close
Sayahna Sayahna
Search

EeBhranth-06


‌← സുന്ദർ

ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ
EeBhranth-02.jpg
ഗ്രന്ഥകർത്താവ് സുന്ദർ
മൂലകൃതി ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം പഠനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്സ്
വര്‍ഷം
2007
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 97

1985

മനുഷ്യന്റെ ഗുണങ്ങളിന്മേൽ ഒരു ഭ്രാന്താശുപത്രി

ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത്, മദ്രാസ്. നിംഹാൻസ് ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടല്ലേ, അവിടെ ഇതൊക്കെ സാദ്ധ്യമാകും എന്നാവും കേരളത്തിലെ മാനസികരോഗാശുപത്രിയധികൃതർ പറയുക. പക്ഷേ, മദ്രാസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്തോ? ഇത് തമിഴ്‌നാട് സംസ്ഥാന ഗവണ്മെന്റിന്റേതല്ലേ?

* * *

ആശുപത്രിയുടെ ഗേറ്റ് മലർക്കെ തുറന്നുകിടക്കുന്നു. ആശുപത്രി പരിസരത്തെങ്ങും വെള്ള ട്രൗസറും ഷർട്ടുമിട്ട രോഗികൾ നടക്കുന്നതും പണിയെടുക്കുന്നതും കാണാം. ഒരുപക്ഷേ വസ്ത്രത്തിന് വെണ്മ കുറവാകാം. പക്ഷേ, ഇവർ വസ്ത്രം ധരിച്ചിരിക്കുന്നു. ഇവർക്ക് ഇവിടെ തൊഴിൽചെയ്യാം. സംഗീതം കേൾക്കാം. ക്യാമ്പസ്സിൽ സ്വതന്ത്രമായി നടക്കാം. ഇവർ ഡ്രില്ലിൽ പങ്കെടുക്ക ണം. ആയിരത്തിയഞ്ഞൂറോളം രോഗികളുണ്ടിവിടെ. ഇവിടെ ചികത്സിക്കാൻ ഇരുപത്തിയഞ്ച് സൈക്യാട്രിസ്റ്റുകൾ, ഇരുപത്തിനാല് സോഷ്യൽ വർക്കേഴ്‌സ്, മൂന്ന് റിക്രിയേഷണൽ തെറപ്പിസ്റ്റുകൾ, മൂന്ന് ഓണററി സർജന്മാർ, അഞ്ച് പെയ്ഡ് സർജന്മാർ… നൂറ്റിയെഴുപത് സ്റ്റാഫ് നേഴ്‌സുമാരുണ്ടത്രെ; അഞ്ഞൂറ് ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരും.

കുട്ടികളുടെ വാർഡ്, ടി.ബി. പേഷ്യന്റ്സ് വാർഡ് (പുരുഷന്മാർ), ലെപ്രസി വാർഡ്, യൂണിവേഴ്‌സിറ്റി ബ്ലോക്ക് ഫോർ മെൻ, അഡ്മിഷൻ വാർഡ്, ക്രിമിനൽ വാർഡ്, എപ്പിലെപ്റ്റിക് വാർഡ്, ഇ.എസ്. ഐ. കേസസ് ആൻഡ് ക്രോണിക് വാർഡ്, ഫീമെയ്ൽ ബ്ലോക്ക്, യൂണിവേഴ്‌സിറ്റി ബ്ലോക്ക്, ചിൽഡ്രൻസ് വാർഡ്, ക്രോണിക് ആൻഡ് ക്രിമിനൽ വാർഡ്, ക്രോണിക് ഫീമെയ്ൽ പേഷ്യന്റ്സ്‌ വാർഡ്, എപ്പിലപ്റ്റിക് വാർഡ് എന്നിങ്ങനെ നിരവധി വാർഡുകളുണ്ട് ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ.

ഇവിടെ രോഗികൾക്ക് വേണ്ട ചികിത്സ ലഭിക്കുന്നു.

