close
Sayahna Sayahna
Search

അവസാനത്തെ വിസിൽ


അവസാനത്തെ വിസിൽ
EHK Story 10.jpg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കറുത്ത തമ്പ്രാട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 81

പതിവുപോലെ നീനയ്ക്ക് കളികാണാൻ താല്പര്യമുണ്ടായിരുന്നില്ല. അവൾ മുറുമുറുക്കുകയാണ്, കാണാൻ കഴിയാതിരുന്ന സിനിമയെപ്പറ്റി. മൂന്നു ചാനലുകളിൽ അവൾക്കിഷ്ടപ്പെട്ട സിനിമയാണ്. രണ്ടെണ്ണം മലയാളം, ഒന്ന് ഹിന്ദി. സ്‌ക്രീനിൽ പന്തുകളി നടന്നുകൊണ്ടിരിക്കയാണ്. ആർജെന്റിനയുടെ ഒർട്ടേഗ പ്രതിസന്ധികൾ തകർത്തുകൊണ്ട് മുന്നേറുകയാണ്. മുന്നോട്ട്, മുന്നോട്ട്, ഗോൾപോസ്റ്റിന്നടുത്തേയ്ക്ക്. പിന്നെ… പെട്ടെന്ന് ഗോൾ അയാളുടെ കാൽക്കൽനിന്ന് തട്ടിയെടുക്കപ്പെട്ടു. ഇപ്പോൾ ഹോളണ്ടിന്റെ ബർകാംപ് പന്തുംകൊണ്ട് മറുവശത്തേയ്ക്ക് മുന്നേറുകയാണ്.

രാജൻ എഴുന്നേറ്റു. അയാൾ ടിവി ഓഫാക്കിയില്ല. നീന അകത്ത് മുഖം വീർപ്പിച്ചിരിക്കയാണ്. അയാൾ പറഞ്ഞു. ‘ഞാൻ പ്രാക്ടീസിനു പോവ്വാണ്, നീ ടി.വി. കണ്ടോ.’

‘ഞാൻ കാണ്ണില്ല്യ.’ അവൾ നീരസത്തോടെ പറഞ്ഞു.

‘വേണ്ടെങ്കിൽ വേണ്ട.’ അയാൾ ദ്വേഷ്യപ്പെട്ടു. ‘സൗകര്യമുണ്ടെങ്കിൽ കണ്ടാൽ മതി. ഞാനൊരു കളിക്കാരനാണ്. സ്റ്റേറ്റ് ടീമിൽ ഉള്ള ആളാണ്. നല്ല കളിക്കാരനെന്നു പേരെടുത്തയാൾ. പക്ഷേ വീട്ടിൽ ഞാനാരുമല്ല. ഞാൻ കളി കാണുന്നത് അതിൽ നിന്നെന്തെങ്കിലും പഠിക്കാനുണ്ടോ എന്നു നോക്കാനാണ്. പല ടെക്‌നിക്കുകളും മറ്റുള്ളവർ കളിക്കുന്നതു കാണുമ്പോഴേ മനസ്സിലാവൂ. ഇപ്പോൾ ലോകകപ്പ് നടന്നുകൊണ്ടിരിക്കയാണ്. ലോകനിലവാരത്തിലുള്ള ടീമുകളാണ് കളിക്കുന്നത് അത് കാണാൻ ഇനി ഒരവസരം അടുത്ത ലോകകപ്പിന്റെ സമയത്തേ കിട്ടൂ. അപ്പോൾ കുറച്ചു സമയം അതിനുമുമ്പിൽ ഇരുന്നു എന്നത് വലിയൊരു തെറ്റായിട്ട് എനിക്ക് തോന്നിയിട്ടില്ല. നിനക്ക് ഒരു സിനിമ നഷ്ടമായെന്നല്ലേ ഉള്ളൂ. അതൊരു തീരാനഷ്ടമാണോ?’

അവൾ കുറച്ചു മയപ്പെട്ടപോലെ തോന്നി. അവൾ പറഞ്ഞു. ‘നിങ്ങൾ കളി കണ്ടോളൂ, എനിക്ക് വിഷമമൊന്നുമില്ല.’

‘എനിക്ക് പ്രാക്ടീസ് ഉണ്ട്, പോണം.’

‘അപ്പോൾ ശശി വരുംന്ന് പറഞ്ഞിട്ടില്ല്യേ?’

അയാൾ നിന്നു. ശശി എന്തിനാണ് വരുന്നത്? ഒരാൾ വീട്ടിൽ വരാമെന്നു പറഞ്ഞാൽ എന്താണ് പറയുക? ആ സമയത്ത് പ്രാക്ടീസിന്റെ കാര്യം ഓർത്തുമില്ല.

‘എനിക്ക് പോവാതിരിക്കാൻ പറ്റില്ല. കോച്ച് ഇപ്പോൾത്തന്നെ എത്തീട്ടുണ്ടാവും. ശശി ഞാനില്ലാന്ന് കണ്ടാൽ പൊയ്‌ക്കോളും.’

