ആറുവാൻ ഒരുനിമിഷമിടകൊടുക്കാതെന്നിൽ
അറിവുണ്ട നാൾ മുതൽ കാക്കുന്ന തീയുണ്ട്.
സർഗ്ഗദീപ്തിയ്ക്കുള്ളു കത്തിച്ചുകായുമ്പോൾ
കാഴ്ചയ്ക്കു വെളിവിന്റെ വെട്ടമേകുന്ന തീ.
നിളനിലാവിൽ നീട്ടുമിരുൾനാവ് ചൂഴ്ന്നെടു-
ത്താഞ്ഞുവീശുന്നവരഗ്നിപ്പടർച്ചയിൽ.
വെള്ളം വിഴുങ്ങിപ്പെരുക്കുവാനിന്നിന്റെ
വാഴ്വിന്റെ മൂശയിൽ വാർത്തതാണെന്റെ തീ.
കരിതിന്നുകതിനയിൽ കത്തിപ്പിടയ്ക്കുന്ന,
ക്ഷണികാഗ്നിനാളമല്ലിതു വിശ്വദീപ്തി.
കനിവിന്നിളം തണ്ടിലൊരുമതന്നൂറ്റമായ്
അനുജന്റെ കണ്ണുനീർ ബാഷ്പമാക്കുന്ന തീ.
ഇടതൂർന്നകാടിന്റെയുൾ പിളർത്തിപ്പാഞ്ഞ്
അമ്പുകളുന്നത്തിലുരസിപ്പടച്ച തീ.
അക്ഷരസ്വപ്നം പിഴിഞ്ഞൊഴിച്ചൊരുതൂവൽ
കടലാസുകത്തിച്ച വിജ്ഞാനത്തീക്കടൽ.
നെഞ്ചൂക്കാൽ തോക്കിന്റെ പാത്തിപിളർത്തിയ
ആശയക്കോട്ടയുലയ്ക്കാതെ കാത്ത തീ.
വിരിയുന്ന ചെങ്കൊടിച്ചോപ്പിന്റെ കീഴിലായ്
യുവചിന്തയാവേശജ്വാലയാക്കുന്ന തീ.
അറിവിന്റെ, നെറിവിന്റെ, നിറസമത്വത്തിന്റെ
തെളിയുന്ന നാളിന്റെയാളുന്ന തീ…
അറിവിന്റെ, നെറിവിന്റെ, നിറസമത്വത്തിന്റെ
തെളിയുന്ന നാളിന്റെയാളുന്ന തീ…