close
Sayahna Sayahna
Search

EeBhranth-02


‌← സുന്ദർ

ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ
EeBhranth-02.jpg
ഗ്രന്ഥകർത്താവ് സുന്ദർ
മൂലകൃതി ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം പഠനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്സ്
വര്‍ഷം
2007
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 97

മുൻകുറിപ്പ്

രണ്ടുപതിറ്റാണ്ടുകൾക്കുമുമ്പ് കലാകൗമുദിയിൽ എഴുതിയ ഭ്രാന്താശുപത്രി ലേഖനങ്ങൾ ഇപ്പോൾ പുസ്തകരൂപത്തിൽ പ്രസി ദ്ധീകരിക്കുന്നതിന്റെ പ്രസക്തി എന്താണ് എന്നൊരു ചോദ്യത്തിന് മറുപടി പറയാൻ ബാദ്ധ്യസ്ഥനാണ് ഞാൻ എന്നു തോന്നുന്നു.

ഒ.വി.വിജയൻ പറഞ്ഞപോലെ, നാമൊക്കെ കാലഹരണപ്പെടാൻ വിധിക്കപ്പെട്ടവരാണ്. സന്തോഷം. നമ്മൾ പറയുന്നതും കാലഹരണപ്പെടുമെന്നതിനാൽ അവ ചരിത്രമായേക്കാം. അല്ലേ? ചില ചരിത്രങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടത് വരുംതലമുറകളുടെ കടമയെങ്കിൽ, എല്ലാ തലമുറകളുടെയും ഡോക്യുമെന്റേഷനുകൾക്ക് പ്രസക്തിയുണ്ട്.

ഒരു മറുചോദ്യം.‘ഭ്രാന്താലയങ്ങൾ’ മാനസികാരോഗ്യകേന്ദ്രങ്ങളായി നാമാന്തരെപ്പെട്ടങ്കിലും ഇവയുടെ മാനസികാരോഗ്യം കേരളത്തിന്റെ കളക്ടീവ് കോൺഷ്യസ്‌നസ്സിന്റെ ഭാഗമായിട്ടില്ലല്ലോ ഇന്നും? മാത്രമല്ല, നിർഭാഗ്യവശാൽ മാനസികരോഗികളുടെ ദുരവസ്ഥ ഒരു മനുഷ്യാവകാശ പ്രശ്‌നമായി മാറിയിട്ടില്ലല്ലോ ഇപ്പോഴും? കുറേ വർഷങ്ങളിലെ പത്രമാദ്ധ്യമങ്ങളിൽ (മാധ്യമത്തിൽവന്ന എം. സുചിത്രയുടെ ലേഖനങ്ങളൊഴികെ) ഭ്രാന്തിനെക്കുറിച്ചോ ഭ്രാന്ത് പിടിച്ചവരെക്കുറിച്ചോ അർത്ഥവത്തായ പഠനങ്ങളോ അനുതാപക്കുറിപ്പുകളോ കാണാറില്ലിവിടെ.

നാലാമതായി, നിർഭാഗ്യവശാൽ കേരളത്തിന്റെ ഭ്രാന്ത്, കഴിഞ്ഞ പത്തുപതിനഞ്ചു വർഷങ്ങൾക്കിടയിൽ ഉദാരവൽക്കരിക്കപ്പെട്ടു. കേരളത്തിന്റെ രാഷ്ട്രീയവിഴുപ്പലക്കലുകൾ, തകരുന്ന കുടുംബബന്ധങ്ങൾ, വിവാഹമോചനങ്ങൾ, ഏറിവരും ആത്മഹത്യകൾ, ജാതി മതസ്പർദ്ധകൾ, ഫെസ്റ്റിവൽ സ്പിരിറ്റിന്റെ സങ്കീർത്തനങ്ങൾ, ടി വി/എസ്എംഎസ് പൈങ്കിളികൾ, തരംതാണ ഫോർവേർഡഡ് മെസ്സേജുകൾ, കള്ളപ്പണത്തിന്റെ അശ്ലീലതകൾ, കടുത്ത രോഗാതുരതകൾ, വാസ്തു–മാന്ത്രിക–ഫുങ്‌ഷെ–ആൾദൈവ വിശ്വാസങ്ങളുടെ ദൈനംദിന പൊങ്കാലകൾ… നമുക്കൊരു ധാരണയുമില്ല, കേരളത്തിന്റെ മാനസികാരോഗ്യത്തെക്കുറിച്ച്.

