close
Sayahna Sayahna
Search

വൃഷഭത്തിന്റെകണ്ണ്


വൃഷഭത്തിന്റെകണ്ണ്
EHK Story 02.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി വൃഷഭത്തിന്റെ കണ്ണ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 51

ഒരു ബാധയാണിത്. ഹിരൺ മേഹ്ത്ത പറഞ്ഞു.

അയാൾ ധരിച്ചിരുന്നത് സാധാരണ മട്ടിൽ പോളിസ്റ്റർ ഷർട്ടും പാന്റുമായിരുന്നു. നീട്ടി വെച്ച കാലുകളിൽ വില പിടിച്ച ചെരിപ്പുകൾ. കൈയ്യിലുള്ള ടിന്നിൽ നിന്ന് സുപാരിയെടുത്ത് വായിലേയ്ക്കിട്ട് അയാൾ പറഞ്ഞു.

ആനീവ്ൾ ഐ ഈസ് കാസ്റ്റ് ഓൺ ദിസ് ഹൗസ്.

അയാൾ ഇംഗ്ലീഷിന്നു പകരം ഹിന്ദി സംസാരിച്ചിരുന്നെങ്കിൽ നന്നായിരുന്നു. അല്ലെങ്കിൽ ഗുജറാത്തി, അല്ലെങ്കിൽ മറാഠി; ഈ രണ്ടു ഭാഷകളും രാമചന്ദ്രനറിയില്ലെങ്കിൽ കൂടി. അതുപോലെ വസ്ത്രങ്ങളിലും കുറച്ചുകൂടി പൌരാണികത്വം ആവാമായിരുന്നു. ഇപ്പോൾ നരച്ച തലയുമായി അയാൾ ഒരു സിന്തറ്റിക് ജോത്സ്യനെപ്പോലെ തോന്നിച്ചു.

ഇത് ഈ കെട്ടിടത്തിൽ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ നടക്കുന്ന നാലാമത്തെ മരണമാണ്. നാളെയ്ക്ക് ഒരു പക്ഷെ അഞ്ചാമത്തേതും സംഭവിക്കും. അവിനാശ് വളരെ സീരിയസ്സായി കിടക്കുകയാണ്. ഒരു കാൽ നഷ്ടപ്പെട്ടിരിക്കുന്നു. തലയ്ക്കും വലിയ മുറിവു പറ്റിയിട്ടുണ്ട്. ഞാൻ കേട്ടതിൽ വെച്ച് അതിദാരുണമായ അപകടമാണിത്.

ഇതൊരു ദൃഷ്ടിബാധ തന്നെയാണ്. അല്ലെങ്കിൽ ഈ കെട്ടിടത്തിൽ മാത്രം സംഭവിക്കാൻ?

മേഹ്ത്ത സുപാരി ടിൻ തുറന്ന് വെളിച്ചത്തിലേയ്ക്ക് പിടിച്ച് എന്തോ തിരഞ്ഞു.

കെട്ടിടത്തിനു മുകളിൽ ആകാശത്തിൽ ബീഭത്സമായ ഒരു വലിയ കണ്ണ് തങ്ങി നിൽക്കുന്നു. രാമചന്ദ്രൻ ആലോചിച്ചു. ഒരു ഭീഷണിയായി, സാർവ്വത്രികമായ ഒരു ഭീതിയായി.

ഒരു പക്ഷെ, അവിനാശ് ഇപ്പോൾത്തന്നെ മരിച്ചിട്ടുണ്ടാകും. മേഹ്ത്ത പറഞ്ഞു.

എനിക്ക് ആസ്പത്രിയിൽ പോണം. രാമചന്ദ്രൻ പറഞ്ഞു.

കാണാതിരിക്ക്യാണ് േഭദം. മേഹ്ത്ത പറഞ്ഞു.

അവിനാശ് രണ്ട് ബ്ലഡ് ട്രാൻസ് ഫ്യൂഷൻ കഴിഞ്ഞെന്നാണ് പറഞ്ഞു കേട്ടത്. ഹീയീസെ ടോട്ടൽ റെക്ക്. ഒരു സ്‌ക്കൂട്ടർ കൊണ്ട് ഇത്രയും മാരകമായ അപകടം ഉണ്ടാവുമെന്ന് ഊഹിക്കാൻ പറ്റുന്നില്ല. പക്ഷെ മുമ്പിൽ നിന്ന് വന്നിടിച്ചത് ഇരുമ്പുബാർ നിറച്ച ഒരു വലിയ ട്രക്കായിരുന്നു.

ഡോർ ബെൽ.

മേഹ്ത്തയുടെ മകൻ വാതിലിന്നടുത്തു തന്നെയാണ് ഇരുന്നത്. അയാൾ എഴുന്നേൽക്കാതെ മുന്നോട്ടാഞ്ഞ് വാതിൽ തുറന്നു.

മിസ്സിസ്സ് മൽഹോത്രയുടെ പന്ത്രണ്ടു വയസ്സുള്ള മകൾ. കയ്യിൽ ഒരു നീണ്ട കടലാസ്സുമുണ്ട്.

അങ്ക്ൾ ഒരു സംഭാവന തരു. പൂജക്കാണ്.

പൂജ? അയാൾ നെറ്റി ചുളിച്ചു.

അതെ അങ്ക്ൾ. നാളെ ഒരു പൂജയുണ്ട്. പണ്ഡിറ്റ്ജി പറയുന്നത് ഈ വീടിന് എന്തോ ബാധ പറ്റിയിട്ടുണ്ടെന്നാണ്. അത് ഒഴിപ്പിക്കാൻ ഒരു പൂജയും ഹോമവും നടത്തണത്രെ.

