെ എണ്ണ തേച്ചു കുളിക്കും. അനീത്തിയും താനും കൂടി സ്‌കൂളിലേക്കു പുറപ്പെടുമ്പോഴാണ് അച്ഛന്‍ തലയില്‍ ഒരു പൊത്ത് എണ്ണയുമായി കടവിലേക്കു പോവുക.

‘വെശപ്പ്‌ല്ലെങ്കില്‍ കഴിക്കണ്ട ഉണ്ണീ,’ അമ്മ എഴുന്നേറ്റു. ‘പനിക്ക് പട്ടിണീന്നാ പറയാ.’ നിലത്തുവീണ വറ്റ് അമ്മ കിണ്ണത്തില്‍ പെറുക്കിയിട്ടു. മേശപ്പുറത്തുനിന്ന് പാത്രങ്ങള്‍ കൈയിലെടുത്തു.

അമ്മ പോയപ്പോള്‍ ഉണ്ണി ജനാലയ്ക്കു നേരെ തിരിഞ്ഞുകിടന്നു. ശരിയാണ് അമ്മ പറഞ്ഞത്. കണിക്കൊന്ന മുഴുവന്‍ പൂത്തിരിക്കുന്നു. ഉണ്ണി കഴിഞ്ഞ വിഷുവിനേക്കുറിച്ചോര്‍മ്മിച്ചു. അന്നും പൂവ് അങ്ങാടിയില്‍ നിന്നു വാങ്ങിക്കൊണ്ടുവരേണ്ടിവന്നു. അച്ഛനാണ് വാങ്ങിക്കൊണ്ടുവന്നത്. ‘സ്വര്‍ണ്ണം പോലുണ്ട്,’ അച്ഛന്റെ കൈയില്‍നിന്ന് കൊന്നപ്പൂക്കള്‍ വാങ്ങിയ അനീത്തിയുടെ കണ്ണുകള്‍ ഒന്നുകൂടി വലുതായി. ‘അതിന് സ്വര്‍ണ്ണത്തിന്റത്ര വെലേംണ്ട്,’ അച്ഛന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

പനി മാറി കുളിച്ചാല്‍ അന്നുതന്നെ കൊന്നമരത്തില്‍ പൊത്തിപ്പിടിച്ചു കയറണം, ഉണ്ണി തീരുമാനിച്ചു. പൂക്കള്‍ കുലകുലയായി പറിച്ചെടുക്കണം. എന്നിട്ട് പടി മുതല്‍ നടപ്പാത മുഴുവനും പൂക്കള്‍ വാരി വിതറണം. സ്വര്‍ണ്ണപ്പരവതാനി വിരിക്കണം.

ഉണ്ണിയുടെ കണ്ണുകള്‍ പടിക്കലേക്കു ചെന്നു. മുളംപടികള്‍ നുഴഞ്ഞു കടന്ന് അമ്മു വരുന്നത് അപ്പോഴാണ് ഉണ്ണി കണ്ടത്. അമ്മുവിന്റെ ഇടത്തേ കൈത്തണ്ടയില്‍ മാറിയുടുക്കാനുള്ള തുണി ഉണ്ടായിരുന്നു. പടി കടന്ന അമ്മു സ്വര്‍ണ്ണപ്പൂക്കളില്‍ എങ്ങനെ ചവിട്ടുമെന്ന് സംശയിച്ചുനിന്നു. ഉണ്ണി പൂക്കള്‍ ചവിട്ടിമെതിച്ച് മുന്നോട്ടു ചെന്നു.

‘വരൂ അമ്മൂ.’

‘അയ്യോ പൂക്കളൊക്കെ ചതഞ്ഞുപോവ്‌ല്യെ ഉണ്ണീ?’

സംശയിച്ചുനില്‍ക്കുന്ന അമ്മുവിന്റെ കൈ പിടിച്ച് പതുക്കെ വലിച്ചു. അമ്മു കൈ കുതറിവിടുവിക്കാന്‍ ശ്രമിച്ചു.

‘അമ്മൂന് ഇനിം പൂക്കള് വേണോ? നോക്കൂ, ഇനിക്ക് ഇതിലൊന്ന് കേറേ് വേണ്ടൂ. എത്ര വേണമെങ്കിലും പറിച്ചു തരാം.’

മറുപടിക്കു കാത്തുനില്‍ക്കാതെ ഉണ്ണി കൊന്നമരത്തില്‍ പിടിച്ചു കയറി. കയറിക്കയറി വളരെ ഉയരത്തിലെത്തി. എത്ര കൈയെത്തിച്ചിട്ടും പൂക്കള്‍ തൊടാന്‍ കിട്ടുന്നില്ല. ഉണ്ണി വീണ്ടും കൈയെത്തിച്ചുനോക്കി. അതാ, ആ പൂങ്കുലയും അകന്നുപോയി. ഒന്നുകൂടി ആഞ്ഞുനോക്കി, അതും…

‘ഉണ്ണി താഴത്തേക്കിറങ്ങു. എനിക്ക് പൂവേ വേണ്ട,’ അമ്മു വിലക്കിയപ്പോള്‍ ഉണ്ണി നിലത്തേക്ക് ഊര്‍ന്നിറങ്ങി. നടപ്പാതയിലെ കൊന്നപ്പൂക്കള്‍ വാരിവാരിയെടുത്ത് അമ്മുവിന്റെ മേല്‍ ഇട്ടു.

