close
Sayahna Sayahna
Search

പാസ്കൽസ് വേജർ


രഞ്ജിത് കണ്ണൻകാട്ടിൽ

കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
Kintsugi-01.png
ഗ്രന്ഥകർത്താവ് രഞ്ജിത് കണ്ണൻകാട്ടിൽ
മൂലകൃതി കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2016
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 80
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ചിത്തരോഗാശുപത്രിപ്പൂവിൽ
തേൻ തിരഞ്ഞെത്തുന്ന ഏകാകി
ഭ്രാന്തൻ വണ്ട്.
പെൺപേരു കോറിയിട്ട കൈമോതിരം,
നെറ്റിയിൽ വിദ്വേഷം ചാലിട്ട ചുളിവുകൾ,
കൈയ്യിൽ പേനാത്തഴമ്പ്,
കണ്ണിൽ ചട്ടുകപ്പേടി.

ഇയാനോ നിതാഷീം,
അതാണത്രേ പെണ്ണിന്റെ പേര്.
ഴാങ്ങ് സിമെനോയുടെ ഭാര്യക്ക് ചേർന്ന പേര്.

നഖപ്പോടുകളിൽ മാലാഖമാർ ഒളിച്ചിരിപ്പുണ്ട്.
നിത്യേന ഒന്നെന്ന കണക്ക് പൊളിച്ചെടുത്ത്,
രക്തം കൊണ്ട് കഴുകിമിനുക്കി,
തിരഞ്ഞു നോക്കാറുണ്ട്,
മാലാഖക്കുഞ്ഞുങ്ങളുടെ തിളങ്ങുന്ന കണ്ണുകളെ.

ഗർഭപാത്രത്തിൽ സാത്താൻ പൊടിച്ചിട്ട
അശുദ്ധിയുടെ കാന്തകണികകൾ.
യോനീദളങ്ങൾ വകഞ്ഞുമാറ്റി,
ഇരുമ്പ് ദണ്ഢ് വച്ച്
തിരഞ്ഞ് തിരഞ്ഞ് മടുത്തിരിക്കുന്നു.

മുലക്കണ്ണിൽ
ഏതോ ആഭിചാരകൻ കുടിയിരുത്തിയ
വിഷസർപ്പങ്ങൾ.
വിഷമായിരുന്നു,
നിലാവു ചായുമ്പോൾ കടച്ചീമ്പിയെടുത്തതും
തുപ്പിക്കളഞ്ഞതും.

തുടയെല്ലിലാരാണ്
നക്ഷത്ര ദേവകളെ കുടിയിരുത്തിയത്?
അതേപറ്റി ദിവ്യദൃഷ്ടിയിൽ
കണ്ടില്ലായിരുന്നെങ്കിൽ,
നിതാഷീമിന്റെ മൂത്രക്കുമ്മലിൽ,
ആർത്തവരക്തത്തിൽ,
കുളിച്ചേക്കുമായിരുന്ന എന്റെ ദേവകളെ
തുടകീറി രക്ഷിക്കാനാകുമായിരുന്നോ!
ഓർക്കാൻ കൂടി വയ്യ കർത്താവേ…

ദൈവത്തെ തിരഞ്ഞും സാത്താനെ മെരുക്കിയും
ഈ പച്ചമേനിയിലിനി ഒന്നുമില്ല.
എത്രയെത്ര വിഷയങ്ങളാണ്
ഒരു ദൈവശാസ്ത്ര വിദ്യാർത്ഥിക്ക് പഠിക്കാനുള്ളത്!