close
Sayahna Sayahna
Search

ബുദ്ധിയുടെ പ്രശ്‌നം


ബുദ്ധിയുടെ പ്രശ്‌നം
EHK Essay 03.jpg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എന്റെ സ്ത്രീപക്ഷകഥകളെപ്പറ്റി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ലേഖനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 55

ബുദ്ധിയുണ്ടായതിന്റെ പ്രശ്‌നമല്ല, അതില്ലാത്തതിന്റെ, അതു കുറവായതിന്റെ പ്രശ്‌നം. ഒരിക്കൽ ബർണാഡ് ഷായ്ക്ക് കിട്ടിയ കത്തിൽ ഒരതിസുന്ദരിയുടെ അത്രതന്നെ മോശമല്ലാത്ത ‘ആലോചന’യുണ്ടായിരുന്നു. ഞാൻ ഓർമ്മയിൽനിന്നാണ് അതുദ്ധരിയ്ക്കുന്നത്:

‘എനിയ്ക്ക് താങ്കളെ ഇഷ്ടമാണ്. എനിയ്ക്ക് താങ്കളിൽനിന്ന് ഒരുകുട്ടിയുണ്ടാവണം. നമുക്കുണ്ടാവുന്ന കുട്ടിയ്ക്ക് എന്റെ സൗന്ദര്യവും താങ്കളുടെ ബുദ്ധിയും കിട്ടും.’ ഇതിന് ഷായുടെ മറുപടി വളരെ ഹ്രസ്വമായിരുന്നു. ‘പക്ഷെ മാഡം ആ കുട്ടിയ്ക്ക് എന്റെ സൗന്ദര്യവും നിങ്ങളുടെ ബുദ്ധിയുമാണ് കിട്ടുന്നതെങ്കിലോ?’

സ്ത്രീകളുമായി പെരുമാറുമ്പോഴൊക്കെ ബർണാഡ് ഷായുടെ ഈ കത്താണ് എനിയ്ക്ക് ഓർമ്മ വരാറ്. അവർക്ക് കുറച്ചുകൂടി ബുദ്ധി ദൈവം കൊടുത്തിരുന്നെങ്കിലെന്ന്. എങ്കിൽ അവർക്കുണ്ടാവുന്ന തൊണ്ണൂറു ശതമാനം ആപത്തുകളും ഒഴിവാക്കാമായിരുന്നു. എന്റെ ‘അവസാനത്തെ വിസിൽ’ (‘കറുത്ത തമ്പ്രാട്ടി’ എന്ന സമാഹാരത്തിൽനിന്ന്) എന്ന കഥ രണ്ടു തലത്തിലാണ് വായിക്കേണ്ടത്. രാജൻ എന്ന ഫുട്ബാൾ കളിക്കാരന്റെ തലത്തിലും അയാളുടെ ഭാര്യ നീനയുടെ വ്യക്തിപരമായ തലത്തിലും. രാജന്റെ ഒരു സ്‌നേഹിതൻ ശശി എപ്പോഴും വീട്ടിൽ വരുന്നു, പലപ്പോഴും രാജനില്ലാത്ത അവസരങ്ങളിൽ. രാജൻ ഓഫീസിലോ, പ്രാക്ടീസിനോ പോകുമ്പോഴെല്ലാം അയാൾ വരുകയും നീനയുമായി സംസാരിയ്ക്കുകയും ചെയ്യുന്നു. അയാൾ ചെയ്യുന്ന ദ്രോഹമെന്താണെന്നാൽ നീനയുടെ തലയിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ കയറ്റുന്നു. ഏറ്റവും പുതിയത് വാഷിങ് മെഷിനാണ്. രാജനതു വാങ്ങാൻ കഴിവില്ലെന്നു പറയുമ്പോഴും നീന അതിൽ കടിച്ചുതൂങ്ങുന്നു, കാരണം ശശിയുടെ ബ്രെയിൻ വാഷിങ്.

