ലൈംഗികത മറനീക്കാതെ
ലൈംഗികത മറനീക്കാതെ | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | എന്റെ സ്ത്രീപക്ഷകഥകളെപ്പറ്റി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ലേഖനം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 55 |
‘ഓടിട്ട ഒരു ചെറിയ വീട്’ (‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന സമാഹാരത്തിൽനിന്ന്) എഴുതിയത് 1990–ലാണ്. രാജഗോപാലനെന്ന എന്റെ കഥാപാത്രത്തിന് മുപ്പത്താറ് മുപ്പത്തെട്ട് വയസ്സായിട്ടേയുള്ളു. അതിലെ ‘രേണുക’ എന്ന കഥാപാത്രത്തിന് 33 വയസ്സും. അവളെ എങ്ങിനെയാണ് കണ്ടുമുട്ടിയത്, അല്ലെങ്കിൽ അതു പരിചയമുള്ള ആരെങ്കിലുമാണോ എന്നൊന്നും ഓർമ്മയില്ല. അല്ല, നുണയല്ല, സത്യംതന്നെ. ഒരുപക്ഷെ എന്റെ ഭാവനാസൃഷ്ടിയായിരിക്കും. പക്ഷെ അവൾ എന്റെ മനസ്സിൽ വളരെ സജീവമായിരുന്നു. എന്റെ ലൈംഗികതയുടെ, അതായത് ഞാൻ എന്നിൽനിന്നുതന്നെ ഒളിപ്പിച്ചുവയ്ക്കുന്ന ലൈംഗികതയുടെ, സ്‌ത്രൈണതലമായിരിക്കണം അവൾ.
വരൂ ചായ കുടിച്ചിട്ടു പോകാം.
എപ്പോഴും അങ്ങിനെയാണ്. ഇങ്ങിനെയൊക്കെയാ ണുണ്ടാവുക. രേണുക തന്നെ കാണും, അകത്തേക്കു വിളിക്കും, താൻ കയറും എന്നൊക്കെ വിഭാവനം ചെയ്ത താണയാൾ. ഇപ്പോൾ രേണുക തന്നെ ക്ഷണിക്കുമ്പോൾ അയാൾ പതറുന്നു. കാലുകൾ നീങ്ങുന്നില്ല.
ഞാൻ പിന്നീടൊരിക്കൽ വരാം. അനിത വരട്ടെ.
അതിനെന്താ പിന്നെയും വരാമല്ലൊ. ഇപ്പോൾ ഇതു വരെ വന്നിട്ട് ചായ കുടിക്കാതെ പോവാണോ?
അയാൾ അവൾക്കു പിന്നിൽ അകത്തേക്കു കയറി.
ഭാര്യ അനിത ഒരാഴ്ചയ്ക്കു നാട്ടിൽ പോയപ്പോൾ നടക്കാനിറങ്ങിയതായിരുന്നു രാജഗോപാലൻ. ആ നടത്തം രേണുകയുടെ വീട്ടിനു മുമ്പിലെത്തിയത് മുൻകൂട്ടി തീരുമാനിച്ചിട്ടൊന്നുമല്ല. ചില നിമിഷങ്ങളിൽ പുരുഷന്റെ (ഒരുപക്ഷെ സ്ത്രീയുടെയും) ഭാവന കാടുകയറുന്നു, പിന്നെ ചെയ്യുന്നതെല്ലാം ശരിയാണെന്ന ബോധത്തിൽ നീങ്ങുന്നു.
അയാൾക്കു മുമ്പിൽ കാണുന്നതാകട്ടെ അയാളുടെ പ്രതീക്ഷയ്ക്ക് നേരെ വിപരീതമായൊരു അന്തരീക്ഷമായിരുന്നു. അവിടെ കണ്ട ദാരിദ്ര്യം അയാളുടെ ഉത്സാഹമെല്ലാം കെടുത്തിയെന്നു മാത്രമല്ല രേണുകയെ ഒരു പുതിയ കണ്ണോടെ കാണാൻ വഴിയൊരുക്കുകയും ചെയ്തു.
അയാൾ ചോദിച്ചു.
“ഞാൻ വരുമെന്നു പ്രതീക്ഷിച്ചിരുന്നില്ല അല്ലേ?”
