close
Sayahna Sayahna
Search

എട്ടാം ദിവസം


എട്ടാം ദിവസം
EHK Novel 04.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 29

Externallinkicon.gif എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

നല്ല ദിവസം. നാന്‍സി ആലോചിച്ചു. ചേച്ചി പിട്ടിനു പകരം പൂരിയാണു­ണ്ടാക്കിയത്. എന്തു പറ്റിയാവോ? തന്റെ ലിപ്സ്റ്റിക്കിട്ട ചുണ്ടില്‍ വലിയ ഡാമേജില്ലാ­തെത്തന്നെ നെല്‍സണ് ഒരുമ്മ കൊടുക്കാന്‍ പറ്റി. പുറത്ത് കിളികളുടെ ശബ്ദം, നേരിയ കാറ്റില്‍ മരങ്ങളുടെ ഇലകളും ചില്ലകളും ആടുന്നു. തിരുവാതി­രക്കാറ്റ് പോകുന്ന പോക്കില്‍ തന്നെ അനുഗ്രഹി­ക്കുകയാണ്. കവിതയെഴുതാന്‍ പറ്റിയ അന്തരീക്ഷം. അവള്‍ പക്ഷേ കവിതയെഴുതാന്‍ മിനക്കെടാതെ അമ്പലത്തിലേയ്ക്കു നടന്നു. നല്ല ദിവസം നല്ലതായി­ത്തന്നെ നില്‍ക്കണമെങ്കില്‍ കുറച്ച് ദൈവാനു­ഗ്രഹംകൂടി വേണമെന്ന് അവള്‍ക്കറിയാം. ശാന്തിക്കാരന്‍ നമ്പൂതിരിയുടെ കയ്യില്‍ നിന്ന് പ്രസാദവും ചിരിക്കുന്ന കണ്ണുകള്‍കൊണ്ടുള്ള ഉഴിച്ചിലും അനുഗ്രഹവും വാങ്ങി ചന്ദനക്കുറി തൊട്ട് അവള്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്കു നടന്നു. സ്റ്റേഷനില്‍നിന്ന് ഓഫീസിലേയ്ക്കു നടക്കുമ്പോള്‍ അവള്‍ ഓര്‍ത്തത് ഭാസ്‌കരന്‍ നായരെപ്പറ്റി­യായിരുന്നു. ദിവസത്തിന്റെ നന്മ കവിഞ്ഞൊഴുകുക കാരണം അവള്‍ക്ക് ഒരുതരം മുന്‍വിധിയും കൂടാതെ കാര്യങ്ങളെ സമീപിക്കാന്‍ കഴിഞ്ഞു. ഇന്ന് എന്താണ് തീയ്യതി? പതിനഞ്ച്. പെട്ടെന്നവള്‍ക്ക് താന്‍ ഈ ഓഫീസില്‍ ചേര്‍ന്നിട്ട് കൃത്യം ഒരു വര്‍ഷമായെന്ന് ഓര്‍മ്മ വന്നു. ജനുവരി 15ന്നാണ്. വ്യാഴാഴ്ച. പതിനാലാം തീയ്യതിയാണ് അപ്പന്റെ ഒപ്പം സാറിന്റെ വീട്ടില്‍ ചെന്നത്. കുറെനേരം സംസാരിച്ചു. ഉച്ചയ്ക്ക് അവിടെനി­ന്നുതന്നെ ഊണുകഴിച്ചു. അന്നവള്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ തുടങ്ങുന്നേയുള്ളു. മൂന്നു മാസത്തെ കോഴ്‌സില്‍ ഒരു മാസം കഴിഞ്ഞു. ഡോസും വേഡ്സ്റ്റാറും കഴിഞ്ഞു. ഡീബേസില്‍ കൈവയ്ക്കുന്നേയുള്ളു. പിറ്റേന്നുതന്നെ ഓഫീസില്‍ ചേര്‍ന്നുകൊള്ളാന്‍ ഭാസ്‌കരന്‍ നായര്‍ ആവശ്യപ്പെട്ടു.

