close
Sayahna Sayahna
Search

ഒന്നാം ദിവസം


ഒന്നാം ദിവസം
EHK Novel 04.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 29

Externallinkicon.gif എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

വടക്കുനിന്നുള്ള പുഷ്പുള്‍ തീവണ്ടി അരമണിക്കൂര്‍ വൈകി മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോ­മിലെത്തി ഒരു നടുക്കത്തോടെ നിന്നു. ഒന്നാം നമ്പര്‍ പ്ലാറ്റുഫോമിലേയ്ക്കു പോകാനുള്ള മേല്‍പ്പാല­ത്തിന്റെ കോണിയില്‍ ഇരമ്പുന്ന ജനങ്ങള്‍ക്കി­ടയില്‍ ഉയര്‍ത്ത­പ്പെടുവാന്‍ സ്വയം നിന്നുകൊടു­ക്കുമ്പോള്‍ നാന്‍സി ആലോചിച്ചു. ഒരു പുതിയ ദിവസം. സോപ്പുപൊടിയുടെ പരസ്യത്തില്‍ കാണുന്ന അലക്കിത്തേച്ച പഴഞ്ചന്‍ വസ്ത്രം മാത്രം! കര്‍ത്താവേ ഈ ചതി എന്നോടു വേണ്ടിയി­രുന്നില്ല! മലവെള്ളത്തില്‍ പൊങ്ങുതടി­പോലെയുള്ള യാത്ര അവസാനി­ച്ചപ്പോള്‍ ഒന്നാം നമ്പര്‍ പ്ലാറ്റുഫോമിന്റെ പൊളിഞ്ഞ തറയില്‍ വീഴാതെ രണ്ടുകാലില്‍ ഇറങ്ങാന്‍ ശ്രമിച്ച്, മേല്‍പ്പാലത്തിലെ യാത്രയി­ലെപ്പോഴോ ആവശ്യത്തി­ലധികം നീണ്ടുവന്ന കൈവിര­ലുകളില്‍ സേഫ്റ്റിപിന്‍ താഴ്ത്തിയപ്പോഴുണ്ടായ ‘ആഹ്’ ശബ്ദത്തിന്റെ ഉടമസ്ഥന്റെ ചമ്മിയ മുഖത്തു നോക്കാതെ അവള്‍ പുറത്തു കടന്നു.

ഇത്രയും ശരി, ഇനി? നാന്‍സി സ്വയം ചോദിച്ചു. സ്റ്റേഷന്റെ മുമ്പിലുള്ള വിശാലത­കഴിഞ്ഞ് നിരത്തിലെ­ത്തിയപ്പോള്‍ വീണ്ടും യാത്രക്കാര്‍ ഒരു പുഴയായി ഒഴുകാന്‍ തുടങ്ങി. ഇനി ജോസ് ജങ്ഷനിലെ­ത്തുമ്പോഴേക്ക് തെക്ക് വടക്കെന്ന വിഭാഗീയ ചിന്തകളുമായി അവര്‍ പിരിഞ്ഞു­പോകുന്നു. സിനിമാ­ശാലകളുടെ പേരില്‍ ബസ്‌സ്റ്റോപ്പുകള്‍ അറിയപ്പെടുന്ന ഈ നഗരത്തില്‍ തെക്ക് ദീപയും വടക്ക് ഷേണായീസും പത്മയുമാണ്. അവള്‍ക്ക് തെക്കോട്ടാണ് പോകേണ്ടത്.

നിരത്ത് മുറിച്ചു കടക്കുമ്പോള്‍ ഡ്യുട്ടിയിലു­ണ്ടായിരുന്ന ചെറുപ്പക്കാരനായ പോലീസു­കാരന്‍ ചിരിച്ചുകൊണ്ട് കൈ കാണിച്ച് വാഹനങ്ങള്‍ നിര്‍ത്തി. എന്നും ചെയ്യാറുള്ള കാര്യമാണത്. അവളെ കണ്ടാല്‍ നന്നായി ഒന്നു ചിരിക്കും, പിന്നെ കൈകാട്ടി വാഹനങ്ങള്‍ നിറുത്തി അവള്‍ക്കു പോകാന്‍ വഴി കൊടുക്കും. അവള്‍ക്കു മാത്രം. പിന്നില്‍ വരുന്ന വയസ്സായ സ്ത്രീകള്‍ അവളുടെ ഒപ്പമെത്തു­ന്നതിനുമുമ്പു തന്നെ വാഹനങ്ങള്‍ക്കു പോകാന്‍ അടയാളം കൊടുക്കുകയും ചെയ്യും. ‘വായില്‍ നോക്കി!’ ചിരിച്ചുകൊണ്ട് നടന്നക­ലുമ്പോള്‍ അവള്‍ മനസ്സില്‍ കരുതും.

