close
Sayahna Sayahna
Search

‘കള്ളിച്ചെടി’യെപ്പറ്റി പറഞ്ഞത്


‘കള്ളിച്ചെടി’യെപ്പറ്റി പറഞ്ഞത്
EHK Essay 03.jpg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എന്റെ സ്ത്രീപക്ഷകഥകളെപ്പറ്റി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ലേഖനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 55

2008 ജൂണിലാണ് ‘കള്ളിച്ചെടി’ എന്ന കഥയെക്കുറിച്ച് ദേശാഭിമാനിയ്ക്കു വേണ്ടി എഴുതിയത്. ‘കള്ളിച്ചെടി’ എന്ന കഥയെഴുതിയത് 1990–ൽ ‘സരോവരം’ മാസികയിൽ. കഥയെഴുതാനുണ്ടായ സാഹചര്യങ്ങൾ, പ്രധാനകഥാപാത്രത്തെ പിന്നീട് കണ്ടപ്പോഴുണ്ടായ അനുഭവം, ഇതൊക്കെയാണ് വിഷയം. ലേഖനം താഴെ കൊടുക്കുന്നു, മാറ്റമൊന്നുമില്ലാതെത്തന്നെ. നിഗൂഹനം ചെയ്ത സ്ത്രീലൈംഗികതയാണ് കഥയിൽ, ഒപ്പം തന്നെ മറയിൽ നിൽക്കുന്ന പുരുഷലൈംഗികതയും.

ലേഖനത്തിന്റെ പേര് ‘എനിയ്ക്കു കള്ളിച്ചെടികൾ ഇഷ്ടമല്ല’ എന്നാണ്.

സാരിയുടുത്ത് അല്പം തടിച്ച പ്രകൃതക്കാരിയായ ഒരു സ്ത്രീ അടുത്തുവന്ന് ചോദിച്ചു.

‘ഞാനിവിടെ ഇരുന്നോട്ടെ?’

എറണാകുളത്ത് ടി.ഡി.എം. ഹാളിൽ അന്ന് തിരക്ക് കുറവായിരുന്നു. വധു തൃശ്ശൂർകാരിയായതുകൊണ്ടായിരിയ്ക്കണം തിരക്ക് കുറഞ്ഞത്. ഇനി വരന്റെ പാർട്ടി വന്നാലാണ് ഹാൾ നിറയുക. ലളിതയുടെ അടുത്ത ബന്ധുവിന്റെ കല്യാണമായതുകൊണ്ട് അവളുടെ വീട്ടുകാർ ഒരുമാതിരി എല്ലാവരും ഉണ്ട്. അതുകൊണ്ട് ലളിത അവരുടെ ഒപ്പം വിലസുകയായിരിയ്ക്കും. ഞാൻ ഒറ്റപ്പെട്ടിരിയ്ക്കയാണ്. സാധാരണ അങ്ങിനെയാണ് പതിവ്. വരൻ എത്താൻ ഇനിയും സമയമുണ്ട്. ഞാൻ ഓരോരുത്തരെ പഠിച്ചുകൊണ്ട് ഹാളിൽ ഒരരുക്കിലെ കസേലയിൽ ഇരിയ്ക്കുകയാണ്. എന്നിലേയ്ക്കുതന്നെ തിരിയുന്ന സന്ദർഭം. അപ്പോഴാണ് അവൾ അടുത്തുവന്ന് ചോദിച്ചത്. ‘ഞാനിവിടെ ഇരുന്നോട്ടെ?’

ഹാളിൽ നിറയെ ഒഴിഞ്ഞ കസേലകളുള്ള സ്ഥിതിയ്ക്ക് ആ ചോദ്യം എന്നെ അദ്ഭുതപ്പെടുത്തി. ഞാനവരുടെ മുഖത്തേയ്ക്കു നോക്കി. ആ മുഖം അധികനേരം പഠിയ്‌ക്കേണ്ടി വന്നില്ല. ഞാൻ പറഞ്ഞു.