അവൾ മറുപടിയൊന്നും പറഞ്ഞില്ല.
“ഞാൻ വന്നത് രേണുകയ്ക്ക് ഇഷ്ടായില്ലേ?”
അവൾ ഒന്നും പറയാതെ താഴേക്കു നോക്കി നിൽക്കുകയാണ്. പെട്ടെന്നാണയാൾ കണ്ടത്. സിമന്റിട്ട കറുത്ത നിലത്തൊരു ചെറിയ വട്ടത്തിൽ നനവ്.
അയാൾ എഴുന്നേറ്റു. അവളുടെ അടുത്തുചെല്ലാം, അവളെ പുറത്തുതട്ടി ആശ്വസിപ്പിക്കാം പക്ഷേ അവളുടെ പ്രശ്‌നമെന്തെന്നറിയാതെ താനെന്താശ്വസിപ്പിക്കാനാണ്. അയാൾ പറഞ്ഞു.
“രേണുകേ ഞാനിറങ്ങട്ടെ.”
അവൾ പെട്ടെന്നു ഞെട്ടി കണ്ണുകൾ തുടച്ചുകൊണ്ട് ചോദിച്ചു.
“ചേട്ടൻ ഇനിയും വരില്ലേ?”
“വരാം.”
ഭാര്യ നാട്ടിൽ പോയ ഒരു ദിവസം അവൾ വരുന്നു. അനിതയില്ലെന്നറിഞ്ഞുകൊണ്ടു തന്നെ. കയ്യിൽ ഒരു പാത്രത്തിൽ അയില വറുത്തതും. അന്നാണ് അവളുടെ ദുരന്തത്തെപ്പറ്റി രാജഗോപാലന് ശരിക്ക് മനസ്സിലാവുന്നത്. അയാൾ സാമ്പത്തികമായി സഹായിക്കാമെന്നു പറയുന്നത് അവൾ നിരസിക്കുന്നു. അതവളുടെ വിധിയാണ്, മറ്റുള്ളവരെ അതിൽ വലിച്ചിഴക്കാനവൾക്കു ഒട്ടും താല്പര്യമില്ല. അവൾ അയാളുടെ അടുക്കളയിൽ കയറി ഭക്ഷണമുണ്ടാക്കുന്നു, സ്വന്തം വീട്ടിലെന്നപോലെ.
“നമുക്ക് ഊണു കഴിക്കാം. അയാൾ പറഞ്ഞു.”
“വരു. ഞാൻ വിളമ്പിത്തരാം.”
ഊണു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു.
“ഈ ജീവിതത്തിൽ എനിക്ക് സന്തോഷം തരുന്ന ഒരേയൊരു സമയം ഇവിടെ വരുമ്പോഴാണ്. ഇടയ്ക്ക് ഒറ്റയ്ക്കിരിക്കുമ്പോൾ ഞാൻ അനിതയായി സങ്കൽപിക്കാറുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള മുഹൂർത്തങ്ങളാണവ. ഒരു ദിവസെങ്കിലും അങ്ങിനെ…”
അവൾ മുഴുമിച്ചില്ല. പറയാൻ പാടില്ലാത്തത് പറഞ്ഞതു പോലെ അവൾ നിന്നു.
“സങ്കടപ്പെടാതിരിക്കു.” അയാൾ പറഞ്ഞു.
സ്വന്തം ഭാവനയെപ്പറ്റി സ്വയം അറിയാത്തൊരു നിമിഷത്തിലവൾ പറഞ്ഞുപോയതാണ്. പക്ഷെ അതും മുഴുമിക്കാൻ അവൾക്കു കഴിയുന്നില്ല. അതവളുടെ രഹസ്യമാണ്, ഒളിപ്പിച്ചുവച്ച ലൈംഗികതയാണ്. അത്രതന്നെ പറയാൻ അവളുദ്ദേശിച്ചിരുന്നില്ല. പോകുന്നതിനുമുമ്പ് പക്ഷെ അവൾക്ക് വെളിപ്പെടുത്തേണ്ടി വരികയാണ്. ഒരു മനുഷ്യനെ രക്ഷിക്കാൻ വേണ്ടി മാത്രം അവൾ ഒരു കൈ ഇല്ലാത്ത ഭർത്താവിനെ സ്വീകരിക്കുന്നു. പക്ഷെ പകരം അയാളവൾക്കു നല്കിയതോ?