ശശി ഒരു സങ്കല്പം നീനയ്ക്കു വിറ്റു കഴിഞ്ഞു. ഇനി രക്ഷയൊന്നുമില്ല. ഇതിനു മുമ്പത്തേത് സ്റ്റീൽ അലമാറയായിരുന്നു. അതു വാങ്ങാനെടുത്ത അഡ്വാൻസ് ഇനിയും തിരിച്ചടച്ചിട്ടില്ല…

‘ശശീടെ മൂന്ന് ഫ്രെന്റ്‌സിന്റെ വീട്ടിൽ വാഷിങ് മെഷിന് ണ്ട്‌ത്രെ. ഒരാള്‌ടെ വീട്ടില് വീഡിയോക്കോൺ, ഒരാള്‌ടെ വീട്ടില് ഐ.എഫ്.ബി., ഇനി ഒരാള്‌ടെ വീട്ടില് വേൾപൂൾ. വേണങ്കീ കൊണ്ടുപോയി കാണിച്ചുതരാംന്ന് പറഞ്ഞിട്ട്ണ്ട്.’

താനില്ലാത്ത അവസരങ്ങളിൽ ശശി വീട്ടിൽ വരുന്നത് രാജനിഷ്ടമാവുന്നില്ല. അയാൾക്കറിയാം ശശി വരുന്നത് തന്റെ കുടുംബസ്വാസ്ഥ്യം നശിപ്പിയ്ക്കാനാണെന്ന്. അതിനുമപ്പുറത്ത് രാജനെ ഒന്നിനും കൊള്ളാത്ത ആളാണെന്നു വരുത്തി നീനയുമായി കൂടുതൽ അടുക്കാനാണ്, ചൂഷണം ചെയ്യാനാണ്. ആ കെണിയിൽ വീഴുന്നത് ബുദ്ധിശൂന്യതയാണ്. പിന്നെപ്പിന്നെ ശശി വീട്ടിൽ വരുന്നതും, അഥവാ രാജൻ കണ്ടുവന്നാൽ എപ്പോഴാണയാൾ വന്നതെന്നുള്ളതും ഭർത്താവിൽനിന്ന് അവിദഗ്ദമായി മറച്ചുവെയ്ക്കുകയാണ് നീന. അവിദഗ്ദമായി എന്നു പറയുന്നത് പിന്നീടൊരവസരത്തിൽ അവൾതന്നെ അതിനെപ്പറ്റി വേറൊരു വിധത്തിൽ ശശിയോടു പറയുന്നു. ഉദാഹരണമായി ശശി വാഷിങ്‌മെഷിനെപ്പറ്റി എന്തു പറഞ്ഞു എന്നത്, അല്ലെങ്കിൽ ‘ഇപ്പോൾ ലോകക്കപ്പ് നടന്നുകൊണ്ടിരിക്കുമ്പോൾ അതിനൊക്കെ വിലക്കിഴിവുണ്ടെന്ന് ശശി പറഞ്ഞത്’, അങ്ങനെയോരോന്ന്.

രണ്ടാമത്തെ തലത്തിലുള്ളത് രാജന്റെ കളിയാണ്. നാട്ടിലെ ഏറ്റവും നല്ല ഫുട്ബാൾ കളിക്കാരനാണയാൾ. വരാൻ പോകുന്ന ടൂർണമെന്റിൽ അയാളുടെ ടീം ജയിക്കുമെന്ന് ഉറപ്പുമാണ്. വേൾഡ് കപ്പ് നടന്നുകൊണ്ടിരിയ്ക്കയാണ്. ഏതെങ്കിലും സിനിമ കാണാൻ മാത്രം താല്പര്യമുള്ള നീനയെ പിണക്കാതെ അത് ടിവിയിൽ കാണാൻ പോലും രാജന് പറ്റുന്നില്ല.