‘വിമലയ്ക്ക് എന്റെ അടുത്തിരിയ്ക്കാൻ സമ്മതമാവശ്യമില്ല.’

‘ഓ..ാ… അപ്പൊ എന്നെ മനസ്സിലായി അല്ലെ?’

അവൾ ചിരിച്ചുകൊണ്ട് എന്റെ അടുത്ത കസേലയിലിരുന്നു.

എനിയ്ക്കുതന്നെ വിശ്വസിയ്ക്കാൻ പറ്റിയില്ല. ഇങ്ങിനെയൊരു മാറ്റമോ? അവളുടെ മാറ്റം പൂർണ്ണമായിരുന്നു. ഒരു പുഴുവിൽനിന്ന് ചിത്രശലഭത്തിലേയ്ക്കുള്ള ദൂരത്തെ അവൾ മറികടന്നിരിയ്ക്കുന്നു. എങ്ങിനെയിതു സംഭവിച്ചു?

‘എന്താ ഒറ്റയ്ക്കിരിക്കണത്? ലളിതച്ചേച്ചി എവിടെ?’

‘അവള്‌ടെ വീട്ട്കാര്‌ടെ ഒപ്പം കാണും, ഹാളിലെവിടേങ്കിലും.’

‘ഓ, ചേച്ചീടെ ബന്ധുക്കാരിയാണല്ലെ വധു? ദിനേശന് വരനായിട്ട് ബന്ധംണ്ട്. അപ്പൊ മൂപ്പര്‌ടെ ആൾക്കാരെല്ലാം എത്തീട്ട്ണ്ട്. ഇനി ആ ളെ സദ്യടെ സമയത്ത് നോക്ക്യാ മതി.’

‘അപ്പൊ നമ്മള് തുല്യദുഃഖിതരാണല്ലെ?’

അവൾ ചിരിച്ചു. അപ്പോഴും ഞാൻ ആലോചിയ്ക്കുകയായിരുന്നു. എങ്ങിനെ ഈ മാറ്റം സംഭവിച്ചു?’

ഞങ്ങളവളെ കാണുന്നത് പതിനഞ്ചു കൊല്ലം മുമ്പാണ്. ശല്യക്കാരിയായ ഒരയൽക്കാരിയായിട്ട്. ശല്യമെന്നു പറഞ്ഞാൽ കുറച്ചൊരതിശയോക്തിയാവും. ഞങ്ങൾക്കു കാണാൻ താല്പര്യമില്ലാത്ത ഒരു വ്യക്തി, അത്ര മാത്രം. തീരെ പ്രതീക്ഷിയ്ക്കാത്ത അവസരങ്ങളിൽ അവളുടെ വരവുണ്ടാകുന്നു. ഉമ്മറവാതിൽ തുറന്നിട്ടിട്ടുണ്ടെങ്കിൽ ഞ ങ്ങളെ അന്വേഷിച്ച് കിടപ്പറവരെ എത്തുന്നു.

“ഓ ചേട്ടനുണ്ടോ? ഞാനറിഞ്ഞില്ല.” അവൾ പറഞ്ഞു. “ഞാൻ വാതിൽക്കൽ മുട്ടി. ആരേയും കണ്ടില്ല. അപ്പോ അകത്തു കടന്നതാ.”

നുണയാണ്. രമേശനതറിയാം.അവൾ എപ്പോഴും അങ്ങിനെയാണ്. വാതിൽ തുറന്നു കണ്ടാൽ അകത്തു നുഴഞ്ഞു കയറും. കിടപ്പറവരെ എത്തുകയും ചെയ്യും. ഒരിക്കൽ രജനി കുളിച്ചുവന്ന് ബ്രേസിയറിന്റെ ഹുക്ക് ഇട്ടുതരാൻ പറഞ്ഞതായിരുന്നു. അയാൾ ഒരു കുസൃതി ഒപ്പിച്ചു. ഹുക്കിടന്നതിനു പകരം ബ്രേസിയർ തന്നെ അഴിച്ചുമാറ്റി. എന്നിട്ട്… അപ്പോഴാണ് വിമലയുടെ വരവ്. അവൾ ശബ്ദമുണ്ടാക്കാതെയാണ് വരിക. മുറിയിലെത്തി യാലെ അറിയൂ.

