അയൽക്കാരി
അയൽക്കാരി | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | വൃഷഭത്തിന്റെ കണ്ണ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 51 |
ഒരാഴ്ച നിരന്തരം ചാരവൃത്തി നടത്തിയ ശേഷമാണ് സതി ഈ അനുമാനത്തിലെത്തിയത്. അയൽക്കാരിയ്ക്ക് വീണ്ടും ഭ്രാന്ത് തുടങ്ങാൻ പോകുന്നു.
നാലു മണിക്കൂർ നേരം മഴയോട് ധീരോദാത്തം പൊരുതി അവശനായി ഒമ്പതു മണിയ്ക്ക് വീട്ടിൽ ചേക്കേറിയ ഗോപാലകൃഷ്ണന് ഈ വാർത്ത ഒട്ടും ഉത്സാഹം നൽകിയില്ല. അയാൾക്കാവശ്യം ചൂടുള്ള ഒരു കപ്പു ചായയായിരുന്നു. പിന്നെ കഴിയുന്നത്ര കുറച്ചു ശല്യങ്ങളും. അയാൾ അടുക്കളയിൽ പോയി നോക്കി. സ്റ്റൌവിൽ പാത്രത്തിൽ ചായയ്ക്കുള്ള വെള്ളം തിളയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. അപ്പോൾ സതിയെ ചീത്ത പറയാനും വയ്യ. അല്ലെങ്കിൽ ആ കാരണം പറഞ്ഞെങ്കിലും ഒരു ശണ്ഠ ഉണ്ടാക്കാമായിരുന്നു. അയാൾ തിരിച്ചുവന്ന് വസ്ത്രങ്ങൾ അഴിച്ചു മാറ്റാൻ തുടങ്ങി. ഗംബൂട്ടിൽ രണ്ടിലും നിറയെ വെള്ളം. ദേഹത്തിൽ നനയാത്ത ഇടമൊന്നുമില്ല. ഡ്രോയർകൂടി നനഞ്ഞിരുന്നു. എല്ലാം അഴിച്ചു മാറ്റിയപ്പോഴേയ്ക്കും സതി ചായക്കപ്പുമായി എത്തി. കപ്പു മേശപ്പുറത്തുവെച്ച് അവൾ അയാളെ നോക്കി മൂക്കത്തു വിരലുവെച്ചു നിന്നു.
ഞാൻ വിചാരിച്ചു ഏതാ ഒരു ചെറിയ കുട്ടി വന്നിരിക്കുന്നതെന്ന്; അരഞ്ഞാണം പോലുമില്ലാതെ!
എനിയ്ക്കു തണുക്കുന്നു. നോക്കി നിൽക്കാതെ ഉണങ്ങിയ വല്ലതും എടുത്തു തരു.
ഇപ്പോൾ കുടിക്കേണ്ടത് ചായയല്ല. പക്ഷെ കുടി ശീലമില്ലാത്തതുകൊണ്ട് ഒരു കുപ്പി വാങ്ങാൻ പോലും ഓർമ്മയുണ്ടാവില്ല.
ലുങ്കി ചുറ്റി കട്ടിയുള്ള ഷർട്ടും ധരിച്ച് ചായ കുടിക്കുമ്പോഴാണ് സതി പറഞ്ഞത്.
അയൽക്കാരിയ്ക്ക് അടുത്തു തന്നെ ്രഭാന്തിളകുമെന്നാണ് തോന്നുന്നത്.
എന്നു വെച്ചാൽ മിസ്സിസ്സ് പട്ടേലിന് സ്വബോധം തിരിച്ചു കിട്ടിയെന്നോ?
ഈ ചുറ്റുവട്ടത്ത് കുറച്ചെങ്കിലും സ്വബോധമുള്ള ഒരേ ഒരു വ്യക്തി അയൽക്കാരി ഗുജറാത്തിയാണെന്ന് അയാൾ എപ്പോഴും പറയാറുണ്ട്.
ഇന്നുണ്ടായതെന്താണെന്നു കേൾക്കണോ?
അവതരണമൊന്നും കൂടാതെ പറയൂ.
്രഭാന്തത്തി വാതിൽ തുറന്നു കോണിയിറങ്ങി താഴെ വരെ പോയി. മഴ പെയ്യുന്നുണ്ടായിരുന്നു. അപ്പോൾ തിരിച്ചുവന്ന് ആദ്യം വീട്ടിൽ കടന്ന് വാതിലടച്ചു.
ബോറടിക്കുന്നു.
ഗോപാലകൃഷ്ണൻ കോട്ടുവായിട്ടുകൊണ്ട് പറഞ്ഞു.
അതല്ലാ, സതി തുടർന്നു. ഇതിൽ അത്ഭുതമെന്താണെന്നല്ലെ? അവൾ വെറും ജീൻസ് മാത്രമെ ഇട്ടിരുന്നുള്ളു. മുകളിൽ ഒന്നും ഇട്ടിരുന്നില്ല. ടോപ്‌ലെസ്.
ഗോപാലകൃഷ്ണൻ നിവർന്നിരുന്നു. ഇതിൽ കാര്യമായി ചിന്തിക്കാനുള്ള വകയുണ്ട്. അയാൾ പറഞ്ഞു.
ഇത് ്രഭാന്ത് വരാനുള്ളതിന്റെ സൂചനയാണെന്ന് എങ്ങിനെ തീർച്ചയാക്കാം? മഴ പെയ്യുന്നുണ്ടെങ്കിലും വകവെക്കാതെ പുറത്തിറങ്ങി നനഞ്ഞു തണുത്ത് പനി പിടിച്ചു എന്നുവെച്ചാൽ ഭ്രാന്താണെന്നു പറയാം. പിന്നെ ടോപ്‌ലെസ് അവൾക്ക് കാണിക്കാൻ മാത്രമുള്ളതു കൊണ്ടല്ലെ അവൾ കാണിക്കുന്നത്.
നോക്കു, തമാശ പറയാതിരിക്കു. ആ പാവത്തിന് വീണ്ടും തുടങ്ങാൻ പരിപാടിയുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി അവൾക്ക് ആരേയും കിട്ടിയിട്ടില്ല. മഴ തുടങ്ങിയാൽ അവളുടെ സ്ഥിതി കഷ്ടമാണ്.
കഴിഞ്ഞകൊല്ലവും ഇങ്ങിനെയാണ് തുടങ്ങിയത് അയാൾ ഓർത്തു. ഒരാഴ്ച മഴ തുടർച്ചയായി പെയ്തു. ഒരു ദിവസം വൈകുന്നേരം അവൾ ബാൽക്കണിയിൽ നൃത്തം ചെയ്തു. നിരത്തിൽ ആൾക്കാർ തടിച്ചുകൂടി അവളെ അനുമോദിച്ചു. നൃത്തത്തിനനുസരിച്ച് കൈ കൊട്ടി താളം പിടിച്ചു. ഗോപാലകൃഷ്ണൻ ഓഫിസീൽ നിന്നും വന്നപ്പോൾ ഒരു ദിവസം കണ്ട കാഴ്ചയാണിത്.