രേണുക കൈകൊണ്ട് മുഖം താങ്ങി കണ്ണടച്ചിരി ക്കുകയാണ്. അയാൾ പൊടിനിറഞ്ഞ ഒരു വീടിനെപ്പറ്റി ആലോചിച്ചു. കീറി മുഷിഞ്ഞ കർട്ടനുകൾ, പോളിഷ് പോയി നരച്ച മേശയും കസേരയും. പിന്നെ അടിയിൽ കീറിത്തുടങ്ങിയ നരച്ച ഗൗൺ ഇട്ട ഒരു സ്ത്രീയും. അയാൾ ദുഃഖിതനായി.
നോക്കൂ. അയാൾ പറഞ്ഞു. എനിയ്ക്കു മനസ്സിലാവുന്നുണ്ട്. ഞാനെന്താണ് ചെയ്യേണ്ടതെന്ന് പറയൂ, രേണുക യുടെ ദുഃഖമകറ്റാൻ?
അവൾ കണ്ണുതുറന്നു.
ഞാനൊരു കാര്യം ചോദിച്ചാൽ ചേട്ടന് വിഷമാവ്വോ? ഞാൻ ചീത്ത്യാണ്ന്ന് കരുതുമോ?
ഇവിടെ കഥ അവസാനിയ്ക്കുന്നില്ല. രാജഗോപാലനോട് ‘നന്ദി’ പറഞ്ഞ് പോകുമ്പോൾ അവൾക്കറിയാം തന്റെ അമർത്തിവച്ച നിഭൃതവികാരങ്ങൾ ഇനി ഒരിക്കൽപ്പോലും അമർത്തേണ്ടി വരില്ലെന്ന്. ഈ ഉറപ്പ് ഒരു സ്ത്രീയ്ക്ക് അവകാശപ്പെട്ടതാണ്, സദാചാരത്തിന്റെ കാവലാൾമാർ എന്തുതന്നെ പറഞ്ഞാലും.
മറച്ചു വയ്ക്കപ്പെട്ട പുരുഷലൈംഗികത തന്നെയാണ് ‘മൂലോട് ഉറപ്പിയ്ക്കുന്നതിലെ വിഷമങ്ങൾ’ (‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന സമാഹാരത്തിൽനിന്ന്) എന്ന കഥയും പറയുന്നത്. ഒരു വീട്ടിൽ ഓടിളക്കിയെടുത്ത് വീണ്ടും മേഞ്ഞുകൊടുക്കാൻ കോൺട്രാക്ട് എടുത്ത ജോണി എന്ന ചെറുപ്പക്കാരന്റെ കഥയാണിത്. നല്ല പയ്യനാണ്. അപ്പന്റെ കുടി കാരണം വീട്ടിൽ ദാരിദ്ര്യമാണ്, അവനും രണ്ടു പെങ്ങമ്മാരും അമ്മയും കഷ്ടത്തിലാണ്. അപ്പോഴാണ് പള്ളീലച്ചൻ ഒരു മാർഗ്ഗം നിർദ്ദേശിച്ചത്. ഓടു മേയുക എന്നതിന്റെ സാമ്പത്തിക വശങ്ങൾ പറഞ്ഞുകൊടുക്കുക മാത്രമല്ല അതിനുള്ള മൂലധനമായ 300 രൂപയും മൈക്കളച്ചൻ കടമായി കൊടുത്തു.
ഓടു മേയാനുള്ള ടെക്‌നോളജി പഠിച്ചത് അച്ചൻ നിർദ്ദേശിച്ച പോലെ സ്വന്തം വീട് ഓടെടുത്തു മേഞ്ഞതുവഴിയാണ്. ഏഴു വീടുകൾ സംഭവരഹിതമായി മേഞ്ഞു, കിട്ടുന്ന പണം അച്ചനെ ഏൽപ്പിച്ചുപോന്നു, കാരണം വീട്ടിൽ വച്ചാൽ അപ്പനതു തപ്പിയെടുത്ത് കൊണ്ടുപോയി കുടിക്കും. എട്ടാമത്തെ വീട് മേയാൻ തുടങ്ങിയപ്പോഴാണ് കുഴപ്പം ആരംഭിച്ചത്.
