കോമാളി
കോമാളി | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | വൃഷഭത്തിന്റെ കണ്ണ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 51 |
രാത്രി കിടക്കുന്നതിനുമുമ്പ് വാർഡ്‌റോബ് തുറന്നുവെച്ചുകൊണ്ട് മായ ചോദിച്ചു. ഇന്ന് നിന്റെ മൂഡ് എന്താണ്?
ഇത് സാധാരണ ചോദ്യമാണ്. അയാൾ വളരെ ഇഷ്ടപ്പെടുന്നതും. അതിന്റെ മറുപടി അനുസരിച്ചായിരിക്കും അവളുടെ കിടപ്പുവസ്ത്രം തിരഞ്ഞെടുക്കൽ.
അയാൾ പറയും ചുവന്ന പൂക്കളുള്ള പച്ച നൈറ്റി. അല്ലെങ്കിൽ പിങ്ക് സീത്രൂ നൈറ്റി. അതുമല്ലെങ്കിൽ പറയും, എനിക്കുറക്കം വരുന്നു.
സുഗതൻ പറയുന്നത് അപ്പടി മുഖവിലയ്ക്ക് എടുക്കുന്നതും കുഴപ്പമാണെന്ന് അവൾക്കറിയാം. അതുകൊണ്ട് പരിതഃസ്ഥിതികൾ ആകെയൊന്നു പഠിച്ച് അവളുടേതായ ഒരു തീരുമാനം എടുക്കും. മോൾ ഉറങ്ങിയിട്ടുണ്ടോ എന്നു നോ ക്കും. അത് വളരെ പ്രധാനപ്പെട്ടതാണ്. സ്വന്തം ആവശ്യവും തൂക്കി നോക്കും. ഇന്നു വേണോ? പിന്നെ എല്ലാം അവസാനം ഒത്തു വന്നാൽ അവൾ ഒരു തീരുമാനത്തിലെത്തും. ഭർത്താവ് ഉറക്കം വരുന്നെന്നു പറയുന്നതൊന്നും അവൾ കാര്യമാക്കാറില്ല. കാരണം അങ്ങനെ പറഞ്ഞ പല രാത്രികളിലും, അയാൾ ഉറങ്ങിയിട്ടുണ്ടാകുമെന്നു കരുതി ശബ്ദമുണ്ടാക്കാതെ അടുത്തുപോയി കിടന്നാൽ കൈകൾ നീണ്ടു വരുന്നത് അവൾക്കറിയാം. പിന്നെ ഇരുട്ടിൽ അഴിക്കാൻ വിഷമമായ ഹുക്കുകളെ പിരാകുന്നതും കേൾക്കാം.
മായയുടെ ഈ കണക്കു കൂട്ടലുകളെല്ലാം അയാൾക്കറിയാം. അതുകൊണ്ട് അയാൾ പറഞ്ഞു. ഇന്നു തീരെ മൂഡില്ല.
എന്തുപറ്റി?
ഓഫീസിൽ, സാധാരണ മാതിരി, ബോസ്സുമായി കലഹം.
നീ എന്തിനാണ് അയാളുമായി അടിപിടിക്കു നിൽക്കുന്നത്.
മായ ജനലുകളുടെ കർട്ടൻ നീക്കി, ഗാലറിയിലേക്കുള്ള വാതിലടച്ച് സാരി അഴിച്ചു മടക്കി വെച്ചു. പിന്നിൽ കൈ കൊണ്ടുപോയി ബ്ലൌസിന്റെ ഹുക്കുകൾ ഓരോന്നായി അഴിച്ചു. പിന്നെ പാവാടയുടെ ചരട് അഴിച്ചു. പാവാട അഴിഞ്ഞു വീണപ്പോൾ അവളുടെ ഭംഗിയുള്ള കാലുകൾ അയാൾ കിടക്കയിൽ ചാരിയിരുന്ന് ശ്രദ്ധിച്ചു. വാർഡ്‌റോ ബിൽ നിന്ന് പച്ച നൈറ്റിയെടുത്ത് അവൾ തലയിൽക്കൂടി ഇട്ടു.
നീയെന്നെ പ്രലോഭിപ്പിക്കുകയാണോ?
ഞാൻ കല്യാണത്തിനു മുമ്പ് ഒരു കാബറെ ഡാൻസർ ആയിരുന്നു.
എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്.
അവൾ വിളക്കണച്ച് അയാളുടെ അരികിൽ വന്നു കിടന്നു. അയാളെ ഒരു കുട്ടിയെപ്പോലെ തന്നോടു ചേർത്ത് ലാളിച്ച് അവൾ ചോദിച്ചു. പറയൂ, ഇന്ന് എന്താണുണ്ടായത്?
മറുപടി പറയുക വിഷമമാണ്. ഒരു സംഭവം വേറൊരാളോട് ഒന്നും ചോർന്നു പോകാതെ പറയാൻ അയാൾക്കു കഴിയാറില്ല. ഒന്നുകിൽ അതിന്റെ കാര്യമായ വശങ്ങളെല്ലാം ചോർന്നു പോയിട്ടുണ്ടാകും. അപ്പോൾ സംഭവത്തിന്റെ ഗൗരവവും പ്രാധാന്യവും നഷ്ടപ്പെടുന്നു. അല്ലെങ്കിൽ എന്താണ് സംഭവത്തിനു കാരണമെന്നു തന്നെ അയാൾ മറന്നിട്ടുണ്ടാവും. പലപ്പോഴും കാരണത്തിനു വേണ്ടി മണിക്കൂറുകൾ തന്നെ ആലോചിക്കാറുണ്ട്.
അയാൾ പറഞ്ഞു. എനിക്കോർമ്മയില്ല.
അവൾ അയാളെ ആശ്വസിപ്പിച്ചു. സാരല്യ കുട്ടി. തുടർന്ന് അയാളുടെ ഷർട്ട് തലോടിക്കൊണ്ടു പറഞ്ഞു. നിനക്ക് ഉഷ്ണിക്കിണില്യെ ഈ കട്ടിയുള്ള ഷർട്ടൊക്കെ ഇട്ടിട്ട്?
അയാൾ ചിരിച്ചുകൊണ്ട് ആലോചിച്ചു. ഇതിന്റെയൊക്കെ അവസാനം എന്താവുമെന്ന് എനിക്കറിയാം.
അവൾ ഓരോന്നോരോന്നായി ഷർട്ടിന്റെ കുടുക്കുകൾ അഴിച്ചു.
അയാൾ അപ്പോഴും മനസ്സിലെ മുറുക്കത്തിന്റെ കാരണം കണ്ടുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇനി അതിന്റെ കാരണം കണ്ടുപിടിച്ചാലെ അയാൾക്കു സമാധാനമാവു. ഒരു കയറിൽപ്പിടിച്ച് വഴി മനസ്സിലാക്കുന്ന പോലെ, പിന്നിലേക്ക് നടന്ന് ഓരോ സംഭവങ്ങളെ വിശകലനം ചെയ്ത് എന്താണ് മനസ്സിനെ അസ്വസ്ഥമാക്കിയതെന്ന് കണ്ടുപിടിച്ചാൽ മനസ്സിലെ മുറുക്കം താനേ അയഞ്ഞുവരും. ഓഫീസിൽ ബോസ്സുമായുണ്ടായ കലഹത്തെപ്പറ്റി ആലോചിച്ചു. ആ സാധാരണ സംഭവം തന്നെ അസ്വസ്ഥനാക്കിയിട്ടില്ലെന്നു മനസ്സിലായി. സംസാരത്തിന്റെ അവസാനം അയാൾ ക്ഷമ യാചിച്ചില്ലെങ്കിലും, ചുണ്ടു കോട്ടി ചുമൽ കുലുക്കിയതിൽ നിന്ന് താൻ പറഞ്ഞത് അയാൾ സമ്മതിച്ചുതന്നെന്ന് വന്നു.
സുഗതന് നീതിയോട് വളരെ ബഹുമാനമായിരുന്നു. നീതി തകിടം മറയുന്നത് അയാൾക്ക് നോക്കി നിൽക്കാൻ പറ്റില്ല. മറ്റുള്ളവരുമായുള്ള ഉരസൽ മിക്കവാറും ഈ കാരണം കൊണ്ടായിരുന്നു.
അവൾ ചോദിച്ചു. ബോസ്സ് എന്തു പറഞ്ഞു?
ബോസ്സുമായുള്ള വഴക്കിൽ ഒന്നും സംഭവിച്ചിട്ടില്ല. അവസാനം അയാൾക്ക് മനസ്സിലായി, താൻ പറഞ്ഞതു തന്നെയാണ് ശരിയെന്ന്. വേറെ എന്തോ ആണ് തന്നെ വിഷമിപ്പിക്കുന്നത്.
എന്താണെന്ന് ആലോചിച്ചു നോക്ക്. അതു കണ്ടുപിടിച്ചില്ലെങ്കിൽ ഇന്ന് നിന്നെക്കൊണ്ട് എനിക്ക് പ്രയോജനമൊന്നുമില്ല.
ഇതിനകം അവൾ അയാളുടെ ഷർട്ടുമാത്രമല്ല, ഉഷ്ണിച്ചേക്കാവുന്ന എല്ലാ വസ്ത്രങ്ങളും അഴിച്ചു മാറ്റിയിരുന്നു. വികാരം അയാളിൽ അപ്പോഴും ഉണരാതെ നിന്നു. അയാൾ വീണ്ടും ആലോചിച്ചു. അപ്പോൾ പിടി കിട്ടി; ബസ്സിൽ കണ്ടക്ടറുമായുള്ള വഴക്ക്. അവിടെയും കാരണം നീതിക്കു പറ്റിയ പരുക്കു തന്നെ.
ഇന്ന് ബസ്സിൽ കണ്ടക്ടറുമായി വഴക്കുണ്ടായി. അയാൾ പറഞ്ഞു.
എന്തിന്? നീ ഇങ്ങനെ എല്ലാവരുമായി അടിപിടിക്കു നിന്നോ.