‘മതി മതി ഉണ്ണീ,’ അമ്മു ചിരിച്ചു. ‘എനിക്ക് ഇക്ക്‌ള്യാവ്ണൂ.’

മാറിയുടുക്കാനുള്ള തുണികള്‍ മാറോടടക്കിപ്പിടിച്ച് അമ്മു ഓടി. ഉണ്ണി പിന്നാലെയും. പൂഴക്കരയിലെത്തിയപ്പോള്‍ അമ്മു ഒരു കുറ്റിയില്‍ തട്ടിത്തടഞ്ഞു വീണു. ഉണ്ണിയും ഒപ്പമെത്തി. അമ്മു എഴുന്നേറ്റിരുന്ന് കുടുകുടെ ചിരിച്ചു.

‘എന്തേ അമ്മ കുളിക്കാന്‍ വരാത്തത്?’ അമ്മുവിന്റെ അടുത്തിരുന്ന് ഉണ്ണി ചോദിച്ചു. ‘അമ്മൂന്റെ അമ്മ വന്നിട്ടു വേണം കുളിക്കാന്‍ പൂവ്വാന്‍ന്ന് പറഞ്ഞിരിക്കാര്‍ന്നു അമ്മ.’

‘അമ്മയ്ക്ക് പന്യാണ് ഉണ്ണീ, ഉണ്ണീടെ അമ്മേടെ അടുത്ത് ഗോരോചനാദി ഗുളികെണ്ടോന്ന് ചോദിക്കാനാ ഞാന്‍ വന്നത്.’

അമ്മുവിന്റെ അമ്മ ഭാര്‍ഗ്ഗവിയാണെന്നായിരുന്നു ഇതുവരെ ധരിച്ചിരുന്നത്. ഈയിടെയാണ് അനീത്തി പറഞ്ഞത് കാര്‍ത്ത്യായനിയാണ് അമ്മുവിന്റെ അമ്മയെന്ന്. അന്നു മുതല്‍ സന്ദര്‍ഭം കാത്തിരിക്കുകയായിരുന്നു ഉണ്ണി. ചോദിച്ചപ്പോള്‍ അമ്മു പാവാടത്തുമ്പില്‍ തിരുപ്പിടിച്ചുകൊണ്ടിരുന്നു. ‘എനിക്ക് ആറു വയസ്സുള്ളപ്പൊ ഞാന്‍ ഭാര്‍ഗ്ഗവിവല്യമ്മേടടുത്ത് ചെന്നു. വല്യമ്മയ്ക്ക് കുട്ടികളൊന്നൂല്യലൊ. കൊറച്ചു ദിവസം താമസിച്ചു പോയാ മതീന്ന് വല്യമ്മ നിര്‍ബന്ധിച്ചു. പിറ്റേന്ന് എനിക്കു പനി പിടിച്ചു. പനീന്ന്ച്ചാലോ ചൂട്ടുപൊള്ളണ പനി. മൂന്നു ദിവസം ബോധല്യാണ്ടെ കെടന്നു. പിന്നെ ഇയട്ക്കിടെ അമ്മേന്ന് വിളിച്ചുകൊണ്ട് ഒണര്‍ന്നു. അപ്പോഴൊക്കെ വല്യമ്മയാണ് വിളി കേട്ടത്. ഏഴാം ദിവസം കുളിച്ചു. പിറ്റേന്ന് അമ്മ വന്നു വിളിച്ചപ്പോള്‍ വല്യമ്മ പറഞ്ഞു. ഇവളെ എനിക്കു താ കാര്‍ത്തു. നെണക്ക് വേറെ കുട്ട്യോള്‌ല്യേ? അന്നുമുതല്‍ ഞാന്‍ അവിടെയായി താമസം.’

* * *


പുറത്ത് നാളങ്ങള്‍ പടര്‍ത്തിനില്‍ക്കുന്ന വെയിലിലേക്കാണ് ഉണ്ണി കണ്ണു തുറന്നത്. മുറ്റത്തെ ചെമ്പരത്തിപ്പൂക്കളുടെ രക്തപ്രഭയില്‍ ഉണ്ണിയുടെ കണ്ണുകള്‍ വേദനിച്ചു. ഇലകള്‍ വാടിത്തളര്‍ന്നുനില്‍ക്കുന്നു.

