നല്ലവരും നല്ലവരും
നല്ലവരും നല്ലവരും | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | എന്റെ സ്ത്രീപക്ഷകഥകളെപ്പറ്റി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ലേഖനം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 55 |
സ്ത്രീകളുമായുള്ള ബന്ധത്തിൽ എപ്പോഴും സ്ത്രീകൾ നല്ലവരും പുരുഷന്മാർ ചീത്തവരും ആകണമെന്നില്ല. മറിച്ചും ആകാം, അല്ലെങ്കിൽ രണ്ടുപേരും കൊള്ളാവുന്നവരുമാകാം. ഈ വകുപ്പിൽ പെട്ട ചില കഥകളെപ്പറ്റി പറയാം.
‘നിനക്കു വേണ്ടി’ (‘കൂറകൾ’ എന്ന സമാഹാരത്തിൽനിന്ന്) എന്ന കഥ ‘മാതൃഭൂമി’യിൽ വന്നത് 1970–ലായിരുന്നു. എന്റെ ആദ്യകഥ ‘മഴയുള്ള രാത്രിയിൽ’ വന്നത് 1962ൽ, ‘മലയാള മനോരമ’യിൽ. സ്ത്രീപുരുഷ ബന്ധത്തെപ്പറ്റിയുള്ള ആദ്യത്തെ കഥ വന്നത് പക്ഷെ 1970–ൽ ആയിരുന്നു. ‘നിനക്കു വേണ്ടി’ എന്ന കഥ. വളരെ തീവ്രമായൊരു പ്രേമബന്ധത്തിന്റെ കഥയാണ്. അസ്വസ്ഥമായ മനസ്സ് എന്താണാഗ്രഹിക്കുന്നതെന്ന് സ്വയം അറിയാത്തൊ രു ചെറുപ്പക്കാരന്റെ കഥ. പ്രേമഭാജനമായ രോഹിണിയിൽനിന്ന് അകന്നു പോയാലേ മനസ്സമാധാനമാകൂ എന്ന് തോന്നിയപ്പോൾ കൽക്കത്തയിൽ നിന്ന് ദില്ലിയിലേയ്ക്കു പോയി. അവിടെയും സ്വാസ്ഥ്യം ലഭിക്കുന്നില്ലെന്നു കണ്ടപ്പോൾ വീണ്ടും തിരിച്ച് രോഹിണിയുടെ അടുത്തേയ്ക്ക് വരുന്നു.
ഒരു മാറ്റമുണ്ടാകുന്നതെത്ര നല്ലതാണ്. ദൽഹിയിൽനിന്നുള്ള പതിനെട്ടു മണിക്കൂർ യാത്ര ഒരു മാറ്റമുണ്ടാക്കാൻ പര്യാപ്തമായിരുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് അറി യും മുമ്പ് നിങ്ങൾ കൽക്കത്തയിലെത്തി. എതിരേൽക്കുന്നത് കണ്ടുമടുത്ത, ഇവിടെനിന്ന് ഓടിപ്പോകാൻ കാരണക്കാരായ പരിസരങ്ങൾ, ഭാവങ്ങൾ, ഗന്ധങ്ങൾ.
പക്ഷെ ക്രമേണ അയാൾക്കു മനസ്സിലാവുന്നു അസ്വസ്ഥമായ മനസ്സുമായി നടക്കുന്നത് താൻ മാത്രമല്ല എന്ന്. ഇത്രയും കാലം വളരെ പ്രക്ഷുബ്ധമായ ഒരു മനസ്സ് പ്രസന്നമായൊരു മുഖത്തിനു പിന്നിൽ ഒളിപ്പിച്ചു നടക്കുകയായിരുന്നു രോഹിണി എന്നറിയുമ്പോൾ അയാൾക്ക് വിഷമമാവുന്നു. ഒപ്പംതന്നെ ഒളിപ്പിച്ചു വച്ചിരിയ്ക്കയായിരുന്നു അയാളോടുള്ള സ്‌നേഹവും.
്യുഞാൻ എന്നെക്കുറിച്ചു മാത്രം ചിന്തിച്ചിരുന്ന കാലത്താണ് ഈ കഥയെഴുതിയത്. പക്ഷെ ഈ കഥ എന്നെ ചിന്തിപ്പിയ്ക്കാൻ പ്രേരിപ്പിച്ചു. മറ്റുള്ളവർക്കും സ്വപ്നങ്ങളുണ്ട്, അല്ലെങ്കിൽ സ്വപ്നം കാണാനുള്ള മനസ്സുണ്ട് എന്നു ഞാൻ മനസ്സിലാക്കി. അതുപോലെ മറ്റുള്ളവരുടെ പ്രശ്‌നങ്ങൾ, ഞാൻ പെരുപ്പിച്ചു കാണിയ്ക്കുന്ന എന്റെ പ്രശ്‌നങ്ങളേക്കാൾ ആഴത്തിലുള്ളതും സങ്കീർണ്ണമായതുമാണെന്നും. അതൊരു വഴിത്തിരിവായിരുന്നു. എന്റെ കഥകളിൽ ‘ഞാൻ’ എന്ന അംശം കുറഞ്ഞുവരികയും മറ്റുള്ളവർ കടന്നുകൂടുകയും ചെയ്തു. 1987–ൽ എഴുതിയ ‘സൂര്യകാന്തിപ്പൂക്ക’ളിലാ ണെന്നു തോന്നുന്നു അവസാനമായി ‘ഞാൻ’ കടന്നുകൂടിയത്. അതോടെ എന്റെ കഥകൾ ഒരു വിശാലമായ ലോകത്തേയ്ക്ക് കടന്നുചെല്ലുകയായിരുന്നു.