അവൻ സ്റ്റോപ്പിൽ ബസ്സു നിർത്തിയില്ല. ധാരാളം സ്ഥലമുണ്ടായിരുന്നു. നാലഞ്ച് ആൾക്കാർ ഇറങ്ങാനുമുണ്ടായിരുന്നു. ഇറങ്ങാനുള്ളവരെ ഇറക്കാനായി ബസ്സ് പത്തുപതിനഞ്ചു വാര അകലെ നിർത്തി. സ്റ്റോപ്പിൽ ഒരു വയസ്സനുണ്ടായിരുന്നു. തിരക്കുള്ള നാലഞ്ചു ബസ്സുകൾക്കു ശേഷമാണ് കുറച്ചെങ്കിലും ഒഴിവുള്ള ഈ ബസ്സ് വന്നത്. അത് കിട്ടാനായി സ്റ്റോപ്പിൽ നിന്ന് എല്ലാവരും ഓടി. ഒപ്പം ആ വയസ്സനും. ഓടുന്ന വഴിക്ക് അയാൾ തടഞ്ഞു വീണു. അയാളുടെ മകൻ അയാളെ താങ്ങിയെടുത്ത് ടാക്‌സി പിടിച്ചു പോയി. ഞാനും ഓടി ബസ്സിൽ കയറി കണ്ടക്ടറെ ചീത്ത പറഞ്ഞു. ബസ്സിൽ സ്ഥലമില്ലാത്തതുകൊണ്ടാണ് നിർത്താത്തതെന്ന് അവൻ പറഞ്ഞു. പത്തൊമ്പത് ആൾക്കാർക്ക് നിന്നു സഞ്ചരിക്കാനുള്ള ബസ്സാണിതെന്ന് എഴുതിയത് കാണിച്ചു കൊടുത്തു. അഞ്ചുപേർ ഇറങ്ങിയപ്പോൾ പിന്നെ നാലഞ്ചുപേരെ ബസ്സിൽ നിന്നിരുന്നുള്ളു. അവൻ മാപ്പു ചോദിച്ചാൽ മതിയായിരുന്നു. അതുചെയ്യാതെ വീണ്ടും തട്ടിക്കയറി. ഞാൻ അവന്റെ നമ്പർ എടുത്തിട്ടുണ്ട്. നാളെ കംപ്ലെയിന്റ് അയക്കണം. അവർ നടപടിയെടുക്കാതിരിക്കില്ല.
ആ കിഴവൻ വീണതാണ് നിനക്കിത്ര ദ്വേഷ്യം പിടിക്കാൻ കാരണം.
അതു മാത്രമല്ല. ഇത്രയധികം അനീതി കാണിക്കുന്നതു കണ്ടിട്ടും ഞാനൊരുത്തൻ മാത്രമേ അതിനെപ്പറ്റി പറയാനുണ്ടായുള്ളു. മറ്റുള്ളവരെല്ലാം ഓടിവന്ന് ബസ്സുകിട്ടിയ സന്തോഷത്തിൽ അവരവരുടെ കാര്യം നോക്കി നിന്നു. കണ്ടക്ടറോട് കയർക്കണ്ട, നേരം വൈകുമെന്നുവരെ ഒരു മാന്യൻ എന്നെ ഉപദേശിച്ചു.
സാരമില്ല. കഴിഞ്ഞില്ലേ. ഇനി നീ അതിനെപ്പറ്റി വേവലാതിപ്പെടേണ്ട.
മനസ്സിലെ ടെൻഷൻ അയഞ്ഞുവരുന്നത് അയാൾകണ്ടു; ഒപ്പം തന്നെ മായയുടെ താലോലിക്കൽ തന്നിലുണ്ടാക്കിയ ഫലവും.
നിന്റെ കുഴപ്പമെന്താണെന്നോ, ഈ സമുദായത്തിൽ നീയൊരു വലിയ മിസ്ഫിറ്റാണ്; അവൾ പറഞ്ഞു. യാഥാർത്ഥ്യങ്ങളുടെ നേരെ കുറച്ചൊക്കെ കണ്ണടക്കാൻ പറ്റിയില്ലെങ്കിൽ ജീവിക്കുക വിഷമമായിരിക്കും.
പിന്നെ സ്‌നേഹപ്രകടനങ്ങൾക്കിടയിൽ കിതച്ചുകൊണ്ടവൾ പറഞ്ഞു. സുഗതൻ നീയൊരു കോമാളിയാണ്. എന്റെ കൊച്ചു കോമാളി.
അയാൾ കഴിഞ്ഞ ആഴ്ച കണ്ട സർക്കസ്സിലെ കോമാളിയെ ഓർത്തു. അഭ്യാസി ഭാരം കൈകൊണ്ടുയർത്തി നെഞ്ചു വിരിച്ചു നിന്നപ്പോൾ കുള്ളനായ കോമാളി മരത്തിന്റെ രണ്ടു കട്ടകൾ പ്രയാസം നടിച്ച് ഉയർത്തി.
അയാളുടെ കണ്ണുകൾ അടഞ്ഞു വന്നു.
രാവിലെ ഓഫീസിൽ പോകാൻ നേരത്താണ് അയാൾ ഓർത്തത്. വൈകുന്നേരം പാർട്ടിയുണ്ട്.
എവിടെയാണ്?
ടാജിൽ. റാന്റവൂവിൽ.
ആഹാ! റൂഫ് ടോപ് റെസ്റ്റോറണ്ട്. എന്തുകൊണ്ട് ഞാനില്ല?
ദെറീസെ മോബ്. രണ്ട് സ്വീഡുകൾ, ബോസ്സ്. ഒരു ചെറിയ കലാപമുണ്ടാക്കാൻ മാത്രം ആൾക്കാർ. സംസാര വിഷയം തെർമോ ന്യൂക്ലിയർപ്ലാന്റുക ളിൽ ഹീറ്റ് എക്‌സ്‌ചേഞ്ചർ ട്യൂബിനുള്ളിൽ പ്രാധാന്യം. ഇതിലും ശുഷ്‌കമായ വിഷയം കാണില്ല. ഇതിൽ നിനക്കെവിടെ സ്ഥാനം?
നേരം വൈകുമെന്നർത്ഥം.
പത്തു മണിക്കു മുമ്പു കാക്കണ്ട.
ഓഫീസ് ഇരമ്പുകയായിരുന്നു.
ടൈപ്പ്‌റൈറ്ററുകളുടെ ശബ്ദം, ജോലിക്കാരുടെ സംസാരം. ടെലഫോണിൽ അട്ടഹാസങ്ങൾ. സുഗതൻ അയാളുടെ ചേമ്പറിൽ കടന്നു, ബാർബർ ഷാപ്പി ന്റെ വാതിൽപ്പോലെയുള്ള പാതിവാതിലിന്റെ ആട്ടം നിന്നപ്പോൾ ചില്ലിലൂടെ പുറത്തേയ്ക്കു നോക്കി. അയാളുടെ സെക്രട്ടറി എത്തിയിട്ടുണ്ട്. ആശ്വാസമായി. വളരെ ജോലിയുള്ളതാണ്. സുഗതൻ ഇന്റർകോമിന്റെ ബട്ടനമർത്തി. മോണികാ തലയുയർത്തി അയാളെ നോക്കി വശ്യമായി ചിരിച്ചു. എഴുന്നേറ്റു വന്നു.
മോണിംഗ് സുഗതൻ.
മോണിംഗ്.
ഫെർട്ടിലൈസർ കാംപ്ലെക്‌സിനെപ്പറ്റി ഓർമ്മിപ്പിക്കാൻ പറഞ്ഞില്ലെ?
ശരി, അയാൾ പറഞ്ഞു. നന്ദി. ആ ഫയലെടുത്തു തരു.
മോണികാ കാബിനറ്റിന്റെ മുകളിലെ അറയിൽ ഫയലിനുവേണ്ടി പരതുന്നത് അയാൾ നോക്കി. അവളുടെ മൈക്രോ മിനിസ്‌കർട്ട് ഉയർന്ന് ലേസ് പിടിപ്പിച്ച സ്ലിപ്പ് കാണുന്നു. അതിനിടയിലൂടെ അവളുടെ തുടകളുടെ മേൽഭാഗം.
മോണികാ നിന്റെ വസ്ത്രങ്ങൾ പിന്നെപ്പിന്നെ കുറുതായി വരുന്നു.
ഇതെന്റെ പഴയ ഉടുപ്പാണ്, സുഗതൻ, അവൾ പറഞ്ഞു. പിന്നെ ഞാൻ നീളം വെക്കുന്നുമുണ്ട്.
അവളുടെ കാലിലിട്ടിരിക്കുന്ന ആറിഞ്ചു ഉയരമുള്ള ചെരിപ്പുനോക്കി അയാൾ മൂളി. ആ ഉടുപ്പ് കഴിഞ്ഞ ആഴ്ച പിറന്നാളിന് അവളുടെ ബോയ്ഫ്രണ്ട് സമ്മാനിച്ചതാണെന്ന് അവൾ പറഞ്ഞതായിരുന്നു.
നിനക്കെന്നെ സെഡ്യുസ് ചെയ്യണമെന്ന ഉദ്ദേശമില്ലെങ്കിൽ ഇവിടെ വന്നിരിക്കു.
ഫയൽ കിട്ടി.