… നോക്കിയപ്പോൾ അവൻ ഇളക്കിയെടുക്കുന്നത് കുളിമുറിയുടെ മുകളിലുള്ള ഓടാണെന്നവന് മനസ്സിലായി. എന്തെങ്കിലും ചെയ്യാൻ അവസരം കിട്ടുന്നതിനു മുമ്പേ സീമ കുളിമുറിയിലേയ്ക്ക് വന്നതു കണ്ടു. എന്താണ് ഭാവം? ജോണി ചിന്തിച്ചു. അവൻ അപ്പോഴും മൂലോട് പിടിച്ചുകൊണ്ട് ഇരിയ്ക്കുകയാണ്. സീമ ഒരു മൂളിപ്പാട്ടുമായി കുളിമുറിയിൽ കടന്ന് വാതിലടച്ചു, എന്താണ് സംഭവിക്കുന്നതെന്ന് ജോണിയ്ക്ക് മനസ്സിലാവും മുമ്പ് നൈറ്റിയുടെ അടിഭാഗം രണ്ടു കൈകൊണ്ടും പിടിച്ച് തലയിലൂടെ ഊരിയെടുത്തു.
ഹൊമ്മെ! ജോണി ശ്വാസം അടക്കിപ്പിടിച്ചു…
അതു തുടക്കമായിരുന്നു. വീണ്ടും മറ്റൊരു മുറിയിലിതാവർത്തിച്ചു. വീട്ടിലെ താമസക്കാരി സീമയും ജോണിയും തമ്മിലുള്ള അദ്ഭുതകരമായ സ്ഥലകാലവ്യാമിശ്രത തുടരവെ ജോലി നീണ്ടുപോയി. ജോണിയുടെ സഹായിയായി പ്രവർത്തിക്കുന്ന പയ്യനാകട്ടെ മുകളിൽ നിന്നുള്ള ദർശനം ലഭിക്കാത്തതിനാൽ ഒന്നും മനസ്സിലായതുമില്ല. ജോണിച്ചായൻ സാധാരണമട്ടിലല്ല എന്നുമാത്രം മനസ്സിലായി.
വൈകുന്നേരം നടക്കാനിറങ്ങിയതായിരുന്നു. എത്തിയത് പള്ളിമുറ്റത്ത്. മൈക്കിൾ അച്ചൻ തന്റെ സ്ഥിരം പരിപാടിയിലായിരുന്നു. ഡാലിയയുടെ കട പറിച്ചെടുത്ത് കിഴങ്ങുകൾ വെവ്വേറെ തടങ്ങളിൽ കുഴിച്ചിടുകയായിരുന്നു അച്ചൻ.
‘എന്താ ജോണി?’
‘ഒന്നുമില്ലച്ചോ.’ തളർന്ന സ്വരം.
അച്ചൻ മുഖമുയർത്തി നോക്കി. ആകെ കരിവാളിച്ച് ക്ഷീണിച്ച രൂപം.
‘എന്താടോ തന്നെ പിശാച് പിടിച്ചോ?’ പിന്നെ കൂട്ടിച്ചേർത്തു. ‘എന്താ ഇപ്പോഴത്തെ വെയില് അല്ലേ? ദേഹം നല്ലോണം നോക്കണം കെട്ടോ. എന്തായി പണി, കഴിഞ്ഞില്ലെ?’
‘ഇല്ലച്ചോ…’ ജോണി വിക്കിക്കൊണ്ട് പറഞ്ഞു. ‘മൂലോട്.’
‘മൂലോടോ?’
‘അതെ അച്ചോ. മൂലോട് ഉറപ്പിക്കാനുണ്ട്.’
‘കൊറെ ദിവസായല്ലോ. നല്ല കോളാ കിട്ടീത്ന്ന് തോന്നുണു.’
‘അല്ലച്ചോ. ചെറിയ വീടാണ്. മൂലോട് ഉറപ്പിക്കാൻ കുറച്ച് സമയമെടുത്തൂന്ന് മാത്രം. നാളത്തോടു കൂടി കഴിയും.’
