close
Sayahna Sayahna
Search

EeBhranth-11


‌← സുന്ദർ

ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ
EeBhranth-02.jpg
ഗ്രന്ഥകർത്താവ് സുന്ദർ
മൂലകൃതി ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം പഠനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്സ്
വര്‍ഷം
2007
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 97

അനുബന്ധം

മാനസികരോഗാശുപത്രികളെക്കുറിച്ചുള്ള സർക്കാർ/നിയമസഭാ റിപ്പോർട്ടുകളിൽ നിന്നും ചില ഭാഗങ്ങൾ:

1983

പേരൂർക്കട ആശുപത്രിയിൽ അഡ്‌മിഷൻ മുതൽ തുടങ്ങുന്നു അഴിമതികളും കൈക്കൂലിയും എന്നാണ് പറഞ്ഞുകേൾക്കാറ്. ഡോക്ടർമാർക്ക് രോഗികളെ ക്യാൻവാസ് ചെയ്യാൻ ദല്ലാളന്മാരുണ്ടിവിടെ. മെഡിക്കൽ കോളേജ് സ്റ്റാഫും ഹെൽത്ത് ഡിപ്പാർട്ടുമെന്റ് സ്റ്റാഫും രണ്ട് ചേരിയിലാണ്. ആശുപത്രിയിലെ സിക്ക്‌ വാർഡിലൊരു സൗകര്യവുമില്ല. രോഗികൾ മരിച്ചാൽ അന്വേഷണം നടത്തുന്നതൊഴിവാക്കാൻ മാത്രമാണ് സിക്ക്‌ വാർഡുകൾ. കാരണം: സിക്ക്‌ വാർഡിൽ കിടന്നു മരിച്ചാൽ അന്വേഷണമില്ല.

ഏ.എസ്. കരുണാകരൻ, അസി. ജനറൽ സെക്രട്ടറി,
കേരള ഗവണ്മെന്റ് നേഴ്‌സസ് അസോസിയേഷൻ.

* * *

മദർ തെരേസയുടെ തിരുവനന്തപുരം ആശുപത്രി സന്ദർശനം ഉളവാക്കിയ ഒച്ചപ്പാടിനുശേഷം ചില അടിയന്തിര നടപടികളെടുത്തു. പക്ഷെ ജനശ്രദ്ധയും ഉന്നത അധികാരികളുടെ താൽപര്യവും കാലക്രമേണ വഴിമാറിയതും മെച്ചപ്പെടുത്താൻ മുമ്പു തുടങ്ങിയ നടപടികൾ പകുതിവഴിക്ക് ഉപേക്ഷിച്ചു.

* * *

പത്തുപേർക്കുള്ള വാർഡിൽ അറുപതുപേർ. കുടിയ്ക്കാൻ വെള്ളമില്ല. വാർഡുകളിൽ വെളിച്ചമില്ല. പൊട്ടിക്കീറിയ തറകൾ, തറയാകെ കുഴികൾ. ജീവനക്കാർ ആഹാരം വീട്ടിലേക്കു കൊണ്ടു പോകുന്നു… പേസ്റ്റോ പൽപ്പൊടിയോ ഇല്ല. രോഗികൾക്ക് മരുന്നു കൊടുക്കുന്നതുപോലും രോഗികളാണ്. ജീവനക്കാർ ആശുപത്രി വളപ്പിൽ നിന്ന് തടിപോലും വെട്ടിക്കൊണ്ടുപോകുന്നു.

ഒരു രോഗിയുടെ അച്ഛനായ പേരൂർക്കടനിവാസി.
(ഡോ. വി. കൃഷ്ണമൂർത്തി കമ്മീഷൻ റിപ്പോർട്ടിൽനിന്ന്)

* * *

1984

മാനസികരോഗാശുപത്രികളിൽ രോഗികളെ സംബന്ധിച്ച മെഡിക്കൽ റെക്കോർഡുകൾ സൂക്ഷിക്കുന്നതിൽ വേണ്ടത്ര പ്രാധാന്യവും ശ്രദ്ധയും കൊടുത്തു കണ്ടില്ല. ഈ പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണെന്ന് കമ്മിറ്റി കരുതുന്നു.

* * *

പുനരധിവാസപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതാണെങ്കിലും ഇക്കാര്യത്തിൽ മാനസികരോഗാശുപത്രികൾ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിട്ടില്ല എന്നുള്ളത് ഖേദകരമാണ്. രോഗം ഭേദമായിക്കൊണ്ടിരിക്കുന്നവരുടെ സ്ഥിതി മെച്ചപ്പെടുത്താനും രോഗം ഭേദമായവരുടെ സ്ഥിതി മെച്ചപ്പെടുത്താനും പുനരധിവാസപ്രവർത്തനങ്ങൾ സഹായകമാണ്.

പുനരധിവാസപ്രവർത്തനങ്ങളിൽ ഓക്കുപ്പേഷണൽ തെറപ്പിക്കു മുഖ്യസ്ഥാനമാണുള്ളതെന്ന് കമ്മിറ്റി മനസ്സിലാക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ശാസ്ത്രീയാടിസ്ഥാനത്തിൽ പരിപാടികൾ സംഘടിപ്പിക്കാൻ സാധിച്ചിട്ടില്ല. അതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ നടന്നിട്ടുള്ളതായി കമ്മിറ്റി കരുതുന്നില്ല.

