close
Sayahna Sayahna
Search

കാനഡയിൽനിന്നൊരു രാജകുമാരി


കാനഡയിൽനിന്നൊരു രാജകുമാരി
EHK Canadayilninnoru.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കാനഡയില്‍ നിന്നൊരു രാജകുമാരി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 63

തള്ളഗൊറില്ല പുഴയ്ക്കപ്പുറത്ത് ഒരു വലിയ അഴിക്കൂട്ടില്‍ തടങ്കലിലാണ്. കൂട്ടിനു പുറത്ത് ഒരാള്‍ കാവലിരിക്കുന്നു. പുഴയിലാകട്ടെ നിറയെ ചീങ്കണ്ണികളും. ആകാശത്ത് പറന്നു കൊത്തുന്ന കഴുന്മാര്‍. ഇവയ്ക്കിടയിലാണ് കുട്ടി ഗൊറില്ലയ്ക്ക് പോകേണ്ടത്, അമ്മയെ രക്ഷിയ്ക്കാന്‍. മരത്തിനു മുകളില്‍ തൂങ്ങിയാടുന്ന താക്കോല്‍ ചാടിപ്പിടിച്ച് അതു കൊണ്ട് അഴിക്കൂട്ടിന്റെ വാതില്‍ തുറക്കണം. ചാട്ടം പിഴച്ചാല്‍ മൂക്കുകുത്തി വീണതു തന്നെ. അജിത് ചെയ്യുന്നത് കുട്ടി ഗൊറില്ലയുടെ മാര്‍ഗ്ഗം സുഗമമാക്കുക മാത്രമാണ്. മുമ്പില്‍ ചീങ്കണ്ണി വരുമ്പോള്‍ അവന്‍ ഗൊറില്ലയെ ചാടിക്കുന്നു. പിന്നെ കുറച്ചു ദൂരം അതിന്റെ പോക്ക് മരത്തിന്റെ കൊമ്പുകളില്‍ ചാടി ചാടിയാണ് അപ്പോഴേക്കും പക്ഷികള്‍ പിന്നില്‍ നിന്നു വരുന്നു. അപ്പോള്‍ അജിത് ഗൊറില്ലയെ നിലത്തിറക്കുന്നു. എല്ലാം കഴിഞ്ഞ് പുഴയുടെ മറുകരയിലെത്തിയാല്‍ മരത്തിന്റെ മുകളിലെ കൊമ്പില്‍ കെട്ടിയിട്ട താക്കോലിനു വേണ്ടി ഒരു ചാട്ടം. പൂട്ടു തുറക്കുമ്പോള്‍ തള്ളഗൊറില്ല ചിരിക്കു ന്നു. കീ കീ കീ. ഇതെല്ലാം അവന്‍ നടത്തുന്നത് അഞ്ച് ചുവപ്പു ബട്ടനുകള്‍ അമര്‍ത്തിയിട്ടാണ്. അവന്റെ കൈ വിരുത് സമ്മതിക്കണം. ചീങ്കണ്ണിയുടെ വായിലും, കഴുകന്മാരുടെ കൂര്‍ത്ത കൊ ക്കുകളിലും പെടാതെ ആ കുട്ടി ഗൊറില്ലയെ അവന്‍ അതിവേഗം നിര്‍ദ്ദിഷ്ട സ്ഥാനത്തെ ത്തിക്കുന്നു. സ്‌കോര്‍ ബോര്‍ഡില്‍ അവന്റെ സ്‌കോര്‍ കുതിച്ചു കയറുന്നു.

അജിത് സ്‌കൂളില്‍ പോയ സമയം നോക്കി അയാള്‍ ആ വീഡിയോ ഗെയിം എടുത്തു. കളിക്കാന്‍ ശ്രമിക്കുന്നു. നാലു സ്റ്റെപ്പു കഴിയുമ്പോഴേയ്ക്ക് വാ തുറന്നു വന്ന ഒരു ചീങ്കണ്ണി കുരങ്ങിനെ, അയാള്‍ക്ക് ബട്ടനമര്‍ത്തി ചാടിക്കാന്‍ അവസരം കിട്ടുന്നതിനു മുമ്പെ പിടികൂടുന്നു. കുരങ്ങിന്റെ ചീ ചീ എന്ന കരയുന്ന ശബ്ദം. അജിത് ഒപ്പമുണ്ടെങ്കില്‍ അതു സമ്മതിക്കില്ല. കുട്ടിഗൊറില്ലയെ ചീങ്കണ്ണിയോ കഴുകനോ പിടികൂടുന്നത് അവന് സഹിക്കാനാവില്ല. അവന്‍ വീഡിയോ ഗെയിം തട്ടിപ്പറിച്ചു വാങ്ങുന്നു. ധൃതിയില്‍ ചുവപ്പുബട്ടനുകള്‍ അമര്‍ത്തുന്നു. ഒരു അടിയന്തരാവസ്ഥ സംജാതമായിരിക്കയാണ്. അവന്‍ അതില്‍ നിമഗ്നനാകുന്നു. പരിസരം മറക്കുന്നു. സ്‌കോര്‍ ബോര്‍ഡില്‍ സ്‌കോര്‍ കൂടിക്കൂടി വരുന്നു.

അയാള്‍ വിമലയോടു പറയുന്നു, നീ മോന്റെ പ്രോഗ്രസ് കാര്‍ഡ് കണ്ടുവോ?

കണ്ടു.

എന്താണഭിപ്രായം?

അയാളുടെ സ്വരത്തില്‍ ആക്ഷേപമുണ്ടായിരുന്നു. മകന്റെ പഠിത്തത്തിന്റെ മുഴുവന്‍ ചുമതലയും ഭാര്യക്കാണെന്നും, അവന്റെ മാര്‍ക്കു കുറഞ്ഞാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഭാര്യ ഏറ്റെടുക്കണ മെന്നുള്ള ധ്വനി ആ ചോദ്യത്തിലുണ്ടായിരുന്നു.

ആദ്യം നല്ല വശം പറയാം. വിമല പറഞ്ഞു. ഇംഗ്ലീഷില്‍ തൊണ്ണൂറ്റിരണ്ടു ശതമാനമുണ്ട്. സയന്‍സില്‍ എണ്‍പത്തിയെട്ട്. ഹിന്ദിയില്‍ എഴുപത്. കണക്കിലാണ് കുറച്ചുമോശം, സംസ്‌കൃതത്തിലും.

എത്രയാണ് മാര്‍ക്കെന്നു പറഞ്ഞില്ല.

കണക്കില്‍ അമ്പത്തിരണ്ടും സംസ്‌കൃതത്തില്‍ അറുപതും.

ഞാന്‍ ആദ്യമേ പറയാറുണ്ട്, അവന് കണക്കില്‍ ട്യൂഷന്‍ കൊടുക്കുകയാണ് നല്ലതെന്ന്.

അതിന് പറ്റിയ ഒരു ടീച്ചറെ കിട്ടണ്ടെ? സുനിക്ക് ട്യൂഷന്‍ കൊടുക്കണ ടീച്ചറെ അവന് ബോദ്ധ്യായില്ല. ഭംഗി പോരാത്രെ! അച്ഛന്റെ മോന്‍ തന്നെ.

അവന്‍ പറയുന്നതു ശരിതന്നെയാണ്. വിജയന്‍ ആലോചിച്ചു. ഒന്നു രണ്ടു മണിക്കൂര്‍ ഒരാളുടെ ഒപ്പം ഇരിക്കണമെങ്കില്‍, ആ വ്യക്തിക്ക് കുറച്ച് സൗന്ദര്യവുമുണ്ടെങ്കില്‍ മുഷിയില്ല.