നമുക്കൊരു ധാരണയുമില്ല കേരളത്തിന്റെ മാനസികാരോഗ്യ കേന്ദ്രങ്ങളെക്കുറിച്ചോ രോഗികൾക്കായുള്ള നോൺഗവണ്മെന്റ് ഓർഗനൈസേഷനുകളുടെ കേന്ദ്രങ്ങളെക്കുറിച്ചോ.

തെരുവിൽ അലഞ്ഞുനടക്കുന്ന‘ഭ്രാന്തന്മാരെ’യും‘ഭ്രാന്തികളെ’യും കേരളത്തിലെവിടെയും ഇന്നും കാണാം. പലതും തിരിച്ച റിയാനുള്ള സിദ്ധി നഷ്ടപ്പെട്ട മാനസികരോഗിയുടെയും ഒന്നുമറിയാത്ത ഇള്ളക്കുട്ടിയുടെയും മേത്ത് ഒരുപോലെ തിളച്ച വെള്ളമൊഴിക്കുന്നു നമ്മൾ. പാപപരിഹാരാർത്ഥം ഇടയ്ക്ക് മാനസികാരോഗ്യകേന്ദ്രത്തിൽ ഒരു കഞ്ഞിവീഴ്ത്ത്, ഒരു ബിരിയാണിസദ്യ.

ഡോ. പി.എൻ. ഗോപാലകൃഷ്ണൻ ആയിരത്തിതൊള്ളായിരത്തി എൺപതുകളിൽ ഇറക്കിയ ആശുപത്രിപ്രവേശനവിളംബരവും തുടർന്നുണ്ടായ ഉത്തരവുകളും നിലനിൽക്കുമ്പോഴും ഇന്നും കേരളത്തിലെ മാനസികാരോഗ്യകേന്ദ്രങ്ങളിൽ കടന്നുചെല്ലാൻ ബന്ധുമിത്രാദികൾക്ക് കഴിയില്ല. ഡോ. ഗൗരിയുടെ കാരുണ്യമില്ലാ യിരുന്നെങ്കിൽ എനിക്ക് രണ്ടായിരാമാണ്ടിൽ തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം സന്ദർശിക്കാനൊക്കില്ലായിരുന്നു.

ഇതെഴുതുന്നതിനിടയിൽ ഒരു മിഡിലീസ്റ്റ് പ്രവാസിസുഹൃത്തിന്‘ഭ്രാന്തി’യായ ഭാര്യയെയും കണ്ണൂരിൽനിന്നൊരു സുഹൃത്തിന്റെ ഭാര്യയ്ക്ക്‘വെളിവു നഷ്ടെപ്പട്ട’ സ്വന്തം അമ്മയെയും ആജീവനാന്തം‘സംരക്ഷിക്കാൻ’തയ്യാറുള്ള ഒരു സ്ഥാപനെമവിെടയുെണ്ട ന്നറിയണം. പണം ഒരു പ്രശ്‌നമല്ലത്രെ!

ഒരു കുറ്റബോധം വല്ലാതെ അലട്ടുന്നു. ഇരുപതുവർഷംമുമ്പ് തിരുവനന്തപുരത്തെ ഭ്രാന്താശുപത്രിയെക്കുറിച്ച് അറിഞ്ഞകാലത്ത് തൃശൂർ, കോഴിക്കോട് ആശുപത്രികൾ കാണാൻ കഴിഞ്ഞിട്ടുണ്ട്. അവയും ഭീകരമായിരുന്നു. ജീവിതത്തിന്റെ പങ്കപ്പാടുകളിൽ പിന്നീട് അവയുടെ അവസ്ഥ‘ഫോളോ അപ്’ ചെയ്യാനോ ഒരു വരിയെങ്കിലുമെഴുതാനോ കഴിഞ്ഞില്ല. ഇപ്പോഴാവട്ടെ, വയസ്സായി. ഈ ആശു പത്രികൾ വീണ്ടും കാണാനോ അതെക്കുറിച്ച് വിശദമായി ആരായാനോ മനസ്സിന് ത്രാണിയില്ല, ശരീരത്തിന് കെല്പുമില്ല.