ഓഫീസില്‍ കമ്പ്യൂട്ടറിനു മുമ്പിലിരുന്നപ്പോഴാണ് അവള്‍ക്കു മനസ്സിലായത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കമ്പ്യൂട്ടര്‍ സിസ്റ്റം എത്ര പ്രാകൃതമായി­രുന്നുവെന്ന്. അവിടെ ഒരു കൊല്ലം പഠിച്ചാലും തനിക്ക് ഒരാഫീസില്‍ ജോലിചെ­യ്യാനുള്ള ധൈര്യമുണ്ടാവില്ല. ഭാസ്‌കരന്‍ നായര്‍ അവളെ പഠിപ്പിച്ചു; ക്ഷമയോടെ, ആത്മവിശ്വാസം കൊടുത്തുകൊണ്ട്. തെറ്റുകള്‍ ചെയ്യുമ്പോള്‍, അവ ആവര്‍ത്തി­ക്കുമ്പോള്‍ അയാള്‍ ക്ഷമയോടെ അവളെ തിരുത്തും. മേല്‍ക്കൈയ്യിനു പിന്നില്‍ പിച്ചലില്ല, തലയിലിട്ടു കിഴുക്കലില്ല. ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാറിനെ അവള്‍ വെറുത്തിരുന്നു. അവളുടെ മേല്‍ക്കൈയ്യിനു പിന്നില്‍ നിറയെ പിച്ചി ചോര കക്കിയ കറുത്ത പാടുക­ളായിരുന്നു. വീട്ടില്‍ വന്ന് കണ്ണാടിനോക്കി നീറുന്ന പാടുകളില്‍ തടവുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറയും. ഇവിടെ ഭാസ്‌കരന്‍ നായരുടെ ഒപ്പമിരുന്ന് പഠിക്കുമ്പോള്‍ പിച്ചലിന്റെ നീറ്റമില്ല. മണ്ടിയെന്ന സ്‌നേഹമുള്ള വിളി മാത്രം. പേജ്‌മേക്കറും കോറല്‍ഡ്രോവും മലയാളം സോഫ്ട്‌വെയറും അദ്ഭുത­മല്ലാതായി. ചിത്രം വരയ്ക്കാന്‍ താല്പര്യമു­ള്ളതുകൊണ്ട് ഗ്രാഫിക്‌സ് എളുപ്പമായി. ഒന്നാം തീയ്യതി അവളെ അദ്ഭുതപ്പെടു­ത്തിക്കൊണ്ട് അയാള്‍ പകുതി മാസത്തെ ശമ്പളം കൊടുത്തു. അവള്‍ അപ്പോഴും പഠിക്കുന്നേ ഉണ്ടായിരുന്നുള്ളു.

ആ മനുഷ്യനെയാണ് താന്‍ വേദനിപ്പിച്ചത്. അവള്‍ തൊട്ടടുത്തുള്ള ബേക്കറിയില്‍ പോയി മൂന്ന് ചോക്കളേ­റ്റ്ബാറുകള്‍ വാങ്ങി സഞ്ചിയിലിട്ടു.

അവള്‍ നേരെ ഭാസ്‌കരന്‍ നായരുടെ മുറിയിലേയ്ക്കാണ് പോയത്. അദ്ദേഹം അവളെ ചോദ്യഭാ­വത്തില്‍ നോക്കി. ചിരി ആ മുഖത്തുനിന്ന് അപ്രത്യക്ഷ­മായിരുന്നു. അവള്‍ ഒന്നും പറയാതെ മേശക്കെ­തിരെയുള്ള കസേലയില്‍ ഇരുന്നു.

‘ഇന്ന് ഒരു വിശേഷ ദിവസാണ്.’ നാന്‍സി പറഞ്ഞു. ‘എന്താന്നു പറഞ്ഞാല്‍ ഒരു സമ്മാനം തരാം.’ താനും സാറും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമു­ണ്ടായിട്ടില്ലെന്നു വരുത്താനായി അവള്‍ ശ്രമിക്കയാണ്.

‘ഇന്ന് ഒരു ദുരന്ത ദിവസമാണ്. നീ ഈ ഓഫീസില്‍ ചേര്‍ന്ന ദിവസം’ അയാള്‍ പറഞ്ഞു. ‘പിന്നെ, എനിക്ക് നിന്റെ സമ്മാനം വേണ്ടെങ്കിലോ?’

അവളുടെ മുഖം വിളറി. തമാശയിലൂടെ, ചോക്കളേറ്റ് നല്‍കുക വഴി സാറുമായി സാധാരണ നിലയി­ലാകാമെന്ന് കരുതിയതാണ്. സാറ് തണുത്തില്ലെന്ന് മനസ്സിലായി. അവള്‍ എഴുന്നേറ്റ് പുറത്തു കടന്നു. സ്വന്തം കസേലയില്‍ പോയി കുറച്ചുനേരം വെറുതെ­യിരുന്നു. മനസ്സ് കലുഷമായി. കണ്ണുകള്‍ ഈറനായി. സഞ്ചി ഉള്ളില്‍ വയ്ക്കാനായി മേശയുടെ വലിപ്പു തുറന്നു. അതില്‍ ഒരു സമ്മാനപ്പൊ­തിയുണ്ടായിരുന്നു. ഗില്‍ട്ടുകടലാസില്‍ പൊതിഞ്ഞ ഒരു പെട്ടി. ബേക്കറിയുടെ പേരുണ്ടായി­രുന്നതുകൊണ്ട് അത് കേയ്ക്കായിരിക്കു­മെന്നവള്‍ ഊഹിച്ചു. പെട്ടിയുടെ മുകളിലുള്ള കടലാസെടുത്ത് അവള്‍ വായിച്ചു.

‘ഒരു കൊല്ലമായി എന്റെ ജീവിതം ധന്യമാക്കിയ മകള്‍ക്ക് — വളര്‍ത്തച്ഛന്‍.’

