close
Sayahna Sayahna
Search

EeBhranth-10


‌← സുന്ദർ

ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ
EeBhranth-02.jpg
ഗ്രന്ഥകർത്താവ് സുന്ദർ
മൂലകൃതി ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം പഠനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്സ്
വര്‍ഷം
2007
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 97


പിൻകുറിപ്പ്

നഗരപ്രാന്തങ്ങളിലായിരുന്നു ഗുഹകൾ. ഗുഹകളിൽ അവർ സംഘംചേർന്നു ജീവിച്ചു. ആർക്കും വേണ്ടാത്ത കുറെ ആളുകൾ. അവരിൽ ചിലരെ ജനം രോഗികളെന്നു വിളിച്ചു — മാനസികരോഗികൾ. ബാക്കിയുള്ളവരെ ചികിത്സകരെന്നു വിളിച്ചു. ഗുഹകളുടെ ഉടമ ജനമായിരുന്നു. ഗുഹകളിലാക്കി, ഇരുമ്പുകോട്ടകൾകെട്ടി അവരെ ജനം സമൂഹത്തിനു പുറത്താക്കിയപ്പോൾ ചികിത്സകർ ഉള്ളിൽ തിരസ്‌കരണി സൃഷ്ടിച്ച് ഗുഹകളെ മറച്ചു. അതിനുശേഷം ഗുഹകളിൽ എന്തുസംഭവിക്കുന്നുെവന്ന് ഉടമകൾ അറിഞ്ഞില്ല. ചികിത്സകർ ജനത്തിനു വിലക്കു കല്പിച്ചു. വിവരാവകാശനിയമം അന്നു ജനിച്ചിരുന്നില്ല.

അതീന്ദ്രിയലോകത്തായിരുന്ന ഗുഹാവാസികൾ ബാഹ്യലോകനിയമങ്ങൾക്ക് അതീതരായിരുന്നു. ഇന്ദ്രിയങ്ങൾ തൃഷ്ണാർത്ത മാവുമ്പോൾ അവർ സ്വവർഗ്ഗമായും പരവർഗ്ഗമായും ശമനം കണ്ടെത്തി; ബലമായും അല്ലാതെയും സംഗങ്ങളിലേർപ്പെട്ടു. വികാ രവിേക്ഷാഭങ്ങളിൽ അവർ കൊന്നു കൊലവിളിച്ചു. ഗുഹകളിൽ ജനനവും മരണവും നടന്നു. അതിനു രജിസ്റ്ററുകളില്ലായിരുന്നു. അവർക്കു സ്വന്തമായി ശ്മശാനമുണ്ടായിരുന്നു. കൊല്ലപ്പെട്ടവരും മരിച്ചവരും അവിടെ താമസിച്ചപോന്നു. ജനം അതും അറിഞ്ഞില്ല.

ചികിത്സകർക്കുമാത്രം നിത്യേന പുറത്തുവരാമായിരുന്നു. രോഗികൾ ഗുഹകൾക്കുള്ളിേലക്കുമാത്രം പൊയ്‌ക്കൊണ്ടിരുന്നു. തിരസ്‌കരണി ഭേദിച്ച്, കോട്ടമതിലുകൾ ചാടിക്കടന്ന് പുറത്തുവരാൻകഴിഞ്ഞ അപൂർവം രോഗികൾ ഗുഹാജീവിതം വർണ്ണിച്ചു. അതു പറഞ്ഞത് അതീന്ദ്രിയനാകയാൽ ജനം വിശ്വസിച്ചില്ല.

കോട്ടയുടെ ചാവിപ്പഴുതിലൂടെ, തിരസ്‌കരണിയുടെ വിള്ളലിലൂടെ ചിലർ ചിലപ്പോൾ ചിലതു കണ്ടു. കണ്ടവർ ബധിരമൂകരായി സ്തംഭിച്ചു പുറത്തുനിന്നു. ഇതറിഞ്ഞ പാപ്പരാസികളും ഉത്തമർണ്ണ മാദ്ധ്യമങ്ങളും ഒന്നുപോലെ, ഗുഹകളിലെ സുരതശബ്ദങ്ങൾ പെരുമ്പറ മുഴക്കി ഉച്ചസ്ഥായിയിൽ പുറത്തു കൊണ്ടുവന്നു. ശബ്ദംകേട്ട ജനം ഞെട്ടി. രാജാക്കന്മാർ അവരുടെ രാഷ്ട്രീയമുഖങ്ങൾ ക്ഷതമേറ്റു മങ്ങുമെന്നു ഭയപ്പെട്ടു. രാജാക്കന്മാരുടെ പ്രതിരോധത്തിനും ഗുഹകളിലെ രോഗികളുടെ പരിചരണത്തിനും ഒരു നരബലി ആവശ്യമായി. തേടി കണ്ടെത്തിയ ബലിയാട് ഞാനായിരുന്നു. അവർ എന്നെ ഉള്ളിലേക്കു തള്ളിവിട്ട് കോട്ടവാതിലുകളടച്ചു. അപ്പോൾ സമയം ദൈവത്തിൻ വത്സരം ആയിരത്തി തൊള്ളായിരത്തി എൺപത്തഞ്ച് ജൂൺമാസം പുലർന്ന് പത്തുനാഴിക. ജനം ഗുഹകൾ നിർമ്മിച്ചിട്ടു കഴിഞ്ഞകാലം നൂറ്റിയിരുപത്തിയഞ്ചു വർഷങ്ങൾ.