സംഭവം നല്ലവണ്ണം ആസ്വദിച്ചതിനു ശേഷമാണ് അവൾ തൊണ്ടയനക്കി ശബ്ദമുണ്ടാക്കിയത്.

ഞാനും അവളുമായുണ്ടായിരുന്ന ബന്ധം വളരെ വിചിത്രമായ രീതിയിലായിരുന്നു. നേരിട്ടു കാണുമ്പോൾ മുഖത്തു നോക്കില്ല. രണ്ടു വ്യക്തികൾ തമ്മിൽ ഉപയോഗിയ്ക്കാവുന്നതിൽവച്ച് ഏറ്റവും കുറച്ച് വാക്കുകൾ മാത്രം ഉപയോഗിച്ചുള്ള ആശയവിനിമയം. ‘ചേച്ചിയില്ലേ?’ കാര്യമായി അതു മാത്രം. ഉണ്ടെന്നു പറഞ്ഞാൽ തലയും താഴ്ത്തി അകത്തേയ്ക്കു പോകും. ഇല്ലെന്നു പറഞ്ഞാൽ ഒന്നും മിണ്ടാതെ അതേപടി തിരിച്ചു പോകും. പക്ഷെ ഞാൻ തോട്ടം ശുശ്രൂഷിക്കാനായി പുറത്തിറങ്ങിയാൽ ശ്രദ്ധിക്കാത്തൊരു നിമിഷത്തിൽ അവളുടെ മുറിയുടെ ജനൽ ഒരു ചെറിയ പഴുതുമാത്രം ബാക്കി വച്ച് അടയ്ക്കപ്പെടുന്നു. അതിനു പിന്നിൽ നമ്മെ ശ്രദ്ധിച്ചുകൊണ്ട് ഒരു സ്ത്രീ നിൽക്കുന്നുണ്ടെന്നത് നമുക്ക് വിഷമമുണ്ടാക്കുന്നു.

മുപ്പത്തഞ്ച് മുപ്പത്തെട്ട് വയസ്സു പ്രായമായ ആ അവിവാഹിതയിൽ ആകർഷിക്കപ്പെടാനായി ഒന്നുമുണ്ടായിരുന്നില്ല. ആ ശരീരമോ മുഖമോ ആകർഷകമാക്കാൻ ഒരു ശ്രമവും അവൾ നടത്തിയിരുന്നതുമില്ല. ഒരു പൗഡർ പോലും ആ മുഖത്ത് പൂശിയതായി ഞാൻ കണ്ടിട്ടില്ല.

