close
Sayahna Sayahna
Search

ഒരു വിശ്വാസി


ഒരു വിശ്വാസി
EHK Canadayilninnoru.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കാനഡയില്‍ നിന്നൊരു രാജകുമാരി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 63

ഓര്‍മ്മകളുടെ ചിത്രങ്ങള്‍ പൂപ്പല്‍ പിടിച്ചിരിയ്ക്കയാണ്. ഇടയ്ക്ക് പൂപ്പല്‍ തുടച്ചു വൃത്തിയാക്കുമ്പോള്‍ അവ കുറച്ചു നേരത്തേയ്ക്ക് വീണ്ടും തെളിയുന്നു. ഇത് സ്വയം പീഡനമാണെങ്കിലും ഞാന്‍ ഇടയ്ക്കിടയ്ക്ക് ചെയ്യുന്ന താണ്.

അതോടെ ആ സംഭാഷണ ശകലം ചെവിയിലെത്തുന്നു.

താനില്ലെങ്കില്‍ എന്റെ കമ്പനി നടക്കുമോ എന്നു നോക്കട്ടെ.

വര്‍ഗ്ഗീസ് മാപ്പളയായിരുന്നു അത്. നന്ദികേടിന്റെയും അഹന്തയുടെയും ശബ്ദം. അയാള്‍ മാടിക്കുത്തിയ കൈലിമുണ്ടിന്നടിയിലൂടെ കാണുന്ന കറുത്ത രോമാവൃതമായ കാലുകള്‍ ഞാന്‍ ഇന്നുമോര്‍ക്കുന്നു. താടിയിലെ കുറ്റിരോമങ്ങള്‍ ചൊറിഞ്ഞ് മുഖം കോട്ടിക്കൊണ്ടാണയാള്‍ സംസാരിച്ചത്.

ഞാന്‍ പടികള്‍ക്കു താഴെയാണ് നിന്നിരുന്നത് നിരാശനായി അമര്‍ഷം നിറഞ്ഞ മനസ്സോടെ.

നിങ്ങളുടെ ജോലിയില്ലെങ്കില്‍ ജീവിക്കാന്‍ പറ്റുമോ എന്നു ഞാനും നോക്കട്ടെ.

പിന്നെ തിരിഞ്ഞു നടക്കുമ്പോള്‍ പിന്നില്‍ വാതില്‍ കൊട്ടിയടയ്ക്കുന്ന ശബ്ദം, ഇതെല്ലാം നാലു കൊല്ലങ്ങള്‍ക്കുമുമ്പാണ്. ഇന്നു ഞാന്‍ എന്റെ സ്വന്തം കടയില്‍ ഇരിക്കുന്നു. ചെറുതാണെങ്കിലും എന്റേതു മാത്രം. ആരും എന്നോടു കല്‍പ്പിക്കാനില്ല.

ഓടിട്ട വീടിന്റെ ഒരരുകില്‍ അസ്ബസ്റ്റോസു കൊണ്ടുണ്ടാക്കിയ ഒരു ചെറിയ മുറിയാണ് കട. നിരത്തിലേയ്ക്ക് അധിക ദൂരമില്ല. ഗെയ്റ്റു കടന്നാല്‍ നാലഞ്ചടി നടന്നാല്‍ മതി. മുമ്പില്‍ പ്ലൈവുഡും ഗ്ലാസും ഉപയോഗിച്ച് ഒരു കൗണ്ടറും ഷോകേസും ഉണ്ടാക്കിയിട്ടുണ്ട്. മുന്നു ഭിത്തികളിലും ഗ്ലാസിന്റെ ഷോകേസ് നിറയെ ചന്ദനത്തിരി പാക്കറ്റുകള്‍ നിറച്ചിരിക്കയാണ്. കൗണ്ടറിനു പിന്നില്‍ ഒരു സ്റ്റൂളിലാണ് എന്റെ സ്ഥാനം ഞാനില്ലാത്തപ്പോള്‍ എന്റെ ഭാര്യ ഇരിയ്ക്കും. അതുമല്ലെങ്കില്‍ മകന്‍. രവി ഇരിയ്ക്കുമ്പോള്‍ പുറത്തുള്ള വര്‍ക്ക് അവന്റെ കൊച്ചു തല മാത്രമേ കാണാന്‍ പറ്റു. ആരെങ്കിലും ഗേയ്റ്റു കടന്നു വന്നാല്‍ ഉടനെ അവന്‍ ചാടിയെഴുന്നേല്ക്കുന്നു. ഒരു ചിരിയോടെ അവരെ നേരിടുന്നു. പിന്നെ അവന്റെ ക്രിയകളെല്ലാം ഞാന്‍ കണിശമായി പഠിപ്പിച്ചിട്ടുള്ളതും, അവന്‍ ഒരു മാതിരി വിജയകരമായി നടത്തുന്നതുമാണ്.

അവന്‍ ഞങ്ങളുടെ മൂന്നു ബ്രാണ്ടുകള്‍ കൗണ്ടറില്‍ നിരത്തുന്നു.

ഏതാണ് വേണ്ടത്?

‘തിരുവാതിര’യുണ്ടോ?

അത് വേറൊരു കമ്പനിയുടെ ബ്രാന്റാണ്. അവന്റെ മുഖം മങ്ങുന്നു.

ഇതു നല്ലതാണു ചേട്ടാ. നല്ല വാസനയുണ്ട്. ഇത് റോസാണ് ഇത് മുല്ലപ്പൂ, ഇത്......

‘തിരുവാതിര’ ഇല്ലെ? അയാള്‍ അക്ഷമനായി അന്വേഷിക്കുന്നു.

ഇല്ല.

ശരി പിന്നെ വരാം.

അയാള്‍ ഇറങ്ങി നടക്കുന്നു. എന്റെ മകന്റെ മുഖം വാടുന്നു. വളരെ സാവധാനത്തില്‍ കൗണ്ടറില്‍ നിരത്തിയ ചന്ദനത്തിരി പാക്കറ്റുകള്‍ ഒന്നു വാസനിച്ച്, തിരിച്ച് ഷോക്കേസിലേക്കു തന്നെ വെയ്ക്കുന്നു.

ഒരു പാക്കറ്റെങ്കിലും വില്‍ക്കാന്‍ പറ്റിയാല്‍ അവന്റെ മുഖം വികസിക്കുന്നു. ഞാനോ ഭാരതിയോ അവനെ കടയില്‍ നിന്നൊഴിവാക്കാന്‍ ചെന്നാല്‍ അവന്‍ കൃത്രിമമായി വ്യസനം നടിച്ചു പറയും.

ഒന്നും ചെലവായിട്ടില്ല.

അപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലാവും. അവന്‍ ഡ്രോയര്‍ തുറന്ന് ഏതാനും നോട്ടുകള്‍ ആഹ്ലാദത്തോടെ കാണിച്ചു തരും.

ഇനി മോന്‍ പോയി പഠിച്ചോ. ഹോം വര്‍ക്ക് ചെയ്തു കഴിഞ്ഞുവോ?

ഒരു കസ്റ്റമര്‍ ഒന്നും വാങ്ങാതെ തിരിഞ്ഞു നടക്കുമ്പോഴും വല്ലതും വാങ്ങിപ്പോകുമ്പോഴും ഞങ്ങള്‍ക്കു ള്ളില്‍ അത്രയധികം ഓളങ്ങള്‍ ഉണ്ടാവാറില്ല. അനുഭവങ്ങള്‍ ഞങ്ങളുടെ മനസ്സിനെ ഈ വിധം നിസ്സാര സുഖ ദുഃഖങ്ങള്‍ ഏശാത്ത വിധം മരവിപ്പിച്ചിരിക്കുന്നു.

രാത്രി, ഭക്ഷണം കഴിഞ്ഞ് ചന്ദനത്തിരി തെറുത്തുണ്ടാക്കുമ്പോള്‍ രവിയും സഹായിക്കുന്നു. അവന്‍ പറയും.

നമുക്ക് ധാരാളം പരസ്യം കൊടുക്കണം. കണ്ടില്ലെ ‘തിരുവാതിര’ക്കാര്‍ എത്ര പരസ്യാണ് കൊടുക്കണത്. അതുകൊണ്ടാണ് എല്ലാവരും ‘തിരുവാതിര’ അന്വേഷിച്ചു വരുന്നത്. നമ്മുടെ ‘ഓടക്കുഴലും’ ‘തുളസി’യും ഒന്നും ചെലവാകാത്തത്.

അതു പറഞ്ഞപ്പോഴാണ് പുതുതായി പരിചയപ്പെട്ട മോഹന്‍ പിള്ളയുടെ കാര്യം ഓര്‍മ്മ വന്നത്. അയാളും പറഞ്ഞു ധാരാളം പരസ്യം കൊടുക്കണം, നിങ്ങളുടെ കയ്യിലുള്ള സാധനത്തിന്റെ മേന്മ എന്താണെന്ന് ജനങ്ങളോടു പറയണം. അല്ലാതെ അവരെങ്ങിനെ അറിയാനാണ്. ഒരാഴ്ച മുമ്പാണ് അയാള്‍ കടയില്‍ വന്നത്.

വൈകുന്നേരം ഞാന്‍ കടയില്‍ ഇരിയ്ക്കുകയായിരുന്നു. അയാള്‍ ഗേറ്റില്‍ ഒരു നിമിഷം സംശയിച്ചു നിന്നു. പിന്നെ നടന്നുവന്ന് കടയുടെ മുമ്പില്‍ ഒരു ചിരിയോടെ നിന്നു. അയാള്‍ക്ക് ഉയരം കുറവായിരുന്നു. മീശയില്ലാത്ത കാരണം മേല്‍ചുണ്ടിനു മുകളില്‍ അല്പം വീര്‍ത്ത പോലെ തോന്നി. ഒരു പക്ഷേ, മീശ അടുത്തൊരു ദിവസം എടുത്തുകളഞ്ഞതാവാനും മതി. ക്രോപ്പു ചെയ്ത മുടി. ചെമ്മണ്‍ നിറത്തിലുള്ള നീണ്ട ഖദര്‍ ജൂബ്ബയും കരയുള്ള ഖദര്‍ മുണ്ടും.

സാധാരണ പതിവുകാരുടെ ധൃതിയും അക്ഷമയും ഒന്നുമില്ല. അയാള്‍ ക്ഷമയോടെ കടയുടെ ഉള്ളു മുഴുവന്‍ നോക്കിപ്പഠിക്കുകയായിരുന്നു. ഒരു ആര്‍ട്ട് ക്രിട്ടിക്ക്, ശില്‍പ പ്രദര്‍ശിനിയിലെന്നപോലെ ഓരോ റാക്കിലും, മുക്കിലും നോക്കുമ്പോഴെല്ലാം അയാളുടെ മുഖത്ത് വിവിധ രസങ്ങള്‍ ഉദിച്ചിരുന്നു. രണ്ടു മിനിറ്റ് എന്നെ ഒരനിശ്ചിത ത്വത്തില്‍ വിട്ട ശേഷം അയാള്‍ അടുത്തു വന്ന് കൗണ്ടറില്‍ കൈവെച്ചുകൊണ്ട് പറഞ്ഞു.

എനിയ്ക്ക് നിങ്ങളുടെ കട വളരെ ഇഷ്ടപ്പെട്ടു.

ഞാന്‍ ഒന്ന് വല്ലാതായി, പ്രശംസ കിട്ടി തീരെ പരിചയമില്ലാത്തതിനാല്‍ ആരെങ്കിലും പ്രശംസിക്കുമ്പോള്‍ ഞാന്‍ സ്വാത്മബോധമുള്ളവനാകുന്നു. മുഖത്തെ പേശികള്‍ വലിഞ്ഞു മുറുകി ഒരു വികൃതമായ ചിരിയോ ടെ നില്‍ക്കുന്നു. പോരാത്തതിന് കടയെപ്പറ്റി പ്രശംസിക്കാന്‍ മാത്രം ഒന്നുമില്ലെന്നത് എനിയ്ക്കു തന്നെ അറിയാവുന്നതായതുകൊണ്ട്, ആ പ്രശംസ എന്റെ വിഷമങ്ങളെ ഇരട്ടിപ്പിക്കുകയാണ് ചെയ്തത്. അത് വെറും സാധാരണ പെട്ടിക്കട മാത്രമായിരുന്നു.

ഇതാണ് പാകം. അയാള്‍ പറഞ്ഞു. വലിയ കടകള്‍ എത്ര വള്‍ഗര്‍ ആണ്. സ്മാള്‍ ഈസ് ബ്യൂട്ടിഫുള്‍.

ഞാന്‍ വെറുതെ ചിരിച്ചുകൊണ്ടുനിന്നു.

അയാള്‍ വീണ്ടും കടയുടെ ഉള്ളിലേയ്ക്കു നോക്കി.

നിങ്ങള്‍ മൂന്നു തരം ചന്ദനത്തിരിയാണുണ്ടാക്കുന്നത് അല്ലെ?

അതെ. മൂന്ന് വ്യത്യസ്ത ഗന്ധമാണ്. മൂന്നു പേരിട്ടിരിക്കയാണ്. ഞങ്ങള്‍ തന്നെയാണവ ഉണ്ടാക്കുന്നത്.

അതേയോ? അപ്പോള്‍ ഫാക്ടറിയും ജോലിക്കാരെല്ലാമുണ്ടാവുമല്ലൊ.