അവൾ ഒന്നും പറഞ്ഞില്ല. അയാൾ വശങ്ങളിൽ ചുവന്ന വരകളുള്ള നീല ട്രൗസറും വെള്ള ടീഷർട്ടും ധരിച്ച് ബൈക്കിൽ കയറി ഓടിച്ചുപോയി. ഒരു തിരിവിലെത്തിയപ്പോൾ അയാൾ ശശി നടന്നുവരുന്നതു കണ്ടു. ശശി തന്നെ കണ്ടുവോ എന്നറിയില്ല. അയാൾ ബൈക്ക് നിർത്താതെ ഓടിച്ചുപോയി. നിന്നാൽ പിന്നേയും വൈകും. വീട്ടിൽചെന്നു താനില്ലെന്നു കണ്ടാൽ അയാൾ തിരിച്ചുപൊയ്‌ക്കോളും.

പന്ത് കാലുകൾക്കിടയിൽ ഒരു പൂച്ചയെപ്പോലെ ഉരുമ്മിനിന്നു. രാജൻ പാസ് ചെയ്യുകയാണ്. കാലുകളുടെ വിരലിൽ നിന്ന് പൊട്ടിവിരിയുന്ന ഹർഷം കാൽപടങ്ങളിൽ, കാലുകളുടെ വണ്ണകളിൽ, മുട്ടുകളിൽ തട്ടിത്തട്ടി മേലാസകലം പടരുകയാണ്. അയാൾ ഹാഫ്‌വേ ലൈനിലെത്തിയിരുന്നു. പന്ത് ലെഫ്ട് ഫുൾബാക്കായ ജോർജിനു പാസ് ചെയ്തതു തിരിച്ചുകിട്ടി, വീണ്ടും മുന്നോട്ട്. മറുടീം നന്നായി കളിച്ചിരുന്നു. രാജൻ പന്ത് സെന്റർഹാഫായ തോമസിനു പാസ് ചെയ്ത് മുന്നേറി. തന്നെ മറുടീമിലെ സെന്റർഫോർവേഡ് ലത്തീഫ് നല്ലവണ്ണം കവർചെയ്യുന്നുണ്ട്. വീണ്ടും പന്ത് തന്റെ കാലുകളിൽ. പാസ് ചെയ്തുകൊണ്ട് മുന്നോട്ട്.

മുറ്റത്ത് ബൈക്ക് പാർക്ക് ചെയ്യുമ്പോൾത്തന്നെ അയാൾ ശശിയുടെ ചെരിപ്പു കണ്ടിരുന്നു. അയാൾ വാതിൽ തുറന്ന് അകത്തു കടന്നു. ശശി സോഫയിലിരുന്ന് ഒരു വാരിക വായിക്കുകയാണ്.

‘ഞാനിപ്പോ ഇങ്ങട്ട് കയറിയതേയുള്ളു.’ ശശി പറഞ്ഞു.

നീന അകത്തുനിന്ന് ഒരു ഗ്ലാസ് തണുത്ത വെള്ളവുമായി വന്നു. അവൾ ബൈക്കിന്റെ ശബ്ദം കേട്ടിരിക്കണം. വെള്ളം കുടിച്ചുകൊണ്ട് രാജൻ ഷൂസുകൾ അഴിച്ചു. അയാൾ ഒരു സ്റ്റൂളിലാണ് ഇരുന്നത്. മേലാസകലം ചെളിയാണ്. കഴിയുന്നതും വേഗം കുളിക്കണം. അയാൾ എഴുന്നേറ്റു.

‘ശശി ഇരിക്കു, ഞാൻ കുളിച്ചുവരാം.’

ശശിയും എഴുന്നേറ്റു. ‘ഞാൻ വെറുതെ വന്നതാ, പിന്നെ വരാം. താൻ കുളിയൊക്കെ കഴിക്ക്.’

രാജൻ കുനിഞ്ഞ് ഷൂസുകളെടുത്ത് കുളിമുറിയിലേയ്ക്ക് നടന്നു.

‘ഞാൻ കഴുകിവയ്ക്കാം, നിങ്ങൾ കുളിച്ചുകൊള്ളൂ.’ നീന കൈനീട്ടി. അയാൾ കൊടുത്തില്ല. വിവാഹത്തിനുമുമ്പ് അയാൾ ചെയ്തിരുന്നതാണത്, അതിനുശേഷവും ചെയ്യാനറിയാം.

‘ഞാൻ കഴുകിക്കൊള്ളാം.’ അയാൾ ശുണ്ഠിയോടെ പറഞ്ഞു. ‘ശശി എപ്പോഴാണ് വന്നത്?’

‘ശശിയോ?’ നീന ഒരു നിമിഷം ആലോചിച്ചു. ‘കുറച്ചു നേരായി.’

അയാൾ അതു പ്രതീക്ഷിച്ചിരുന്നു. താൻ പോയ ഉടനെ വന്നിട്ടുണ്ടാകും. നീന പക്ഷേ അതു പറഞ്ഞില്ല. രണ്ടു വാചകങ്ങൾക്കിടയിലെ ദൈർഘ്യം അയാളിഷ്ടപ്പെട്ടില്ല. ഉത്തരം ആലോചിച്ചുണ്ടാക്കുന്നപോലെ.

‘അയാൾക്ക് ഞാനില്ലെന്നു കണ്ടാൽ തിരിച്ചു പൊയ്ക്കൂടെ?’