ഷോപ്പിന്റെ ചില്ലുവാതില്‍ തുറന്ന് അവള്‍ അകത്തു കയറി. മാലതി കമ്പ്യൂട്ടറിന്റെ മുമ്പില്‍ ജോലി തുടങ്ങി­യിരുന്നു. തന്റെ കമ്പ്യൂട്ടറിനു മുമ്പില്‍ ഭാസ്‌കരന്‍­സാറിരുന്ന് ജോലിയെടു­ക്കുന്നുണ്ട്. നാന്‍സിയെ കണ്ടപ്പോള്‍ അയാള്‍ വാച്ചുനോക്കി.

അവള്‍ ബാഗ് നിലത്തുവച്ച് സാറിന്റെ പിന്നില്‍ നിന്നുകൊണ്ട് മോണിറ്ററിലേയ്ക്കു നോക്കി. എന്തോ പുതിയ ജോലി കിട്ടിയതാണ്.

‘പുതിയ ജോലിയാണോ?’

ക്ലിപ്പാര്‍ട്ടില്‍ നിന്ന് ഒരു ഗ്രാഫിക് എടുക്കുന്നതില്‍ ശ്രദ്ധിക്കുകയാ­യിരുന്ന അയാള്‍ ഒന്നും പറഞ്ഞില്ല.

‘സാറെഴുന്നേറ്റോളൂ, ഞാന്‍ ചെയ്യാം.’ അവള്‍ പറഞ്ഞു. അയാള്‍ വീണ്ടും ഒന്നും പറഞ്ഞില്ല, കൈകൊണ്ട് ഒരു മിനുറ്റ് എന്ന് ആംഗ്യം കാണിക്കുക മാത്രം ചെയ്തു.

‘ഞാന്‍ വൈകി വരുമ്പോള്‍ സാറ് വാച്ചു നോക്കണത് എനിക്ക് തീരെ ഇഷ്ടല്ല.’ അവള്‍ പറഞ്ഞു.

‘ഞാനൊന്നും പറഞ്ഞില്ലല്ലോ.’

‘സാറൊന്നും പറയണ്ട! വണ്ടി വൈകി വരുന്നതിന് ഞാനെന്തു ചെയ്യാനാ?’ ഗ്രാഫിക് ഫയലിലേയ്ക്ക് ഇമ്പോര്‍ട്ടു ചെയ്തു കഴിഞ്ഞു. ചെയ്യേണ്ട കാര്യങ്ങള്‍ അയാള്‍ അവള്‍ക്കു പറഞ്ഞു കൊടുക്കുകയായിരുന്നു. വൈകുന്നേര­ത്തിനുള്ളില്‍ ചെയ്തു കൊടുക്കേണ്ടതാണ്. കസ്റ്റമര്‍ നാലുമണിക്ക് വരും.

അവള്‍ കമ്പൂട്ടറിനു മുമ്പിലിരുന്നു ജോലി തുടങ്ങി.

‘നീ നിന്റെ നീണ്ട നഖം കൊണ്ട് എന്റെ കീബോര്‍ഡു നശിപ്പിക്കും.’ നാന്‍സിയുടെ നീണ്ട, ചുവന്ന പോളിഷിട്ട നഖങ്ങള്‍ നോക്കിക്കൊണ്ട് അയാള്‍ പറഞ്ഞു.

‘അപ്പോള്‍ വേറെ കീബോര്‍ഡ് വാങ്ങണം.’ അവള്‍ പറഞ്ഞു.

‘നിന്റെ അപ്പന്‍ വാങ്ങിവെച്ചതൊന്നുമല്ല ഈ കീബോര്‍ഡ്.’

അവള്‍ ജോലി നിര്‍ത്തി തന്റെ ഇടതു കൈവിരലുകള്‍ വിടര്‍ത്തി നഖങ്ങളുടെ ഭംഗി ആസ്വദിച്ചു. തലേന്ന് ഓഫീസുവിട്ടു പോകുമ്പോള്‍ ഒരു ലേഡീസ് സ്റ്റോറില്‍ കയറി കളര്‍ പരിശോ­ധിച്ചതാണ്. സേയില്‍സ്മാന്‍ ഒരു പുതിയ പയ്യനായിരുന്നു. അഞ്ചു വിരലിലും പോളിഷിട്ട ശേഷം കൈവിടര്‍ത്തി­ക്കാണിച്ച് അയാളോടു ചോദിച്ചു. ‘ഭംഗിണ്ടോ?’

അയാള്‍ വിവശനായിക്കൊണ്ട് പറഞ്ഞു. ‘കുട്ടീടെ വിരലുകള്‍ നല്ല ഭംഗിണ്ട്.’