ഇല്ല. ഞാന്‍ തെല്ലൊരു വല്ലായ്മയോടെ പറഞ്ഞു. ഇപ്പോള്‍ തുടങ്ങിയിട്ടല്ലേയുള്ളൂ. ഞങ്ങള്‍ തന്നെയാണു ണ്ടാക്കുന്നത്. ഒരു ചെറിയ ബാങ്ക് ലോണ്‍ കിട്ടിയിട്ടുണ്ട്.

എല്ലാം മനസ്സിലായെന്ന അര്‍ത്ഥത്തില്‍ അയാള്‍ തല കുലുക്കി.

ഒഴിവു സമയങ്ങളില്‍ നിങ്ങള്‍ രണ്ടു പേരും കൂടി അദ്ധ്വാനിച്ച് ചന്ദനത്തിരികള്‍ ഉണ്ടാക്കുന്നു. ഒരു പക്ഷെ രാത്രി വളരെ വൈകും വരെ, കാരണം പകല്‍ നിങ്ങള്‍ക്ക് കടയിലിരിക്കണം. അല്ലെങ്കില്‍ വില്‍ക്കാന്‍ നടക്ക ണം. ഭാര്യയ്ക്ക് അടുക്കളപ്പണിയുണ്ടാകും, ശരിയല്ലെ?

ഞാന്‍ അത്ഭുതത്തോടെ, എന്റെ ഉള്ളുകള്ളികള്‍ മറ്റൊരാള്‍ മനസ്സിലാക്കിയ വല്ലായ്മയോടെ തലയാട്ടി.

അങ്ങിനെയാണ് ജീവിതം. അയാള്‍ വളരെ ഗൗരവമായി പറഞ്ഞു. ഒരു സമരം തന്നെയാണ്. എ വെരിറ്റ ബ്ള്‍ സ്റ്റ്രഗ്ള്‍.

അയാളെ എന്നിലേയ്ക്കടുപ്പിക്കുന്ന എന്തോ ഉണ്ടായിരുന്നു. അയാളുടെ കണ്ണുകള്‍, അതിലുള്ള ‘നമ്മള്‍ രണ്ടുപേരും, അല്ലെ’ എന്ന ഭാവം.

എന്റെ പേര് മോഹന്‍ പിള്ള. അയാള്‍ പറഞ്ഞു. നമ്മടെ പേര്?

രാഘവന്‍.

രാഘവന്‍? അയാള്‍ ഊന്നിച്ചോദിച്ചു.

ഞങ്ങള്‍ നായന്മാരാണ്. പക്ഷെ ഞാന്‍ ടൈറ്റിലൊന്നും ഉപയോഗിക്കാറില്ല.

ശരിയാണ്. അയാള്‍ ഗൗരവമായി ആലോചിച്ചു കൊണ്ടു പറഞ്ഞു. അല്ലെങ്കില്‍ ജാതിയിലും മതത്തിലു മൊക്കെ എന്തു കിടക്കുന്നു? നമ്മുടെ ചുറ്റും കാണുന്ന വൃത്തികേടില്‍ പലതിന്റെയും ഉത്ഭവം ജാതിമത ങ്ങളല്ലെ?

വീണ്ടും അയാള്‍ എന്റെ ഭാഗത്താണെന്നു പറയുന്നു. നമ്മുടെ വികാരങ്ങള്‍ എന്തെന്നറിയാതെതന്നെ മറ്റൊരാള്‍ അവ ഏറ്റുപറയുമ്പോള്‍ നാം പ്രശംസിക്കപ്പെടുന്നു. നമുക്കവരുമായി ഒരു സ്വകാര്യബന്ധം ഉണ്ടാവുന്നു. മനസ്സും മനസ്സുമായി ഒരടുക്കല്‍. ആ മനുഷ്യന്‍ പിന്നെ, കാണാന്‍ ഭംഗിയില്ലെങ്കിലും ഇടാന്‍ സുഖമുള്ള ഒരു ഷര്‍ട്ടുപോലെ സ്വീകാര്യനാവുന്നു.

അയാള്‍ വാച്ചു നോക്കി.

ഓ എനിയ്ക്കു പോകണം.

പിന്നെ യാതൊരു മുന്നറിയിപ്പും, ലോഹ്യം ചോദിക്കലുമില്ലാതെ അയാള്‍ പോയ്ക്കഴിഞ്ഞു.

അകത്ത് ഭാരതി ചന്ദനത്തിരിക്കുള്ള കൂട്ട് കുഴയ്ക്കുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ അവള്‍ നടു നിവര്‍ത്തു.

നടു വേദനിച്ചിട്ട് വയ്യ. എന്താ ഇത്ര വൈകിയത്. വരാന്‍? കുറച്ചു വെള്ളം വേണ്ടിയിരുന്നു.

ഞാന്‍ പാത്രത്തില്‍ വെള്ളമെടുത്തു കൊണ്ടുവന്നു.

കടയില്‍ ഒരു കസ്റ്റമര്‍ വന്നിരുന്നു.

വല്ലതും വാങ്ങിയോ?

അയാള്‍ക്ക് നമ്മുടെ കട നല്ല ഇഷ്ടമായി.

അതേയോ എന്ന അര്‍ത്ഥത്തില്‍ അവള്‍ മൂളി. കൂട്ട് കുഴച്ച ശേഷം എഴുന്നേറ്റ് കരി പിടിച്ച കൈകള്‍ കഴുകി.

സമയമെത്രയായി?

എട്ടുമണി.

കട അടച്ചുവോ?

മോനോട് പറഞ്ഞിട്ടുണ്ട്.

ഭാരതി കസേരയില്‍ ഇരുന്നു. അരക്കെട്ടിനു പിന്നില്‍ കൈവെച്ചു.

ഇന്ന് വേദന കൂടിയിട്ടുണ്ട്.

ഞാന്‍ ഒന്നും പറയാതെ ഉണങ്ങാന്‍ വിരിച്ചിട്ട ചന്ദനത്തിരികള്‍ നോക്കി. എന്താണ് ആശ്വസിപ്പിക്കേണ്ടത്, രാവിലെ അഞ്ചു മണിക്ക് തുടങ്ങിയതാണ് ഈ ജോലി. അതിനിടയ്ക്ക് അടുക്കളപ്പണിയും. ഇനി കുഴച്ചു വെച്ചതു മുഴുവന്‍ തെറുത്തു കഴിയുമ്പോള്‍ ഒരു മണിയെങ്കിലുമാവും. വീണ്ടും അഞ്ചുമണിക്ക്.......

കുറച്ചുകൂടി ക്ഷമിക്കു. ഞാന്‍ മനസ്സില്‍ പറഞ്ഞു. എല്ലാം ശരിയാവും. ചന്ദനത്തിരി വില്ക്കുന്ന കാര്യത്തില്‍ മിടുക്കില്ലെങ്കിലും ഞാന്‍ സ്വപ്നങ്ങള്‍ വില്ക്കുന്നതില്‍ നല്ല സെയില്‍സ്മാന്‍ ആയിരുന്നു.

എന്റെ ഒരേ കസ്റ്റമര്‍ ഭാരതിയാണ്. ഞാന്‍ അവള്‍ക്ക് ദിവസേന മധുരമുള്ള സ്വപ്നങ്ങള്‍ വില്ക്കുന്നു.

കുറച്ചുകൂടി കഴിഞ്ഞാല്‍ നമുക്ക് രണ്ടു മൂന്നു പെണ്‍കുട്ടികളെ ചന്ദനത്തിരിയുണ്ടാക്കാന്‍ ഏര്‍പ്പാടു ചെയ്യാം. എവിടെയെങ്കിലും ഒരു ചെറിയ ഷെഡ്ഡ് വാടകയ്‌ക്കെടുത്ത് അവിടെ ഒരു ഫാക്ടറി മാതിരി തുടങ്ങാം. കടയിലിരിയ്ക്കാന്‍ ഒരു പയ്യനെ ഏര്‍പ്പാടാക്കാം. ഒരാറുമാസം കൊണ്ട് നമുക്ക് ഇതെല്ലാം സാധിക്കും. പിന്നെ നമുക്ക് ഒരു സ്‌കൂട്ടര്‍ വാങ്ങണം. ചന്ദനത്തിരികൊണ്ട് കടകളില്‍ കയറിയിറങ്ങുമ്പോള്‍ യാത്ര ഒരു സ്‌ക്കൂട്ടറിലാവുമ്പോള്‍ സൗകര്യമാണ്. പിന്നെ അവര്‍ക്കും ഒരു മതിപ്പുണ്ടാവും എന്നെപ്പറ്റി. വെറും സെയില്‍സ്മാന്‍മാരോടെന്നപോലെ വൃത്തികേടായി പെരുമാറില്ല.

ഭാരതി സ്വപ്നം കാണാന്‍ തുടങ്ങുന്നു. ഇളം നീല നിറമുള്ള സ്‌ക്കൂട്ടറിന്റെ പിന്നില്‍ ഇരുന്ന് ഞായറാഴ്ചകളില്‍ സിനിമ കാണാന്‍ പോവുക. മാസങ്ങളായി കണ്ടിട്ടില്ലാത്ത ബന്ധുക്കളുടെയും സ്‌നേഹിതരുടെയും വീട്ടില്‍ പോവുക. സ്വപ്നം തുടരവേ അവള്‍ യാന്ത്രികമായി ജോലി ചെയ്യുന്നു.

ചെറുപ്പത്തില്‍ അമ്മ പശുക്കള്‍ക്ക് കാടി വെള്ളം കൊടുക്കുന്നതു കണ്ടിട്ടുണ്ട്. സ്വാദില്ലെങ്കില്‍ ആ പാവങ്ങള്‍ പിണ്ണാക്കിട്ട് കുതിര്‍ത്തതാണെങ്കിലും ആ വെള്ളം കുടിക്കാറില്ല. അമ്മപോയി കുറച്ച് ഉപ്പ് എടുത്തുകൊണ്ടു വന്ന് വെള്ളത്തില്‍ നനച്ച് കുടിക്കാന്‍ സമ്മതിക്കാതെ തലയാട്ടുന്ന ആ മൃഗത്തിന്റെ വായി ല്‍ വെച്ചുകൊടുക്കുന്നു. ഒപ്പം അതിന്റെ തലയും വെള്ളത്തിലേയ്ക്ക് താഴ്ത്തിക്കൊടുക്കുന്നു. ഉപ്പിന്റെ സ്വാദോര്‍ത്ത് പശു കാടി വെള്ളം മുഴുവന്‍ അകത്താക്കുന്നു. പിന്നെ അമ്മയുടെ സ്‌നേഹമയമായ ശകാരങ്ങ ളാണ്.

അപ്പൊ അതങ്ങട് നേര്‍ത്തെ കുടിക്ക്യായിരുന്നില്ലേ. കൊഞ്ചാന്‍ നിക്കണത്.

അമ്മ സ്വന്തം മക്കളേക്കാള്‍ മിണ്ടാപ്രാണികളെ സ്‌നേഹിച്ചു. അപ്പോള്‍ അല്പ സ്വല്പം ചതിയായാലും കുഴപ്പമില്ല.

ഭാരതി സ്വപ്നത്തിന്റെ ഉപ്പുരസം ആസ്വ ദിച്ച് വെള്ളം കുടിക്കയാണ്. എനിയ്ക്ക് എന്റെ കാടിവെള്ളം കുടിക്കേണ്ടതുണ്ട്, ഉണങ്ങിയ ചന്ദനത്തിരികള്‍ എണ്ണി പാക്കറ്റുകള്‍ നിറയ്ക്കുക, ഡസന്റെ പായ്ക്കറ്റുകള്‍ ഒന്നായി പാക്കു ചെയ്യുക. ഓര്‍ഡര്‍ അനുസ രിച്ച് വേര്‍തിരിച്ചു വെക്കുക.

മോഹന്‍പിള്ള പിറ്റേന്നും വന്നു ഒരു ചിരിയോടെ അയാള്‍ കൗണ്ടറില്‍ കൈ കുത്തി നിന്നു. ഞാനുണ്ട് നിങ്ങളുടെ ഭാഗത്തെന്ന് സാന്ത്വനിപ്പിക്കുന്ന ഭാവം.

എനിയ്ക്കു നിങ്ങളുടെ ചന്ദനത്തിരിയുടെ വാസന ഇഷ്ടമായി. നല്ല വാസനയുണ്ട്.

മൂക്കു വിടര്‍ത്തി, ചന്ദനത്തിരിയുടെ വാസന ആസ്വദിക്കാന്‍ വേണ്ടി അയാള്‍ നിര്‍ത്തി.

നിങ്ങളുടെ ഗെയ്റ്റിന്റെ പത്തുവാര അകലെയെത്തിയാല്‍ ഈ വാസന കിട്ടുന്നുണ്ട്. പിന്നെ എന്റെ നടത്തം നിലത്തല്ല. ഈ വാസന എന്നെ ഒരു സ്വര്‍ഗ്ഗലോകത്തേയ്ക്ക് നയിക്കുന്നു.

അയാള്‍ വാസന എന്ന വാക്ക് ഉപയോഗിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. മണം, ഗന്ധം എന്ന വാക്കുകള്‍ അയാ ള്‍ ഉപയോഗിച്ചില്ല. നാട്ടുകാര്‍ സ്ഥിരം ഉപയോഗിക്കുന്ന വാക്കുകളാണിവ. നല്ല മണം അല്ലെങ്കില്‍ ചീത്തമണം സുഗന്ധം അല്ലെങ്കില്‍ ദുര്‍ഗന്ധം. നാറ്റം അല്ലെങ്കില്‍ വാട. വാസന എന്ന പദം കുറച്ച് പ്രശംസനീയ മായിരുന്നു. മറ്റാര്‍ക്കുമില്ലാത്ത ഒന്ന് നമുക്കുണ്ടെന്ന് അംഗീകരിക്കുന്ന ആ അഭിപ്രായപ്രകടനം നമ്മെ വീണ്ടും അയാളിലേക്കടുപ്പിക്കുന്നു.