‘ഞാനെന്താ ചെയ്യ്യാ? അയാളങ്ങനെ ടിവിയും നോക്കി ഇരുന്നു. വന്ന ആളോട് പോവ്വാൻ പറയാൻ പറ്റ്വോ?’

അതും ശരിയാണ്. വന്ന ആൾ ശ്രദ്ധിക്കേണ്ട കാര്യമാണത്. വെറുതെ ആളുകളെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കാതിരിക്കയാണ് നല്ലത്.

നീന ചായയുണ്ടാക്കി കൊണ്ടുവന്നു. അവൾ മേശപ്പുറത്തിരുന്ന കാലിക്കപ്പ് എടുത്തു കൊണ്ടുപോയി. അയാൾ ആ കപ്പ് ശ്രദ്ധിച്ചിരുന്നു. അടിയിൽ ഇത്തിരി ചായയുണ്ടായിരുന്നത് പാടകെട്ടി ഉണങ്ങിത്തുടങ്ങിയിരുന്നു. ശശി വന്ന ഉടനെ ചായയുണ്ടാക്കിക്കൊടുത്തിട്ടുണ്ടാവണം. ഇനി നീനയ്ക്ക് ശശി വന്നതിനെപ്പറ്റി എന്തെങ്കിലും പറയാൻ കാണും. അവൾ ഇപ്പോൾ ഒന്നും പറയാതെ ഒരവസരത്തിനു വേണ്ടി കാത്തിരിക്കും.

ഉച്ചയൂണു കഴിഞ്ഞ് കിടക്കുമ്പോൾ അവൾ പറഞ്ഞു. ‘എനിക്ക് ഉറക്കം വര്ണില്ല, നമുക്ക് കുറച്ച് സംസാരിച്ചുകൂടെ?’

‘നീ ദിവസവും പകൽ മുഴുവൻ കിടന്നുറങ്ങുന്നതുകൊണ്ടാണത്; എനിക്ക് ഞായറാഴ്ച മാത്രേ പകലുറക്കം പറ്റൂ.’

അവൾ തലയിണയിന്മേൽ ചാരിയിരുന്നുകൊണ്ട് സംസാരിക്കാൻ തുടങ്ങി.

‘ശശി പറയ്യാണ് ഇപ്പോ വാഷിങ് മെഷിൻ വാങ്ങാൻ പറ്റിയ സമയാന്ന്.’

‘എന്താ കാരണം?’

‘കാരണം ഒന്നും എനിക്കറിയില്ല. ഒരുപക്ഷേ വില കുറവായിരിക്കും ഇപ്പോ.’

‘ഇപ്പോൾ വേൾഡ്കപ്പുകാരണം ടിവിക്കു മാത്രേ വിലകുറവുള്ളൂ. പിന്നെ നമുക്കിപ്പോ വാഷിങ്‌മെഷിന്റെ ആവശ്യം ഒന്നും ഇല്ല. നിനക്ക് വിഷമാണെങ്കിൽ ഒരു ജോലിക്കാരീനെ വെക്കാം. അല്ലെങ്കിൽ എന്റെ തുണിയൊക്കെ ഞാൻതന്നെ തിരുമ്പിക്കൊള്ളാം.’

‘അത്ര എളുപ്പം ഒന്നുമല്ല നിങ്ങടെ തുണി തിരുമ്പാൻ. പ്രാക്ടീസുകഴിഞ്ഞു വന്നാൽ നിറയെ ചളിയായിട്ടുണ്ടാവും. അങ്ങനത്തെ തുണിയൊക്കെ വാഷിങ് മെഷിനിൽ ഇട്ടാൽ നല്ലോണം വൃത്ത്യാവുംത്രെ.’

ശശി ഒരു സങ്കല്പം നീനയ്ക്കു വിറ്റു കഴിഞ്ഞു. ഇനി രക്ഷയൊന്നുമില്ല. ഇതിനു മുമ്പത്തേത് സ്റ്റീൽ അലമാറയായിരുന്നു. അതു വാങ്ങാനെടുത്ത അഡ്വാൻസ് ഇനിയും തിരിച്ചടച്ചിട്ടില്ല. ഒരു കളിക്കാരനെന്ന പരിഗണനയുള്ളതുകൊണ്ട് അക്കൗണ്ടന്റ് അത്ര കർശനമായി പറയാറില്ല.

‘ശശീടെ മൂന്ന് ഫ്രെന്റസിന്റെ വീട്ടിൽ വാഷിങ്‌മെഷിന്ണ്ടത്രെ. ഒരാളടെ വീട്ടില് വീഡിയോക്കോൺ, ഒരാളടെ വീട്ടില് ഐ.എഫ്.ബി., ഇനി ഒരാളടെ വീട്ടില് വേൾപൂൾ. വേണങ്കീ കൊണ്ടുപോയി കാണിച്ചുതരാംന്ന് പറഞ്ഞിട്ട്ണ്ട്.’