അങ്ങിനെയിരിക്കുമ്പോള്‍ ഒരു ദിവസം വിമല പറഞ്ഞു. ഒരു ട്യൂഷന്‍ ടീച്ചറെ കിട്ടിയിട്ടുണ്ട്.

അവള്‍ കൂടുതലൊന്നും പറഞ്ഞില്ല. നാളെ മുതല്‍ വരും. വൈകുന്നേരം അഞ്ചു മുതല്‍ ആറു വരെ ക്ലാസ്സെടുക്കാമെന്നു സമ്മതിച്ചിട്ടുണ്ടെന്നു മാത്രം.

ഭംഗിയുള്ള സ്ത്രീയാണോ? അയാള്‍ ചോദിച്ചു.

ഈ ഭംഗിയെന്നു പറയുന്നതുണ്ടല്ലൊ, വിമല പറഞ്ഞു. അതു കാണുന്ന ആളുടെ ദൃഷ്ടിയിലാണ്. ആത്മീയ സൗന്ദര്യമാണ് പ്രധാനം.

അയാള്‍ ട്യൂഷന്‍ ടീച്ചറുടെ രൂപം മനസ്സില്‍ കണ്ടു. കവിളൊട്ടി, കണ്ണുകള്‍ കുണ്ടില്‍ ചാടി കോന്ത്രന്‍ പല്ലുമായി ഒരു മെലിഞ്ഞ രൂപം. അവരുടെ ഉള്ളില്‍ നിന്ന് ആത്മീയ സൗന്ദര്യം വഴിഞ്ഞൊഴുകുന്നു. അടുത്ത മുറിയില്‍ കുനി ഞ്ഞിരുന്ന് പുസ്തകങ്ങളുമായി മല്ലിടുന്ന മകനെ അയാള്‍ സഹതാപപൂര്‍വ്വം നോക്കി. പാവം പയ്യന്‍. അവന്‍ പക്ഷേ, ഈ ട്യൂഷന്‍ ടീച്ചറുടെ മുമ്പില്‍ ഇരിക്കുമോ എന്നു കണ്ടറിയണം.

പിറ്റേന്ന് അയാള്‍ ക്ലബ്ബില്‍ പോകാതെ ഓഫീസില്‍ നിന്നു നേരെ വീട്ടിലേക്കു തിരിച്ചു. ടീച്ചറെ പരിചയപ്പെടാം. അജിത്തിന്റെ ചില പ്രശ്‌നങ്ങളെപ്പറ്റി അവരോടു പറയുകയും വേണം. അഞ്ചര മണിക്കെത്തിയപ്പോള്‍ ട്യൂഷന്‍ ടീച്ചറെത്തിയിട്ടില്ല — അജിത്ത് കളിക്കാന്‍ പോയിരിക്കുന്നു. അവന്റെ ശബ്ദം അയല്‍വീട്ടില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കാനുണ്ട്. വിമല ഒരു പതിനാറുകാരിയുമായി സംസാരിച്ചു നില്‍ക്കുകയാണ്. വെളുത്ത സുന്ദരിയായ ഒരു കുട്ടി. മിഡിയും ടോപ്പുമാണ് വേഷം. തലമുടി രണ്ടാക്കി പിന്നില്‍ ഒരു വാല്‍ മുമ്പിലേയ്ക്കിട്ടിരിയാണ്. ടോപ്പില്‍ മാറില്‍ എഴുതിയിട്ടുണ്ട്. ക’ാ ഇമൃിശ്ീൃീൗ.െ ഒരു ഭീകരജീവിയുടെ ചിത്രവും. ഒരു ഡ്രാഗണെപ്പോലെ തോന്നിക്കുന്ന ഒരു ജീവി.

ഇതാണ് നീലിമ. നീലു എന്ന് വിളിക്കും. നമ്മുടെ വടക്കേലെ അമ്മയുടെ പേരക്കുട്ടിയാണ്. കാനഡയിലുണ്ടെന്നു പറയാറില്ലെ, ആ കുട്ടി. ഇനി നാട്ടിലാണ് പഠിക്കാന്‍ പോകുന്നത്.

വടക്കേലെ അമ്മ ഇവളെപ്പറ്റി പറയുന്നത് അയാള്‍ കേട്ടിട്ടുണ്ട്. അവള്‍ കുട്ടിയായിരിക്കുമ്പോള്‍ കാണിച്ചിട്ടുള്ള അത്ഭുതങ്ങള്‍. പിന്നെ അമ്മ കാനഡയില്‍ പോയപ്പോള്‍ ഉണ്ടായ കാര്യങ്ങള്‍, അങ്ങിനെ പലതും. കാനഡ വളരെ ദൂരെയാണ്. ഉയരങ്ങളില്‍. എല്ലാം കൂടി നീലിമയെപ്പറ്റി അയാള്‍ക്കു ണ്ടായിരുന്ന രൂപം ഒരു മാലാഖയുടേതായിരുന്നു. പിന്നില്‍ ചുമലില്‍ രണ്ടു കൊച്ചു ചിറകുമായി പറന്നു വരുന്ന മാലാഖ.

ചിറകില്ലാ എന്നു മാത്രമേയുള്ളു. നേരില്‍ക്കണ്ടപ്പോള്‍ അയാള്‍ ആലോചിച്ചു. ഇവള്‍ ഒരു മാലാഖ തന്നെയാണ്.

ആര്‍ യു റിയലി കാര്‍ണിവറസ്? അയാള്‍ ചോദിച്ചു. അവളുടെ മുഖം തുടുത്തു. അവള്‍ തല താഴ്ത്തി പിന്നില്‍ നിന്ന് തലമുടിയുടെ മറ്റെ വാലും മുമ്പിലേക്കാക്കി ചുവന്ന ഡ്രാഗണെ മറച്ചു.

എന്താണ് ട്യൂഷന്‍ടീച്ചര്‍ വരാഞ്ഞത്? അയാള്‍ ചോദിച്ചു. ആദ്യത്തെ ദിവസം തന്നെ മുടങ്ങിയാല്‍ എന്താണു സ്ഥിതി.

വിമലയും നീലുവും കൂടി ചിരിക്കാന്‍ തുടങ്ങി. നിര്‍ത്താത്ത ചിരി. വിമല നീലിമയുടെ തോളില്‍ കയ്യിട്ടു ചിരിക്കുകയായിരുന്നു.

സാധാരണ ഗതിയില്‍ അയാള്‍ക്കു ദേഷ്യം പിടിക്കേണ്ടതായിരുന്നു. പക്ഷെ, അന്ന്, ചിരിക്കുമ്പോള്‍ കൂടുതല്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ സാമീപ്യം കൊണ്ടൊ, തന്റെ ചോദ്യത്തിനുള്ള ഉത്തരം വിമല പറയാതെതന്നെ കിട്ടിയെന്നതു കൊണ്ടോ, എന്തോ അറിയില്ല, അയാളും കൂടെ ചിരിക്കാന്‍ തുടങ്ങി.

അങ്ങിനെയാണ് നീലിമ എന്ന സുന്ദരി അജിത്തിന്റെ ട്യൂഷന്‍ ടീച്ചറായത്. ഫലം അത്ഭുതാവഹമായിരുന്നു. ഒരാഴ്ചകൊണ്ട് അവന്റെ അറിവ് പതിന്മടങ്ങ് വര്‍ദ്ധിച്ചു. അന്‍ഡ്രോമേഡാ ഗാലക്‌സി, ബ്ലാക് ഹോള്‍ മുതലായ നിസ്സാര കാര്യങ്ങള്‍ മാത്രം ചോദിച്ചറിഞ്ഞിരുന്ന അജിത് വളരെ ഗഹനമായ കാര്യങ്ങള്‍ ചോദിച്ചു തുടങ്ങി.

