close
Sayahna Sayahna
Search

പതിനെട്ടാം ദിവസം


പതിനെട്ടാം ദിവസം
EHK Novel 04.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 29

Externallinkicon.gif എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

ഇന്ന് നല്ല ദിവസമാവില്ലെന്ന മുന്നറിവ് അവളുടെ ഓരോ സിരകളിലും നിറഞ്ഞുനിന്നു. അപ്പന്റെ ഫോണ്‍വിളി അവള്‍ പ്രതീക്ഷിച്ചിരുന്നു. അവള്‍ക്ക് ആകെ പേടിയുണ്ടാ­യിരുന്നത് അപ്പനെയാണ്. അതാകട്ടെ ആ മനുഷ്യന്റെ സ്‌നേഹം കാരണമായിരുന്നു താനും. സ്‌നേഹത്തെ അവള്‍ എക്കാലവും ഭയപ്പെട്ടിരുന്നു. കര്‍ത്താവേ സ്‌നേഹത്താല്‍ നീയോ അല്ലെങ്കില്‍ ഏതെങ്കിലും അലവലാതി പയ്യന്മാരോ എന്നെ കെട്ടിയിടാന്‍ ഇടയാക്കല്ലേ, എന്നായിരുന്നു അവളുടെ പ്രാര്‍ത്ഥന. അപ്പന്റെ കാര്യം പോക്കാണെ­ന്നവള്‍ക്കറിയാം. ആ മനുഷ്യന്‍ തനിക്കുവേണ്ടി തൂകാന്‍പോകുന്ന കണ്ണീരിന്റെ കണക്ക് അവള്‍ക്കറിയാം. ആ കണ്ണീരിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് തന്നെ ഒഴിവാക്കി മാപ്പുതരേ­ണമെന്ന് അവള്‍ എപ്പോഴും പ്രാര്‍ത്ഥി­ക്കാറുണ്ട്. ഒരുതരം മുന്‍കൂര്‍ ജാമ്യം തേടലാണത്.

ഫോണടിച്ചപ്പോള്‍ അവളുടെ ഉള്ളില്‍ ഒരാന്തലുണ്ടായത് ഈ പശ്ചാത്ത­ലത്തിലാണ്. അവളുടെ ഊഹം ശരിയായിരുന്നു. ഭാസ്‌കരന്‍ നായര്‍ ചില്ലിന്മേല്‍തട്ടി അവളെ മാടിവിളിച്ചു.

“വര്‍ഗ്ഗീസെ ഇതാ മകള് വന്നിട്ട്ണ്ട്. സംസാരിച്ചോ. എസ്.ടി.ഡി.യാ സമയം കളയല്ലേ.”

“എന്താ അപ്പച്ചാ?” അവള്‍ ഫോണെടുത്തു കൊണ്ട് ചോദിച്ചു.

“മോളെ, ആന്റണി കൊണ്ടന്ന ആലോചന നല്ലതാ. മോള്‍ക്ക് ഇഷ്ടായില്ലേ?”

“അപ്പച്ചാ...” എന്താണ് പറയേണ്ട തെന്നറിയാതെ അവള്‍ പരുങ്ങി. “അവര് കണ്ടമാനം സ്ത്രീധനം ചോദിക്ക്ണ്ണ്ട്.”

“അതൊക്കെ നാട്ടുനടപ്പനുസരിച്ച് കൊടുക്കാം. ആന്റണി പറഞ്ഞുറപ്പിച്ചോളും. മോള് അതൊന്നും അന്വേ ഷിക്കണ്ട. മോക്ക് ഇഷ്ടായോ?”

“ഞാനൊന്നുംകൂടി ആലോചിക്കട്ടേ അപ്പച്ചാ. ഒരു ജീവിതകാലം മുഴുവന്‍ ഒപ്പം ജീവിക്കണ്ടതാ. പിന്നെ വേണ്ടീര്ന്നില്ല്യാന്നാവര്ത്.”

“നല്ല ആലോചന്യാന്നാ ആന്റണി പറേണത്. കളയണ്ടാ.”

“അപ്പച്ചന്‍ എന്നാ വരണത്?”

“മോളടെ കല്യാണം ഒറപ്പിച്ചാല്‍ ഒടനെ വരാം.”

“ഞാന്‍ കത്തെഴുതാം.”

അവള്‍ ഫോണ്‍ വച്ചു. ഫോണ്‍ തിരിച്ചുവച്ച് ആലോചനാ­മഗ്നനായി നില്‍ക്കുന്ന അപ്പന്റെ മുഖം മനസ്സില്‍ വന്നപ്പോള്‍ അവള്‍ പറഞ്ഞു.

“പാവം അപ്പന്‍!”

രാജനും അതുതന്നെയാണ് പറഞ്ഞത്. “പാവം മനുഷ്യന്‍.”