ആയിരത്തി എഴുനൂറ്റി തൊണ്ണൂറ്റിനാലിൽ ആരംഭിച്ച് ആയിരത്തി തൊള്ളായിരത്തി എഴുപതിൽ ഇൻസ്റ്റിറ്റ്യൂട്ടായിത്തീർന്ന ഈ ആശുപ്രതിയിൽ വർഷങ്ങൾക്കുമുമ്പേ അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടായി.

ആയിരത്തി തൊള്ളായിരത്തി മുപ്പതിൽ ഓക്കുപ്പേഷണൽ തെറപ്പി യൂണിറ്റ് ആരംഭിച്ചു. അവിടെ ബുക്ക് ബയന്റിങ്, തുന്നൽ, കൊല്ലപ്പണി, മരപ്പണി, ചൂരൽപ്പണി, നെയ്ത്ത് എന്നിവയ്ക്കുള്ള സൗകര്യങ്ങൾ.

1956ൽ ലബോറട്ടറി ആരംഭിച്ചു.
1962മുതൽ രോഗികളെ പകൽസമയത്തേക്ക് കൊണ്ടുവിടാനായി‘ഡേ ഹോസ്പിറ്റൽ’ സൗകര്യം.
1963ൽ ചൈൽഡ് ഗൈഡൻസ് ക്ലിനിക്ക്.
1964ൽ ഡിപ്പാർട്ടുമെന്റ് ഒഫ് റേഡിയോളജി.
1965ൽ എലക്‌ട്രോ എൻകാഫലോഗ്രഫി ഡിപ്പാർട്ടുമെന്റ്.
1970ൽ ന്യൂ സൈക്യാട്രിക് ഓ.പി. ഡിപ്പാർട്ടുമെന്റ്. അതേവർഷംതന്നെ ഇൻഡസ്ട്രിയൽ തെറപ്പി സെന്റർ.
1973ൽ ഡെന്റൽ ഡിപ്പാർട്ടുമെന്റ്.
1985ൽ ഒരു വിസിറ്റേഴ്‌സ് ഗാർഡൻ.

* * *

ഈ ആശുപത്രിയിൽ റിക്രിയേഷൻ സൗകര്യങ്ങളുണ്ട്. റേഡിയോയുണ്ട്. ടി.വി.യുണ്ട്. ഒരു ലൈബ്രറി, ഒരു റീഡിങ് റൂം, രണ്ട് റിക്രിയേഷൻ ഹാൾ, രോഗികൾക്ക് വായിക്കാൻ തമിഴ്, ഇംഗ്ലീഷ് പത്രങ്ങൾ. എല്ലാക്കൊല്ലവും വാർഷിക സ്‌പോർട്‌സ് മത്സരങ്ങൾ, രോഗികൾക്ക് കളിക്കാൻ സൗകര്യങ്ങൾ.

മാസത്തിെലാരിക്കൽ സാമൂഹ്യ്രപവർത്തകർ രോഗികളെ‘ഔട്ടിങ്ങി’ന് കൊണ്ടുപോകുന്നു.

മനോരോഗികളുടെ പൂന്തോട്ടത്തിൽ രോഗിയുടെ ബന്ധുക്കൾ ആഹാരവുമായി വരുന്നു. രോഗികളുമായി സമയം ചെലവഴിക്കുന്നു.

ഈ ആശുപത്രിയിലെ ഡേ കെയർ സൗകര്യം ഉപയോഗിച്ച് രാവിലെ എട്ടുമണിക്ക് രോഗിയെ കൊണ്ടുവിട്ട് വൈകിട്ട് മടക്കി ക്കൊണ്ടുപോകുന്ന ബന്ധുക്കളുണ്ട്. ഡേ ഹോസ്പിറ്റലിൽ ചികിത്സിച്ചിട്ടും അസുഖത്തിന് കുറവില്ലെങ്കിൽ വാർഡുകളിൽ അഡ്മിറ്റ് ചെയ്യും.