ആനകള്‍ ഓടി വരുമ്പോള്‍ ടാര്‍സന്‍ എന്താണ് പറഞ്ഞത്?

എനിക്കറിയില്ല. അയാള്‍ കൈമലര്‍ത്തി.

ആനകള്‍ വരുന്നു. ആനകള്‍ വരുന്നു എന്ന് അവന്‍ പറഞ്ഞു. ഇനി, ആനകള്‍ കറുത്ത കൂളിംഗ് ഗ്ലാസ്സുകള്‍ ഇട്ടുവന്നപ്പോള്‍ ടാര്‍സന്‍ എന്താണ് പറഞ്ഞത്?

എന്താണ് പറഞ്ഞത്?

ഒന്നും പറഞ്ഞില്ല. അജിത് പറഞ്ഞു. ടാര്‍സന് അവ ആനകളാണെന്നു മനസ്സിലായില്ല.

കണക്കില്‍ അവന്റെ പ്രാവീണ്യം എത്ര മാത്രം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് അടുത്ത ടെസ്റ്റു കഴിഞ്ഞാല്‍ അറിയാം.

നീ അപ്പോയിന്റ് ചെയ്ത പുതിയ ട്യൂഷന്‍ മിസ്സില്ലെ? അയാള്‍ വിമലയോട് പറഞ്ഞു. അവളെന്താണ് അജിത്തിനെ പഠിപ്പിക്കുന്നത്? കടംകഥകളോ? കണക്കോ?

വിമല ചിരിക്കാന്‍ തുടങ്ങി. നീലു പറയുന്നത് ഈ മന്തന് എല്ലാം അറിയാമെന്നാണ്. അശ്രദ്ധ കാരണം കണക്കുകള്‍ തെറ്റിക്കുകയാണെന്നാണ്. പിന്നെ അവരുടെ ട്യൂഷന്റെ സമയത്ത് ഒന്നു ശ്രദ്ധിച്ചു നോക്കുകേട്ടോ. നല്ല രസമാണ്.

അവള്‍ എന്തൊക്കെ കുളൂസാണ് പറയുക എന്നോ. നമ്മുടെ പൊട്ടന്‍കുട്ടി അതൊക്കെ വിശ്വസിക്കുകയും ചെയ്യും.

ശ്രദ്ധിച്ചപ്പോള്‍ രസം തോന്നി.

നീലു പറയുകയാണ്.

ഞങ്ങള്‍ക്ക് അവിടെ ഒരു വലിയ കോട്ട തന്നെയുണ്ട്. ചുറ്റും ഒരു ഡീപ് മോട്ടാണ്.

മോട്ട്ന്ന് പറഞ്ഞാല്‍?

ഈ കാസിലുകള്‍ക്കു ചുറ്റും കാണില്ലെ ആഴത്തില് വെള്ളം.

കിടങ്ങോ?

ആ അതു തന്നെ.

കോട്ടയ്ക്ക് ഒരോ ഒരു വാതിലേ ഉള്ളൂ. അത് തുറക്കാന്‍ ആജ്ഞാപിക്കാന്‍ എനിയ്ക്കും മമ്മിയ്ക്കും ഡാഡിയ്ക്കും മാത്രമെ പറ്റു. അതിനൊരു പാസ്‌വേര്‍ഡ് ഉണ്ട്. അതു ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കും മാത്രമെ അറിയു.

അപ്പോള്‍ നിങ്ങള്‍ മൂന്നു പേരും മരിക്കുകയാണെങ്കിലോ?

അജിത്തിന്റെ സംശയം.

ഇഡിയറ്റ്, ഞങ്ങള്‍ അങ്ങിനെ മരിക്കുകയൊന്നുമില്ല. ഞങ്ങള്‍ അരയില്‍ ഒരു മന്ത്രച്ചരട് കെട്ടിയിട്ടുണ്ട്. അതുള്ളിടത്തോളം കാലം പെട്ടെന്ന് മരിക്കുകയൊന്നുമില്ല.

അതെവിടെ നിന്നു കിട്ടിയതാണ്?

അതു മുത്തച്ഛന്റെ കാലത്തുള്ളതാണ്. ഓരോ തലമുറയായി അതു കൈമാറി.

നീലുവിന്റെ മുത്തച്ഛന്‍ എവിടെയാണ് താമസിച്ചിരുന്നത്?

തൃപ്പൂണിത്തുറയില്‍. അവള്‍ പറഞ്ഞു. അവിടെ ഒരു വലിയ കൊട്ടാരത്തിലായിരുന്നു. പിന്നെ മുത്തച്ഛന്‍ മരിച്ച പ്പോള്‍ അമ്മമ്മ ആ കൊട്ടാരൊക്കെ ഗവര്‍മ്മെണ്ടിന് കൊടുത്ത് ഇവിടെ വന്ന് താമസിക്ക്യാണ്. നീ വീട്ടില്‍ വന്നാല്‍ മുത്തച്ഛന്റെ സിംഹാസനൊക്കെ കാട്ടിത്തരാം.

ശരിക്കും?

ആ, ശരിക്കും. അതെല്ലാം മുകളില്‍ തട്ടിന്‍പുറത്താണിട്ടിരിക്കുന്നത്. നിനക്കു ധൈര്യമുണ്ടെങ്കില്‍ പോയി കാണാം. കാരണം മുത്തച്ഛന്റെ പ്രേതം എന്നും വരാറുണ്ടവിടെ. തട്ടിന്‍പറത്ത് സിംഹാസനത്തില്‍ ഇരിക്കാറുണ്ട്. അമ്മമ്മ ഒരിക്കല്‍ തട്ടിന്‍പുറത്ത് എന്തോ എടുക്കാന്‍ കയറിയപ്പോള്‍ എല്ലാ ഫര്‍ണീച്ചറും പൊടിയും മാറാലയും പിടിച്ച് കിടക്കുകയായിരുന്നു. ഈ സിംഹാസനം മാത്രം പൊടിയൊന്നും പിടിക്കാതെ തിളങ്ങിക്കിടക്കുന്നു. ഒരു അസ്റ്റ്രോളജറാണ് പറഞ്ഞത് മുത്തച്ഛന്റെ പ്രേതം വരാറുണ്ടെന്ന്. അവര് കള്ളികള്‍ വരച്ച് ഷെല്ലൊക്കെ നിരത്തിവെച്ച് നോക്കില്ലെ? അങ്ങിനെ കണ്ടതാണ്.

നീലുവിന് പേടിയില്ലെ?

എനിക്കു പേടിയാണെന്നോ? ഞാന്‍ ഓടും.

അജിത്തിനെ സംബന്ധിച്ചിടത്തോളം നീലു ഒരു പുതിയ ലോകം തുറന്നു കൊടുത്തിരിക്കയാണ്. അവന് സംശയങ്ങളെ ഉള്ളൂ. ഈ വക സംശയങ്ങള്‍ അവന്‍ അമ്മയോടാണ് ചോദിക്കുക. വിമല അടുക്കളയില്‍ ജോലിയെടുക്കുമ്പോള്‍ അവന്‍ സ്വരം താഴ്ത്തി ഓരോന്നു ചോദിക്കുന്നു.