സമയം എത്രയായിട്ടുണ്ടാവാം? നിഴലുകള്‍ കണ്ടാല്‍ ഏകദേശം രണ്ടുമണിയായെന്നു തോന്നും. പാതയ്ക്കപ്പുറത്തുള്ള വീട്ടില്‍നിന്ന് പതിവുള്ള രാമായണം വായന കേള്‍ക്കാനുണ്ട്. ഒന്നും തിന്നാനില്ലാത്തതു കാരണം അത്തിമരച്ചുവട്ടില്‍ ആ വീട്ടിലെ പയ്യ് മയങ്ങിക്കിടക്കുന്നു.

അമ്മ ഉറങ്ങുകയാണോ ആവോ. ഉച്ചനേരങ്ങളില്‍ അമ്മ ചെറിയ ഒരു മയക്കം പതിവുണ്ട്. ഇടനാഴിയിലെ ബെഞ്ചില്‍ അന്നത്തെ പേപ്പറെടുത്ത് വായിച്ചാണ് അമ്മ കിടക്കുക. കുറച്ചു കഴിഞ്ഞാല്‍ കണ്ണട ഊരിവെച്ച് കൈത്തണ്ട തലയണയാക്കി ചെരിഞ്ഞുകിടന്നുറങ്ങുന്നതു കാണാം.

ഓട്ടിന്‍ പുറത്തിരുന്ന ഒരമ്പലപ്രാവ് കുറുകി. കവുങ്ങില്‍ തോപ്പു കടന്ന് ഒരു ചുടുകാറ്റു വന്നു.

പുതപ്പു ശരിയാക്കി ഉണ്ണി മലര്‍ന്നു കിടന്നു. അപ്പോഴാണ് ഉത്തരത്തിന്മേലുണ്ടായിരുന്ന ഗൗളിയെ കാണാനില്ലെന്ന് അറിഞ്ഞത്. തട്ടില്‍ മുഴുവനും കണ്ണോടിച്ചു നോക്കി. ഗൗളിയെ കണ്ടില്ല.

ഉണ്ണി വലത്തോട്ട് ചെരിഞ്ഞുകിടന്നു. കണ്ണുകള്‍ കലണ്ടറില്‍ ചെന്നുവീണു. ഇന്ന് തീയതി പത്തൊമ്പത്, ബുധനാഴ്ച. ഒരുപക്ഷെ ഇന്ന് അവസാനത്തെ ക്ലാസ്സാവും. ഇരുപത്തിനാലാന്തി പരീക്ഷ തുടങ്ങുമെന്നാണ് മാഷ് ഇന്നലെ പറഞ്ഞത്.

കലണ്ടറില്‍ത്തന്നെ കണ്ണുനട്ടു കിടക്കവേ, ഓരോ അക്കത്തിനും ജീവന്‍ വെയ്ക്കുന്നുണ്ടെന്ന് ഉണ്ണിക്കു തോന്നി. നോക്കി നോക്കിയിരിക്കുമ്പോള്‍ അവ വലുതായി വലുതായി വരുന്നതുപോലെ. ‘ഇന്നു സ്‌കൂളില്‍ പോയില്യ ഉവ്വോ?’ 2 എന്ന അക്കം കുസൃതിയോടെ കണ്ണിറുക്കിക്കാണിച്ചു. ‘മടിയാണ് അല്ലേ,’ 7 കളിയാക്കിയതുപോലെ ഉണ്ണിക്കു തോന്നി. 5ന് ഒരു ജാള്യഭാവമാണ്. 1 ഗൗരവപ്രകൃതിയാണ്. 2, 9, 16, 23, 20 എല്ലാം ചുവപ്പുനിറത്തില്‍. 8—ഉം ചുവന്നിട്ടുതന്നെ. കറുത്ത അക്കങ്ങളേക്കാള്‍ കുറച്ചു കേമത്തമുണ്ടെന്ന നാട്യമാണ് അവയ്ക്ക്. നോക്കിയിരിക്കുമ്പോള്‍ അക്കങ്ങള്‍ ചെറുതാവുകയും വലുതാവുകയും ചെയ്തുകൊണ്ടിരുന്നു.

താഴത്തുനിന്ന് അച്ഛന്റെ ശബ്ദം കേള്‍ക്കുന്നുണ്ടല്ലോ. ഉണ്ണി ചെവിയോര്‍ത്തു കിടന്നു. അച്ഛന്‍ ഇത്ര നേര്‍ത്തേ ഓഫീസില്‍നിന്നു വന്നുവെന്നോ?

അമ്മയുടെ ശബ്ദം കേള്‍ക്കാനുണ്ട്.

ദാഹിക്കുന്നു. ഉണ്ണി പുതപ്പുമാറ്റി എഴുന്നേറ്റിരുന്നു. മേശപ്പുറത്തുനിന്ന് ബാര്‍ലിവെള്ളമെടുത്തു കുടിച്ചു.