നീല നിറമുള്ള ബാൾ പെന്നും പുസ്തകവുമായി മോണികാ മുമ്പിൽ വന്നിരുന്നപ്പോൾ അയാൾ ഡിക്‌ടേഷൻ തുടങ്ങി. സ്റ്റെയ്ൻലസ് സ്റ്റീലിൽ കോബാൾട്ട് അംശം കൂട്ടിയാലുണ്ടാകുന്ന മേന്മകളും, തങ്ങൾ പ്രതിനിധീകരിക്കുന്ന സ്വീഡിഷ് കമ്പനിയുടെ സ്റ്റീൽ ജാപ്പനീസ് സ്റ്റീലിനേക്കാൾ മെച്ചമാണെന്നു പറയാനുള്ള കാരണങ്ങളും ഡിക്‌ടേറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ അയാൾ പെട്ടെന്ന് നെർവസ്സായി. വലത്തെ കൈയിന്റെ തള്ള വിരൽകൊണ്ട് അയാൾ മുമ്പിലുള്ള കാറ്റലോഗിന്റെ അക്ഷരങ്ങളുടെ മൂലകളിൽ അദൃശ്യമായ കുത്തുകൾ ഇട്ടു. ‘എ’ എന്ന അക്ഷരത്തിന്മേൽ അഞ്ചു കുത്തു കൾ. അവ അക്ഷരത്തിന്റെ കാലുകൾ അവസാനിക്കുന്നിടത്തും വിലങ്ങനെയുള്ള വര കാലുകളിൽ മുട്ടുന്നിടത്തും. പിന്നെ അഞ്ചാമത്തേത് ഏറ്റവും മുകളിൽ കാലുകൾ കോണായി മുട്ടുന്നിടത്തും. അങ്ങനെ ആ സ്ഥലങ്ങളിൽ കുത്തുകൾ ഇട്ടില്ലെങ്കിൽ ഓരോ വരയും നിയന്ത്രണം വിട്ട് ക്രമാതീതമായി നീളുവാൻ തുടങ്ങുമെന്ന് അയാൾക്കു തോന്നിയിരുന്നു. ഒരക്ഷരം തളച്ചിട്ടു കഴിഞ്ഞാൽ അടുത്ത അക്ഷരം. അദൃശ്യമായ ഈ കുത്തുകൾ ഭാവനയിൽ ഇടുമ്പോഴെല്ലാം അയാളുടെ കൈവിരൽ പ്രവർത്തിച്ചുകൊണ്ടിരുന്നു. തള്ള വിരൽ ചൂണ്ടാണി വിരലിലും, നടുവിരലിലുമായി മുട്ടിക്കൊണ്ടിരുന്നു.
സുഗതൻ, നിന്റെ വിരലുകൾ!
മോണികാ എഴുത്തു നിർത്തി പറഞ്ഞു.
അയാൾ കൈ വലിച്ച് മേശയ്ക്കടിയിലേക്കു കൊണ്ടുപോയി, വീണ്ടും വിരലുകളുടെ പ്രവർത്തനം തുടങ്ങി.
എവിടെയാണ് നമ്മൾ നിർത്തിയത്?
അയാൾ മായയെ ഓർത്തു. ഒരിക്കൽ അയാളുടെ വിരലുകളുടെ ചലനത്തെപ്പറ്റി സംസാരിച്ചപ്പോൾ അവൾ പറഞ്ഞു. സുഗതൻ അതെല്ലാം നിന്റെ ഭാവനയാണ്. നീ അങ്ങിനെ കുത്തുകളിട്ടില്ലെങ്കിൽ അവ നീളാനൊന്നും പോകുന്നില്ല. ഇനി നീളണമെന്നു വെച്ചാൽ നിന്റെ സില്ലി കുത്തുകൊണ്ട് വലിയ പ്രയോജനമുണ്ടെന്നും തോന്നുന്നില്ല.
അയാൾ ഡിക്‌ടേഷൻ തുടർന്നു. അങ്ങനെയിരിക്കെ പെട്ടെന്ന് മോണികാ ചോദിച്ചു.
നീയെന്താണ് നോക്കുന്നത്?
കഴിഞ്ഞ ഏതാനും നിമിഷങ്ങളായി ഡിക്‌ടേഷൻ കൊടുത്തുകൊണ്ടിരിക്കെ അവളെത്തന്നെ നോക്കുകയായിരുന്നെന്ന് അപ്പോഴാണ് അയാൾക്കു ബോധമുണ്ടായത്. അതൊരു വെറും അശ്രദ്ധമായ നോട്ടമാണെന്നു പറഞ്ഞാൽ അവൾ വിശ്വസിക്കില്ല. അയാൾ ശരിക്കും അവളുടെ മാംസളമായ മാറിൽ നോക്കി. അവൾ കുനിഞ്ഞിരിക്കുക കാരണം മാറിന്റെ സമൃദ്ധി അയാൾക്കു കാണാം. അയാൾ പറഞ്ഞു.
നീ വളരെ സെക്‌സിയാണ്.
അവൾ സംതൃപ്തിയോടെ ചിരിച്ചു. യു ആർ വെരി നാട്ടി, സുഗതൻ!
ആ നിമിഷത്തിൽ അയാൾക്ക് സ്റ്റെ യിൻലസ് സ്റ്റീലും ഫെർട്ടിലൈസർ കാംപ്‌ളക്‌സും, അപ്രധാനമായി തോന്നി. ഇതൊരു മാർഗ്ഗം മാത്രമാണ്. ഞാനെന്തിനിതെല്ലാം ഇത്ര കാര്യമായെടുക്കുന്നു. അയാൾ ഫയൽ അടച്ചുവെച്ച് കസേരയിൽ ചാരിയിരുന്ന് ചോദിച്ചു.
നീ ഇന്ന് എന്റെ ഒപ്പം ലഞ്ചിനു വരുന്നോ?
അത് എവിടേക്കാണ് നീ വിളിക്കുന്നതെന്നതിനെ ആശ്രയിച്ചിരിക്കും.
നിന്റെ പ്രിഫറൻസ്, എന്താണ്? ചൈനിസ് ഓർ കോണ്ടിനെന്റൽ?
ചൈനീസ്.
ശരി ഫ്‌ളോറയിൽ പോകാം.
അവൾ ചാടിയെഴുന്നേറ്റു. ഡി ഡ്യൂ സേ ഫ്‌ളോറാ?
പ്രിസൈസ്‌ലി, അയാൾ പറഞ്ഞു.
ഇന്റർകോം ശബ്ദിച്ചു. എട്ടാം നമ്പറിനു മുകളിൽ പ്രകാശമുള്ള ഒരു ചതുരം ഉദിച്ചു. ബട്ടനമർത്തിയപ്പോൾ അയാൾ ബോസ്സിന്റെ ശബ്ദം കേട്ടു.
വാച്ചഹെല്ലാർ യു ഡൂയിംഗ് സുഗതൻ? ഫ്‌ളർട്ടിംഗ് വിത്ത് യുവർ സെക്രട്ടറി?
താങ്കളുടെ തുരുമ്പു പിടിച്ച ഇരുമ്പ് വിൽക്കുകയാണ്, സുഗതൻ പറഞ്ഞു.
ഉടനെ മറുപടിയും.
ഞാൻ വിചാരിച്ചത് നമ്മൾ വിൽക്കുന്നത് ആന്റികൊറോസീവ് സ്റ്റീലാണെന്നാണ് കസ്റ്റമേഴ്‌സ് അറിയണ്ട. പിന്നെ എം.ഡി. ഇന്നു വരുന്നില്ല. അതുകൊണ്ട് വൈകുന്നേരത്തെ പാർട്ടിയുണ്ട്. താജിൽത്തന്നെ. റാന്റവൂ. മറക്കണ്ട.
ഇന്റർകോമിന്റെ ശബ്ദം നിന്നപ്പോൾ മോണികാ പറഞ്ഞു.
നീ എന്തിനാണ് ജീയെമ്മിനോട് എപ്പോഴും കയർക്കുന്നത്? അയാൾ പാവം എപ്പോഴും തമാശ പറഞ്ഞ് ലോഗ്യത്തിനു വരും.
വിസിറ്റിംഗ് കാർഡിൽ കാണിച്ച മെറ്റല്ലർജി ബിരുദങ്ങളുടെ പകുതി അറിവെങ്കിലും ഉണ്ടായിരുന്നെങ്കിൽ അയാൾ ഒരു നല്ല സെയിൽസ്മാനാകുമായിരുന്നു. സുഗതൻ പറഞ്ഞു, നിനക്കു പോകാം. ബാക്കി ഡിക്‌ടേഷൻ പിന്നീടാവാം. ലഞ്ചിന് പോകുമ്പോൾ ഞാൻ വിളിക്കാം.
താങ്ക് യൂ സാർ, യൂവാർ വെരി കൈന്റ് ഹാർട്ടഡ്.
അയാൾ അത്ഭുതപ്പെട്ടു. എങ്ങനെയാണ് ഇവൾക്ക് ജീവിതം ഇത്ര ലഘുവായെടുക്കാൻ പറ്റുന്നത്? മോണികായ്ക്ക് മാത്രമല്ല, മറ്റെല്ലാവർക്കും ജീവി തം എന്നത് ഏറ്റവും അപ്രധാനമായ ഒന്നാണ്. എല്ലാവരും സംഭവങ്ങൾ വളരെ തണുപ്പനായി എടുക്കുന്നു. താൻ മാത്രം സ്പ്രിംഗു മുറുക്കിയ പാവ പോലെ നിരന്തരം മുറുക്കമായി ഓടി നടക്കുന്നു. എന്നാണ് എന്റെ സ്പ്രിംഗുകൾ അയയുക? താൻ ഒരു ദിവസം ഓഫീസിൽ വന്നില്ലെങ്കിൽ സകലതും തകരാറിലാകുമെന്ന ബോധം എന്നാണ് അവസാനിക്കുക?
മായ പറയാറുണ്ട്.
സുഗതൻ, നീ വിട്ടം താങ്ങുന്ന ഗൌളിയാണെന്ന് എപ്പോഴാണ് മനസ്സിലാക്കുക? ഒരു ദിവസം കസ്റ്റമേഴ്‌സ് ടെലിഫോൺ ചെയ്യുമ്പോൾ നിന്നെ കിട്ടിയില്ലെങ്കിൽ എന്താണുണ്ടാവുക? അവർ പിറ്റെ ദിവസം വീണ്ടും വിളിക്കും. അപ്പോഴും കിട്ടിയില്ലെങ്കിൽ പിറ്റേന്ന് വീണ്ടും വിളിക്കും. എന്തുകൊണ്ട് നിനക്ക് ലീവെടുത്ത് രണ്ടുദിവസം വീട്ടിലിരുന്നുകൂടാ? ഇക്കണക്കിന് നീയൊരു ഞരമ്പുരോഗിയായി മാറും.
മായയ്ക്കു മനസ്സിലാവാത്ത പലതും ഒരാഫീസിലുണ്ട്. അധികാരതൃഷ്ണ, മത്സരം. ഇതൊരു മ്യൂസിക്കൽ ചെയർ കളിയാണ്. എപ്പോഴും മുമ്പിലുള്ള കസേരയിൽ കണ്ണുവച്ചേ ഓടാവൂ. അല്ലെങ്കിൽ സംഗീതം നിൽക്കുമ്പോൾ സാമർത്ഥ്യമുള്ളവർ കസേരകളെല്ലാം തട്ടിയെടുക്കും.