നീലിമ പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നു. അവന്റെ കണ്ണുകളില്‍ അത്ഭുതമാണ്.

അവള്‍ ശരിക്കും ഒരു രാജകുമാരി തന്ന്യാണ്ന്ന് പറഞ്ഞു. ശര്യാണ്ന്ന് തോന്ന്ണണ്ട്‌ട്ടൊ. അവളുടെ കൈവിരലൊക്കെ എന്തുഭംഗിയാണ്. നമ്മള് മാസികേലൊക്കെ നെയില്‍ പോളീഷിന്റെ പരസ്യത്തിലൊക്കെ കാണില്ലെ അതുപോലത്തെ വിരലുകളാണ്.

അവള് പറയണത് കാനഡയില്‍ നമ്മള്‍ പോയാല്‍ അവളുടെ അടുത്തിരിക്കാനൊന്നും പറ്റില്ല്യാത്രെ. നമുക്ക് സ്വാതന്ത്ര്യം കിട്ടിയില്ലെ, അതുകൊണ്ടാണ് ഇവിടെ നമുക്ക് അവളോട് സംസാരിക്കാനും അവളുടെ ഒപ്പം ഇരിക്കാനും പറ്റണത്‌ത്രെ.

ഒരു കാര്യം ശ്രദ്ധിച്ചുവോ? വിജയന്‍ വിമലയോടു പറഞ്ഞു അജിത്ത് ഇപ്പോള്‍ വീഡിയോ ഗെയിം തൊടുന്നില്ല. ആ സമയം അവന്‍ പഠിക്കുകയൊന്നുമല്ല, മനോരാജ്യം കാണുകയാണ് എന്നാലും വീഡിയോ ഗെയിം കളിച്ച് അവന്‍ കണ്ണുകേടുവരുത്തില്ലല്ലൊ. നീലിമ ഒരു മന്ത്രവാദിനിയാണെന്നു തോന്നുന്നു. ടെസ്റ്റുകഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ തന്നെ അവള്‍ ചോദ്യക്കടലാസ് വാങ്ങി അവനെക്കൊണ്ട് എല്ലാം ചെയ്യിച്ചു.

മാത്രം ഒന്ന് തെറ്റിച്ചു. വെറും കെയര്‍ലെസ് ആയിട്ടാ. ഞാന്‍ ഇന്നലെ പറഞ്ഞു തന്നതല്ലെ അത്.

നീലിമ അവനോട് കയര്‍ക്കുന്നുണ്ടായിരുന്നു. അവള്‍ മലയാളം പറഞ്ഞിരുന്നത് കുറച്ച് കൊഞ്ഞലോടെ യാണ്. അവളുടെ മലയാളം കേള്‍ക്കാന്‍ രസമുണ്ട്. ഇംഗ്ലീഷ് വാചകങ്ങള്‍ മലയാളത്തിലാക്കി പറയുകയാണ് അവള്‍ ചെയ്യുന്നത്. ചിലപ്പോള്‍ അവളുടെ ആക്ഷേപങ്ങള്‍ കേള്‍ക്കാം.

നോക്കു ചേച്ചി ഈ അജിത് ഞാന്‍ പറയുന്നതൊന്നും കേള്‍ക്കുന്നില്ല. വെറുതെ ഉപദ്രവി ചെയ്തുകൊണ്ടിരി ക്ക്യാണ്.

വിമല ചിരിയ്ക്കാന്‍ തുടങ്ങി.

നീലിമ അത്ഭുതത്തോടെ വിമലയെ നോക്കി.

എന്താ ചേച്ചി ചിരിക്കുന്നത്?

ഒന്നുമില്ല മോളെ നിന്റെ ഭാഷ കേട്ടിട്ടു തന്നെ.

അമ്മമ്മയും അതെ, ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ ഉടനെ ചിരിക്കും.

അയാള്‍ പിന്നീട് ക്ലബ്ബില്‍ പോയില്ല. വീട്ടിലെ അന്തരീക്ഷം അയാള്‍ക്ക് പെട്ടെന്ന് ഹൃദ്യമായി തോന്നി വൈകുന്നേരങ്ങളിലെ വിരസതയില്ല. സാധാരണ വൈകുന്നേരങ്ങളില്‍ നേരിട്ടു വീട്ടിലേക്കു വന്നാല്‍ വല്ലാത്ത ബോറടിയാണ്. അജിത് കളിക്കുവാന്‍ പോകും. വിമലയ്ക്ക് വല്ല കൂട്ടുകാരുമുണ്ടാവും. അവരുമായി മതിലിനപ്പുറത്തും ഇപ്പുറത്തും നിന്ന് കൊതുകടി കൊണ്ട് സംസാരിച്ചു നില്ക്കും. താന്‍ മാത്രം ടേപ്പ് റെക്കാര്‍ ഡില്‍ വല്ല പഴയ പാട്ടും വെച്ച് വീട്ടിനുള്ളിലെ മങ്ങിയ വെളിച്ചത്തിലിരിക്കും. ഇപ്പോള്‍ അങ്ങിനെയല്ല. വൈകു ന്നേരങ്ങള്‍ വളരെ പ്രകാശമയമായിരിക്കുന്നു. കാനഡയില്‍ നിന്നു വന്ന ഒരു രാജകുമാരി തങ്ങളുടെ ജീവിതത്തില്‍ ആഹ്ലാദം നിറച്ചിരിക്കുന്നു. അജിത്തിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ അവളാണ് നിര്‍ദ്ദേശിച്ചത് സാധാരണ ഒരു പായസം. നാലും കൂട്ടിയ ഒരു ഊണ്. അതോടെ കഴിഞ്ഞു. അങ്ങിനെയൊന്നുമല്ല വേണ്ടതെന്നു പറഞ്ഞത് നീലിമയാണ്.

ചേച്ചി, നമുക്ക് അജിത്തിന്റെ ബര്‍ത്ത്‌ഡേ നന്നായി സെലിബ്രേറ്റ് ചെയ്യണം.

പിന്നെ അവളുടെ വകയാണ് ഒരുക്കങ്ങളെല്ലാം. കേക്ക് ഓര്‍ഡര്‍ചെയ്തു. അതില്‍ ഹാപ്പി ബര്‍ത്ത് ഡേ ടു അജിത് എന്നും തിയ്യതിയും അവള്‍ ക്രീം കൊണ്ട് എഴുതിപ്പിച്ചു. ബലൂണുകള്‍, ക്രെയിപ്പ് പേപ്പര്‍,

മിട്ടായികള്‍ നിറയ്ക്കാനുള്ള കൊച്ചു പായ്ക്കറ്റുകള്‍ എന്നിവ വാങ്ങിക്കൊണ്ടു വന്നു. ആ പാക്കറ്റുകളില്‍ മൂന്നു മിട്ടായി രണ്ടു ബലൂണുകള്‍, പിന്നെ ഒരു സര്‍പ്രൈസ് സമ്മാനം അത് പ്ലാസ്റ്റിക് വിസില്‍, കീ ചെയിന്‍ എന്നിവയായിരുന്നു. അതിഥികളായി വരുന്ന കൊച്ചുകുട്ടികള്‍ക്ക് പാര്‍ട്ടികഴിഞ്ഞ് പോകുമ്പോള്‍ കൊണ്ടു പോകാനുള്ള പാക്കറ്റുകളാണ്. ഇംഗ്ലീഷ് പാട്ടുകളുള്ള അവളുടെ സ്വന്തം കാസെറ്റുകള്‍ കൊണ്ടുവന്നു. ഇതെല്ലാം വിമല പിന്നീടു പറഞ്ഞപ്പോഴാണ് അയാള്‍ക്കു മനസ്സിലായത്.

