close
Sayahna Sayahna
Search

റിവേഴ്സ് എഞ്ചിനീയറിംഗ്


രഞ്ജിത് കണ്ണൻകാട്ടിൽ

കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
Kintsugi-01.png
ഗ്രന്ഥകർത്താവ് രഞ്ജിത് കണ്ണൻകാട്ടിൽ
മൂലകൃതി കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2016
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 80
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഡെയ്സി മുതൽ പുറകോട്ട്[1]
സകല കൊറിയൻ ഫിലിംസും എടുത്തു.
ജിബ്രാൻ മുതലിങ്ങോട്ട് ടി പി രാജീവൻ വരെ
കവിതകൾ റാക്കിൽ അടുക്കി വച്ചു.
ഒരു പ്രണയജോഡിയെ
റൊമാന്റിക് ആയി കൊന്ന്
(പാണ്ഡു മാനിനെ, The very same story)
ഫ്രീസറിൽ ഒരുക്കി വച്ചു.

ഇവരിരുവർ,
ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് നട്ട
(നാഭിയിൽ നിന്നും നാഭിയിലേക്ക് നട്ടതും ആകാം)
ചുവന്നോക്കിന്റെ ശാഖകളെവിടെ?
വിരലുകൾക്കിടയിൽ പടർന്നെന്നു പറഞ്ഞ
ശതാവരിമുള്ളുകളും പറ്റുവേരുകളുമെവിടെ?
കാലുകളിൽ നഖമടർന്നിടത്ത്
ഒരു ഉമ്മയുടെ പാടെങ്കിലും?
എന്താകട്ടെ,
അടർന്നൊരു ചെമ്പനീർ ദലം യോനീമുഖത്ത്?
ഒന്നുമില്ല.

Sir, Stage one was a failure.
വിരലുകൾ തലച്ചോറിനെ ബോധ്യപ്പെടുത്തി, ഒപ്പു കുത്തി.

ജിബ്രാന്റെ ഉറ കുത്തിയ ഉദാത്ത രക്തകലഹങ്ങൾക്ക്
ഇരട്ടവാലൻ ഭൂപടം അതിരുകൾ വരഞ്ഞിട്ടു.
സ്വപ്നം, വഴി, ഉറക്കം, ശതകം, ശാസ്ത്രം
ഇതിലെല്ലാം തിരഞ്ഞിട്ടും പ്രണയം കിട്ടിയില്ല.

Sir, Stage two too…

ഹയ് യൂങ്ങ്,
മുപ്പത് വെള്ളിക്കാശിനു ചിത്രങ്ങൾ വരഞ്ഞ
എന്റെ ഡെയ്സി പുഷ്പങ്ങളുടെ കാമുകി.
നിന്നെ മാത്രമായിരുന്നു തിരഞ്ഞത്,
നിന്റെ കളഞ്ഞുപോയ ശബ്ദം തന്നെയായിരുന്നു
തേളുകുത്തിയ ഓർമ്മനീലയിൽ നിന്നു
പിഴിഞ്ഞെടുക്കാൻ പാടുപെട്ടത്‌.
വീഞ്ഞിന്റെ എരികഴുത്തിനും വേവുകരളിനുമൊപ്പം
കവിളുകളിൽ തുഴഞ്ഞ് തിരഞ്ഞതാകെയും
നിന്റെ രുചിയായിരുന്നു.

വിരലുകൾ കൈയിൽ നിന്നും ആവതുകുതറി
ആവേശത്തോടെ എഴുതി.
Yes Sir,
Finally, we are done with that.
നാം പ്രണയം കണ്ടെത്തി.


  1. റിവേഴ്സ് എഞ്ചിനീയറിംഗ്: യന്ത്രഭാഗങ്ങൾ (അതോ മറ്റെന്തുമോ) അഴിച്ച് അത് നിർമ്മിക്കാനുപയോഗിച്ച തത്വങ്ങളും തന്ത്രങ്ങളും അതിവിദഗ്ദമായി കണ്ടെത്തുന്ന സാങ്കേതികവിദ്യ.