അവർ ഷാരടിമാരായിരുന്നു. ഒരു വരനെ അന്വേഷിക്കാൻ ലളിതയോടാവശ്യപ്പെടുമ്പോഴും അവൾ പറഞ്ഞിരുന്നത് ‘നായന്മാരെ ഒക്കെ കല്ല്യാണം കഴിക്കണത് രണ്ടാന്തരായിട്ടാ കണക്കാക്കണത്’ എന്നായിരുന്നു. വർഷങ്ങൾ കൊഴിഞ്ഞുപോയ്‌ക്കൊണ്ടിരിയ്‌ക്കെ ക്രമേണ ലളിതയുടെ മുമ്പിൽ തുറക്കാറുള്ള പൊങ്ങച്ചസ്സഞ്ചിയിലെ കോപ്പുകൾ ഒഴിഞ്ഞുവന്നു. നായന്മാരായാലും കുഴപ്പമില്ല എന്ന നിലയിലെത്തി. പിന്നെ അവിടനിന്ന് ‘ഭാര്യ മരിച്ചതോ, ഡൈവേഴ്‌സ് ചെയ്തതോ ആയിട്ട്ള്ള ആരെങ്കിലും ഉണ്ടെങ്കിൽ പറയണംട്ടോ. എന്നെപ്പോലെ വയസ്സായ ഒരു പെണ്ണിനെ കെട്ടാൻ ഇനി വയസ്സായ ആരെങ്കിലുമേ വരു’ എന്ന നിലയിലെത്തി. അതിനിടയ്ക്ക് ഒരു കള്ളിച്ചെടിയും, അവളുടെ ഭാവന കാടു കയറിയതായിരിയ്ക്കണം ഒരു ചെറുപ്പക്കാരൻ കാമുകനും രംഗത്തെത്തി. ‘കള്ളിച്ചെടി’ എന്ന എന്റെ കഥ ആ കള്ളിച്ചെടിയെപ്പറ്റിയും, ആ കാമുകനെപ്പറ്റി അവൾ ലളിതയോടു പറയാറുള്ള കഥകളെപ്പറ്റിയുമാണ്.

എന്തായാലും പുതിയ അനുരാഗം ഇതെല്ലാം മാറ്റി. ഇപ്പോൾ വിമലയുടെ കഥകൾ കേൾക്കാൻ രസമുണ്ടെന്നാണ് രജനി പറയുന്നത്.

രമേശൻ ഓഫീസിൽ പോയാൽ വിമല വന്ന് തലേന്നുണ്ടായ സംഭവങ്ങൾ മുഴുവൻ വിവരിച്ചു കൊടുക്കു ന്നു.

പുതിയ അയൽക്കാരൻ നല്ല റൊമാന്റിക് ആണെന്നാണ് വിമല പറയുന്നത്. ദിവസവും രാവിലെ എഴുന്നേറ്റാൽ വിമല ജനൽ തുറക്കുന്നതുവരെ കാത്തു നിൽക്കുമത്രെ. ഗുഡ്‌മോണിംഗ് പറഞ്ഞിട്ടേ അയാൾ പ്രഭാത കൃത്യങ്ങൾ നിർവ്വഹിക്കുകയുള്ളൂ.

മറ്റൊരാളുടെ സ്‌നേഹബന്ധങ്ങളെപ്പറ്റി കേൾക്കുക രസമാണ്. നമ്മുടെയൊക്കെ ഒരു ദൗർബ്ബല്യമാണത്. വിമല പെട്ടെന്ന് ആ വീട്ടിൽ സ്വീകാര്യയായി. ഓരോ ദിവസവും പുതിയ പുതിയ കഥകൾ കേൾക്കാനായി രജനി, രമേശിനെ ഓഫീസിൽ പറഞ്ഞയച്ച ശേഷം വിമലയെ കാത്തിരി പ്പായി.

കാമുകൻ അവളുടെ ഭാവനാസൃഷ്ടിയാണെന്ന് മനസ്സിലായത് വളരെ പിന്നീടാണ്.

ഒരിയ്ക്കൽ മാത്രം അവൾ എന്നോടു ഹൃദയം തുറന്നു സംസാരിച്ചു. അത് ആ കള്ളിച്ചെടി പൂത്തതു കാണാൻ അവളുടെ ടെറസ്സിൽ പോയപ്പോഴായിരുന്നു. വളരെ കുറച്ചു വാക്കുകൾ മാത്രം.

‘ഈ പൂവും എന്നെപ്പോലെയാണ്. വിരിയും. വാസനയില്ലാതെ രണ്ടു ദിവസം നിൽക്കും, പിന്നെ കൊഴിഞ്ഞുപോകും. കായയൊന്നുമുണ്ടാവില്ല.’

അത്ര മാത്രം, പക്ഷെ ആ വാക്കുകൾക്ക് മൂർച്ചയുണ്ടായിരുന്നു. പിന്നെ, എന്നോടെന്തിനവൾ അതു പറഞ്ഞു?