ഉണ്ണി പുറത്തെ വെയില് കണ്ടുകൊണ്ടുകിടന്നു.

അച്ഛന്‍ കുട നിവര്‍ത്തിപ്പിടിച്ച് പടി കടന്നുവരുന്നതു കണ്ടു. മാവിന്റെ തണലിലെത്തിയപ്പോള്‍ കുട ചുരുക്കി മുഖമുയര്‍ത്തി തന്നെ നോക്കി ചിരിച്ചു.

അച്ഛന്‍ കോണി കയറി അടുത്തുവന്നു. ‘നിന്റെ കാര്യം പറയാന്‍ ഞാന്‍ വൈദ്യരുടെ അടുത്തുപോയി. അപ്‌ളാ അറിഞ്ഞത് വൈദ്യര് പനിപിടിച്ച് കെടക്കാണ്ന്ന്.’

അച്ഛന്‍ ചിരിച്ചു. ചിരിച്ചപ്പോള്‍ തലമുടിക്ക് തീ പിടിച്ചു. ‘അച്ഛാ തീയ്’ എന്ന് ഉണ്ണി പറഞ്ഞു. ‘അതു സാരല്യാ, ഇന്ന് കുളിക്കാഞ്ഞിട്ടാണ്’ എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ അതു ശരിയാണെന്ന് ഉണ്ണിക്കു തോന്നി.

* * *


നെറ്റിയിലെ വിരല്‍സ്പര്‍ശമാണ് ഉണ്ണിയെ ഉണര്‍ത്തിയത്. കണ്ണുതുറന്നത് അമ്മയുടെ മുഖത്തേക്കാണ്.

‘പനി ഒട്ടും കൊറവ്‌ല്യ,’ അമ്മ കിടക്കയില്‍ ഇരുന്നു. ‘ഇണ്ടെങ്കിലും ലേശം കൂടുതലാ.’

മേശപ്പുറത്തുനിന്ന് കാപ്പിഗ്ലാസ്സെടുത്ത് ഉണ്ണിക്കു കൊടുത്തുകൊണ്ട് അമ്മ പറഞ്ഞു. ‘പന്യായാ പകലൊറങ്ങര്ത് ഉണ്ണീ.’

ഉണ്ണി എഴുന്നേറ്റിരുന്ന് കാപ്പി കുറേശ്ശക്കുറേശ്ശയായി കുടിച്ചു.

‘അച്ഛന്‍ ഇന്ന് നേര്‍ത്തെ വന്ന്വോ ഓഫീസില്‍ന്ന്?’ ഉണ്ണി ചോദിച്ചു.

‘ഉവ്വ്, അച്ഛന് ക്ഷീണണ്ട്‌ത്രേ. വന്ന ഉടനെ കൊറെ ജീരകവെള്ളം കുടിച്ചു. ഉച്ചയ്ക്ക് ഒന്നും കഴിച്ചൂല്യാ.’

‘അച്ഛനൂണ്ടോ പനി?’

‘ഉവ്വ്ന്നാ തോന്നണ്. താഴത്ത് മൂടിപ്പൊതച്ച് കിടക്കാണ് ഇപ്പോ.’

ഉണ്ണി അമ്മയുടെ കണ്ണുകളിലേക്ക് നോക്കി. ഇമകള്‍ പകുതി അടഞ്ഞുകിടക്കുകയാണ്. അമ്മ ഇന്ന് കണ്ണെഴുതിയിട്ടില്ല. നെറ്റിയില്‍ പതിവുള്ള ചന്ദനപ്പൊട്ടുമില്ല.

‘അമ്മ കുളിച്ച്‌ല്യേ ഇന്ന്,’ ഉണ്ണി ചോദിച്ചു.

അമ്മ ഇല്ലെന്നു തലയാട്ടി. ‘ഭാര്‍ഗ്ഗവീടെ ഒപ്പം പുവ്വാം കടവിലേക്ക് എന്നു വിചാരിച്ചിരിക്കാര്‍ന്നു. അപ്പൊ ഭാര്‍ഗ്ഗവി വന്ന്‌ല്യ. കൊറച്ചുമുമ്പ് അമ്മു വന്നു ഗോരോചനാദി ഗുളികെണ്ടോന്ന് ചോദിക്കാനാണ് വന്നത്. ഭാര്‍ഗ്ഗവിക്ക് പന്യാണത്രേ. പിന്നെ ഞാനും കുളിക്കാന്‍ പോയില്യ. കണ്ണ്‌കൊറേശ്ശേ പൊകയ്ണ്‌ണ്ടോന്ന് സംശം തോന്നി.’

അച്ഛനും തനിക്കുമൊക്കെ പനി വന്നാല്‍ മൂടിപ്പുതച്ചു കിടക്കാം, ഉണ്ണി ആലോചിച്ചു. എല്ലാം അമ്മ ചെയ്തുതരും. പക്ഷേ അമ്മയ്ക്ക് എത്ര വയ്യാതായാലും പണിയെടുക്കണം. ഉണ്ണിക്ക് പാവം തോന്നി.

