close
Sayahna Sayahna
Search

താക്കോല്‍


‌← അഷ്ടമൂർത്തി

താക്കോല്‍
KVAshtamoorthi-02.jpg
ഗ്രന്ഥകർത്താവ് കെ.വി.അഷ്ടമൂർത്തി
മൂലകൃതി വീടുവിട്ടുപോകുന്നു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡി.സി. ബുക്സ്, കോട്ടയം
വര്‍ഷം
1992
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 97

താക്കോല്‍

കോണി കയറുമ്പോള്‍ കാലു കഴയ്ക്കുന്നുണ്ട് എന്ന് അയാളറിഞ്ഞു. വൈകുന്നേരം ജോലികഴിഞ്ഞ് ക്ഷീണിച്ചെത്തവേ, ഈ അന്‍പത്തേഴു പടികള്‍ നൂറ്റിപ്പതിന്നാലായി തോന്നും.

ഫ്‌ളാറ്റില്‍ ചെന്ന് ഷൂ പോലും ഊരാതെ കട്ടിലില്‍ മലര്‍ന്നടിച്ചു വീഴണം. വേഗത്തില്‍ക്കറങ്ങുന്ന ഫാനിന്റെ കാറ്റേറ്റ് പത്തു മിനിട്ടു കിടക്കുക. പിന്നെ ഷാംപൂ തേച്ച് വിസ്തരിച്ചൊരു കുളി. ഫ്രിഡ്ജ് തുറന്ന് സ്വര്‍ണക്കഴുകനെ പുറത്തെടുത്ത് ടീപ്പോയില്‍ കൊണ്ടുവെയ്ക്കുമ്പോഴേക്കും ക്ഷീണം പറപറക്കും.

മൂന്നാം നിലയില്‍ എത്തി വാതിലിനു മുന്‍പില്‍ ചെന്നുനിന്നു. വരാന്തയിലെ ബള്‍ബ് കത്തുന്നില്ല. പക്ഷേ സൂര്യന്‍ ഇപ്പോള്‍ അസ്തമിച്ചതേയുള്ളൂ. അതു കാരണം മങ്ങിയ ഒരു വെളിച്ചമുണ്ട്. കാല്‍മുട്ടുകളില്‍ വെച്ച് ബ്രീഫ്‌കേസ് തുറന്നു.

വെച്ചിരുന്ന സ്ഥാനത്ത് താക്കോല്‍ കാണാതിരുന്നപ്പോള്‍ അയാള്‍ അദ്ഭുതപ്പെട്ടു. ബ്രീഫ്‌കേസ് മുഴുവന്‍ തപ്പി നോക്കി. എന്നിട്ടും കാണാഞ്ഞപ്പോള്‍ രണ്ടാമത്തെ നിലയിലേക്കിറങ്ങി വന്നു. ബള്‍ബിന്റെ വെളിച്ചത്തില്‍ പരിശോധിച്ചു. കടലാസുകളെല്ലാം പുറത്തെടുത്തുവെച്ച് ബ്രീഫ്‌കേസ് കമിഴ്ത്തി കുടഞ്ഞു.

താക്കോല്‍ വീണില്ല.

ഉണ്ടാവില്ലെന്നറിഞ്ഞിട്ടും ഷര്‍ട്ടിന്റെയും കാലുറയുടെയും കീശകള്‍ തപ്പിനോക്കി. മനോരാജ്യത്തില്‍ കൈയില്‍ത്തന്നെ വെച്ചിട്ടുമില്ല.

അപ്പോഴാണ് തോന്നിയത്. വാതിലിന്റെ മുന്‍പില്‍വെച്ച് ബ്രീഫ്‌കേസ് തുറന്നപ്പോള്‍ നിലത്തു വീണിട്ടുണ്ടാകുമോ?

മുകളില്‍ച്ചെന്ന് നിലത്തു മുഴുവന്‍ തപ്പിനോക്കി.

അതോടെ താക്കോല്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് അയാള്‍ക്കു ബോദ്ധ്യമായി.

ഓഫീസില്‍ വെച്ച് മറന്നിരിക്കാന്‍ വഴിയില്ല. കാരണം അവിടെവെച്ച് ഇന്നു ബ്രീഫ്‌കേസ് തുറന്നിട്ടുതന്നെയില്ലല്ലോ. ഇനി അഥവാ അവിടെയുണ്ടെങ്കില്‍ത്തന്നെ മടങ്ങിച്ചെന്ന് എടുക്കാന്‍ പറ്റില്ല. സമയം ഏഴുമണിയായിരിക്കുന്നു.