‘കുഞ്ഞിമാതു ചിരിച്ചുകൊണ്ടിരിയ്ക്കുന്നു’ (‘കറുത്ത തമ്പ്രാട്ടി’ എന്ന സമാഹാരത്തിൽനിന്ന്) എന്ന കഥ പുരുഷലൈംഗികതയെക്കുറിച്ചുള്ള താണ്. സുന്ദരിയായ ഒരു പെൺകുട്ടിയെ കല്യാണം കഴിച്ച് നഗരത്തിൽ താമസം തുടങ്ങിയ ഒരാളുടെ കഥയാണിത്. അയാളുടെ ലൈംഗികപ്രശ്‌നങ്ങൾ തരണം ചെയ്യാൻ വിഷമമായവയാണ്, അയാൾക്കുതന്നെ മനസ്സിലാകാത്തവയാണ്.
അയാൾ എഴുന്നേറ്റ് ജനലിലൂടെ പുറത്തേയ്ക്കു നോക്കി. പുറത്ത് നഗരവെളിച്ചത്തിന്റെ ധാരാളിത്തത്തിൽ ഇരുട്ട് കൊച്ചുകൂടാരങ്ങളിലൊതുങ്ങി. ശ്യാമ ഉറക്കമായിരിയ്ക്കുന്നു. കുളിമുറിയിൽ പോയി വന്ന കിടപ്പാണ്. ഉടുപ്പിടാൻ പോലും സമയമില്ലാതെ അവൾ നിദ്രയിലാഴുന്നു. അവളെ സംബന്ധിച്ചേടത്തോളം സുരതം ഒരു ഉറക്കഗുളികയാണ്. ‘ഞാൻ ഇത്ര പെട്ടെന്ന് ഉറങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.’ അവൾ പറയും. ‘എന്തിനാണ് എന്നെ ഇത്രയധികം സുഖിപ്പിയ്ക്കണത്?’
ശ്യാമ ഉറങ്ങിയാൽ അവളുടെ മനോഹരമായ നഗ്നശരീരത്തിന്മേൽ ഒരു പുതപ്പ് വലിച്ചിട്ട് മധു എഴുന്നേൽക്കുന്നു. ജനലിലൂടെ പുറത്തേയ്ക്ക് ഉറ്റുനോക്കുന്നു. തന്റെ ഉള്ളിലെ മൃഗം എവിടെപ്പോയി?
എന്താണയാളുടെ ഉള്ളിലെ മൃഗം? സ്‌നേഹം കൊടുക്കലും സ്‌നേഹിക്കപ്പെടലും രണ്ടാണ്. പല സ്ത്രീകൾക്കും അറിയാൻ കഴിയാത്ത ഒന്നാണിത്. അവർക്ക് സ്‌നേഹം വാങ്ങിവെക്കാനെ അറിയു, കൊടുക്കാനറിയില്ല. സ്ത്രീകളുടെ ലൈംഗികത മനസ്സിലാവാത്ത പുരുഷന്മാരെപ്പോലെ പുരുഷലൈംഗികത മനസ്സിലാവാത്ത സ്ത്രീകളുമുണ്ട്. പുരുഷന്റെ ഉള്ളിലെ മൃഗത്തെ തൃപ്തിപ്പെടുത്താൻ മാത്രമല്ല, വിളിച്ചു വരുത്താൻ പോലും കഴിയാത്തവർ. ഇവിടെ സൗന്ദര്യമല്ല മാനദണ്ഡം, പുരുഷന്റെ ആവശ്യങ്ങളെപ്പറ്റിയുള്ള അറിവാണ്. അത് സ്വായത്തമാക്കേണ്ട ഒന്നല്ല, ജന്മനാൽ ലഭിയ്ക്കുന്ന സിദ്ധിയാണ്. പെണ്ണെഴുത്തുകാരികൾ ഒരിക്കലും മനസ്സിലാക്കാത്ത ഒന്നാണിത്. പോട്ടെ, നമുക്ക് കഥയിലേയ്ക്കു തിരിയാം.
ഒരു ദിവസം അമ്മായിയമ്മ മകളെ കാണാൻ വരുന്നു. ഒപ്പം ഒരു ജോലിക്കാരിയുമുണ്ടായിരുന്നു എന്നറിഞ്ഞത് അയാൾ അടുക്കളയിലേയ്ക്കു കടന്നപ്പോഴാണ്.
നാൽപത് നാൽപ്പത്തഞ്ചു വയസ്സു പ്രായം. തടിച്ച് ഇരുണ്ട പ്രകൃതം. മുഖത്ത് വസൂരിക്കലകൾ. സൗന്ദര്യം അവരുടെ നാലയലത്തുപോലും എത്തിയിട്ടില്ല. അയാൾക്ക് പെട്ടെന്ന് അവരോട് അനുകമ്പ തോന്നി.
ഒരു ജോലിക്കാരിയെ വെയ്ക്കുകയാണെങ്കിൽ ഇതുപോലൊരുത്തിയല്ല അയാളുടെ മനസ്സിലുണ്ടായിരുന്നത്. ഇത്ര വയസ്സില്ലാത്ത, കുറച്ചുകൂടി ഭംഗിയുള്ള, പ്രസാദാത്മകമായ മുഖമുള്ള ഒരുത്തി. അയാൾ നിരാശനായി.
‘ഞങ്ങടെ വീട്ടില് ഇരുപത്‌കൊല്ലായിട്ട് ജോലിയെടുക്ക ണ സ്ത്രീയാണ്.’ അമ്മായിയമ്മ ശബ്ദം കുറച്ചുകൊണ്ട് പറഞ്ഞു. ‘എല്ലാ ജോലീം എടുക്കും. ശ്യാമക്ക് സഹായാവുംച്ചിട്ട് കൊണ്ടന്നതാ.’