അയാൾ ഒന്നും പറയുന്നില്ലെന്നുകണ്ടപ്പോൾ അവൾ തുടർന്നു. ‘കാണ്വാ നല്ലത് അപ്പോപ്പിന്നെ നമുക്ക് ഓരോന്നിന്റേം പ്രവർത്തനം മനസ്സിലാവും. വാങ്ങിയവരോട് അഭിപ്രായം ചോദിക്കീം ചെയ്യാം.’

‘നമുക്ക് സാവധാനത്തിൽ ആലോചിക്കാം.’ രാജൻ പറഞ്ഞു. ‘എന്താ ധൃതി?’

അവൾ തൃപ്തയായില്ല. അവൾ അങ്ങിനെയാണ്. ഒരുകാര്യം മനസ്സിൽ വന്നാൽ പിന്നെ അതിന്റെ പിന്നാലെയാണ്. രാജൻ ഇപ്പോൾത്തന്നെ ബൈക്കിൽ ശശിയുടെ വീട്ടിലേയ്ക്കു പോയി, അയാളോട് സംസാരിച്ച് മൂന്നു വീടുകളിലും പോകുന്ന കാര്യം ഉറപ്പിച്ചു വന്നാലെ അവൾക്ക് സമാധാനമാകൂ. രാജനാണെങ്കിൽ അതിനു തയ്യാറല്ലതാനും.

അയാൾ വൈകുന്നേരം വീണ്ടും പ്രാക്ടീസിനു പോകുന്ന കാര്യം ഓർത്തു. നീന പിണങ്ങുമെന്നറിയാം. പോകാതിരിക്കാൻ വയ്യ. മംഗലാപുരത്ത് മാച്ചിന് ഇനി ഒരാഴ്ചയെ ഉള്ളൂ.

‘നമുക്കൊരു കാര്യംചെയ്യാം.’ അയാൾ പറഞ്ഞു. ‘മംഗലാപുരത്തുനിന്ന് വല്ലതും കിട്ടിയാൽ അതുകൊണ്ട് വാഷിങ്‌മെഷിൻ വാങ്ങാം.’

‘ജയിച്ചാലല്ലേ കിട്ടൂ.’ അവൾ വിശ്വാസമില്ലാത്തപോലെ പറഞ്ഞു.

‘എന്താ ഞങ്ങൾ ജയിക്കില്ലെന്നു തോന്നുന്നുണ്ടോ?’

‘അങ്ങിനെയല്ലാ…’

ഫുൾ ടീംതന്നെ പ്രാക്ടീസ് ചെയ്യണമെന്ന് പറഞ്ഞത് കോച്ചായിരുന്നു. എങ്കിലേ കോർഡിനേഷനുണ്ടാവൂ. അപ്പോൾ ഒരുവശം മാത്രം കളിക്കലാവും ഫലം. എന്നാലും സാരമില്ല. മറുവശം വെറും ഡമ്മി ടീം ആണ്. ലത്തീഫിന്റെ ഒപ്പം കളിക്കുക ഒരനുഭവമാണ്. ഒരോവട്ടം ഗ്രൗണ്ടിലിറങ്ങുമ്പോഴും രാജനതു തോന്നിയിട്ടുണ്ട്. അയാൾ തന്റെ മനസ്സു വായിക്കുന്നപോലെയാണ് പന്തു പാസ് ചെയ്തുതരിക. പന്ത് എവിടേയ്ക്കാണ് പാസ്‌ചെയ്തുതരേണ്ടതെന്ന് മുൻകൂട്ടി പറഞ്ഞപോലെയാണ് അയാൾ അടിക്കുക. ഒരുപക്ഷേ തന്നെപ്പറ്റി ലത്തീഫിനും അതേ അഭിപ്രായമുണ്ടാവും. രാജനും ലത്തീഫുമുണ്ടെങ്കിൽ ഒരു 2—0 ജയം ഉറപ്പാക്കാമെന്ന് കോച്ച് പറയുന്നു. രണ്ടുപേർക്കുമിടയിൽ പന്ത് തടസ്സമില്ലാതെ മുന്നേറിക്കൊള്ളും.

മടങ്ങുമ്പോൾ രാമകൃഷ്ണന്റെ ഗെയ്റ്റ് തുറന്നുകിടക്കുകയായിരുന്നു. ഗെയ്റ്റിനുനേരെയുള്ള സ്വീകരണ മുറിയുടെ വാതിലും തുറന്നുകിടക്കുകയാണ്. രാമകൃഷ്ണൻ വായിച്ചുകൊണ്ടിരിക്കുന്നു. രാജൻ ബൈക്ക് നിർത്തി ഹോണടിച്ചു. രാമകൃഷ്ണൻ തലയുയർത്തികൈവീശി. അയാൾ എഴുന്നേറ്റുവരികയാണ്. രാജൻ ബൈക്കിൽനിന്നിറങ്ങാതെ ഇരുന്നു.

‘എന്താ ഇന്നത്തെ യുദ്ധം കഴിഞ്ഞുവോ?’ അയാൾ ചോദിച്ചു. കളികൾ യുദ്ധം തന്നെയാണെന്നാണ് രാമകൃഷ്ണന്റെ വാദം. യുദ്ധം പാടില്ലെന്നു വാശിപിടിക്കുന്നവർ കളികളെ പ്രോത്സാഹിപ്പിക്കാൻ പാടില്ല എന്നും അയാൾ പറയുന്നു.