‘ശരി നാളെ വാങ്ങാം കെട്ടോ?’ അവള്‍ ബാഗും തോളിലിട്ട് പുറത്തു കടന്നു.

ആഴ്ചയിലൊരിക്കല്‍ ഓരോ ഷോപ്പില്‍ കയറിയാല്‍ പോളിഷ് വാങ്ങാതെ കഴിക്കാം.

‘സാറിന്റെ കുഴപ്പമെന്താണെന്നോ?’ അവള്‍ പറഞ്ഞു. ‘ഒന്നു പറഞ്ഞ് രണ്ടാമത്തതിന് എന്റെ അപ്പന് വിളിക്കും.’

‘അപ്പനല്ലേ നിന്നെ എന്റെ മണ്ടയ്ക്കിട്ടു പോയത്? അല്ലെങ്കില്‍ ആ പാവത്തിനെ എന്തിനു പറയണം? അയാള് ബോംബേല് കിടന്നു കഷ്ടപ്പെട്ടു ജോലിയെ­ടുക്കുന്നു! ഈ തെറിച്ച വിത്തിനെ കെട്ടിച്ചയക്കാന്‍ വേണ്ടി!’

‘അപ്പന്‍ അത്ര പാവൊന്നും അല്ല.’

അവള്‍ ജോലി തുടര്‍ന്നു. തൊട്ടടുത്തുള്ള മേശക്കരികെ മാലതി ജോലി ചെയ്യുകയാണ്. അവള്‍ ഒന്നും സംസാരിക്കില്ല. ചോദിച്ചതിനുള്ള മറുപടി മാത്രം വായില്‍ നിന്നു വീഴും.

‘സാറെ ഞാനാരു എഞ്ചിന്‍ ഡ്രൈവറെപ്പറ്റി പറയാറില്ലേ?’ നാന്‍സി പറഞ്ഞു. ‘കാണാന്‍ ഭംഗിള്ള ഒരു പയ്യന്‍?’

‘നീ കാണാന്‍ ഭംഗിയില്ലാത്ത ആരെപ്പറ്റിയും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലല്ലൊ.’

‘അയാള് വീണ്ടും വന്നിട്ടുണ്ട്. ഇന്ന് ഞാന്‍ വന്ന വണ്ടീല് അയാളായിരുന്നു ഡ്രൈവറ്. ഞാന്‍ നടന്നു വരുമ്പോള്‍ അയാള്‍ കാത്തുനില്‍പ്പു­ണ്ടായിരുന്നു. എന്നെ നോക്കി നല്ല ചിരി.’

‘അയാള്‍ എല്ലാ പെണ്‍കുട്ടികളെ നോക്കിയും ചിരിക്കുന്നുണ്ടാവും.’ ഭാസ്‌കരന്‍ നായര്‍ പറഞ്ഞു.

‘എല്ലാ പെണ്‍കുട്ടികളെ നോക്കിയും ചിരിക്ക്യേ? കൊല്ലും ഞാന്‍ അയാളെ. വായില്‍നോക്കി!’ മാലതി ചിരിക്കുകയാണ്. ഭാസ്‌കരന്‍ നായര്‍ ചിരിക്കുന്നില്ല. കഷണ്ടി കയറിയ തലയില്‍ തികച്ചും വംശനാശ­ത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന അല്പം നരച്ച തലമുടി ഉഴിഞ്ഞുകൊണ്ട് അയാള്‍ പറഞ്ഞു.

‘നീയാ മാറ്റര്‍ മൂന്നു മണിക്കുള്ളില്‍ തീര്‍ത്തില്ലെങ്കില്‍ ഞാന്‍ നിന്നെയാണ് കൊല്ലുക. കസ്റ്റമര്‍ക്കത് വൈകീട്ട് പ്രസ്സില്‍ കൊടുക്കേ­ണ്ടതാണ്.’

‘സാറ് ഇങ്ങനെയൊക്കെ ഭീഷണിപ്പെടുത്ത്യാല്‍ ഞാന്‍ വേറെ ജോലി അന്വേഷി­ച്ചുപോവും.’

‘ഞാന്‍ അത്രയ്‌ക്കൊക്കെ ഭാഗ്യം ചെയ്തിട്ടുണ്ടോ?’ ഭാസ്‌കരന്‍ നായര്‍ ചോദിച്ചു.

എന്തായാലും പ്രാണഭയം കാരണം അവള്‍ ജോലിയെടുക്കാന്‍ തുടങ്ങി.