വില്‍പനയൊക്കെ എങ്ങിനെയുണ്ട്?

തരക്കേടില്ല. കടയില്‍ വലിയ വില്‍പനയൊന്നുമില്ല. മൊത്തക്കച്ചവടക്കാര്‍ക്കാണ് ഞങ്ങള്‍ കാര്യമായി കൊടുക്കുന്നത്.

ഞാന്‍ ഒന്നു പറയട്ടെ ഒരു സജഷന്‍ മാത്രം.

അയാള്‍ നിര്‍ത്തി. എന്റെ മറുപടിക്കായി, അനുവാദത്തിനായി കാത്തുനിന്നു. എന്റെ മുഖത്തുനിന്ന് അയാള്‍ക്കു കിട്ടാനുള്ളതു കിട്ടിയെന്നു തോന്നുന്നു. അയാള്‍ തുടര്‍ന്നു. ഈ നഗരത്തില്‍ ചുരുങ്ങിയത് അമ്പത് ഉഡുപ്പി റസ്റ്റോറന്റുകളെങ്കിലുമുണ്ടാവും. ഇവരെല്ലാം ചുരുങ്ങിയത് ഓരോ പാക്കറ്റെങ്കിലും ഒരു ദിവസം പുകച്ചു കളയുന്നുണ്ട്. എന്നുവെച്ചാല്‍ അമ്പത് പാക്കറ്റ് ഒരു ദിവസം. നിങ്ങള്‍ക്ക് മൊത്തവിലയ്ക്ക് കൊടുത്താലും ലാഭമല്ലെ? ആഴ്ചയില്‍ പത്തു മുന്നൂറു പാക്കറ്റിന്റെ ബിസിനസ്സ് മോശമാണോ?

ആഴ്ചയില്‍ മൂന്നൂറു പാക്കറ്റിന്റെ ബിസിനസ്സ് ഞങ്ങളെ സംബന്ധിച്ചിടത്തോളം നല്ല ബിസിനസ്സു തന്നെയാണ്. പക്ഷെ അതു പ്രകടിപ്പിക്കാതെ ഞാന്‍ ആണെന്നും അല്ലെന്നും അര്‍ത്ഥം വരുന്ന മുഖഭാവവു മായി നിന്നു.

ഒന്നു പരീക്ഷിച്ചു നോക്കു.

ഇനിയും ഒന്നും പറഞ്ഞില്ലെങ്കില്‍ അയാളുടെ നിര്‍ദ്ദേശം മാനിക്കാതിരിക്കയാണെന്ന് അയാള്‍ ധരിക്കു മെന്നു കരുതി ഞാന്‍ പറഞ്ഞു.

നോക്കാം.

പിന്നെയുമുണ്ട് സ്ഥലങ്ങള്‍. അയാള്‍ ആലോചിക്കുകയായിരുന്നു.

ഞാന്‍ പിന്നെ പറയാം. ഇത്രയും മനോഹരമായൊരു സാധനം വില്‍ക്കാന്‍ അത്ര പണിപാടൊന്നുമില്ല. പരസ്യം ചെയ്യണം ധാരാളം പരസ്യം. നിങ്ങളുടെ ബ്രാന്റ് ആള്‍ക്കാരുടെ കണ്ണില്‍ പെടണം.

അയാള്‍ വാച്ചു നോക്കി.

ഓ, സമയം! ഞാന്‍ വരാം.

അയാള്‍ പോയ്ക്കഴിഞ്ഞു.

ഭാരതിയുടെ കണ്ണുകള്‍ വിടര്‍ന്നു. ആഴ്ചയില്‍ മുന്നൂറു പാക്കറ്റ്. അതും മൊത്തവിലയില്‍. നമുക്ക് ഒരു പാക്ക റ്റില്‍ അമ്പതു പൈസ കൂടുതല്‍ കിട്ടും. എന്താ മോശം നാളെത്തന്നെ ഒന്നു പോയി നോക്കു.

കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് എനിക്കറിയാം. അത് അനുഭവങ്ങളെക്കൊണ്ട് കിട്ടിയ അറിവാണ്. വളരെ എളുപ്പമാണെന്നു തോന്നിയ കാര്യങ്ങള്‍, അടുക്കുമ്പോള്‍ വിലങ്ങുതടികള്‍ നിറഞ്ഞതാണെന്നു മനസ്സിലാവുന്നു ഭാരതിയുടെ ശുഭാപ്തിവിശ്വാസം എന്തിനു കളയണം. പോരാത്തതിന് ഒന്നു ശ്രമിച്ചു നോക്കാന്‍ ഞാനും തീര്‍ച്ചയാക്കിയിരുന്നു. ഞാന്‍ പറഞ്ഞു.

നാളെ പോയി നോക്കാം.

തയ്യാറായ പാക്കറ്റുകള്‍ കുന്നുകൂടിയിരുന്നു, ഓര്‍ഡറുകള്‍ പ്രതീക്ഷിച്ച്. ശ്രമിക്കുന്നതില്‍ യാതൊരു കുഴ പ്പവുമില്ല. എന്തു കിട്ടിയാലും അതൊരു നേട്ടമാണ്.

നിറച്ച സഞ്ചിയുമായി ഞാനിറങ്ങി. തൊട്ടടുത്തുള്ള ഉഡുപ്പി റസ്റ്റോറന്റ് ഞാന്‍ ഒഴിവാക്കി. ഞങ്ങള്‍ വല്ലപ്പോഴും ഒരു ഞായറാഴ്ച മസാലദോശ കഴിക്കാന്‍ പോകാറുള്ള ഇടമാണത്. ഇനിയൊരു സെയ്ല്‍സ് മാന്‍ എന്ന നിലയ്ക്ക് എന്നെ സ്വയം പരിചയപ്പെടുത്താന്‍ ഒരു സങ്കോചം. രണ്ടു സ്റ്റോപ്പു കഴിഞ്ഞാല്‍ ഒരു വലിയ ഉഡുപ്പി റെസ്റ്റോറന്റുണ്ട്. തുടക്കം അവിടെത്തന്നെയാവട്ടെ ഞാന്‍ നടന്നു.

മാര്‍ബിള്‍ പതിച്ച ചുമരുള്ള ആ റെസ്റ്റോറണ്ടില്‍ തണുപ്പായിരുന്നു. ചന്ദനത്തിരിയുടെ മണവും നെയ്‌റോ സ്റ്റിന്റെ മണവും ചേര്‍ന്ന് വളരെ സുഖകരമായ ഒരു വാസന അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു. ഉഡുപ്പി റെസ്റ്റോറന്റില്‍ എപ്പോഴും ഊ വാസന ഉണ്ടാവാറുണ്ടെന്നത് ഞാന്‍ ഓര്‍ത്തു. പക്ഷെ അത് ശ്രദ്ധിക്കാറു ണ്ടായിരുന്നില്ല. ജനിച്ച മുതല്‍ ഞാന്‍ അനുഭവിക്കാന്‍ തുടങ്ങിയതാണീ മണം. വീട്ടില്‍ത്തന്നെയായിരുന്നു അച്ഛന്‍ ചന്ദനത്തിരികള്‍ ഉണ്ടാക്കിയിരുന്നത്. വീട്ടിന്റെ കോലായില്‍ തന്നെ കച്ചവടവും. ക്ലാസിലെ സ്‌നേഹിതന്മാരാരെങ്കിലും ‘തന്റെ വീട്ടില്‍ എന്തു വാസനയാണ്’ എന്നു പറയുമ്പോള്‍ ഞാന്‍ അത്ഭുത പ്പെടാറുണ്ട്. ചന്ദനത്തിരി വാസനയുള്ള ഒരു സാധനമാണെന്ന കാര്യം കൂടി ഞാന്‍ മറന്നിരുന്നു.

ഇപ്പോള്‍, ഇതൊരു പുതിയ മണമായതു കൊണ്ടോ അത് നെയ്‌റോസ്റ്റിന്റെ മണവുമായി കുഴഞ്ഞതു കൊണ്ടോ എന്തോ അത് വളരെ ഹൃദ്യമായി തോന്നി. ഞാന്‍ ആവോളം ആ മണം ആസ്വദിച്ചു.

കൗണ്ടറിനു മുകളില്‍ വാടാത്ത പൂമാലയണിഞ്ഞ സ്വാമിയുടെ ചിത്രത്തിനു മുമ്പില്‍ ഒരു കുറ്റിയില്‍ നിറയെ ചന്ദനത്തിരി കത്തിച്ചിരിക്കുന്നു. അഞ്ചെട്ടെണ്ണമുണ്ടാവും. മോഹന്‍പിള്ള പറഞ്ഞതു ശരിയാണ്. ഇവര്‍ ദിവസേന ഒരു പാക്കറ്റെങ്കിലും ഉപയോഗിക്കുന്നുണ്ടാവും.

കൗണ്ടറില്‍ വെളുത്തു തടിച്ച ഒരാള്‍ ഇരുന്നിരുന്നു. കഴുത്തില്‍ സ്വര്‍ണ്ണമാല, നെറ്റിയില്‍ ചന്ദനക്കുറി, ചെവി യില്‍ പൂക്കള്‍. ഞാന്‍ ബാഗില്‍ നിന്ന് മൂന്നു പാക്കറ്റുകള്‍ പുറത്തെടുത്ത് കൗണ്ടറില്‍ നിരത്തി. അപ്പോഴേയ്ക്ക് രണ്ടുപേര്‍ ബില്ലുമായി വന്നു. അയാള്‍ പാക്കറ്റുകള്‍ പതുക്കെ ഒരരുകിലേയ്ക്ക് മാറ്റി. അവരുടെ പണം വാങ്ങി ചില്ലറ കൊടുത്തി.

നല്ല ചന്ദനത്തിരിയാണ്. മൂന്നു വ്യത്യസ്ത വാസനയാണ് മുല്ലപ്പൂ, റോസ്, പിന്നെ ഇന്റിമേറ്റ്.

അയാള്‍ പറഞ്ഞു.

താങ്ക്‌സ്, ഇപ്പോള്‍ വേണ്ട. പിന്നെ ഇവിടെ ഒരാള്‍ കൊണ്ടുവന്നു തരുന്നുണ്ട്. ഒരു പഴയ ആളാണ്. ആട്ടെ നിങ്ങളുടെ വില എന്താണ്?

പാക്കറ്റിന് മൂന്ന് അമ്പത്. മുപ്പതു ചന്ദനത്തിരികളുണ്ടാവും.

വില അധികമൊന്നുമില്ല. അയാള്‍ പറഞ്ഞു. ഇതാണ് കാര്യം. ഒരു പറ്റുകാരനുണ്ട്. കുറച്ച് വയസ്സായ ആളാണ്. ഇതാ ഇപ്പൊ തന്ന് പോയിട്ടേള്ളൂ. ഒരു പക്ഷെ ഇതിനുള്ളില്‍ത്തന്നെ എവിടെയെങ്കിലുമുണ്ടാവും.

അയാള്‍ ഹാളില്‍ തിരഞ്ഞു.

നല്ല തിരക്കുണ്ടായിരുന്നു. വെള്ള ലാമിനേറ്റിട്ട മേശയ്ക്കു മുമ്പിലിരുന്ന് ഭക്ഷണം കഴിക്കുന്ന ആള്‍ ക്കാര്‍ക്കിടയില്‍ എനിക്കറിയാത്ത ഒരു ചന്ദനത്തിരിക്കാരനെ ഞാന്‍ തിരഞ്ഞു.

അതാ ആ വരുന്നില്ലെ, അയാളാണ് ആള്‍.

ഞാന്‍ നോക്കി. വളരെ വയസ്സായ ഒരാള്‍ ഒരു കാന്‍വാസ് സഞ്ചിയും തൂക്കി വരുന്നു. വയസ്സന്‍ കൗണ്ടറിനു മുമ്പില്‍ നിന്നു. സഞ്ചി താഴെ വെച്ച് കീറിത്തുടങ്ങിയ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് ഒരു ഒറ്റ ഉറുപ്പിക നോട്ടെടുത്ത് കൊടുത്തു. സഞ്ചിയെടുത്തു തോളത്തു വെച്ചു.

ശരി വരട്ടെ മുതലാളി. അടുത്ത ആഴ്ച കാണാം.

തിരിയുമ്പോഴാണ് കിഴവന്‍ കണ്ടത്, ഞാന്‍ കൗണ്ടറില്‍ വെച്ച മൂന്നു പാക്കറ്റ് ചന്ദനത്തിരികള്‍. അയാളുടെ മുഖം മങ്ങി. അയാള്‍ ദൈന്യ ഭാവത്തില്‍ എന്നെ നോക്കി. പിന്നെ താഴെ വെച്ച എന്റെ സഞ്ചിയും. ആ നോട്ടം വളരെ വിഷമിപ്പിക്കുന്നതായിരുന്നു.

കിഴവന്‍ പോയി.