ശാസ്ത്രീയ കാഴ്ചപ്പാടുള്ള ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ട് ഓ.പി. യൂണിറ്റ്. താഴത്തെ നിലയിലെ ഓ.പി. പുതിയ കേസുകളും മുകളി ലത്തെ നിലയിലെ ഓ.പി. പഴയ കേസുകളും കൈകാര്യം ചെയ്യുന്നു. ഇവിടെ സ്‌പെഷ്യൽ ക്ലിനിക്കുകൾ: തിങ്കളാഴ്ച ന്യൂറോ സൈക്യാട്രി, ചൊവ്വാഴ്ച ചൈൽഡ് ഗൈഡൻസ് ബ്യൂറോ, ബുധനാഴ്ച ജിറിയാട്രിക് ക്ലിനിക്, വ്യാഴാഴ്ച എപ്പിലപ്റ്റിക് ക്ലിനിക്, വെള്ളിയാഴ്ച അഡോളസന്റ് ക്ലിനിക്, ശനിയാഴ്ച ന്യൂറോസിസ് ക്ലിനിക്; ഞായറാഴ്ചകളിൽ താഴെത്ത നിലയിലുള്ള ഓ.പി. മാത്രമേ പ്രവർത്തിക്കുന്നുള്ളു.

സോഷ്യൽ വർക്കേഴ്‌സ് സൈക്കോസോഷ്യൽ ഡേറ്റാ ശേഖ രിക്കുന്നു. സൈക്കോളജിയിൽ പോസ്റ്റുഗ്രാജ്വേറ്റുകളായ സൈക്കോ ളജിസ്റ്റ്‌സ് സൈക്കോളജി ടെസ്റ്റ് നടത്തുന്നു. ഡോക്ടർമാർ രോഗം നിർണ്ണയിക്കുന്നു, ചികിത്സിക്കുന്നു.

നേഴ്‌സുമാർ രോഗിയുടെ വൈകാരികതലത്തെക്കുറിച്ച് ബോധമുള്ളവരാണ്. പലപ്പോഴും അടുത്തിടപഴകുന്നതിനാൽ രോഗികളെ ക്കുറിച്ച് ഡോക്ടർമാരെക്കാൾ ഇവർക്കറിയാം. ചികിത്സ രോഗിക്ക് ഗുണകരമല്ലെങ്കിൽ ഇവർക്ക് അതു പറയാൻ സ്വാതന്ത്ര്യമുണ്ടിവിടെ. പ്രൊഫഷണൽ ചൊരുക്കുകളില്ലാതെ, സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളും സൈക്യാട്രിക് സോഷ്യൽ വർക്കേഴ്‌സും സൈക്യാട്രിക് നേഴ്‌സുമാരും ഇവിടെ രോഗിയെ ചികിത്സിക്കുന്നു. സഹായത്തിനായി മെയ്ൽ, ഫീമെയ്ൽ സാനിറ്ററി വർക്കേഴ്‌സും അറ്റൻഡർമാരും.

* * *

ഇന്ത്യയിൽ ഈ ആശുപത്രിക്കുമാത്രം അഭിമാനിക്കാവുന്ന ഒരു ഇൻഡസ്ട്രിയൽ തെറപ്പി സെന്റർ. ഇവിടെ പണിയെടുക്കുന്ന രോഗികൾക്ക് വേതനം ലഭിക്കുന്നു.

ഇവിടെ രോഗികൾ ഒരാഴ്ചയിൽ അറുപതിനായിരം ബ്രൗൺ ക്രാഫ്റ്റ് പേപ്പർ കവറുകളുണ്ടാക്കുന്നു. ദേവി കരുമാരിയപ്പൻ കോവി ലിലേക്കും ചിന്താമണി സൂപ്പർമാർക്കറ്റിലേക്കും കവറുകൾ ഉണ്ടാക്കിക്കൊടുക്കുന്നു.

ബേക്കറി സെക്ഷനിൽ ബ്രെഡ്, ബൺ, കേക്ക്, ബിസ്‌ക്കറ്റ് എന്നിവയുണ്ടാക്കുന്നു. ഒരാഴ്ചയിൽ പതിനായിരം ബ്രെഡ്ഡാണ് രോഗികളുണ്ടാക്കുന്നത്.

ഇവർ ഇവിടെ ഐ.റ്റി.സി. ബ്രാൻഡ് സോപ്പുണ്ടാക്കി വില്ക്കുന്നു.