ഒരാഴ്ചക്കകം മധുവിന് അഭിപ്രായം മാറ്റേണ്ടിവന്നു. നന്നമ്മ നല്ല ജോലിക്കാരിയായിരുന്നു. അദ്ഭുതകരമായി തോന്നിയത് അവർ അയാളുടെ മുമ്പി ൽ ഒരിക്കലും പ്രത്യക്ഷപ്പെടാറില്ലെന്നതാണ്. ഭക്ഷണം പാകം ചെയ്തു മേശപ്പുറത്തെത്തിച്ചു, പ്ലെയ്റ്റുകൾ നിരത്തി, അയാളുടെ വസ്ത്രങ്ങൾ ഇസ്തിരിയിട്ട് അലമാറിയിൽ ഒതുക്കിവച്ചു. വീടും നന്നായി സൂക്ഷിച്ചു.
ആ ചെറിയ വീട്ടിൽ അതൊരദ്ഭുതം തന്നെയായിരുന്നു. സ്വയം വെളിപ്പെടാതെ വെളിച്ചം തരുന്ന ഒരു വിളക്കുപോലെ അവർ, കർമ്മംകൊണ്ടു മാത്രം, സ്വന്തം സാന്നിദ്ധ്യമറിയിച്ചു.
മധുവിന്റെ ജീവിതം ഇനി ഒരിക്കലും മുമ്പത്തെപ്പോലെയാവാത്ത വിധം മാറ്റിയ സംഭവമുണ്ടായി. ഒരു ദിവസം ഊണുകഴിച്ച് കൈകഴുകാൻ പോയപ്പോഴാണതുണ്ടായത്. വാഷ് ബേസിനിൽ വെള്ളമില്ലെന്നു കണ്ടപ്പോൾ അ യാൾ കുളിമുറിയിൽ പോയ.
വാതിൽപ്പൊളി പിടിച്ചുകൊണ്ട് അനങ്ങാനാവാതെ അ യാൾ നിന്നു. അയാൾക്ക് വേണമെങ്കിൽ ആ വാതിൽ തുറന്നപോലെത്തന്നെ അടക്കാം. തിരിച്ചുപോയി കിടപ്പറയിലെ കുളിമുറിയിൽ കയറാം. അവടെയും ബക്കറ്റിൽ വെള്ളം പിടിച്ചുവച്ചിട്ടുണ്ടാവും. പക്ഷെ മുമ്പിൽ കണ്ട കാഴ്ച അയാളെ ഭ്രമിപ്പിച്ചിരുന്നു. …
രാത്രി അയാൾ ഉറക്കമില്ലാതെ കിടന്നു. തന്റെ ഉള്ളിലെ മൃഗത്തിന്റെ ഗർജ്ജനം അയാൾക്കിപ്പോൾ നല്ലപോലെ കേ ൾക്കാം. ശ്യാമ ഉറക്കമായതിനുശേഷം അയാൾ ആ ദൃശ്യം, അത്രതന്നെ പ്രധാനപ്പെട്ടതല്ലാത്ത ഒരു കഥാപാത്രത്തെ ക്ലോസപ്പിൽ കാണിക്കുന്ന ക്യാമറാമാന്റെ അനൗചിത്യത്തോടെ വീണ്ടും വീണ്ടും ഓർത്തു.
നന്നമ്മയെ സംബന്ധിച്ചേടത്തോളവും അതൊരു വഴിത്തിരിവായിരുന്നു. അവർ ഒരു പൊത്തിൽനിന്നു പുറത്തുവന്നപോലെയായി. ഒളിച്ചിരുന്ന അവർ പ്രകാശത്തിലേയ്ക്ക് എത്തപ്പെട്ടു. അവർ അയാളുടെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ ഒരവസരം പാർത്തിരുന്നപോലെയാണ് മധുവിന് തോന്നിയത്. അയാൾ അവരോടു സംസാരിക്കാൻ തുടങ്ങുന്നു. പക്ഷെ അവരെ സംബന്ധിച്ചേടത്തോളം ഭൂതകാലം മറക്കാനുള്ളതാണ്. മധുവിനോട് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് അവളതു സ്വയം തിരിച്ചറിയുന്നത്.
ഭൂതകാലം ഇപ്പോൾ മനസ്സിന്റെ ആഴത്തിലെവിടേയോ ഓർമ്മയുടെ അടരുകളിൽ ഫോസിലായി കിടക്കുന്നു. അതെന്നെങ്കിലും കുഴിച്ചെടുക്കണം എന്നവർക്ക് ആഗ്രഹമില്ല.
‘എല്ലാം വേറെ ഏതോ ജന്മത്തിൽ കഴിഞ്ഞപോലെ.’
നന്നമ്മയെ സംബന്ധിച്ചേടത്തോളം ഇതൊരു രണ്ടാം ജന്മമാണ്. അങ്ങിനെയായിരിക്കണം അവർ കരുതുന്നത്. അവർ പറയുന്നു.
‘ഞാൻ ഒന്നും പ്രതീക്ഷിക്കാൻ പാടില്ലാത്തതാണ്.’ അ വൾ പറഞ്ഞു. ‘പക്ഷെ എനിക്ക് മനസ്സിനെ നിയന്ത്രിക്കാൻ കഴിയ്ണില്ല. ഒരു സ്വപ്നം കാണണപോല്യാണ്. കാണണ്ടാ എന്നുവച്ചിട്ട് കാര്യല്ല്യല്ലോ. ഇതൊരു നല്ല സ്വപ്നായിട്ടേ ഞാൻ കാണുണുള്ളൂ. അതിനപ്പുറൊന്നുംല്ല്യ.’