ഒരു സാധു മനുഷ്യനാണ്. ഇതൊണ്ടാക്ക്യാണ് അയാള്‍ ജീവിക്കണത്. ഞാന്‍ വേണങ്കി അയാളെ ഒഴിവാക്കി നിങ്ങള്‍ക്ക് ബിസിനസ്സ് തരാം.

വേണ്ട ഞാന്‍ ആ മൂന്നു പാക്കറ്റുകളും എടുത്തു.

ആ മൂന്നു പാക്കറ്റുകള്‍ വേണമെങ്കില്‍ വെച്ചോളു. നിങ്ങള്‍ കുറച്ചു സമയം ഇവിടെ നഷ്ടപ്പെടുത്തിയതല്ലെ!

അതു സാരല്ല്യ. പാക്കറ്റുകള്‍ സഞ്ചിയിലേക്കിടുമ്പോള്‍ ഞാന്‍ പറഞ്ഞു.

ശരി, കാണാം.

ശരി. വേറൊരു കസ്റ്റമറുടെ പണം വാങ്ങുന്നതിനിടയില്‍ ചിരിച്ചുകൊണ്ട് മുതലാളി പറഞ്ഞു.

അയാള്‍ വളരെ മര്യാദക്കാരനായിരുന്നു, അയാളുടെ മര്യാദ എന്നെ നിരായുധനാക്കി, മൂന്നു പാക്കറ്റാ ണെങ്കില്‍ മൂന്നു പാക്കറ്റ്. അത്രയും വില്‍ക്കാമായിരുന്നു. പക്ഷേ, അയാളുടെ സംസാരത്തിലെ എന്തോ ഒന്ന് എന്നെ നിര്‍വീര്യനാക്കിയിരുന്നു. അയാള്‍ക്കത് ആവശ്യമില്ലെന്നും ഞാന്‍ എന്റെ പണ്ടങ്ങള്‍ അയാളുടെ തലയിലിടുകയാണെന്നും ഉള്ള ഒരു ബോധം എനിക്കുണ്ടായി. അയാള്‍ ഒന്ന് മുഖം ചുളിക്കുകയോ, എന്നെ അവഗണിക്കുകയോ ചെയ്തിരുന്നെങ്കില്‍ എനിക്കതു ചെയ്യാമായിരുന്നു.

പിന്നെ ആ വയസ്സന്റെ നോട്ടം. അതു ദയനീയമായിരുന്നു. എന്റെ ബിസിനസ്സ് തട്ടിയെടുക്കല്ലെ എന്ന പ്രാര്‍ത്ഥനയുണ്ടായിരുന്നു അതില്‍.

ഞാന്‍ അച്ഛനെ ഓര്‍ത്തു. അവസാന കാലങ്ങളില്‍ ബിസിനസ്സ് വളരെ മോശമായിരുന്നു. വളരെ മോശ മെന്നു വെച്ചാല്‍, ചില ദിവസം ഒന്നോ രണ്ടോ പാക്കറ്റുകള്‍ വിറ്റാലായി, അത്രമാത്രം.

പെട്ടെന്നാണ് അതെല്ലാം ഉണ്ടായത്. ആ പരിസരത്തെങ്ങും വേറെ കടകളില്ലായിരുന്നു. ഒരു മാതിരി നല്ല ബിസിനസ്സ് ഉണ്ടായിരുന്നതാണ് ദൂരെയുള്ള മറ്റു കടകളിലേക്കും അച്ഛന്‍ ഒരു പയ്യനെ വെച്ച് വിതരണം നടത്തി യിരുന്നു. പെട്ടെന്ന് അച്ഛന് മാര്‍ക്കറ്റ് നഷ്ടപ്പെട്ടു, ഒരു സായുധ വിപ്ലവം പോലെയായിരുന്നു അത്. ചുറ്റും പുതിയ കടകള്‍ ഉയര്‍ന്നുവന്നു. ഒരു കുട്ടി കളിപ്പാട്ടങ്ങള്‍ നിരത്തുന്ന വേഗത്തിലാണതുണ്ടായത്. നിരത്തു നിറയെ അറിയാത്ത ആള്‍ക്കാര്‍ ഉരസി നടന്നു. സ്വന്തം നാട്ടില്‍ അന്യനായതുപോലെ അച്ഛനു തോന്നിക്കാണണം. ഇതിനിടയില്‍ തന്റെ ചന്ദനത്തിരിക്കുള്ള പ്രിയം കുറഞ്ഞുവന്നതദ്ദേഹത്തെ അത്ഭുത പ്പെടുത്തി. കുറേക്കാലമായി വാതത്തിന്റെ ശല്യം കാരണം അച്ഛന്‍ പുറത്തിറങ്ങാറില്ല. അതുകൊണ്ട് പട്ടണത്തിന്റെ മറ്റു ഭാഗങ്ങളില്‍ എന്താണ് സംഭവിച്ചുകൊണ്ടിരുന്നതെന്ന് അച്ഛന് മനസ്സിലായില്ല. വലിയ ഗ്ലാസ് ഷെല്‍ഫുകളുള്ള കടകളില്‍ പലതരം നിത്യോപയോഗ സാധനങ്ങള്‍ നിരന്നു. ചന്ദനത്തിരികള്‍ പല ആകര്‍ഷമായ പാക്കറ്റുകളില്‍ എത്തി. പുതിയ മണം, പുതിയ പാക്കറ്റുകള്‍ തേടി ആള്‍ക്കാര്‍ ഈ പുതിയ കടകള്‍ കയറിയിറങ്ങി. ഇതൊന്നും അച്ഛന് മനസ്സിലായില്ല. അച്ഛന്റെ കണ്ണ് തിമിരത്തിന് ഓപ്പറേറ്റ് ചെയ്തി രുന്നു. കട്ടിയുള്ള കണ്ണടയിലൂടെ അച്ഛന്റെ കണ്ണുകള്‍ വളരെ വലുതും വിരൂപവുമായി തോന്നിയിരുന്നു. ആ കണ്ണുകളും പായിച്ച് അച്ഛന്‍ കടയില്‍ വരാത്ത പതിവുകാരെ പ്രതീക്ഷിച്ച് നിരത്തിലേക്ക് നോക്കിയിരുന്നു.

അടുത്ത ഉഡുപ്പി റെസ്റ്റോറന്റിലേക്കു കുറച്ചധികം ദൂരമുണ്ടായിരുന്നു. ബസ്സ് പിടിക്കണോ എന്നാലോചിച്ച് ഞാന്‍ ഒരു നിമിഷം നിന്നു. രാവിലത്തെ പോക്കു കണ്ടാല്‍ ബസ്സുകൂലി കൂടി നഷ്ടമാണെന്നു തോന്നി ഞാന്‍ നടക്കാന്‍ തുടങ്ങി.

അത് ആദ്യത്തെ റെസ്റ്റോറണ്ടിന്റെ അത്രതന്നെ വലുതായിരുന്നില്ല. ചന്ദനത്തിരിയുടെ മൂന്നു പാക്കറ്റുകള്‍ മേശമേല്‍ വെക്കുമ്പോഴേക്കും മുതലാളി പറഞ്ഞു.

എടുത്തു വെച്ചോ ബാഗില്‍ തന്നെ, ഇവിടെ ധാരാളം സ്റ്റോക്കുണ്ട്.

ഇതൊന്നു പരീക്ഷിച്ചു നോക്കു, ഞങ്ങള്‍ സ്വന്തമുണ്ടാക്കുന്നതാണ്.

അയാള്‍ എന്നെ ഒന്നു നോക്കി. അതില്‍ അവജ്ഞയുമുണ്ടായിരുന്നു; ധാര്‍ഷ്ഠ്യവും. ആ നോട്ടത്തില്‍ ഞാന്‍ ചെറുതായി വന്നു. അയാള്‍ ഒരു പടുകൂറ്റന്‍ മരം പോലെ വലുതാവുകയും. അല്പം നല്ല പെരുമാറ്റത്തിനായി, സമത്വത്തിനായി ഞാന്‍ തല ഉയര്‍ത്തി അയാളെ നോക്കി. അയാള്‍ തന്റെ പുതിയ ഔന്നത്യത്തില്‍ നിന്ന് എന്നെ കൂടുതല്‍ അവജ്ഞയോടെ, നീ എന്തൊരു പുഴു എന്ന മട്ടില്‍ നോക്കുകയാണ്.

ഞാനൊരു വെറും സെയില്‍സ്മാനല്ലെന്നും വില്‍ക്കാന്‍ കൊണ്ടുവന്ന സാധനങ്ങളുണ്ടാക്കുന്ന കമ്പനിയുടെ ഉടമസ്ഥനാണെന്നും അയാളോട് പറയണമെന്നും, അതുവഴി അയാളില്‍ കുറച്ചെങ്കിലും ബഹുമാനം ജനിപ്പിക്കണമെന്നും ഞാന്‍ ആശിച്ചു. പക്ഷേ, ഒന്നും പറയാന്‍ വയ്യ. ഞാനും അയാളും തമ്മി ലുള്ള അകലം വര്‍ദ്ധിച്ചു വരുന്നു. ഈ കേള്‍ക്കാദൂരത്തു നിന്ന് ഞാനയളോടെന്തു പറയാന്‍? ഞാനൊരു വിഷമം പിടിച്ച അവസ്ഥയിലായിരുന്നു. എനിക്കു വേണമെങ്കില്‍ ചന്ദനത്തിരി പാക്കറ്റുകള്‍ തിരിച്ചുവെച്ച് സഞ്ചിയും തൂക്കി പുറത്തു കടക്കാം. പക്ഷേ, ഈ ദൂരം കുറയ്ക്കാതെ എനിയ്ക്കു തിരിച്ചു പോകാനും വയ്യ. അതെനിയ്ക്ക് വല്ലായ്മയുണ്ടാക്കുന്നു. പരാജയത്തേക്കാള്‍ വൃത്തികെട്ട ഒരു ബോധം.

ആ സഞ്ചിയൊന്നു മാറ്റുമോ?

കൗണ്ടറില്‍ ധൃതിയായ വ്യാപാരമാണ്. അയാള്‍ ഒരു താളത്തോടെ ആള്‍ക്കാരില്‍ നിന്ന് നോട്ടുകള്‍ വാങ്ങി അവരുടെ കൈയ്യിലുള്ള ബില്‍ നോക്കി. ആദ്യം ചില്ലറയും പിന്നെ നോട്ടുകളും മേശപ്പുറത്ത് ഒരു ശബ്ദത്തോടെ വെച്ചു. പിന്നെ അടുത്ത ആളുടെ നോട്ട്, ബില്‍, ഞാന്‍ അയാളുടെ താളം തെറ്റിച്ചുവെന്ന് തോന്നുന്നു. കുറച്ചൊരു ഒഴിവു കിട്ടിയപ്പോള്‍ അയാള്‍ പറഞ്ഞു.

ആ സഞ്ചിയൊന്ന് മാറ്റണം. പിന്നെ ഞാന്‍ പറഞ്ഞില്ലെ, ഇപ്പൊ വേണ്ടാന്ന്.

ഞാന്‍ ചന്ദനത്തിരി പാക്കറ്റുകള്‍ സഞ്ചിയിലിട്ട് സഞ്ചി കൈയ്യിലെടുത്തു. പിന്നെ പോക്കറ്റില്‍ നിന്ന് ഒരു വിസിറ്റിംഗ് കാര്‍ഡ് എടുത്ത് അയാളുടെ നേരെ നീട്ടി.

ജ. ഞമഴവമ്മി

ജൃീുൃശലലേൃ

ടംലല േഉൃലമാ െഅഴമൃയമവ്യേ ംീൃസെ

ഇീരവശി 682 016

ഒരു ചെറിയ സ്ഥാപനത്തിന്റെതായാലും ഞാന്‍ ഒരു ഉടമസ്ഥനാണെന്നയാള്‍ അറിയട്ടെ. അതുവഴി ഞാനും അയാളും തമ്മിലുള്ള ഉയരത്തിന്റെ അന്തരം കുറയട്ടെ.

എന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റായിരുന്നു. അയാള്‍ എന്റെ കാര്‍ഡ് വാങ്ങി നോക്കുക പോലും ചെയ്യാതെ മേശയ്ക്കു താഴേയ്ക്കിട്ടു. മേശവലിപ്പിലേക്കോ അല്ലെങ്കില്‍ ചവറ്റു കുട്ടയിലേക്കോ.

ഞാന്‍ പുറത്തു കടന്നു.

മോഹന്‍പിള്ള വീണ്ടും വന്നു. കൗണ്ടറില്‍ കൈ വെച്ച് ഒരു ചിരിയോടെ അയാള്‍ എന്നെ നോക്കി, ഒരു ചോദ്യഭാവത്തോടെ.

ഞാന്‍ പറഞ്ഞ കാര്യം വല്ലതും ചെയ്തുവോ?

ഹോം വര്‍ക്ക് ചെയ്തുവോ എന്നു ചോദിക്കുന്ന അദ്ധ്യാപകന്റെ ലാഘവത്തോടെ അയാള്‍ ചോദിച്ചു.

ഞാന്‍ പെട്ടെന്ന് ഓര്‍ത്തപോലെ പറഞ്ഞു. ആ, ഉടുപ്പി റെസ്റ്റോറന്റിന്റെ കാര്യമല്ലെ? ഞാന്‍ മറന്നുപോയി, ഇന്നു നല്ല തിരിക്കായിരുന്നു കടയില്‍ അടുത്തൊരു ദിവസം പോകാം.