അടഞ്ഞു കിടന്ന വാതിലിനു മുന്‍പില്‍ എന്തു ചെയ്യണമെന്നറിയാതെ അയാള്‍ നിന്നു. എങ്ങനെയെങ്കിലും ഫ്‌ളാറ്റില്‍ കടന്നേ തീരു. കുളിയും ഊണും കഴിക്കണം. പോരാത്തതിന് ടിക്കറ്റും അകത്തുതന്നെയാണല്ലോ.

പുറത്തെവിടെയെങ്കിലും കീ മേയ്ക്കര്‍ ഉണ്ടാവാന്‍ വഴിയുണ്ട്. വിളിച്ചു കൊണ്ടുവന്നു തുറപ്പിക്കാം. അതേയുള്ളു ഒരു വഴി.

അയാള്‍ ഇറങ്ങി നടന്നു. പ്രധാനപാതയിലൂടെ കുറേനേരം പോയപ്പോള്‍ സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്ന ഒരു പീടിക കണ്ടു.

താക്കോലുണ്ടാക്കുന്ന ആരും ഇവിടെ അടുത്ത ചുറ്റുവട്ടത്തിലൊന്നുമില്ല, പീടികക്കാരന്‍ പറഞ്ഞു. ലെവല്‍ ക്രോസ്സിന്റെ അടുത്ത് ഒരു വയസ്സനുണ്ട്. ആ ഇറാണി ഷോപ്പിന്റെ മുമ്പില്‍.

അയാള്‍ ബസ് സ്റ്റോപ്പിലെ നീണ്ട ക്യൂവിന്റെ വാലില്‍ ചെന്നു പറ്റി. കുറേ നേരമായെന്നു തോന്നുന്നു ഒരു ബസ്സു വന്നിട്ട്. ക്യൂവില്‍ നില്‍ക്കുന്നവര്‍ ആകെ അസ്വസ്ഥരായിരുന്നു.

നശിച്ച ഒരു വേനല്‍ക്കാല രാത്രി, ഷര്‍ട്ടിന്റെ മുകളിലത്തെ ബട്ടണ്‍ അഴിച്ച് അകത്തേയ്ക്കൂതുമ്പോള്‍ അയാള്‍ വിചാരിച്ചു. ലോഭമില്ലാത്ത ക്ഷീണം മാത്രം നമ്മില്‍ വാരിക്കോരിച്ചൊരിയുന്ന വേനല്‍. അല്ലെങ്കില്‍ ലെവല്‍ ക്രോസ്സ് വരെ നടന്നു പോകാവുന്ന ദൂരമേയുള്ളുവല്ലോ.

ഓടിവന്ന ടാക്‌സിക്ക് അയാളടക്കം പലരും കൈ കാണിച്ചുവെങ്കിലും നിര്‍ത്തിയില്ല. ഓരോ ടാക്‌സി വരുമ്പോഴും എത്രയോ പേര്‍ ഓടിക്കൂടുന്നു. അയാള്‍ക്ക് അവരോടു പറയണമെന്നു തോന്നി. നോക്കൂ, എനിക്കാണ് ഏറ്റവും ധൃതി. കീമേയ്ക്കറെ കൂട്ടിക്കൊണ്ടുവന്ന് എന്റെ ഫ്‌ളാറ്റ് തുറപ്പിച്ചാലേ ഇന്നു രാത്രി പത്തേമുക്കാലിന്റെ ബറോഡ എക്‌സ്പ്രസ്സ് എനിക്കു കിട്ടൂ.

അങ്ങനെയിരിക്കേ രണ്ടു ബസ്സുകള്‍ ഒന്നിച്ചുവന്നു. അടക്കം പാലിച്ചുനിന്ന ക്യൂ അതോടെ ചിതറിത്തെറിച്ചു. രണ്ടാമത്തെ ബസ്സില്‍ അയാള്‍ ഒരുവിധം കയറിപ്പറ്റി.

ബസ്സിലെ പരിഭ്രാന്തരായ യാത്രക്കാരെ കണ്ടപ്പോള്‍ എല്ലാവരും കീമേയ്ക്കറുടെ അടുത്തേക്കാണ് പോവുന്നതെന്ന് അയാള്‍ക്ക് തോന്നിയെങ്കിലും ലെവല്‍ക്രോസ്സില്‍ അയാള്‍ മാത്രമേ ഇറങ്ങിയുള്ളു. ഇറാണി ഷോപ്പ് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയില്ല. പക്ഷേ അതിനു മുമ്പില്‍ താക്കോല്‍ക്കാരന്‍ വയസ്സനെ കാണാനില്ലായിരുന്നു.