ഈ വക വിചാരങ്ങൾ കൂടുതൽ അപകടമാണെന്ന് സുഗതൻ മനസ്സിലാക്കി. അയാളുടെ തള്ളവിരൽ വളരെ വേഗത്തിൽ മറ്റുള്ള വിരലുകളുമായി കൂട്ടിമുട്ടുന്നുണ്ടായിരുന്നു. അയാൾ മോണികായുമായി ലഞ്ചിനു പോകേണ്ടതിനെപ്പറ്റി ആലോചിച്ചു. അപ്പോൾ അയാൾ കൂടുതൽ സാദ്ധ്യതകളെപ്പറ്റി ഓർത്തു. ഉടനെ ഡയറക്ടറിയെടുത്ത് ആ ഹോട്ടലിന്റെ നമ്പർ കണ്ടുപിടിച്ചു. അതൊരു ചെറിയ ഹോട്ടലായിരുന്നു. അയാൾ മനസ്സിലാക്കിയിടത്തോളം അത് ആൾക്കാർ താൽക്കാലികാവശ്യങ്ങൾക്കു വേണ്ടി വാടകയ്‌ക്കെടുക്കുന്ന ഒന്നാണ്. ആരാണത് പറഞ്ഞതെന്നോർമ്മയില്ല. അയാൾ ഒരു ഡബിൾ റൂം ബുക്കു ചെയ്തു. മിസ്റ്റർ ആന്റ് മിസ്സിസ് ഡികോസ്റ്റ പൂനയിൽ നിന്ന്. ഒരു ദിവസത്തേക്കു മാത്രം.
ലഞ്ചു തൃപ്തികരമായിരുന്നു. സ്പീക്കറിൽ അയാൾക്കിഷ്ടപ്പെട്ട സംഗീതമുണ്ടായിരുന്നു. യെസ്റ്റർ ഡേ വൺസെഗേൻ, ബ്ലാക്ക് സൂപ്പർമാൻ മുതലായവ. അയാൾ അയാളുടെ ഫേവറിറ്റ് ചിക്കൻ മയോനീസും, മോണികാ അവളുടെ ഫേവറിറ്റ് സ്വീറ്റ് ആന്റ് സോർ ചിക്കനും കഴിച്ചു. പിന്നെ ഐസ്‌ക്രീം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾ തീരുമാനിച്ചു. ഇതുതന്നെ അവസരം ഒരു പെൺകുട്ടിയോട് ഈ കാര്യങ്ങൾ പറയാൻ പറ്റിയ സമയം ഭക്ഷണത്തിനു ശേഷം തന്നെയാണ്; പ്രത്യേകിച്ചും ഭക്ഷണം നന്നായാൽ.
അയാൾ പറഞ്ഞു, ഞാൻ ഹോട്ടലിൽ ഒരു മുറി ബുക്കുചെയ്തിട്ടുണ്ട്.
ആർക്ക്? മോണികാ ചോദിച്ചു.
നമുക്കു ഭക്ഷണത്തിനുശേഷം പോകാം. ഒന്നു രണ്ടു മണിക്കൂർ അവിടെ ചെലവഴിക്കാം.
അപ്രതീക്ഷമായത് കേട്ടതുപോലെ മോണികാ ഒന്നുലഞ്ഞു.
സുഗതൻ കാര്യമായി പറയുകയാണോ?
തന്റെ പരിപാടിയെല്ലാം തകിടം മറിഞ്ഞതായി അയാൾക്കു തോന്നി. അയാൾ അത്ര ഉറപ്പില്ലാതെ പറഞ്ഞു. അതെ, എന്താ നിനക്കിഷ്ടമല്ലെ?
പക്ഷേ, സുഗതൻ, നീ എന്നെ ഇതുവരെ വിളിച്ചിട്ടില്ലല്ലൊ. നിന്റെ ഭാര്യയില്ലേ ഇവിടെ?
ഉണ്ട്.
പിന്നെ നീ എന്തിനാണിതു ചെയ്യുന്നത്?
നോക്ക് നീ കിന്റർഗാർഡൻ ടീച്ചറാകുകയൊന്നും വേണ്ട. കാരണം ഞാനൊരു ശിശുവല്ല. നിനക്കിഷ്ടമാണോ, അല്ലയോ എന്നുമാത്രം പറഞ്ഞാൽ മതി.
അയാളുടെ വിരിഞ്ഞ മാറിലേക്കും കൈകളിലേക്കും നോക്കി അവൾ പറഞ്ഞു, ഇഷ്ടമാവാതിരിക്കാൻ കാരണമൊന്നും ഞാൻ കാണുന്നില്ല.
പെട്ടെന്നയാളിൽ അവളെ സ്വന്തമാക്കാനുള്ള അഭിനിവേശം കടന്നുകൂടി. രാവിലെ കാബിനറ്റിൽ നിന്ന് ഫയലെടുക്കുമ്പോൾ അവളുടെ നഗ്നമായ തുടകൾ കണ്ടപ്പോഴോ, ഹോട്ടലിൽ മുറിയെടുക്കുന്നതിനെപ്പറ്റി ആലോചിച്ചപ്പോഴോ, ഈ ആവേശം അയാളിൽ ഉണ്ടായിരുന്നില്ലെന്ന് സുഗതൻ അത്ഭുതത്തോടെ മനസ്സിലാക്കി. ഇപ്പോൾ കഴിയുന്നതും വേഗം വാതിലടച്ച ഒരു മുറിയിൽ കിടക്കയിൽ അവളുമായി കിടക്കുവാൻ അയാൾക്ക് ധൃതിയായി. അയാൾ അവളുടെ കൈപിടിച്ചമർത്തി. നമുക്കു പോവാം.
ഇത് ഇത്ര എളുപ്പമായിരുന്നെന്ന് ഊഹിക്കാൻപോലും അയാൾക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവൾ സമ്മതിച്ചപ്പോൾ അയാൾക്കു തികച്ചും വിശ്വാസമായില്ല. സെക്രട്ടറിമാരെ കിടക്കയിലേക്കു നയിക്കുന്ന എക്‌സിക്യൂട്ടീവുകളുടെ ലിസ്റ്റിൽ ഒരാൾ കൂടി.
ഭാഗ്യത്തെപ്പറ്റി ആലോചിച്ചുകൊണ്ട് അയാൾ പുറത്തു കടന്നു. മോണികാ അയാളുടെ കയ്യിൽ തൂങ്ങി നടന്നു. അവൾ ഏതോ ഇംഗ്ലീഷ് സിനിമാ നായികയെ അനുകരിക്കുകയായിരുന്നു.
റെസ്റ്റോറണ്ടിനു പുറത്തുതന്നെ ടാക്‌സിയുണ്ടായിരുന്നു. മോണികായ്ക്കു കയറാനായി കാറിന്റെ വാതിൽ തുറന്നു പിടിച്ചു നിൽക്കുമ്പോഴാണ് ആ അത്യാഹിതമുണ്ടായത്. അവൾ പറഞ്ഞു.
അതാ, റെഗ്ഗി പോകുന്നു.
അവൾ ചൂണ്ടിയിടത്തേയ്ക്ക് അയാൾ നോക്കി. അവളുടെ ബോയ്ഫ്രണ്ടാണ്. അയാൾ ഇവരെ കാണാതെ നടന്നകലുകയായിരുന്നു.
എനിക്ക് റെഗ്ഗിയെ അയാളുടെ ഷർട്ടിന്റെ നിറം കൊണ്ട് തിരിച്ചറിയാം. മോണികാ പറഞ്ഞു.
റെഗ്ഗി ഈ വഴിക്ക് തിരിഞ്ഞു നോക്കരുതെന്ന് സുഗതൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കെ, മോണികാ പെട്ടെന്ന് ഉറക്കെ ഒരു വിളി. റെഗ്ഗീ…
പയ്യൻ തിരിഞ്ഞുനോക്കി, മോണികായെ കണ്ടപ്പോൾ കയ്യുയർത്തി കാണിച്ച് അവരുടെ നേരെ നടക്കാൻ തുടങ്ങി.
അയാൾ നിരാശനായി. മോണികാ പറഞ്ഞു കൊണ്ടിരുന്നു. റെഗ്ഗീ, സുഗതൻ എനിക്ക് ഉഗ്രൻ ലഞ്ചു വാങ്ങിത്തന്നു.
പിന്നെപ്പിന്നെ സംസാരം അവർ തമ്മിലായി. അയാൾ ഇടപെട്ടു. മോണികാ ഓഫീസിൽ പോണ്ടെ. ടാക്‌സി കാത്തുനിൽക്കുന്നു.
എനിക്ക് റെഗ്ഗി ലിഫ്റ്റു തരും. ഇല്ലെ റെഗ്ഗി, അവൾ ചോദിച്ചു. എവിടെ നിന്റെ ബൈക്ക്?
ഗാസില്ല.
ഊം?
നോ ഡൌ!
യുവാർ കിഡ്ഢിംഗ് റെഗ്ഗി.
ടാക്‌സിക്കാരൻ ഹോൺ അടിച്ചു.
സുഗതൻ ഒന്നും പറയാതെ ടാക്‌സിയിൽ കയറിയിരുന്നപ്പോൾ മോണികായും അവളുടെ ബോയ്ഫ്രണ്ടും കൂടി നടന്നകലുന്നു.
അയാൾ കലശലായി ക്ഷോഭിച്ചു. തന്റെ നീതി ബോധത്തിനു വീണ്ടും ഉലച്ചിൽ തട്ടിയിരിക്കുന്നു. അവൾ ഒപ്പം വരാമെന്ന് സമ്മതിച്ചതാണ്. അവൾക്കത് ഇഷ്ടമാണെന്ന് വ്യക്തമാവുകയും ചെയ്തു. അവളുടെ ബോയ്ഫ്രണ്ടാണെങ്കിൽ അവരെ കാണാതെ നടന്നകലുകയുമായിരുന്നു. പിന്നെ എന്തിനവൾ ഇങ്ങിനെ പെരുമാറി? എന്തിന്? എന്തിന്?