ഹോ, എന്തൊരു ശക്തിയായിരുന്നു ആ തള്ളലിന്. തള്ളിയവരെ ഞാൻ കണ്ടു. സുന്ദർ എന്നൊരു ചെറുപ്പക്കാരൻ, കൂടെ ബുദ്ധി ജീവിപോലൊരു ശോഷിച്ച പത്രക്കാരൻ വേലപ്പനും. സോഷ്യൽ ആക്റ്റിവിസ്റ്റ്‌സ് ആണത്രെ! എന്തൊരാക്റ്റിവിറ്റി. തള്ളിനു പിന്നാലെ വലിയൊരാരവമുണ്ടായി.“ധീരതയോടെ നയിച്ചോളു, ലക്ഷം ലക്ഷം പിന്നാലെ.” അവർ നീണാൾ വാഴട്ടെ, നീണാൾ കഴിഞ്ഞാൽ അവരുടെ പേരുകൾ വാഴട്ടെ.

എനിക്കുമുമ്പേ എത്തിയവർ എന്റെ ഗുഹാപ്രവേശം തടഞ്ഞു. കോടതികൾ എനിക്കെതിരായും പിന്നീട് അനുകൂലമായും വിധിച്ചു. അപ്പോൾ ഗുഹകൾക്കുള്ളിലെ കൂലിത്തല്ലുകാരായ ചികിത്സകർ എന്റെ മരണമണി മുഴക്കി. ഗുഹകളിൽ അന്ന് അവരാകെ രണ്ടു കുറയെ ആയിരംപേരായിരുന്നു. എനിക്കു ഭയം തോന്നി. ദിഗന്ത ഭേദിയായി എന്റെ ശബ്ദം ഹൃദയത്തിൽനിന്നു മുഴങ്ങി.‘ആർത്ത ത്രാണപരായണാ, കരുണാകരാ, കൃഷ്ണമൂർത്തേ, എന്നെ രക്ഷിക്കണേ’ ഞാൻ ഉറക്കെ വിളിച്ചു. അവരെ വിളിച്ചതെന്തെന്നാൽ അവരായിരുന്നു രാജാക്കന്മാർ. മരണമണികൾ നിലച്ചു. ഞാൻ മുന്നോട്ടുതന്നെ പൊയ്‌ക്കൊണ്ടിരുന്നു.

ഗുഹകളിലെ വിറളിപിടിച്ച ചികിത്സകവർഗ്ഗത്തിന്റെ രോദനം എന്റെ പിന്നിൽ ഞാൻ കേട്ടു.“എന്തരെടേ ഈ വരുത്തനൊക്കെ തിരുവനന്തോരത്തു വെലസണത്, യാരാണെടേ യെവന്റെയൊക്കെ പൊറകിലെ താങ്ങണത്” എനിക്കു പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

ഗുഹാമുഖത്തെത്തിയപ്പോൾ അങ്ങകലെ ഒരു പ്രകാശം പരക്കുന്നത് ഞാൻ കണ്ടു. പ്രകാശത്തിന്റെ ഉറവിടം ഏ.പി. ഫെർ ണാണ്ടസ് ആയിരുന്നു. ഇന്നു ഞാനിതെഴുതുന്നത് ഒരു നൂറ്റാണ്ടകലെയിരുന്ന് അദ്ദേഹം കാണുന്നുണ്ടാവുമോ? അന്ന് ഗുഹകളിലെ പ്രധാന ചികിത്സകനായിരുന്ന ഫെർണാന്റസിനുചുറ്റും സഹചികിത്സകരെ കർനിരതരായിക്കണ്ടു. അക്കാലം രോഗികൾ അവിടെ വസ്ത്രങ്ങൾ നെയ്തു. വസ്ത്രങ്ങൾ രോഗികൾക്കായി വിതരണം ചെയ്തു. തടങ്കൽപാളയവും ജനങ്ങളും അവരോടു വസ്ത്രങ്ങൾ വിലയ്ക്കുവാങ്ങി. തറികളുടെ കടകടശബ്ദം കേൾക്കുന്നു. നെയ്ത്തുശാലകൾക്കപ്പുറമായിരുന്നു ബോർമകൾ. ബോർമകളിൽ റൊട്ടിയുണ്ടാക്കി. ബോർമകൾ കഴിഞ്ഞാൽ പുല്പായനെയ്ത്തും കയറുപിരിക്കലും. ചകിരിപിരിച്ചു കയറാക്കി വൻവടങ്ങളാക്കി വഞ്ചികൾക്കും കപ്പലുകൾക്കും വിറ്റു. അവർ, രോഗികൾ, രജസ്വലയായ ഭൂമിയെ പുണർന്നപ്പോൾ അവിടെ ഫലമൂലാദികളും പുഷ്പലതാദികളും പിറന്നു. രോഗികൾ അകത്തേക്കും പുറത്തേക്കും സഞ്ചരിച്ചുകൊണ്ടിരുന്നു. അക്കാലത്ത്‘റിഹാബിലിറ്റേഷൻ’,‘ഓക്കുപ്പേഷണൽ തെറപ്പി’ എന്നീ വാക്കുകളൊന്നും ഭൂമിയിൽ പിറന്നിരുന്നില്ല! ഫെർണാണ്ടസ് എന്ന കർമയോഗി രംഗത്തുനിന്നു മറഞ്ഞു. ഗുഹകളിൽ ഇപ്പോൾ പ്രകാശമില്ല. ഒരു നൂറ്റാണ്ടുദൈർഘ്യമുള്ള കനത്ത ഇരുട്ടുമാത്രം.