അതിനു മുമ്പ് കാര്യങ്ങൾ ഭംഗിയായി നടന്നിരുന്നു. ദിവസവും വൈകുന്നേരം ആറുമണിയായാൽ അവൾ അണിഞ്ഞൊരുങ്ങി പുറത്തിറങ്ങും. ഏകദേശം ഏഴരമണിയായാൽ ഒരു ഇരയെയും കൊണ്ട് കോണി കയറി വരും. അവളുടെ ആറിഞ്ചു ഉയരമുള്ള ചെരുപ്പിന്റെ ശബ്ദം കേട്ടാൽ സതി വാതിലിന്റെ പീപ്‌ഹോളിലൂടെ നോക്കി ചാരവൃത്തി തുടങ്ങും. പിന്നെ കുറച്ചുസമയം കഴിഞ്ഞാൽ ഓടാമ്പലിന്റെ ശബ്ദം കേട്ട് വീണ്ടും നോക്കിയാൽ അവൾ ഇരയെ പുറത്തേയ്‌ക്കെറിയുന്നതും കാണാം.
സതി ആശ്വസിക്കും. പാവം അവൾക്ക് ഒന്നു രണ്ടു ദിവസത്തേയ്ക്ക് പട്ടിണി കിടക്കേണ്ടി വരില്ല.
അതിനു മുമ്പ് അവൾക്ക് കഷ്ടകാലമായിരുന്നു. ഭർത്താവുണ്ടായിരുന്ന സമയത്താണ്. അത് പട്ടിണിയുടെ നാളുകളായിരുന്നു. കോൺട്രാക്ടർ എന്ന സ്വയം നേടിയ പദവിയും വെച്ചു കൊണ്ട് നാടു ചുറ്റലായിരുന്നു പട്ടേലിന്റെ പണി. ആഴ്ചകളോളം നീണ്ടു നിൽക്കുന്ന ഈ യാത്രകൾക്കിടയിൽ ഭാര്യ എങ്ങിനെ ജീവിച്ചിരുന്നു എന്നു അയാൾ ശ്രദ്ധിച്ചിരുന്നില്ല. ഇലക്ട്രിക് ബിൽ കൊടുക്കാത്തതു കൊണ്ട് ലൈൻ ഡിസ്‌കണക്ട് ചെയ്തിരുന്നു. രാത്രി, വൈകുന്നേരം വാങ്ങിയ രണ്ടു മെഴുകുതിരികൾ തീരുന്നതുവരെ മാത്രം വെളിച്ചം. അതു കഴിഞ്ഞാൽ അവൾ ഇരുട്ടിൽ. തണുപ്പിൽ ചൂളിയിരിക്കും. ഭക്ഷണം റൊട്ടിയും പച്ചവെള്ളവും മാത്രം.
ഇതെല്ലാം ഗോപാലകൃഷ്ണൻ അറിഞ്ഞത് പിന്നീടാണ്. കാണുമ്പോഴെല്ലാം അവൾ പറയും ഭർത്താവ് ടൂറിലാണ് എന്ന്. വല്ല പുതിയ പുസ്തകവുമുണ്ടോ?
അയാൾ, കഴിഞ്ഞ പ്രാവശ്യം അവൾക്കു കൊടുത്ത പുസ്തകം ഡി. എച്ച്. ലോറൻസിന്റെ ‘ത്രീ സിസ്റ്റേഴ്‌സ്’ ആയിരുന്നു. അതു തിരിച്ചു തരുമ്പോൾ അവൾ പറഞ്ഞു.
ഗിമ്മി സംതിംഗ് നൈസ് ടു റീഡ്. ദിസ് ബുക്ക് ഈസ് സോ സോർഡിഡ്.
അവൾ നല്ല പുസ്തകം എന്നതിൽ ഉദ്ദേശിക്കുന്നത് വൃത്തിയായ പുസ്തകങ്ങളാണ്. ഉദാഹരണമായി ജോർജറ്റ് ഹെയറുടെ പുസ്തകങ്ങൾ.
അവൾ പറയാറുണ്ട്. എനിയ്ക്ക് പഴയ ഇംഗ്ലീഷ് ക്ലാസിക്കുകൾ ഇഷ്ടമാണ്. അതിലെല്ലാം വരച്ചിട്ടുള്ള ഗ്രാമങ്ങളുടെ ചിത്രം എത്ര മനോഹരമാണ്. എനിയ്ക്കും അങ്ങിനെയൊരു ഗ്രാമത്തിൽ താമസിക്കാൻ തോന്നുന്നു. ചിമ്‌നിയുള്ള ഒരു ചെറിയ വീട്, തോട്ടം, പുൽമേടുകൾ വളരെ ശാന്തമായ ഒരു ജീവിതം. ഈ നഗരത്തിൽ നിങ്ങൾക്കെപ്പോഴെങ്കിലും നിശ്ശബ്ദത അനുഭവപ്പെട്ടിട്ടുണ്ടോ? നിശ്ശബ്ദതക്കു വേണ്ടി ഞാൻ ധ്യാനിക്കാറുണ്ട്. കൂടുതൽ ധ്യാനിക്കും തോറും നഗരത്തിന്റെ ഇരമ്പൽ ഒരു വലിയ രാക്ഷസന്റെ കൂർക്കംവലി പോലെ ചെവിയിലെത്തുന്നു. എവിടെ നിങ്ങൾ ധ്യാനിക്കുന്ന നിശ്ശബ്ദത? എവിടെ നിങ്ങളാശിക്കുന്ന ശാന്തി?
ഇവിടെ നിങ്ങൾക്കു നേരിടേണ്ടത് കുബുദ്ധിയും, അസൂയയും കൈമുതലായിട്ടുള്ള സ്ത്രീകളാണ്. നിങ്ങളുടെ ഓരോ ചലനവും ശ്രദ്ധിക്കുന്ന സ്ത്രീകൾ.
ഗോപാലകൃഷ്ണൻ ആലോചിച്ചു. ഇവർക്ക് ഒരിക്കലും ്രഭാന്താവില്ല. ഇത്രയും വ്യക്തമായി ബോധപൂർവ്വം ചിന്തിക്കാൻ കഴിയുന്ന ഒരു സ്ത്രീയെ നടാടെയാണ് അയാൾ കാണുന്നത്. അയാൾ സതിയോടു പറഞ്ഞു.
അവൾക്ക് ്രഭാന്തൊന്നുമില്ല. മറ്റുള്ളവരെക്കാൾ കൂടുതൽ വ്യക്തമായ ധാരണകളുണ്ട് ആ സ്ത്രീയ്ക്ക് എല്ലാറ്റിനെപ്പറ്റിയും. കഴിഞ്ഞ കൊല്ലം അവളെ പേടിച്ച് നാട്ടിലേക്കോടിയ നിനക്കാണ് ഭ്രാന്ത്.
കഴിഞ്ഞ കൊല്ലം അയൽക്കാരി കാരണം രണ്ടു മാസം ‘അവിവാഹിത’നായി കഴിയേണ്ടി വന്നു.
അവൾ പട്ടിണിയായിരുന്നെന്നറിഞ്ഞത് വളരെ വൈകിയായിരുന്നു. അയാൾ ആറാമത്തെ ഹെയറെ കൊടുക്കാൻ വേണ്ടി അവളുടെ ബെല്ലടിച്ചപ്പോൾ മറുപടിയുണ്ടായില്ല. സമയം നാലു മണിയായിരുന്നു. ഒരു പക്ഷെ ഉറങ്ങുകയായിരിക്കും എന്നു കരുതി അയാൾ വീണ്ടും ബെല്ലടിക്കാതെ തിരിച്ചു പോന്നു. പിന്നെ രണ്ടു മണിക്കൂർ കഴിഞ്ഞ് വീണ്ടും ബെല്ലടിച്ചു.
എന്താണിവളുടെ പരിപാടി?
ഉറങ്ങുകയാണെന്നു തോന്നുന്നില്ല. സതി പറഞ്ഞു. ഉറങ്ങുമ്പോൾ അവൾ ബാൽക്കണി വാതിലടയ്ക്കാറുണ്ട്. അതു തുറന്നിട്ടിരിയ്ക്കയാണ്. അതിന് വല്ലതും പറ്റിയോ ആവോ?