കുറച്ചുനേരം അവിടെയൊക്കെ പരതിനോക്കി വിഷണ്ണനായി നില്‍ക്കേ, സമയം അധികം കളയാനില്ലെന്ന് അയാള്‍ക്ക് ഓര്‍മ്മ വന്നു. ഇറാണിക്കടയുടെ ഉടമസ്ഥന്റെ അടുത്തുചെന്ന് അയാള്‍ ചോദിച്ചു.

ഇതിന്റെ മുന്‍പില്‍ ഒരു കീമേയ്ക്കര്‍ ഇരിക്കാറില്ലേ? അയാളെവിടെയാണ്?

ചാവിവാല വൈകുന്നേരം അഞ്ചുമണിവരെയേ ഇവിടെ ഇരിക്കാറുള്ളു, ഇറാണിക്കടക്കാരന്‍ അറിയിച്ചു. ആ സമയം കഴിഞ്ഞാല്‍പ്പിന്നെ താക്കോലുണ്ടാക്കാന്‍ പാടില്ലല്ലോ അയാള്‍ക്ക്. ലൈസന്‍സുള്ള ഏര്‍പ്പാടല്ലേ.

അതാരറിഞ്ഞു? ലേശം അസഹിഷ്ണുതയോടെ അയാള്‍ ചിന്തിച്ചു. വൈകുന്നേരം അഞ്ചുമണിക്കുശേഷം മറ്റുള്ളവരുടെ പൂട്ടു തുറന്ന് അകത്തു കടക്കുന്നത് ഭവനഭേദനമാവുമെന്നാരറിഞ്ഞു?

അയാളുടെ വീടെവിടെയാണെന്നറിയാമോ, അയാള്‍ ചോദിച്ചു.

അത് ഞാനെങ്ങനെ അറിയാനാണ്, ഇറാണി ചിരിച്ചു. ഏതെങ്കിലും കള്ളുഷാപ്പില്‍ ഇപ്പോള്‍ ബോധംകെട്ടു കിടക്കുന്നുണ്ടാവും.

ഇവിടെ വേറെ ചാവിവാലകള്‍ ഇല്ലേ?

ഇറാണി ഇല്ലെന്നു തലയാട്ടി.

ശൂന്യമായ മനസ്സുമായി കുറച്ചുനേരം അയാള്‍ ഇറാണിക്കടക്കാരനെ നോക്കിനിന്നു. പിന്നെ പ്രത്യേകിച്ചൊന്നും തീരുമാനിയ്ക്കാതെ തിരിഞ്ഞുനടന്നു. ബസ്സിനു കാത്ത് ഇനിയും അരമണിക്കൂര്‍ കളയാന്‍ വയ്യ. വലിഞ്ഞു നടക്കുകതന്നെ.

മൂന്നാം നിലയിലെത്തുമ്പോള്‍ തുറന്നുകിടക്കുന്ന വാതിലാവും കാണുക എന്ന് കോണിപ്പടികള്‍ കയറുമ്പോള്‍ അയാള്‍ വെറുതെ മോഹിച്ചു. ഇരുട്ടിന് കട്ടി കൂടിയിരിക്കുന്നു. പൂട്ട് അവിടെത്തന്നെ ഉണ്ടെന്നറിയാന്‍ അയാള്‍ക്ക് തപ്പിനോക്കേണ്ടിവന്നു.

എതിരെയുള്ള ഫ്‌ളാറ്റിന്റെ കോളിങ്ങ് ബെല്ലില്‍ അയാള്‍ വിരലമര്‍ത്തി.

ഏതാനും നിമിഷങ്ങള്‍. പീപ്‌ഹോളില്‍ ഒരനക്കം.

സാല്‍വാറും കമ്മീസുമിട്ട പെണ്‍കുട്ടിയാണ് വാതില്‍ തുറന്നത്. അയാളെ കണ്ടപ്പോള്‍ അവള്‍ പരിചയം ഭാവിച്ചു ചിരിച്ചു.

നുണക്കുഴികള്‍.

ഒരു ചുറ്റിക കിട്ടാനുണ്ടോ? അയാള്‍ ചോദിച്ചു.