അവന്റെ പിന്നാലെ വന്നവർ അയോഗ്യരെങ്കിലും തീവ്രകുബുദ്ധികളായിരുന്നു. ഇരുട്ടാണ് ആത്യന്തികസത്യം എന്ന് അവർ കണ്ടെത്തി. ഇരുട്ടിൽ ഗുഹകളിൽ കനകം വിളയും. കോളറാഡോയിലും കൂൾഗാർഡിയിലും കോളാറിലും ഗുഹകളിലും സ്വർണ്ണവേട്ടയുടെ കാലമായിരുന്നു അത്. ഗുഹകളിലെ തമസ്സിൽ സ്വർണ്ണവേട്ടക്കാരാകാൻ ചികിത്സകരാകാൻ കാമകർനിരതരായി ഏറെപ്പേർ പൊരുതി. പൊരുതി ജയിച്ചവർ, ജനത്തിനു കാണാനാവാതെ ഇരുട്ടിൽ കഴിഞ്ഞിരുന്ന രോഗികളുടെ കാലുവാരി, തലവെട്ടി, വൃക്കവെട്ടി വിറ്റ്, കണ്ണുകൾ ചൂഴ്‌ന്നെടുത്തു വിറ്റ്, ചാരിത്ര്യം വിറ്റ്, ഗർഭിണികളാക്കി, സ്വർണ്ണം വാരിക്കൂട്ടി. ഈ ഡാർക് ഏജസിൽ എവിടെയൊക്കെയോ ഇടയ്ക്കിടെ പ്രകാശത്തിന്റെ നാനോകണങ്ങൾ മിന്നിമറ യാതെയുമിരുന്നില്ല. ബോധമണ്ഡലത്തിലെത്തിയപ്പോൾ ഒരു നൂറ്റാണ്ടു കഴിഞ്ഞിരുന്നു.

പ്രപഞ്ചത്തിന്റെ അതിർത്തിയിൽനിന്ന് മഹാവിസ്‌ഫോടന ത്തിന്റെ ആരവത്തിനുപരിയിൽ ഒരു രോദനം കേട്ടു.“സാർ, ഉറക്കെ പറയുന്നതുകൊണ്ട് എനിക്കു ഭ്രാന്താെണന്നു കരുതല്ലേ. ഞാൻ രാഗിണി. പച്ചപാലോടുകാരി. പരീക്ഷയിൽ തോറ്റ വിഷമത്തിന് ഇവിടെ വന്നപ്പോൾ എന്നെ ഇതിനകത്തു പൂട്ടി. എനിക്കു ഭ്രാന്താന്നാ സൂപ്രണ്ടു പറേന്നെ. ആഴ്‌ചേലാഴ്‌ചേല് അയാൾ അച്ഛനോട് നൂറു രൂപാ മേടിക്കും. എന്നെ വിടുകേമില്ല. എനിക്കു ഭ്രാന്തില്ല സാറേ. എന്നെ ഒന്നു വിടുവിക്കേണ.” ഇരുപതുപേർക്കു കഴിയാവുന്ന ഗുഹയിൽ അവർ നൂറ്റിനാല്പതു സ്ത്രീകളുണ്ടായിരുന്നു. വിവസ്ത്രരായും അല്പവസ്ത്രരായും പൂർണ്ണവസ്ത്രരായും നൂറ്റിനാല്പതു പേർ. എന്റെ പിന്നിൽ ആശാനെന്ന എം.എൽ.ഏ. ഉണ്ടായിരുന്നു. സുന്ദറും വേലപ്പനുമുണ്ടായിരുന്നു. അവരോടായിരുന്നു നിവേദനം. വേലപ്പൻ പടമെടുത്തു. സുന്ദർ വികാരഭരിതനായി പല്ലിറുി. ആശാൻ കരഞ്ഞു. മാദ്ധ്യമങ്ങൾ അലറി.

സംസ്ഥാനനിയമസഭ ഇളകിമറിഞ്ഞു. ജനം ഇളകിമറിഞ്ഞു. സംസ്ഥാനത്തെ മാനസികാരോഗ്യപ്രവർത്തനങ്ങൾക്ക് എനിയ്ക്ക ധികാരം നൽകുന്ന കോടതിവിധികളുണ്ടായി. സർക്കാർ ഉത്തരവു കളുണ്ടായി. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളുണ്ടായി. അപ്പോൾ ഞാൻ ആ കസേരയിലിരുന്നു. ഏ.പി. ഫെർണാന്റസ് ഇരുന്ന കസേരയിൽ. ഗുഹകളിലെ മുഖ്യചികിത്സകനായി.