അയാൾ വീണ്ടും ബെല്ലടിച്ചു. വീണ്ടും വീണ്ടും. വാതിൽക്കൽ ഉറക്കെ മുട്ടുകയും ചെയ്തു.
കുറച്ചുകഴിഞ്ഞപ്പോൾ വാതിലിനു പിന്നിൽ അനക്കം കേട്ടു. അക്ഷമയോടെ അവർ പുറത്തു കാത്തു നിന്നപ്പോൾ അവൾ വാതിൽ തുറക്കുകയും ഉടനെത്തന്നെ നിലത്തേയ്ക്കു വീഴുകയും ചെയ്തു. ബോധമില്ല.
ഗോപാലകൃഷ്ണൻ വിചാരിച്ചത് അവർ വല്ല മരുന്നും അടിച്ചു കിടക്കുകയാണെന്നാണ്. പക്ഷെ സതി കൂടുതൽ ബുദ്ധിമതിയായിരുന്നു, അവൾ അവരെ പരിശോധിച്ചശേഷം പറഞ്ഞു.
എനിയ്ക്കു തോന്നുന്നത് ഇവൾ കുറെ ദിവസമായി പട്ടിണിയായിരുന്നെന്നാണ്.
അയാൾ മുഖം ചുളിച്ചു. അങ്ങിനെ ഒരു സാദ്ധ്യതയെപ്പറ്റി അയാൾ സ്വപ്‌നത്തിലും വിചാരിച്ചിരുന്നില്ല. സതി അടുക്കളയിൽ പോയി പരിശോധന തുടങ്ങിയിരുന്നു. അപ്പോഴാണ് ദയനീയമായ ആ പരമാർത്ഥം മനസ്സിലായത്.
അവിടെ ഒരു ഭക്ഷണസാധനവുമുണ്ടായിരുന്നില്ല. ഒരു സ്റ്റൌ ഉള്ളത് മണ്ണെണ്ണയില്ലാതെ തുരുമ്പു പിടിച്ചു കിടക്കുന്നു. ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും ആയിട്ടുണ്ടാവും അവൾ വല്ലതും കഴിച്ചിട്ട്.
അയാൾ തളർന്നുപോയി. ഹാർഡിയുടെയും ഡിക്കൻസിന്റെയും ക്ലാസിക്കുകളും, ഹെയറുടെ റൊമാൻസും, ഈ ലോകത്തിന്റെ അധമനിലയും സംസാരിക്കുമ്പോഴെല്ലാം അവർ വെറും പച്ചവെള്ളം കുടിച്ച് വിശപ്പടക്കുകയാണ് ചെയ്തിരുന്നത്. അവർക്ക് തന്നോട് പണം കടം ചോദിക്കാമായിരുന്നില്ലെ?
അയാൾ പോയി ഡോക്ടറെ വിളിച്ചു കൊണ്ടുവന്നു. ഡോക്ടർ അവളെ പരിശോധിക്കുമ്പോൾ ഗോപാലകൃഷ്ണൻ അവളുടെ മുറി നടന്നു നോക്കി. ചുമരുകളിൽ നിറയെ പലതരം സ്റ്റിക്കറുകൾ ഒട്ടിച്ചുവെച്ചിരിക്കുന്നു. ഒരു ചുമരിൽ രവിശങ്കറിന്റെ ഒരു ബ്ലോ അപ്പ്.
രണ്ടു ദിവസം കഴിഞ്ഞ് അവൾക്ക് വാതിൽക്കൽ നിന്ന് സംസാരിക്കാമെന്നായപ്പോഴാണ് അവൾ ചോദിച്ചത്.
ഈ നാലാം നിലയിൽനിന്നു ചാടുമ്പോൾ ഒരാളുടെ തോന്നലുകളെന്തെല്ലാമായിരിക്കും?
നിങ്ങൾ ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്നു.
ആത്മഹത്യയ്ക്ക് പറ്റിയത് ബാൽക്കണിയിൽ നിന്നു ചാടലാണെന്നു തോന്നുന്നു.
എനിയ്ക്ക് ആ അഭിപ്രായമില്ല. ഗോപാലകൃഷ്ണൻ പറഞ്ഞു. ചാടുന്ന ആളുടെ ധൈര്യമെല്ലാം ചാടുന്ന ആ നിമിഷത്തിൽ തന്നെ നഷ്ടപ്പെട്ടിട്ടുണ്ടാകും. അപ്പോൾത്തന്നെ പകുതി ജീവിതം പോയിട്ടുണ്ടാകും. പിന്നെ നിലം നമ്മുടെ നേരെ ഒരു സൂപ്പർസോണിക് വേഗത്തിൽ ഒരു ക്യാമറ സൂം ചെയ്യുന്നതു പോലെ വരുന്നതു കാണുക കൂടി ചെയ്താൽ ബാക്കി പകുതി ജീവനും നഷ്ടപ്പെടും. പിന്നെ നിലത്തു മുട്ടി ചിതറുന്നത് ജീവനില്ലാത്ത ശരീരം മാത്രമായിരിക്കും. അപ്പോഴും ബോധം നശിച്ചിട്ടില്ലാത്ത നിർഭാഗ്യവാൻമാർക്ക് ആദ്യം തല നിലത്തു മുട്ടുമ്പോഴുള്ള ആഘാ തം അറിയാം. പിന്നെ ഇരുട്ടു മാത്രം.
ഞാനും ഇതൊക്കെത്തന്നെയാണ് ആലോചിച്ചത്. അവൾ പറഞ്ഞു.
എന്റെ അഭിപ്രായത്തിൽ ഉറക്കഗുളികകളാണ് ഏറ്റവും നല്ലത്.
ഗോപാലകൃഷ്ണൻ പത്തു വട്ടം ആത്മഹത്യ ചെയ്ത വിദഗ്ദനെപ്പോലെ സംസാരിച്ചു.
നല്ല ഉറക്കം വന്ന് കണ്ണുകൾ അടയും. പിന്നെ നടക്കുന്നതൊന്നും അറിയില്ല. നിങ്ങൾ നീണ്ട, വളരെ നീണ്ട ഉറക്കത്തിലേയ്ക്കു വഴുതിവീഴും.
അത് എനിയ്ക്കുപകരിക്കില്ല. അവൾ പറഞ്ഞു. ഞാനത് ശ്രമിച്ചതാണ്. ഒരു കുപ്പി ഗുളികകൾ മുഴുവൻ അകത്താക്കി. മരണം പോയി ഉറക്കം പോലും വന്നില്ല. ഞാൻ രാത്രി മുഴുവൻ മുറിയിൽ നടന്നു കഴിച്ചു കൂട്ടി. മദ്യപിച്ച മട്ടുണ്ടായിരുന്നു. നേരം പുലർന്നപ്പോൾ വാതിൽക്കൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു നോക്കിയപ്പോൾ ഭർത്താവ്. നിർഭാഗ്യത്തിന് അയാൾ ടൂർ കഴിഞ്ഞ് വന്നെത്തിയതാണ്. അയാൾ ചോദിച്ചതിനൊ ന്നും മറുപടി പറയാതെ ഞാൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പക്ഷെ അയാൾ കണ്ടുപിടിച്ചു. അങ്ങിനെ ആദ്യത്തെ ശ്രമം പരാജയപ്പെട്ടു.
കഷ്ടമായി. ഗോപാലകൃഷ്ണൻ പറഞ്ഞു.