അയാൾ പറയാറുണ്ട്. ‘ഞാൻ പറയുന്നത് ശരിയല്ലേ. ഫുട്ബാളിന്റെ കാര്യംതന്നെ എടുക്കാം. രണ്ടു ടീമുകൾ, രണ്ടു രാജ്യങ്ങളാണ്. നടുവിൽ അതിർത്തിരേഖയുമുണ്ട്. നിങ്ങൾ മറുരാജ്യത്തിന്റെ അതിർത്തി ലംഘിച്ചു കടക്കുകയാണ് ചെയ്യുന്നത്. ആക്രമണം. അതിന് നിങ്ങൾ ബലം പ്രയോഗിക്കുന്നു, എതിരാളിയുടെ എതിർപ്പിനെ തട്ടിമാറ്റി മുന്നേറുന്നു. നഗ്നമായ ബലപ്രയോഗം. അവസാനം ഗോൾ പോസ്റ്റിന്റെ സ്വകാര്യതയിലേയ്ക്ക് അതിക്രമിച്ചുകടക്കുന്നു. അതിനെ കളിയെന്നെങ്ങിനെ പറയാം?’

‘എല്ലാ കളികളും അങ്ങിനെത്തന്നെയല്ലേ?’ രാജൻ ചോദിക്കും.

‘ആവണമെന്നില്ല. ടെന്നീസ്, ഒരുദാഹരണം. നിങ്ങൾ നിങ്ങളുടെ തട്ടകത്തിൽ നിന്നുകൊണ്ടാണ് അഭ്യാസങ്ങൾ കാട്ടുന്നത്. എതിരാളിയേക്കാൾ നൈപുണ്യമുണ്ടെന്നു കാണിക്കുക മാത്രമേ വേണ്ടൂ നിങ്ങൾക്കു ജയിക്കാൻ. മറുവശത്തേയ്ക്ക് ഇരച്ചുകയറേണ്ട. ഫുട്ബാൾ അങ്ങിനെയല്ല. അതിൽ അക്രമണസ്വഭാവമുണ്ട്, അശ്‌ളീലമായൊരു മനശ്ശാസ്ത്രമാണതിനു പിന്നിൽ. ആൻ ഇമ്മോറൽ ഫിലോസഫി.’

രാമകൃഷ്ണൻ വന്ന് ബൈക്കിന്റെ ഹാന്റിൽബാറിൽ പിടിച്ചു.

‘അകത്തു വരുന്നോ?’

‘ഇല്ല, കുളിക്കണം.’

‘എന്നാണ് ശരിക്കുള്ള യുദ്ധം?’

‘അടുത്ത ഞായറാഴ്ച. ഇന്നലെ രാത്രി ബ്രസീലിന്റെ കളികണ്ടോ?’

‘കണ്ടു.’ രാമകൃഷ്ണൻ പറഞ്ഞു. ‘എനിക്ക് ഫ്രാൻസ് ജയിക്കണമെന്നാണ്.’

‘എന്താണങ്ങനെ?’

‘എല്ലാവരും ബ്രസീലിനെ പിൻതാങ്ങുമ്പോൾ എനിക്കങ്ങിനെ തോന്നുന്നു. ഒഴുക്കിനെതിരെ നീന്താനുള്ള താല്പര്യം മാത്രമല്ല. എനിക്ക് ബ്രസീലിന്റെ കളി ഇഷ്ടമല്ല; തികച്ചും അസന്മാർഗ്ഗികമായ ഒരു കളിയിൽ അശ്‌ളീലമായ എന്തോ ഉണ്ടവരുടെ നീക്കങ്ങളിൽ. ഫ്രെഞ്ചുകാർ കളിക്കുമ്പോൾ എനിക്കങ്ങിനെ തോന്നിയിട്ടില്ല.’

‘പക്ഷേ ഇത്തവണ ബ്രസീൽ തന്നെ കൊണ്ടുപോകും കപ്പ്.’

‘ജയിക്കുമായിരിക്കും. ഒരു ജനത എത്രത്തോളം നിഷ്ഠൂരരാകുന്നുവോ, അത്രതന്നെ ജയിക്കാനുള്ള സാധ്യതയും ഏറുന്നു. പെനൽട്ടി അടിക്കാനൊരുങ്ങുന്ന കളിക്കാരന് മുമ്പിലുള്ള വിശാലമായ ഗോൾപോസ്റ്റിൽ ഏകനായി, വിയർക്കുന്ന കൈകളോടെ നിൽക്കുന്ന ഗോളിയിൽ അനുകമ്പതോന്നിയാൽ കുഴഞ്ഞില്ലേ കാര്യം? ആ സമയത്ത് വേണ്ടത് കില്ലിങ് ഇൻസ്റ്റിങ്ട് തന്നെ. ആടിന്റെ മുമ്പിലെ അറവുകാരന്റെ മനോഭാവം. ഒരു വെട്ട് രണ്ടു കഷ്ണം. ഒരു കളിക്കാരനിൽ അന്നേരം കുടികൊള്ളുന്നത് അതേ അറവുകാരനല്ലേ?