മധു സ്വന്തം മനസ്സിലെ ലൈംഗികതയെ, മൃഗത്തെ, തിരിച്ചറിയുന്നത് കുട്ടിക്കാലത്തുണ്ടായ വന്യമായൊരു അനുഭവത്തിൽക്കൂടെയാണ്. പുറം ഭംഗിയിലല്ല, അതിനുമപ്പുറത്ത് എവിടെയോ ആണ് തൃഷ്ണയുടെ വാസസ്ഥലമെന്ന് അയാൾ തിരിച്ചറിയുന്നു.
ഈ കഥയിലെ കഥാപാത്രങ്ങളെ എവിടെവച്ചാണ് പരിചയമെന്നു ചോദിച്ചാൽ ഉത്തരമില്ല, കാരണം ഈ മൂന്നു കഥാപാത്രങ്ങളും സമാനരായ വളരെയധികം കഥാപാത്രങ്ങളുടെ ആകത്തുകയാണ്. എനിയ്ക്ക് പരിചയമുള്ള വളരെയധികം പേരുടെ മുഖഛായ ഈ കഥാപാത്രങ്ങൾക്കുണ്ട്.
ഇതിൽനിന്ന് വളരെ വ്യത്യസ്തമായ കഥയാണ് ‘ഒരു പപ്പടക്കാരിയുമായി പ്രണയത്തിലായ കഥ’ (‘കറുത്ത തമ്പ്രാട്ടി’ എന്ന സമാഹാരത്തിൽനിന്ന്). ഇതിൽ നർമ്മമുണ്ട്, പക്ഷെ അത് പേരിടാത്ത പ്രധാനകഥാപാത്രമായ ‘ഞാൻ’, ഉണങ്ങി കവിളൊട്ടിയ മുഖവും, കുണ്ടിൽ പോയ കണ്ണുകളുമുള്ള ഒരു പപ്പടക്കാരിയോട് കാണിക്കുന്ന ഭൂതദയ കാരണം ന്യായീകരിക്കാമെ ന്നു തോന്നുന്നു. പക്ഷെ അവളുടെ ജീവിതത്തിന്റെ ദുരന്തം അതിന്റെ എല്ലാ കടുംനിറങ്ങളോടുംകൂടി കാണിക്കാൻ എനിക്കായെങ്കിൽ കഥ വിജയമാണ്.
‘അയ്യോ ഞാൻ പാലടുപ്പത്ത് വച്ച്ട്ട്ണ്ട്.’ കാഞ്ചന അടുക്കളയിലേയ്ക്ക് ഓടി. കാഞ്ചന ഓടുന്നതു നോക്കി കൊഞ്ഞനം കാട്ടിക്കൊണ്ട് പപ്പടക്കാരി പറഞ്ഞു.
‘ആള് ശര്യല്ല.’
‘ആര്?’
കാഞ്ചന പോയവഴിയെ നോക്കി അവൾ പറഞ്ഞു. ‘നിങ്ങ ടെ ഫാര്യ. അതിനെ ഒഴിവാക്ക്.’
ഭാര്യ ആള് ശരിയല്ലെന്ന് കല്യാണരാത്രിയിൽത്തന്നെ എനിക്കു മനസ്സിലായിരുന്നു.
ഞാൻ പപ്പടം ഒളിപ്പിച്ചുവയ്ക്കാൻ തുടങ്ങിയത് അങ്ങിനെയാണ്.
ആള് ശരിയല്ല എന്നു പറഞ്ഞ പപ്പടക്കാരി മറ്റൊരവസരത്തിൽ അയാൾ ക്ക് ഒരു ‘ആലോചന’ വച്ചുനീട്ടുന്നുമുണ്ട്.
‘നീ ഒഴിവാക്ക്.’
എനിക്കു മനസ്സിലായില്ല. ഞാൻ ചോദിച്ചു. ‘എന്ത്?’
‘ആ പെമ്പ്രന്നോരില്ലേ, നിങ്ങടെ ഫാര്യ. അതിനെ ഒഴിവാക്ക്. അത് ആളത്ര ശര്യല്ല.’
എനിക്കൊരു കുസൃതി തോന്നി. ഞാൻ ചോദിച്ചു.
‘അപ്പൊ ഞാനെന്താ ചെയ്യാ?’
അവർ എന്നെ ഒന്ന് നോക്കി. എന്താണിത്ര ചോദിക്കാനെ ന്ന മട്ടിൽ. പിന്നെ കുറച്ചൊരു ലജ്ജയോടെ പറഞ്ഞു. ‘ഞാൻ വരാം. അല്ലെങ്കീ നമ്ക്ക് രണ്ടുപേർക്കുംകൂടി ഒളിച്ചുപോ വാം. വേറെ എവിടേക്കെങ്കിലും.’
മാത്രമല്ല അയാളെ പപ്പടം ഉണ്ടാക്കാൻ പഠിപ്പിയ്ക്കാമെന്നും അവൾ കൊണ്ടു നടന്ന് അത് വിൽക്കാമെന്നും പറയുന്ന പപ്പടക്കാരി അവർ തമ്മിലുള്ള അന്തരമോ അവളുടെ നിർദ്ദേശങ്ങളുടെ അപ്രായോഗികതയോ മനസ്സിലാക്കുന്നില്ല. അയാളുടെ നർമ്മോക്തികൾ ആ പാവം സ്ത്രീയുടെ ദുരന്തത്തിന് വേഗത കൂട്ടുകയാണോ ചെയ്തത്?