രണ്ടാമത് ശ്രമം നടത്തിയത് കടലിൽ ചാടാനായിരുന്നു. ചാടി, ശ്രമം ഫലിച്ചു എന്നു കരുതിയപ്പോൾ ഒരു വലിയ തിര എന്നെ മണലിലേക്കു തന്നെ വലിച്ചെറിഞ്ഞു.
ഓ, പാവം കഷ്ടമായി.
യൂ റിയലി മീനിറ്റ്?
യ്യാ.
സതി പറയുകയാണ്, ഈ പ്രാവശ്യം ്രഭാന്തിയ്ക്ക് ്രഭാന്തിളകുകയാണെങ്കിൽ ഞാൻ നാട്ടിൽ പോകും. പിന്നെ അവളെ ഓടിച്ചാലെ ഞാൻ തിരിച്ചു വരു. എനിയ്ക്കു വയ്യ എപ്പോഴും ടെൻഷനുമായി കഴിയാൻ. ഭ്രാന്തു തുടങ്ങിയാൽ അതെന്തൊക്കെയാണ് ചെയ്യുക എന്ന് മുൻകൂട്ടി പറയാൻ പറ്റില്ല.
സംഗതി ഗൌരവമാണ്. ഗോപാലകൃഷ്ണൻ ആലോചിച്ചു. അയൽക്കാരിയുടെ ്രഭാന്തിനെപ്പറ്റി തനിയ്ക്കുള്ള അഭിപ്രായമല്ല ലോകർക്ക്.
അവളുടെ ചെരുപ്പിന്റെ ക്ടോം ക്ടോം ശബ്ദം കേട്ടാൽ അവർ വാതിലിടച്ച് കുറ്റിയിട്ട് പീപ് ഹോളിലൂടെ നോക്കും. ജനലിന്റെ കർട്ടനുകൾ ഇട്ട് ഒളിഞ്ഞു നോക്കുന്നു.
അതിന് ്രഭാന്തല്ല, വിശപ്പാണ് എന്ന് എന്താണ് ആർക്കും മനസ്സിലാകാത്തത്. അയാൾ അമർഷത്തോടെ പറഞ്ഞു.
വിശപ്പുണ്ടെങ്കിൽ ജോലിയെടുത്ത് പണമുണ്ടാക്കിക്കൂടെ?
ഇതു സ്ത്രീകളുടെ യുക്തിയാണ്. എത്ര എളുപ്പം അവർ കാര്യങ്ങൾക്ക് പരിഹാരം കാണുന്നു. നിസ്സഹായയായ ഒരു സ്ത്രീക്ക് കിട്ടാവുന്ന ജോലിയെപ്പറ്റി മിസ്സിസ്സ് പട്ടേൽ പറയാറുണ്ട്. അത് ഭർത്താവു മരിച്ചുവെന്ന് അവർക്ക് അറിവു കിട്ടിയപ്പോഴാണ്.
അന്ന് അവളുടെ വാതിൽ കാറ്റിൽ ഉറക്കെ അടഞ്ഞും തുറന്നുമിരുന്നു. അനാഥമായ, ആളൊഴിഞ്ഞ, പ്രേതബാധയുള്ള വീടുപോലെ. ഗോപാലകൃഷ്ണൻ ആ ഞായറാഴ്ച വൈകുന്നേരം നശിപ്പിക്കണം എന്നില്ലാത്തതുകൊണ്ട് അത് ശ്രദ്ധിക്കാൻ പോയില്ല. പക്ഷെ കുറച്ചു സമയം കഴിഞ്ഞ് സതിയുടെ ഒപ്പം പുറത്തു പോകുമ്പോൾ അയൽക്കാരിയുടെ വീടിനകത്തേയ്ക്ക് തുറന്ന വാതിലിലൂടെ നോക്കാതിരിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. അവൾ വെറും നിലത്ത് കിടന്നിരുന്നു. അവൾ മരിച്ചു കിടക്കുകയാണെന്നാണയാൾക്കു തോന്നിയത്. കഴുത്ത് വല്ലാതെ ചെരിഞ്ഞിരുന്നു. ആദ്യമുണ്ടായ പ്രേരണ ഓടി രക്ഷപ്പെടാനായിരുന്നു. സതിയും പറഞ്ഞു നമുക്ക് കണ്ടില്ലെന്നു നടിച്ചു പോകാം, അതു ചത്തു കിടക്കുകയാണെങ്കിൽ കുഴപ്പമാണ്.
ഓടാൻ വേണ്ടി തയ്യാറെടുത്തു നിന്നപ്പോഴാണ് അയാൾ, അവൾ ശ്വാസം കഴിക്കുന്നത് ശ്രദ്ധിച്ചത്.
അയാൾ പറഞ്ഞു നമുക്കുപോയി നോക്കാം. അതിനു ജീവനുണ്ടെന്നു തോന്നുന്നു.
ഉറക്ക ഗുളികകൾ! ഒന്നല്ല രണ്ടു കുപ്പികൾ ഒഴിഞ്ഞുകിടന്നിരുന്നു.
പോലീസും ആംബുലൻസും വന്ന് അവളെ കൊണ്ടുപോയ ശേഷം അയാൾ വാതിലിനു പുറത്ത് ചുരുട്ടി കൂട്ടിയിട്ട ടെലഗ്രാം കണ്ടു. നിങ്ങളുടെ ഭർത്താവ് ഒരു കാറപകടത്തിൽ മരിച്ച വിവരം അറിയിക്കാൻ വ്യസനമുണ്ട്.
അതു പോലീസ് വകുപ്പിൽ നിന്നുള്ള കമ്പിയായിരുന്നു. അതയച്ച സ്ഥലം മനസ്സിലാക്കാൻ അയാൾ ശ്രമിച്ചു. ദേവാസ് ആണോ, ആവോ.
അത് അയാൾ തന്നെ അയച്ച കമ്പിയായിരിക്കുമെന്നാണ് എനിയ്ക്കു തോന്നുന്നത്. സതി പറഞ്ഞു. ഇവളെ എങ്ങനെയെങ്കിലും ഒഴിവാക്കി തടി തപ്പാനുള്ള സൂത്രമായിരിക്കും.
അങ്ങിനെയും ഒരു സാധ്യതയുണ്ടെന്ന് ഗോപാലകൃഷ്ണൻ ഓർത്തു. അടുത്ത കാലത്തായി അവളും ഭർത്താവും തമ്മിൽ വലിയ സ്വരചേർച്ചയിലായിരുന്നില്ല. അയാൾ മാസത്തിലൊരിക്കലൊ മറ്റൊ വരും. വന്നാൽ രണ്ടോ നാലോ ദിവസം താമസിക്കും. എന്നും അവരുടെ വീട്ടിൽ നിന്ന് ശണ്ഠ കേൾക്കാം.
പിന്നെ അവൾ പോലീസ് കസ്റ്റഡിയിൽ നിന്ന് തിരിച്ചു വന്നപ്പോൾ അയാൾ ചോദിച്ചു.
നിങ്ങളെന്തിനാണ് ആത്മഹത്യ ചെയ്യാൻ പോയത്?
എന്റെ ഭർത്താവു മരിച്ചു.
ഞാനറിഞ്ഞു.
എങ്ങിനെ?
നിങ്ങൾക്കു വന്ന ടെലഗ്രാം പുറത്തു കിടക്കുന്നതു കണ്ടു.
ഓ!
ഭർത്താവു മരിച്ചതുകൊണ്ട് എന്തിനാണ് നിങ്ങൾ ആത്മഹത്യ ചെയ്യുന്നത്? നിങ്ങൾ ഭർത്താവിനെ അത്രയധികം സ്‌നേഹിച്ചിരുന്നോ?