രാജന്റെ സ്‌നേഹിതൻ രാമകൃഷ്ണൻ പറയുന്നത് ഫുട്ബാൾ എന്നു പറയുന്നത് ഒരുതരം യുദ്ധം തന്നെയാണെന്നാണ്. യുദ്ധത്തെ നിരുത്സാഹപ്പെടുത്തുന്നവർ ഒരിക്കലും ഫുട്ബാൾ കളിയെ പ്രോത്സാഹിപ്പിക്കരുത്. അതിൽ വയലൻസുണ്ട്. നിങ്ങൾ മറ്റൊരു ടീമിന്റെ (രാജ്യത്തിന്റെ) അതിർത്തി നഗ്നമായ ബലം പ്രയോഗംകൊണ്ട് അതിലംഘിക്കുന്നു. അവസാനം ഗോൾപോസ്റ്റിന്റെ സ്വകാര്യതയിലേയ്ക്ക് അതിക്രമിച്ചു കടക്കുന്നു. ഇതെങ്ങിനെ കളിയാകും?

‘എല്ലാ കളികളും അങ്ങിനെത്തന്നെയല്ലേ?’ രാജൻ ചോദിയ്ക്കും.

‘ആവണമെന്നില്ല. ടെന്നീസ്, ഒരുദാഹരണം. നിങ്ങൾ നിങ്ങളുടെ തട്ടകത്തിൽ നിന്നുകൊണ്ടാണ് അഭ്യാസങ്ങൾ കാട്ടുന്നത്. എതിരാളിയേക്കാൾ നൈപുണ്യമുണ്ടെന്നു കാണിക്കുക മാത്രമേ വേണ്ടു നിങ്ങൾക്കു ജയിക്കാൻ. മറുവശത്തേയ്ക്ക് ഇരച്ചുകയറേണ്ട. ഫുട്ബാൾ അങ്ങിനെയല്ല. അതിൽ അക്രമണസ്വഭാവമുണ്ട്, അശ്ലീലമായൊരു മനശ്ശാസ്ത്രമാണതിനു പിന്നിൽ. ആൻ ഇമ്മോറൽ ഫിലോസഫി.’

ഈ കഥ എഴുതിയത് 1998–ലാണ്. അതിനുശേഷം 2005–ലോ, 2006–ലോ ആണ് ഈ വിഷയത്തെക്കുറിച്ച് ഒരു ഗവേഷണം നടത്തിയതിന്റെ വാർത്ത ഞാൻ ഹിന്ദു വർത്തമാനപത്രത്തിൽ കണ്ടത്. ഞാൻ എഴുതിയതിനെ സ്ഥിരീകരിക്കുന്നതായിരുന്നു അത്. കുറേ സ്‌കൂൾ കുട്ടികളിൽ നടത്തിയ പരീക്ഷണഫലമാണത്. ഫുട്ബാൾ കളിക്കുന്ന കുട്ടികൾ അക്രമാസക്തരായി വളരുന്നുവെന്നാണ് നിഗമനം. ശരിയാണെന്നു ഞാൻ വിശ്വസിക്കുന്ന ഒരു കാര്യം ഗവേഷണത്തിൽ വ്യക്തമാകുമ്പോഴുണ്ടാകുന്ന സന്തോഷം.

നമുക്ക് കഥയിലേക്കു തിരിച്ചുപോകാം. സ്‌നേഹിതൻ ശശിയുടെ സന്ദർ ശനങ്ങളുടെ ആവർത്തി കൂടിവരികയും, നീന അതിനെപ്പറ്റി തന്നോട് പറയാതെ ഒളിച്ചുകളിക്കുന്നുമുണ്ടെന്ന കാര്യം ഒരു വശത്തും, തന്റെ മറ്റേ സ്‌നേഹിതൻ രാമകൃഷ്ണൻ ഫുട്ബാളിന്റെ അശ്ലീലസ്വഭാവത്തെപ്പറ്റി പറയുന്നത് മറ്റൊരു വശത്തും നിന്ന് രാജനെ വിഷമിപ്പിയ്ക്കുകയാണ്. അതയാളുടെ കളിയിലെ നൈപുണ്യത്തെ ബാധിക്കുകയാണ്.