ആവശ്യമില്ലെങ്കിൽക്കൂടി അയാൾ ആ സാധുസ്ത്രീയെ സഹായിക്കാനായി പപ്പടം വാങ്ങിക്കൂട്ടുന്നു. ദാനം ചെയ്യാൻ ഭാര്യയുടെ സാരി മോഷ്ടി ക്കുന്നു; അത് കണ്ടുപിടിച്ച് ബഹളത്തിൽ കലാശിച്ചപ്പോൾ അതിനു പകരം പുതിയൊരു സാരി വാങ്ങിക്കൊടുക്കുന്നു. പപ്പടത്തിനു വേണ്ടി സഹപ്രവർത്തകരിൽനിന്ന് ഓർഡറുകൾ സംഭരിക്കുന്നു. ഇത്രയൊക്കെയായിട്ടും അയാൾക്കവളെ രക്ഷിക്കാൻ കഴിഞ്ഞുവോ? നർമ്മത്തിന്റെ വഴിയിലെ വിധിവൈപരീത്യം അയാളെ ഞെട്ടിക്കുകയാണ്.
സ്‌നേഹത്തിന്റെ പേരിൽ പുരുഷൻ സ്ത്രീയെ ചൂഷണം ചെയ്യുകയാണെന്ന് ‘സ്ത്രീസ്വത്വവാദികൾ’ പറഞ്ഞേക്കാവുന്ന ഒരു കഥയാണ് ‘അനിതയുടെ വീട്’ (അതേ പേരിലുള്ള സമാഹാരത്തിൽ നിന്ന്). എറണാകുളത്തുനിന്ന് തൃശ്ശൂർക്ക് ദിവസവും തീവണ്ടിയിൽ യാത്ര ചെയ്ത് ഓഫീസിൽ കമ്പ്യൂട്ടർ ഗ്രാഫിക് ഡിസൈനറായി ജോലിയെടുക്കുന്ന നളിനിയെന്ന അവിവാഹിതയായ മുപ്പതുകാരിയുടെ കഥയാണിത്. ജീവിതം, അവളെ സംബന്ധിച്ചേടത്തോളം അമ്മ കാണുന്ന ഒരു സീരിയലിന്റെ എപിസോഡുകൾ പോലെയാണ്.
അവളുടെ ജീവിതവും ഇങ്ങിനെ ഏതാനും ഷോട്ടുകൾ അടങ്ങുന്ന ഒരു മൂന്നാംതരം സീരിയലാണെന്ന് അവൾക്കു തോന്നാറുണ്ട്. വീട്ടിൽവച്ച് ഏതാനും ഷോട്ടുകൾ, തീവണ്ടിയുടെ കമ്പാർട്ടുമെന്റിൽ മറ്റു സ്ത്രീകളോടൊപ്പം ഏതാനും ഷോട്ടുകൾ, സ്റ്റേഷനിൽ വണ്ടിയിറങ്ങി തിരക്കിനിടയിൽ മുതലെടുക്കാൻ നോക്കുന്ന വിരുതന്മാരിൽനിന്ന് മാറി നടക്കുമ്പോൾ, പിന്നെ ഓഫീസിൽ മറ്റു ജോലിക്കാരുടെ ഒപ്പം കമ്പ്യൂട്ടറിനു മുമ്പിൽ ജോലിയെടുക്കുമ്പോൾ, തിരിച്ച് സ്റ്റേഷനിലേയ്ക്ക്… ഈ ഷോട്ടുകൾ തന്റെ ജീവിതമാകുന്ന സീരിയലിന്റെ ഒരു എപ്പിസോഡ് തീർക്കുന്നു. തീരെ വിരസമായ ഈ സീരിയലിൽ ഏറ്റവും അപ്രധാനമായ ഒരു റോളെ അമ്മയ്ക്കുള്ളൂ എന്നവൾ മനസ്സിലാക്കിയിരുന്നു. ഒരു െഗസ്റ്റ് അപ്പീയറൻസു മാത്രം.
സ്വന്തം അച്ഛൻ അമ്മയെക്കുറിച്ച് പറഞ്ഞു പരത്തിയ അസത്യങ്ങൾ കാരണം തന്റെ ഓരോ വിവാഹാലോചനകളും അലസിപ്പോകുന്നത് വേദനയോടെ നോക്കിനിൽക്കുകയാണ് അവൾ. അതിനിടയ്ക്ക് ഒന്നോ രണ്ടോ ദിവസം അവൾ എല്ലാം മറക്കുന്നു.
കമ്പ്യൂട്ടറിനു മുമ്പിൽ ധ്യാനിക്കുമ്പോൾ അവൾ ആലോചിച്ചു. ഇതാണോ ജീവിതം? മറ്റൊരു സ്്രതീ തല്ക്കാലത്തേയ്ക്ക് ഒഴിയുന്നതും കാത്തിരിക്കുക. ഒരു ദിവസം, അെല്ലങ്കിൽ രണ്ടു ദിവസം. ആ ദിവസങ്ങളിൽ താൻ മറ്റൊരാളുടെ സ്വന്തമാകുന്നു. ഒരു പകരക്കാരി. ആ ദിവസങ്ങളിൽ മാത്രം. മറ്റു ദിവസങ്ങളിൽ ഒന്നോ രണ്ടോ ഫോൺ വിളികൾ കൊണ്ട് തൃപ്തിയടയുക. ഓഫീസിൽ മറ്റു ജോലിക്കാരുടെ ഒപ്പം ജോ ലിയെടുക്കുക, തമാശ പറയുക.
മറ്റൊരു സ്ത്രീയ്ക്കു പകരം നരേന്ദ്രനുമൊന്നിച്ചുള്ള ജീവിതം അവൾ ക്ക് ഒരു സ്വപ്നംപോലെയാണ്. അങ്ങിനെ അപൂർവ്വമായി കിട്ടുന്ന ഏതാ നും ദിവസങ്ങളിൽ മാത്രം അവൾ ജീവിയ്ക്കുന്നു. മറ്റു ദിവസങ്ങളിൽ അവ ൾ അഭിനയിക്കുകയാണ് ചെയ്യുന്നത്.