ഇല്ല. അത്രയധികം എന്നല്ല, ഒട്ടും ഇല്ല. മാത്രമല്ല ഞാനയാളെ വെറുക്കുക കൂടി ചെയ്തിരുന്നു. അയാൾ വരുന്ന ദിവസങ്ങൾ നരകമായിരുന്നു. അയാൾ എന്നെ അടിക്കുക കൂടി ചെയ്യാറുണ്ട്.
അവരുടെ വേദന കൊണ്ടുള്ള നിലവിളി കേൾക്കാറുണ്ട് എന്നയാൾ ഓർത്തു.
പിന്നെ?
അതല്ല കാര്യം. അയാൾ ജീവിച്ചിരിക്കുമ്പോൾ എനിയ്ക്ക് എന്തെങ്കിലും പ്രതീക്ഷിക്കാനുണ്ടായിരുന്നു. എത്രത്തോളം അനഭികാമ്യമായാലും. അയാൾ മരിച്ചപ്പോൾ പെട്ടെന്ന് എനിയ്ക്ക് എന്റെ നിലനിൽപ്പ് അനാവശ്യമാണെന്നു തോന്നി. എന്റെ നിലനിൽപ്പ് മാസത്തിൽ ഒരിക്കലോ ഈരണ്ടു മാസം കൂടുമ്പോഴോ വരുന്ന അയാളെ പ്രതീക്ഷിക്കുക എന്ന കർമ്മവുമായി ബന്ധപ്പെട്ടതാണെന്ന ബോധം എന്റെ മനസ്സിൽ ഉണ്ടായിരുന്നിരിക്കണം. പിന്നെ അയാൾ എന്നെ സ്‌നേഹിച്ചിരുന്ന കാലത്തു പറഞ്ഞിരുന്ന ചില വാക്കുകൾ ഓർമ്മവന്നു. ഞാൻ പെട്ടെന്ന് ഇമോഷനലായി.
അപ്പോഴാണ് അവർ ആവശ്യപ്പെട്ടത്. നാളെ മുതൽ ന്യൂസ്‌പേപ്പർ കിട്ടിയാൽ നന്നായിരുന്നു.
എന്തിനാണ്?
എനിയ്‌ക്കൊരു ജോലി അന്വേഷിക്കണം. എന്നും തലേ ദിവസത്തെ പേപ്പർ തന്നാൽ മതി. ഞാൻ ബുദ്ധിമുട്ടിക്കുകയല്ലല്ലൊ.
അല്ല. പക്ഷെ ബെല്ലടിക്കരുത്. ഞാൻ പേപ്പർ വായിച്ചു കഴിഞ്ഞാൽ വാതിലിനടിയിലൂടെ ഇട്ടു തരാം. വായിച്ചു കഴിഞ്ഞാൽ തിരിച്ച് എന്റെ വാതിലിന്റെ അടിയിൽ കൂടി ഇട്ടാൽ മതി.
ബെല്ലടിക്കുന്നത് അയാൾക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമായിരുന്നു. ബെല്ലടിക്കുന്നത് കേട്ടാൽ പെട്ടെന്ന് ടെൻഷൻ കൂടുന്നത് അയാൾക്കു മനസ്സിലാവും. ആരായിരിക്കും അത്? പിന്നെ വാലിയക്കാരി അകത്തു കടന്ന് വാതിലടച്ചു കഴിഞ്ഞാലും നെഞ്ചിനകത്തെ മിടിപ്പ് കുറെ നേരം അയാൾക്കു കേൾക്കാൻ പറ്റും.
ശരി. അവൾ പറഞ്ഞു.
ഒരാഴ്ചക്കുള്ളിൽ അവൾക്കു ജോലി കിട്ടി. ദിവസവും രാവിലെ അവൾ വാതിലടച്ച് പൂട്ടിട്ട് പോകുന്നത് പീപ് ഹോളിലൂടെ ഒളിഞ്ഞു നോക്കുമ്പോൾ സതി ആശ്വാസപൂർവ്വം പറയും.
ഇനി അവൾ പട്ടിണി കിടക്കില്ല.
ആശ്വാസം അല്പായുസ്സായി ഊർദ്ധശ്വാസം വലിച്ചു. പത്തു ദിവസത്തിനു ശേഷം അവൾ ഓഫീസിൽ പോക്കു നിർത്തിയപ്പോൾ അയാൾ ചോദിച്ചു.
എന്തു പറ്റി?
എനിക്കെന്റെ ജോലി നഷ്ടപ്പെട്ടു.
എങ്ങിനെ?
അപ്പോൾ അവൾ പറഞ്ഞു കൊടുത്തു. സെയ്ൽസ് ഗേൾ എന്ന പേരിൽ ജോലിക്കെടുക്കുന്ന പെൺകുട്ടികൾ എന്തു ചിലവാക്കാൻ ആണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന്.
അതൊരു സർദാറിന്റെ കമ്പനിയായിരുന്നു. അവൾ പറഞ്ഞു. വളരെ ചെറിയ കമ്പനി. ഒരു കോണിച്ചുവട്ടിലാണ് അയാളുടെ ഓഫീസ്. അവിടെ അയാൾക്കും ഒരു ക്ലാർക്കിനും ഇരിക്കാനുള്ള സ്ഥലമേയുള്ളു. അവിടെ ടെലിഫോണും പിടിച്ചു കൊണ്ടാണ് സർദാറിന്റെ ഇരുപ്പ്. ഇന്റർവ്യൂവിന് ചോദ്യങ്ങളൊന്നുമുണ്ടായില്ല. പരസ്യം കണ്ടു ചെന്നതാണെന്നു പറഞ്ഞ ഉടനെ നിയമനവും കഴിഞ്ഞിരുന്നു. മുന്നൂറുറുപ്പിക ശമ്പളം. പിന്നെ സെയിൽസിന്റെ ഗുണമനുസരിച്ച് കമ്മീഷൻ കിട്ടും. ആദ്യത്തെ ദിവസം തന്നെ അയാൾ കാറിൽ എന്നെയും കൊണ്ട് ഒരു ഹോട്ടലിലേയ്ക്കു പോയി, ഒരു കസ്റ്റമറെ പരിചയപ്പെടുത്തിത്തരാമെന്നു പറഞ്ഞിട്ട്. വള രെ പ്രധാനപ്പെട്ട കസ്റ്റമറാണത്രെ. പോകുന്ന വഴിക്കൊക്കെ ഞാൻ അയാളോട് ചോദിച്ചു. എന്താണ് സർദാറിന്റെ ഉൽപ്പന്നമെന്ന്. അതെല്ലാം വഴിയെ മനസ്സിലായിക്കൊള്ളുമെന്നാണ് ഉത്തരം.