കളിക്കളം ആക്രമിക്കപ്പെട്ട, നിസ്സഹായയായ ഒരു സ്ത്രീ യുടെ നഗ്നശരീരമായും ഗോൾ പോസ്റ്റ് യോനീമുഖമായും മാറി. അതിക്രമിച്ചു കടക്കാൻ വയ്യാതെ അയാൾ നിൽക്കുകയാണ്. സദാചാരത്തിന്റെ മുൾമുനയിൽ സെക്കന്റിന്റെ നൂറിലൊരു ഭാഗം മാത്രം. പന്ത് അക്ഷമമായി കാലിൽ ഉരുമ്മിനിൽക്കുകയാണ്. അറവുകാരന്റെ നിഷ്ഠൂരതയ്ക്കുവേണ്ടി കാത്തിരിയ്‌ക്കെ…

1998–ലെ കലാകൗമുദി ഓണപ്പതിപ്പിലാണ് ഈ കഥ പുറത്തുവന്നത്. ഇത്ര പ്രധാനപ്പെട്ട ഒരു വിഷയം കഥയിൽക്കൂടി കൊണ്ടുവന്നിട്ടും ആരും, പ്രത്യേകിച്ചും സ്ത്രീസ്വത്വവാദികൾ പ്രതികരിച്ചുകണ്ടില്ല.

‘ലോഡ്ജിൽ ഒരു ഞായറാഴ്ച’ (‘ദൂരെ ഒരു നഗരത്തിൽ’ എന്ന സമാഹാരത്തിൽനിന്ന്) ഒരു നല്ല മനുഷ്യന്റെയും അയാളെ ചുറ്റി അത്രതന്നെ നല്ലവരല്ലാത്ത കുറെ മനുഷ്യരുടെയും, പിന്നെ ഒരു ദരിദ്രയായ സാധുസ്ത്രീയുടെയും കഥയാണ്. പതിനാറു പേർ, മിക്കവരും അവിവാഹിതർ, താമസിക്കുന്ന ഒരു ലോഡ്ജിന്റെ ഉടമസ്ഥനാണ് ഗോപാല മേനോൻ. മുകളിൽ ലോഡ്ജും താഴെ റെസ്റ്റോറണ്ടും.

ആ റെസ്റ്റോറണ്ടിലേയ്ക്ക് ഒരു ഞായറാഴ്ച ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും കടന്നുവരുന്നതോടെയാണ് കഥ തുടങ്ങുന്നത്. അവർ അവിടെ താമസിയ്ക്കുന്ന സുരേഷിന്റെ പെങ്ങളും അളിയനുമാണെന്നു പറയുന്നതോടെ മേനോൻ അവരെ മുറിയിലേയ്ക്കു കൊണ്ടുപോകാൻ ആവശ്യപ്പെടുന്നു. അവർക്കു വേണ്ട ചായ മുറിയിലെത്തിക്കാൻ ഏർപ്പാടു ചെയ്ത് മേനോൻ മദിരാശിക്കാലത്തെ ഓർമ്മകളിലേയ്ക്ക് യാത്ര തിരിക്കുന്നു.

……പിന്നെ ഓർമ്മയുടെ ചെല്ലപ്പെട്ടി തുറന്ന് വിസ്തരിച്ച് മുറുക്കാനുള്ള ശ്രമമായി. ‘ഞാൻ മദിരാശീലായിരിക്കുമ്പോ ഇതുപോലെ…’

‘ചതിച്ചു.’ ജോസഫ് പറഞ്ഞു. ‘മേനോൻ ഒരു കഥ പുറത്തെടുക്കുന്നു.’