‘എന്റെ ഇഷ്ടം മാത്രം നോക്കിയാൽ ശരിയാവുമോ?’ അവൾ ചോദിക്കുന്നു.
‘നീ നീയാവുന്നത് എന്റെ ഒപ്പം മാത്രമാണ്.’ നരേന്ദ്രൻ പറയുന്നു. ‘മറ്റുള്ള സമയങ്ങളിലെല്ലാം നീ അഭിനയിക്കുകയാണ്.’
അവൾക്കതറിയാം. ശരിയാണ്. അമ്മയുടെ ഒപ്പം വീട്ടിൽ കഴിയുന്ന സമയത്ത്, തീവണ്ടി കമ്പാർട്ടുമെന്റിൽ നാലു സീറ്റിന്റെ സ്ഥലത്ത് അഞ്ചും ആറും സ്ത്രീകൾ തിക്കിയിരുന്നു യാത്ര ചെയ്യുമ്പോൾ, ഓഫീസിൽ ജോലിയെടുക്കുമ്പോ ൾ എല്ലാം അവൾ അഭിനയിക്കുകയാണ്. തികച്ചും വിരസമായ, ഒരിക്കലും അവസാനിക്കില്ലെന്നു തോന്നിക്കുന്ന ഒരു സീരിയലിൽ പ്രത്യക്ഷപ്പെടേണ്ട വിഷമത്തോടെ അവൾ ഓ രോ എപ്പിസോഡുകൾ തീർക്കുകയാണ്.
ഇടയ്ക്ക് വല്ല ആലോചനകളും വന്നാൽ അതു പിൻതുടരുക. എല്ലാം അവൾതന്നെ ചെയ്യണം, അവൾക്ക് ഒന്നു ചെയ്യാനും കഴിവില്ലാത്ത ഒരമ്മ മാത്രമാണുള്ളത്.
അതിനിടയ്ക്ക് രക്ഷപ്പെടാമെന്ന ആശയും തന്നുകൊണ്ട് ഓരോ ചെറുപ്പക്കാർ കയറി വരുന്നു. കഴിഞ്ഞ ആഴ്ച കാണാ ൻ വന്ന ഒരു ചെറുപ്പക്കാരനെ അവൾ ഓർത്തു. അയാൾ സ്‌നേഹിതന്റെ ഒപ്പമാണ് വന്നത്. നല്ല ചെറുപ്പക്കാരൻ. അയാൾക്കവളെയും ഇഷ്ടമായി. സുന്ദരിയാണ്. നല്ല ജോലിയുണ്ട്. തരക്കേടില്ലാത്ത വീടും പരിസരവും. അയാൾക്ക് കുറേ സംസാരിക്കാനുണ്ടെന്നു പറഞ്ഞു. സംസാരത്തിനിടയിൽ അയാൾ പറഞ്ഞു.
‘എനിക്ക് ഒരു കന്യകയെത്തന്നെ കല്യാണം കഴിക്കണമെന്നുണ്ട്. ഞാൻ ചോദിച്ചാൽ വിഷമമാവുമോ? കുട്ടിയ്ക്ക്…’
അവൾ ആലോചിച്ചു. അവൾക്ക് വേണമെങ്കിൽ അഭിനയിക്കാം. പക്ഷേ താൻ ഒരു ജീവിതം തുടങ്ങാൻ പോവുകയാണ്. തുടക്കംതന്നെ അഭിനയത്തിലായാൽ ശരിയാവില്ല. അവൾ ചോദിച്ചു.
‘നിങ്ങൾക്ക് അനുഭവമൊന്നുമുണ്ടായിട്ടില്ലേ?’
അയാൾ പരുങ്ങുകയാണ്. ‘നിങ്ങൾക്ക് അനുഭവമുണ്ടായിട്ടുണ്ടോ?’ എന്നല്ല ഉണ്ടായിട്ടില്ലേ എന്നാണവളുടെ ചോദ്യം. അതിൽ ഒരുതരം അനുകൂലഭാവമുണ്ട്. ശരി, എനിക്കുണ്ടായിട്ടുണ്ട്, നിങ്ങൾക്കുമുണ്ടായിട്ടില്ലേ? എന്ന മട്ട്. അവൾ നിർബ്ബന്ധിക്കുമ്പോൾ അയാൾ സമ്മതിയ്ക്കുന്നു, അതി ന്റെ വിശദാംശങ്ങൾ പറയുന്നു. അതിന്റെ അന്ത്യത്തിൽ അയാൾ ചോദിക്കുന്നു.
‘എന്തു പറയുന്നു?’
പേക്ഷ മറുപടി പറയാതെ അവൾ ചോദിക്കുകയാണുണ്ടായത്.
‘സ്വന്തം അങ്ങിനെയുള്ള അനുഭവങ്ങളുണ്ടാകുമ്പോൾ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി കന്യകയാവണമെന്ന് ശഠിക്കുന്നതെന്തിനാണ്?’
‘രണ്ടും രണ്ടെല്ല?’
‘എന്താണ് വ്യത്യാസം?’
അയാൾക്ക് മറുപടിയുണ്ടായിരുന്നില്ല.
രണ്ടും രണ്ടല്ലെ എന്നതാണ് ഇന്നത്തെ സമുദായത്തിന്റെ പൊതുവായ ചോദ്യം. പുരുഷന് എത്ര സ്ത്രീകളോടു വേണമെങ്കിലും സംസർഗ്ഗമാവാം, പക്ഷെ കല്യാണം കഴിയ്ക്കാൻ പോകുന്ന പെൺകുട്ടി കന്യകയായിരിക്കണം, പരിശുദ്ധയായിരിക്കണം. ഇങ്ങിനെയൊരു മനോഭാവമുള്ള ചെറുപ്പക്കാരനോട് തന്റെ രഹസ്യങ്ങൾ എങ്ങിനെയാണ് പറയുക എന്ന ചോദ്യം നളിനിയെ അലട്ടുന്നു.