രാജന് ഒന്നും പറയാനുണ്ടായിരുന്നില്ല. കളികൾ രാജ്യങ്ങൾതമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നുവെന്ന് ഒരിക്കൽ അയാൾ പറഞ്ഞു. രാമകൃഷ്ണന്റെ മറുപടി ഇതായിരുന്നു. അങ്ങിനെയാണെങ്കിൽ ഇന്ന് ഏറ്റവും മൈത്രിയിൽ വർത്തിക്കുന്ന രണ്ടു രാജ്യങ്ങൾ ഇന്ത്യയും പാകിസ്ഥാനുമായിരിക്കണം. രാമകൃഷ്ണന്റെ മുമ്പിൽ അടിയറ പറയുകയാണ് പതിവ്.

നീന ടിവിക്കു മുമ്പിലായിരുന്നു. ഒരു പാട്ട് നടന്നുകൊണ്ടിരിക്കയാണ്. ഏതെങ്കിലും സിനിമയായിരിക്കും, അല്ലെങ്കിൽ ചിത്രഗീതമായിരിക്കും.

‘ചായയുണ്ടാക്കണോ?’

‘നീ സിനിമ കണ്ടോ, ഞാനുണ്ടാക്കാം.’ അയാൾ കുളിക്കാനായി കുളിമുറിയിൽ കയറി. അവൾ സിനിമയാണ് കാണുന്നതെങ്കിൽ എഴുന്നേല്പ്പിക്കുന്നതു ശരിയല്ല. രസച്ചരടു മുറിഞ്ഞുപോകും. പിന്നെ അടുക്കളയിൽ ജോലിയെടുക്കാൻ അയാൾക്കിഷ്ടമായിരുന്നുതാനും. കുളികഴിഞ്ഞ് അയാൾ അടുക്കളയിൽ പോയി ചായക്കു വെള്ളം വെച്ചു. അപ്പോഴാണ് അയാൾ കണ്ടത് കപ്പും സോസറുംവച്ചിരുന്ന ട്രെയിൽ വെള്ളം. നോക്കിയപ്പോൾ അതിൽ ഒരു കപ്പ് മാത്രം നനഞ്ഞിരിക്കുന്നു. അതിഥികൾ വരുമ്പോൾമാത്രമേ കപ്പും സോസറും ഉപയോഗിക്കാറുള്ളു. അല്ലെങ്കിൽ ഗ്ലാസിലേ ചായകുടിക്കാറുള്ളൂ. ആരായിരിക്കും വന്നിട്ടുണ്ടാവുക?

ചായഗ്ലാസുമായി സോഫയിൽ ചെന്നിരിക്കുമ്പോൾ അയാൾ ചോദിച്ചു.’ ആരെങ്കിലും വന്നിരുന്നോ?’

‘ഇല്ല.’ ടിവിയിൽനിന്ന് കണ്ണെടുക്കാതെ നീന പറഞ്ഞു. ‘എന്തേ?’

‘ഊം ങും, ചോദിച്ചതാ.’

ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ അയാൾ താമസിയാതെ അറിയും. നീനയ്ക്ക് എപ്പോഴും ജാഗ്രതയോടെ ഇരിക്കാൻ കഴിയില്ല. അശ്രദ്ധമായൊരു നിമിഷത്തിൽ അവൾ അവളെത്തന്നെ ഒറ്റിക്കൊടുക്കുകയാണ് പതിവ്.

രാത്രി കിടക്കുമ്പോൾ നീന പറഞ്ഞു. ‘വാഷിങ് മെഷീൻ വാങ്ങുമ്പോ ഓട്ടൊമാറ്റിക് തന്നെ വാങ്ങ്വാണ് നല്ലത്.’

‘അതെന്താ?’

‘ഓട്ടൊമാറ്റിക്കാവുമ്പോ നമ്മൾ ഒന്നും അറിയണ്ട. അല്ലെങ്കില് ഒരു ടബ്ബിൽനിന്ന് മറ്റേ ടബ്ബിലേയ്ക്കിടാനും മറ്റും മെനക്കെടാണ്.’

‘നോക്ക് നീന, നമുക്ക് കൊക്കിലൊതുങ്ങുന്നത് വാങ്ങാൻ നോക്കാം. വല്ലാതെ വിലകൂടുതലാണെങ്കിൽ വാങ്ങാൻ പറ്റില്ല, പറഞ്ഞേക്കാം. മംഗലാപുരം മാച്ച് അറിഞ്ഞിട്ടേ അതുതന്നെ പറ്റൂ. തോറ്റാൽ ഒന്നും കിട്ടില്ല. ജയിച്ചാൽത്തന്നെപോരാ, ഏറ്റവും നല്ല കളിക്കാരനുള്ള സ്‌പോൺസറുടെ സമ്മാനംകൂടി കിട്ടണം. അത് പതിനായിരമാണ്. നിന്റെ പ്രശ്‌നമെന്തെന്നാൽ ഒരാശയം കിട്ടിയാൽ അതിന്മേൽ നീ മനക്കോട്ടകെട്ടുന്നു. അതു തകർന്നുവീഴുമ്പോൾ നീ ഒപ്പം തകരുന്നു.’