അവൾ നീട്ടിയ കടലാസ് അയാൾ വാങ്ങി വായിച്ചു. ലിസ്റ്റിൽ കുറെ പേരുകളുണ്ട്. ഓരോ പേരിനുമെതിരെ അവരുടെ ഫ്‌ളാറ്റ് നമ്പറും സംഭാവനത്തുകയും.

എല്ലാവരും അയ്മ്പതു വീതം തന്നിട്ടുണ്ട്. അങ്ക്ൾ ഒറ്റയ്ക്കല്ലെ. അപ്പോൾ ഇരുപത്തഞ്ചു തന്നാൽ മതി. നോക്കു മേഹ്ത്താജിയും തന്നിട്ടുണ്ട്.

സ്വന്തം പേരെഴുതുന്നതിനിടയിൽ അയാൾ പറഞ്ഞു.

ഞാനതിൽ വിശ്വസിക്കുന്നില്ല.

പൂജകൊണ്ട് വലിയ കാര്യമൊന്നുമില്ല. ഹിരൺ മേഹ്ത്ത പറഞ്ഞു. അതൊരു മനസ്സമാധാനത്തിനു മാത്രമാണ്. കാരണം നാം ചെയ്യുന്ന ഈ ചെറിയ പൂജകൾക്കൊന്നും ഈ വലിയ തേജോഗോളങ്ങൾ ഉണ്ടാക്കുന്ന ഫലത്തെ മാറ്റാൻ കഴിയില്ല. അവ താനേ ഗതിമാറുന്നവരെ ഇതൊക്കെ സഹിക്കയേ നിവൃത്തിയുള്ളു. വരാൻ പോകുന്നതൊക്കെ വരും. നമുക്കതിനു ഒന്നും ചെയ്യാൻ ഇല്ല. അവിനാശ് മുപ്പതാം വയസ്സിൽത്തന്നെ മരിക്കാനാണ് വിധിച്ചതെങ്കിൽ അയാൾ മുപ്പതാം വയസ്സിൽത്തന്നെ മരിക്കും. ഒരു പൂജകൊണ്ട് അതിനെ മാറ്റാൻ കഴിയില്ല. അതു പോലെ ആദിത്യൻ ആറാം വയസ്സിൽ ചെറിയച്ഛന്റെ പിന്നിൽ സ്‌ക്കൂട്ടറിൽ പോയി അപകടമുണ്ടായി മരിക്കാനാണ് വിധിച്ചതെങ്കിൽ അങ്ങനയേ വരൂ.

മേഹ്ത്തയുടെ മകൻ നിവർന്നിരുന്നു. അയാൾക്ക് എന്തോ പറയാൻ കിട്ടിയ പോലെ.

ശരിയാണ്, അയാൾ പറഞ്ഞു. അച്ഛൻ പറയുന്നതിൽ വാസ്തവമുണ്ട്. ജീവിതം പ്രോഗ്രാം ചെയ്ത ഒരു ടേപ്പ് മാതിരിയാണ്. ഒരു എൻസി മെഷീന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന മാതിരി. ഒരു വർക്ക് പീസിൽ നാലഞ്ച് ഓപ്പറേഷൻ വേണമെന്നു വെയ്ക്കു. നമ്മൾ എന്തു ചെയ്യുന്നു? ഈ ഓപ്പറേഷനെല്ലാം അതിന്റെ ശരിയായ അനുക്രമത്തിൽ ഒരു ടേപ്പിൽ രേഖപ്പെടുത്തുന്നു. ഒരിഞ്ചു വീതിയുള്ള ഒരു കടലാസു ടേപ്പിൽ വിവിധ സ്ഥാനങ്ങളിൽ ദ്വാരങ്ങളുണ്ടാക്കിയാണ് ഇത് ചെയ്യുന്നത്. തുടങ്ങിക്കഴിഞ്ഞാൽ മെഷിന്റെ സ്വയംപ്രേരിതമെന്നു തോന്നുന്ന എല്ലാ ചലനങ്ങളും ഈ ടേപ്പിൽ രേഖപ്പെടുത്തിയതിനെ ആശ്രയിച്ചിരിക്കും. ടേപ്പിൽ രേഖപ്പെടുത്തുന്നതാകട്ടെ പല അക്ഷങ്ങളിലും യന്ത്രത്തിന്റെ ചലനങ്ങളാണ്. എക്‌സ് അക്ഷത്തിൽ ഇത്ര ദൂരം സഞ്ചരിക്കണം, വൈ അക്ഷത്തിൽ ഇത്ര ദൂരം സഞ്ചരിക്കണം. സെഡ് അക്ഷമാകട്ടെ പണിയായുധത്തിന്റെ ചലനരേഖയാണ്. ഇങ്ങനെ ത്രിമാനചലനങ്ങൾ നമ്മൾ ടേപ്പിൽ രേഖപ്പെടുത്തി അതു വഴി യന്ത്രത്തിന് ആജ്ഞ നൽകുകയാണ് ചെയ്യുന്നത്. വർക്ക് പീസിൽ ഒരു നിശ്ചിത സ്ഥലത്ത് ഒരു നിശ്ചിത ഓപ്പറേഷൻ നടക്കാൻ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ സ്ഥലത്ത് കണിശമായും ആ ഓപ്പറേഷൻ തന്നെ നടക്കും.

മനുഷ്യനെ സംബന്ധിച്ചിടത്തോളം സെഡിനും പുറമെ ‘ടി’ എന്ന നാലാമത് ഒരു മാനം കൂടിയുണ്ട്. സമയം. ഈ ചതുർമാനത്തിൽ ഒരു നിശ്ചിത ദിവസം, നിശ്ചിത സമയത്ത് അവിനാശ് ഒരു നിശ്ചിതപഥത്തിൽ സ്‌ക്കൂട്ടർ ഓടിച്ചുപോകുന്നു. പിന്നിൽ ജ്യേഷ്ഠന്റെ മകൻ ആദിത്യനുമുണ്ട്…

മിസ്സിസ് മൽഹോത്രയുടെ മകൾ പോയെന്നു രാമചന്ദ്രൻ മനസ്സിലാക്കി. അവൾ നന്ദി പറഞ്ഞതു കൂടിയില്ല. അതിനർത്ഥം അവൾ വല്ലാതെ പതറിയിട്ടുണ്ടെന്നാണ്.