അമ്മേ, അവള്‍ അകത്തേക്കു നോക്കി വിളിച്ചു. പിന്നെ ഒന്നുകൂടി ചിരിച്ചുകൊണ്ട് ക്ഷണിച്ചു. അകത്തേക്കുവ രൂ അങ്കിള്‍.

അയാള്‍ കോറിഡോറില്‍ കടന്നു. കുട്ടിയുടെ അമ്മ ഡ്രോയിങ്‌റൂമില്‍ നിന്നു പുറത്തുവന്നു. മുഖത്തെ മിനുത്ത പൗഡറിന്റെ വാസന.

ചുറ്റിക ഇവിടെ എവിടെയോ ഉണ്ടെന്നു തോന്നുന്നു, സാരി നേരെയിട്ടുകൊണ്ട് അവള്‍ പറഞ്ഞു. വീണാ, ആ പെല്‍മറ്റിന്റെ മുകളില്‍ ഒന്നു നോക്ക്.

മകള്‍ സംശയിച്ചു നിന്നപ്പോള്‍ അയാള്‍ പറഞ്ഞു. ഞാന്‍ തന്നെ എടുക്കാം. ഒരു സ്റ്റൂള്‍ തന്നാല്‍ മതി.

ജോലി കഴിഞ്ഞുവരുന്ന വഴിയല്ലേ. വീണയുടെ അമ്മ ചോദിച്ചു. ചായ ഉണ്ടാക്കട്ടേ?

അയാള്‍ സമ്മതസൂചകമായി ചിരിച്ചു. ചുറ്റികയെടുത്ത് താഴെ ഇറങ്ങിയപ്പോള്‍ തന്റെ നഷ്ടപ്പെട്ട താക്കോലിനേക്കുറിച്ച് പറഞ്ഞു. ഇനി അത് മേടിപ്പൊളിക്കാന്‍ പറ്റുമോ എന്നു നോക്കണം. അതിനാണ് ഇത്. അയാള്‍ ചുറ്റിക ഉയര്‍ത്തിക്കാണിച്ചു.

ഡ്രോയിങ്‌റൂമിലിരുന്ന് ധൃതിയില്‍ ചായകുടിച്ചു തീര്‍ത്ത് അയാള്‍ പുറത്തുകടന്നു. അവരുടെ ഫ്‌ളാറ്റില്‍ നിന്നു വരുന്ന വെളിച്ചപ്പാളിയില്‍ പൂട്ട് വ്യക്തമായി കാണാം.

അയാള്‍ ചുറ്റികയെടുത്ത് ആഞ്ഞടിച്ചു. പൂട്ട് അടികൊണ്ട് ഒന്നിളകിയാടിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. വീണ്ടും ഒരടികൂടി. പൂട്ടിന് ഒരു ഞെണുക്കം പോലും പറ്റുന്നില്ല.

തുടരെത്തുടരെയുള്ള അടിയുടെ ശബ്ദകോലാഹലം കേള്‍ക്കാന്‍ വയ്യാഞ്ഞിട്ടാവണം വീണ വന്ന് അവരുടെ വാതില്‍ അടച്ചു.

ഇരുട്ട്.

ഒന്നുരണ്ടു മിനിറ്റുനേരം ഒന്നും കാണാന്‍ വയ്യാതെ അയാള്‍ അനങ്ങാതെ നിന്നു. കുറേശ്ശെക്കുറേശ്ശെയായി വാതിലും ഓടാമ്പലും പൂട്ടും തെളിഞ്ഞു വന്നപ്പോള്‍ കൂടുതല്‍ ശക്തിയോടെ അയാള്‍ ചുറ്റികകൊണ്ടടിച്ചു.

പൂട്ടിന് എന്നിട്ടും ഒരു കുലുക്കവുമില്ല.

അടി ശരിക്ക് കൊള്ളുന്നുണ്ടാവില്ല, അയാള്‍ വിചാരിച്ചു. ഇടത്തേകൈകൊണ്ട് പൂട്ട് അമര്‍ത്തിപ്പിടിച്ച് ആഞ്ഞൊരടികൊടുത്തു.

അനക്കമില്ല.

പിന്നെപ്പിന്നെ അയാള്‍ക്കതൊരു ലഹരിപോലെയായി. ഊക്കിലൂക്കില്‍ ഏതോ ഒരു വന്യതാളത്തിനൊപ്പിച്ച് അയാള്‍ അടിച്ചുകൊണ്ടിരുന്നു. ദേഹം മുഴുവന്‍ കുലുങ്ങുന്ന പ്രാകൃതനൃത്തം പോലെ.