ഒരു മൂന്നാം തരം ഹോട്ടലായിരുന്നു അത്. റിസപ്ഷനിസ്റ്റിന് സർദാറിനെ നല്ല പരിചയമുണ്ടെന്നു തോന്നുന്നു. സർദാർ നേരെ എന്നെ കൊണ്ടുപോയത് ഒരു മുറിയിലേക്കായിരുന്നു. അവിടെ ഒരു മദ്ധ്യവയസ്‌കൻ മുമ്പിൽ വിസ്‌കി ബോട്ടിലുമായി കാത്തിരുന്നു. എന്നെ പരിചയപ്പെടുത്തിയ ഉടനെ സർദാർജി സ്ഥലം വിട്ടു. അപ്പോൾ അതാണ് സർദാർജിയുടെ ബിസിനസ്സ്. നാലു മണിക്കൂറിനു ശേഷം ഹോട്ടൽ വിടുമ്പോൾ അയാൾ പത്തുറുപ്പികയും തന്നു. അതായിരുന്നു എന്റെ കമ്മീഷൻ! ഇതിനാണ് ഡൈനാമിക് സെയിൽസ് ഗേൾസ് ആവശ്യം. പിന്നീടെല്ലാം സർദാർജി എന്നോട് നേരിട്ട് ആ ഹോട്ടലിലേയ്ക്ക് ചെല്ലാനാണ് പറഞ്ഞത്. ഹോട്ടലിൽ ആ മുറിയിൽ ഓരോ ദിവസവും വെവ്വേറെ ആൾക്കാർ കാത്തുനിന്നിരുന്നു. ചിലപ്പോൾ ഒരാൾ, ചിലപ്പോൾ രണ്ടാൾ, മറ്റു ചിലപ്പോൾ കൂടുതൽ പേർ. ഒരാഴ്ചകൊണ്ടെനിക്കു മതിയായി.
യൂവാർ ഷോക്കിങ്ങ്‌ലി കാൻഡിഡ്. ഗോപാലകൃഷ്ണനു പറയാതിരിക്കാൻ കഴിഞ്ഞില്ല. ഈ കുമ്പസാരം അയാളെ സംബന്ധിച്ചിടത്തോളം ഒരു വെളിപാടായിരുന്നു. സെയിൽസ് ഗേൾസിനെ ആവശ്യമുണ്ടെന്ന നിരുപദ്രവമായ പരസ്യങ്ങൾ മിക്കവാറും എല്ലാ ദിവസവും പത്രത്തിൽ കാണാറുണ്ട്.
വിശപ്പുണ്ടെങ്കിൽ ജോലിയെടുത്ത് പണമുണ്ടാക്കികൂടെ എന്ന സതിയുടെ സ്‌ത്രൈണയുക്തി കേട്ടപ്പോൾ അയാൾ ഇതെല്ലാം ആലോചിച്ചു.
അന്നു തൊട്ടാണ് മിസിസ്സ് പട്ടേലിന്റെ ബിസിനസ്സ് തുടങ്ങിയത്. അവളുടെ ന്യായം ഇതായിരുന്നു. മദ്ധ്യവർത്തി സർദാജിയെ ഒഴിവാക്കിയാൽ അവൾക്കു കൂടുതൽ പണമുണ്ടാക്കിക്കൂടെ? എനിയ്ക്ക് നല്ല ഒരു ഫ്‌ളാറ്റ് ഉണ്ട്. വാടക ചോദിക്കാൻ കൂടി ആരും വരില്ല. വാടകയും, വീടും നഷ്ടപ്പെട്ടുവെന്ന് വീട്ടുകാരൻ കിഴവന്നറിയാം.
പകൽ അവൾ മാളത്തിൽ ഉറങ്ങി. വൈകുന്നേരം ഇര തേടിയുള്ള യാത്ര തുടങ്ങും. എന്തിനും ഒരു ചീത്ത വശമുണ്ട്. ഒരു നല്ല വശവും. അയൽവക്കത്ത് ഒരു വേശ്യയുണ്ടാവുന്നത് എന്തായാലും നന്നല്ല. പക്ഷെ അതു കാരണം അവൾ രണ്ടു നേരം ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ അതു തെറ്റാണെന്നു പറയാൻ അയാൾക്കു കഴിയില്ല.
സതി പക്ഷെ ഇതൊന്നും ഇഷ്ടപ്പെട്ടില്ല. വേശ്യാവൃത്തി നടത്തുന്നതിനേക്കാൾ നല്ലത് ആത്മഹത്യ ആണെന്നാണ് അവളുടെ അഭിപ്രായം.
കുഴപ്പം തുടങ്ങിയത് അയൽക്കാരിയുടെ അതിഥിയായി ഒരു രാത്രി കഴിച്ചു കൂട്ടിയ ഒരാൾ അതിന്റെ സ്വാദോർത്ത് വീണ്ടും വന്നപ്പോൾ അവളുടെ വീടു പൂട്ടിയിട്ടു കണ്ടപ്പോഴാണ്. അയൽക്കാരി അവളുടെ ഇര പിടിക്കാനുള്ള യാത്രയിലായിരുന്നു. അതിഥിക്കു സഹിച്ചില്ല. അവളെ കണ്ടേ തീരു. ഉടനെ അടുത്തുള്ള വാതിലിന്മേൽ കയ്യമർത്തി. ഗോപാലകൃഷ്ണൻ വാതിൽ തുറന്നപ്പോൾ കണ്ടത് വിവശനായി നിൽക്കുന്ന ഒരാളെയാണ്.
എക്‌സ്‌ക്യൂസ് മി. അയാൾ അറച്ചറച്ചുകൊണ്ട് ചോദിച്ചു.
മിസിസ്സ് പട്ടേൽ ഇവിടെയല്ലേ താമസിക്കുന്നത്? അവർ എപ്പോഴാണ് വരുക എന്നറിഞ്ഞാൽ നന്നായിരുന്നു.
അയാൾ സംസാരിക്കുമ്പോൾ മദ്യത്തിന്റെ നാറ്റം പരന്നു. അയാൾ കുറേശ്ശ ആടുന്നുണ്ടായിരുന്നു.
യു മസ്റ്റ് ബി റിയലി ഹാർഡപ്പ്.
അടുത്ത നിമിഷത്തിൽ എന്താണുണ്ടായതെന്ന് പുറത്തു നിൽക്കുന്ന ആൾക്ക് മനസ്സിലായില്ല. പകുതി തുറന്ന വാതിലിലൂടെ ഒരു രാക്ഷസന്റെ വലിയ തല അയാൾക്കു നേരെ വരുന്നതും ഒരു വലിയ അലർച്ചയും പിന്നെ ചെകിടടയുന്ന ഒരൊച്ചയും. കണ്ണു തുറന്നു നോക്കിയപ്പോൾ മുമ്പിൽ അടഞ്ഞവാതിൽ. അകത്തു നിന്ന് അപ്പോഴും അലർച്ച.
ഇതു തുടക്കമായിരുന്നു. അതു പിന്നീട് പലപ്പോഴും ആവർത്തിച്ചു. പലപ്പോഴും രാത്രി വൈകിയ വേളയിൽ. അയാൾ വാതിലിനു പുറത്ത് ഒരു പരസ്യം ഒട്ടിച്ചു വെച്ചു. രാത്രി പത്തു മണി കഴിഞ്ഞാൽ ദയവായി ബെല്ലടിക്കരുത്.
അയൽക്കാരിയുമായി നേരിട്ട് ഒരു ഏറ്റുമുട്ടലുണ്ടായത് പിന്നെയും കുറെ കഴിഞ്ഞാണ്. ഒരു ദിവസം വൈകുന്നേരം അവൾ ബെല്ലടിച്ചു. ഗോപാലകൃഷ്ണൻ വാതിൽ തുറന്നപ്പോൾ അയൽക്കാരി വളരെ കുറിയ ഉടുപ്പുമിട്ട് നിൽക്കുന്നു.
മിസ്റ്റർ ഗോപാൽ നിങ്ങൾ ഈ വാതിൽ കുറച്ചു നേരം തുറന്നിടുമോ?
എന്തിന്?
എനിയ്ക്ക് താഴെ ബ്രെഡ് വാങ്ങാൻ പോകണം. ഞാനൊരു സ്‌നേഹിതനെ പ്രതീക്ഷിച്ചിരിക്കയാണ്. വാതിൽ പൂട്ടിക്കണ്ടാൽ അയാൾ തിരിച്ചുപോയെന്നു വരും.