അവര്‍ കുറേ നേരം ഒന്നും സംസാരിച്ചില്ല. അവള്‍ ആലോചിക്കു­കയായിരുന്നു. ഭാസ്‌കരന്‍സാറ് ചോ ദിച്ചപ്പോള്‍ അവള്‍ക്ക് ഒന്നും പറയാനി­ല്ലായിരുന്നു. അവള്‍ എന്തെങ്കിലും തീര്‍ച്ചയാക്കിയോ? അവള്‍ക്കു തന്നെ അറിയില്ലാ­യിരുന്നു. ഷാജിക്ക് യൂദാസിന്റെ മുഖമുണ്ടെന്നത് ഒരു കുഴപ്പമായി അവള്‍ കരുതിയില്ല. പക്ഷേ അയാള്‍ക്കവളെ സ് നേഹമുണ്ട് എങ്കില്‍ അവള്‍ തീര്‍ച്ച യായും സമ്മതിച്ചേനേ. ‘എനിക്ക് നിന്നെ ഇഷ്ടമാണ്, നിന്നെ സ്വന്തമാക്കാന്‍ ഞാന്‍ സ്ത്രീധനംപോലും ഉപേക്ഷിക്കുന്നു എന്നയാള്‍ പറയുകയാ­ണെങ്കില്‍ അവള്‍ എന്നേ സമ്മതം മൂളിയേനേ? മറിച്ച് ഇതൊരു കച്ചവടം പോലെയാ­ണവള്‍ക്കു തോന്നിയത്. ഒരു ദാമ്പത്യജീവിതം ഇങ്ങിനെയാണോ തുടങ്ങേണ്ടത്?

അവള്‍ മുമ്പിലിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി. യേശുവിന്റെ മുഖഛായയുള്ള ഈ മനുഷ്യന്‍ ആരാണ്? എന്താണ് താനുമായുള്ള ബന്ധം? രാജന്‍ ആലോചനയിലാ യിരുന്നു. മുമ്പിലിരുന്ന ഐസ് ക്രീം ഉരുകുന്നത് നാന്‍സി വല്ലായ്മയോടെ കണ്ടു. അവള്‍ ചോദിച്ചു.

“എന്താണ് ആലോചന?”

അയാള്‍ ഒന്നും പറയുന്നില്ല.

“ഐസ്‌ക്രീം ആവശ്യമില്ലെങ്കില്‍ പറയണം. ഇവിടെ ആവശ്യക്കാരുണ്ട്.”

അയാള്‍ ചിരിച്ചുകൊണ്ട് രണ്ടു സ്പൂണ്‍ മാത്രം കഴിച്ച ഐസ്‌ക്രീം അവളുടെ അടുത്തേയ്ക്ക് നീട്ടിവച്ചു. ഒരു ത്യാഗം ചെയ്യുന്ന മനോഭാവത്തോടെ നാന്‍സി അതു കഴിക്കാന്‍ തുടങ്ങി. ത്യാഗത്തിന്റെ കാര്യത്തില്‍ അവള്‍ ഒരിക്കലും പിന്നിലായിരുന്നില്ല. രാജന്റെ ചിരി ക്ഷണികമായിരുന്നു. അയാള്‍ വീണ്ടും ആലോച­നയിലാണ്ടു.

രാത്രി. ഡയറിയും മുമ്പില്‍വച്ച് നാന്‍സി ഒരുപാടുനേരം ഇരുന്നു. തന്റെ ഡയറിയില്‍ നന്മയുടെ അംശം കാണണമെങ്കില്‍ മസാല ദോശയും ഐസ്‌ക്രീമും കഴിച്ച ദിവസങ്ങള്‍ എണ്ണിയാല്‍ മതിയെന്ന് അവള്‍ കണ്ടു. നന്മയുടെ ദിവസങ്ങള്‍ ഏറിവരുന്നത് അവള്‍ സംതൃപ്തിയോടെ നോക്കി. റസ്റ്റോറണ്ടില്‍ നിന്ന് പുറത്തു കടക്കുന്നതിനു മുമ്പാണയാള്‍ ചോദിച്ചത്?

“എന്റെ ഒപ്പം ഒരു ജീവിതം എങ്ങിനെയാവുമെ­ന്നതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ?”

അവള്‍ ഉടനെ പറഞ്ഞു. “ഉണ്ട്?”

“പറയൂ.”

“മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നുണ്ട്. പിശാചിനും അവന്റെ ദൂതന്മാര്‍ക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നി. അതായത് നരകം.”

“നിനക്ക് ബുദ്ധിയില്ലെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്.”

“ബുദ്ധിയുണ്ട്. അതല്ലെ ഒരു നായരെ കല്യാണം കഴിക്കുമെന്ന് തീര്‍ച്ചയാക്കിയത്?”

“നായരെ? ഹിന്ദുവിനെയെന്നല്ല നീ പറഞ്ഞത്.”

“അല്ല നായരെ മാത്രം. കാരണം നായന്മാര്‍ പാവങ്ങളാണ്. ഭാര്യമാര്‍ പറയുന്നതു കേട്ടു ഹെന്‍പെക്ഡ് ആയി നടന്നുകൊള്ളും.”

“അച്ചായത്തിയുടെ ആകാശക്കോട്ടകള്‍ കൊള്ളാമല്ലോ!”

ഡയറിയും മുമ്പില്‍വച്ച് അവള്‍ ചിരിച്ചു. സമയം പതിനൊന്ന്. ഇനിയും കിടന്നില്ലെങ്കില്‍ രാവിലെ എഴു ന്നേല്‍ക്കാന്‍ വൈകും. അവള്‍ ഡയറി അടച്ചുവച്ചു.

കിടന്നുകൊണ്ട് അവള്‍ അപ്പനെ ഓര്‍ത്തു. അപ്പന്‍ ഫോണില്‍ വിളിച്ചത് അവള്‍ ഡയറിയില്‍ ചേര്‍ത്തിരുന്നില്ല. ഇപ്പോള്‍ അതവളെ നോവിപ്പിച്ചു. രാത്രിയുടെ ശബ്ദങ്ങള്‍ അവളെ കുറ്റപ്പെടു­ത്തുകയാണ്. എന്താണ് ഇതിനൊക്കെ അര്‍ത്ഥം?