പോകാതിരിക്കരുത്. നമുക്ക് നഷ്ടപ്പെടാനൊന്നുമില്ല. പത്തുമുന്നൂറു പായ്ക്കറ്റിന്റെ ബിസിനസ്സ് അത്ര മോശമൊന്നുമല്ല.

ഞാന്‍ തലയാട്ടി. ഇയ്യാള്‍ എന്തിനെന്നെ ഭരിക്കുന്നു. ഒരമര്‍ഷത്തോടെ ഞാന്‍ ഓര്‍ത്തു. രാവിലെയുണ്ടായ അനുഭവങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. എന്റെ മുഖത്തുണ്ടായ നീരസം അയാള്‍ക്ക് മനസ്സിലായെന്നു തോന്നുന്നു. അയാള്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.

ഞാനൊരു മാഷ്‌ടെപോലെയാണല്ലെ? വല്ലാതെ നിര്‍ബന്ധിക്കുണു അല്ലെ?

ഞാനോര്‍ത്തു എന്റെ നന്മക്കുവേണ്ടി പറയുന്നതാണ്. അല്ലാതെ അയാള്‍ക്ക് ഇതില്‍ മറ്റെന്തു താല്പര്യമാ ണുള്ളത്?

ക്രമേണ എന്റെ മുഖത്തെ വലിഞ്ഞു മുറുകിയ പേശികള്‍ അയഞ്ഞുവന്നു. ഞാന്‍ ശാന്തനായി. തല വേദന നിവാരണി ഗുളികകളുടെ പരസ്യത്തിലെ മോഡലുകളെപ്പോലെ ഞാന്‍ ചിരിച്ചു.

ഞാന്‍ നിങ്ങള്‍ക്കുവേണ്ടി വേറൊരു കാര്യം അന്വേഷിക്കുന്നുണ്ട്. കുറച്ചു വലിയ ബിസിനസ്സായിരിക്കും അതെപ്പറ്റി പിന്നീട് പറയാം.

അയാള്‍ വാച്ചുനോക്കി, ഒരു നിമിഷത്തിനുള്ളില്‍ അപ്രത്യക്ഷനാവുകയും ചെയ്തു.

അകത്ത് ഭാരതി ചന്ദനത്തിരികളുടെ നടുവിലായിരുന്നു. അവള്‍ തലയുയര്‍ത്തി ചോദിച്ചു.

കട അടച്ചുവോ? സമയമെത്രയായി?

അവളുടെ സ്വരം ക്ഷീണിച്ചിരുന്നു. ഭൂതകാലത്തെവിടെയോ ഉള്ള ഒരു കല്ലറയിലെ തടവുകാരിയെപ്പോലെ തോന്നിച്ചു അവള്‍. കാറ്റും വെളിച്ചവും കടക്കാത്ത കല്ലറയിലെ സ്ഥലകാലബോധം നശിച്ച ഒരു തടവുകാരി.

ഈ മുറിയിലെ ബള്‍ബു മാറ്റണം. വല്ലാതെ മങ്ങിയിരിക്കുന്നു. ഞാന്‍ പറഞ്ഞു.

സമയമെത്രയായി എന്ന അവളുടെ ചോദ്യത്തിന് ഞാന്‍ മറുപടി പറഞ്ഞില്ലെന്നോര്‍ത്തു. അവള്‍ മറുപടി പ്രതീക്ഷിച്ചിരുന്നോ? നഷ്ടപ്പെട്ട അവസരങ്ങളുടെയും യാദൃശ്ചികതയുടെയും തടവറയില്‍ക്കിടക്കുന്ന അവള്‍ക്ക് അതിന്റെ ആവശ്യമുണ്ടോ?

ഒരു പുതിയ വ്യക്തിയെ കാണുന്ന പോലെ ഞാന്‍ ഭാരതിയെ നോക്കി. അവള്‍ കുനിഞ്ഞിരുന്ന് ജോലി ചെയ്യുന്നു. അവള്‍ അവളുടേതായ ഒരു ലോകത്താണ്. ഞാനവളെ നോക്കി പഠിച്ചു. ഒതുക്കമില്ലാത്ത തലമുടി നെറുകയില്‍ കെട്ടവച്ചിരിക്കുന്നു. കാതിലിട്ട കമ്മലുകള്‍ ചെവിയില്‍ പറ്റിപ്പിടിച്ചിരിക്കുന്നു. മഞ്ഞയില്‍ ചെറിയ ചുവന്ന പൂക്കളായ സാരിയാണവള്‍ ഉടുത്തിരുന്നത്. തീരെ അപരിചിതയായ ഒരു സ്ത്രീയെയെന്ന പോലെ ഞാന്‍ അവളെ കൗതുകത്തോടെ നോക്കി. ഞാനും അവളും തമ്മിലെന്താണു ബന്ധം? ഒപ്പം താമസിക്കുക, സമയവും സന്ദര്‍ഭവും കിട്ടുമ്പോള്‍ ഇണചേരുക എന്നതല്ലാതെ അവളുടെ വികാരങ്ങളെ ന്തല്ലാമാണെന്നറിയാന്‍ ഞാന്‍ ശ്രമിച്ചിരുന്നോ? ഞാന്‍ എപ്പോഴും എന്റെ വികാരങ്ങള്‍ക്കു മാത്രമേ ശ്രദ്ധ കൊടുത്തിരുന്നുള്ളു. ഇപ്പോള്‍ ഈ സമയത്ത് അവള്‍ എന്തായിരിക്കും ആലോചി ക്കുന്നുണ്ടാവുക? അവള്‍ എനിയ്ക്കു തീരെ അപരിചിതയായിരുന്നു.

അവള്‍ക്ക് വികാരങ്ങളുണ്ടെന്നു പരിഗണിക്കാത്ത ഞാന്‍, എന്റെ സ്വകാര്യഭയങ്ങളും, വേദനകളും അപമാനഭാരങ്ങളും അവളുമായി പങ്കിട്ടിരുന്നില്ല. ഒരു വിശ്വാസമില്ലായ്മ, കാര്യമുണ്ടോ എന്ന സംശയം അത്രമാത്രം. ഒരു പക്ഷേ അവളോട് പറഞ്ഞാല്‍ അതിനെപ്പറ്റി സംസാരിക്കാന്‍ ഒരവസരമുണ്ടാകുകയും, അതില്‍നിന്ന് എന്തെങ്കിലും പരിഹാരം ഉരുത്തിരിയുകയും ചെയ്യുമായിരിക്കും. അതിനുപകരം അവ ഞാന്‍ തന്നെ സ്വയം ചവച്ചരച്ച് പാകമാക്കുന്നു. രാവിലെയുണ്ടായ അനുഭവങ്ങള്‍ ഞാന്‍ ഭാരതിയോടു പറഞ്ഞില്ല. അവര്‍ക്ക് തല്ക്കാലം ചന്ദനത്തിരികള്‍ ആവശ്യമില്ലെന്നു മാത്രം പറഞ്ഞു.

വൈകുന്നേരം വരെ ആ സംഭവം എന്റെ മനസ്സില്‍ ഉറങ്ങാതെ ജോലിയെടുത്തു കൊണ്ടിരിക്കയായി രുന്നു. അതുകൊണ്ട് എനിക്കിപ്പോള്‍ അതു കുറച്ചുകൂടി വ്യക്തമായി വിശകലനം ചെയ്യാന്‍ പറ്റി. എനിയ്ക്ക് എവിടെയാണ് തെറ്റു പറ്റിയതെന്നു മനസ്സിലായി. ചന്ദനത്തിരി വില്‍ക്കാന്‍ പോകേണ്ടിയിരുന്നത് പി. രാഘവന്‍ എന്ന കമ്പനിയുടമയല്ല. എന്നിലെ സെയില്‍സ്മാനായിരുന്നു. എന്നിലെ സെയില്‍സ്മാന്‍ മാത്രമെയുണ്ടായിരുന്നുള്ളുവെങ്കില്‍ സംഭവങ്ങള്‍ വ്യത്യസ്തമായേനേ.

മോഹന്‍ പിള്ള എന്റെ ഒരു സ്വഭാവമായി മാറിയിരുന്നു. രാത്രി ഏഴുമണി കഴിഞ്ഞാല്‍ ഞാന്‍ ഗേയ്റ്റി ലേക്കു നോക്കിയിരുന്നു. അയാള്‍ വരാത്ത ദിവസങ്ങളില്‍ എനിയ്ക്കു വിഷമമുണ്ടാവുന്നു.

ചില ദിവസം അയാളെ കാത്തിരുന്ന് മടുത്ത് കുറച്ചു വെള്ളം കുടിക്കാന്‍ അകത്തു പോകുമ്പോഴായി രിക്കും അയാള്‍ വരിക. ഞാന്‍ തിരിച്ചു വരുമ്പോള്‍ മോഹന്‍ പിള്ള ചിരിച്ചുകൊണ്ടു നില്‍ക്കുന്നുണ്ടാവും.

ഒരു ദിവസം അയാള്‍ ചോദിച്ചു.

എന്തു ധൈര്യത്തിലാണ് നിങ്ങള്‍ കട തുറന്നിട്ട് പോകുന്നത്?

ഞാന്‍ ചിരിക്കുക മാത്രം ചെയ്യും.

ഞാന്‍ സത്യസന്ധനായതുകൊണ്ട് നിങ്ങളുടെ കട കൊള്ളയടിച്ചില്ല. എന്റെ അത്ര തന്നെ സത്യസന്ധര ല്ലാത്ത വരും ഇല്ലെ ഈ ലോകത്ത്?

എനിക്കു മനുഷ്യനെ വിശ്വാസമാണ്. ഞാന്‍ പറയുന്നു. മറ്റൊന്നിനെ വിശ്വസിച്ചില്ലെങ്കിലും ഞാന്‍ മനുഷ്യ നിലും അവന്റെ നന്മയിലും വിശ്വസിക്കുന്നു.

നിങ്ങള്‍ ഭ്രാന്താണ്. മോഹന്‍പിള്ള പറഞ്ഞു. ചിരിച്ചുകൊണ്ടു തന്നെ, എന്നെ കളിയാക്കുന്ന മട്ടില്‍. മനുഷ്യന്‍ മനുഷ്യനെ ചതിക്കുന്നു. നാലു കാശിനുവേണ്ടി കൊല്ലുന്നു. കിഴവന്‍മാര്‍ എട്ടും പത്തും വയസ്സു ള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നു. സ്വന്തം കീശ നിറയ്ക്കാന്‍ വേണ്ടി ആളുകള്‍ പൊതുവനം വെട്ടി നശിപ്പിക്കുന്നു. അതു വളരുന്ന തലമുറയുടെ ഭാവി നശിപ്പിക്കുകയാണെന്ന് ഓര്‍ക്കുന്നില്ല. മരുന്നു കമ്പനി ക്കാര്‍ മറ്റു രാജ്യങ്ങളില്‍ നിരോധിച്ച വിഷമരുന്നുകള്‍ വിറ്റ് കാശാക്കുന്നു. വന്‍രാജ്യങ്ങള്‍ അന്യോന്യം നൂറിരട്ടി നശിപ്പിക്കാന്‍ മാത്രം അണുബോംബുകള്‍ ഉണ്ടാക്കി വെച്ചിരിക്കുന്നു. ഇത്രയൊക്കെയായിട്ടും നിങ്ങള്‍ക്ക് മനുഷ്യനിലുള്ള വിശ്വാസം നശിച്ചിട്ടില്ലെന്നോ. നിങ്ങളൊരു സ്വപ്നജീവിയാണ് ഹേ.

മോഹന്‍ പിള്ള പറയുന്നതെല്ലാം ശരിയാണെന്നറിയാം. എന്നാലും മനുഷ്യന്‍. അവനെ സ്‌നേഹിക്കാതിരി ക്കാനും വിശ്വസിക്കാതിരിക്കാനും വയ്യ. അതെന്റെ ബലഹീനതയാണ്.

പൂപ്പല്‍ പിടിച്ച ചിത്രം ഒരിക്കല്‍കൂടി വൃത്തിയാക്കപ്പെട്ടു. പത്തുകൊല്ലം ചെറിയ കച്ചവടക്കാരനെ വലിയ മുതലാളിയാക്കാന്‍ രാവുപകല്‍ ശ്രമിച്ച് അതില്‍ വിജയം വരിച്ചു. സ്വന്തം വീട്ടില്‍ ഒരു ചെറിയ മുറിയില്‍ മേശയും, രണ്ടു കസേരയും റാക്കില്‍ ഏതാനും പാക്കറ്റ് സാബിംള്‍ ചെരിപ്പുകളും കാന്‍വാസ് ഷൂകളും കുട്ടികളുടെ ഉടുപ്പുകളുമായി വര്‍ഗ്ഗീസ് മാപ്പിള തുടങ്ങിയ ബിസിനസ്സ് ഞാന്‍ എന്റെ പരിശ്രമഫലമായി എം.ജി റോഡില്‍ ഒരു വലിയ കടയില്‍ എത്തിച്ചു. അതോടെ വര്‍ഗ്ഗീസ് മാപ്പിള എന്നോടു തന്ന വാഗ്ദാനങ്ങള്‍ മറന്നു.

തന്റെ അടുത്ത് എന്താണ് രേഖയുള്ളത് തന്നെ പാര്‍ട്ടണറാക്കാമെന്ന്.