രണ്ടു മണിക്കു തന്നെ മോണികാ ഓഫീസിൽ എത്തി അവളുടെ ടൈപ്പ് റൈറ്ററിനു മുമ്പിൽ ഒന്നും സംഭവിക്കാത്ത മട്ടിൽ ഇരുപ്പായിരുന്നു. ഇതെങ്ങിനെ കഴിയുന്നുവെന്ന് സുഗതൻ അത്ഭുതപ്പെട്ടു. അവൾക്ക് ഇനി എങ്ങിനെയാണ് തന്നെ അഭിമുഖീകരിക്കാൻ പറ്റുക? ഈ സംശയം അധികനേരം വെച്ചുനടക്കേണ്ടി വന്നില്ല. മൂന്നു മണിക്ക് ‘യുവർ കറസ്‌പോണ്ടൻസ് സർ’ എന്ന് സ്വർണ്ണനിറത്തിലെഴുതിയ സിഗ്‌നേച്ചർ പാഡുമായി അവൾ അയാളുടെ മുറിയിലെത്തി.
അയാൾ അവളുടെ മുഖത്തുനോക്കാതെ മുമ്പിലിരുന്ന ഒരു കത്തിൽ നോക്കിയിരുന്നു.
സുഗതൻ, നീ ആ കത്തു വായിക്കുകയല്ല, വെറുതെ നോക്കിയിരിക്കുകയാണ്. അതിനർത്ഥം നിനക്കെന്നോട് ദ്വേഷ്യമാണെന്നാണ്. കാരണം?
ഈ പെണ്ണിന് എന്നെ മനപ്പാഠമാണ്. അതുകൊണ്ട് മറച്ചുപിടിച്ചിട്ടു കാര്യമില്ല. അയാൾ നേരെ അവളുടെ മുഖത്തു നോക്കി പറഞ്ഞു.
നീ ഇന്ന് ഉച്ചയ്ക്കു മുമ്പ് ചിലത് വാഗ്ദാനം ചെയ്തിരുന്നു. ലഞ്ചു കഴിഞ്ഞപ്പോൾ അത് മറന്നു.
ഓ! അവൾ പെട്ടെന്ന് ഓർത്തപോലെ പറഞ്ഞു, ശരിയാണ് ഞാൻ ചിലത് വാഗ്ദാനം ചെയ്തിരുന്നു. ലഞ്ചു കഴിഞ്ഞ് നമുക്ക് ഹോട്ടലിൽ മുറിയെടുക്കാമെന്ന് പറഞ്ഞിരുന്നു. അയാം സോ സോറി സുഗതൻ, ഞാൻ തീരെ മറന്നുപോയി. മറന്നതല്ലെന്നു പറയാം. സുഗതൻ കാര്യമായി പറഞ്ഞതാണെന്ന് എനിക്കു തോന്നിയില്ല. ഈ നിസ്സാര കാര്യത്തിനാണോ സുഗതൻ പിണങ്ങിയിരിക്കുന്നത്? നിന്റെ വാതിലിന് ഗ്ലാസ് ഡോറല്ലായിരുന്നു എങ്കിൽ ഞാൻ ഇപ്പോൾത്തന്നെ ഒരു ചുംബനം തന്നേനെ. ദേഷ്യം പിടിക്കുമ്പോൾ നീ എന്തു ചന്തക്കാരനാണെന്നോ? നോക്ക്, സുഗതൻ, ഞാൻ വേറൊരു ദിവസം തീർച്ചയായും വരാം. ഇന്നു വൈകുന്നേരം റെഗ്ഗി ഓഫീസിൽ വരും. പയ്യൻ സിനിമാടിക്കറ്റുകളുമായാണ് വരുക.
അയാളുടെ കരുക്കൾ മിയ്ക്കവാറും ഈടായിക്കഴിഞ്ഞിരുന്നു. ബാക്കിയുള്ള കരുക്കൾ കൊണ്ട് പൊരുതാൻ വയ്യ. അയാൾ നിശ്ശബ്ദനായി.
വൈകുന്നേരം റസ്റ്റോറണ്ടിൽ ബോസ്സ് സംസാരിക്കുകയായിരുന്നു. സ്വീഡുകൾ വളരെ താൽപര്യത്തോടെ ശ്രദ്ധിക്കുകയാണ്. ഇന്ത്യയിൽ അവരുടെ സ്റ്റീൽ വിറ്റഴിയാനുള്ള സാദ്ധ്യതകളെപ്പറ്റിയാണ് സംസാരം. ഇല്ലാത്ത ആശ കൊടുക്കുന്നത് ബോസ്സിന്റെ പ്രത്യേകതയാണ്. പിന്നീട് പ്രതീക്ഷയ്‌ക്കൊപ്പം ബിസിനസ്സുണ്ടായില്ലെങ്കിൽ അത് ന്യായീകരിക്കാനും അയാൾക്കറിയാം. എം.എം.ടി.സി. ടെണ്ടർ വിളിച്ചാൽ ഏറ്റവും വില കുറഞ്ഞ ടെണ്ടർ സ്വീകരിക്കുമെന്നും അത് മിക്കവാറും എല്ലായ്‌പ്പോഴും ജാപ്പനീസ് സ്റ്റീലായിരിക്കുമെന്നും വളരെ വിശ്വസനീയമായി അവതരിപ്പിക്കും. യൂസീ ഇന്ത്യയിൽ ഒരു പ്രത്യേകതരം ഇക്കണോമിക് സെറ്റപ്പാണ്…
ഇയാളൊരു ഫോണിയാണ്. സുഗതൻ ആലോചിച്ചു. കുടിച്ചിരുന്ന വിസ്‌കിയുടെ രുചി അയാൾക്ക് ഇഷ്ടപ്പെട്ടില്ല. ഓരോ പ്രാവശ്യം കുടിക്കുമ്പോഴും സുഗതന് തോന്നാറുണ്ട്, ഞാൻ എന്തിന് ഈ കയ്പുള്ള സാധനം അകത്താക്കുന്നു? രുചി ഇഷ്ടമല്ലെന്നു മാത്രമല്ല അതയാൾക്ക് ഒരു കിക്ക് കൊടുക്കുന്നുമില്ല.
റസ്റ്റോറണ്ടിലെ അന്തരീക്ഷം ഒരു ഭീഷണിയായി മാറി. പുറത്തു കടക്കാനുള്ള വഴിയെപ്പറ്റി അയാൾ ആലോചിച്ചു. കഴിയുമെന്നു തോന്നുന്നില്ല. ഡിന്നർ എന്ന അഗ്നിപരീക്ഷ ഇപ്പോൾ തുടങ്ങിയിട്ടേയുള്ളു. ബോസ്സിന്റെ സംസാരം കുറഞ്ഞിരിക്കുന്നു. ഇപ്പോൾ സ്വീഡുകൾ ഏറ്റെടുത്തിരിക്കയാണ്. അവർ മറ്റുള്ള രാജ്യങ്ങളിൽ എത്രത്തോളം വിജയിക്കുന്നുണ്ടെന്നും, ഇവിടെ ഇന്ത്യയിൽ കുറച്ചു കൂടി അഗ്രസ്സീവാവണമെന്നും.
അഗ്രസ്സീവ് സെയിൽസ്, സുഗതൻ ആലോചിച്ചു. അതിന് നിങ്ങൾ തിരഞ്ഞെടുത്ത ഏജന്റ് പറ്റിയില്ല. അഗ്രസ്സീവ് സെയിൽസിനുള്ള ഒരു വലിയ പ്ലാൻ താൻ തയ്യാറാക്കിയതും, അത് പ്രായോഗികമല്ലെന്നു പറഞ്ഞ് ബോസ്സ് തള്ളിക്കളഞ്ഞതും അയാൾ ഓർത്തു. ഡാമിറ്റ് !
അന്തരീക്ഷം തികച്ചും അരുചികരമായി മാറിയിരുന്നു. വിനിഗാറിന്റെയും മയോനീസിന്റെയും കൂടിക്കലർന്ന കുത്തുന്ന വാസന. സിഗററ്റു പുക. പിന്നെ ഹീറ്റ് എക്‌സ്‌ചേഞ്ചർ സ്റ്റീലിനെപ്പറ്റിയുള്ള സ്വീഡുകളുടെ സംസാരം. ഇവയെല്ലാം തന്നെ അന്തരീക്ഷം ദുഷിപ്പിക്കുന്നതായിരുന്നു.
സുഗതന് ഇപ്പോൾ വീട്ടിൽ പതുത്ത കിടക്കയിൽ മായയുടെ നഗ്നമായ ഉത്തേജിപ്പിക്കുന്ന ദേഹത്തോട് ചേർന്നു കിടക്കാനാണു തോന്നിയത്. സമയം പത്തായിരിക്കുന്നു. മായ, ഒരു പക്ഷെ കിടന്നിട്ടുണ്ടാകും. ഒറ്റയ്ക്കാവുമ്പോൾ അവൾ നേർത്തെ കിടക്കും. അവൾ കിടക്കറയിൽ നേരിയ വസ്ത്രങ്ങൾക്കുള്ളിൽ കിടക്കുന്നത് അയാൾ ഭാവനയിൽ ക ണ്ടു. ഭാവന അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത് അയാളറിഞ്ഞു. പുറത്തു കടക്കാനുള്ള വഴിയെപ്പറ്റി അയാൾ വീണ്ടും ആലോചിച്ചു.
അയാൾ പറഞ്ഞു. എനിക്ക് കഠിനമായ തലവേദന.
സ്വീഡുകൾ ഉൽക്കണ്ഠിതരായി. അവർ പറഞ്ഞു, താങ്കൾ പോയി വിശ്രമിക്കണം.
അതായിരിക്കും നല്ലതെന്നു തോന്നുന്നു. ഡൂ യൂ മൈന്റ് ഇഫൈ ലീവ്?
ഇല്ല ബോസ് പറഞ്ഞു. ഡ്രൈവറോട് വീട്ടിൽ ഡ്രോപ്പു ചെയ്യാൻ പറയു.
വേണ്ട, നന്ദി. ഞാൻ ടാക്‌സി പിടിച്ച് പൊയ്‌ക്കോളാം.