ജനപ്രതിനിധികളും നാട്ടു്പ്രമാണികളും അധികാരികളും ചികിത്സകരും ചേർന്ന് പരിശോധിച്ച് രോഗവിമുക്തരായി എന്നു തീർപ്പു കല്പിച്ചപ്പോൾ ആയിരത്തി തൊള്ളായിരത്തി എൺപത്തഞ്ചിലെ ഓണത്തിന് രണ്ടുകുറയെ ആയിരത്തിൽനിന്ന് നാനൂറ്റിമുപ്പത്തിേയഴു ഗുഹാവാസികൾ, സർക്കാർ ഖജനാവിൽനിന്നു പണംപറ്റി, അവരുടെ വീടുകളിലെത്തി. കൂട്ടത്തിൽ പച്ചപാലോടുകാരി രാഗിണിയും വീടെത്തി. ആശാൻ ചിരിച്ചു. സുന്ദർ ചിരിച്ചു. വേലപ്പൻ വീണ്ടും പടമെടുത്തു.

ജനത്തിന് അപ്പോഴും ഗുഹകളിലേക്കു കടക്കാൻ കഴിഞ്ഞിരുന്നില്ല. അനന്തമായ ഗുഹയിൽ രണ്ടിലേറെ നൂറ്റാണ്ടുകൾക്കപ്പുറ ത്തുനിന്ന് ഒരു ശബ്ദംകേട്ടു. അവിടെയും ഒരു പ്രകാശം പരന്നിരുന്നു. അത് ഫ്രാൻസിലെ ബൈസ്‌ത്രെ ആശുപത്രിയിലും സാൽപിത്രേറ് ആശുപത്രിയിലുമായിരുന്നു. ശബ്ദം അവിടുത്തെ സൂപ്രണ്ട് ഫിലിപ് പൈനലിന്റേതായിരുന്നു. ആധുനിക സൈക്യാട്രിയുടെ പിതാവിന്റെ (1745-1826) ശബ്ദം.‘മാനസികരോഗികളെ ധാർമികമൂല്യങ്ങളോടെ ചികിത്സിക്കൂ’ അദ്ദേഹം പറഞ്ഞു. ക്രിമിനൽ കുറ്റവാളികളുടെ മദ്ധ്യത്തിൽ ചങ്ങലയ്ക്കിട്ടിരുന്ന രോഗികളുടെ ചങ്ങലകൾ അദ്ദേഹം വെട്ടിമാറ്റി. ജനേരാഷത്തെ ചെറുത്തുകൊണ്ട് ആരുടെയും പിൻതുണയില്ലാതെതന്നെയെന്നു പറയാം. ചിന്താമണ്ഡ ലത്തിൽനിന്നു തിരിച്ചെത്തിയപ്പോൾ കാലം ആയിരത്തി തൊള്ളായിരത്തി എൺപത്തഞ്ച് ഒക്‌ടോബർ മാസം. നിക്ഷിപ്തമായ അധികാരത്തിന്റെ പരിധിയിൽനിന്നുകൊണ്ട് ആശുപത്രിപ്രവേശന വിളംബരമിറക്കി. അതോടെ രോഗികളുടെ ബന്ധുക്കൾക്ക് ആശുപത്രി വാർഡുകളിൽ പ്രവേശിക്കാനും താല്പര്യമുണ്ടെങ്കിൽ സ്വന്തം രോഗികളോടൊപ്പം പ്രത്യേക മുറികളിൽ സൗജന്യമായി താമസിക്കാനും കഴിഞ്ഞു. ഈ ഉത്തരവ് കേരളത്തിനകത്തും പുറത്തുമുള്ള പല ആശുപ്രതികളും മാതൃകയായി സ്വീകരിച്ചു. അങ്ങിനെ ഭൂമിയിലെ ഗുഹകൾ പലതും മാനസികാരോഗ്യകേന്ദ്രങ്ങളായി മാറി.

ആയിരത്തി എണ്ണൂറ്റി അറുപതിൽ ഉത്രംതിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്താണ് തിരുവനന്തപുരത്ത് ഊളമ്പാറയിൽ ലുണാറ്റിക് അസൈലം പ്രവർത്തനമാരംഭിച്ചത്. ആയിരത്തി എണ്ണൂറ്റി നാല്പത്തേഴ് ഫെബ്രുവരിമുതൽ ആയിരത്തി എണ്ണൂറ്റി അറുപത്തൊന്ന് ആഗസ്റ്റുവരെ തിരുവിതാംകൂർ ഭരിച്ചിരുന്ന ഈ മഹാരാജാവ് ശാസ്ത്രവിഷയങ്ങളിലും സംഗീതസാഹിത്യങ്ങളിലും അതിനിപുണനായിരുന്നതോടൊപ്പംതന്നെ അലോപ്പതി ചികിത്സയിലും ശസ്ത്രക്രിയയിലും വിദഗ്ദ്ധനായിരുന്നു. കൊട്ടാരത്തിലെ അദ്ദേഹത്തിന്റെ മുറി ചെറിയൊരാശുപത്രിയായി മാറി. ആധുനിക ചികിത്സാസമ്പ്രദായങ്ങൾ തന്റെ പ്രജകൾക്ക് ഉപകരി ക്കാൻ അദ്ദേഹം വേണ്ടതെല്ലാം ചെയ്തു. മുപ്പതേക്കർ സ്ഥലത്തു പരന്നുകിടക്കുന്ന ലുണാറ്റിക് അസൈലത്തിനപ്പുറം അതിലും വിസ്തൃതമായൊരു കാമ്പസ്സിൽ ലെപ്രസി അസൈലം ആരംഭിച്ചു. ഈ സ്ഥാപനം പിന്നീട് നൂറനാട്ടേക്കു മാറ്റി. ഇതിനു രണ്ടിനും മുമ്പിലായി ഭാരതത്തിൽ (ലോകത്തിൽത്തന്നെയും) ആദ്യമായി അമ്പത് കിടക്കകേളാടെ‘ഹോസ്പിറ്റൽ ഫോർ ദ ഇൻക്യൂറബിൾസ്’ ആരംഭിച്ചതും ഈ മഹാരാജാവുതന്നെ. ഈ സ്ഥാപനം പിന്നീട് പേരൂർക്കട ആശുപത്രിയായി മാറി.