മേനോന്റെ കഥകൾ ദുരന്തമായിരുന്നു. ജോസഫിന്റെ അഭിപ്രായത്തിൽ മേനോൻ കഥ പറച്ചിൽ നിർത്തിയാൽ ലോഡ്ജിൽ ഇപ്പോഴുള്ളതിനേക്കാൾ ആൾക്കാർ താമസത്തിനു വരും. മാത്രമല്ല കുറച്ച് ചാർജ്ജ് കൂട്ടിയാലും സസന്തോഷം കൊടുക്കാനും ആൾക്കാർ തയ്യാറാകും. താഴത്തെ റെസ്റ്റോറണ്ടിന്റെ കാര്യവും അതുതന്നെ. പക്ഷെ, മേനോൻ കഥ പറച്ചിൽ നിർത്തുകയുണ്ടായില്ല. എല്ലാം മദിരാശിക്കഥകളാണ്. ജീവിതവസന്തത്തിൽ മദിരാശി നഗരത്തിൽവച്ചുണ്ടായ അനുഭവങ്ങൾ. മധുരിക്കുന്നവ, കയ്‌പേറിയവ, എരി വും പുളിയും ഉള്ളവ. ആ ഓർമ്മകളുടെ സാന്ത്വനത്തിൽ ആ എഴുപതുകാരൻ ജീവിക്കുന്നു. മക്കളില്ല. തളർവാതം പിടിച്ച ഭാര്യ മാത്രം.

അയാൾ സ്വന്തം പെങ്ങളുടെ കല്യാണം കഴിഞ്ഞ കാര്യം അന്തേവാസികളോട് പറയുകയാണ്. അളിയൻ താമസിക്കുന്നത് അച്ഛനും അമ്മയും പെങ്ങളും കൂടി ഒരൊറ്റ മുറി വീട്ടിലാണ്. പുതുദമ്പതികൾക്ക് വളരെ അസൗകര്യകരമായ താമസസ്ഥലം. അപ്പോഴാണ് മേനോന്റെ റൂംമേയ്റ്റ് രക്ഷയ്ക്കു വരുന്നത്.

‘ഒറ്റ മുറിയിൽ അച്ഛനും അമ്മയും പെങ്ങളും അപ്പുറത്ത് കിടക്കുമ്പോ പുതുതായി കല്യാണം കഴിഞ്ഞ ഇവർ ഇപ്പുറത്ത് കിടന്ന് എന്തു ചെയ്യാനാണ്. കാര്യം കഷ്ടം തന്ന്യാണ്. ഞാനും കൂട്ടുകാരനും കുറെ നേരം ആലോചിച്ച് ഒരു സൂത്രം കണ്ടുപിടിച്ചു. അടുത്ത പ്രാവശ്യം അവർ വന്നപ്പോൾ ഞ ങ്ങൾ സിനിമയ്ക്ക് ബുക്ക് ചെയ്തിട്ടുണ്ട് പോവാണ്ന്ന് പറഞ്ഞു. ഞങ്ങൾ വരണവരെ അവിടെ ഇരിക്കണംന്നും പറഞ്ഞ് സ്ഥലം വിട്ടു. തിരിച്ച് ഒമ്പതു മണിക്ക് വന്നപ്പോൾ രണ്ടു പേരുടെ മുഖത്തും ഒരു കള്ളച്ചിരി.’

‘മേനോന്റെ കഥയിലപ്പടി നീലയാണല്ലോ …’ ജോസഫ് പറഞ്ഞു. …

മേനോൻ നിർത്തി. അയാൾ ആലോചിക്കുകയായിരുന്നു. തന്റെ പെങ്ങളെപ്പറ്റി, അളിയനെപ്പറ്റി, അവർ പോയാൽ കിടക്കയിൽ വീണുകിടക്കാറുള്ള ചതഞ്ഞ മുല്ലപ്പൂക്കളെപ്പറ്റി. ആ പൂക്കൾ വലിച്ചെറിയാൻ കഴിയാതെ അയാൾ ഒരു സ്ഫടികപ്പാത്രത്തിലിട്ടു വെച്ചിരുന്നു. അവർ എവിടെയാണിപ്പോൾ എന്ന് മേനോനറിയില്ല.