‘അല്ല, നമുക്ക് ലോണെടുത്ത് വാങ്ങാം. ഇപ്പോ ഷോപ്പുകാര് തന്നെ ലോൺ ഏർപ്പാടാക്കിത്തരുംത്രെ. നമ്മളൊന്നും അറിയണ്ടാന്ന്.’

ഇതെല്ലാം രാവിലെ ഇല്ലാതിരുന്ന അറിവുകളാണ്. സ്വയമറിയാതെ അവളുടെ നാവ് അവളെ ഒറ്റിക്കൊടുക്കുകയാണ്. രാജൻ അസ്വസ്ഥനായി.

കളിക്കാർ നാലുപേർ രാജന്റെ കമ്പാർട്ടുമെന്റിലാണ് കയറിയത്. ലത്തീഫ്, ജോർജ്, ഉണ്ണി, ശിവൻ. എല്ലാം അവിവാഹിതർ. അവിവാഹിതനായിരുന്നപ്പോൾ പോലും അവിവാഹിതരുടെ കൂട്ടുകെട്ട് അത്ര ഇഷ്ടപ്പെടാത്ത ആളായിരുന്നു രാജൻ. അവരുടേതായ സ്ഥിരം തമാശകൾ, വിലകുറഞ്ഞ സ്ത്രീസങ്കല്പങ്ങൾ, സിനിസിസം, ഇതൊന്നും അയാൾ ഇഷ്ടപ്പെട്ടിരുന്നില്ല. മംഗലാപുരത്ത് ഹോട്ടലിൽ ജോർജും ശിവനും അയാളുടെ മുറിയിലായിരുന്നു.

ലത്തീഫ് ഇടതുവശത്തുകൂടെ മുന്നേറുകുയാണ്. മുന്നിൽ വെട്ടിത്തെളിയിച്ച പാതയിൽ പന്തോടിച്ച് അയാൾ മുന്നേറി. വഴിയടയുമ്പോൾ അയാൾ പന്ത് രാജനു പാസ്‌ചെയ്തു. കിക്കോഫിനുശേഷം അരമണിക്കൂർ കഴിഞ്ഞു. ഇപ്പോഴും ഗോളടിക്കാൻ പറ്റിയിട്ടില്ല. മറുകക്ഷി ധീരമായി പോരാടുകയാണ്. പെട്ടെന്നാണ്, അപൂർവ്വമായി കിട്ടുന്ന ഒരവസരം മുന്നിൽ വന്നത്. മുമ്പിൽ ചെടികൾക്കിടയിൽ മറഞ്ഞുനിന്ന ഒരു കാട്ടുപാതപോലെ ഒരൂടുവഴി രാജന്റെ മുമ്പിൽ തെളിഞ്ഞുവന്നു. പന്ത് ഒരു മെരുങ്ങിയ പുലിപോലെ കാലുകൾക്കിടയിൽ ഉരുമ്മി തന്നോടൊപ്പം ഓടുന്നത് രാജൻ കണ്ടു. ആരും എതിർക്കാനില്ലാത്ത ഒരവസ്ഥ. കാട്ടിൽ അയാളും പന്തും മാത്രമേയുള്ളൂ, മുമ്പിൽ തെളിഞ്ഞുവരുന്ന പാതയും. ഇടയ്ക്ക് കടക്കൺകോണിൽ ലത്തീഫിനെയും കാണാം. അയാൾ പന്ത് പാസ് ചെയതു. ലത്തീഫ് പന്തുംകൊണ്ട് ഓടുകയാണ്. എതിർഭാഗത്തെ കളിക്കാരുടെ കാലുകൾ നിഷ്ഫലമായി. ലത്തീഫ് പന്ത് രാജനു പാസ് ചെയ്തു. കളിക്കളത്തിൽ മൂന്ന് വന്യജീവികൾമാത്രം. രാജനും, ലത്തീഫും പന്തും. ഗോൾപോസ്റ്റിന്നടുത്തെത്തിയിരുന്നു. ലത്തീഫിന്റെ ശക്തമായൊരു ലെഫ്റ്റ് കിക്ക് രാജൻ ഹെഡ്‌ചെയ്തു. ഗോൾ!

കാണികളുടെ ആരവങ്ങൾ. ലത്തീഫും ജോർജും ശിവനും അയാളെ കെട്ടിപ്പിടിക്കുകയാണ്. കോച്ച് രാഘവൻ അയാളെ അഭിനന്ദിച്ചു. അയാൾ മറ്റു കളിക്കാർക്ക് നിർദ്ദേശങ്ങൾ കൊടുക്കുകയാണ്. ഇനി ഗോളടിച്ചില്ലെങ്കിലും ഡിഫൻസ് നല്ലവണ്ണം ശ്രദ്ധിക്കണം.

രണ്ടാം പകുതിയിൽ മറുടീമിന്റെ ആക്രമണം രൂക്ഷമായിരുന്നു. ഓരോ പ്രാവശ്യവും പന്ത് തങ്ങളുടെ ഗോൾപോസ്റ്റുവരെ എത്തി ഭീഷണിമുഴക്കി. ഫുൾബാക്ക് ജോർജ്ജായിരുന്നു. ഇന്ന് അയാൾ ഫോമിലായതുകൊണ്ട് രക്ഷപ്പെട്ടു. പിന്നിലും ശ്രദ്ധിച്ചില്ലെങ്കിൽ കളിയുടെ നില മാറും. പിന്നെ കപ്പിനുപകരം നാണക്കേടായിരിക്കും കൊണ്ടു പോകേണ്ടിവരിക. രണ്ടാംപകുതിയുടെ അവസാനത്തിൽ പക്ഷേ മറുടീം പകരംവീട്ടുകതന്നെ ചെയ്തു. കളി സമനിലയിലായി. 1 — 1.