ജോണിയ്ക്കു തന്നെ മനസ്സിലാവാത്ത എന്തോ ആണ് മേൽപ്പുരയ്ക്കു ചുവട്ടിൽ നടക്കുന്നത്. അതവനെ കുഴക്കുകയാണ്. അവന്റെ ലൈംഗികതയോട് ബന്ധപ്പെട്ടിട്ടുള്ളതും അവന് മനസ്സിലാവാത്തതുമായ എന്തോ ഒന്ന്. മൂലോട് ഉറപ്പിയ്ക്കുന്ന പണി നീണ്ടുപോകുക തന്നെയാണ്…
എന്റെ കഥകളിലെ ഏതാനും കഥാപാത്രങ്ങളെ മാത്രമാണ് ഞാനിവിടെ പരാമർശിച്ചിട്ടുള്ളത്. ഇതിൽനിന്നെല്ലാം വേറിട്ടു നിൽക്കുന്ന ഒരു കഥയാണ് എന്റെ ‘ശാപശില’. (ഈ വലിയ കഥ ‘ഉറങ്ങുന്ന സർപ്പങ്ങൾ’ എന്ന നോവലിനോടൊപ്പം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.) ഇത് പുതുതായി കല്യാണം കഴിച്ച അസിത എന്ന പെൺകുട്ടിയുടെ ശാപമോക്ഷത്തിന്റെ കഥയാണ്. ഭർത്താവ് രാജശേഖരൻ ഒരു ആർക്ക്യോളജിസ്റ്റാണ് എന്നു മാത്രമല്ല തന്റെ പ്രോജക്ടിൽ ആവശ്യത്തിലധികം മുഴുകിയിരിയ്ക്കുകയുമാണ്. ഫലം പാഴായി പോകുന്ന മധുവിധു. ഒരു കാട്ടുപ്രദേശത്ത് അണക്കെട്ടുണ്ടാക്കുന്നതിനിടയിൽ ഒരു പ്രതിമ (സ്ത്രീരൂപം) കണ്ടത് പഠിക്കാനായി രാജശേഖരൻ പോകുമ്പോൾ അസിത ഒപ്പം കൂടുന്നു. പക്ഷെ ഇത്രയും പ്രകൃതി ഭംഗിയുള്ള സ്ഥലത്തു വന്ന് അയാൾ അതൊന്നും ആസ്വദിയ്ക്കാതെ തന്റെ ജോലിയിൽ ഏർപ്പെടുക മാത്രമാണ് ചെയ്യുന്നത് എന്ന കാര്യം അവളെ അദ്ഭുതപ്പെടുത്തുകയാണ്, നിരാശപ്പെടുത്തുകയാണ്. രാത്രികളും വിരസമായി പൊയ്‌ക്കൊണ്ടിരിയ്‌ക്കെ അവൾ അണക്കെട്ടിന്റെ പ്രോജക്ട് എഞ്ചിനീയർ പ്രസൂൻ ചക്രവർത്തിയുമായി അടുക്കുന്നു. സ്വന്തം ലൈംഗികത അവൾ തിരിച്ചറിയുന്നത് അയാളിൽനിന്നായിരുന്നു.
രാജശേഖരന്റെയും അസിതയുടെയും പ്രസൂനിന്റെയും കഥ പൗരാണികമായൊരു പാതിവ്രത്യഭംഗം നടന്ന അതേ സ്ഥലത്തുവച്ചാണ് അരങ്ങേറുന്നത് എന്നതാണ് ഈ കഥയുടെ പ്രത്യേകത. അതിനു സാക്ഷിയാവുന്നതിനു തൊട്ടുമുമ്പാണ് രാജശേഖരന് തന്നെയിട്ടു വിഷമിപ്പിച്ച പ്രതിമ അഹല്യയുടേതാകാമെന്ന ഉൾവിളിയുണ്ടാകുന്നത്. ഗൗതമമഹർഷി പത്‌നിയുടെ പാതിവ്രത്യലംഘനത്തിനു സാക്ഷിയായ അതേ പർണ്ണശാലയിൽ വച്ചാണ് രാജശേഖരൻ തന്റെ ഭാര്യയായ അസിതയെയും പ്രസൂനിനെയും ഒന്നിച്ചു കാണുന്നത്.