ഞങ്ങൾ ആ വീടു മാറിയ ശേഷം ഒരിയ്ക്കൽ അവരെ കാണാൻ ചെന്നപ്പോൾ വിമലയുണ്ടായിരുന്നില്ല. കുറച്ചൊരു വിഷമം തോന്നി. പിന്നീട് പത്തു കൊല്ലം കഴിഞ്ഞിട്ടൊരു ദിവസമാണ് ഈ കൂടിക്കാഴ്ച. അതുകൊണ്ട് ഈ കൂടിക്കാഴ്ച തികച്ചും അവിശ്വസനീയമായിരുന്നു. ഇപ്പോൾ അവളെ കണ്ടാൽ ഒരു മുപ്പതു വയസ്സിനു മീതെ തോന്നുകയില്ല. ഒരു കാലത്ത് തീരെ മയമില്ലാതെയിരുന്ന അവളുടെ ചർമ്മം മിനുസപ്പെട്ടിരുന്നു. കണ്ണുകളിൽ പ്രകാശം, തുടുത്ത കവിളുകൾ, ചോര തുടിയ്ക്കുന്ന ചുണ്ടുകൾ. ഇതിൽ ഒരു ബ്യൂട്ടീഷന്റെ കൈ എത്രത്തോളമുണ്ടെന്നറിയില്ല. പക്ഷെ ഒരു ബ്യൂട്ടീഷന് ഈ നിലയിൽ എത്തിയ്ക്കാൻ മാത്രം പറ്റിയ ദേഹമായിരുന്നില്ല ഞങ്ങൾ പത്തു കൊല്ലം മുമ്പ് പിരിഞ്ഞു പോയപ്പോൾ അവൾക്കുണ്ടായിരുന്നത്.

‘എപ്പഴാണ് വിമലേടെ കല്യാണം കഴിഞ്ഞത്?’

‘നാലു കൊല്ലായി.’

‘കുട്ടികൾ?’

‘ഒരു മോനുണ്ട്. അവൻ അച്ഛന്റെ ഒപ്പാണ്…’

‘ദിനേശന്റെ നാട്?’

‘ആലപ്പുഴ. പഴേ ഫാമിലിയാണ്. അച്ഛന്റെ ആകെള്ള മോനാണ്.’

‘എന്തു ചെയ്യുണു?’

‘മൂപ്പര് കൺസ്ട്രക്ഷൻ ബിസിനസ്സിലാണ്. അച്ഛനും അത്തന്ന്യാ ബിസിനസ്സ്. അച്ഛന്റെ ഓഫീസ് ആലപ്പുഴേലാണ്, മോനിവിടെ എറണാകുളത്തും.

അവൾ സംസാരിയ്ക്കുകയായിരുന്നു. ഭർത്താവിനെപ്പറ്റി, മൂന്നു വയസ്സായ മകനെപ്പറ്റി. ഭർത്താവിന്റെ വീട്ടുകാരെപ്പറ്റിയെല്ലാം. ഞാൻ അതെല്ലാം കേട്ടുകൊണ്ടിരിയ്‌ക്കെത്തന്നെ പഴയ കാര്യങ്ങൾ ഓർക്കുകയായിരുന്നു.

ഇടയ്‌ക്കൊരിയ്ക്കൽ ഞാൻ ചോദിച്ചു.

‘ആ പഴയ കള്ളിച്ചെടി… അതിപ്പോഴുംണ്ടോ?’

അവൾ ചിരിച്ചു. അവളും ആ കാര്യങ്ങൾ ഓർക്കുകയായിരിക്കണം. ആ പഴയ കള്ളിയുടെ മുഖം തിരിച്ചുവന്നു. അവളെന്റെ കൈ പിടിച്ച് പതുക്കെ അമർത്തി.