ഈ ഓർമ്മയിലാണ് ഗോപാലമേനോൻ ഇപ്പോൾ സുരേഷിന്റെ ‘പെങ്ങളെയും അളിയനെയും’ കാണുന്നത്. അളിയൻ താഴോട്ടിറങ്ങി. സുരേഷ് മുകളിലേയ്ക്കു പോകുകയാണ്. മേനോന്റെ വാക്കുകളിൽ പറഞ്ഞാൽ,

‘പെങ്ങളുടെ അടുത്തേയ്ക്ക് പോണ്ണ്ട്. വെടി പറഞ്ഞിരിയ്ക്കാനാണ്. കുറേ ദിവസം കഴിഞ്ഞ് കാണണതല്ലെ. നാട്ടുവർത്താനങ്ങള് ശ്ശി കാണും.’

അതു കഴിഞ്ഞ് സുരേഷ് താഴെ വന്നപ്പോൾ മറ്റൊരു അന്തേവാസി മുകളിലേയ്ക്ക് പോകുന്നത് മേനോന് ഇഷ്ടമാവുന്നില്ല. ആ പെൺകുട്ടി കുറച്ച് ഉറങ്ങിക്കോട്ടെ, എന്തിനാണ് ഉപദ്രവിക്കുന്നതെന്നയാൾ ചോദിയ്ക്കുന്നു. കുറച്ചു കഴിഞ്ഞ് മുകളിലേയ്ക്കു പോയ ആൾ തിരിച്ചു വന്നപ്പോൾ വേറൊരാൾ കയറുകയാണ്.

കുറച്ചു കഴിഞ്ഞ് മേനോൻ അടുക്കളയിൽ കാര്യങ്ങൾ അന്വേഷിക്കാൻ പോയപ്പോഴാണ് ഒരു സ്ത്രീയുടെ ബഹളം കേട്ടത്…

‘ആ ഭ്രാന്തി വീണ്ടും വന്നിട്ടുണ്ടെന്ന് തോന്നുണു.’ മേനോൻ വെപ്പുകാരനോട് പറഞ്ഞു.

വെപ്പുകാരൻ സവോള അരിയുന്നതു നിർത്തി മേനോനെ സഹാനുഭൂതിയോടെ നോക്കി.

‘മേനോൻ സാർ ഇങ്ങനെ ശുദ്ധനായല്ലോ. അത് ഭ്രാന്തിയൊന്നും അല്ല. അത് രണ്ടാം നമ്പറിലെ സുരേഷിന്റെ കൂട്ടുകാരൻ കൊണ്ടുവന്ന പെണ്ണാ.’

‘സുരേഷിന്റെ പെങ്ങളോ?’

‘പെങ്ങൾ, കുന്താ. സാറ് ഒന്ന് പോയി നോക്ക്.’

മുകളിൽ പോയി നോക്കുന്ന മേനോന് കാര്യം മനസ്സിലാവുന്നു. തന്റെ ലോഡ്ജിലെ അന്തേവാസികൾ ഒരു സാധു സ്ത്രീയോടു ചെയ്ത പാതകമെന്താണെന്ന് സ്വന്തം ഭൂതകാലത്തിന്റെ നന്മയിൽ ജീവിക്കുന്ന അയാൾ മനസ്സിലാക്കുന്നു. അവൾ പറയുകയാണ്… രണ്ടു പേർ എക്സ്റ്റ്രയുണ്ടാകുമെന്ന് പറഞ്ഞ് വിലപേശി കൊണ്ടുവന്ന് എട്ടുപേരാണ്. അപ്പോൾ കുറച്ച് എക്സ്റ്റ്ര പണം ചോദിച്ചതിനാണ്…

‘സാറെ, ഒരു നിവൃത്തിയില്ല്യാഞ്ഞിട്ടാ ഈ പണിക്ക് പോണത്. അല്ലെങ്കില് രണ്ടു മക്കളും പട്ടിണ്യാവും. രണ്ടു പേർക്കും പന്യാണ്. ഡോക്ടറെ കാണിക്കാൻ പണം ആവശ്യാ സാറേ, അതോണ്ട് പറയണതാണ്. രാവിലെ ഒരിറക്ക് വെള്ളം കുടിക്കാത്യാണ് ഇതിനെറങ്ങിത്തിരിച്ചത്. സാറ് പോലീസിന്യൊന്നും വിളിക്കല്ലെ. ഞാൻ പൊയ്‌ക്കൊള്ളാം.’

