close
Sayahna Sayahna
Search

മീൻപിറവി


രഞ്ജിത് കണ്ണൻകാട്ടിൽ

കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
Kintsugi-01.png
ഗ്രന്ഥകർത്താവ് രഞ്ജിത് കണ്ണൻകാട്ടിൽ
മൂലകൃതി കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2016
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 80
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

കരിങ്കാഴ്ചകൾ കണ്ട് മടുത്തിട്ടായിരിയ്ക്കണം.
കണ്ണുകൾ കുറുകിക്കുറുകി,
രണ്ട് വൃത്തങ്ങളായിരിയ്ക്കുന്നു.

വാക്കേറുകളിലും, നോക്കുളി ചെത്തുകളിലും,
മുറിവ് പറ്റാതിരിയ്ക്കാനെന്ന് തോന്നുന്നു,
ചെതുമ്പലുകൾ വളരുകയാണ് മേലാകെ.
ഒരുമയുടെ തിക്കിലും തിരക്കിലും,
ഉയന്ന് പൊന്തുന്ന വെളിച്ചംമുടക്കികൾ.
അമർന്നൊതുങ്ങിയ മുലകളേക്കാൾ വലിയ,
കാഴ്ചകളെ
ഇടം വലം വേർതിരിയ്ക്കാൻ പതിഞ്ഞു ചേർന്ന
മുഖത്തേക്കാൾ വലിയ കണ്മറ ശീലകൾ.

സമാനദിശയിലേയ്ക്ക്,
അതിദ്രുതം പാഞ്ഞിരുന്ന കാലുകൾ,
വിജാതീയധ്രുവങ്ങളിലേയ്ക്കുള്ള
ചൂണ്ടുപലകകളായി,വാൽത്തുമ്പായി.
അത്, അവതാരപ്പിറവിയുടെ
മൂട്ടിൽ തറച്ച
മീനോളം നീളമുള്ള അമ്പെന്ന് കവി.
വിടർന്നു പിരിഞ്ഞ,
രണ്ടില ചിഹ്നത്തിന്റെ,
ജൈവാന്തരമെന്ന് രാഷ്ട്രീയം.

സർക്കാരിന്റെ ഒന്നര രൂപാ സൗജന്യം വേണ്ട.
ഐ പില്ലു പരതുന്ന വെപ്രാളം വേണ്ട.
ചെന്തെരുവിന്റെ മുല്ലപ്പൂവിടങ്ങളായി,
വെറ്റിലച്ചവകളായി,
പാറിനടന്ന് പേറിയതത്രയും,
ഇന്ന് മുട്ടകളാണ്, മീൻമുട്ടകൾ.
പീഡനപർവ്വങ്ങളും, തദ്ഫലഗർഭങ്ങളും,
കല്ലോരം പറ്റിക്കിടക്കുന്ന മുട്ടകളാണ്.
മീൻ മുട്ടകൾ.

പേറ്റുനോവിന്റെ കണക്കുപേച്ചില്ലാതെ,
കള്ളക്കണവന്റെ ചന്തിതാങ്ങാതെ,
എനിയ്ക്കൊരുപാട് ദിവ്യഗർഭങ്ങൾ ധരിയ്ക്കാലോ.
വാ കീറിയ പൈതങ്ങളെ വെള്ളത്തിലൊഴുക്കാലോ.
ഒരു മീൻപിറവിയിലൂടെ ഞാൻ സ്വതന്ത്രയാകട്ടെ!