മാനസികരോഗങ്ങളെക്കുറിച്ചുള്ള അജ്ഞതകളും രോഗികളിലുണ്ടാവുന്ന അസഹനീയമായ പെരുമാറ്റവൈകല്യങ്ങളും രോഗികളെ സമൂഹത്തിൽനിന്നകറ്റി. അവർ ബന്ധനത്തിലായി. കുറേപ്പേർ കസ്റ്റോഡിയൽ കെയർ അസൈലങ്ങളിൽ അഴികൾക്കു പിന്നിലടയ്ക്കപ്പെട്ടു. ഒരു നൂറ്റാണ്ടുമുമ്പ് വളരെ പ്രശംസനീയമായ സേവനം കാഴ്ചവച്ചിരുന്ന ഊളമ്പാറ ലുണാറ്റിക് അസൈലം പിന്നീട് രോഗികൾക്ക് തടവറകളായി മാറി. നിയന്ത്രണവിധേയരല്ലാത്ത, സാമൂഹ്യവിരുദ്ധ പ്രവണതയുള്ള ജീവനക്കാരെ സ്ഥലംമാറ്റാനുള്ള ഒരു സ്ഥാപനമായി ഭരണാധികാരികൾ ഇതിനെ തരംതാഴ്ത്തി. ആശുപത്രിമേധാവികളും ധനമോഹത്താൽ ഇവരോടൊപ്പം ചേർന്നു.

ഏതു സ്ഥാപനത്തിന്റെയും പ്രസ്ഥാനത്തിന്റെയും വളർച്ചയ്ക്ക് അനിവാര്യമായത് സുതാര്യതയാണ്. ആശുപത്രിപ്രവേശന വിളംബരംമൂലം നേടിയത് ഈ സുതാര്യതയാണ്. അതോടൊപ്പം ജനപങ്കാളിത്തവുമുണ്ടായി. ആശുപത്രിവാർഡുകളിൽ സെല്ലുകളിൽ രോഗികളെ പൂട്ടിയിടരുത് എന്ന ഉത്തരവുംകൂടി വന്നപ്പോൾ‘ഭ്രാന്തൻ ജയിൽ’ മാനസികാരോഗ്യ കേന്ദ്രമായി. ഓരോമാസവും പത്തിരുപതുപേർ മതിൽചാടി ഒളിച്ചോടിയിരുന്നു. സ്വതന്ത്രരായതോടെ ഒളിച്ചോട്ടം തീർത്തും നിലച്ചുെവന്നുതന്നെ പറയാം. മൃഗശാലയിലെ മൃഗങ്ങൾക്കു കിട്ടിയിരുന്ന മാന്യതയോ സംരക്ഷണമോ കിട്ടാതിരുന്ന അന്തേവാസികൾ, അക്ഷരാർത്ഥത്തിൽത്തന്നെ ഒക്‌ടോബറിലെ ആ സുപ്രഭാതത്തിൽ മോചിതരായി, മനുഷ്യരായി, മാന്യ രായി.

പിന്നീടുള്ള രണ്ടുമൂന്നു വർഷങ്ങളിൽ ആശുപ്രതിയിേലക്ക് ഒരു ജനപ്രവാഹമായിരുന്നു. പ്രതിഫലേച്ഛയില്ലാതെ, സേവനനിരതരായി അവർ വന്നുകൊണ്ടേയിരുന്നു. അവിടെ മതമൗലികവാദികൾ മതേതരത്വം പാലിച്ചു കൈകോർത്തുനിന്നു. പരസ്പരം വെട്ടിയും കൊന്നും നടന്നിരുന്ന ചില രാഷ്ട്രീയക്കാർ ഒറ്റക്കെട്ടായി സേവനങ്ങളിലേർപ്പെട്ടു. ചിലരുടെ സേവനം പ്രാദേശികതലത്തിൽ ഒതുങ്ങിയപ്പോൾ ചിലർ സംസ്ഥാനത്തെ മറ്റു രണ്ടാശുപത്രികളിലേക്കും അവരുടെ പ്രവർത്തനം വ്യാപിപ്പിച്ചു.

സേവനനിരതരായ ചിലരുടെ പേരുകൾ എടുത്തുപറഞ്ഞില്ലെങ്കിൽ അത് നന്ദികേടാവും. ഊളമ്പാറ മാനസികരോഗാശുപത്രി യിലെ സെക്യൂരിറ്റി ഓഫീസറായിരുന്ന സാർജന്റ് സുകുമാരൻ താച്ചർ എന്ന മുൻ സൈനികനാണ് ആദ്യനിരയിൽ. ആശുപത്രിക്കുള്ളിലെ ഭൗതികസൗകര്യങ്ങളൊരുക്കുന്നതിൽ താച്ചർ പട്ടാളച്ചിട്ട പാലിച്ചു. സാങ്കേതികമായും മാനുഷികമായും ചെയ്ത എല്ലാ നല്ല കാര്യങ്ങൾക്കും ദിവംഗതനായ ഡോക്ടർ സുരരാജ് മണിയും ഡോക്ടർ കരുണാകര ബാബുവും ഡോ. മിർസാ ഹുസൈനും ശക്തമായ പിന്തുണ നല്കി.