ടാക്‌സിയിൽ ഇരിക്കുമ്പോൾ അയാൾ ആലോചിച്ചു. ഞാൻ എന്തിനാണിങ്ങനെ കഷ്ടപ്പെടുന്നത്? എന്തിനാണീ അധികാരതൃഷ്ണ? ഞാൻ എന്നെങ്കിലും സംതൃപ്തനാവുമോ? രാപ്പകലുള്ള അദ്ധ്വാനം, ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പുറം യാത്രകൾ. ഓഫീസിലുള്ള മാനസിക പ്രക്ഷുബ്ധത. ഇതിനിടയിൽ ഞാൻ സ്വന്തം ഭാര്യയോട് എത്രത്തോളം നീതി പുലർത്തുന്നുണ്ട്.
മായ പറയാറുണ്ട്. നീ ഏതു സമയവും സ്ര്പിംഗ് മുറുക്കിയ പാവപോലെ നടക്കുന്നുണ്ട്. ഞാൻ കാണാൻ തുടങ്ങിയതു മുതൽ നീ അങ്ങിനെയാണ്. എന്തുകൊണ്ട് നിനക്ക് വിശ്രമിച്ചുകൂടാ? ഒരു പദവി കിട്ടിയാലെ വിശ്രമിക്കൂ എന്നുവെച്ചാൽ അതു നടക്കാത്തതാണ്. കാരണം അംബിഷന് പരിധികളില്ല. അതു മരീചികപോലെയാണ്. ഇനി അവി ടെ എത്തിക്കിട്ടിയാൽത്തന്നെ നിനക്കതു പിടിച്ചു നിൽക്കാൻ ഇതിലധികം അദ്ധ്വാനിക്കേണ്ടിവരും.
നമുക്കുള്ളതുകൊണ്ട് നിനക്ക് തൃപ്തനായിക്കൂടെ? അവർ തരാമെന്നു വാഗ്ദാനം ചെയ്ത പദവി തന്നില്ലെങ്കിൽ വേണ്ട. അടുത്ത കൊല്ലം കാറു തരാമെന്നു പറഞ്ഞത് അവർ മടക്കിയെടുത്താൽ പോട്ടെ. നമുക്ക് ബസ്സിൽ സഞ്ചരിക്കാം. അല്ലെങ്കിൽ ടാക്‌സിയിൽ പോകാം. നീ ജീവിക്കുന്നില്ലെന്ന് എന്നാണ് മനസ്സിലാക്കുക?
എവിടെപ്പോയി നിന്റെ സംഗീതം? എവിടെപ്പോയി നിന്റെ വായന? അവസാനം തിരിഞ്ഞുനോക്കുമ്പോൾ നിനക്കായി നേടിയത് കുറെ ഭൌതിക വസ്തുക്കൾ മാത്രമായിരിക്കും. അതാകട്ടെ നിനക്ക് നഷ്ടപ്പെട്ടതിന്റെ വിലയുമായി താരതമ്യപ്പെടുത്തിയാൽ തുച്ഛവുമായിരിക്കും. മാത്രമല്ല നിനക്കു നേടിയതിനേക്കാൾ, നീ മറ്റുള്ളവർക്ക്, നിന്റെ കമ്പനിയുടമകൾക്ക്, നേടികൊടുക്കുകയാണുണ്ടായതെന്ന് മനസ്സിലാവും. നീ എന്ന മനുഷ്യനെ നിനക്ക് കൈമോശം വരികയാണ്.
അയാൾ ചിരിച്ചുകൊണ്ട് അന്നു പറഞ്ഞത് അവൾ ഒരു ബുദ്ധിജീവിയാണെന്നു മാത്രമാണ്. പക്ഷേ, ഇപ്പോൾ ഈ ടാക്‌സിയിൽ, ഇരുവശത്തുമുള്ള വിളക്കുകളെ പിന്നോക്കം തള്ളിനീക്കി നീങ്ങുമ്പോൾ അയാൾക്കു തോന്നി, ഒരു പക്ഷേ മായ പറയുന്നത് ശരിയായിരിക്കും. ഞാനെന്ന മനുഷ്യൻ എനിയ്ക്ക് ഓരോ നിമിഷവും കൈമോശം വരികയാണ്. കുടിച്ചു കഴിഞ്ഞാൽ സുഗതന് ചിലപ്പോൾ വളരെ വ്യക്തമായി ചിന്തിക്കാൻ കഴിയാറുണ്ട്. ഇത് അങ്ങിനെയൊരവസരമാണ്. അയാൾക്ക് മായയുടെ അടുത്തെത്താൻ ധൃതിയായി. അവളുടെ ശരീരം എന്നും അയാൾക്ക് കാമോദ്ദീപകമായിരുന്നു. ഒരു പക്ഷേ അയാൾക്ക് എല്ലാം മറക്കാൻ കഴിഞ്ഞെന്നുവരും.
പെട്ടെന്നു ടാക്‌സി റോഡിന്നരികിലേക്കു കൊണ്ടുവന്നു നിർത്തി, ഡ്രൈവർ എന്തോ മുറുമുറുത്തുകൊണ്ട് പുറത്തു കടന്നു. മുമ്പിലേക്കു നടന്ന് എഞ്ചിൻ തുറന്ന് എന്തോ നോക്കി, തിരിച്ചു വന്ന് അയാളോടു പറഞ്ഞു.
സാബ് വണ്ടി കേടാണ്. ഇനി പോവില്ല.
പുറത്തു കടന്ന്, വാതിലടച്ച് പണം കൊടുക്കുമ്പോൾ സുഗതൻ ആലോചിച്ചു ഇതു നല്ലതാണ്. വണ്ടി കേടായിട്ടില്ലെന്ന് സുഗതന് നല്ല ഉറപ്പായിരുന്നു. രാത്രി പതിനൊന്നു മണിക്ക് ടാക്‌സിക്കാർക്ക് ഉള്ളോട്ടുള്ള വഴിയിലേയ്ക്ക് മൂന്നോ നാലോ കിലോമീറ്റർ വരാൻ താല്പര്യമുണ്ടാവില്ല. അപ്പോൾ ഇവിടെത്തന്നെ ഒഴിവാക്കുകയാണ് നല്ലത്. വരാനുള്ള ഉദ്ദേശമില്ലെന്നു പരുഷമായി പറയുന്നതിനു പകരം വണ്ടി കേടാണെന്ന മയമുള്ള നുണ പറയുക തന്നെയാണ് നല്ലത്. അത് ആരേയും ഉപദ്രവിക്കില്ലല്ലൊ.
ഇവിടെ നിന്ന് ഇനി ടാക്‌സി കിട്ടുക എളുപ്പമല്ല. മുമ്പ് പല പ്രാവശ്യം അയാൾ ശ്രമിച്ചിട്ടുള്ളതാണ്. സുഗതൻ ബസ്‌സ്റ്റോപ്പിനെ ലക്ഷ്യമാക്കി നടന്നു. ടാക്‌സിക്കാരന്റെ മനോധർമ്മം കൊണ്ട് ടാക്‌സി കേടുവന്നത് ബസ്‌സ്റ്റോപ്പിനടുത്തു തന്നെയായിരുന്നു.
കയ്യിൽ ഒരു കറുത്ത ഹാൻഡ് ബാഗും തൂക്കിയിട്ട് സാരിയുടുത്ത ഒരു ചെറുപ്പക്കാരിയൊഴിച്ചാൽ, സ്റ്റോപ്പ് വിജനമായിരുന്നു. ആ സ്റ്റോപ്പിൽ സാധാരണ കാണാറുള്ള ഇരതേടുന്ന വേശ്യകളെ അയാളോർത്തു. അവർ ഇരതേടുന്നത് കണ്ടുകൊണ്ടു നിൽക്കുക അയാളുടെ വിനോദമായിരുന്നു. മറുവശത്തുള്ള ബസ്‌സ്റ്റോപ്പിൽ നിൽക്കുമ്പോൾ അയാൾ ശ്രദ്ധിക്കാറുണ്ട്. അവർ സ്റ്റോപ്പിൽ ബസ്സു കാത്തുനിൽക്കുന്ന പോലെ നിൽക്കും. രണ്ടു സ്ഥലത്തേക്കുള്ള ബസ്സുകളാണ് ആ സ്റ്റോപ്പിൽ നിൽക്കാറ്. ഈ രണ്ടു സ്ഥലത്തേക്കുള്ള ബസ്സു വന്നാലും അവർ കയറില്ല. വീണ്ടും ബസ്സുകൾ വരും. വരിയിൽ നിൽക്കുന്നവർ കയറി ബസ്സു നീങ്ങിയാലും അവർ അപ്പോഴും സ്റ്റോപ്പിൽത്തന്നെയുണ്ടാവും. അങ്ങനെ നിൽക്കുമ്പോൾ അവർക്ക് ഒരു ഇര കിട്ടുന്നു. ഇതു പോലെ ബസ്സുകൾ വന്നിട്ടും കയറാത്ത ഒരാൾ. അവർ രണ്ടു പേരും അടുത്തുവരും. പിന്നെ കുശുകുശുക്കലുകൾക്കു ശേഷം അയാൾ ടാക്‌സി പിടിക്കുന്നു. ആ വേശ്യ ഒപ്പം പോകുന്നു.
അടുത്ത് ഇപ്പോൾ നിൽക്കുന്ന ഈ സ്ത്രീ ഒരു വേശ്യ തന്നെയാണെന്ന് സുഗതൻ ഊഹിച്ചു. രാത്രി പതിനൊന്നു മണിക്ക് ഒരു മാന്യസ്ത്രീക്ക് വിജനമായ ഒരു ബസ്‌സ്റ്റോപ്പിൽ വലിയ കാര്യമൊന്നും നേടാനില്ല. അയാൾ ബസ് വരുന്നുണ്ടോ എന്നു നോക്കി. നിരത്ത് മിക്കവാറും വിജനമായിരുന്നു.
ഈ സമയത്ത് ബസ്സുകൾ കുറവാണ്.
അയാൾ തിരിഞ്ഞു നോക്കി. ആ സ്ത്രീ ചിരിച്ചുകൊണ്ട് ഇംഗ്ലീഷിൽ സംസാരിക്കുന്നു. അയാൾ മാന്യതയുടെ പേരിൽ ചിരിച്ചു, ബസ്സുനോക്കി നിൽപ്പായി. ഇവരുമായി അധികം അടുക്കുന്നത് അപകടമാണെന്ന് അയാൾക്കറിയാം. അങ്ങനെ നിൽക്കുമ്പോൾ വീണ്ടുമൊരു ചോദ്യം.