ഇവിടത്തെ നൈലോൺ സെന്ററിൽ ടൗലുകൾ, എംബ്രോ യ്ഡറിെചയ്ത നാപ്കിനുകൾ, കുഷൻ കവറുകൾ, ഷോപ്പിങ് ബാഗു കൾ, തോൾസഞ്ചികൾ എന്നിവയുണ്ടാക്കുന്നു.

സോഫ്റ്റ് റെക്‌സിൻകൊണ്ട് രോഗികൾ അതിമനോഹരമായ കളിപ്പാട്ടങ്ങളും കൗതുകവസ്തുക്കളുമുണ്ടാക്കുന്നു. മുയലുകൾ, പട്ടി കൾ, ഒട്ടകങ്ങൾ, കുതിരകൾ…

ഇവ ആശുപ്രതിയിലെ ഐ.റ്റി.സിയിൽനിന്നും മൗണ്ട്‌റോഡിലെ വി.റ്റി.ഐ.യിൽനിന്നും പൊതുജനങ്ങൾക്ക് വാങ്ങാവുന്നതാണ്.

ഇൻഡസ്ട്രിയൽ തെറപ്പി സെന്ററിൽ രോഗികൾ ബ്രിട്ടീഷ് പെയ്ന്റ്സിനുവേണ്ടി പെയ്ന്റ് പായ്ക്കു ചയ്ത് ലേബൽ ചെയ്യുന്നു.

ഈ ആശുപ്രതിയിലെ കഫേറ്ററിയ നടത്തുന്നത് രോഗികളാണ്.

നിങ്ങൾക്ക് വിശ്വാസമാവില്ല. പക്ഷേ, റെക്‌സിൻകൊണ്ടുണ്ടാ ക്കിയ കറുത്ത പട്ടിക്കുട്ടിയുടെ കഴുത്തിൽ നീണ്ട ചുവന്ന റിബ്ബൺകെ ട്ടി, കത്രികകൊണ്ട് ആ റിബ്ബൺ മുറിച്ചുതന്നത് ഒരു രോഗിണിയാ ണ്. ആ ആംഗ്ലോ ഇന്ത്യൻ സ്ത്രീയുടെ കണ്ണുകളിലെ തിളക്കവും സന്തോഷവും മറക്കാനാവില്ല.

ആ ഒരു നിമിഷത്തിനായി ഐ.റ്റി.സി. എന്ന ആശയത്തിന്റെ ഉടമയായ ഡോക്ടർ ശാരദാമേനോന് നന്ദി. ഐ.റ്റി.സി.യുടെ ഡയ റക്റ്ററായ ഡോക്ടർ പീറ്റർ ഫെർണാണ്ടസിനും നന്ദി.

* * *

മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്തിനെക്കുറിച്ചു പറയവേ, സ്‌കാർഫിനെക്കുറിച്ചു പറയാതെ വയ്യ. ഇന്ത്യൻ മാനസി കരോഗികളുടെ ദുരന്തത്തെക്കുറിച്ചുള്ള ബോധവും അവരോടുള്ള കാരുണ്യവുമാണ് സ്‌കാർഫ് എന്ന സംഘടനയ്ക്കു രൂപംനൽകി യത്.

മാനസികരോഗങ്ങളിൽ ഏറ്റവും തളർത്തുന്ന സ്‌കിസോഫ്രേനിയ എന്ന രോഗത്തെക്കുറിച്ച് പഠിക്കാനും സ്‌കിസോഫ്രേനിയ രോഗികളെ ചികിത്സിക്കാനും പുനരധിവസിപ്പിക്കാനുമായി ഒരു സംഘടന: സ്‌കാർഫ് സ്‌കിസോഫ്രേനിയ റിസർച്ച് ഫൗണ്ടേ ഷൻ (ഇന്ത്യ).