വിസിൽ. പന്ത് കാലുകൾ മാറി. കളിക്കളത്തിലെ നടുവിലെ വെള്ളവര അയാളുടെ അബോധമനസ്സിൽ പ്രക്ഷുബ്ധമായ ഒരു ചലനമുണ്ടാക്കി. താൻ അതിർത്തി മുറിച്ച് വിലക്കപ്പെട്ട നാട്ടിലേയ്ക്ക് കടക്കുകയാണ്. മുന്നോട്ട്, മുന്നോട്ട്. തടസ്സം സൃഷ്ടിക്കുന്ന പരുഷമായ കാലുകളെ വെട്ടിച്ച് രാജൻ കുതിക്കുകയാണ്. ഇടതുവശത്ത് കൺവെട്ടത്ത് ലത്തീഫ് എപ്പോഴുമുണ്ടായിരുന്നു. അടുത്തുകിട്ടിയപ്പോൾ അയാൾ പറഞ്ഞു. ‘രണ്ടു മിനിറ്റേയുള്ളൂ, വേഗം.’ തടസ്സങ്ങളെ തട്ടിനീക്കി രാജൻ എതിർദേശത്ത് കുതിക്കുകയാണ്. പെട്ടെന്നയാൾക്ക് അതെല്ലാം വളരെ അധാർമ്മികമായി തോന്നി. അയാൾ നീനയെ ഓർത്തു. ശശിയെ ഓർത്തു. അവർ വളരെ ദൂരത്താണ്. ശരിക്കും ഉള്ളതിനേക്കാൾ ദൂരെ. ഫുട്ബാൾ ഒരു ഹിംസ്രജന്തുവിനെപ്പോലെ അയാളുടെ കാലുകളെ നോവിപ്പിച്ചു. അയാൾ കാൽ കുടഞ്ഞു. വീണ്ടും പന്ത് അയാളുടെ കാൽക്കീഴിൽത്തന്നെ. അയാൾക്ക് വഴി തെളിഞ്ഞു കിട്ടിയിരുന്നെങ്കിലും മുന്നേറാനുള്ള ഇഛാശക്തി നഷ്ടപ്പെട്ടിരുന്നു. കാണികളിൽനിന്ന് ആരവം തുടങ്ങിക്കഴിഞ്ഞപ്പോഴാണ് താൻ ഗോൾപോസ്റ്റിന്റെ വളരെ അടുത്തെത്തിയെന്നു രാജനു മനസ്സിലായത്. അയാൾ ഒഴിവാക്കാൻ ശ്രമിക്കുന്ന പന്ത് പിന്നേയും ലത്തീഫ് തന്റെ നേർക്കിട്ടുതരികയാണ്. കാണികളുടെ പ്രതീക്ഷ ഒരാരവമായി ഇപ്പോൾ സ്റ്റേഡിയവും കടന്ന് പുറത്തേയ്‌ക്കൊഴുകി. മുമ്പിൽ ഗോൾപോസ്റ്റിനുനടുവിൽ പോസ്റ്റുകൾക്കിടയിലുള്ള അപാരതയിൽ ഗോളി പന്തിനുനേരെ നോക്കി കുതിച്ചുചാടാൻ പാകത്തിൽ കുനിഞ്ഞു നിൽക്കുകയാണ്. അയാൾ കൈകൾ തിരുമ്പുന്നു. അയാളുടെ മുഖത്ത് പരിഭ്രമം, നെറ്റിമേൽ വിയർപ്പ്. അറവുകാരന്റെ കത്തിക്കുവേണ്ടി രാജൻ പരതുകയാണ്.

കളിക്കളം ആക്രമിക്കപ്പെട്ട, നിസ്സഹായയായ ഒരു സ്ത്രീയുടെ നഗ്നശരീരമായും ഗോൾപോസ്റ്റ് യോനീമുഖമായും മാറി. അതിക്രമിച്ചുകടക്കാൻ വയ്യാതെ അയാൾ നിൽക്കുകയാണ്. സദാചാരത്തിന്റെ മുൾമുനയിൽ സെക്കന്റിന്റെ നൂറിലൊരുഭാഗം മാത്രം. പന്ത് അക്ഷമമായി കാലിൽ ഉരുമ്മിനിൽക്കുകയാണ്. അറവുകാരന്റെ നിഷ്ഠൂരതയ്ക്കുവേണ്ടി കാത്തിരിയ്‌ക്കെ അവസാനത്തെ നീണ്ട വിസിലിന്റെ ശബ്ദം ആശ്വാസത്തോടെ അയാൾ കേട്ടു.

സ്റ്റേഡിയത്തിൽ ആരവം കെട്ടടങ്ങിയിരുന്നു.