‘നാളെ മുത്തശ്‌മേടെ ചാത്താണ്,’ അമ്മ പറഞ്ഞു. ‘അനീത്തി വന്ന്ട്ട് വേണം മേലോട്ടരേക്ക് ആളെ വിടാന്‍ന്ന് വിചാരിച്ച് ഇരിക്ക്യാര്‍ന്നു. എനിക്ക് സുഖല്യാച്ചാലും കുളിച്ച് വട്ടം കൂട്ടാന്‍ത്ര ബുദ്ധിമുട്ടൊന്നുല്യാ. ഇപ്പോ അച്ഛന്റെ കാര്യായി കഷ്ടം. ചാത്തം മൊടങ്ങുംന്നന്ന്ാണ് തോന്നണ്.’

‘മുത്തശ്മ എങ്ങന്ാ മരിച്ചത് അമ്മേ?’ ഉണ്ണി ചോദിച്ചു.

‘വയസ്സായിട്ടന്നെ,’ അമ്മ പറഞ്ഞു. ‘എണ്‍പത്തിരണ്ടു തികഞ്ഞ ആ മേടത്ത്‌ലല്ലേ മുത്തശ്മ മരിച്ചത്.’

അമ്മ പൊളി പറയുകയാണ്. മുത്തശ്ശ്യമ്മ പനി പിടിച്ചാണ് മരിച്ചത്. ഉണ്ണിയ്ക്കുറപ്പുണ്ട്. മുത്തശ്ശ്യമ്മയുടെ മുറിയില്‍ നാലുദിവസം പനിയുടെ നാറ്റം തളംകെട്ടി നിന്നു. സ്വതേ ഉറക്കം നന്നേ കഷ്ടിയാണ് മുത്തശ്ശ്യമ്മയ്ക്ക്. പക്ഷേ അവസാനത്തെ നാലുദിവസം ഉറക്കം തന്നെയായിരുന്നു. തന്നെ ഒന്നു വിളിച്ചതുപോലുമില്ല. അല്ലെങ്കില്‍ നാഴികയ്ക്കു നാല്പതുവട്ടം വിളിക്കാറുള്ളതാണ്. രാത്രി ഊണു കഴിഞ്ഞാല്‍ കക്കൂസില്‍പ്പോക്കു പതിവുണ്ട് മുത്തശ്ശ്യമ്മയ്ക്ക്. താന്‍ തുണയ്ക്ക് ചെല്ലണം. കമ്പിറാന്തലെടുത്ത് കവുങ്ങിന്‍കൂട്ടത്തിനിടയിലൂടെ കൂടെപ്പോവും. വിളക്കിന്റെ നാളത്തിനെതിരെ വിരലുകളുടെ നിഴല്‍കൊണ്ട് കക്കൂസിന്റെ ചുമരില്‍ നായയെ വരയ്ക്കാന്‍ പഠിപ്പിച്ചത് മുത്തശ്ശ്യമ്മയാണ്.

മുത്തശ്ശ്യമ്മ ഉറങ്ങിക്കിടന്ന ദിവസങ്ങളില്‍ അച്ഛനുമമ്മയും ഉറക്കമൊഴിച്ച് അടുത്തിരുന്നു. നാലാംദിവസം താന്‍ ഉറക്കത്തില്‍നിന്നു ഞെട്ടിയുണര്‍ന്നത് താഴത്തുനിന്ന് ആരുടെയൊക്കെയോ വര്‍ത്തമാനം കേട്ടാണ്. അപ്പോള്‍ അങ്ങെല്ലത്തെ നാരായണപ്ഫന്‍ അടുത്തു നില്പുണ്ടായിരുന്നു. തന്റെ കൈയ്ക്കുപിടിച്ച് താഴത്തേക്കു കൊണ്ടുപോയി. തെക്കേ അറയില്‍ ചെന്നപ്പോള്‍ മുത്തശ്ശ്യമ്മയെ നിലത്തിറക്കിക്കിടത്തിയിരിക്കുന്നതു കണ്ടു. തലയ്ക്കല്‍ ഒരു നാളികേരമുറിയില്‍ എണ്ണയൊഴിച്ച തിരി കത്തുന്നു. പകച്ചുനിന്നപ്പോള്‍ നാരായണപ്ഫന്‍ തന്നെ എടുത്തുപൊക്കി. ‘മുത്തശ്മ മരിച്ചു ഉണ്ണീ.’

‘ചാത്തം ഊട്ടില്യാച്ചാ എന്താണ്ടാവാ അമ്മേ?’ ഉണ്ണി ചോദിച്ചു.