കമ്പ്യൂട്ടറില്‍ മനോഹരമായ ലിപികളില്‍ ചിത്രപ്പണി­കളോടെ ഉണ്ടാക്കിയ ആ കാര്‍ഡ് ഒരിക്കല്‍ക്കൂടി അവള്‍ വായിച്ചു. നെഞ്ചിനുള്ളില്‍ വീര്‍പ്പുമുട്ടി­ച്ചുകൊണ്ടു വന്ന തേങ്ങലടക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. മേശമേല്‍ നെറ്റിവച്ച് അവള്‍ തേങ്ങിക്കരഞ്ഞു.

ഭാസ്‌കരന്‍ നായര്‍ അവളുടെ തലമുടി തടവുക­യായിരുന്നു. അയാള്‍ അവളെ ആശ്വസിപ്പിക്കാന്‍ എന്തോ പറയുന്നുണ്ട്. അവസാനം അയാള്‍ ചോദിച്ചു. ‘എവിടെ നിന്റെ സമ്മാനം. ഞാന്‍ ശരിയുത്തരം തന്നില്ലേ?’

‘ഞാന്‍ ഈ സാറിനോട് കൂടൂല.’ അവള്‍ പറഞ്ഞു.

മാലതി ചിരിക്കുകയാണ്. നാന്‍സിക്ക് കുറച്ചാശ്വാസം തോന്നി. അവള്‍ സഞ്ചി തുറന്ന് മൂന്ന് ചോക്കളേറ്റ് ബാറുകള്‍ പുറത്തെടുത്തു ഭാസ്‌കരന്‍ നായര്‍ക്കു കൊടുത്തു. അയാള്‍ ഓരോന്ന് അവള്‍ക്കും മാലതിയ്ക്കും കൊടുത്തു.

‘നമുക്കിത് ഇപ്പോള്‍തന്നെ തിന്നാം എന്താ?’

‘സാറ് എന്താണ് എനിക്കുവേണ്ടി വാങ്ങിച്ചത്?’

‘നീ തുറന്ന് നോക്ക്.’

അതൊരു ചോക്കളേറ്റ് ക്രീം കേക്കായിരുന്നു. ഉച്ചയ്ക്ക് മുറിക്കാമെന്ന് അവള്‍ തീരുമാനിച്ചു. അയാള്‍ രണ്ടുപേരുടെയും ജന്മദിനം ഓര്‍ത്തുവച്ചു. ആ ദിവസം കേയ്ക്കു വാങ്ങിവയ്ക്കും. പക്ഷേ താന്‍ ജോലിക്കു ചേര്‍ന്ന ദിവസം ഓര്‍ത്തി­രിക്കുമെന്ന് നാന്‍സി ഒരിക്കലും കരുതിയില്ല. വല്ലാത്തൊരു സാറ്!

‘നീയെന്നാണ് പുതിയ കമ്പനിയില്‍ ചേരുന്നത്?’ ഭാസ്‌കരന്‍ നായര്‍ ചോദിച്ചു.

‘ഞാനോ, പുതിയ കമ്പനിയിലോ?’ ഒരു ടി.വി.പരസ്യത്തെ അനുകരി­ച്ചുകൊണ്ട് അവള്‍ ചോദിച്ചു. ‘ഞാനീ സാറിനെ വിട്ട് എങ്ങും പോവത്തില്ല. സാറിന്റെ കഴുത്തില്‍ത്തന്നെ തൂങ്ങും.’

‘എനിക്കറിയാമായിരുന്നു എനിക്കത്ര ഭാഗ്യമൊന്നു­മില്ലെന്ന്.’ ഭാസ്‌കരന്‍ നായര്‍ പറഞ്ഞു. ‘അല്ലെങ്കില്‍ എത്ര വഴിപാടു നേര്‍ന്നതാണ്!’

വൈകുന്നേരം ഇതെല്ലാം വിവരിച്ചുകൊടുത്തപ്പോള്‍ രാജന്‍ പറഞ്ഞു.

‘ഭാസ്‌കരന്‍ നായര്‍ ഒരപൂര്‍വ്വ സ്പീഷീസില്‍ പെട്ടയാളാണ്. അടുത്തുതന്നെ നാമാവശേ­ഷമാകാവുന്ന ഒരു വര്‍ഗ്ഗം. പണമെന്ന ഒരേയൊരു പരിഗണനയില്‍ സ്‌നേഹമെന്ന വികാരത്തിന് ഏറ്റവും പിന്നിലെ സീറ്റുകൊടുക്കുന്ന വര്‍ഗ്ഗമാണിപ്പോഴുള്ളത്. അങ്ങിനെയല്ലാത്ത ആരെയെങ്കിലും കണ്ടാല്‍ അവരെ പ്രത്യേകം പരിരക്ഷിക്കണം. വര്‍ഗ്ഗനാശ­മുണ്ടാവാതെ നോക്കണം.’

‘നമുക്ക് സാറിനെ വല്ല വന്യമൃഗ സംരക്ഷണ­കേന്ദ്രത്തിലും ആക്കിയാലോ?’