വാതിലിന്നിടയിൽകൂടി വീണ്ടും രാക്ഷസന്റെ തല പുറത്തേയ്ക്കു നീണ്ടു. ഗർജ്ജനങ്ങൾ. അതിന്റെ അവസാനം താക്കീത്.
ഇനി എന്റെ ബെല്ലടിച്ചിട്ടുണ്ടെങ്കിൽ കാണിച്ചുതരാം.
അയാൾ വാതിൽ ഒരു ശബ്ദത്തോടെ അടച്ചു.
അടഞ്ഞ വാതിലിനു പിന്നിൽ നിന്നു കൊണ്ടയാൾ ആലോചിച്ചു.
തനിക്കെന്തിനാണിത്ര ദ്വേഷ്യം പിടിക്കുന്നത്?
അവൾ ഒരു നല്ല അയൽക്കാരന്റെ സഹായത്തിനാവശ്യപ്പെടുകയല്ലെ ചെയ്തിട്ടുള്ളു. തനിയ്ക്കു കഴിയുമെങ്കിൽ ചെയ്യുക. പറ്റില്ലെങ്കിൽ അതു മര്യാദയായി പറയുക.
അയാൾ സ്വന്തം മനസ്സ് കുറച്ചു വിശകലനം ചെയ്തു നോക്കി. ഇപ്പോൾ കുറച്ചു കാലമായി അയാൾ അവളെ നേരിൽ കാണാറേ ഇല്ല. കുറെക്കാലമായി പുസ്തകങ്ങളൊന്നും കൊടുക്കാറില്ല. അവൾ ആവശ്യപ്പെടാറുമില്ല. ലോകത്തിന്റെ അധമസ്ഥിതിയെപ്പറ്റി സംസാരിക്കാറുമില്ല. അവളെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ലോകം വളരെ മോഹനമാണ്. അവൾ ഫൈവ്സ്റ്റാർ ഹോട്ടലുകളെപ്പറ്റി സംസാരിക്കുന്നു. ഗ്രേഡ് വൺ റെസ്റ്റോറണ്ടുകളിൽ പോകുന്നു, ഡൺഹിൽ സിഗരറ്റു വലിക്കുന്നു.
തന്റെ സഹായം ഇനി അവൾക്ക് ആവശ്യമില്ല എന്നതാണോ തന്നെ ചൊടിപ്പിക്കുന്നതെന്നയാൾ ആലോചിച്ചു. ആയിരിക്കാം. എന്തായാലും കുറെ കാലത്തേയ്ക്ക് അവളുടെ ശല്യമുണ്ടായില്ല.
സതി ഭക്ഷണത്തിനുള്ള പരിപാടി തുടങ്ങിയിരിക്കുന്നു. ഇന്നെന്തായിരിക്കും കറി എന്നയാൾ ഊഹം നടത്തി. ഈ തണുപ്പത്ത് നല്ല മട്ടൺ ഫ്രൈ ഉണ്ടെങ്കിൽ ഊണു കഴിക്കാൻ നല്ല രസമുണ്ടാവും. അയാൾ പറഞ്ഞു.
എനിക്കിപ്പോൾ നല്ല മട്ടൻ ഫ്രൈയും ചിക്കൻ തണ്ടൂരിയും കഴിക്കാൻ തോന്നുന്നു.
ഞാനിന്നൊരു സ്‌പെഷ്യൽ ഉണ്ടാക്കിയിട്ടുണ്ട്. കുട്ടിക്കിഷ്ടമാവുമോ എന്നറിയില്ല.
സ്‌പെഷ്യൽ മേശമേൽ ആനയിക്കപ്പെട്ടു. ഗോപാലകൃഷ്ണന് ജിജ്ഞാസ അടക്കാൻ കഴിഞ്ഞില്ല. അയാൾ അടപ്പു തുറന്നുനോക്കി.
വലിയ ചെമ്മീൻ നല്ല കടുത്ത മഞ്ഞകറിയിൽ ചുരുണ്ടു കിടക്കുന്നു. പെട്ടെന്നയാൾക്കു വിശപ്പിരട്ടിച്ചു.
നിനക്കു നല്ല ഇമാജിനേഷൻ ഉണ്ട്. അയാൾ പറഞ്ഞു. ഈ മഴയത്ത് എവിടെ നിന്നു കിട്ടി ഈ ചെമ്മീൻ?
ഞാൻ കടലിൽ പോയി മുങ്ങിത്തപ്പി. സതി പറഞ്ഞു. പിന്നെ കുറച്ചു നേരത്തിനു ശേഷം പറഞ്ഞു. അല്ല, കേട്ടോ, ഇത് കോൾഡ് സ്റ്റോറേജിൽനിന്നു വാങ്ങിയതാണ്.
നന്നായി അതു പറഞ്ഞത്. ഞാൻ വിഷമിച്ചിരിക്കയായിരുന്നു, നീ ഈ മഴയത്ത് കടലിൽ മുങ്ങിത്തപ്പുന്നത് മനസ്സിൽ കണ്ടുകൊണ്ട്.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സതി ചോദിച്ചു.
ആട്ടെ, ്രഭാന്തിയുടെ കാര്യത്തിൽ എന്താണ് ചെയ്യാൻ പോകുന്നത്?
പിന്നെയും ്രഭാന്തിയുടെ പ്രശ്‌നം വന്നു. അത് എങ്ങിനെയെങ്കിലും തീർക്കണമല്ലൊ. അയാൾ പറഞ്ഞു.
മഴ നിന്നാൽ അവൾക്ക് വീണ്ടും ആൾക്കാരെ കിട്ടും. അവളുടെ ്രഭാന്തും മാറും.
എനിയ്ക്കു തോന്നുന്നില്ല. കാരണം കഴിഞ്ഞ കൊല്ലവും ഇങ്ങിനെത്തന്നെയാണുണ്ടായത്. മഴ കഴിഞ്ഞപ്പോൾ ഭ്രാന്ത് ഏറുകയാണ് ചെയ്തത്.
അതു ശരിയാണെന്നയാൾ ഓർത്തു. കഴിഞ്ഞകൊല്ലം അവൾക്കു ്രഭാന്ത് തുടങ്ങിയത് ഒരാഴ്ച അടക്കി മഴ പെയ്തപ്പോഴാണ്. അവളുടെ പുറത്തു പോക്കു നിന്നു. ആരും അവളുടെ വാതിൽക്കൽ മുട്ടലുണ്ടായില്ല. ഏഴാം ദിവസം അവൾ ബാൽക്കണിയിൽ നിന്നു പാട്ടുപാടി താഴെ കൈ കൊട്ടുന്നവരുടെ അകമ്പടിയ്ക്ക് താളം ചവിട്ടി നൃത്തം ചെയ്തു. പിന്നെയുണ്ടായത് ചരിത്രമാണ് — ആ കെട്ടിടത്തിലെ ഓരോ ഫ്‌ളാറ്റുകാരും ഇന്നും ഭീതിയോടെ ഓർക്കുന്ന ചരിത്രം. ഒരു മാസത്തിനുള്ളിൽ അവൾ ഓരോ വീട്ടുകാർക്കിടയിലും കൊടും ഭീതി പരത്തി.
അതിനിടയ്ക്ക് സതി ഒരു സൂട്ട്‌കേസും എടുത്ത് ആദ്യം കിട്ടിയ ട്രെയിനിൽ നാട്ടിലേയ്ക്ക് തടിതപ്പുകയും ചെയ്തു. ്രഭാന്തത്തിയെ ഇവിടെ നിന്നു ഓടിച്ചു എന്നു കത്തു കിട്ടിയാൽ മൂന്നാം ദിവസം ഞാനിവിടെ എത്തും.