‘ഒന്നൂണ്ടാവ്‌ല്യ. വേറൊരൂസം ഊട്ടണം അത്രന്നെ.’ അമ്മ എഴുന്നേറ്റു ഗ്ലാസ്സെടുത്തു. ‘കഷായം കഴിക്കേണ്ടി വരുംന്നാ തോന്നണേ. ആപ്പീസിന്ന് വരണ വഴിക്ക് അച്ഛന്‍ വൈദ്യരുടെ അടുത്ത് പോയ്യേര്‍ന്നൂത്രേ. വൈദ്യരും പനി പിടിച്ചു കെടക്കാണ്ന്നാ അച്ഛന്‍ പറഞ്ഞത്.’ അമ്മ പതുക്കപ്പതുക്കെ നടന്നുപോയി. കോണിപ്പടികള്‍ ക്ഷീണിച്ച ശബ്ദമുണ്ടാക്കി.

ഉണ്ണി ജനാലയിലൂടെ പുറത്തു നോക്കിക്കിടന്നു. വെയില് ചാഞ്ഞിരിക്കുന്നു. മാവിന്റെ നിഴല്‍ മുറ്റം മുഴുവന്‍ പരന്നുകിടക്കുന്നു.

പടിക്കലൂടെ മൂന്നാലു സ്‌കൂള്‍ കുട്ടികള്‍ ഒച്ചവെച്ച് കടന്നുപോയി. അക്കരെ താമസിക്കുന്നവരാണ്. തോണി കിട്ടാനുള്ള ബദ്ധപ്പാടില്‍ അവര്‍ സ്‌കൂളില്‍നിന്ന് എന്നും ഓടിയിട്ടാണ് മടങ്ങുക.

ഇനി എപ്പോള്‍ വേണമെങ്കിലും അനീത്തി വരാം.

അപ്പോള്‍, അതാ, അനീത്തി വരുന്നു!

ഉണ്ണി ഉല്‍സാഹത്തോടെ എഴുന്നേറ്റിരുന്നു. കോണിപ്പടിയുടെ കോലാഹലം. അനീത്തി ഓടി അടുത്തുവന്ന് കട്ടിലില്‍ കൊടുംകൈകുത്തി നിന്നു.

‘ഏട്ടാ ഇന്ന് ഭാസ്‌ക്കരന്‍ സ്‌കൂളില്‍ വന്നേര്‍ന്ന്‌ല്യ. അതു കാരണം പുസ്തകം കൊട്ക്കാന്‍ പറ്റില്യ. ഉച്ചയ്ക്ക് ഇന്റര്‍വെല്ലിന് ഏട്ടന്റെ ക്ലാസില്‍ പോയപ്പോ ആരുംണ്ടാര്‍ന്ന്‌ല്യ. കരുണാകരന്‍ മാഷും ഇന്ന് ലീവാര്‍ന്നൂന്ന് പറേണ കേട്ടു.’

എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നുവെങ്കിലും ഉണ്ണി ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഓര്‍മ്മിക്കുകയായിരുന്നു. ഇന്നലെ ഏകദേശം ഇതേ സമയത്താണ് സ്‌കൂള്‍വിട്ടു വന്നത്. ക്രാഫ്ട് പുസ്തകത്തില്‍ മയില്‍പ്പീലി തിരുകിവെച്ചിട്ട് ഒരു മാസം തികയുന്ന ദിവസമായിരുന്നു. മുകളിലേക്ക് ഓടിക്കയറി. മേശവലിപ്പു തുറന്ന് പുസ്തകം പുറത്തെടുത്തപ്പോള്‍ താഴത്തുനിന്ന് അമ്മയുടെ വിളികേട്ടു. ‘ഉണ്ണീ കാപ്പികൂടി കുടിക്കാണ്ടെ നീയെന്തേ അപ്‌ളയ്ക്കും മോള്ളിക്ക് ഓടിപ്പോയീത്?’ പുസ്തകത്തില്‍ മയില്‍പ്പീലി പെരുകിയിട്ടില്ലെന്നുകണ്ട് നിരാശനായി താഴേക്കിറങ്ങി. കാപ്പി കുടിക്കുമ്പോള്‍ തണുക്കുന്നുണ്ടെന്നു തോന്നി. മുഴുവന്‍ കുടിക്കാതെ അടുപ്പുകല്ലില്‍ വെച്ചു പോരുമ്പോള്‍ അമ്മ ചോദിച്ചു. ‘എന്താ ഉണ്ണിക്ക്?’ പിന്നെ അടുത്തുവന്ന് കൈയുപിടിച്ചു. ‘ചുട്ട് പൊള്ളുണ്ണ്ടലോ,’ അമ്മ പറഞ്ഞു.

‘അനീത്തീ,’ അമ്മയുടെ വിളി കേട്ടു. ‘കാപ്പികൂടി കുടിക്കാണ്ടെ നീയെന്തേ അപ്‌ളയ്ക്കും മോള്ളിക്ക് ഓടിപ്പോയീത്?’ അകലെ മറ്റേതോ ലോകത്തുനിന്നു വരുന്ന ശബ്ദം പോലെ തോന്നി ഉണ്ണിക്കത്.