പകരക്കാരിയായി തൃശ്ശൂരിൽ തങ്ങിയ ദിവസത്തിന്റെ അവസാനം അവൾ വീണ്ടും ദൈനംദിനമുറയുടെ വിരസതയിലേയ്ക്ക് മൂക്കുകുത്തുന്നു.
നരേന്ദ്രന്റെ കാർ കണ്ണിൽനിന്നു മറയും വരെ അവൾ വാതിൽക്കൽ നിന്നു. പിന്നെ വാതിലടച്ച് േസാഫയിൽ വന്നിരുന്നു. സമയം എട്ടേമുക്കാലായിട്ടേ ഉള്ളു. ഇനി ഒമ്പതേകാലായാൽ വീടു പൂട്ടി പുറത്തിറങ്ങാം. ഓഫീസിൽ പോകാം. കമ്പ്യൂട്ടറിനു മുമ്പിലിരുന്ന് ജോലി. ഡെമോ പ്രസന്റേഷനുകളുണ്ടാക്കുക, കസ്റ്റമേഴ്‌സ് വന്നാൽ അതു കാണിച്ചുകൊടുക്കുക. വൈകുന്നേരമായാൽ സ്റ്റേഷനിലേയ്ക്ക് ഓടുക. തിരക്കുള്ള വണ്ടിയിൽ സീറ്റു പിടിക്കാൻ തിക്കിക്കയറുക. വീട്ടിൽ കാത്തിരിക്കുന്ന അമ്മ ‘അനിത’യുടെ വീട്ടിലെ വിശേഷങ്ങൾ ചോദിക്കുന്നത്, ഒരു തിരക്കഥാകാരിയുടെ ചാതുര്യത്തോടെ ‘അനിത’യെന്ന സാങ്കല്പിക കഥാപാത്രത്തിന്റെ കഥ പറയുന്നത്… അങ്ങിനെ പോകുന്നു ഓരോ എപിസോഡും, തികച്ചും യാന്ത്രികമായി, വിരസമായി…
‘അനിതയുടെ വീട്’ എന്ന സമാഹാരത്തിലാണ് എന്റെ ‘രസകരമാ യൊരു കഥയ്ക്കിടയിൽ’ എന്ന കഥയുള്ളത്. ഇവിടെ ഒരു സ്ത്രീയുടെ സ്വകാര്യജീവിതം പൊതുനിരത്തിലേയ്ക്കിറക്കി രസിക്കുന്ന പുരുഷവർഗ്ഗത്തെയാണ് കാണുന്നത്. പശ്ചാത്തലത്തിലുള്ളത് ഒരു രണ്ടു വയസ്സായ കുട്ടിയുടെ മൃതദേഹവും അതിനടുത്തായി ബോധം മറഞ്ഞ് നിലത്തു കിടക്കുന്ന അമ്മയും, എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഇരിയ്ക്കുന്ന അച്ഛനുമാണ്. പ്രൊഫ. എം. കൃഷ്ണൻ നായർ ഈ കഥയെപ്പറ്റി പറഞ്ഞ അഭിപ്രായം താ ഴെ കൊടുക്കുന്നു.
…ഞാൻ പറഞ്ഞുവരുന്നത് ഓരോ പ്രതിമയ്ക്കും അതിന്റേതായ ഭാവമുണ്ട് എന്നാണ്. നമ്മുടെ കഥാകാര ന്മാർക്കും ഈ പ്രതിമകൾക്കും സാദൃശ്യമുണ്ട്. പ്രതിമകളു ടെ ഏകവീക്ഷണം പോലെ ഏക’ഭാവം പോലെ കഥാകാര ന്മാർക്കും ഒറ്റനോട്ടമേയുള്ളൂ, ഒറ്റ ഭാവമേയുള്ളൂ. ഇവിടെ യാണ് മലയാളം വാരികയിൽ ‘രസകരമായൊരു കഥയ്ക്കിട യിൽ’ എന്ന കഥയെഴുതിയ ഇ. ഹരികുമാർ വിഭിന്നനായി നിൽക്കുന്നത്. രണ്ടു വ്യത്യസ്ത സംഭവങ്ങളിലൂടെ മനുഷ്യ ജീവിതത്തിന്റെ ക്രൂരതയും നന്മയും അദ്ദേഹം കലാസുന്ദര മായി ആലേഖനം ചെയ്യുന്നു. ഒരു വശത്ത് കുഞ്ഞിന്റെ മൃതദേഹം, കുഞ്ഞു മരിച്ചതിലുള്ള ദുഃഖം കൊണ്ട് മോഹാല സ്യത്തിൽ വീണ അമ്മ. കുഞ്ഞിനെ നോക്കാൻ എവിടെ നിന്നോ എത്തിയ ഒരാൾ; കാരുണ്യത്തിന്റെ മൂർത്തിമദ്ഭാവ മായി. മറുവശത്ത് ഒരു സ്ത്രീയെ നിന്ദിക്കുന്ന കുറേ ആളുകൾ. ആ അപവാദകഥ കേൾക്കാനാണ് ആളുകൾക്ക് കൗതുകം. കുഞ്ഞിന്റെ മൃതശരീരത്തിലും മോഹാലസ്യ ത്തിൽ വീണ അമ്മയിലും ആർക്കും മനസ്സിരുത്താൻ വയ്യ. ഹരികുമാർ ജീവിതത്തിന്റെ നൃശംസതയെ അപവാദപ്രച രണം നടത്തുന്ന ഒരു കൂട്ടം ആളുകളിലൂടെ കാണിച്ചു തരുന്നു നമ്മൾക്ക്. അതിനാണ് ബഹുജനം പ്രാധാന്യം കല്പിക്കുന്നതെന്ന് കഥയുടെ തലേക്കെട്ടും സൂചിപ്പി ക്കുന്നു. പ്രതിമയെപ്പോലെ ഒറ്റ നോട്ടമല്ല, ഒറ്റ ഭാവമല്ല ഹരി കുമാറിനുള്ളത്. അദ്ദേഹം ജീവിതത്തിന്റെ വൈരുദ്ധ്യ ത്തിലും വൈജാത്യത്തിലും അന്തർനേത്രം വ്യാപരിപ്പി ക്കുന്നു. ഫലമോ? ഒന്നാന്തരം കഥ.