കാര്യം ഗൌരവമുള്ളതാണ്. ഗോപാലകൃഷ്ണൻ ഓർത്തു. കഴിയുന്നതും വേഗം വല്ലതും ചെയ്തില്ലെങ്കിൽ വീണ്ടും അവിവാഹിതനായി ജീവിക്കേണ്ടിവരും. സതിയെ അയാൾക്കു നന്നായി അറിയാം. ഒരു പക്ഷെ അവൾ ഇപ്പോൾ തന്നെ സൂട്ട് കേസ് ഒരുക്കിവെച്ചിട്ടുണ്ടാകും. അയാൾ തീവ്രമായി ആലോചിച്ചു. സതിയും, മുമ്പിൽ മേശമേൽ നിരത്തിവെച്ച ചെമ്മീൻ കറിയും, ചോറും എല്ലാം അപ്രത്യക്ഷമായി. പകരം നിസ്സഹായയായ ഒരു സ്ത്രീയുടെ രൂപം മനസ്സിൽ വന്നു. വിശന്നു കരുവാളിച്ച മുഖത്തു കുണ്ടിലിറങ്ങിയ കണ്ണുകളിൽ നിന്നുതിർന്ന രണ്ടു ജലകണങ്ങൾ.
അയാൾ അയൽക്കാരി കരയുന്നതു കണ്ടത് വളരെ മുമ്പാണ്. ഭർത്താവ് ഒരിക്കൽ അവളെ ഉപേക്ഷിച്ചു പോയൊ എന്ന സംശയമുണ്ടായപ്പോൾ. അവൾ ഒരു രാത്രി പതിനൊന്നു മണിക്ക് ബെല്ലടിച്ചു. തുറന്നു നോക്കിയപ്പോൾ അവർ വളരെ വൃത്തികെട്ട ഒരു വേഷത്തിൽ നിൽക്കുന്നു. ഒരു മാസത്തോളമായി അവളെ കണ്ടിട്ടില്ലെന്നും പുസ്തകമൊന്നും കൊടുത്തിട്ടില്ലെന്നും അയാൾ ഓർത്തു. അവളുടെ കണ്ണുകൾ കുണ്ടിൽ പോയി, മുഖം കരുവാളിച്ചിരുന്നു.
മിസ്റ്റർ ഗോപാൽ, ബുദ്ധിമുട്ടിച്ചതിൽ മാപ്പ്. എവിടെയാണ് വിക്ക് കിട്ടുക?
വിക്ക്?
അതെ ജനത സ്റ്റൌവിന്റെ വിക്ക്. എനിക്കത് കത്തിക്കാൻ കഴിയുന്നില്ല. എവിടെയാണ് വാങ്ങാൻ കിട്ടുക?
അത് എല്ലാ പീടികയിലും കിട്ടുമല്ലൊ. പിന്നെ ഇതു അന്വേഷിക്കാനാണോ നിങ്ങൾ ബെല്ലടിച്ചു വിളിച്ചത്? രാവിലെയാവുന്നതുവരെ കാത്തു നിൽക്കാനെങ്കിലും നിങ്ങൾക്കു ക്ഷമയുണ്ടാവേണ്ടതായിരുന്നു. എനിയ്ക്ക് ഉറക്കം പിടിച്ചതായിരുന്നു.
സോറി.
അയാൾ വാതിലടച്ചു തിരിച്ചുപോയി പുതപ്പിനുള്ളിലേയ്ക്കു നൂന്നു കയറി. ഉറക്കം പിടിച്ചപ്പോഴാണ് വീണ്ടും ബെല്ലടി. അയാൾ ഞെട്ടിയെഴുന്നേറ്റു. വാതിൽ തുറന്നപ്പോൾ മിസിസ്സ് പട്ടേൽ വീണ്ടും.
ഒരു മിനിറ്റ് ക്ഷമിക്കണം. എവിടെയാണ് മണ്ണെണ്ണ കിട്ടുക?
അയാളുടെ ഉറക്കം വിട്ടകന്നിരുന്നു. അയാൾ ചോദിച്ചു.
എന്താണ് നിങ്ങളുടെ മനസ്സിൽ? ജനതാ സ്റ്റൌവ്വിന്റെ വിക്കും മണ്ണെണ്ണയുമല്ല ഉള്ളതെന്നു മനസ്സിലായി.
ക്ഷമിക്കണം മണ്ണെണ്ണ എങ്ങിനെയാണ് വാങ്ങുക എന്ന് സത്യമായും എനിക്കറിയില്ല. ഭർത്താവ് വരുമ്പോൾ വാങ്ങി വെയ്ക്കുകയാണ് പതിവ്. ഭർത്താവ് വന്നിട്ട് രണ്ടു മാസമായി. എന്നെ ഉപേക്ഷിച്ചു എന്നാണ് തോന്നുന്നത്. രണ്ടാഴ്ചയായി വീട്ടിൽ കറന്റും ഇല്ല. വളരെയധികം ഇരുട്ടും തണുപ്പുമാണ് എനിയ്ക്ക് പേടി തോന്നുന്നു. ഒന്ന് എന്നെ സഹായിക്കു.
അവർ പൊട്ടിക്കരയുകയായിരുന്നു. മുഖം വികൃതമാവും വിധം അവൾ പൊട്ടിക്കരയാൻ തുടങ്ങിയപ്പോൾ ഗോപാലകൃഷ്ണൻ പറഞ്ഞു.
തൽക്കാലം പോയി ഉറങ്ങു. ഈ മെഴുകുതിരികൾ കൊണ്ടു പോയിക്കൊള്ളു. രാവിലെ നമുക്ക് വഴിയുണ്ടാക്കാം.
അയൽക്കാരിയുടെ ദൈന്യമാർന്ന മുഖം വീണ്ടും ഓർമ്മ വന്നപ്പോൾ അയാൾക്കു ഊണു തുടരാൻ കഴിഞ്ഞില്ല. അയാൾ ഊണു നിർത്തി എഴുന്നേറ്റു കൈകഴുകി. പാന്റും ഷർട്ടും ഗംബൂട്ടും എടുത്തു ധരിച്ചു. വെള്ളം തോരാനിട്ടിരുന്ന മഴക്കോട്ട് എടുത്തിട്ടു.
അമ്പരന്നു നിന്ന സതിയുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ അയാൾ പുറത്തിറങ്ങി. അടുത്ത ബസ്‌സ്റ്റോപ്പ് ലക്ഷ്യമാക്കി അയാൾ നടന്നു. സ്റ്റോപ്പിൽ കുറച്ചു നേരം നിന്നപ്പോൾ അയാൾ, അകന്ന് ഒറ്റയ്ക്കു നിൽക്കുന്ന ഒരാളെ കണ്ടു. മഴക്കോട്ടിന്റെ തൊപ്പി കുറച്ചുകൂടി താഴ്ത്തി കണ്ണുകളിൽ നിഴൽ വീഴ്ത്തി ഗോപാലകൃഷ്ണൻ അയാളെ സമീപിച്ചു. നാലുഭാഗത്തും നോക്കിയശേഷം പറയാൻ തുടങ്ങി.
നല്ല ചരക്കുണ്ട് സാർ. ഗുഡ്സ്റ്റഫ്. റീസണബ്ൾ ചാർജ്ജ്. കുഴപ്പമൊന്നുമില്ലാത്തതാണ്. ഞാൻ ടാക്‌സി വിളിക്കട്ടെ.