മേഹ്ത്തയുടെ മകൻ സംസാരിക്കുകയായിരുന്നു.

ആദിത്യൻ സാധാരണ അവിനാശിന്റെ ഒപ്പം സ്‌ക്കൂട്ടറിൽ പോകാറില്ല കാരണം മമ്മി സമ്മതിക്കാറില്ല. പക്ഷെ ഇന്നു പോകട്ടെ എന്നു ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ലത്രെ. മുടക്കാമായിരുന്നില്ലെ? മുടക്കാൻ പറ്റുമായിരുന്നില്ല, കാരണം ആദിത്യന്റെ ടേപ്പിൽ ഈ യാത്രയും അതിന്റെ ദാരുണമായ പരിസമാപ്തിയും കുറിച്ചു വെച്ചിട്ടുണ്ട്. അതനുസരിച്ചേ സംഭവങ്ങൾ നീങ്ങു. മനുഷ്യരാശിയുടെ ആകത്തുക നോക്കിയാൽ ഇതു വളരെ സങ്കീർണ്ണമാണ്.

സമയം എട്ടു മണിയായി. ഒരു പക്ഷെ മീനാക്ഷി ടെറസ്സിൽ ഉണ്ടാവും. ഈ വിങ്ങിനിൽക്കുന്ന അന്തരീക്ഷത്തിൽ നിന്ന് രക്ഷപ്പെടണം. രാമചന്ദ്രൻ നക്ഷത്രങ്ങളെപ്പറ്റി ഓർത്തു. ടെറസ്സിൽ നിന്നാൽ അവയെ കാണാം.

സ്റ്റെയർ കേസിൽ മങ്ങിയ അശുഭമായ വെളിച്ചം. ടെറസ്സിൽ നക്ഷത്രങ്ങളും അശുഭമായ എന്തോ ഒന്ന് അറിയിച്ചു. നഗരത്തിന്റെ ദീപ്തി കാരണം നക്ഷത്രങ്ങൾ മങ്ങിയിരുന്നു. ഭീമാകാരനായ വേട്ടക്കാരന്നരികെ നിൽക്കുന്ന കാളയുടെ ചുവന്ന കണ്ണ് ബീഭത്സമായിരുന്നു. അയാൾ ഹിരൺ മേഹ്ത്ത പറഞ്ഞതോർത്തു. ഒരു പക്ഷെ ഇതൊരു ദൃഷ്ടിബാധ തന്നെയായിരിക്കും. അല്ലെങ്കിൽ വിധി. കഴിഞ്ഞ ആറുമാസമായി നടന്ന അപകടങ്ങൾ അയാൾ ഓർത്തു. തുടങ്ങിവെച്ചത് മിസ്സിസ് മൽഹോത്രയുടെ ഭർത്താവാണ്. മിസ്സിസ് മൽഹോത്ര അത്ഭുതകരമായി രക്ഷപ്പെട്ട ആ കാറപകടത്തിനു ശേഷം മരിച്ചവരെല്ലാം ഏതെങ്കിലും തരത്തിൽ അപകടത്തിൽപ്പെട്ടു മരിച്ചവരാണ്.

മീനാക്ഷി ടെറസ്സിൽ എത്തുമെന്നയാൾക്കറിയാം. പലപ്പോഴും അയാളെ അത്ഭുതപ്പെടുത്താറുണ്ട്. രാമചന്ദ്രൻ ടെറസ്സിൽ വന്നാൽ അഞ്ചുമിനിറ്റിനകം അവളും എത്താറുണ്ട്. അയാളുടെ വാസനയാണത്രെ കാരണം.

നീ വളരെ ഉത്തേജിപ്പിക്കുന്ന ഒരു വാസന പുറപ്പെടുവിക്കുന്നുണ്ട്. അത് അനുഭവപ്പെടുമ്പോഴാണ് ഞാൻ ടെറസ്സിൽ വരുന്നത്.

പ്രതീക്ഷിച്ചപോലെ മീനാക്ഷി എത്തി. രാമചന്ദ്രനോട് ചേർന്ന് നിന്ന് അവൾ പറഞ്ഞു.

എനിക്കു പേടിയാവുന്നു.

എന്തിന്?

എത്ര മരണമായി അടുത്തടുത്തായി ഉണ്ടാവുന്നു? മുമ്പൊന്നും എനിക്ക് പേടിയുണ്ടായിരുന്നില്ല. ഇപ്പോൾ രാത്രി ടെറസ്സിലേക്കു വരാൻകൂടി പേടിയാവുന്നു. വളരെ അശുഭകരമായ എന്തോ ഒന്ന് എല്ലായിടത്തും തങ്ങി നിൽക്കുന്ന പോലെ. കടവാതിലുകൾ മരക്കൊമ്പിൽ തൂങ്ങിക്കിടക്കുന്നില്ലെ, അതുപോലെ. സംതിങ്ങ് വെരി ഓമിനസ്. ഇനിയും എന്തൊക്കെയോ സംഭവിക്കാൻ പോകുന്നെന്ന തോന്നൽ.

ഒരപകടമുണ്ടായാൽ ഈ തോന്നൽ സാധാരണയാണ്. രാമചന്ദ്രൻ പറഞ്ഞു. അതിനെ കാര്യമായി എടുക്കേണ്ട ആവശ്യമില്ല.