അനീത്തി പിന്നെയുമെന്തൊക്കെയോ ഞായം പറയാന്‍ തുടങ്ങുകയായിരുന്നു.

‘അമ്മ വിളിക്കണ കേട്ട്‌ല്യേ,’ ഉണ്ണി ശാസിച്ചു.

അനീത്തി പോയപ്പോള്‍ ഉണ്ണി വീണ്ടും കിടന്നു.

വെയ്‌ല് പിന്നെയും ചാഞ്ഞു.

നിരത്തിലൂടെ രണ്ടു ചെറുമക്കള്‍ പോത്തുകളെ തെളിച്ച് കടന്നുപോയി. കുളിപ്പിക്കാന്‍ പുഴയിലേക്കു കൊണ്ടുപോവുകയാവും. പിന്നെയും നാലോ അഞ്ചോ പേര്‍ അതേവഴി കടന്നുപോയി.

ശാസ്താവിന്റെ അമ്പലത്തില്‍നിന്ന് ഭക്തിഗാനങ്ങള്‍ കേട്ടുതുടങ്ങി.

കുളികഴിഞ്ഞ രണ്ടു സ്ത്രീകള്‍ ഈറന്‍ വസ്ത്രങ്ങളുമായി കടന്നു പോയി.

നോക്കിനോക്കിക്കിടക്കേ മുറ്റത്തു സന്ധ്യ വന്നു.

പൂമുഖത്തുനിന്ന് മണ്ണെണ്ണക്കുപ്പിയുടേയും കമ്പിറാന്തലിന്റേയും ശബ്ദം കേട്ടു. അച്ഛന്‍ ചിമ്മിനി തുടച്ചുവൃത്തിയാക്കി വിളക്കുകൊളുത്താനുള്ള ശ്രമമാവും. ഇത്തിരി കഴിഞ്ഞാല്‍ കൊളുത്തിയ കമ്പിറാന്തലുമായി അച്ഛന്‍ കോണി കയറി വരും. വിളക്ക് മേശപ്പുറത്തുവെച്ച് പതിവുപോലെ വളരെ സാവധാനത്തില്‍ ഇറങ്ങിപ്പോവും.

താഴത്ത് അമ്മ അനീത്തിയോട് എന്തോ പറയുന്നു.

ചുമരിലെ രൂപം ഇപ്പോള്‍ കാണാതായിക്കഴിഞ്ഞു. തട്ടില്‍ പരുങ്ങിനിന്നിരുന്ന ഗൗളി എവിടെയാണെന്ന് ഒരു രൂപവുമില്ല.

മുറ്റത്തെ ചെമ്പരത്തിപ്പൂക്കള്‍ക്ക് ചുവപ്പ് നഷ്ടപ്പെട്ടിരിക്കുന്നു. ഇലകള്‍ക്കിടയില്‍ രാത്രി നുഴഞ്ഞുകയറാന്‍ തുടങ്ങുകയാണ്.

പിന്നെ മുറിയിലെ അരണ്ട വെളിച്ചത്തിലേക്ക് കമ്പിറാന്തലിന്റെ വെളിച്ചം.

പകല്‍ കഴിഞ്ഞത് ഉണ്ണി അങ്ങനെ അറിഞ്ഞു.

* * *


‘എന്റെ ചാത്തം ഊട്ട്‌ല്യ, അല്ലേ ഉണ്ണീ?’

മുത്തശ്ശ്യമ്മ അങ്ങനെ ചോദിച്ചപ്പോള്‍ ഒന്നും മിണ്ടാനാവാതെ ഉണ്ണി വിഷമിച്ചു. പറയണമെന്നുണ്ടായിരുന്നു. ‘മുത്തശ്ശിയമ്മയ്‌ക്കൊന്നും തോന്നര്ത്. അച്ഛന് പന്യായിട്ടാണ് മുത്തശ്‌മേ. അമ്മയ്ക്കും സുഖല്യാണ്ടിരിയ്ക്ക്ാണ്…’

‘എന്നാ എന്റെ കൂടെ പോരൂ,’ മൂത്തശ്ശ്യമ്മ കട്ടിലില്‍ അടുത്തുവന്നിരുന്നു. ചുക്കിച്ചുളിഞ്ഞ കൈവിരലുകള്‍കൊണ്ട് ഉണ്ണിയുടെ മേലാസകലം തലോടി. മുത്തശ്ശ്യമ്മയുടെ നരച്ച തലമുടിക്ക് എണ്ണമിനുപ്പുണ്ട്. മുഖത്ത് എണ്ണിയാല്‍ തീരാത്തത്ര ചൂളിവുകള്‍. കണ്ണുകള്‍ക്കെന്താണ് ഒരു ക്ഷീണനാട്യം?