അവൾ തേങ്ങിക്കൊണ്ട് മുറിയുടെ ഒരു മൂലയിൽ പോയി പകുതി കുത്തഴിഞ്ഞ സാരി ഉടുക്കാൻ തുടങ്ങി.

അപ്പോൾ അയാൾ കണ്ടു, ചുളിഞ്ഞ കിടക്കവിരിയിൽ വാരിയിട്ടപോലെ വാടിയ മുല്ലപ്പൂക്കൾ. ഇതളുകളിൽ തവിട്ടുനിറം ബാധിച്ച ചതഞ്ഞ പൂക്കൾ. അയാളുടെ നെഞ്ചിൽ ഒരു തേങ്ങൽ ഉരുണ്ടുകൂടി.

കോണിയിറങ്ങി താഴെ തന്റെ കസേലയിൽ പോയിരുന്ന മേനോൻ തളർന്നിരുന്നു.

താൻ സ്വന്തം ഭാവനയാൽ കബളിപ്പിക്കപ്പെട്ടിരിക്കുന്നു. തേങ്ങുന്ന ഒരു മുഖം അയാളുടെ മനസ്സിൽ വന്നു. കുത്തഴിഞ്ഞ സാരിയുടെ ഇടയിൽകൂടി കണ്ട നിറം മങ്ങി കീറിയ അടിപ്പാവാടയും. താൻ ഒരു പുരുഷനായതിൽ മേനോന് ലജ്ജ തോന്നി. അവളുടെ മക്കളുടെ കാര്യം പറഞ്ഞത് സത്യമായിരിക്കണം. തകർച്ചയുടെ വക്കിലെത്തിയ ഒരാൾ സത്യമേ പറയൂ. അവൾക്കിനി നഷ്ടപ്പെടാനൊന്നുമില്ല.

മേനോൻ മണിയെ വിളിച്ച് രണ്ട് പ്ലേയ്റ്റ് പുട്ടും കടലയും പൊതിഞ്ഞു കൊണ്ടുവരാൻ പറഞ്ഞു. ഓരോ പടിയും അളന്നു തിട്ടപ്പെടുത്തുന്നതുപോലെ, വളരെ സാവധാനത്തിൽ അവൾ കോണിയിറങ്ങി വന്നു. അവൾക്ക് നടക്കാൻ വിഷമമുണ്ട്.

‘ഇവിടെ വാ.’ മേനോൻ വിളിച്ചു.

‘ഇതാ, ഇതു കൊണ്ടുപോയി മക്കളുടെ ഒപ്പം തിന്ന്.’

അയാൾ മേശവലിപ്പ് തുറന്നു. അന്നത്തെ വരവ് ഏകദേശം നാൽപത്തഞ്ചു രൂപയുണ്ട്. ആ നോട്ടുകൾ വാരിയെടുത്ത് അയാൾ അവളുടെ നേരെ നീട്ടി.

അവൾ രണ്ടും വാങ്ങിയില്ല. നീട്ടിയ കൈകളും തേങ്ങുന്ന ഹൃദയവുമായി ഗോപാലമേനോൻ ഇരിക്കെ, പുറത്തെ വെയിലിന്റെ അനിശ്ചിതത്വത്തിലേയ്ക്ക്, ക്രൂരതയിലേയ്ക്ക് അവൾ ഇറങ്ങിപ്പോയി.

എട്ട് അന്തേവാസികൾ കൂടി ഒതു സാധു സ്ത്രീയോടു ചെയ്ത അനീതി കണ്ട് തളരുന്ന ഗോപാലമേനോനെപ്പോലെയുള്ളവർ ഇനി എത്രകാലത്തേയ്ക്കുണ്ടാവുമെന്ന് കണ്ടറിയണം.