വൈകുന്നേരം ഓഫീസില്‍ നിന്നു വന്നപ്പോള്‍ വീട്ടില്‍ ആകെ ബഹളമായിരുന്നു. തൂക്കിയിട്ട ബലൂണു കള്‍ക്കും വര്‍ണ്ണ ക്കടലാസുകള്‍ക്കും താഴെ പാട്ടിനു ചുവടുവെച്ച് ഡാന്‍സുചെയ്യുന്ന ഒരു ഡസന്‍ കുട്ടികള്‍. ആദ്യം അയാള്‍ക്കു തോന്നിയത് അരിശമാണ്. അയാള്‍ ക്ഷീണിച്ചിരുന്നു. ഒരു ചായയും കുടിച്ച് സോഫയില്‍ ചാരിയിരുന്ന് കുറച്ച് പഴയ ഹിന്ദിപ്പാട്ടുകള്‍ കേള്‍ക്കണമെന്ന് വിചാരിച്ചാണ് വന്നത് ഇവിടെ ഇതാ ആകെ ബഹളം. ഒന്നിരിക്കാന്‍ കൂടി വയ്യ. അയാള്‍ പോയി ടേപ്പ്‌റിക്കാര്‍ഡറിന്റെ ശബ്ദം കുറച്ചു.

ചേട്ടന്‍ വന്നു. ഇനി കേക്ക് മുറിക്കാം.

നീലു പറഞ്ഞു.

എല്ലാവരും മേശയ്ക്കുമുമ്പില്‍ പൊതിഞ്ഞു നിന്നു. അതില്‍ മൂന്നു വയസ്സുതൊട്ട് പന്ത്രണ്ടു വയസ്സുവരെ യുള്ള ചിടുങ്ങന്മാരും ചിടുങ്ങികളുമുണ്ട്. കൊച്ചു കണ്ണുകളില്‍ പ്രകാശം. ഒരു മൂന്നു വയസ്സുകാരന്‍ ഉറക്കെ ചോദിക്കുന്നതു കേട്ടു. ചേച്ചീ, ഈ കേക്ക് നമുക്ക് തിന്നാന്‍ കിട്ടില്ലെ?

രാവിലെ ഓഫീസില്‍ പോകുമ്പോള്‍ നീലുവും വിമലയും കൂടി കുശുകുശുക്കുന്നതു കണ്ടിരുന്നു. അജിത്തിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനെപ്പറ്റിയാണെന്നു പറഞ്ഞപ്പോഴും ഇത്രയൊന്നും പ്രതീക്ഷി ച്ചില്ല. അയാള്‍ മുഴുവന്‍ രസിക്കാത്ത മട്ടില്‍ ഒരിടത്തു നിന്നു. വിമല കുട്ടികള്‍ക്ക് കുടിക്കാന്‍ സര്‍വ്വത്തു ണ്ടാക്കുകയായിരുന്നു. നീലു കേക്കിന്റെ മുകളില്‍ കത്തിച്ചു വെച്ച എട്ടു മെഴുകുതിരികള്‍ എങ്ങിനെ ഒറ്റ വീര്‍പ്പിന് ഊതിക്കെടുത്തണമെന്ന് അജിത്തിനെ പഠിപ്പിക്കുകയായിരുന്നു.

ക്രമേണ കുട്ടികളുടെ ഉത്സാഹം അവരുടെ കണ്ണുകളിലെ തിളക്കം, എല്ലാം അയാളുടെ ഉദാസീനത ഇല്ലാതാക്കി. അജിത്ത് മെഴുകുതിരികള്‍ കെടുത്തുമ്പോള്‍ കുട്ടികളുടെ ഒപ്പം ഹാപ്പി ബര്‍ത്ത്‌ഡേ പാടാന്‍ അയാളുണ്ടായിരുന്നു.

അയാളുടെ കാസറ്റ് കലക്ഷനിലും നീലു ഇടപെട്ടു.

ഇതെന്താണ് ഓള്‍ഡ്‌സോങ്ങ്‌സെല്ലാം വെച്ചിരിക്കുന്നത്? ഇതൊക്കെ വലിച്ചെറിയൂ. അവള്‍ അവളുടെ കാസറ്റ് കലക്ഷനില്‍ നിന്ന് പുതിയ കാസറ്റുകള്‍ അയാള്‍ക്കു കേള്‍ക്കാന്‍ കൊടുത്തു. വാം, ബ്രൂസ് സ്പ്രിംഗ്സ്റ്റീന്‍, ബില്ലി ഓഷന്‍, ടീനാ ടേണര്‍. ഇതൊന്നും തന്നെ അയാള്‍ കേട്ടിട്ടുണ്ടായിരുന്നില്ല. പക്ഷെ ഒരിക്കല്‍ കേട്ടപ്പോള്‍ അതത്ര മോശമല്ലെന്നു തോന്നി. പിന്നെ പിന്നെ പാവം മുഹമ്മദ് റാഫിയും, ലതാ മങ്കേഷ്‌ക്കറും മേശവലിപ്പിലേക്കു വലിഞ്ഞു. നൗഷദിന്റെ ശ്രുതിലയമാധുര്യത്തിനു പകരം വീട്ടില്‍ സ്റ്റീവി വണ്ടറിന്റെയും മൈക്കല്‍ ജാക്‌സന്റെയും ബീറ്റുകള്‍ നിറഞ്ഞു. നീലു വളരെ പ്രകടമായി അവരെ സ്വാധീനിക്കുകയായിരുന്നു.

ഭക്ഷണത്തിലും ആ വ്യത്യാസം അനുഭവപ്പെട്ടു. സാമ്പാറും മെഴുക്കുപെരട്ടിയും മോരൊഴിച്ച കൂട്ടാനും കുറെക്കൂടി സോഫിസ്റ്റിക്കേറ്റഡ് ആയ പാചകങ്ങള്‍ക്ക് വഴിമാറിക്കൊടുത്തു.

ട്യൂഷന്‍ സമയം. നീലു സംസാരിക്കുകയായിരുന്നു.

എന്റെ ബര്‍ത്ത്‌ഡേയ്ക്ക് എത്ര പേരാണ് വരുകയെന്നറിയാമോ?

കൊറെ പേരു വര്വോ?

ഉം. എല്ലാവരും റോയല്‍ ഫാമിലികളില്‍ നിന്നായിരിക്കും. റോയല്‍ ഫാമിലിയില്‍ നിന്ന് മാത്രമേ ക്ഷണിക്കുകയുള്ളു. രാജകുമാരന്‍മാര്‍ വലിയ എയര്‍കണ്ടീഷന്‍ ചെയ്ത ലിമോസിനുകളില്‍ വരും. മിക്ക വാറും പേര്‍ റോള്‍സ് റോയ്‌സ് കാറിലായിരിക്കും വരുക.

റോള്‍സ് റോയ്‌സ് നല്ല കാറാണോ?

അജിത്ത് ചോദിക്കുന്നു.

നല്ല കാറാണെന്നോ? നല്ല ചോദ്യം. ലോകത്ത് ഏറ്റവും കോസ്റ്റ്‌ലിയായ കാറാണത്. ഹണ്‍ഡ്രഡ് തൗസന്റ് ഡോളറാണ് വില. അറിയ്യോ?

എന്നു വെച്ചാല്‍?