ഇതെനിക്കു മാത്രമുള്ളതല്ല. ഈ കെട്ടിടത്തിലെ എല്ലാവരും പറയുന്നു. പേടിച്ചിട്ടാണ് എല്ലാവരും ഇരിക്കുന്നത്. നാളെ ഒരു പൂജയുണ്ട്.

എനിക്കറിയാം. ഡിംബ വന്ന് ഇരുപത്തഞ്ചുറുപ്പിക വാങ്ങിക്കൊണ്ടുപോയി.

പാവം ആ തള്ള. ഒരു ദിവസംകൈാണ്ട് മകനും പേരക്കുട്ടിയും നഷ്ടപ്പെട്ടു.

അവിനാശ് മരിച്ചുവോ?

നീ അറിഞ്ഞില്ലെ? രണ്ടു മണിക്കൂറായി. ഇവരെല്ലാം ആസ്പത്രിയിൽ എത്തിയപ്പോഴേയ്ക്ക് മരിച്ചിരിക്കുന്നു. ഓർമ്മ തിരിച്ചു കിട്ടിയതുപോലുമില്ലത്രെ. അവരുടെ ഡ്രൈവർ വന്നു പറഞ്ഞതാണ്. ഇനി ഓർമ്മ വന്നാൽ തന്നെ ആദിത്യൻ മരിച്ചുവെന്നറിഞ്ഞാൽ മരിക്കാനായിരിക്കും അയാൾ ഇഷ്ടപ്പെടുക.

കിഴവി പറയുന്നത്, അവനു മരിക്കാൻ സമയമായിട്ടുണ്ടാകും. പക്ഷെ അവനെന്തിന് മുന്നയെ ഒപ്പം കൊണ്ടുപോയി എന്നാണ്. ആദിത്യന്റെ അമ്മയുടെ വിഷമമെന്തായിരിക്കും? അവർ മോനെ ചെറിയച്ഛന്റെ കൂടെ സ്‌കൂട്ടറിൽ പറഞ്ഞയക്കാറേയില്ല. ഇന്നു മാത്രം മോൻ പോട്ടെ എന്നു ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ലത്രെ. ഭർത്താവ് സ്ഥലത്തില്ലതാനും. അദ്ദേഹം വരുമ്പോൾ ഞാൻ എന്താ ഉത്തരം പറയുക എന്നു ചോദിച്ചാണത്രെ അവർ കരയുന്നത്.

അയാളുടെ സ്ഥിതി ആലോചിക്കാതിരിക്യാ േഭദം. മോൻ എന്നുവെച്ചാൽ ്രഭാന്താണ്. ഓരോ പ്രാവശ്യവും പുറത്തുനിന്നു വരുമ്പോൾ എത്ര കളിസാമാനങ്ങളാണ് കൊണ്ടു വരുക. ഒരു പക്ഷെ ഈ പ്രാവശ്യം കൊണ്ടു വരേണ്ട കളിസാമാനങ്ങളൊക്കെ വാങ്ങി വെച്ചിട്ടുണ്ടാകും. അപ്പോഴായിരിക്കും കമ്പി കിട്ടുന്നത്. സീരിയസ് എന്നു മാത്രമെ കമ്പിയടിച്ചിട്ടുള്ളു.

മരണം ആൾക്കാരെ വാചാലരാക്കുന്നു. രാമചന്ദ്രൻ ഓർത്തു. ആദ്യം മേഹ്ത്ത, പിന്നെ മകൻ. ഇപ്പോൾ മീനാക്ഷി. ഇവൾ സ്വതവേ അധികം സംസാരിക്കാറില്ല.

അയാൾ പറഞ്ഞു. എനിയ്ക്ക് ആസ്പത്രിയിൽ പോണം.

നീ ഈ അസമയത്ത് ഇത്ര ദൂരെ പോവ്വാണോ?

സമയമെത്രയായിട്ടുണ്ടാവും?

ഒമ്പതു കഴിഞ്ഞിട്ടുണ്ടാവും.

സാരമില്ല. എനിക്കു പോകണം.

ഒരു പക്ഷെ അവരെല്ലാം ആസ്പത്രിയിൽ കാണും.

അയാൾ കോണിയിറങ്ങി. കോണിയിലെ വെളിച്ചം ഇത്ര മങ്ങിയതാണെന്നയാൾ മുമ്പ് മനസ്സിലാക്കിയിരുന്നില്ല. രണ്ടാമത്തെ നിലയിൽ ആദിത്യന്റെ വീട് പൂട്ടിയിട്ടിരുന്നു.

ആദിത്യന്റെ വീട് !

അയാൾ പെട്ടെന്നോർത്തു. ഈ വീട്ടിലെ എല്ലാവരുടെയും പേർ അറിയാവുന്നതാണെങ്കിലും, ആ വീട് അറിഞ്ഞിരുന്നത് ആദിത്യന്റെ വീടായാണ്. ആറു വയസ്സുള്ള തുടുത്ത് എപ്പോഴും ചിരിക്കുന്ന മുഖമുള്ള ആദിത്യൻ.

മനസ്സിൽ വേദന. മൂന്നുകൊല്ലം മുമ്പ് ഈ കെട്ടിടത്തിൽ നാലാം നിലയിൽ മേഹ്ത്താ കുടുംബത്തിന്റെ സഹപാർപ്പുകാരനായി വന്നപ്പോൾ ആദിത്യനെ ആദ്യം കണ്ടത് രാമചന്ദ്രൻ ഓർത്തു. മൂന്നു വയസ്സുള്ള അവൻ ചേച്ചിമാരുടെ കൈ രണ്ടു വശത്തും പിടിച്ച് കോണി കയറുകയായിരുന്നു. അയാൾ ധൃതിപിടിക്കാതെ അവരുടെ പിന്നാലെ കയറി. ഓരോ തിരിവിലും അവൻ തിരിഞ്ഞു നോക്കി. ഒരപരിചിതനെ കണ്ടപ്പോഴുള്ള ഭയവും താൽപര്യവും അവനിലുണ്ടായിരുന്നു. അയാൾ ചിരിച്ചപ്പോൾ അവൻ മുഖം തിരിച്ചു.