യുവജനങ്ങളെ സേവനത്തിനു മുൻനിരയിലിറക്കാൻ കഴിഞ്ഞത് സംസ്‌കൃതം എം.ഏ. വിദ്യാർത്ഥിയായിരുന്ന ഓടനാവട്ടം രാധാകൃഷ്ണൻ, എഞ്ചിനീയറിങ് കോളേജ് പ്രൊഫസർ ആർക്കിടെക്റ്റ് നാരായണൻ, കനറാ ബാങ്ക് ഓഫീസർ എൻ.എസ്.കെ. നായർ എന്നീ മൂന്നു കരുത്തന്മാരുടെ നിരന്തര പരിശ്രമംമൂലമാണ്.

സംഘടിതരായി വന്നവരിൽ മുഖ്യർ ആർ.എസ്.എസ്, ഏ. ഐ.വൈ.എഫ്, ഡി.വൈ.എഫ്.ഐ, കനറാ ബാങ്ക് സ്റ്റാഫ് എന്നി വരും. ഏജീസ് ഓഫീസിലെ സരസ്വതിയും ഇന്ദിരയും വിശ്വംഭരിയും അന്തേവാസികളായ സ്ത്രീകൾക്കു സാന്ത്വനമേകി.

‘രോഗികളും’ ജനവും ചികിത്സകരും അധികാരികളും എല്ലാം ഒറ്റക്കെട്ടായി നാലുവർഷം പ്രവർത്തിച്ചതിന്റെ ഫലമായി ആശുപത്രി ഉല്ലാസഭരിതമായ ഒരു ഉദ്യാനമായി. ഉദ്യാനമദ്ധ്യത്തിലൊരു നാട്യശാലയുണ്ടായി. അവിടെ നാടകങ്ങൾ നടന്നു. വിമലാമേനോന്റെ ശിഷ്യർ അരങ്ങേറി. നൃത്തംചെയ്തു. കഥകളികൾ ഒരു പതിവായി. സുബ്ബലക്ഷ്മി പാടി. എം.ജി. രാധാകൃഷ്ണൻ പാടി. പല മന്ത്രിമാരും വന്ന് നല്ലകാര്യങ്ങൾ പ്രസംഗിച്ചു. അഖിലേന്ത്യാ തലത്തിൽ മാനസികരോഗചികിത്സാ ചർച്ചകൾ നടന്നു. രോഗികൾക്ക് ഓണംവന്നു. വിഷുവും റംസാനും വന്നു. ക്രിസ്തുമസ്സുണ്ടായി.

രോഗികൾക്ക് അധികാരികളോടു നേരിട്ടു സംസാരിക്കാനുള്ള അവസരമുണ്ടായപ്പോൾ അവരിൽ പലർക്കും സ്വന്തമായി പേരും മേൽവിലാസവുമുള്ളവരാണെന്നു മനസ്സിലായി. പോസ്റ്റുമാനായിരുന്ന ചേർത്തലക്കാരന് ജോലിയും മേൽവിലാസവും തിരിച്ചുകിട്ടി. പതിനാറു വർഷത്തെ തടങ്കലിനുേശഷം. ചെറുമൻ വേലനെ മോചി പ്പിക്കാൻ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ മുൻകൈെയ്യടുത്തു. നാല്പത്തഞ്ചു വർഷത്തെ തടങ്കലിൽനിന്നു പുറത്തുവന്നപ്പോൾ വേലൻ ചോദിച്ചു: ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയോ? മഹാത്മാഗാന്ധിയും നെഹ്രുവുമൊക്കെ ഇപ്പോഴുമുണ്ടോ? പാലക്കാട്ടു വീട്ടിലെത്തിയ വേലൻ കുറച്ചുകാലംമുമ്പു മരിച്ചുവെന്നു കേട്ടു. പോസ്റ്റുമാൻ ഇപ്പോഴും സുഖമായിക്കഴിയുന്നു. ശബരിമല തീവയ്പിനുശേഷം ആശുപത്രിയിലായ ജോസഫ് എല്ലാ മണ്ഡലക്കാലത്തും ആശുപത്രിക്കു ചുറ്റുമുള്ള ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തിപ്പോന്നു. അധികാരികളേറെയുള്ള ബന്ധുബലമുള്ള വീട്ടുകാർ ജോസഫിനെ കേസിൽപ്പെടുത്തി വീണ്ടും ആശുപത്രിയിലാക്കി. ജോസഫ് മരിച്ചിട്ടു നാലുവർഷം കഴിയുന്നു. സ്വാതിതിരുനാൾ അക്കാദമിയിലെ പ്രൊഫസർ അയ്യർ വീട്ടിലെത്തിയപ്പോൾ അവിടെ ജീവിക്കാൻ മാർഗ്ഗ ങ്ങളൊന്നുമുണ്ടായിരുന്നില്ല. സ്വാമി ആശുപത്രിയിലേക്കു മടങ്ങി. മുപ്പത്തിയെട്ട് വർഷത്തെ ആശുപത്രിജീവിതത്തിനുശേഷം ആ ശരീരം പൊതുശ്മശാനത്തിൽ വെന്തെരിഞ്ഞ് പഞ്ചഭൂതങ്ങളായി മാറി. നവോത്ഥാനകാലത്ത് സ്വാമി എത്ര കച്ചേരികൾ നടത്തിയിരുന്നു!