നമുക്ക് ടാക്‌സിയിൽ പോകാം. വേണമെങ്കിൽ ചാർജ്ജ് ഞാൻ പങ്കിടാം.
നന്ദി. കുറച്ചു വൈകിയാലും ഞാൻ ബസ്സിൽ പോകാനാണ് ഉദ്ദേശിക്കുന്നത്. പിന്നെ തൽക്കാലം ടാക്‌സികളൊന്നും കാണുന്നുമില്ല.
അയാൾ വീണ്ടും തിരിഞ്ഞ് ബസ് നോക്കി നിൽപ്പായി. ഒരഞ്ചു മിനുറ്റായിക്കാണും, പിന്നിൽ ഇടത്തെ ചുമലിൽ ഒരു സ്പർശം അയാളറിഞ്ഞു. കഴുത്തിനു പിന്നിൽ ചൂടുള്ള നിശ്വാസം. അയാൾ തിരിഞ്ഞു നോക്കിയില്ല. സെഡക്ഷൻ. അയാൾ മനസ്സിൽ കരുതി — പക്ഷേ അതു ഫലിക്കുന്നുണ്ടെന്ന് അയാൾ അറിഞ്ഞു.
യുവാർ സോ എക്‌സൈറ്റിംഗ്, അവൾ മന്ത്രിച്ചു.
സുഗതൻ തിരിഞ്ഞു നോക്കി. അവൾ മുഖം തന്റെ ചുമലിൽ അമർത്തി വച്ചിരിക്കയാണ്. സാരി ചുമലിൽ നിന്ന് ഊർന്നു വീണിരുന്നു. അവളുടെ വലിയ മാറിടം ബ്‌ളൌസിനു മീതെ, തുളുമ്പി നിന്നു. അവൾ ഇതിനിടയ്ക്ക് അയാളുടെ അരക്കെട്ടിൽക്കൂടി കൈയിട്ടിരുന്നു.
നമുക്കു പോവാം, അവൾ പറഞ്ഞു.
ഉച്ചയ്ക്ക് മോണികായുമായി ഉണ്ടായ ഇച്ഛാഭംഗം അയാൾക്ക് ഓർമ്മ വന്നു. പെട്ടെന്ന് താൻ സ്വയം പീഡിതനാണെന്ന് സുഗതന് തോന്നി.
വരു. അവൾ അയാളുടെ കൈപിടിച്ചു നടന്നു. അടുത്ത തെരുവിൽ ഒരു ടാക്‌സിയുണ്ടായിരുന്നു. അവൾ കൈ കാണിച്ചിരിക്കണം, ടാക്‌സിക്കാരൻ മീറ്ററു താഴ്ത്തി, പിൻവാതിൽ തുറന്നുകൊടുത്തു.
അവൾ അയാളോടു ചേർന്നിരുന്നു. അയാൾ ചോദിച്ചു.
നിനക്കെത്ര വേണം?
ബിസിനസ്സ് ബിസിനസ്സാണെന്നും, ആദ്യം തന്നെ വില ഉറപ്പിക്കുകയാണ് നല്ലതെന്നും അയാൾക്കു തോന്നി. അവളുടെ ഉത്തരം ഒരു മറുചോദ്യമായിരുന്നു.
നിങ്ങൾ എന്തുതരും?
ഇങ്ങനെ ഒരു ‘വാങ്ങലി’ നെപ്പറ്റി അയാൾ മുമ്പ് ആലോചിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അയാൾക്ക് അങ്ങാടി നിലവാരവും അറിയില്ല. ഒരുപക്ഷേ, അമ്പതായിരിക്കും. അല്ലെങ്കിൽ നൂറ്, എന്തുമാകാം.
നീ പറയൂ.
രാത്രി മുഴുവനും വേണോ, അതോ രണ്ടുമണിക്കൂർ മതിയോ?
ഒരു മണിക്കൂർ.
നൂറ്.
വില പേശണമെന്ന് അയാളുടെ മനസ്സു പറഞ്ഞു.
ഞാൻ അമ്പതു തരാം.
അവൾ ആലോചിച്ചു. ടാക്‌സി തെരുവിൽക്കൂടി നീങ്ങുന്നുണ്ടായിരുന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് അയാൾക്കു രൂപമില്ല. അവൾ ചോദിച്ചു.
നിങ്ങൾക്ക് സ്ഥലമുണ്ടോ?
ഇല്ല
എങ്കിൽ വീട്ടിൽ പോകാം. എനിയ്ക്ക് ഫർനിഷ് ചെയ്ത ഒരു മുറിയുണ്ട്. അവിടെ പോകാം. എഴുപത്തിയഞ്ചു തരൂ. അയാൾ, മായ മത്സ്യക്കാരികളുമായി വില പേശുന്നതു കണ്ടിട്ടുണ്ട്. അവർ പറഞ്ഞ വിലയുടെ പകുതി മായ പറയും. അവസാനം അതിനു രണ്ടിനുമിടയിലുള്ള ഒരു വിലയിൽ ഉറപ്പിക്കുകയും ചെയ്യും. വളരെ രസകരമാണത്. ശരിക്കുള്ള വില മത്സ്യക്കാരികൾ ആദ്യമേ പറയുകയോ, അതല്ലെങ്കിൽ മായ പിശകാതിരിക്കുകയോ ചെയ്താൽ അതിന്റെ ഭംഗി നഷ്ടപ്പെടുന്നു.
ടാക്‌സിക്കാരനെ പണം കൊടുത്ത് ഒഴിവാക്കി. അവളുടെ പിന്നാലെ കോണി കയറി മുകളിലെത്തിയപ്പോൾ, അവളുടെ ഫർണിഷ്ഡ് മുറി മോശമല്ലെന്ന് അയാൾ കണ്ടു. ഒരു ഇരട്ട കിടക്ക, സോഫാസെറ്റും കസാലകളും ,ഷോകേസിനു മീതെ ഒരു ടി. വി. സെറ്റ്. ജനലിന് ചുമരിന്റെ പച്ചച്ചായത്തിനു ചേർന്ന കട്ടിയുള്ള കർട്ടൻ. അയാൾക്ക് അവളോട് ആദരവു തോന്നി. ഈ വേശ്യ അവളുടെ തൊഴിലിനോട് നീതി പുലർത്തുന്നുണ്ട്.
അയാൾ ഒരു കസേരയിൽ ഇരുന്ന് ഷൂസിന്റെ ലേസുകൾ അഴിച്ചു. അവൾ സാരിയഴിച്ചുവെച്ച്, ബളൌസിന്റെ കുടുക്കുകൾ വിടുവിച്ച് അഴിച്ചു. പെറ്റിക്കോട്ടും അഴിച്ചെറിഞ്ഞ് ബ്രാസിയറും ബ്രീഫുമായി അഭിനന്ദനം പ്രതീക്ഷിച്ചെന്നപോലെ അയാളുടെ മുമ്പിൽ നിന്നു. അവളുടെ ശരീരം വടിവൊത്തതായിരുന്നു.
അയാൾ ഓർത്തു. ഒരു പക്ഷേ ദിവസവും. അവൾ വ്യത്യസ്തരായ ഓരോരുത്തരുടെ മുമ്പിൽ ഇങ്ങിനെ നിന്നു കൊടുക്കുന്നുണ്ടാവും. അവരുടെ പ്രതികരണം എന്തെല്ലാമായിരിക്കും.?
നിനക്ക് നല്ല ഒരു ശരീരം ഉണ്ട്. അയാൾ പറഞ്ഞു.
സ്വന്തം വസ്ത്രങ്ങൾ അഴിച്ചുമാറ്റുമ്പോൾ വീണ്ടും വികാരം തലപൊക്കുന്നത് അയാൾ അറിഞ്ഞു.
പക്ഷേ, കിടക്കയിൽ അവളോടു ചേർന്നു കിടന്നപ്പോൾ വികാരം തണുത്തുറച്ചെന്ന് നിരാശയോടെ, അമ്പരപ്പോടെ, അയാൾ മനസ്സിലാക്കി. അത് അവൾക്കും അമ്പരപ്പുണ്ടാക്കുന്നതായിരുന്നു. ഒട്ടു വല്ലായ്മയോടെ അവൾ പറഞ്ഞു.
താങ്കൾ തയ്യാറായിട്ടില്ലെന്നു തോന്നുന്നു.
തയ്യാറാക്കേണ്ടത് നിന്റെ ചുമതലയാണ്. അയാൾ ധൈര്യം വിടാതെ പറഞ്ഞു.
അവൾ ശ്രമിക്കുന്നുണ്ടായിരുന്നു.
അയാൾക്ക് വലിയ ഉലയാത്ത മാറിടം ഇഷ്ടമായിരുന്നു. അയാൾ അവളെ താലോലിച്ചുകൊണ്ടിരുന്നു. പക്ഷെ ഈ ശ്രമങ്ങളൊന്നും ഫലിച്ചില്ല. വികാരം ഒരു ചത്ത പാമ്പിനെപ്പോലെ അടിയിലെവിടെയോ ഉണരാതെ കിടന്നു.
ഒരു പക്ഷെ നിനക്കെന്നെ ഇഷ്ടമായിട്ടുണ്ടാവില്ല, അവൾ പരിഭവത്തോടെ പറഞ്ഞു.
അതല്ല, അയാൾ പറഞ്ഞു. ചുറ്റുമുള്ള പ്രക്ഷുബ്ധമായ അന്തരീക്ഷം അയാൾക്കനുഭവപ്പെട്ടു. ഇവളുടെ ഒപ്പം കിടന്നിരിക്കാവുന്ന മറ്റ് ആൾക്കാരെപ്പറ്റി അയാൾ ആലോചിച്ചു. അവരിൽ വിവാഹിതരായവർ ഉണ്ടായിരിക്കുമോ? ഉണ്ടെങ്കിൽ അവരുടെ ഭാര്യമാർ സുന്ദരികളായിരിക്കുമോ? മായ താൻ ഇപ്പോൾ ഒപ്പം കിടക്കുന്ന സ്ത്രീയേക്കാൾ ചെറുപ്പവും സുന്ദരിയുമാണെന്ന് അയാൾ ഓർത്തു. എന്റെ വികാരം കെട്ടടങ്ങിയത് എനിക്കതിന്റെ ആവശ്യമില്ലാത്തതുകൊണ്ടായിരിക്കും.