കോണിച്ചുവട്ടിൽ സ്ത്രീകൾ.

അവളല്ലാതെ ചെറിയ കുട്ടിയെ സ്‌ക്കൂട്ടറിൽ വിടുമോ? പോണ വഴി കാണുക തന്നെ വേണം. വലിയ പൈപ്പിടാൻ വേണ്ടി റോഡുകൾ മുഴുവൻ കുഴിച്ചു വെച്ചിട്ടുണ്ട്.

അവൾ അങ്ങിനെ പറഞ്ഞയക്കാറൊന്നുമില്ല. പാവം ഇന്നുമാത്രം, മോൻ പോട്ടെ എന്നു ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ലാത്രെ. അവന്റെ സമയമായിരിക്കുന്നു; അത്ര തന്നെ.

അതിനൊന്നും അർത്ഥമില്ല. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നാണ്. സൂക്ഷിച്ചില്ല; അത്രതന്നെ. ഞാനാണെങ്കിൽ എന്റെ മോനെ അങ്ങനെ ആരുടേയും ഒപ്പം സ്‌ക്കൂട്ടറിൽ പറഞ്ഞയക്കില്ല; എത്ര നിർബ്ബന്ധിച്ചാലും പോണംന്ന് നിർബ്ബന്ധമാണെങ്കിൽ ബസ്സിൽ പൊയ്‌ക്കൊള്ളാൻ പറയും.

നോക്കു അവനും പോകണമെന്നുണ്ടായിരുന്നില്ല, വാസ്തവത്തിൽ. അപ്പോൾ ചേച്ചിമാരുടെ ഒപ്പം കളിക്കാൻ പ്ലാൻ ചെയ്തിരിക്കയായിരുന്നു. അവൻ വരുന്നില്ലെന്നു പറഞ്ഞതാണ്. പിറ്റേന്ന് സ്‌ക്കൂൾ പൂട്ടുകയാണ്. അപ്പോൾ അവിനാശ് ചോദിച്ചു, നീ പിണക്കമാണോ എന്ന്. നിനക്ക് മുത്തച്ഛനേയും അമ്മൂമ്മയേയും കാണ ണ്ടെ എന്ന്. ആദിത്യന്ന് ആരേയും പിണക്കാൻ വയ്യ. അവൻ ഉടനെ പറഞ്ഞു വരാമെന്ന്, ഇപ്പോഴെന്തായി? അവൻ എല്ലാവരോടും പിണക്കമായില്ലേ?

മരണം ആൾക്കാരെ വാചാലരാക്കുന്നു. രാമചന്ദ്രൻ വീണ്ടും ഓർത്തു. സംസാരിക്കാത്തവരാകട്ടെ, ഹൃദയത്തിൽ അലറുന്നു.

ആസ്പത്രിയുടെ പ്രധാന വാതിലിനു മുകളിൽ പുറത്ത് കാഷ്വാൽട്ടി എന്ന് ചുവന്നു വലിയ നിയോൺ ലിപികളിൽ എഴുതി വെച്ചിരുന്നു. അയാൾ ഉള്ളിൽ കടന്നു. ഹാൾ വിജനമായിരുന്നു. ചുവരിൽ വച്ച ഇലക്‌ട്രോണിക് ക്ലോക്കിൽ സമയം പത്ത്. അകത്തേയ്ക്കുള്ള ഇടനാഴികയിലേക്കുള്ള വാതിൽക്കൽ കസേരയിൽ ഇരുന്ന കോൺസ്റ്റബിളിനോട് അയാൾ ചോദിച്ചു.

അപകടത്തിൽ മരിച്ചവരെ എവിടെയാണ് കിടത്തുക?

എന്താണ്? കോൺസ്റ്റബിൾ ചോദിച്ചു.

സ്‌ക്കൂട്ടർ അപകടത്തിൽ രാവിലെ മരിച്ചവരെ എവിടെയാണ് കിടത്തിയിരിക്കുന്നത്? രണ്ടുപേർ. ഒന്ന് ഒരു കുട്ടിയാണ്. അവൻ അപ്പോൾത്തന്നെ മരിച്ചു. മറ്റയാൾ വൈകുന്നേരമാണ് മരിച്ചത്. ഒരു പക്ഷെ അഞ്ചു മണിക്ക്.

വരു എഴുന്നേറ്റുകൊണ്ട് അയാൾ പറഞ്ഞു. അവർ ഒരു പക്ഷെ ദോ നമ്പറിലാണുണ്ടാകുക. ഇവിടെ നിന്ന് പുറത്തു കടക്കുക. നേരെ പോയി വലത്തോട്ടു തിരിയുക. അടുത്ത കെട്ടിടത്തിന്റെ അടുത്ത് വീണ്ടും വലത്തോട്ട്, പിന്നെ ഇടത്തോട്ട്. അവിടെ ഒറ്റപ്പെട്ട ഒരു കെട്ടിടം കാണാം. അതാണ് രണ്ടാം നമ്പർ.