എന്റെ കയ്യില്‍ രേഖയൊന്നും ഉണ്ടായിരുന്നില്ല. എത്രയോ പ്രാവശ്യം വര്‍ഗ്ഗീസ് മാപ്പിള നേരിട്ടു പറഞ്ഞത ല്ലാതെ എന്റെ കയ്യില്‍ രേഖയൊന്നുമില്ല.

എല്ലാം വിശ്വാസത്തിന്റെ പേരിലാണ് ചെയ്തത് കമ്പനിയില്‍ കാശില്ലാതെ വന്നപ്പോള്‍ സ്വന്തം പോക്ക റ്റില്‍ നിന്ന് പണമെടുത്തു. ബന്ധുക്കളില്‍ നിന്നും സ്‌നേഹിതരില്‍ നിന്നും കടം വാങ്ങി വര്‍ഗ്ഗീസ് മാപ്പിളയെ സഹായിച്ചു.

അവസാനം ഒരു ദിവസം പ്രതീക്ഷിക്കാത്ത ഏറ്റുമുട്ടലുണ്ടായി. വര്‍ഗ്ഗീസ് മുതലാളിയുമായി തീര്‍ക്കാത്ത കണക്കുമായി പുറത്തിറങ്ങുമ്പോള്‍ തീര്‍ച്ചയാക്കി, ഇനി ആരുടെ കീഴിലും ജോലിയെടുക്കില്ല. വര്‍ഗ്ഗീസ് മുതലാളി തരാനുള്ള നാലു മാസത്തെ ശമ്പളം വാങ്ങാന്‍ പോകലുണ്ടായില്ല. അയാള്‍ക്ക് മര്യാദയുണ്ടെങ്കില്‍ ആ പണം ഒരു ചെക്കോ ഡ്രാഫ്‌റ്റോ ആയി അയച്ചുതരാമായിരുന്നു. ഏതായാലും നാലു കൊല്ലങ്ങള്‍ക്കു ശേഷവും ഇടയ്ക്കിട യ്ക്ക് തീരാത്ത കണക്കിന്റെ ഓര്‍മ്മ വരുമ്പോള്‍, എന്റെ നിസ്സഹായതയോര്‍ത്ത് ഞാന്‍ അമര്‍ഷം കൊള്ളുന്നു.

പുതിയ ബിസിനസ്സിനെപ്പറ്റി മോഹന്‍ പിള്ള പറയുന്നു. അയാളുടെ ഒരു സ്‌നേഹിതന്‍ ഐലന്റില്‍ കയറ്റുമതി ബിസിനസ്സ് നടത്തുന്നു. ഗള്‍ഫിലേക്കാണ് കാര്യമായ കയറ്റുമതി. അയാള്‍ക്ക് ചന്ദനത്തിരികള്‍ വളരെയധികം ആവശ്യമാകും. ഞാന്‍ പരിചയപ്പെടുത്തിതരാം. പക്ഷെ വളരെ വലിയ ക്വാണ്ടിറ്റി വേണ്ടി വരും. പതിനായിരക്കണക്കിന് പാക്കറ്റുകള്‍ ഒരു സമയത്ത് കൊടുക്കേണ്ടി വരും.

അതു ചെയ്യാന്‍ വിഷമമില്ല. ഞാന്‍ രണ്ടു പെണ്‍കുട്ടികളെ നിയമിക്കുന്നുണ്ട്. പിന്നെ നമുക്ക് ലോക്കലായി കുറച്ചു വാങ്ങുകയും ചെയ്യാമല്ലൊ.

ഇത് ഒരു ഷുവര്‍ ബിസ്സിനസ്സാണ്. മോഹന്‍പിള്ള പറയുന്നു. പുള്ളിക്കാരന്‍ എന്റെ വളരെ അടുത്ത സ്‌നേഹിതനാണ്. ഇപ്പോഴുള്ള സപ്ലയറെ മാറ്റിയിട്ടെങ്കിലും നിങ്ങള്‍ക്കു ബിസിനസ്സു തരും.

രാത്രി ഊണുകഴിക്കുമ്പോള്‍ ഭാരതിയോട് പറയുന്നു.

മോഹന്‍ പിള്ളയുടെ സ്‌നേഹിതന് കയറ്റുമതി ബിസിനസ്സാണ് കയറ്റുമതി ചെയ്യാന്‍ ധാരാളം ചന്ദനത്തിരി കള്‍ വേണ്ടിവരുമത്രെ. അയാള്‍ ശരിയാക്കാമെന്ന് ഏറ്റിട്ടുണ്ട്.

എത്ര വേണ്ടി വരും?

ഒരേ സമയത്ത് പതിനായിരക്കണക്കിന് വേണ്ടിവരുമത്രെ.

ഞാന്‍ എന്റെ ശബ്ദത്തില്‍ ഉത്തേജനമുണ്ടാവാതിരിക്കാന്‍ ശ്രദ്ധിച്ചു. ഒരു സാധാരണ കാര്യം പറയുന്ന പോലെ, അങ്ങിനെയൊക്കെയാണ് കാര്യങ്ങള്‍ എന്ന മട്ടില്‍.

ഭാരതിയുടെ കണ്ണുകള്‍ വിടര്‍ന്നു.

പതിനായിരം? നമുക്കത്രയധികം എങ്ങിനെയാണുണ്ടാക്കാന്‍ പറ്റുക? രാത്രി ഒരു മണി വരെ ജോലി ചെയ്തിട്ട് എത്ര കുറച്ചാണ് ഉണ്ടാക്കാന്‍ പറ്റുന്നത്.

അതിനെന്താ. നമുക്ക് രണ്ടു പെണ്‍കുട്ടികളെ ജോലിക്കു വെക്കാം. അങ്ങിനെയാവുമ്പോള്‍ നിനക്ക് കുറച്ചൊരു ഒഴിവു കിട്ടും.

ഞാന്‍ വീണ്ടും സ്വപ്നങ്ങള്‍ വില്‍ക്കുന്ന സെയില്‍സ്മാനായി. എന്റെ കച്ചവടച്ചരക്കുകള്‍ നിരത്തി. ഭാരതി അതിന്റെ തന്മയത്വത്തില്‍ മുഴുകി.

ഞാനും സ്വന്തം വാക്കുകളാല്‍ വഞ്ചിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഭാരതിയുടെ ലോകം വര്‍ണ്ണശബള മാക്കാന്‍ ഉപയോഗിക്കുന്ന ചായങ്ങളില്‍ ഞാന്‍ തന്നെ ആകൃഷ്ടനാവുന്നു. ക്രമേണ അവ സ്വയം വിശ്വസി ക്കുന്നു. അവയുടെ യുക്തിരാഹിത്യം എന്റെ തലയില്‍ കയറുന്നില്ല. ഉദാഹരണമായി പതിനായിരം പാക്കറ്റു കള്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ള മുതല്‍ മുടക്കിനെപ്പറ്റി ഞാന്‍ ചിന്തിച്ചിട്ടേ ഇല്ല. ജോലിക്കാര്‍ക്ക് കൊടുക്കേ ണ്ട ശമ്പളം, ഇതെല്ലാം കഴിഞ്ഞ് വല്ല ലാഭമുണ്ടാകുമോ എന്നൊന്നും എന്റെ മനസ്സില്‍ പോകുന്നില്ല. എന്റെ ഉള്ളില്‍ വലിയ ഒരു കയറ്റുമതി ഓര്‍ഡര്‍ മാത്രമാണ് നിറഞ്ഞു നില്‍ക്കുന്നത്. ആ ഓര്‍ഡര്‍ കൂടുതല്‍ ഓര്‍ഡറുകളിലേക്കുള്ള ഏണിപ്പടിയാകും. അങ്ങിനെ അധികം അകലെയല്ലാതെ കുറച്ചുകൂടി മെച്ചപ്പെട്ട ഒരു ജീവിതം. ഭൂതകാലം സമ്മാനിച്ച ഓര്‍മ്മകള്‍ മായ്ക്കാന്‍ കഴിവുള്ള ഒരു ഭാവിയുണ്ടാക്കാന്‍.

ഭാരതി ചിലപ്പോള്‍ എന്റെ സ്വപ്നാടനം തകര്‍ക്കുന്നു.

അവള്‍ പറയുന്നു.

മോഹന്‍പിള്ള ഒരു തരികിടയാണെന്നാണ് എനിയ്ക്കു തോന്നുന്നത്.

കാരണം?

ഒന്നാമതായി അയാള്‍ ഇതുവരെ സ്വന്തം ആവശ്യത്തിനായി ഒരു പാക്കറ്റ് ചന്ദനത്തിരി പോലും വാങ്ങി ച്ചിട്ടില്ല.

അതുകൊണ്ട്?

ഞാനുദ്ദേശിക്കുന്നത്.........

ഭാരതി നിര്‍ത്തി എന്റെ മുഖത്തേക്കു നോക്കി. എന്നെ വിഷമിപ്പിക്കാന്‍ പോകുന്നുവെന്നവള്‍ക്കറിയാം. പക്ഷെ അതിനേക്കാള്‍ പ്രധാനമായത് കാര്യം പറയലാണ്.

അയാള്‍ക്ക് നമ്മുടെ കാര്യത്തില്‍ ഇത്ര താല്പര്യമുണ്ടാവാന്‍ എന്താണ് കാര്യം? നമ്മുടെ നിരത്തടിക്കുന്ന തൂപ്പുകാരി കൂടി ഇവിടെനിന്ന് ചന്ദനത്തിരി വാങ്ങാറ്ണ്ട്. വേറെ എവിടീം കിട്ടാത്തതുകൊണ്ടാണോ? നമ്മെ പരിചയമുള്ളതുകൊണ്ടിവിടെ നിന്നു വാങ്ങുന്നു. നാലുറുപ്പികയുടെ ബിസിനസ്സാണെങ്കില്‍ത്തന്നെ അത് പരിചയമുള്ളവര്‍ക്ക് കൊടുക്കാമല്ലൊ എന്നു കരുതിയാണത്.

ഇയ്യാളെന്താണ് ചെയ്യുന്നത്? വൈകുന്നേരമായാല്‍ വരുന്നു. സംസാരിച്ച് സമയം കളയുന്നു. എനിക്ക് നിങ്ങളോട് എന്തെങ്കിലും ചോദിക്കാനും കൂടി പറ്റില്ല. ഏതോ ഒരു കാര്യം ചോദിക്കാന്‍ മോനെ വിട്ടതിന് നിങ്ങള്‍ അവനെ എത്ര ചീത്ത പറഞ്ഞു.

ഞാന്‍ ഒന്നും പറയാതെ നിന്നു മോനെ കഴിഞ്ഞ ആഴ്ച ഒരു ദിവസം ചീത്ത പറഞ്ഞത് ശരിയാണ്. മോഹന്‍ പിള്ളയുമായി സംസാരിച്ചിരിക്കുമ്പോഴാണ് അവന്‍ കടയുടെ പിന്നിലെ കിളിവാതില്‍ തുറന്നു വന്നത്. അവന്റെ മുഖത്ത് കരിയുണ്ടായിരുന്നു. കൈകളിലും കരിപുരണ്ടിരുന്നു.

അവന്‍ അമ്മയെ സഹായിക്കുകയായിരുന്നു.

മോഹന്‍ പിള്ളയെ കണ്ടപ്പോള്‍ അവന്‍ തിരിച്ചുപോകുകയും ചെയ്തു.

മോന്‍ നിങ്ങളെ സഹായിക്കുന്നുണ്ടല്ലെ? അയാള്‍ ചോദിച്ചു.

അതെയതെ, ഞാന്‍ ഒരു ഇളിഞ്ഞ ചിരിയോടെ പറഞ്ഞു. ചിലപ്പോള്‍ ധാരാളം ജോലിയുണ്ടാവും. അപ്പോള്‍ അവന്‍ സഹായിക്കാറുണ്ട്.

ചൈല്‍ഡ് ലേബറിന്റെ മറ്റൊരു മുഖം! മോഹന്‍ പിള്ള പറഞ്ഞു.

എന്തുകൊണ്ടോ എനിക്കാ അഭിപ്രായ പ്രകടനം ഇഷ്ടമായില്ല. ഞാന്‍ ഒന്നും പറയാതെ ഇരുന്നു. മോഹന്‍ പിള്ള വീണ്ടും, വരാന്‍ പോകുന്ന എക്‌സ്‌പോര്‍ട്ട് ഓര്‍ഡറിനെപ്പറ്റി സംസാരിക്കുകയും സാധാരണ മട്ടില്‍ പെട്ടെന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

ഞാന്‍ അകത്തുപോയി രവിയുടെ ചെവി പിടിച്ചു. പകച്ചുനിന്ന അവന്റെ നേരെ ശകാരങ്ങള്‍ ഉതിര്‍ത്തു. നമ്മള്‍ വീടിന്റെ ഒരു ഭാഗത്താണ് കട തുറന്നിരിക്കുന്നതെങ്കിലും, വരുന്ന കസ്റ്റമര്‍ക്ക് അതു തോന്നരുതെന്നും മെയിന്‍ റോഡിലെവിടെയെങ്കിലുമുള്ള മറ്റേത് കടയില്‍ കേറിയ മാതിരി തോന്നണമെന്നും അതിനുള്ള വസ്ത്രധാരണങ്ങളും മര്യാദകളും നമ്മള്‍ അനുഷ്ഠിക്കണമെന്നും മറ്റുമായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. പതിനഞ്ചു മിനിറ്റ് നേരം ശകാരിച്ചിട്ടും അവന് അവന്റെ തെറ്റെന്തെന്ന് മനസ്സിലായില്ലെന്ന് സ്പഷ്ടമായിരുന്നു. ഇതിനകം എന്റെ മനസ്സില്‍ ഒരു കുറ്റബോധം വളരാനും തുടങ്ങിയിരുന്നു. അവന്‍ പലപ്പോഴും ഞങ്ങളെ സഹായിച്ചിരുന്നത് ഞങ്ങള്‍ ആവശ്യപ്പെടാതെ തന്നെയായിരുന്നു. ഇന്നും വൈകുന്നേരം നാലരയ്ക്ക് സ്‌ക്കൂള്‍ വിട്ടു വന്ന ഉടനെ ഇരുന്നതാണവന്‍ അമ്മയുടെ അടുത്ത്. ചായയുണ്ടാക്കാന്‍ അമ്മയെ ഒഴിവാക്കി ആ ജോലി ചെയ്യാന്‍ തുടങ്ങിയതാണ്. ആ ഇരിപ്പ് രാത്രി എട്ടുമണി വരെ നിന്നു. അതിനിടയ്ക്ക് എന്തോ ചോദിക്കാനാണ് അവന്‍ കടയില്‍ വന്നത്. മോഹന്‍ പിള്ളയെ കണ്ടപ്പോള്‍ അവന്‍ ഒന്നും ചോദിക്കാതെ തിരിച്ചുപോവുകയും ചെയ്തു.