എന്റെ സാമൂഹ്യശാസ്ത്ര പ്രൊഫസർ ഗോപാലകൃഷ്ണൻനായരാണ് ഭ്രാന്താശുപത്രികളെന്ന നരകത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. ഡോ. രമേശ്കുമാറാണ് ഊളമ്പാറ കാണാൻ ഒരിക്കൽ കൂട്ടിക്കൊണ്ടുപോയതും ഡോ. സുരരാജ്മണിയുടെ ഡ്യൂട്ടിറൂമിലാണ് ജീവനക്കാരുടെ‘ധാർമികരോഷ’ത്തിൽനിന്നുണ്ടായ വയലൻസിൽ നിന്നും രക്ഷതേടിയതും. പി.കെ. ഉത്തമനാണ് കെ.വി. സുരേന്ദ്രനാഥിനെ (ആശാൻ) പരിചയപ്പെടുത്തുന്നതും ഭ്രാന്താശുപത്രിക്കുറിപ്പുകൾക്ക് നിമിത്തമായതും.

കാസർകോട്ടുനിന്ന് രവീന്ദ്രൻമണിയാട് ഈ ഭ്രാന്താശുപത്രിക്ക് നാവുണ്ടായിരുന്നെങ്കിൽ എന്ന് എൻ.ആർ.എസ്. ബാബു തലക്കെട്ടിട്ട ലേഖനത്തിന്റെ ഫോട്ടോക്കോപ്പിയെടുത്ത് നാനൂറോളം പേരെക്കൊണ്ട് വായിപ്പിച്ച് അവരുടെ ഒപ്പ് ശേഖരിച്ച് അന്നത്തെ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. അഡ്വക്കേറ്റ് ഗോപാലകൃഷ്ണൻനായർ, പൊതുതാല്പര്യഹർജി ഹൈക്കോർട്ടിൽ കൊടുത്തു. കുമാരപിള്ളസാറും സുജാതടീച്ചറും സിവിക്ചന്ദ്രനും, അറിയാത്ത നിരവധി മനുഷ്യരും മാനസികരോഗികളുടെ മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ നാട്ടാരെ ഒത്തുകൂട്ടി. അവരുടെ നന്മ.

ഇങ്ങനെയൊക്കെ എഴുതുന്നതിൽ ഒരു ബോറു തോന്നുന്നു. വേറെയൊത്തിരി ബന്ധപ്പെട്ട കാര്യങ്ങളുണ്ട്. അവയ്ക്ക് പ്രസക്തിയുണ്ടെങ്കിലും ഇല്ലെങ്കിലും നമുക്കതൊക്കെ വിടാം.

നോക്കൂ, പകരം നമുക്ക് എന്തു ചെയ്യാനാവുമെന്ന് ആലോചിക്കാം. ആശുപത്രികളിൽ വോളൻറിയർ വർക്കുൾപ്പെടെ എന്തൊക്കെയാവുമോ അതൊക്കെ ചെയ്യാം. ഏറ്റവും കുറഞ്ഞത് മാനസികരോഗികളുടെ അവകാശങ്ങൾ മനുഷ്യാവകാശ പ്രശ്‌നങ്ങളായി കാണാം. നമ്മുടെ വേണ്ടപ്പെട്ടവർ, നിർഭാഗ്യവശാൽ ഇൻസ്റ്റിറ്റിയൂഷണലൈസ് ചെയ്യപ്പെടുകയാണെങ്കിൽ അവരുടെ അവസ്ഥ അറിയാൻ ജാഗ്രത കാട്ടാം. അവർക്ക് ചികിത്സയും വേണ്ടത്ര ഭക്ഷണവും വസ്ത്രവും വെട്ടവും മാന്യതയും കിട്ടുന്നുണ്ടോ അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് നിരന്തരം ആരായാം. കേരളത്തിന്റെ മെൻറൽ ഹെൽത്ത് തുടർച്ചയായി അളന്നുെകാണ്ടിരിക്കാം. നിരന്തരം ആശുപത്രികളും മറ്റുസ്ഥാപനങ്ങളും നന്നാക്കാൻ ശ്രമിക്കാം.