(പ്രൊഫ. എം. കൃഷ്ണൻ നായർ, സാഹിത്യവാരഫലം — സമകാലിക മലയാളം വാരിക— 19.1.2001)
അതിനിടയ്ക്ക് ഒരപരിചിതൻ ഗെയ്റ്റു കടന്നുവരുന്നു. അയാൾ കുട്ടിയുടെ ദേഹത്തിന്നരികെ കാവലിരിയ്ക്കുകയാണ്, കുട്ടിയുടെ അച്ഛൻ വേലായുധനെ മൃതദേഹം അടക്കാൻ സഹായിക്കുകയാണ്. ആരാണീ അപരിചിതൻ? അയാൾ പേരു മാത്രമേ പറയുന്നുള്ളു. ആരാണി അപരിചിതൻ? ഞാൻ എന്നോടു തന്നെ ചോദിച്ചു. എനിയ്ക്കും വ്യക്തമായ മറുപടിയൊന്നുമില്ല. ഒരു പക്ഷെ ഇപ്പോഴും ലോകത്തുനിന്ന് തീരെ നഷ്ടപ്പെട്ടിട്ടില്ലാത്ത നന്മയുടെ പ്രതിരൂപവത്കരണമായിരിയ്ക്കാം ആ മനുഷ്യൻ. അങ്ങിനെയൊരു മനുഷ്യൻ ഇനി എത്ര കാലം നമ്മുടെ ഇടയിലുണ്ടാവുമെന്ന കാര്യമാണ് സംശയം.
വേലായുധൻ വീടിനു പിൻഭാഗത്തുവച്ച കൈക്കോട്ടെടുക്കാൻ പുറ ത്തിറങ്ങിയപ്പോഴേയ്ക്കും മുറ്റത്തു കൂടിയ ആൾക്കൂട്ടം ഒരുതരം ഹർഷോന്മാദത്തിന്റെ നിലയിലെത്തിയിരുന്നു.
മുറ്റത്ത് കൂടുതൽ ആൾക്കാർ ഉണ്ട്. അവിടെയും ഇവിടെയും ചെറിയ കൂട്ടങ്ങളായി നിന്നവർ ഒരു വലിയ കൂട്ടത്തിന്റെ ഭാഗമായി മാറിയിരുന്നു. ഇടവഴിയിലൂടെ നടന്നുപോയവർ മുളങ്കാലുകൊണ്ടുണ്ടാക്കിയ ഗെയ്റ്റു കടന്നുവന്ന് ആ കൂട്ടത്തിൽ കൂടി. അവിടെ കല്യാണി എന്ന സ്ത്രീയുടെ ജീവി തം നഗ്നമാക്കപ്പെടുകയാണ്. അവിഹിതബന്ധങ്ങളുടെ രക്തം ചൂടുപിടിയ്ക്കുന്ന കഥകൾ, കല്യാണിയുമായുള്ള വേഴ്ചകളുടെ അനുഭവസാക്ഷ്യങ്ങൾ. പലതും ഭാവനയുടെ നിറം പൂണ്ടവയാണ്. കഥ പറയുന്നവരുടെ എണ്ണം അനുവാചകരുടെ എണ്ണവുമായി പൊരുത്തപ്പെടുകയാണ്. അനുവാചകരുടെ മനസ്സ് തൊട്ടാൽ പൊള്ളുന്നതായി മാറിയിരുന്നു. സഭ്യതയുടെ പരിധികൾ എപ്പോഴെ കടന്നുപോയിരുന്നു. ഇപ്പോൾ ഓരോ അനുവാചകനും ആ വലിയ കഥയുടെ നേരിയതാകട്ടെ, ഏതെങ്കിലും വിധത്തിൽ ബന്ധിപ്പിക്കുന്ന ഒരിഴയായി മാറാൻ ആഗ്രഹിക്കുകയാണ്.
ലൈംഗികത, പ്രത്യേകിച്ച് സ്ത്രീലൈംഗികതയാണ് ഇന്ന് ഏറെ ആവശ്യപ്പെടുന്ന ചരക്കുപണ്ടം, പരസ്യത്തിലായാലും ശരി, മാധ്യമങ്ങളുടെ സർകുലേഷൻ വർദ്ധിപ്പിക്കാനുള്ള വാർത്താശകലങ്ങളിലായാലും, രാഷ്ട്രീയക്കാരിൽനിന്ന് അനർഹമായ ആനുകൂല്യങ്ങൾ തട്ടിയെടുക്കാനുള്ള ഉപാധിയായാലും, ചുളിവിൽ നാലു കാശുണ്ടാക്കാനുള്ള ശ്രമമായാലും. അതിനുമുമ്പിൽ എല്ലാ ജീവിതമൂല്യങ്ങളും മുങ്ങിപ്പോകുന്നത് നാം നിത്യവും കാണുന്നു. അതിനിടയിൽ രണ്ടു വയസ്സായ ഒരു കുട്ടിയുടെ മരണവും അവന്റെ അച്ഛനമ്മമാരുടെ ദുഃഖവും എത്ര അപ്രസക്തം?
|