രാമചന്ദ്രൻ നടന്നു. കോൺസ്റ്റബിൾ പറഞ്ഞു തന്ന വഴി വളരെ കുഴക്കുന്നതായിരുന്നു. എവിടെ വെച്ചാണ് വലത്തോട്ടു തിരിയേണ്ടതെന്നു മനസ്സിലായില്ല. ആദ്യം കണ്ട തിരിവിൽ ശ്രമിക്കാം. പിന്നെ ഇടത്തോട്ട്. മുമ്പിൽ കണ്ട കെട്ടിടത്തിൽ അയാൾ കടന്നു. നീണ്ട ഇടനാഴികയിലൂടെ നടന്നപ്പോൾ അയാൾ മനസ്സിലാക്കി, അത് ഓർഥോപ്പീഡീക് വാർഡാണെന്ന്. വാർഡ് നമ്പർ നാല്. രണ്ടാം നമ്പർ അടുത്തെന്ന വിചാരത്തോടെ അയാൾ നടന്നു. വാർഡ് നമ്പർ മൂന്ന്. പിന്നെ ഇടനാഴിക പെട്ടെന്ന് അവസാനിക്കുന്നു.

വീണ്ടും ഡ്യൂട്ടിയിലിരുന്ന വേറൊരു പോലീസുകാരൻ.

രണ്ടാം നമ്പറോ?

അതെ.

വന്ന വഴിക്കുതന്നെ പുറത്തിറങ്ങുക. പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് നേരെ നടക്കുക. വേറൊരു ഗേയ്റ്റിലെത്തും. അവിടെ ഒരു വാച്ച്മാനെ കാണാം. അതിനു മുമ്പിലുള്ള കെട്ടിടമാണ് ദോ നമ്പർ.

വീണ്ടും യാത്ര. തിരിച്ച് ഇടനാഴികയിലൂടെ അയാൾ ഹാളിലേക്കു നോക്കി. നിറയെ രോഗികൾ. വെള്ള വിരിയിട്ട കട്ടിലുകളിൽ അവർ കിടക്കുന്നു. പെട്ടെന്ന് ആസ്പത്രിയുടെ മണം അയാൾക്കനുഭവപ്പെട്ടു, ഒപ്പം ഈ മണം സ്വയം അറിയാതെ, തന്നെ ശല്യപ്പെടുത്താൻ തുടങ്ങിയിട്ട് കുറച്ചു സമയമായെന്നും അയാൾ മനസ്സിലാക്കി.

എവിടെയാണ് ദോ നമ്പർ? പുറത്ത് ആരുമുണ്ടായിരുന്നില്ല. വെളിച്ചം കുറവായിരുന്നു. കെട്ടിടങ്ങളുടെ ഇടയിലൂടെ നടക്കുമ്പോൾ രാമചന്ദ്രൻ ആലോചിച്ചു. ഞാൻ എന്തിനിവിടെ കറങ്ങുന്നു? മരിച്ചവർ തന്റെ ആരാണ്? ഒരേ കെട്ടിടത്തിൽ താമസിക്കുന്നവർ, മൂന്നുവർഷമായി കണ്ടു പരിചയമുണ്ട്. അതിനപ്പുറം എന്താണ് ബന്ധം?

രാമചന്ദ്രൻ ഓർത്തു. വാതിൽക്കൽ ബെല്ലടിക്കാതെ താഴത്തായി നേർത്ത മുട്ടൽ കേൾക്കുമ്പോൾ അറിയാം അത് അയാൾ പ്രതീക്ഷിക്കുന്ന കൊച്ചുകുട്ടിയുടേതാണെന്ന്. ചുവട്ടിൽ നിന്ന് രണ്ടു നിലകൾ ഒറ്റയ്ക്കു കയറി വരുന്ന ആ മൂന്നു വയസ്സുകാരൻ ചോദിയ്ക്കും.

അങ്ക്ൾ, ടാഫീ!

അയാൾ ചോദിക്കും. ടാഫി തന്നാൽ നീ അങ്ക്‌ളിന്ന് എന്താണ് തരുക?

മേ പപ്പി ദേദുംഗാ. അവൻ പറയും ഉമ്മ തരാം.

നീ നിന്റെ ഉമ്മകൾകൊണ്ട് സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കുമല്ലൊ!

ഓർമ്മയിൽ അയാൾ ചിരിച്ചു. ആ ചിരി പെട്ടെന്നു വറ്റുകയും ചെയ്തു. ഒരു നാൽക്കവലയിൽ എത്തിയിരിക്കുന്നു. എന്തിനാണ് നടക്കുന്നതെന്ന് അയാൾ ഓർത്തു. എല്ലാ തിരിവിലും ഒരാൾക്ക് ഒരു തീരുമാനമെടുക്കേണ്ടതുണ്ട്. ഇടതു വശത്ത് നേരെ പോയാൽ പ്രധാന ഗേയ്റ്റ്. അയാൾക്ക് ഇടത്തോട്ടു തിരിഞ്ഞ് ഗേയ്റ്റിലൂടെ പുറത്തു കടക്കാം. വീട്ടിലേക്ക് തിരിച്ചു പോകാം. അല്ലെങ്കിൽ വലത്തോട്ടോ നേരിട്ടോ നടന്ന് വീണ്ടും അന്വേഷിക്കാം.

പിന്നിൽനിന്നു വന്ന ഒരു വാർഡ് ബോയിയോട് അയാൾ ചോദിച്ചു.

എവിടെയാണ് ദോ നമ്പർ?

ദോ നമ്പർ? നിങ്ങളുടെ ആരാണ് മരിച്ചത്?

സാധാരണ നിലയിൽ അയാൾക്ക് ദ്യേഷ്യം പിടിച്ചെനെ. പക്ഷെ ഈ മങ്ങിയ വെളിച്ചത്തിൽ, ആസ്പത്രിയുടെ മണം ചൂഴ്ന്നുനിൽക്കുന്ന അന്തരീക്ഷത്തിൽ, മരണത്തിന്റെ സന്നിധിയിൽ അയാൾക്കു ദ്യേഷ്യം പിടിക്കാൻ കഴിഞ്ഞില്ല. അയാൾ പറഞ്ഞു.

എന്റെ സ്‌നേഹിതൻ.