നിറുകയില്‍ നിന്ന് വിയര്‍പ്പുചാലുകള്‍ ഒലിച്ചുവന്ന് മുഖം വഴിയൊഴുകി. ഷര്‍ട്ടും ബനിയനും ദേഹത്തോടൊട്ടിപ്പിടിച്ചു. ഇനി എല്ലാ ശക്തിയുമുപയോഗിച്ച് അവസാനത്തെ ഒറ്റയടി.

പക്ഷേ ആ അടി ഇടത്തെ കൈയിലെ തള്ളവിരലിലാണ് കൊണ്ടത്. പ്രാണവേദനയോടെ അയാള്‍ നിലത്തു കുന്തിച്ചിരുന്ന് ചിരിച്ചു. വിരല്‍ വായിലിട്ടു. വലിച്ചെടുത്തു കുടഞ്ഞു. കണ്ണില്‍ നിറഞ്ഞ വെള്ളം തുടച്ചു.

കുറച്ചുനേരം വെറുതെയിരുന്ന് കിതച്ചപ്പോള്‍ സമയത്തേപ്പറ്റി അയാള്‍ വീണ്ടും ബോധവാനായി. മണി എട്ടേക്കാലാകുന്നു. വണ്ടി പുറപ്പെടാന്‍ ഇനി രണ്ടര മണിക്കൂര്‍ കൂടിയേ ഉള്ളൂ. അതിനു മുമ്പ് ഫ്‌ളാറ്റില്‍ കടന്ന് കൊണ്ടുപോവാനുള്ളതെല്ലാം വാരിയടുക്കി വെയ്ക്കണം. ടിക്കറ്റും തപ്പിപ്പിടിച്ചെടുക്കേണ്ടി വരും.

എതിരെയുള്ള ഫ്‌ളാറ്റില്‍ വീണ്ടും മുട്ടി.

വീണയുടെ നുണക്കുഴികള്‍ തെളിഞ്ഞു. കൈയില്‍ ഐബ്രോ പെന്‍സിലുമായി അവള്‍ നിന്നു.

ഇവിടെ അരം ഉണ്ടോ? അയാള്‍ ചോദിച്ചു. പിന്നെ ക്ഷമാപണംപോലെ പറഞ്ഞു. പൂട്ടിന്റെ കൊളുത്ത് അറുത്തു മാറ്റുകയാണ് ഭേദമെന്നു തോന്നുന്നു.

വീണ അകത്തേക്കു നോക്കി അമ്മയെ വിളിച്ചു.

അമ്മ കിടപ്പുമുറിയില്‍നിന്ന് പുറത്തുവന്നു. സാരി മാറുകയായിരുന്നുവെന്നു തോന്നുന്നു. ഏതോ സുഗന്ധലേപനത്തിന്റെ സാന്നിദ്ധ്യം.

അരോം അരി വാളും ഒന്നും ഇവിടെയില്ല, അവര്‍ ചിരിച്ചു.

ചുറ്റിക ഏതായാലും എടുത്തോളൂ, അയാള്‍ നീട്ടിക്കാണിച്ചു.

അരം നമ്മുടെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ കിട്ടാതിരിക്കില്ല. ചുറ്റിക കൈയില്‍ വാങ്ങുമ്പോള്‍ അവര്‍ പറഞ്ഞു. ഒരു ഹാര്‍ഡ്‌വെയര്‍ ഷോപ്പുണ്ടല്ലോ അവിടെ.

നന്ദി പറഞ്ഞുകൊണ്ട് അയാള്‍ തിരിഞ്ഞു. ബ്രീഫ്‌കേസടുത്ത് കോണിയിറങ്ങാന്‍ തുടങ്ങുമ്പോള്‍ വീണ വിളിച്ചു.

അങ്കിള്‍…

അയാള്‍ തിരിഞ്ഞു നിന്നു.

സമയം എത്രയായി?

വാച്ച് കൈയിലെടുത്ത് നില്‍ക്കുന്ന വീണ. എന്റെ വാച്ച് ഫാസ്റ്റാണ് എന്നു തോന്നുന്നു.

എട്ട്, ഇരുപത്തൊന്ന്, കൃത്യം.

താങ്ക്യു അങ്കിള്‍, വാതിലിന്റെ വിടവില്‍ അദൃശ്യമായ നുണക്കുഴികള്‍.