‘ഉം, അത് എന്റെ അത്ര ഉയരം വെച്ചിരിയ്ക്കുണു. ഇപ്പഴും പൂവിട്ണ്ണ്ട്.’

ഒരിയ്ക്കൽക്കൂടി എന്റെ കൈ പിടിച്ചമർത്തിക്കൊണ്ട് അവൾ പറഞ്ഞു.

‘ഞാൻ പോട്ടെ, വരൻ എത്തീന്ന് തോന്നുണു. പോണേന്റെ മുമ്പെ ഞാൻ ദിനേശനെ പരിചയപ്പെടുത്താം.’

പരിചയപ്പെടുത്തലുണ്ടായില്ല. കരുതിക്കൂട്ടിയായിരിയ്ക്കില്ല. അവസരം കിട്ടിയിട്ടുണ്ടാവില്ല, ഞാൻ ലളിതയെ അവൾക്കും ദിനേശന്നും കാണിച്ചു കൊടുക്കാതിരുന്നതുപോലെ.

വീട്ടിലേയ്ക്കു മടങ്ങുമ്പോൾ ഞാൻ ആലോചിച്ചിരുന്നത് കൊല്ലത്തിലൊരിയ്ക്കൽ പൂവിട്ടിരുന്ന ഒരു കള്ളിച്ചെടിയെപ്പറ്റിയായിരുന്നു. അതിന്റെ ഉടമയായിരുന്ന കള്ളിയെപ്പറ്റിയും.

ആ കള്ളിച്ചെടി എന്നോട് കൊണ്ടുപോകാൻ പറഞ്ഞിരുന്നതായിരുന്നു. അതെടുക്കാൻ പോയ ദിവസം ഞാൻ ഓർത്തു. ഞാൻ കഥയിൽ നിന്ന് ഉദ്ധരിയ്ക്കാം.

അയാൾ വിമലയെ അടുത്തു വിളിച്ച് ആ കള്ളിച്ചെടി കാണിച്ചുകൊടുത്തു. അതിന്റെ ഏണുകളിൽ നേരിയ ചുവപ്പുള്ള മൊട്ടുകൾ മുളയ്ക്കുന്നു.

‘ഞാൻ അതു കണ്ടിട്ടുണ്ട്.’ വിമല പറഞ്ഞു. അവൾ കുമ്പിട്ടു നിൽക്കുകയായിരുന്നു. അയാളുടെ അടുത്ത്, വളരെ അടുത്ത്. ബ്ലൗസിന്റെ മുകൾ ഭാഗത്തുകൂടെ അവളുടെ മാറിടം കാണാം. കാറ്റിൽ കാച്ചിയ വെളിച്ചെണ്ണയുടെ ഗന്ധം. അയാൾ അസ്വസ്ഥനായി പിൻമാറി.

‘ഇതിൽ നിറയെ മൊട്ടുകളാണ്.’ അയാൾ പറഞ്ഞു. ‘അതെല്ലാം വിരിയട്ടെ. എന്താണിത്ര ധൃതി. ഞാൻ പിന്നീട് കൊണ്ടുപൊയ്‌ക്കൊള്ളാം.’

അയാൾ തിരിഞ്ഞു നടന്നുകൊണ്ട് പറഞ്ഞു.

‘പിന്നെ, എനിയ്ക്ക് കള്ളിച്ചെടികൾ അത്രയധികം ഇ ഷ്‌ടൊന്നുംല്ല്യ.’

ഇപ്പോൾ ഞാൻ അദ്ഭുതപ്പെടുകയാണ്, ഞാനെന്തിനതു പറഞ്ഞു. എനിയ്ക്ക് കള്ളിച്ചെടികൾ വളരെ ഇഷ്ടം തന്നെയാണ്. (അതോ കള്ളികളേയോ?)

(‘കള്ളിച്ചെടി’ എന്ന കഥ ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നു. വിമല എന്ന പേര് ശരിയ്ക്കുള്ളതല്ല.)