മോഹന്‍ പിള്ള അവനെ ആ വേഷത്തില്‍ കണ്ടതാണ് എനിയ്ക്കു ദേഷ്യം പിടിക്കാന്‍ കാരണം. രവിയെ നല്ല വേഷത്തില്‍ മറ്റുള്ളവര്‍ കാണണമെന്ന ആഗ്രഹമായിരുന്നു അതിനു പിന്നില്‍. പോരാത്തതിന് ‘ചൈല്‍ഡ്‌ലേബര്‍’ എന്ന മോഹന്‍ പിള്ളയുടെ അഭിപ്രായപ്രകടനവും! മോഹന്‍പിള്ളയെ പിണക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ഒരു വലിയ ഓര്‍ഡര്‍ അയാളെ ആശ്രയിച്ചാണിരിക്കുന്നത്. ഞാന്‍ ആ വലിയ ഓര്‍ഡര്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കു കയായിരുന്നു. ചന്ദനത്തിരിയുണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങി ശേഖരിച്ചു തുടങ്ങി. പലരില്‍ നിന്നുമായി കടം വാങ്ങേണ്ടിവന്നു. ഈ ഒരു സപ്ലൈ മാത്രം മതി ഞങ്ങളെ എല്ലാ കടങ്ങളില്‍ നിന്നും രക്ഷിക്കാന്‍.

ഭാരതിയും ഞാനും രാത്രി ഏകദേശം മുഴുവനും ജോലി ചെയ്തു. പുലര്‍ച്ചെ നാലു മണിയാകുമ്പോള്‍ ക്ഷീണിച്ചു കിടന്നുറങ്ങും. ആറു മണിക്ക് വീണ്ടും എഴുന്നേല്‍ക്കണം.

എത്ര കാലമായി ഇങ്ങനെ രാവുപകല്‍ ജോലി! ഭാരതി പറയുന്നു. അതില്‍ ആക്ഷേപമില്ല നൈരാശ്യം മാത്രം. മുമ്പ് രാത്രി ഒരുമണിക്കെങ്കിലും കിടക്കാമായിരുന്നു. ഇപ്പോള്‍ അതും പറ്റുന്നില്ല.

അവളുടെ സ്വരത്തില്‍ ആക്ഷേപമുണ്ടെങ്കിലെന്ന് ഞാന്‍ ആശിച്ചു.

കുറച്ചുകാലം കൂടി ക്ഷമിക്കൂ. ഞാന്‍ പറയുന്നു. ഒന്നു രണ്ടു വലിയ ഓര്‍ഡറുകള്‍ കിട്ടിയാല്‍ മതി. പിന്നെ നമുക്ക് ഈ ബിസിനസ്സ് കുറച്ചു കൂടി നന്നായിട്ട് കൊണ്ടു നടത്താം.

ഭാരതിയുടെ മുഖത്ത് പ്രതികരണമൊന്നുമില്ല. അവള്‍ക്ക് എന്റെ വാക്കുകളില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കു ന്നു. അവളുടെ മുഖത്ത് ക്ഷീണത്തിന്റെ വരകള്‍. അവള്‍ക്ക് എന്റെ സാഹസികത എത്ര ദിവസം കൂടി താങ്ങാനാവും? ക്ഷീണിച്ചുവരുന്ന അവളുടെ ദേഹം ഞാന്‍ വല്ലായ്മയോടെ നോക്കി. ലക്ഷ്യം വളരെ അടുത്തെത്തിക്കാണുന്ന ഒരു ഓട്ടക്കാരന്റെ മാതിരിയായിരുന്നു ഞാന്‍. കാലുകള്‍ നീങ്ങുന്നില്ല. എങ്കിലും ഓടാതെ വയ്യ. ഏതാനും മീറ്ററുകള്‍ മാത്രം. അവസാനത്തെ കുതിക്കലിന് തയ്യാറാവുക തന്നെ വേണം.

മോഹന്‍ പിള്ള വീണ്ടും വന്നു.

എല്ലാം ശരിയായിട്ടുണ്ട്. അയാള്‍ പറഞ്ഞു. ഞാന്‍ നാളെ അയാളെ കൂട്ടിവരാം. വിശദാശങ്ങളെല്ലാം നിങ്ങള്‍ സംസാരിച്ചാല്‍ മതി. പ്രൊഡക്ഷനൊക്കെ എങ്ങനെയുണ്ട്? പറഞ്ഞ സമയത്തു തന്നെ സപ്ലൈ നടത്തണം. എക്‌സ്‌പോര്‍ട്ട് ബിസിനസ്സില്‍ അതു വളരെ പ്രധാനമാണ്.

അതൊന്നും സാരമില്ല. ഞാന്‍ നുണ പറയുന്നു. മൂന്നു പെണ്‍കുട്ടികളെ ജോലിക്കു വെച്ചിട്ടുണ്ട്. പ്രൊഡ ക്ഷനൊക്കെ ഫുള്‍ സ്വിങ്ങിലാണ്.

പിന്നെ അല്പം ആലോചിച്ച ശേഷം പറഞ്ഞു.

നിങ്ങള്‍ക്ക് ഒരു ചെറിയ കട്ട് എടുക്കാം. നിങ്ങളല്ലെ മറ്റെ ആളെ പരിചയപ്പെടുത്തുന്നത്. ഒന്നോ രണ്ടോ ശതമാനം എടുത്താല്‍ വലിയ വ്യത്യാസമൊന്നും വരാന്‍ പോകുന്നില്ല. വലിയ ഓര്‍ഡറുകളാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു മാതിരി നല്ല സംഖ്യ കിട്ടുകയും ചെയ്യും.

ഞങ്ങളുടെ കാര്യങ്ങളില്‍ എടുക്കുന്ന ശുഷ്‌കാന്തിയില്‍ മോഹന്‍ പിള്ളയ്ക്ക് എന്തെങ്കിലും തരത്തില്‍ പ്രത്യുപകാരം ചെയ്യണമെന്ന് എനിയ്ക്കു തോന്നി. മോഹന്‍ പിള്ള ഒരു നിമിഷം ആലോചിച്ചു, പിന്നെ പറഞ്ഞു.

വേണ്ട, പല കാരണങ്ങള്‍ കൊണ്ട്. ഒന്നാമതായി ഞാന്‍ ഒന്നും മനസ്സില്‍ കണ്ടു കൊണ്ടല്ല നിങ്ങളെ സഹായിക്കാനുദ്ദേശിച്ചത്. നമ്മളെല്ലാം തന്നെ അന്യോന്യം സഹായിക്കാന്‍ ബാദ്ധ്യസ്ഥരാണ്. ഈ വക ചെറിയ ഉപകാരങ്ങള്‍ ക്കുകൂടി പ്രതിഫലം വാങ്ങാന്‍ തുടങ്ങിയാല്‍ ലോകത്തിന്റെ അവസ്ഥ എന്താവും? പിന്നെ രണ്ടാമത് എക്‌സ്‌പോര്‍ട്ട് ഓര്‍ഡറുകളില്‍ ഒന്നു രണ്ടു ശതമാനങ്ങള്‍ വളരെ വ്യത്യാസമുണ്ടാക്കും. അതുപോട്ടെ, നിങ്ങള്‍ ഈ ഓര്‍ഡറും ഇനി വരാന്‍ പോകുന്ന ഓര്‍ഡറും നന്നായി എക്‌സിക്യൂട്ട് ചെയ്താല്‍ മതി, എനിക്കു സന്തോഷമായി.

അയാള്‍ പോയി.

അതു തിങ്കളാഴ്ചയായിരുന്നു.

ചൊവ്വാഴ്ച അയാള്‍ വന്നില്ല. ബുധനാഴ്ചയും ഞാന്‍ കാത്തു. വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും, ശനിയാഴ്ചയും കാത്തു. മോഹന്‍ പിള്ള വന്നില്ല. അതിനിടയ്ക്ക് രവി അയാളെ അടുത്തു തന്നെയുള്ള പുതിയ കടക്കു മുമ്പില്‍ കണ്ടതായി പറഞ്ഞു.

എന്തെങ്കിലും വാങ്ങുകയായിരുന്നോ? ഞാന്‍ ചോദിച്ചു.

അല്ല വെറുതെ നടക്കുകയായിരുന്നു.

പുതിയ കട ഞങ്ങളില്‍ പലവിധ വികാരങ്ങളാണുണ്ടാക്കിയിരുന്നത്. ഞങ്ങളുടെ ചെറിയ ഇടനിരത്ത് മെയിന്‍ റോഡില്‍ ചെന്നു മുട്ടുന്നിടത്താണ് ആ കട.

അതിന് മെയിന്‍ റോഡിലേയക്ക് രണ്ടും, ഞങ്ങളുടെ ഇടനിരത്തിലേയ്ക്ക് ഒന്നും മുറികളുണ്ട്. വളരെ വലിയ കട ഒരു ഡിപ്പാര്‍ട്ടുമെന്റ് സ്റ്റോറു തന്നെ. തുണിത്തരങ്ങളും, ഇരുമ്പുസാധനങ്ങളും, മരുന്നുമല്ലാത്ത എന്തും അവിടെ കിട്ടും. നന്നായി അലങ്കരിച്ച് നിറയെ ട്യൂബ് ലൈറ്റുകളും ചില്ലിട്ടു ലാമിനേറ്റു ചെയ്ത ഷോകേസുകളും. മെയിന്‍ റോഡില്‍ അങ്ങിനത്തെ ഒരു കട തുടങ്ങണമെങ്കില്‍ അയാള്‍ ചുരുങ്ങിയത് മുപ്പതു മുപ്പത്തഞ്ചു ലക്ഷം ഉറുപ്പിക ഇറക്കിയിട്ടുണ്ടാവും. ഇത്രയും വലിയ സംഖ്യ എങ്ങിനെ ഒരാള്‍ക്കു ഉണ്ടാക്കാന്‍ കഴിയുന്നു എന്ന് ഞങ്ങള്‍ അത്ഭുതപ്പെടുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം മുപ്പത്തഞ്ചുറു പ്പിക വരെ പ്രശ്‌നമാവാറുണ്ട്. ഞങ്ങള്‍ക്കു വേണ്ട പല വ്യജ്ഞനമെല്ലാം അവിടെ കിട്ടുമെന്ന മെച്ചമുണ്ട്. മുമ്പ് ഒരു കിലോമീറ്റര്‍ പോകണം എന്തെങ്കിലും വാങ്ങാന്‍. ഞങ്ങള്‍ക്കിഷ്ടമാവാത്തത് അയാള്‍ ഞങ്ങളുടെ കോം പീറ്റിറ്റര്‍ കൂടിയാണെന്നതു കൊണ്ടാണ്. ഈ മത്സരത്തില്‍ യാതൊരു താരതമ്യവുമില്ല എന്നാലും ആ കട വരുന്നതിനു മുമ്പ് കുറച്ചെങ്കിലും വില്പന ഞങ്ങളുടെ കടയില്‍ നടന്നിരുന്നു. ഇപ്പോള്‍ ആള്‍ക്കാര്‍ക്ക് അതായത് ഞങ്ങളുടെ കട പരിചയമുള്ള ആള്‍ക്കാര്‍ക്കു കൂടി ഉള്ളിലേക്കു വരാതെ മെയിന്‍ റോഡിലെ കടയില്‍ നിന്നു തന്നെ ചന്ദനത്തിരിയും വാങ്ങാം, മറ്റു സാധനങ്ങള്‍ വാങ്ങുന്നതിനൊപ്പം. ഞങ്ങളുടെ ചന്ദനത്തിരി ആ കടയില്‍ വെക്കാന്‍ പറയാന്‍ ഇതുവരെ തരപ്പെട്ടിട്ടുമില്ല.

ആ കടക്കു മുമ്പിലാണ് രവി മോഹന്‍ പിള്ളയെ കണ്ടത്. അപ്പോള്‍ മോഹന്‍ പിള്ള സ്ഥലത്തു തന്നെ യുണ്ട്.

ഒരു പക്ഷെ അയാളുടെ സ്‌നേഹിതന് സമയം കിട്ടിയിട്ടുണ്ടാവില്ല.