പതിേനഴുവർഷം മദ്രാസ് മാനസികേരാഗാശുപ്രതിയിലെ സൂപ്രണ്ടായിരുന്നു ഡോ. ശാരദാമേനോൻ. അവർക്കാവുന്നതെല്ലാം അവരവിടെ ചെയ്തു. അതൊരു നല്ല ആശുപത്രിയാക്കി. മരുന്ന് ലഭ്യമാക്കി; രോഗികളുടെ അഡ്മിഷനും ഡിസ്ചാർജും ശാസ്ത്രീയമാക്കി. ചികിത്സ ഉറപ്പുവരുത്തി. ഓക്കുപ്പേഷണൽ തെറപ്പി യൂണിറ്റ് ആരംഭിച്ചു. ഇന്ത്യയിലാദ്യമായി മനോരോഗികൾക്കായി ഒരു ഇൻഡസ്ട്രിയൽ തെറപ്പി സെന്റർ ആശുപത്രിയിൽ തുടങ്ങി.

മനസ്സിൽ മുമ്പേ കൊണ്ടുനടന്ന സ്‌കാർഫ് എന്ന ആശയത്തിന് അവർ ആയിരത്തി തൊള്ളായിരത്തി എൺപത്തിനാലിൽ സംഘടനയുടെ രൂപംനൽകി. ഡോക്ടറുടെ മദ്രാസിലുള്ള വീട്ടിൽ ഏറെ നേരം മനോരോഗികളെക്കുറിച്ചും സ്‌കാർഫിനെക്കുറിച്ചും അവർ സംസാരിച്ചു.

തുടക്കത്തിലേ കണ്ടുപിടിച്ച് ചികിത്സിക്കാമെങ്കിൽ സ്‌കിസോ ഫ്രേനിയ ഭേദമാക്കാനാവും. പക്ഷെ നമ്മുടെ സമൂഹത്തിലാർക്കും ഉറ്റവർക്ക് രോഗമുണ്ടെന്ന് അംഗീകരിക്കാൻ വയ്യ. വീട്ടുകാരറിയുന്നില്ല, സ്‌കൂളിലെ അദ്ധ്യാപകരറിയുന്നില്ല. അവർ ഒരു ജനറൽ ഫിസിഷ്യനെ കാണിക്കുന്നു; എഴുതുന്ന ടോണിക് വാങ്ങിക്കൊടുക്കുന്നു.

ചികിത്സ ലഭിക്കുന്നില്ലെങ്കിൽ ഈ രോഗം ബാധിച്ചയാൾക്ക് എന്തെങ്കിലും ചെയ്യാനുള്ള ഇച്ഛയും കരുത്തും നഷ്ടെപ്പടുന്നു. കുടും ബവുമായി അയാൾക്ക് പൊരുത്തപ്പെടാനാവില്ല. ആരുമായും അയാൾക്ക് പൊരുത്തപ്പെടാനാവില്ല. വീട്ടുകാർക്ക് അയാളെ ഇഷ്ട മാവില്ല; അയാൾക്ക് സമൂഹെത്തയും വീട്ടുകാെരയും. സ്വന്തമാെയാരു ലോകത്തിൽ, ശബ്ദങ്ങൾ കേട്ട് അയാൾ കഴിയുന്നു. തിരിച്ചുവരാനാവാത്ത ഒരു യാത്ര. പലപ്പോഴും ഒരു വെജിറ്റബിൾ അസ്തിത്വം. ഒരു ആഹത്യയോ, ആഹത്യാശ്രമമോ. ഇവർക്കു വേണ്ടത് മരുന്നുകളും കൗൺസലിങ്ങും ഫാമിലി തെറപ്പിയും റീഹാബിലിറ്റേഷനുമാണ്. ഇവർക്കു വേണ്ടത് ഇവർ മനുഷ്യരാണെന്ന അംഗീകാരമാണ്; മനസ്സിലാക്കാനുള്ള ശ്രമമാണ്. ചെയ്യാനൊരു ജോലിയും അതിൽനിന്നുള്ള വേതനവും അംഗീകാരവുമാണ്.

സമൂഹത്തിന് ഇന്നാവശ്യം ഈ രോഗത്തെക്കുറിച്ചുള്ള പഠനങ്ങളാണ്. നമുക്കിന്നാവശ്യം ഇവരെ ചികിത്സിക്കാനുതകുന്ന സെന്ററുകളാണ്.

