ചില ചിത്രങ്ങളിൽ കാണാം,
ആളുകളുടെ പുറകിൽ പുഞ്ചിരിച്ച്,
ആർത്തുകരഞ്ഞ്,
നിസ്സംഗതയുടെ പരകോടിയിൽ നിന്ന്,
പുരാണം ഉരുക്കഴിയ്ക്കുന്ന പ്രൗഢഗംഭീരശില്പങ്ങൾ.
അരികുപൊടിഞ്ഞ മണൽക്കല്ലിലൂടെ
ചരിത്രം ഊതിപ്പറപ്പിയ്ക്കുന്ന,
ഭാവനയ്ക്ക് അതിരുകുറ്റി കൽപ്പിച്ചിരുന്ന
രാജാങ്കണങ്ങൾ.
ചിലപ്പോഴാകട്ടെ
തലയിലെ അലങ്കാരത്തൊപ്പിയ്ക്കും,
അരികിലോ അകത്തോ ഉള്ള വിഖ്യാത പ്രതിഭയ്ക്കും,
ധരിച്ച വേഷവിശേഷത്തിനുമാകും പ്രാധാന്യം.
ചിലപ്പോൾ, പരീക്ഷാഹാൾടിക്കറ്റിലെ
3.5 × 4.5 cm ചതുരക്കളത്തിൽ
വരാനിരിയ്ക്കുന്ന അക്ഷരാങ്കമോർത്ത്
ഭയന്ന് വിറച്ചിരിയ്ക്കും.
മറ്റൊരിയ്ക്കൽ
പറിച്ചുനടലിന്റെ മുദ്ര പതിയാൻ
വേദനയിരമ്പുന്ന അറുത്തതലയായി പാസ്പോർട്ടിൽ.
അല്ലെങ്കിൽ
സോഷ്യൽ നെറ്റ് വർക്കുകളിൽ,
മെയിൽ ഇൻബോക്സുകളിൽ.
ഒരിയ്ക്കൽ പോലും
തനത് പകർപ്പെടുക്കപ്പെടാതെ,
ഒടുക്കം ചരമപേജിലെ
1" × 2" കോളത്തിൽ.