പഠിച്ചകാര്യങ്ങൾ പ്രാവർത്തികമാക്കണമെങ്കിൽ, നിലവിലുള്ള നയങ്ങൾ മാറ്റണമെങ്കിൽ അധികാരം വേണം. ഒരു സർക്കാരുദ്യോഗസ്ഥന്റെ പരിമിതികൾ ഏറെയാണ്. കേരളത്തിൽ മാനസികാരോഗ്യരംഗത്തെ നവോത്ഥാനകാലത്ത് അതിനോടുബന്ധപ്പെട്ട അധികാരികൾ മൂന്നുപേരായിരുന്നു. മുഖ്യമന്ത്രി ശ്രീ. കെ. കരുണാകരൻ, ചീഫ് സെക്രട്ടറി ശ്രീ. വി. രാമച്രന്ദൻ, ആരോഗ്യവകുപ്പു സെക്ര ട്ടറി ശ്രീ. വി. കൃഷ്ണമൂർത്തി എന്നിവർ. ഇവരിൽ ശ്രീ. കൃഷ്ണ മൂർത്തിയാണ് ഈ നവോത്ഥാനത്തിന് എന്താണു ചെയ്യേണ്ടതെന്ന് സമഗ്രമായ ഒരു റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. ആയിരത്തി തൊള്ളായിരത്തി എൺപത്തിമൂന്നിലായിരുന്നു അത്. അങ്ങനെ അദ്ദേഹം ഈ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേർന്നു. കേരളത്തിലെ മാനസികാരോഗ്യരംഗത്ത് ജനനന്മയ്ക്കായി ചെയ്യുന്ന പ്രവൃത്തികൾക്ക് ധനവിനിയോഗപരിധിയോ സാങ്കേതിക തടസ്സങ്ങളോ സാമ്പത്തികമോ നയപരമോ ആയ തടസ്സങ്ങളോ ഉണ്ടാവില്ലെന്ന് അധികാരികൾ ഉറപ്പുനല്കി. അപ്പോൾ മുന്നോട്ടുള്ള വഴി സുഗമമായി.

കസ്റ്റോഡിയൽ കെയർ സ്ഥാപനങ്ങളെ ആശുപത്രികളായി പരിവർത്തനംചെയ്ത്‘മാനസികാരോഗ്യകേന്ദ്രം’ എന്നു പേരിട്ടതുകൊണ്ടുമാത്രം മാനസികരോഗചികിത്സകൊണ്ടു സമൂഹത്തിനു പ്രയോജനമുണ്ടാവുകയില്ല. മാനസികരോഗത്തിനോടു ബന്ധപ്പെട്ട ജാള്യതയും അപകർഷതാബോധവും ഋണചിന്തകളും നിലനിൽക്കുന്നിടത്തോളംകാലം രോഗികളും അവരോടു ബന്ധപ്പെട്ടവരും ചികിത്സയ്ക്കായി മുന്നോട്ടുവരാൻ മടിക്കും. ഇവിടെയാണ് കമ്യൂണിറ്റി സൈക്യാട്രിയുടെ പ്രസക്തി. രോഗചികിത്സ രോഗിയുടെ പടിവാതിലിെലത്തിക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. അറി വിനേക്കാൾ അജ്ഞത മുന്നിട്ടുനിൽക്കുന്ന ഈ രംഗത്ത് ബോധവൽക്കരണവും പരിശീലനവുമാണ് മുഖ്യം. ആയിരത്തി തൊള്ളായിരത്തി എൺപത്തഞ്ചു മുതൽ ബാംഗ്ലൂർ നിംഹാൻസിലെ (നാഷ ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ്) പ്രൊഫസർമാരായ ആർ.എസ്. മൂർത്തി, മോഹൻ ഐസക് എന്നിവർ സഹായഹസ്തങ്ങൾ നീട്ടി. നിംഹാൻസിന്റെ പദ്ധതികളിൽപ്പെടുത്തി അവർ തിരുവനന്തപുരത്ത് യോഗങ്ങളും ചർച്ചകളും പരിശീലനക്ലാസ്സുകളും ആരംഭിച്ചു. ഇത് പിന്നീട് കേരളത്തിലെ ആരോഗ്യവകുപ്പ് ഏറ്റെടുത്തു. പൊതുജനാേരാഗ്യരംഗത്തു പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാർക്കും മാനസികരോഗങ്ങളെക്കുറിച്ചുള്ള അറിവും അടിസ്ഥാന ചികിത്സാവിധികളും പഠിപ്പിച്ചുകൊടുക്കുന്ന ഈ പദ്ധതി ഇപ്പോൾ കാര്യക്ഷമമായി തുടർന്നുവരുന്നുണ്ടാവണം.