ഇതാ, തൊട്ടു മുമ്പിൽ, ഈ കാണുന്നതാണ് ദോനമ്പർ. അതാ വാച്ച്മാൻ ഇരിക്കുന്നു. അവനോട് പറഞ്ഞാൽ മതി, അവൻ കാണിച്ചു തരും.

വാർഡ്‌ബോയ് ഒരു മൂളിപ്പാട്ടുമായി പൊയ്ക്കഴിഞ്ഞു. ഇതിത്ര അടുത്താണെന്നയാൾ അറിഞ്ഞില്ല. കാലുകൾ തരിച്ചുപോയി. അയാൾ പ്രയാസപ്പെട്ടു നടന്നു. കെട്ടിടം ഇരുണ്ടു കണ്ടു. പുറത്തു കയ്യുള്ള കസാലയിൽ ഇരുന്ന വാച്ച്മാൻ അയാൾ അടുത്തു ചെന്നപ്പോൾ എഴുന്നേറ്റു. അയാൾ ചോദിച്ചു. ഇതല്ലേ ദോ നമ്പർ?

അതെ സാബ്, എന്താണ് വേണ്ടത്?

രാവിലെ ഒരു സ്‌ക്കൂട്ടർ അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു. അയാൾ പറഞ്ഞു.

വരു, വാച്ച്മാൻ പറഞ്ഞു, മുമ്പിൽ നടന്നു.

അത് ഒരു അസ്ബസ്റ്റോസ് മേഞ്ഞ വലിയ ഷെഡ്ഡായിരുന്നു. അതിനകത്തേയ്ക്കു കടന്ന ഒരാൾ കാണുക നമ്പർ 2 എന്ന് വലിയ അക്ഷരത്തിൽ എഴുതിവെച്ചതാണ്. പിന്നെ നോക്കുന്നിടത്തെല്ലാം ആ അക്കം എഴുതിവെച്ചിരിക്കുന്നു. തൂണുകളിൽ ചുവരിൽ, കൌണ്ടറുകളുടെ ഇടയിൽ. നാലഞ്ചു കൌണ്ടറുകളിൽ തലയിട്ടു നോക്കിയ വാച്ച്മാൻ പറഞ്ഞു.

ക്ലാർക്ക് ചായ കുടിക്കാൻ പോയതായിരിക്കും. ഇപ്പോൾ വരും. അവരുടെ ലിസ്റ്റിൽ പേരുണ്ടാവും. ഈ ആസ്പത്രിയിൽ കണ്ടുപിടിക്കാൻ എളുപ്പമാണ്.

കൌണ്ടറുകൾക്കു മുകളിൽ ഫാൻ കറങ്ങിയിരുന്നു. ഒരു പക്ഷെ ക്ലാർക്ക് വേഗം വരുമായിരിക്കും. ആ അന്തരീക്ഷത്തിൽ, അനിശ്ചിതത്വത്തിൽ കാത്തു നിൽക്കുക വിഷമമായിരുന്നു.

എപ്പോൾ മരിച്ചുവെന്നാണ് പറഞ്ഞത്?

രാവിലെ പത്തു മണിക്കോ മറ്റോ ആണ്. അപകടമുണ്ടായത്. കുട്ടി അപ്പോൾ തന്നെ മരിച്ചു. കുട്ടിയുടെ ചെറിയച്ഛനെ ഈ ആസ്പത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. അഞ്ചു മണിക്കോ മറ്റോ ആണ് അയാൾ മരിച്ചത്.

പെട്ടെന്ന് ആദിത്യന്റെ വീട്ടുകാർ ശവശരീരങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ടാകുമെന്നയാൾ ഓർത്തു. അവർ ഏഴുമണിക്കുതന്നെ ആസ്പത്രിയിലേയ്ക്ക് പുറപ്പെട്ടിരുന്നു. പോലീസ് ഓഫീസർ അപ്പോഴാണവിടെ വന്നു പറഞ്ഞത്.

ഒരു പക്ഷെ ശവശരീരം ബന്ധുക്കൾ ഏറ്റുവാങ്ങിയിട്ടുണ്ടാകും. രാമചന്ദ്രൻ പറഞ്ഞു. അവർ രണ്ടു മൂന്നു മണിക്കൂർ മുമ്പ് ഇവിടെ വന്നിരുന്നു.

ആഹാ, അവരാണോ? ഒരു വലിയ കാറിൽ. രണ്ടു തടിച്ച സ്ത്രീകളും. രണ്ടു ചെറുപ്പക്കാരും, പിന്നെ രണ്ടു പെൺകുട്ടികളും? വരു, എനിക്കറിയാം.

രാമചന്ദ്രൻ അയാളുടെ പിന്നാലെ നടന്നു. കൌണ്ടറുകൾക്കുമപ്പുറത്ത് വെളിച്ചം തീരെയില്ലാത്ത ഒരു കോലായിലേക്ക് വാച്ച്മാൻ കയറി. കാക്കി ട്രൌസറിന്റെ കീശയിൽ നിന്ന് താക്കോൽക്കൂട്ടമെടുത്ത് എളുപ്പത്തിൽ തിരഞ്ഞെടുത്ത താക്കോൽ മുമ്പിലുണ്ടായിരുന്ന വലിയ ലോഹവാതിലിന്റെ ദ്വാരത്തിലൂടെ തിരിച്ചു. പിന്നെ പിടി തിരിച്ച് കനമുള്ള വാതിൽ പുറത്തേയ്ക്കു തുറന്നു.