ഒരു ഡോളര്‍ എന്നു പറഞ്ഞാല്‍ പത്തുറുപ്പിക. അപ്പോള്‍ വണ്‍ മില്ല്യന്‍ റുപ്പീസ്.

പത്തു ലക്ഷം?

അജിത്തിന്റെ കണ്ണുകളില്‍ അത്ഭുതം.

ഹാ. ഞങ്ങളുടെ വീട്ടില്‍ രണ്ടു റോള്‍സ് റോയ്‌സാണുള്ളത്. ഒന്ന് ഡാഡിക്കും ഒന്ന് മമ്മിക്കും. എനിയ്ക്ക് ഒരു സിത്രിയോണ്‍ കാറാണ് വാങ്ങിത്തന്നത്.

നീലുവിന് കാറോടിക്കാനൊക്കെ അറിയുമോ?

അറിയാം. പക്ഷെ അതിന്റെ ആവശ്യമൊന്നുമില്ല. ഞങ്ങള്‍ക്ക് ഷോഫറെല്ലാമുണ്ട്.

ഷോഫറെന്നു വച്ചാല്‍?

ഡ്രൈവര്‍, യു ഇഡിയറ്റ്. വലിയ കാറുകളാവുമ്പൊ ഷോഫര്‍ എന്നാ പറയാ.

പക്ഷെ രാജാക്കന്മാരൊക്കെ കുതിരപ്പുറത്തല്ലെ യാത്ര ചെയ്യുക?

അതൊക്കെ പണ്ട് എന്റെ മുത്തച്ഛന്‍ രാജാവായിരുന്ന കാലത്ത്. മുത്തച്ഛന്‍ ഫൈറ്റിംഗിനൊക്കെ പോയിരുന്നത് കുതിരപ്പുറത്താണ്.

നീലുവിന്റെ മുത്തച്ഛന്‍ ഫൈറ്റിംഗിനൊക്കെ പോവാറുണ്ടൊ?

പോവാറുണ്ടോ എന്നോ? മുത്തച്ഛന്‍ വലിയ ഫൈറ്ററായിരുന്നു. കുറെ കണ്‍ട്രീസ് കോണ്‍ക്വര്‍ ചെയ്തിട്ടു ണ്ട്. ബ്രിട്ടീഷുകാരോടൊക്കെ എത്ര പ്രാവശ്യം ഫൈറ്റ് ചെയ്തിട്ടുണ്ടെന്നോ? മുത്തച്ഛന്റെ ഷീല്‍ഡും സ്വേഡും ഇപ്പോഴും വീട്ടിലിരിക്കുന്നുണ്ട്. ഷീല്‍ഡിന്മേലും, സ്വേഡിന്റെ പിടിയിലും ഡയമണ്ട്‌സ് പതിച്ചിട്ടുണ്ട്,

അത് കാണാന്‍ പറ്റ്വോ?

ഉം, നിനക്ക് ധൈര്യമുണ്ടെങ്കില്‍ പോയി നോക്കാം. എല്ലാം തട്ടിന്‍പുറത്താണ് വെച്ചിരിക്കുന്നത്.

നീലു ക്രമേണ അവരെ കീഴടക്കുകയായിരുന്നു. നിസ്സാരകാര്യങ്ങള്‍ കൂടി മാറ്റുവാന്‍ അവള്‍ ആജ്ഞാപിച്ചു. വൈകുന്നേരം മുനിഞ്ഞു കത്തുന്ന ബള്‍ബുകള്‍ നോക്കി അവള്‍ പറഞ്ഞു.

ഇതെന്താണ് കാന്റില്‍സ് മാതിരിയുള്ള ബള്‍ബുകള്‍ ഇട്ടിരിക്കുന്നത്? ചേട്ടന് കുറച്ചുകൂടി ബ്രൈറ്റായിട്ടുള്ള ലാംപ്‌സ് ഇട്ടുകൂടെ?

അയാള്‍ പരുങ്ങി. ഇരുപത്തഞ്ചിന്റെയും നാല്‍പതിന്റെയും ബള്‍ബുകള്‍ ഇട്ടത് സ്ലാബ് കടക്കാതിരിക്കാ നാണ്. ഇരുപതില്‍ നിന്ന് അടുത്ത സ്ലാബിലേക്കു കുതിച്ചാല്‍ ഇരട്ടി കൊടുക്കണം. അതുകൊണ്ട് വായിക്കാന്‍ വിഷമമാണെങ്കിലും നാല്പതിന്റെ ബള്‍ബുകള്‍ കൊണ്ട് തൃപ്തിപ്പെടുന്നു.

നാളെ വരുമ്പോഴേയ്ക്കും ഈ ബള്‍ബുകളൊക്കെ മാറ്റിയില്ലെങ്കില്‍ പിന്നെ ഞാന്‍ വൈകുന്നേരം ഇവിടെ വരില്ല,

നീലു ഒരു രാജകുമാരിയാണ്. ആജ്ഞാപിച്ചാല്‍ അനുസരിക്കാതെ വയ്യ. പിറ്റേന്ന് അവള്‍ വരുമ്പോഴേയ്ക്ക് അയാള്‍ കുളിമുറിയിലേതൊഴികെ ബാക്കിയെല്ലാ ബള്‍ബുകളും മാറ്റി. നീലു വരുമ്പോള്‍ വീട് പ്രകാശ മയമായിരുന്നു.

അയാള്‍ തല കുമ്പിട്ടുകൊണ്ട് അവളോട് പറഞ്ഞു.

അവിടുത്തെ ആജ്ഞ പാലിച്ചിരിക്കുന്നു. യുവര്‍ ഹൈനസ്.

അവള്‍ പൊട്ടിച്ചിരിച്ചു.

ഞായറാഴ്ച ഉച്ച തിരിഞ്ഞാല്‍ നീലുവിന്റെ അമ്മമ്മ വരുന്നു. അവരുടെ പതിവാണത്. മുമ്പെല്ലാം നീലുവിന്റെ അമ്മയുടെ കത്തിലെ വിവരങ്ങളാണ് പറയാനുണ്ടായിരുന്നത്. നീലുവിന്റെ പരാക്രമങ്ങളെപ്പറ്റി. ഇപ്പോള്‍ നീലു ഇവിടെയായതുകൊണ്ട് അവളുടെ നേരിട്ടുള്ള കാര്യങ്ങളാണ് പറയാനുള്ളത്.

അമ്മമ്മ തീരെ ഫാഷനബ്‌ളല്ല എന്നാണ് നീലു പറയുന്നത്. അവര്‍ പറഞ്ഞു. ഞാന്‍ ഇതുവരെ സെറ്റു മുണ്ടാണുടുത്തിട്ടുള്ളത്. ഇനി ഇപ്പോള്‍ ഈ വയസ്സുകാലത്ത് എനിക്കു വയ്യ പട്ടുസാരിയൊക്കെ ഉടുത്തു നടക്കാന്‍.

അവള്‍ ഒരു രാജകുമാര്യാന്നാണ് അജിത്തിനോട് പറഞ്ഞിരിക്കണത്. വിമല പറഞ്ഞു. അവളുടെ മുത്തച്ഛന്‍ ഇവിടെ രാജ്യം ഭരിച്ചിരുന്നത്രെ.

അവര്‍ ഉറക്കെ ചിരിക്കാന്‍ തുടങ്ങി.