‘മുത്തശ്മയ്ക്ക് പനീണ്ടോ?’

മൂത്തശ്ശ്യമ്മ മറുപടി പറഞ്ഞില്ല. പകരം മുഖം ഉണ്ണിയുടെ മുഖത്തോടടുപ്പിച്ചു. പനിയുടെ ഗന്ധംകൊണ്ട് ഉണ്ണിക്കു ശ്വാസംമുട്ടി. സഹിക്കവയ്യാതായപ്പോള്‍ എല്ലാ ശക്തിയുമുപയോഗിച്ച് തള്ളിമാറ്റി. അപ്പോള്‍ മുത്തശ്ശ്യമ്മയുടെ മുഖം തെന്നിത്തെന്നി അകലേയ്ക്കകലേയ്ക്കു മാറി. അവസാനം അതു മാനത്തു ചെന്നുനിന്നു. ഇപ്പോഴും തന്റെ മുഖത്തേക്കുതന്നെ നോക്കുന്നു.

മുത്തശ്‌മേ —

ഉണ്ണി കണ്ണു തുറന്നു. മുഖം മുതല്‍ അരയോളം നിലാവ് പൊതിഞ്ഞിരിക്കുന്നു. അകലെ മാനത്ത് പനി പിടിച്ച് വിളറിയ മുഖത്തോടെ തന്നെ നോക്കി നില്‍ക്കുന്ന ചന്ദ്രന്‍.

കട്ടില്‍ കവിഞ്ഞ് നിലത്തുവീണ നിലാവില്‍ അനീത്തിയുടെ കിടക്ക കണ്ടു. മൂടിപ്പുതച്ച് കിടക്കുകയാണ്. എപ്പോഴാണ് അനീത്തി വന്നു കിടന്നത്?

മേശപ്പുറത്ത് നാട താഴ്ത്തിവച്ച കമ്പിറാന്തല്‍ നേരിയ വെളിച്ചം തൂവുന്നു.

വിളക്കുമായി കടന്നുവരുന്ന അച്ഛനെ കാത്തുകിടക്കുമ്പോള്‍ കമ്പിറാന്തലും മറ്റേ കയ്യില്‍ ചോറുമായി അമ്മ വന്നതും പകലൂണു കഴിഞ്ഞ് കിടന്നതും ഓര്‍മ്മയുണ്ട്. അമ്മ താഴേക്കു പോയപ്പോള്‍ വിളക്കും കൂടെക്കൊണ്ടു പോയതാണ്. കിടക്കാന്‍ വന്നപ്പോള്‍ അനീത്തീയാവും വിളക്ക് മേശപ്പുറത്തു കൊണ്ടുവന്നുവെച്ചത്.

പാതയ്ക്കപ്പുറത്തുള്ള വീട്ടില്‍ വെളിച്ചമില്ല. അവര്‍ ഉറങ്ങിക്കഴിഞ്ഞിരിക്കും. ചെവിയോര്‍ത്തു നോക്കി. അച്ഛന്റെ മുറിയില്‍നിന്ന് ശബ്ദമൊന്നും കേള്‍ക്കാനില്ല. എപ്പോഴാണ് എല്ലാവരും ഉറങ്ങിപ്പോയത്?

ഉണ്ണിക്ക് അച്ഛനേയും അമ്മയേയും കാണണമെന്നു തോന്നി. പക്ഷേ താഴത്തേക്കിറങ്ങിപ്പോവാനുള്ള ധൈര്യം തോന്നുന്നില്ല. അനീത്തി കൂടെയുണ്ടെങ്കില്‍ നന്നായിരുന്നു.

ഉണ്ണി പുതപ്പു മാറ്റി പതുക്കെ എഴുന്നേറ്റിരുന്നു. കട്ടിലില്‍ നിന്നിറങ്ങാതെ വിളിച്ചു.

അനീത്തി, അനീത്തി.

അനീത്തി ഉണര്‍ന്നില്ല. ഉണ്ണി കുറച്ചുനേരം നിര്‍ന്നിമേഷനായി അനീത്തിയെ നോക്കിയിരുന്നു.

അപ്പോള്‍ ജനാല കടന്ന് ഒരു കാറ്റു വന്നു. ഉണ്ണിക്ക് മേലാസകലം കുളിരുപൊട്ടി.

ചന്ദ്രന്റെ അടഞ്ഞുപോവുന്ന കണ്ണുകള്‍ക്കെതിരെ ഉണ്ണി ജനവാതിലുകള്‍ അടച്ചു. അതോടെ മുറിയില്‍ കമ്പിറാന്തലിന്റെ ക്ഷീണിച്ച വെളിച്ചംമാത്രമായി.

നേരം വേഗം പുലരണേ എന്നു പ്രാര്‍ത്ഥിച്ച് ഉണ്ണി കണ്ണുകള്‍ ഇറുക്കിയടച്ചു കിടന്നു.

(1985)