രാമചന്ദ്രൻ ഞെട്ടിപ്പോയി. ഒരു തണുത്ത കാറ്റ് അയാളുടെ മുഖത്തടിച്ചു. മുമ്പിൽ കണ്ട ചെറിയ മുറിയിൽ നിലത്ത് വെളുത്ത തുണിയിൽ ആസകലം മൂടിക്കെട്ടിയ ശരീരങ്ങൾ നെടുനീളത്തിൽ കിടത്തിയിരിക്കുന്നു. നാലു ശരീരങ്ങൾ നിലത്ത് ഒരേ അകലത്തിൽ. അതിനു പിന്നിൽ റാക്കിൽ ഒരു ചെറിയ നീണ്ട പൊതി. അയാളുടെ ഞെട്ടൽ അടങ്ങിയിരുന്നില്ല. മരണം ഇത്ര തൊട്ടു മുമ്പിൽ കാണുമെന്ന പ്രതീക്ഷ രാമചന്ദ്രനില്ലായിരുന്നു. അയാളുടെ ഭാവനയിൽ വീണ്ടും ഇടനാഴികകളും, തുറക്കപ്പെടേണ്ട ഇരുണ്ട വാതിലുകളുമായിരുന്നു. പക്ഷെ, ഇപ്പോൾ മരണം അയാൾക്കു തൊട്ടു മുമ്പിൽ വാസ്തവമായി തണുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

വാച്ച്മാൻ അകത്തേക്കു കടന്ന് നടുവിൽ കിടത്തിയ ശരീരത്തിനു മുകളിൽ വെച്ച കാർഡ് എടുത്ത് രാമചന്ദ്രനു കൊടുത്തു. അതിൽ എഴുതിയിരുന്നു. അവിനാശ് (അൺനോൺ).

കാർഡ് തിരിച്ചു കൊടുത്ത് അയാൾ ചോദിച്ചു.

കുട്ടിയുടെ ദേഹം ഏതാണ്?

വാച്ച്മാൻ റാക്കിൽ വെച്ച പൊതി ചൂണ്ടിക്കാട്ടി. ഇതാ.

അതിത്ര ചെറുതാവുമെന്ന് രാമചന്ദ്രൻ ഓർത്തില്ല. വാച്ച്മാൻ അവിനാശിന്റെ മുഖത്തെ കെട്ടഴിക്കാൻ ഭാവിച്ചുകൊണ്ടു പറഞ്ഞു. മുഖം കാണണ്ടെ?

വേണ്ട.

അഴിക്കാൻ തുടങ്ങിയ കെട്ടുകൾ വീണ്ടും കെട്ടി വാച്ച്മാൻ പുറത്തു കടന്നു വാതിലടച്ചു. മരണത്തിന്റെ മരവിപ്പിക്കുന്ന തണുപ്പ് ഒരു നിമിഷനേരത്തേക്കു മാത്രം. പിന്നെ പുറത്തെ ചൂട്.

പുറത്തു കടക്കുമ്പോൾ വാച്ച്മാൻ ചോദിച്ചു.

മരിച്ചുപോയവരുടെ ആരാണ് നിങ്ങൾ?

ആരുമല്ല.

രണ്ടാം നമ്പറിന്റെ അരുകിലൂടെ പുറത്തേയ്ക്കു വഴിയുണ്ടായിരുന്നു. ആസ്പത്രിക്കു പുറത്ത് പ്രകാശമയമായ ലോകമായിരുന്നു. തെരുവുവിളക്കുകൾ, വാഹനങ്ങൾ, ആൾക്കാർ. ഒരു ഇരുട്ടറയിലിരുന്ന് ചുമരിലെ ചെറിയ വിള്ളലിലൂടെ പുറത്തെ ലോകം നോക്കിക്കാണുന്ന പോലെ അയാൾ ഗെയ്റ്റിൽ നിന്നു കൊണ്ട് അത്ഭുതത്തോടെ നോക്കി.

പിന്നിൽ വാച്ച്മാനും, അയാൾക്കു പിന്നിൽ ഇരുണ്ടമുറിയിൽ വെളുത്ത തുണിയിൽ പൊതിഞ്ഞുവെച്ച തണുത്ത ശരീരങ്ങളുമുണ്ടായിരുന്നു.

അയാൾ ഹിരൺ മേഹ്ത്ത പറഞ്ഞതോർത്തു. അയാളുടെ മകൻ പറഞ്ഞതോർത്തു. പാപഗ്രഹങ്ങളുടെ ദൃഷ്ടിക്കും വിധിനിശ്ചയ വിശ്വാസങ്ങൾക്കും, ചതുർമാനക്കളരിയിലെ മുൻകൂട്ടി ക്രമപ്പെടുത്തിയ ജീവിതങ്ങൾക്കും അപ്പുറത്ത് അതിനെല്ലാം അതീതമായ സുനിശ്ചിതമായ, പ്രവാച്യമല്ലാത്ത മരണം അയാൾ കണ്ടു.

തിരിച്ച് വീട്ടിലേക്കുള്ള കോണി കയറുമ്പോൾ രണ്ടാം നിലയിൽ ആദിത്യന്റെ വീട് അപ്പോഴും പൂട്ടിക്കിടന്നിരുന്നു. പൂട്ടിയ താഴിനു മുകളിൽ പൂജക്കുള്ള പൂക്കളുടെ പൊതി വെച്ചിരുന്നു. അവരെല്ലാം എവിടെ പോയിരിക്കുന്നുവെന്ന് അയാൾ അത്ഭുതപ്പെട്ടു. ഒരു പക്ഷെ ഭർത്താവിന്റെ വീട്ടിലേക്കു പോയിരിക്കും. അങ്ങിനെയാണെങ്കിൽ ഇനി കുറെ ദിവസം കഴിഞ്ഞേ വരികയുണ്ടാവു. അവർ വരുന്നവരെ ഈ പൂക്കൾ അവിടെ ഇരിക്കുമായിരിക്കും.

അല്ലെങ്കിൽ മരണത്തിനും പൂക്കൾക്കും തമ്മിൽ എന്താണ് ബന്ധം?