താങ്കൾ ഉണരാനുള്ള ഭാവമൊന്നുമില്ല. അവൾ പറഞ്ഞു. അവളുടെ കണ്ണുകളിൽ മുറിവേറ്റ ഭാവമുണ്ടായിരുന്നു. അയാൾക്ക് സഹതാപം തോ ന്നി. അവളെ എങ്ങിനെയെങ്കിലും ഈ വിഷമസന്ധിയിൽ നിന്ന് രക്ഷിക്കേണ്ടത് സ്വന്തം കടമയാണെന്ന് അയാൾക്കു തോന്നി.
ഒരു പക്ഷെ എന്നെ കാണാൻ ഭംഗിയുണ്ടാവില്ല, അവൾ ക്ഷമാപണപൂർവ്വം പറഞ്ഞു. പക്ഷെ, ബസ്‌സ്റ്റോപ്പിൽ നിൽക്കുമ്പോൾ നിനക്ക് വികാരമുണ്ടായിരുന്നല്ലൊ. നീ സന്നദ്ധനായിരുന്നല്ലൊ.
അപ്പോൾ അതവൾ കണ്ടുപിടിച്ചിരുന്നു. പക്ഷെ രണ്ടും രണ്ടാണ്. അത് സെഡക്ഷൻ ആണ്, ഇത് വ്യഭിചാരവും.
ഉച്ചയ്ക്ക് മോണികായുടെ ഒപ്പം ഹോട്ടലിൽ പോയിരുന്നെങ്കിൽ എന്തുണ്ടാകുമായിരുന്നെന്ന് അയാൾ ആലോചിച്ചു നോക്കി. ഭാവനയിൽ മോണികായെ നഗ്നയാക്കുന്നത് അയാൾ കണ്ടു. ഫലം അത്ഭുതാവഹമായിരുന്നു. ഉറങ്ങിയ വികാരം സടകുടഞ്ഞെഴുന്നേറ്റു. അത്ഭുതപരതന്ത്രയായി അവൾ ശബ്ദം പുറപ്പെടുവിച്ചതു കേട്ടപ്പോൾ അയാൾ ചിരിച്ചു.
അവസാനം!
കുളിമുറിയിൽനിന്നും പുറത്തു കടന്നപ്പോൾ അയാൾ പശ്ചാത്തപിച്ചു. ഞാനെന്തിനിതു ചെയ്തു? എന്തായിരുന്നു അതിന്റെ ആവശ്യം? മായ അയാൾക്ക് ഇപ്പോഴും ഒരു ലഹരിയായിരുന്നു. പിന്നെ എന്തിന് അവളെക്കാൾ ഒട്ടും സുന്ദരിയല്ലാത്ത ഒരു സ്ത്രീയുടെ, അതും ഒരു വേശ്യയുടെ അടുത്തുപോയി? അയാൾ മായ പറയാറുള്ളത് ഓർത്തു.
നിനക്കു വേറൊരു പെണ്ണിന്റെ ഒപ്പം കിടക്കണമെന്ന് തോന്നുന്നുണ്ടെങ്കിൽ ചെയ്തുകൊള്ളു. ഒരു മാറ്റം നല്ലതുതന്നെയാണ്. പക്ഷെ, വേശ്യകളുടെ അടുത്ത് പോകരുത്. അവർക്ക് വൃത്തിയുണ്ടാവില്ല. പിന്നെ രോഗങ്ങളുമുണ്ടായേക്കാം.
താൻ ഒരു വേശ്യയുടെ ഒപ്പം കിടന്നുവെന്നറിഞ്ഞാൽ മായ മാപ്പു തന്നില്ലെന്നു വരും.
വേശ്യ കുളിമുറിയിൽ നിന്നു പുറത്തു കടന്നു. അവളുടെ നഗ്നശരീരം അയാൾ അറപ്പോടെ നോക്കി കൺതിരിച്ചു. അയാൾ ഷർട്ടും പാന്റും ഇട്ട് കഴിഞ്ഞ് ഷൂസ് ഇടുകയായിരുന്നു. അവൾ ചോദിച്ചു.
പോവുകയാണോ?
അയാൾ മൂളി.
നിങ്ങൾക്ക് വേണമെങ്കിൽ രണ്ടു മണിക്കൂർ ചെലവഴിക്കാം; ഞാൻ ഒരു മണിക്കൂറെ പറഞ്ഞിട്ടുള്ളുവെങ്കിൽക്കൂടി. വേണമെങ്കിൽ നിനക്ക് രാത്രി മുഴുവൻ ഇവിടെ ചെലവഴിക്കാം. കുറച്ച് എക്‌സട്രാ തന്നാൽ മതി, ഇരുപത്തിഅഞ്ചു കൂടി. ഞാനിനി ഏതായാലും പുറത്തു പോകുന്നില്ല.
വായിൽനിന്ന് ആ വൃത്തികെട്ട വാക്ക് പുറത്തു ചാടാതിരിക്കാൻ അയാൾ പണിപ്പെട്ടു. വയറ്റിൽ നിന്ന് എന്തോ പൊന്തി ശർദ്ദിക്കാൻ വരുന്നപോലെ അയാൾക്കു തോന്നി.
അയാൾ പഴ്‌സിൽനിന്ന് കുറെ നോട്ടുകൾ പുറത്തെടുത്ത് എണ്ണി കിടക്കയിലേക്കെറിഞ്ഞ് വാതിൽ തുറന്ന് പുറത്തിറങ്ങി.
പുറത്തുതന്നെ ടാക്‌സിയുണ്ടായിരുന്നു. ഒരുപക്ഷെ തന്നെ കൊണ്ടുവന്ന ടാക്‌സി തന്നെയായിരിക്കും. അയാൾക്ക് ടാക്‌സിക്കാരനെ ഓർമ്മയില്ലാത്തതുകൊണ്ട് തീർച്ചയാക്കാൻ പറ്റിയില്ല.
തെരുവു വിളക്കുകൾ വീണ്ടും നീങ്ങിയപ്പോൾ അയാൾക്കു കരയാൻ തോന്നി. ഞാൻ എന്തിനിതു ചെയ്തു? വിവാഹത്തിനു മുമ്പ് പല പ്രലോഭനങ്ങളുമുണ്ടായിട്ടും അയാൾ വേശ്യകളുടെ അടുത്ത് പോയിരുന്നില്ല പിന്നെ ഇപ്പോൾ അതിന്റെ യാതൊരു ആവശ്യവുമില്ലാഞ്ഞപ്പോൾ താൻ എന്തിനിതു ചെയ്തു? എന്തിനു ചെയ്തു?
ദൂരെനിന്ന് അയാൾ സർക്കസ് കൂടാരത്തിന്റെ വിളക്കുകൾ കണ്ടു. മിന്നി സഞ്ചരിക്കുന്ന വിളക്കുകളുടെ മാലകൾ. അവിടെ ഒരു ഷോ നടന്നുകൊണ്ടിരിക്കയാണ്. കഴിഞ്ഞ ആഴ്ച മായയുടെ നിർബ്ബന്ധത്തിനു വഴങ്ങി സർക്കസ്സ് കാണാൻ പോയിരുന്നു. അയാൾക്കും മകൾക്കും ഏറ്റവും ഇഷ്ടപ്പെട്ടത് അതിലെ കുള്ളനായ കോമാളിയെയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയിട്ട് വളരെ നേരം രണ്ടുപേരും ആ കുള്ളൻ കൃത്രിമഭാരം എടുത്ത് വിഷമം അഭിനയിച്ചു പൊന്തിക്കുന്നത് അനുകരിച്ചുകൊണ്ടിരുന്നു.
അയാൾ ബോസ്സിനെ ഓർത്തു. മോണികായെ ഓർത്തു. നീയൊരു കോമാളിയാണ് സുഗതൻ എന്നു പറയാറുള്ള മായയെ ഓർത്തു. പിന്നെ നരച്ച താടി തലോടിക്കൊണ്ട്, എല്ലാവരും, അഭ്യാസിപോലും, അവസാനം ഒരു കോമാളിയാവുന്നു എന്നു പറഞ്ഞ തന്റെ ആദ്യത്തെ ബോസ്സിനെ ഓർത്തു.
സ്വയം ചെറുതായി വരുന്നത് അയാൾക്കനുഭവപ്പെട്ടു. മൂക്കിനു മുകളിൽ വലുതായി വന്ന, വെളുത്ത ഉണ്ട അയാൾ കണ്ണുകൾ നടുവിലേക്കാക്കി നോക്കി. കാതുകൾ വലുതായി തൂങ്ങുന്നു തലയിൽ വന്ന അറ്റത്ത് ഉണ്ടയുള്ള കൂർത്ത തൊപ്പി തനിക്കെത്ര യോജിക്കുന്നെന്ന് അയാൾ മനസ്സിലാക്കി.
ടാക്‌സി നിർത്താനയാൾ ഗർജ്ജിച്ചു. ടാക്‌സി പെട്ടെന്നു നിർത്തി അത്ഭുതത്തോടെ നോക്കിയ ടാക്‌സിക്കാരനു നേരെ ഒരു നോട്ടെടുത്തു നീട്ടി, വാതിൽ തുറന്ന് അയാൾ പുറത്തിറങ്ങി. പുറത്തിറങ്ങാൻ വിഷമമുണ്ടായിരുന്നു. പിന്നെ തെരുവു വിളക്കുകൾക്കും, കൂടാരത്തിന്റെ പ്രകാശമയമായ അന്തരീക്ഷത്തിനും ഇടയിലുള്ള കുറച്ച് ഇരുട്ടിയ സ്ഥലത്തേക്ക് കുറിയ കാലുകൾ വച്ച് ഓടുമ്പോൾ കണ്ണീരോടെ അയാൾ സ്വയം പറഞ്ഞു.
ഞാനൊരു കോമാളിയാണ്.