അതു തന്ന്യാണ് അവള്‍ എന്നോട് പട്ടുസാരിയുടുക്കണമെന്നൊക്കെ പറേണത്. ഞാന്‍ കാനഡയില്‍ പോയപ്പോഴും അവള്‍ എന്നെ നിര്‍ബ്ബന്ധിച്ചു. അവിടെ അവളുടെ സ്‌നേഹിതകളോടൊക്കെ പറഞ്ഞിട്ടുള്ളത് അവള്‍ രാജകുമാര്യാന്നാണ്. ഇവിടെ ഇന്ത്യയില്‍ അവളുടെ മുത്തച്ഛനും അമ്മമ്മയും ഒരു വലിയ കോട്ട യിലാണ് താമസിക്കുന്നതെന്നും. ഞാനവിടെ ചെന്നപ്പോള്‍ അവര്‍ക്ക് എല്ലാം അറിയണം. കോട്ടയുടെ വലുപ്പം, അതിനു ചുറ്റുമുള്ള കിടങ്ങിന് എത്ര ആഴമുണ്ട്, അതില്‍ പിരാഹ്ന എന്ന മത്സ്യങ്ങളെ വളര്‍ത്തുന്നുണ്ടോ എന്നൊക്കെ. പിരാഹ്ന എന്ന മത്സ്യങ്ങളില്ലെ, അത് ഒരാളെ ഏതാനും നിമിഷങ്ങള്‍ കൊണ്ട് കാര്‍ന്നു തിന്ന് അസ്ഥി മാത്രമാക്കുമത്രെ. അപ്പോള്‍ ആര്‍ക്കും ആ കിടങ്ങ് നീന്തിക്കടക്കാന്‍ കഴിയില്ലല്ലോ. ഇതൊക്ക്യാണ് നീലു അവളുടെ സ്‌നേഹിതകള്‍ക്ക് പറഞ്ഞുകൊടുത്തിരിക്കണത്.

ഞാനൊരു മഹാറാണിയാണെന്നാണ് അവള്‍ പറഞ്ഞു ധരിപ്പിച്ചിരുന്നത്. അപ്പോള്‍ അതു മാതിരി ഉടുത്തൊരുങ്ങുകയും വേണമല്ലോ.

അവര്‍ വെളുത്തു തടിച്ച ഒരു സ്ത്രീയായിരുന്നു. നെറ്റിമേലുള്ള ചന്ദനക്കുറിയും എപ്പോഴും ചിരിക്കുന്ന തറവാടിത്തമുള്ള മുഖവുമായി അവര്‍ ഒരു മഹാറാണി ചമയാന്‍ മാത്രം കോളുള്ള ഒരു സ്ത്രീയായിരുന്നു.

നിങ്ങള്‍ക്ക് രാജകുടുംബവുമായി വല്ല ബന്ധവുമുണ്ടോ?

ഏയ് ഒന്നുമില്ല. എന്റെ അച്ഛന്‍ കൊച്ചി രാജാവിന്റെ വേണ്ടപ്പെട്ട ഒരാളായിരുന്നു. അന്ന് മഹാരാജാവ് ചാര്‍ത്തിത്തന്നതാണ് ഈ വീടും പറമ്പുമൊക്കെ, അത്രമാത്രം. അതൊക്കെ പഴയകഥകള്‍.

ആരും കേള്‍ക്കുന്നില്ലെന്നു ഉറപ്പു വരുത്തിയാല്‍ അജിത്ത് അമ്മയോടു ചോദിക്കുന്നു,

ഞാന്‍ വലുതായാല്‍ എനിക്ക് ഒരു രാജകുമാരിയെ കല്യാണം കഴിക്കാന്‍ പറ്റുമോ.

എന്താ പറ്റാതെ? വിമല പറയുന്നു. മോനെ കണ്ടാലും ഒരു രാജകുമാരനെപ്പോലെയുണ്ടല്ലോ.

അമ്മേ നീലു ശരിക്കും ഒരു രാജകുമാരിയാണോ?

ആയിരിക്കും വിമല കൈമലര്‍ത്തി, എനിയ്ക്ക് അറിയില്ല. എന്താ നിനക്ക് നീലുവിനെ കല്യാണം കഴിക്കണോ?

അജിത്തിന്റെ മുഖം നാണംകൊണ്ട് ചുവന്നു.

ഈ അമ്മ. അമ്മ്യോട് ഞാന്‍ മുണ്ടില്ല.

അവന്‍ ഓടിപ്പോയി.

രാവിലെയായാല്‍ നീലു എത്തുന്നു. വിമലയുണ്ടാക്കുന്ന പലഹാരം രുചിച്ചു നോക്കാന്‍. അജിത്തിന്റെ ഹോംവര്‍ക്കുകള്‍ ശരിയാണോ എന്നു നോക്കാന്‍, വിജയേട്ടനുമായി ശണ്ഠകൂടാന്‍. നീലുവിനെ ശുണ്ഠി പിടിപ്പിക്കാനായി അയാള്‍ പറയുന്നു.

ഈ പെണ്ണിന് വീട്ടില്‍ തൊഴിലൊന്നുമില്ലെ? രാവിലെയായാല്‍ എത്തി.

അതെയതെ. വിമല പറയുന്നു. രണ്ടു മാസത്തിനുള്ളില്‍ അവളുടെ ക്ലാസ്സുകള്‍ തുടങ്ങും. അതു കഴിഞ്ഞാല്‍ പിന്നെ അവളെ കണ്ടെങ്കിലല്ലേ? അപ്പോള്‍ അച്ഛനും മോനും നീലുവിനെ അന്വേഷിച്ചു നടക്കും. അപ്പോള്‍ കാണാം നീലുവിന്റെ വില.

നീലുവിന്റെ ഓമനമുഖത്ത് പരിഭവം.

സോറി രാജകുമാരി. അയാള്‍ പറയുന്നു. ഞാന്‍ തമാശ പറഞ്ഞതല്ലേ?

പരിഭവം പക്ഷെ ക്ഷണനേരത്തേക്കു മാത്രം.

ചേട്ടാ, ഞാന്‍ എന്റെ രണ്ടു കാസറ്റുകള്‍ കൊണ്ടുപോകുന്നുണ്ട്. ബില്ലി ഓഷനും, ആഹായും. വൈകു ന്നേരം തിരിച്ചുതരാം.

ശരി രാജകുമാരി.

രാജകുമാരി അവളുടെ ജൈത്രയാത്ര തുടര്‍ന്നു, അജിത്തിന്റെ മനോരാജ്യങ്ങളിലൂടെ, വിമലയുടെ ദിനചര്യകളിലൂടെ, വിജയന്റെ അഭിരുചികളിലൂടെ നീലു ജൈത്രയാത്ര ചെയ്തു. നീലു കീഴടക്കാന്‍ നിയോഗിക്കപ്പെട്ടവളായിരുന്നു. അവര്‍ കീഴടങ്ങാന്‍ വിധിക്കപ്പെട്ടവരും കീഴടങ്ങലിന്റെ സുഖം അവര്‍ അനുഭവിച്ചു നീലു വരുന്നതിനുമുമ്പുള്ള ദിവസങ്ങളെപ്പറ്റി ഓര്‍മ്മിക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. അതെല്ലാം കറുത്ത ദിവസങ്ങളായിരുന്നു. സൂര്യനുദിക്കാത്ത ഇരുണ്ട ദിവസങ്ങള്‍. ഇപ്പോള്‍ അവരുടെ ലോകം പ്രകാശ മയമാണ്.