അടിസ്ഥാനം വികേന്ദ്രീകരണമായെങ്കിലേ വിജ്ഞാനം ജനങ്ങൾക്കു പ്രയോജനപ്പെടൂ. ചികിത്സകരും ചികിത്സാകേന്ദ്രങ്ങളും ഇന്ന് ഗ്രാമപഞ്ചായത്തുകൾമുതൽ നഗരസഭകൾവരെയുള്ള ജനകീയപ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാകയാൽ മാനസികരോ ഗചികിത്സ ജനങ്ങളിലെത്തിക്കാൻ എളുപ്പമായി. മറ്റു രോഗങ്ങളു മായി താരതമ്യപ്പെടുത്തി നോക്കിയാൽ ഏറ്റവും കൂടുതൽ ശമനം കിട്ടുന്നത് മാനസികരോഗങ്ങൾക്കാണ്. ഏറ്റവും ചിലവുകുറഞ്ഞ ചികിത്സയും മാനസികരോഗങ്ങൾക്കുതന്നെ. ഇന്നും മാനസികരോഗങ്ങളെക്കുറിച്ചുള്ള അറിവുകൾ പരിമിതമാണ്. തലച്ചോറിലെ എൻസൈമുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചു ഘോരഘോരം പ്രസംഗിക്കുമ്പോൾ അത് കടലിൽനിന്നു കോരിയ ഒരു കൈക്കുമ്പിൾ ജലത്തിനെക്കുറിച്ചുള്ള പ്രസംഗമാണ്. മനസ്സിനെ അളക്കേണ്ടത് മനസ്സുതന്നെയാണ്. അളവുകോലിന് സ്വന്തം നീളമളക്കാൻ കഴിയുമോ? കൂടുതൽ ലേഖനങ്ങളും പ്രസം ഗങ്ങളും ജനങ്ങളിൽ ഭീതിപരത്താനേ പ്രയോജനപ്പെടൂ.

”വാഗൈ്വഖരീ ശബ്ദത്ധരീ
ശാസ്ത്രവ്യാഖ്യാന കൗശലം
വൈദൂഷ്യം വിദുഷാം തദ്വദ്
ഭുക്തയേ ന തു മുക്തയേ
~ശ്രീശങ്കരൻ, വിവേകചൂഡാമണി.

(ഉറക്കെ സംസാരിച്ച് ഒരു ശബ്ദപ്രവാഹമുണ്ടാക്കി, ശാസ്ത്രങ്ങളെ മിടുക്കുകാട്ടി വ്യാഖ്യാനിക്കാനുള്ള കഴിവുകാട്ടി നിൽക്കുന്നതും വിദ്വാനെന്ന പട്ടവും പണ്ഡിതന്മാർക്ക് ഊണിനു വകയുണ്ടാക്കുന്നുവെന്നല്ലാതെ മുക്തിക്ക് ഉതകുന്നതല്ല.)

മാനസികരോഗങ്ങളെ ഭയപ്പെടാതെ ലളിതമായി കണക്കാക്കി ജനം ചികിത്സ തേടണം. അധികാരവികേന്ദ്രീകരണംവഴി ഗ്രാമപഞ്ചായത്തുകൾക്ക് ഇന്ന് ബൃഹത്തായ ജനസമ്പർക്കമുണ്ട്. സാമ്പത്തികഭ്രദതയുണ്ട്. അപ്പോൾ പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള മാനസികരോഗചികിത്സ സുഗമമാകും.

തിരശ്ശീലയ്ക്കുപിന്നിൽനിന്ന്, സുന്ദർ എന്ന വ്യക്തി അഴിച്ചു വിട്ട കൊടുങ്കാറ്റ് കരിമേഘങ്ങളെ പറപ്പിച്ച് ഊർജ്ജസ്വലമായ രവി കിരണങ്ങളെ തടങ്കലിൽ കിടന്ന ആയിരങ്ങൾക്ക് ആശ്വാസമേകി പുറത്തുകൊണ്ടുവന്നു. ഒരു വ്യക്തിക്ക് ഒരു മഹാപ്രസ്ഥാനമാകാൻ കഴിഞ്ഞു. ഈ മഹാപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് മാദ്ധ്യമങ്ങൾ നൽകിയ സഹായങ്ങൾ വളരെ വലുതാണ്. ചെറുതും വലുതുമായ, അറിയപ്പെടുന്ന എല്ലാ പത്രമാസികകളും സഹായികളായിരുന്നു. ഇവിടെ എൻ.ആർ.എസ്.ബാബു, ആനന്ദ് പാർത്ഥസാരഥി, വേലപ്പൻ, ഗോപാൽരാജ് എന്നീ പേരുകൾ എടുത്തുപറേയണ്ടതായിട്ടുണ്ട്.

ഭാരതത്തിനകത്തുനിന്നും പുറത്തുനിന്നും അനേകർ ആരാഞ്ഞു - ഒരു ചെറിയ കാലയളവിൽ ഇതെങ്ങനെ സാധിച്ചു? ഇതി നുവേണ്ട പണം എവിടെനിന്നുണ്ടായി? ഈ നവോത്ഥാനപ്രസ്ഥാനത്തിന് ഒരു പണച്ചിലവും ഉണ്ടായില്ല. വേണ്ടിവന്നത് അധികാരത്തിലുള്ളവന്റെ ഒരു പോസിറ്റീവ് മാനസികാവസ്ഥ മാത്രമായിരുന്നു.

ഇനിയും ധാരാളം സുന്ദരന്മാരുണ്ടാവട്ടെ. സുന്ദരിമാരും.

ഡോ. പി.എൻ. ഗോപാലകൃഷ്ണൻ

പനമ്പിള്ളി നഗർ
എറണാകുളം
08.02.2007