ഭാസ്‌കരന്‍ നായര്‍ ഷോപ്പിനുള്ളില്‍ ഒരു മൂലയില്‍ ഉണ്ടാക്കിയ കണ്ണാടി­ക്കൂട്ടില്‍ പോയി ഇരുന്നു. ആ ചേമ്പര്‍ അടുത്തുണ്ടാ­ക്കിയതാണ്. നാന്‍സിയില്‍നിന്ന് രക്ഷപ്പെടാനാ­ണെന്നാണ് മാലതി പറയുന്നത്. അതിനുള്ളില്‍ അലോസര­പ്പെടുത്തുന്ന ശബ്ദങ്ങള്‍ എത്തുന്നില്ല. വീട്ടിലിരിക്കാന്‍ വയ്യെന്ന കാരണം കൊണ്ടാണ് ഈ ബിസിനസ്സു തുടങ്ങിയതുതന്നെ. ഭാര്യ ഒരു പരാതിപ്പെട്ടിയാണ്. എന്തിനും വേവലാതി. അമേരിക്ക­യിലുള്ള മകന്റെയോ മരുമകളുടെയോ ഫോണ്‍ വരാന്‍ ഒരു ദിവസം വൈകിയാല്‍ മതി നളിനിയുടെ വേവലാതി തുടങ്ങാന്‍. പിന്നെ സൈ്വരമില്ല. മദ്രാസിലുള്ള മകളുടെ കത്തു കിട്ടിയാല്‍­പിന്നെ ഒരാഴ്ചയ്ക്ക് അവളുടെ കഷ്ടപ്പാടുകള്‍ എണ്ണിപ്പെറുക്കി പറയലാണ്. ജോലിക്കാ­രിയില്ലാ, രണ്ടാം ക്ലാസില്‍ പഠിക്കുന്ന മൂത്ത കുട്ടിയുടെ മാര്‍ക്ക് കുറവാണ്, അങ്ങിനെ തുടങ്ങുന്നു വേവലാതികള്‍. മകള്‍ അവിടെനിന്ന് ആവലാതി­ക്കത്തുകള്‍ അയക്കാനും അമ്മ അതിനൊക്കെ തുള്ളാനും. ഇതെല്ലാം കേള്‍ക്കുന്നതിലും ഭേദം ഇവിടെ വന്നിരിക്കുകയാണ്. രണ്ടു കുട്ടികള്‍. അവര്‍ നന്നായി ജോലിയെടുക്കും. മാലതി അധികമൊന്നും സംസാരിക്കില്ല. അവളുടെ സംസാരം കൂടി നാന്‍സി ഏറ്റെടുത്തി­രിക്കുന്നു. അവളുടെ തമാശകള്‍ കേട്ടുകൊണ്ട് നേരം പോകുന്നു. രണ്ടു പേരുടെ ശമ്പളത്തിന്നും വാടകയ്ക്കുമുള്ള പണം കിട്ടും. അത്രമാത്രം. അതൊക്കെ പോരെ?

പോരാ എന്നാണ് നാന്‍സി പറയുന്നത്. സാറ് ഒന്നു രണ്ടു കമ്പ്യൂട്ടര്‍ കൂടി വാങ്ങണം, നല്ല രണ്ടു പയ്യന്മാരെ ടൈപ്‌സെ­റ്റേഴ്‌സായി നിയമിക്കണം എന്ന് അവള്‍ പറയുന്നു. ആണ്‍പിള്ളേ­രില്ലാത്ത ഓഫീസ് എന്തിനു കൊള്ളും?

നാന്‍സിയുടെ മനസ്സിലിരിപ്പ് ഭാസ്‌കരന്‍ നായര്‍ക്കു ഉടനെ മനസ്സിലാവുന്നു. തന്റെ ഓഫീസ് നന്നാക്കാനുള്ള നാന്‍സിയുടെ വ്യഗ്രതയെ അദ്ദേഹം അഭിനന്ദിക്കുന്നു. അയാള്‍ ചോദിക്കുന്നു.

‘രണ്ട് ആണ്‍പിള്ളേരു തന്നെ വേണമല്ലേ?’

‘അതേ, ഇവിടെ ഞങ്ങള്‍ രണ്ട് പെണ്‍പിള്ളേരല്ലേ ഉള്ളത്?’

‘ഒരാളെ വെക്കാം. പിന്നെ ഞാനൊരു­ത്തനില്ലേ ആണായിട്ട്?’

‘സാറ്...’ അവള്‍ നിര്‍ത്തി. പിന്നെ ഭാസ്‌കരന്‍ നായരുടെ കഷണ്ടി കയറിയ തലയിലും മുഖത്തും നോക്കിക്കൊണ്ട് പറഞ്ഞു.

‘അത് മാലതീടെ ഇഷ്ടം.’

അയാള്‍ ഉറക്കെ ചിരിക്കാന്‍ തുടങ്ങി.