അതെയതെ! ഭാരതി അമര്‍ഷത്തോടെ പറഞ്ഞു ഞാന്‍ ആദ്യമേ പറയാറുണ്ട്. അയാളൊരു തരികിടയാ ണെന്ന് ഇനി അയാളെ കണ്ടെങ്കിലല്ലെ?

നമ്മള്‍ ഭയപ്പെടുന്ന കാര്യങ്ങള്‍ നമ്മോട് മറ്റുള്ളവര്‍ പറയുന്നത് നമുക്ക് എത്ര അലോസരമുണ്ടാക്കും. ഇതെല്ലാം ഞാന്‍ ഓരോ നിമിഷവും ഭയപ്പെട്ടിരുന്ന കാര്യങ്ങളാണ്. അഥവാ മോഹന്‍ പിള്ള കാര്യമായി പറയുന്നതല്ല ഇതൊന്നും എങ്കില്‍? ചന്ദനത്തിരിയുണ്ടാക്കാനുള്ള പണം കടം വാങ്ങുമ്പോഴും, സാധനങ്ങള്‍ വാങ്ങുമ്പോഴും, ചന്ദനത്തിരി പാക്ക് ചെയ്ത് അട്ടിയട്ടിയായി വെക്കുമ്പോഴും ഞാന്‍ ആലോചിച്ചിരുന്നത് ഇതു തന്നെയാണ്. അഥവാ മോഹന്‍ പിള്ള പെട്ടെന്ന് അപ്രത്യക്ഷനായാലോ? പിന്നെ ആശ്വസിക്കുകയും ചെയ്തു. മനുഷ്യനെ വിശ്വസിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എന്തിനെയാണ് വിശ്വസിക്കുക?

ഞങ്ങള്‍ ചന്ദനത്തിരിയുണ്ടാക്കല്‍ തുടര്‍ന്നു. മനുഷ്യനെ വിശ്വസിക്കുക എന്നാണ് ഞാന്‍ ഭാരതിയോട് പറഞ്ഞിരുന്നത്. നീ ചെകുത്താനേയും ദൈവങ്ങളേയും വിശ്വസിക്കേണ്ട. പക്ഷെ മനുഷ്യനെ വിശ്വസിക്കു.

പത്തു ദിവസങ്ങള്‍ മോഹന്‍ പിള്ളയെ കാത്തു നിന്നതുകൊണ്ട് കട അടച്ചത് വൈകിട്ടായിരുന്നു. ഇനി അയാള്‍ വരുമ്പോള്‍ കട അടച്ചു കണ്ട് തിരിച്ചു പോകാന്‍ ഇടയാവേണ്ട. ഒമ്പതര മണിയോടെ കട അടച്ച് തികച്ചും വിജനമായ നിരത്തില്‍ ഇറങ്ങി നിന്ന് രണ്ടു ഭാഗത്തേക്കും നോക്കി ആരുമില്ലെന്നുറപ്പാക്കിയ ശേഷം ഞാന്‍ വീട്ടിലേക്കു നടക്കും.

ആ മനുഷ്യന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടാവണം. ഞാന്‍ ആശ്വസിച്ചു. അധിക ദിവസം ആശ്വസിച്ച് ഇരിക്കേണ്ടിവന്നില്ല പക്ഷെ.

ശനിയാഴ്ച വൈകുന്നേരം ഞാന്‍ എട്ടുമണിക്കു തന്നെ കട അടച്ചു. കുറച്ചു സാധനങ്ങള്‍ വാങ്ങാനുണ്ട്. കുറെ ദിവസമായി സാധനങ്ങളൊന്നും വാങ്ങാന്‍ പറ്റിയിരുന്നില്ല, കട വിട്ട് പുറത്തിറങ്ങിയാല്‍ മോഹന്‍ പിള്ളയെ കാണാന്‍ പറ്റിയില്ലെങ്കിലോ എന്ന ഭയം. നാളെ ഞായറാഴ്ച കടകള്‍ മുടക്കമായതുകൊണ്ട് ഇന്നുതന്നെ സാധനങ്ങള്‍ വാങ്ങണം. സഞ്ചിയുമെടുത്ത് ഞാന്‍ പുറത്തിറങ്ങി. പുതിയ കട പ്രകാശത്തില്‍ മുങ്ങിക്കിടക്കുന്നു. എട്ടു മണിക്കും നല്ല തിരക്കാണവിടെ. പലചരക്കു തൂക്കിക്കൊടുക്കാന്‍ രണ്ടു പേരുണ്ട്. രണ്ടുപേരും തിരക്കിലാണ്. ആരെങ്കിലും ഒരാളുടെ കൈയ്യൊഴിയാന്‍ കാത്തുകൊണ്ട് ഒരു തൂണും ചാരി നിന്നു. അപ്പോഴാണ് സുപരിചിതമായ ആ ശബ്ദം കേട്ടത്.

എനിക്ക് നിങ്ങളുടെ കട ഇഷ്ടപ്പെട്ടു.

തിരിഞ്ഞു നോക്കാന്‍ ധൈര്യമില്ലാതെ ഞാന്‍ അവിടെ മരവിച്ചു നിന്നു.

ഇതാണ് ശരിക്കുള്ള വലിപ്പം, ഒട്ടും വലുതാകേണ്ട, ചെറുതും. എല്ലാം ഒരു കൂരയ്ക്കു താഴെ. ഒരു വീട്ടിലേ ക്കു വേണ്ട സാധനങ്ങള്‍ മുഴുവന്‍.

കടക്കാരന്‍ മറുപടി പറഞ്ഞു. അയാള്‍ വളരെ പതിഞ്ഞ സ്വരത്തിലാണ് സംസാരിക്കാറ്.

വീണ്ടും പരിചിതമായ ആ ശബ്ദം.

അതെയതെ, എനിക്കറിയാം. ഇതിനു പിന്നിലുളള പരിശ്രമങ്ങള്‍, അദ്ധ്വാനം എല്ലാം മനസ്സിലാക്കാവുന്ന തേയുള്ളൂ........

ഞാന്‍ കടയില്‍ നിന്നിറങ്ങി. സാധനങ്ങള്‍ നാളെ വാങ്ങാം. അല്ലെങ്കില്‍ തിങ്കളാഴ്ച. മോഹന്‍ പിള്ള ആ നിമിഷത്തില്‍ എന്നെ കാണാന്‍ പാടില്ല. കണ്ടാല്‍ അയാളുടെ മുഖം, എങ്ങിനെയുണ്ടാവുമെന്ന് ഞാന്‍ ഊഹി ച്ചു. അയാള്‍ക്ക് വിഷമമുണ്ടാവാതിരിക്കട്ടെ.

രവിയാണ് വാതില്‍ തുറന്നത്. അവന്റെ കയ്യില്‍ മഷി പുരണ്ടിരുന്നു. ഹോം വര്‍ക്ക് ചെയ്യുകയായിരിക്കും. സാധാരണ മട്ടില്‍ കയ്യില്‍ മഷിയാക്കിയതിന് അവനെ ശാസിച്ചേനെ. പുറത്ത് ഇരുട്ടായിരുന്നു ഇപ്പോള്‍ മനസ്സില്‍ നിറയെ കരിമഷിയുമായി വന്ന ഞാന്‍ അവന്റെ കൈവിരലിലെ മഷിയെപ്പറ്റി എന്തു പറയാനാണ്?

അകത്തു ഭാരതി ചുമരില്‍ ചാരി ഉറക്കമായിരിക്കുന്നു. തല ചുമരില്‍ ചാരി, വായ അല്പം തുറന്ന് അവള്‍ ഉറങ്ങുകയാണ്. അല്പം തുറന്ന കയ്യില്‍ ചന്ദനക്കൂട്ടിന്റെ ഒരു ഉരുള ബലമില്ലാതെ പിടിച്ചിരിക്കുന്നു. നോക്കിക്കൊണ്ടിരിക്കെ അത് നിലത്തുരുണ്ടു വീണു. ഞാന്‍ അവളുടെ തോളില്‍ തൊട്ടു. അവള്‍ ഉണര്‍ന്നില്ല. ഞാന്‍ ഒരു പാത്രത്തില്‍ വെള്ളം കൊണ്ടുവന്ന് അവളുടെ കൈകഴുകി തോര്‍ത്തി നല്ല ഉറക്കം. ഞാന്‍ അവളെ എടുത്ത് കിടക്കയില്‍ കിടത്തി പുതപ്പിച്ചു. അവള്‍ പുതപ്പ് കഴുത്തുവരെയാക്കി ചുരുണ്ടു കിടന്നു.

ഞാന്‍ അടുക്കളയിലേക്കു നടന്നു. മോന് വിശക്കുന്നുണ്ടാവും. രവി അടുക്കളയില്‍ തന്നെയായിരുന്നു. ഓരോ പാത്രങ്ങളുടെ അടപ്പും പൊന്തിച്ചു നോക്കിക്കൊണ്ട് അവന്‍ വിഷണ്ണനായി നില്‍ക്കുകയാണ്.

അമ്മ ഇന്ന് ചോറും കൂട്ടാനും ഉണ്ടാക്കാന്‍ മറന്നൂന്ന് തോന്നുന്നു.

അവന്‍ പറഞ്ഞു.

മോന് വിശക്ക്ണ്‌ണ്ടോ?

ഉണ്ടെന്നവന്‍ തലയാട്ടി,

മോന്‍ പോയി പഠിക്കു. ഞാന്‍ അര മണിക്കൂറിനുള്ളില്‍ എല്ലാം ഉണ്ടാക്കി വിളിക്കാം. അമ്മ പാവം കുറെ ദിവസായി ഉറങ്ങിയിട്ട്. ഇപ്പോള്‍ കുറച്ചുനേരം ഉറങ്ങട്ടെ,

ഞാന്‍ അരി കഴുകി അടുപ്പത്തിട്ടു. കഷ്ണം എന്നു പറയാന്‍ ഉരുളക്കിഴങ്ങും സബോളയും മാത്രമേയു ള്ളൂ. പരിപ്പിന്റെ പാത്രം ഒരു മാതിരി ഒഴിഞ്ഞിരുന്നു. ഒരു നേരത്തേക്ക് കഷ്ടിയാവും. മസാലയുടെ പാത്രങ്ങളു ടെയും സ്ഥിതി അതുതന്നെ. ഭാരതി ഇത്രയും പരിമിതികള്‍ വെച്ചുകൊണ്ട് എങ്ങിനെയാണ് ഈ അടുക്കള കൊണ്ടു നടക്കുന്നത്? അത്ഭുതം തന്നെ, എന്തായാലും അര മണിക്കൂര്‍ കൊണ്ട് ചോറും സാമ്പാറെന്നു പറയാവുന്ന കൂട്ടാനും ഉണ്ടാക്കി. കൂട്ടാന്‍ വറവിടുന്ന വാസന കേട്ടിട്ടാണെന്നു തോന്നുന്നു ഭാരതി എഴുന്നേറ്റു വന്നു.

ഞാന്‍ ഉറങ്ങിപ്പോയി അല്ലേ?

സാരമില്ല. ഊണു തയ്യാറാക്കിയിരിക്കുന്നു. ഊണു കഴിച്ച് വേഗം പുറപ്പെട്ടോളൂ. നമുക്കിന്ന് ഒരു സിനിമയ്ക്കു പോകാം. വേഗം വേണം സമയം ഒമ്പതാവുന്നു.

സിനിമയോ?

ഭാരതിയുടെ മുഖം വികസിച്ചു. അര മണിക്കൂര്‍ നേരത്തെ ഉറക്കം അവളെ വീണ്ടും ഉന്മേഷവതിയാക്കിയി രിക്കുന്നു.

പിന്നെ, ഞാനിന്ന് സാധനങ്ങളൊന്നും വാങ്ങിയില്ല. ഞാന്‍ പറഞ്ഞു കടയില്‍ നല്ല തിരക്കായിരുന്നു.

സാരമില്ല. അവള്‍ പറഞ്ഞു. നമുക്ക് തിങ്കളാഴ്ച വാങ്ങാം.

രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാന്‍ വീണ്ടും എന്നിലേയ്ക്കു തിരിച്ചുവരുന്നു. എല്ലാം ആദ്യം മുതല്‍ തുടങ്ങണമെന്നാലോചിച്ചപ്പോള്‍ വിഷമം തോന്നി. പക്ഷെ ഈ നൂലാമാലകളില്‍ നിന്ന് ഊരി പുറത്തു കടക്കാന്‍ പറ്റുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പിന്നെ ഉറക്കം വന്ന് കണ്ണുകളടഞ്ഞപ്പോള്‍ ഒരു പുതിയ ഓര്‍മ്മ കാലത്തിന്റെ ഈര്‍പ്പം നിറഞ്ഞ വഴികളില്‍ പൂപ്പല്‍ പിടിക്കാന്‍ വിട്ടുകൊണ്ട്, മനുഷ്യനില്‍ ഒരിക്കലും നശിക്കാത്ത വിശ്വാസവും മുറുകെപ്പിടിച്ചു കൊണ്ട് ഏകനായി നടന്നകലുന്ന ഒരു മനുഷ്യനെ ഞാന്‍ കണ്ടു. പിന്നെ അത്ഭുതമെന്നു പറയട്ടെ, മനസ്സ് യാതൊരു പകയ്ക്കും വിദ്വേഷത്തിനും ഇടകൊടുക്കാതെ ശാന്തമാവുന്നത് ഞാനറിഞ്ഞു.