ഇന്നു രാത്രി ഉറക്കം ശരിയാവാന്‍ വഴിയില്ല, നടക്കുമ്പോള്‍ അയാളോര്‍ത്തു. വേനല്‍ക്കാലത്ത് വണ്ടികള്‍ തീച്ചൂളകള്‍പോലെയാണ്. ഉരുകിയൊലിക്കുന്ന പകലും രാത്രിയും.

പക്ഷേ, ഈ യാത്ര തനിക്ക് ഒഴിവാക്കാനാവില്ലല്ലോ.

ഷോപ്പിംഗ് കോംപ്ലക്‌സിലെ പീടികകളെല്ലാം അടച്ചിരിക്കുകയാണ്. ഇത്ര വേഗം അവരൊക്കെ പീടികയടയ്ക്കാന്‍ കാരണം? അതോ തന്നേപ്പോലെ അവര്‍ക്കെല്ലാം താക്കോല്‍ നഷ്ടപ്പെട്ടിട്ടുണ്ടാകുമോ? അയാള്‍ തമാശയോര്‍ത്ത് ചിരിച്ചു.

ഒരു ബാര്‍ബര്‍ഷോപ്പ് തുറന്നിരിക്കുന്നു. അയാള്‍ അങ്ങോട്ട് കയറിച്ചെന്നു.

ഇവിടത്തെ ഹാര്‍ഡ്‌വെയര്‍ഷോപ്പ് എപ്പോഴാണ് അടച്ചത്? ബാര്‍ബര്‍ഷോപ്പിലിരിക്കുന്ന ചടച്ച ഒരു മനുഷ്യനോട് അയാള്‍ ചോദിച്ചു.

അപരിചിതന്‍ അയാളെ സൂക്ഷിച്ചുനോക്കി. പിന്നെ ഇത്ര നിസ്സാരമായ വിവരം പോലുമില്ലല്ലോ എന്ന മട്ടില്‍ പറഞ്ഞു. ഇന്ന് പീടികകളൊക്കെ മുടക്കമാണ്. ബുധനാഴ്ചയല്ലേ?

അയാളുടെ മുഖത്തെ പാരവശ്യം ശ്രദ്ധിച്ചിട്ടാവണം അപരിചിതന്‍ ചോദിച്ചു.

എന്താ?

എനിക്ക് ഒരു അരം വേണ്ടിയിരുന്നു.

എന്തിനാണ്, അപരിചിതന്‍ തുടര്‍ന്ന് ചോദിച്ചു.

എന്റെ ഫ്‌ളാറ്റിന്റെ താക്കോല്‍ കാണാനില്ല. പൂട്ടു തുറക്കാന്‍ പറ്റാതെ വിഷമിക്കുകയാണ്. ചുറ്റികയെടുത്ത് അടിച്ചുതുറക്കാന്‍ നോക്കി. ഇക്കാലത്ത് ഇത്ര ഉറപ്പുള്ള പൂട്ട് ഉണ്ടെന്നു ധരിച്ചിട്ടില്ല. വിരലു ചതഞ്ഞതു മാത്രം മിച്ചം. ടിക്കറ്റും പെട്ടിയും ഒക്കെ അകത്താണ്, എനിക്ക് ഇന്നു രാത്രി പത്തേമുക്കാലിന്റെ ബറോഡ എക്‌സ്പ്രസില്‍ പോണം. ട്വന്റി സെവന്‍ ഡൗണ്‍.

അപരിചിതന്‍ കുറച്ചുകൂടി നല്ല ഒരു ഷര്‍ട്ടിട്ടിരുന്നുവെങ്കില്‍ ആ പേരില്‍ ഒരു സിനിമ വന്നതു കണ്ടിട്ടുണ്ടോ എന്നുകൂടി ചോദിച്ചുപോയേനെ എന്ന് അയാള്‍ക്കു തോന്നി.

അപരിചിതന്‍ ചിരിച്ചു.

എവിടെയാണ് നിങ്ങളുടെ ഫ്‌ളാറ്റ്?

അയാള്‍ സ്ഥലം പറഞ്ഞു.

എതിരെയുള്ള വീട്ടുകാരുമായി അടുപ്പത്തിലാണോ?

അപരിചിതന്‍ എന്തിനാണ് ഭാവം എന്നറിയാതെ അയാള്‍ മിണ്ടാതെ നിന്നു.