സാമ്പത്തികമായി കഴിവുള്ള, സോഷ്യൽ സപ്പോർട്ടില്ലാത്ത രോഗികളുണ്ട്. സോഷ്യൽ സപ്പോർട്ടുള്ള, സാമ്പത്തികമായി കഴി വില്ലാത്ത രോഗികളുണ്ട്. ഇത് രണ്ടുമില്ലാത്ത രോഗികളും.

ആശുപത്രിയിൽനിന്ന് ചികിത്സലഭിച്ച് പുറത്തിറങ്ങുന്ന സ്‌കിസോഫ്രേനിയാ രോഗി എന്തുചെയ്യും? എവിടെപ്പോകും? ഈ രോഗം ബാധിച്ച് പരീക്ഷയെഴുതാൻ പറ്റാത്ത വിദ്യാർത്ഥി അടുത്ത പരീക്ഷവരെയുള്ള കാലയളവ് എങ്ങനെ ചെലവാക്കും?

ഇവേരാട് കരുണകാട്ടാൻ, ഇവർക്കുവേണ്ട സൈക്യാ്രടിക് ടെസ്റ്റ് നടത്താൻ, ചികിത്സ ലഭ്യമാക്കാൻ, ഇവരെ തൊഴിലുകൾ പരിശീ ലിപ്പിക്കാൻ, തൊഴിലുകളിലേർപ്പെടുത്താൻ, ജനങ്ങളെ ഈ അസു ഖത്തെക്കുറിച്ച് ബോധവന്മാരാക്കാൻ, ഇവരോട് സംസാരിക്കാൻ, പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ, ഇവരുടെ കുടുംബങ്ങൾക്കു വേണ്ട അറിവു നല്കാൻ ഒരു സംഘടന അതാണ് സ്‌കാർഫ്. ഇതിൽ നളറിയുന്ന ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. എം. എസ്. വല്യത്താനുണ്ട്. സംഗീത സംവിധായകനായ എം.ബി. ശ്രീനി വാസനുണ്ട്. മാലാഖയെപ്പോലൊരു സ്ത്രീ എന്ന് ഒരു സുഹൃത്ത് വിശേഷിപ്പിച്ച ഡോ. ശാരദാമേനോനുണ്ട്.

മദ്രാസ് മെന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഐ.റ്റി.സി. അടുത്തിടെ സ്‌കാർഫ് ഏറ്റെടുത്തു.

നിങ്ങൾക്ക് സ്‌കാർഫിനെ സാമ്പത്തികമായി സഹായിക്കാം. സ്‌കിസോഫ്രേനിയ രോഗികളുടെ കുട്ടികളുടെ വിദ്യാഭ്യാസം സ്‌പോൺസർ ചെയ്യാം. റിസർച്ച് പ്രൊജക്ടുകളോ വർക്ക്‌ഷോപ്പു കളോ സ്‌പോൺസർ ചെയ്യാം. ഒരു മെമ്പറോ വോളന്ററിയായോ ആകാം.

സ്‌കാർഫിന്റെ വിലാസം:
സ്‌കാർഫ് (ഇന്ത്യ)
R 7A നോർത്ത് മെയ്ൻ റോഡ്
അണ്ണാനഗർ വെസ്റ്റ് (എക്‌സ്റ്റെൻഷൻ)
ചെന്നൈ 600 101
തമിഴ്‌നാട്.

നമുക്ക് സ്‌കാർഫുമായി സഹകരിക്കാം. ഇവിടെ സ്‌കാർഫ് പോലെയുള്ള സംഘടനകൾക്ക് രൂപം നല്കാം. സ്‌കാർഫിന്റെ യൂണിറ്റുകൾ തുടങ്ങാൻ ഡോ. ശാരദാമേനോനെ നിർബ്ബന്ധിക്കാം. അതിനുവേണ്ട ഒത്താശ ചെയ്യാം. മാനസികരോഗികളോടുള്ള സാമൂഹ്യ അയിത്തം മാറ്റാം. അവരോട് കരുണകാട്ടാം. അവരുടെ കുടുംബങ്ങളോടും. നിസ്സഹായരായ രോഗികളും അവരുടെ കുടുംബങ്ങളും ഇത്രയും പരിഗണനയെങ്കിലും അർഹിക്കുന്നില്ലേ?