അയാൾ പർണ്ണശാലക്കു നേരെ നടന്നു. വള്ളികൾ പിടിച്ചു കയറിയിട്ടുണ്ടെന്നല്ലാതെ ആ കുടിലിന് കാര്യമായി കേടൊന്നും പറ്റിയിട്ടുണ്ടായിരുന്നില്ല. തുറന്നു കിടന്ന മുൻ വാതിലിലൂടെ അയാൾ അകത്തുകയറി. വളരെ ചെറിയ ഒരു മുറിമാത്രം. പിന്നിലേക്ക് ഒരു ജനലും. ജനലിന്റെ പകുതിയും ഇലകൾ കൊണ്ട് മൂടിയിരുന്നു. അതിലൂടെ പർണ്ണശാലയുടെ പിൻഭാഗത്തേക്കു നോക്കിയപ്പോൾ അയാൾ ഞെട്ടി പിൻമാറി. അവിടെ രണ്ടു ജീവനുള്ള രൂപങ്ങൾ. ധൈര്യം സംഭരിച്ച് അയാൾ വീണ്ടും നോക്കി.
മൈഥുനത്തിലേർപ്പെട്ട നഗ്നരായ ഒരു സ്ത്രീയും പുരുഷനും. വികാരാധിക്യത്താൽ അവർ പുൽത്തട്ടിൽ കിടന്നുരുളുകയാണ്. പിന്നെ രതിയുടെ അവസാനത്തിൽ പാതിയടഞ്ഞ കണ്ണുകളോടെ വികാരമൂർഛയിൽ കിടക്കുന്ന അസിതയെ അയാൾ തിരിച്ചറിഞ്ഞു.
ഗൗതമമഹർഷി ചെയ്തപോലെ ഒരു ശാപവചനം അസിതയുടെ നേരെ ചൊരിയാൻ രാജശേഖരൻ അപ്രാപ്തനായിരുന്നു.
പെട്ടെന്ന് ഉയർന്നുവന്ന ഒരു തേങ്ങൽ മനസ്സിലമർന്ന് അയാളെ ശ്വാസം മുട്ടിച്ചു. ജലബാഷ്പങ്ങൾ കണ്ണടയുടെ കട്ടിയുള്ള ചില്ലുകൾ മങ്ങിച്ചു. കണ്ണട ഊരി തുടച്ചുകൊണ്ട് അയാൾ എന്തു ചെയ്യണമെന്നറിയാതെ നിന്നു. പിന്നെ ഒരിക്കൽക്കൂടി നോക്കാൻ ധൈര്യമില്ലാതെ അയാൾ തിരിച്ചു നടന്നു. കാട്ടിൽ അയാൾക്ക് വഴി നഷ്ടപ്പെട്ടിരുന്നു. അനന്തമായ കാലത്തിലൂടെ അയാൾ അലഞ്ഞു നടന്നു. എവിടെയും എത്താൻ അയാൾ ആഗ്രഹിച്ചിരുന്നില്ല. അവസാനം പക്ഷെ, അയാൾ പുറപ്പെട്ടിടത്തു തന്നെ തിരിച്ചെത്തി.
അവിടെ പ്രാകൃതമായി വളർന്ന മരങ്ങളുടെയും വള്ളി കളുടെയും ഇരുണ്ട മേലാപ്പിനു താഴെ ഒരു കല്ലായി, ദുഃഖ മായി ശാപമോക്ഷവും കാത്ത് അഹല്യ കിടന്നു.
ഈ കഥയിലെ പുരുഷകഥാപാത്രത്തിന് സ്ത്രീലൈംഗികതയെപ്പറ്റി ഒട്ടും അറിവില്ലാത്തതാണോ, അതോ അയാൾ ചെയ്യുന്ന പ്രോജക്ടിന്റെ ജോലിയിൽ അത്രയധികം ആമഗ്നനായതുകൊണ്ട് അതിനെപ്പറ്റി ശ്രദ്ധിക്കാൻ പറ്റാത്തതാണോ എന്നൊന്നും അറിയില്ല. പക്ഷെ സ്ത്രീലൈംഗികത അതിനെപ്പറ്റി ആലോചിച്ച് ക്ലേശിക്കാതെ അതിന്റേതായ വഴി തേടുന്നു. (ഈ കഥ, അതിന്റെ വലുപ്പം കാരണം, ഇതിനോടൊപ്പം പ്രസിദ്ധീകരിയ്ക്കുന്ന ‘എന്റെ സ്ത്രീകൾ’ എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.)
|