close
Sayahna Sayahna
Search

തികച്ചും “സ്വാഭാവിക”മായ ഒരു പുലയപ്പാട്ട്


രഞ്ജിത് കണ്ണൻകാട്ടിൽ

കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
Kintsugi-01.png
ഗ്രന്ഥകർത്താവ് രഞ്ജിത് കണ്ണൻകാട്ടിൽ
മൂലകൃതി കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2016
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 80
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

മൂന്നാംക്ലാസിൽ പഠിയ്ക്കുമ്പോഴാണ്
സ്വാഭാവികമെന്ന വാക്ക് ഒന്നാംതവണ കേട്ടത്.
“കള്ളപ്പൊലയന്റെ മോൻ തോറ്റേല്
എന്താപ്പിത്രത്ഭുതം, സ്വാഭാവികം”
ആരോയെന്റെ മീതേയ്ക്ക്
വാക്കുകൾ തുപ്പിയാട്ടി.
ക്ലാസ് ചാർജ്ജുണ്ടായിരുന്ന
ഗായത്രിവർമ്മ ടീച്ചർടെ സാരിയിൽ
അറിയാതെ പറ്റിയെന്റെ മൂക്കള
കോലോത്തെ പറമ്പിൽ
ചാരമായി പറന്നുപോയി.

തഹസീൽദാരുടെയടുത്ത്
ഇംഗ്ലീഷിലുള്ള കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്
മൂന്നാഴ്ച കാത്തുനിൽക്കേണ്ടി വന്നപ്പോഴാണ് പിന്നെ.
“ഡാ പൊലയച്ചെക്കാ…
നിയ്യൊക്കെ കാരണം
ഞങ്ങടെ ക്ടാങ്ങടെ സീറ്റാ പോണേ” എന്ന
പ്യൂണിന്റെ അമർഷത്തിനുമീതേയ്ക്ക്
“ഇവറ്റോൾക്കെല്ലേ എല്ലാമുള്ളൂ,
ഹാ സ്വാഭാവികം”
എന്ന് ക്ലർക്കൊരുവൾ ഒഴുക്കനെ പറഞ്ഞു.
AIR[1] – 27 എന്ന് അക്കമിട്ട,
കാറ്റഗറൈസ് ചെയ്യാത്ത ഒരു സ്കോർ കാർഡ്
ബാഗിലിരുന്ന് വെന്തുനീറുന്നുണ്ടായിരുന്നു.

ബി.ടെക്ക് ഫസ്റ്റ് റാങ്ക് പലർക്കും
പൊലയന്റെ
“സ്വാഭാവിക” കപടവിജയം തന്നെയെന്നതിൽ
തെല്ലും തർക്കമുണ്ടായില്ല.
സിവിൽ സർവ്വീസിൽ
അഞ്ഞൂറ്റിനാല്പത്തൊമ്പതാം റാങ്ക് ലഭിച്ചതിന്റെ പിറ്റേന്ന്,
കരിവീട്ടിയിൽ കാക്കിപുതയ്ക്കുന്ന സ്വപ്നവുമായി
ഉമ്മറത്തിരിക്കുമ്പോൾ, പത്രം വന്നു.
“തൃശൂരിന്റെ തീരപ്രദേശത്തുനിന്നുമുള്ള
ദളിത് വിദ്യാർത്ഥിയാണ്
ഇത്തവണ ഐ പി എസ് നേടിയ നാലാമൻ”
കവലയിലേയ്ക്കിറങ്ങിയപ്പോൾ,
തലേന്ന് പി.എച്ച്.ഡി. ലഭിച്ച
“ആരതി നമ്പ്യാരു”ടെ ഫ്ലക്സും
എസ് എൻ ഡി പി അനുമോദനയോഗത്തിൽ
നിന്നുമുയർന്ന ഉച്ചഭാഷിണിയൊച്ചയും
എന്നെ നോക്കി അസഭ്യച്ചിരി ചിരിച്ചു.
ഉൾതടാകങ്ങളിലൊരു കടച്ചിൽ.
എന്റേത്, പൊലയന്റെ “സ്വാഭാവിക”വിജയമാണല്ലോ.

ഹൈദരാബാദ് എൻ പി എ[2]യിലെ ക്ലാസ് റൂമുകളിൽ
കാലാ മദ്രാസി ലേബലിൽ
ജാത്യന്തരം ഒളിച്ച് കഴിച്ചുകൂട്ടി.
ബിഹാർ കേഡറിൽ ചാർജ്ജെടുത്തതിനപ്പുറം
പല ബലാത്സംഗങ്ങൾ,
ദളിത് കൊലപാതകങ്ങൾ,
സത്യേന്ദ്ര ദുബേ[3]യുടെ മരണം, എല്ലാം
“സ്വാഭാവികം” എന്ന കുറിപ്പടിയോടെ
പൂതലിച്ച മരയലമാരകളിൽ ഉറങ്ങുന്നതിന്
ഞാനെത്രയോവട്ടം സാക്ഷ്യം വഹിച്ചിരിക്കുന്നു.

മുതിരയ്ക്കലെ ചതുപ്പിൽ പൊന്തിയ അച്ഛനെ
മൂന്ന് തേങ്ങ കൂടുതലെടുത്തതിന്
പണ്ടേ പലരും
“സ്വാഭാവികമായി” കൊന്നതായിരുന്നല്ലോ.


  1. AIR — All India Rank.
  2. NPA — National Police Academy.
  3. Satyendra Dubey — A Bihari IES (Indian Engineering Service) officer who fought corruption involved in NHAI projects and got murdered in 2003.