പ്രിയവായനക്കാരോട് ഒരഭ്യർത്ഥന മനോരോഗം പൂർണ്ണമായോ ഭാഗികമായോ ഭേദപ്പെട്ട്, വീട്ടുകാരുടെ പരിചരണത്തിൽ കഴിയാൻ പ്രാപ്തിയായവർക്ക് മാന്യമായൊരു തുക പെൻഷനായി കൊടുക്കാൻ കേരള സർക്കാരിനോട് ആവശ്യപ്പെടുക. കർണ്ണാടകയിലുള്ളപോലെ മാനസികരോഗങ്ങളും മാനസികവൈകല്യങ്ങളുള്ളവർക്കും വൈകല്യമുള്ള വ്യക്തികൾക്കായുള്ള 1985ലെ നിയമം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ ബസ്‌പാസ്, റെയിൽവേ കൺസെഷൻ എന്നിവ നടപ്പിലാക്കാനും അതിനുവേണ്ടിയുള്ള ഐഡൻറിറ്റി കാർഡുകൾ നൽകാനും സർക്കാരിനു നിവേദനം നൽകുകയും രാഷ്ട്രീയപ്പാർട്ടികളിൽ ഇതിനായി സമ്മർദ്ദം ചെലുത്തുകയും ചെയ്യുക. ഇത്രയെങ്കിലും ചെയ്യാൻ നമ്മൾ ബാദ്ധ്യസ്ഥരല്ലേ?

* * *

ചരിത്രം അപാരശക്തിയുള്ളൊരു ആയുധം. ഈ പുസ്തകത്തിൽ എന്റെ കഴിവില്ലായ്മകൾക്കും അറിവില്ലായ്മകൾക്കുമപ്പുറം എന്തോ കുറെ യാഥാർത്ഥ്യങ്ങളുണ്ടെന്നും അവയ്‌ക്കെന്തെങ്കിലും പ്രയോജനമുണ്ടാവുമെന്നുമുള്ള തോന്നലിലാണ് ഇവ തുന്നിക്കൂട്ടുന്നത്.

എഴുത്തുകാരൻ പരമാവധി ഒരു ചൂണ്ടുപലകമാത്രം. അതിനുമപ്പുറം എന്തെങ്കിലും അഹന്ത ഈ പുസ്തകത്തിൽ കടന്നുവന്നിട്ടുണ്ടെങ്കിൽ ദയവായി പൊറുക്കുക. ഒരു ഫ്രീലാൻസറായ എനിക്ക് തട്ടകം ഒരുക്കിത്തന്ന എൻ.ആർ.എസ്. ബാബു, എസ്. ജയച്രന്ദൻനായർ, കെ.പി. വിജയൻ, ഇ.വി. ശ്രീധരൻ, പി. സുജാതൻ, ഓ.കെ. ജോണി എന്നിവരോടും വായനക്കാരോടും നന്ദി പറഞ്ഞുതീർക്കാനാവില്ല.

തെറ്റിദ്ധാരണയുണ്ടാവരുെതന്നുകരുതി കുറിക്കുകയാണ്. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്തോ നിംഹാൻസോ അവസാന വാക്കല്ല. സ്ഥാപനവൽക്കരിക്കപ്പെട്ട മനോരോഗചികിത്സാകേന്ദ്രങ്ങളിലെ വളരെ ഭേദപ്പെട്ട രണ്ടെണ്ണത്തിലേക്ക് ശ്രദ്ധതിരിച്ചുവെന്നു മാത്രം.

ഈ പുസ്തകത്തിൽകാണും കാര്യങ്ങളിൽ വിശ്വാസംതോന്നുന്നെങ്കിൽ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സംസാരിക്കുക. വിശ്വസിച്ചാലുമിെല്ലങ്കിലും വേണ്ടെപ്പട്ടവരോ പരിചയക്കാരോ ഏതെങ്കിലും മാനസികേരാഗാശുപ്രതിയിലുെണ്ടങ്കിൽ അവരുടെ സൗഖ്യം അന്വേഷിച്ചുറപ്പാക്കുക. മാനസികാരോഗ്യകേന്ദ്രങ്ങൾക്കും മാനസികരോഗികൾക്കും മനസ്സിന്റെ ഒരു കോണൊഴിച്ചിടുക. നാവുണ്ടായിട്ടും നാവില്ലാത്തവരാണവർ. നേരുപറയുമ്പോൾപ്പോലും‘ഭ്രാന്തു പറയുന്ന’തായേ സമൂഹം കരുതൂ.

നമ്മുടെയും വരുംതലമുറകളുെടയും മനസ്സമാധാനത്തിനും മനശ്ശാന്തിക്കും മാനസികാരോഗ്യത്തിനുംവേണ്ടിയൊരു പ്രാർത്ഥനയായ് ഈ പുസ്തകം സമർപ്പിക്കുന്നു.

സുന്ദർ

തിരുവനന്തപുരം
ഫെബ്രുവരി 14, 2007