ആ ഫ്‌ളാറ്റില്‍ കയറി അവരുടെ ബാല്‍ക്കണിയില്‍നിന്ന് നിങ്ങളുടെ ബാല്‍ക്കണിയിലേക്ക് ചാടുക. അവിടെ നിങ്ങളുടെ കിടപ്പുമുറിയുടെ ജനാലച്ചില്ലു പൊട്ടിച്ച് അകത്തു കടക്കുക. അതേ ഒരു വഴിയുള്ളു.

ബോധത്തിന്റെ വെളിച്ചവുമായി അയാള്‍ നിന്നപ്പോള്‍ അപരിചിതന്‍ ചോദിച്ചു.

ഞാന്‍ കൂടെപ്പോരണോ?

അയാള്‍ തലയാട്ടി. പുറത്തുകടന്ന് നടത്തം തുടങ്ങിയപ്പോഴാണ് അപരിചിതന്റെ കാലിലെ കെട്ട് അയാള്‍ കണ്ടത്.

എന്തുപറ്റി?

ഒന്നൂല്യ, ഒരു മുറിവ്. അപരിചിതന്‍ മുഖം കോട്ടി ഒന്നു ചിരിച്ചു.

കോണി കയറാന്‍ ബുദ്ധിമുട്ടാവും ഇല്യേ? ഒന്നാമത്തെ പടിക്കു മുന്‍പില്‍ നിന്നുകൊണ്ട് അയാള്‍ ചോദിച്ചു. അമ്പത്തേഴു പടികളുണ്ട്.

അപരിചിതന് ഒരു പക്ഷേ, അതും നിസ്സാരമാവും. അല്ലെങ്കില്‍ അയാളിങ്ങനെ ചിരിക്കില്ലല്ലോ.

മൂന്നാമത്തെ നിലയിലെ ഇരുട്ട്. അയാള്‍ എതിരേയുള്ള ഫ്‌ളാറ്റിന്റെ കോളിങ് ബെല്ലില്‍ വിരലമര്‍ത്തി ഒരിക്കല്‍ക്കൂടി വീണയുടെ നുണക്കുഴികള്‍ പ്രതീക്ഷിച്ചു നിന്നു.

അനക്കമില്ല.

ബെല്ലടി കേട്ടില്ലെന്നു വരുമോ? ഒരിക്കല്‍ക്കൂടി നീട്ടിയടിച്ചു.

മറുപടിയില്ല.

വീണ്ടും ബെല്ലില്‍ വിരലമര്‍ത്താന്‍ തുടങ്ങവേ, അപ്പോഴേക്കും പരിചിതമായിക്കഴിഞ്ഞ ഇരുട്ടില്‍ അയാള്‍ കണ്ടു: വീണയുടെ വാതിലിലെകനത്ത പൂട്ട്.

ഈശ്വരാ, ഈ ശുഭമുഹൂര്‍ത്തത്തില്‍ അവരെവിടെപ്പോയി?

നിസ്സഹായനായി അയാള്‍ നിന്നപ്പോള്‍ ഇരുട്ടില്‍ അപരിചിതന്റെ പല്ലുകള്‍ തെളിഞ്ഞു കണ്ടു.

അയല്‍ക്കാരേം കാണാനില്ല അല്ലേ?

അര്‍ത്ഥം മനസ്സിലാവാതെ അപരിചിതന്റെ മുഖത്തേക്കു മിഴിച്ചു നോക്കി അയാള്‍ നിന്നു. അപ്പോള്‍ അപരിചിതന്‍ പറഞ്ഞു. എന്റെ കൂടെ താഴേക്ക് വരൂ. ഇനി ഒരൊറ്റ വഴിയേ ബാക്കിയുള്ളു.

നൊണ്ടിക്കൊണ്ട് പടികളിറങ്ങുന്ന അപരിചിതന്റെ പിന്നാലെ, പ്രത്യേകിച്ചൊന്നും ഓര്‍ക്കാതെ അയാള്‍ നീങ്ങി. താഴെ എത്തിയപ്പോള്‍ അപരിചിതന്‍ കെട്ടിടം ചൂണ്ടിക്കാട്ടി.

ദാ, ആ കാണുന്ന പൈപ്പില്‍ പിടിച്ചു കയറുക. മൂന്നാം നിലയിലായതുകൊണ്ട് കുറച്ചു ബുദ്ധിമുട്ടേണ്ടിവരും. ബാല്‍ക്കണിയില്‍ ചാടിവീഴാന്‍ പറ്റിയാല്‍ ജയിച്ചു.

കുറച്ചുനേരം അയാളും അതു നോക്കിനിന്നു.