അങ്ങിനെയിരിക്കുമ്പോള്‍ ഒരു ദിവസം അയാളുടെ ദിനചര്യ തെറ്റുന്നു. ഒന്നുകില്‍ ഓഫീസില്‍ പണി കൂടുതല്‍ അല്ലെങ്കില്‍ പുറത്തിറങ്ങിയാല്‍ പരിചയക്കാരെ ആരെയെങ്കിലും കാണുന്നു. ഇന്നും അതാണ് സംഭവിച്ചത്. ഓഫീസില്‍ നിന്നു പുറത്തു കടന്ന ഉടനെ കണ്ട പരിചയക്കാരന്‍ തന്നെ വിട്ടില്ല. ഒരു അട്ടയെ പ്പോലെ കടിച്ചു തൂങ്ങിയ അയാളെ ഒഴിവാക്കാന്‍ റെസ്റ്റോറണ്ടില്‍ പോയി ചായ വാങ്ങിക്കൊടുക്കേണ്ടി വന്നു. എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ നേരം വൈകി. ഏഴുമണി കഴിഞ്ഞു. എന്നിട്ടും അടുക്കളയില്‍ മാത്രമെ വിളക്ക് കത്തിച്ചിരുന്നുള്ളു അങ്ങിനെ പതിവില്ല. തുറന്ന അടുക്കളവാതിലിലൂടെ അയാള്‍ അകത്തുകയറി അകത്തു വിമല അരണ്ട വെളിച്ചത്തില്‍ ഇരിക്കുകയായിരുന്നു.

നമ്മുടെ നീലു പോയി വിമല പറഞ്ഞു.

വിമല കരയുകയായിരുന്നെന്ന് അയാള്‍ക്കുതോന്നി.

അവള്‍ തിരിച്ച് കാനഡയില്‍ പോവുകയാണ്. ഇന്ന് വൈകുന്നേരം അവളുടെ അമ്മാവന്റെ ഒപ്പം പോയി. ബാംഗ്ലൂര്‍ക്കാണ് പോയത്. അവിടെന്ന് ബോംബെയ്ക്ക് പോകും.

അയാള്‍ കസേരയിലിരുന്നു. തീരെ പ്രതീക്ഷിക്കാത്തതാണത്.

എന്തെ ഇത്ര പെട്ടെന്ന്?

എന്തോ ഇമിഗ്രേഷന്റെ കുഴപ്പമാണത്രെ. അമ്മ പറഞ്ഞിരുന്നു. അവള്‍ക്ക് ഇവിടെ ചേരാന്‍ പറ്റില്ലത്രെ അപ്പോ ള്‍ അവള്‍ക്ക് കാനഡയില്‍ നിന്ന് അവളുടെ അച്ഛന്‍ ടിക്കറ്റയച്ചു കൊടുത്തിരിക്കുന്നു. ടിക്കറ്റ് ഈ വെള്ളി യാഴ്ചക്കാണ്. അപ്പോഴാണ് ബോംബെയിലെ അവളുടെ അമ്മാവന്‍ വന്നത്. അയാള്‍ ഇന്ന് ബാംഗ്ലൂര്‍ വഴി ബോംബെയ്ക്കു പോവ്വാണ്. അപ്പോള്‍ അവളേയും കൂട്ടി.

അയാള്‍ ഒന്നും പറയാനാവാതെ ഇരുന്നു. എഴുന്നേറ്റ് ലൈറ്റിന്റെ സ്വിച്ചിടാന്‍, ചുറ്റും പരന്ന ഇരുട്ടകറ്റാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. തന്നെ വളരെ ആകര്‍ഷിച്ച ആമുഖം ഇനി കാണില്ലെന്നയാള്‍ ഓര്‍ത്തു.

നിങ്ങളെ കൊറെ നേരം അവള്‍ കാത്തു. പോവ്വാണ്ന്ന് പറയാന്‍.

എത്ര മണിക്കാണവര്‍ പോയത്?

ആറു മണിയായി ആറരയ്ക്കാണ് ബസ്സ്. ഇന്നെന്തേ നേരം വൈകിയത്?

നേരം വൈകി.

അവള്‍ കരയുകയായിരുന്നു, പോവുമ്പോള്‍ കൊറെനേരം ആ കസേരയില്‍ കാത്തിരുന്നു. ആ, നിങ്ങള്‍ ക്കൊരു കത്തും കുറച്ച് കാസറ്റുകളും അവള്‍ മേശമേല്‍ വെച്ചിട്ടുണ്ട്.

മേശമേല്‍ നാലഞ്ചു കാസറ്റുകളുടെ അടിയില്‍ ഒരു മടക്കിയ കടലാസ്സ്.

ഡിയര്‍ ചേട്ടന്‍ ഗുഡ്‌ബൈ. ഞാന്‍ കാത്തു കാണാന്‍ പറ്റിയില്ല. കുറച്ചുകൂടി കാസറ്റുകള്‍ വെക്കുന്നു. ബൈ, ലവ്, ചേട്ടന്റെ രാജകുമാരി.

വടിവില്ലാത്ത മലയാളത്തില്‍ ഒരു ചെറിയ കുട്ടിയുടെ കയ്യക്ഷരത്തിലെഴുതിയ ആ കത്ത് അയാള്‍ വീണ്ടും വായിച്ചു.

വിമല ലൈറ്റിടരുതെന്നയാള്‍ ആഗ്രഹിച്ചു. തന്റെ കണ്ണില്‍ ഉരുണ്ടു വന്ന ജലകണങ്ങള്‍ ഷര്‍ട്ടിന്റെ കയ്യില്‍ വിമല കാണാതെ തുടച്ചു. അപ്പോഴാണയാള്‍ കേട്ടത് ഒരു കീ കീ കീ ശബ്ദം. അതെന്താണെന്ന് മനസ്സിലാവാന്‍ കുറച്ചു സമയമെടുത്തു. കഴിഞ്ഞ രണ്ടു മാസമായി വീട്ടില്‍ ഈ ശബ്ദം ഉണ്ടായിരുന്നില്ല. അയാള്‍ അടുത്ത മുറിയുടെ വാതില്‍ക്കല്‍ ചെന്നു നോക്കി. അവിടെ കട്ടിലില്‍ ജനലിലൂടെ വരുന്ന അരണ്ട വെളിച്ചത്തില്‍ അജിത്ത് കുനിഞ്ഞിരുന്ന് വീഡിയോ ഗെയിം കളിക്കുകയാണ്.

അയാള്‍ തിരിച്ചു വന്ന് ടേപ്പ് റിക്കാര്‍ഡര്‍ ഓണാക്കി ഒരു ബ്രെയ്ക്ക് ഡാന്‍സിന്റെ ബീറ്റ്. അയാള്‍ ടേപ്പ് റിക്കാര്‍ഡര്‍ ഓഫാക്കി. മേശവലിപ്പില്‍ പരതിയപ്പോള്‍ റാഫിയുടെ പഴയ പാട്ടുകളുടെ ഒരു കാസറ്റ് കിട്ടി. ഒരു ടവ്വലെടുത്ത് അയാള്‍ ടേപ്പ് റിക്കാര്‍ഡര്‍ തുടച്ചു. മേശ വൃത്തിയാക്കി. റാഫിയുടെ കാസറ്റ് ഇട്ട് ടേപ്പ് റിക്കാര്‍ഡര്‍ ഓണാക്കാന്‍ ഒരു നിമിഷം നോക്കി. പിന്നെ വേണ്ടെന്നു വെച്ചു. വരാന്‍ പോകുന്ന കറുത്ത ദിവസങ്ങളെ നേരിടാന്‍ അയാള്‍ക്കു കുറച്ചുകൂടി തയ്യാറെടുപ്പു വേണം.