എനിയ്ക്ക് മരം കേറാനുംകൂടി അറിയില്ല, അയാള്‍ പറഞ്ഞു. ഈ സാഹസം ഇതുവരെയും ചെയ്തിട്ടില്ല.

എന്റെ കാലിലെ മുറിവു കാരണമാണ്, അപരിചിതന്‍ പറഞ്ഞു. അല്ലെങ്കില്‍ ഞാന്‍തന്നെ കേറിയേനെ.

വീണ്ടും കുറച്ചു നിമിഷങ്ങള്‍.

ബ്രീഫ്‌കേസ് അപരിചിതനെ ഏല്പിച്ച് അയാള്‍ പൈപ്പിന്റെ താഴത്തേക്കു നടന്നു. പിന്നെ ഏറെയൊന്നും ആലോചിക്കാതെ അതില്‍ പൊത്തിപ്പിടിച്ച് കയറാന്‍ തുടങ്ങി.

ഒന്നാം നിലവരെ എത്തിയപ്പോള്‍ ഇനി മുകളിലേക്കു കയറാന്‍ പറ്റില്ലെന്നു തോന്നി. പക്ഷേ ടിക്കറ്റും ബറോഡയിലേക്കുള്ള വണ്ടിയും അയാളുടെ ഓര്‍മ്മയിലെത്തി. രണ്ടും കല്‍പ്പിച്ച്, ശക്തിയെല്ലാം സ്വരുക്കൂട്ടി അയാള്‍ പിന്നെയും കയറി. താഴത്തു നില്ക്കുന്ന അപരിചിതന്‍ പ്രാകൃതമായ ശബ്ദങ്ങളുണ്ടാക്കി, അയാളെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

രണ്ടാം നിലയും കയറിക്കഴിഞ്ഞപ്പോഴാണ്, അടുത്ത ഏതോ ഒരു തീയേറ്ററില്‍ നിന്ന് ഫസ്റ്റ്‌ഷോ കഴിഞ്ഞുവരുന്ന ഏതാനും ആളുകള്‍ കോംപൗണ്ടില്‍ കടന്നുവന്നത്. കള്ളന്‍, കള്ളന്‍ എന്ന ആര്‍പ്പുവിളികള്‍ പലരില്‍ നിന്നും ഉയര്‍ന്നു. തന്റെ ദേഹത്തേക്കു പാളിവന്ന ടോര്‍ച്ച്‌വെളിച്ചത്തില്‍ ഒരു വിറയല്‍ അയാളിലൂടെ പാഞ്ഞുപോയി. ചുറ്റുമുള്ള ഫ്‌ളാറ്റുകളിലും വെളിച്ചം തെളിയുന്നത് അയാള്‍ കണ്ടു. താഴെ മനുഷ്യരുടെ എണ്ണം കൂടി വരുന്നു.

ഇറങ്ങി വാടാ!

എന്തിനും തയ്യാറായി നില്ക്കുന്ന ആളുകളെ അയാള്‍ ദയനീയമായി നോക്കി. പ്രിയപ്പെട്ടവരേ, എന്റെ താക്കോല്‍ നഷ്ടപ്പെട്ടു. ഇന്ന് എനിക്ക് എങ്ങനെയെങ്കിലും എന്റെ വീട്ടിനുളളില്‍ കടന്നേ തീരു. പത്തേമുക്കാലിനാണ് വണ്ടി. നാളെ രാവിലെ ബറോഡയിലെത്തണം. അവിടെ എന്നെക്കാത്ത് ഒരാളിരിക്കുന്നുണ്ട്. ഒരു പെട്ടി ഏല്പിച്ചുകൊടുക്കണം. അതും ഫ്‌ളാറ്റിലാണ്. പൂട്ട് എന്തുചെയ്തിട്ടും വഴങ്ങുന്നില്ല. അതുകൊണ്ടാണ് ഞാനീ കടുംകൈ ചെയ്യാനൊരുങ്ങിയത്…

ഒരു ചെറുപ്രസംഗത്തിനുള്ള വാചകങ്ങള്‍ മുഴുവനുമുണ്ടായിരുന്നു. പക്ഷേ അതു തുടങ്ങുന്നതിനു മുമ്പ് അയാളുടെ തലയ്ക്കുനേരെ ഒരു കരിങ്കല്‍ച്ചീള് ഇരമ്പിവന്നു. ബോധത്തിന്റെ ഞരമ്പുകള്‍ മുറിയുന്നത് അയാളറിഞ്ഞു.

(1983)