* * *

സർക്കാരിന്റെ സാമ്പത്തികസഹായം അർഹിക്കുന്ന മാനസിക രോഗികളുണ്ട്. ഇക്കാര്യം തെളിവെടുപ്പുവേളയിൽ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതുമാണ്. മാനസികരോഗാശുപത്രികളുടെ പ്രവർത്തനങ്ങെളക്കുറിച്ച് അന്വേഷിക്കാൻ നിയുക്തനായ ശ്രീ.വി. കൃഷ്ണമൂർത്തിയും ഇത്തരം രോഗികൾക്ക് അൻപതു രൂപ നൽകണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. പരിഗണന അർഹിക്കുന്ന ക്ഷയരോഗികൾക്കും കുഷ്ഠരോഗികൾക്കും ഇന്ന് സാമ്പത്തികസഹായം നൽകി വരുന്നുണ്ട്. ഈ നിയമനുസരിച്ച് അർഹിക്കുന്ന മാനസിക രോഗികൾക്ക് വീട്ടിൽ വച്ച് ചികിത്സ തുടരുന്നതിനും മറ്റുമായി സാമ്പത്തിക സഹായം നൽകുന്നതിനുമുള്ള ഒരു പദ്ധതി ആവിഷ്‌കരിക്കണമെന്ന് കമ്മിറ്റി ശുപാർശചെയ്യുന്നു.

* * *

മാനസികരോഗാശുപത്രിയിലെ ഡോക്ടർമാർ തമ്മിലുള്ള സ്പർദ്ധയ്ക്കും മാത്സര്യത്തിനുമുള്ള പ്രധാനകാരണം പ്രൈവറ്റ് പ്രാക്ടീസാണെന്ന് അനുമാനിക്കുന്നതിൽ തെറ്റുണ്ടെന്ന് കമ്മിറ്റി കരുതുന്നില്ല. പ്രൈവറ്റ് പ്രാക്ടീസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഡോക്ടർക്ക് ആശുപത്രിക്കുള്ളിലെ രോഗികളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാൻ കഴിയില്ല.

അർപ്പണബോധത്തോടെ പ്രവർത്തിക്കാൻ ഇവർക്ക് കഴിയുകയുമില്ല. പ്രൈവറ്റ് പ്രാക്ടീസ് ഒരു കച്ചവടം പോലെ ആയിത്തീർന്നിട്ടുള്ളതായി കമ്മിറ്റി മനസ്സിലാക്കുന്നു. പ്രൈവറ്റ് പ്രാക്ടീസിന് കൂടുതൽ രോഗികളെ കിട്ടുന്നതിനുവേണ്ടി ചില ഏജന്റന്മാരുടെ സഹായവും സഹകരണവും ഉപയോഗപ്പെടുത്തിവരുന്നു.
(വി.എം. സുധീരൻ അദ്ധ്യക്ഷനായിരുന്ന കമ്മിറ്റിയുടെ റിപ്പോർട്ടിൽനിന്ന്)

* * *

1986

തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിൽ രാവിലെ ഒമ്പതു മണി മുതൽ പന്ത്രണ്ടുമണിവരെയും ഉച്ചയ്ക്കുശേഷം രണ്ടു മണി മുതൽ അഞ്ചു മണിവരെയും ബന്ധുക്കൾക്കു വാർഡുകളിൽപോയി രോഗികളെ സന്ദർശിക്കാവുന്നതാണ്. ആയിരത്തിെത്താള്ളായിരത്തി എൺപത്തിയഞ്ച് ഒക്‌ടോബർ മുതൽ ഈ സംവിധാനം തിരുവനന്തപുരത്തു നിലവിലുണ്ട്. തൃശൂരിലും ഈ സമ്പ്രദായം നടപ്പിലാക്കിയിട്ടുണ്ട്.

* * *

ദേശീയ മാനസികാരോഗ്യ പരിപാടി നിലവിൽ വരുന്നതോടെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾവഴി മാനസികരോഗികൾക്ക് സൗജന്യമായി മരുന്നുകൾ എത്തിച്ചുകൊടുക്കുവാനുള്ള സംവിധാനം ഉണ്ടാകുമെന്നതിനാൽ ഈ നിർദ്ദേശത്തിന്റെ (പെൻഷൻ) പ്രസക്തി അൽപ്പം കുറയുന്നുണ്ട്. അർഹിക്കുന്ന രോഗികൾക്ക് പ്രതിമാസം എഴുപത്തഞ്ചുരൂപയോളം ധനസഹായം നൽകുന്ന ഒരു സംവിധാനം ഇപ്പോൾത്തന്നെ നിലവിലുണ്ട്.
(എ.സി. ജോസ് അദ്ധ്യക്ഷനായിരുന്ന എസ്റ്റിമേറ്റ്‌സ് കമ്മിറ്റി റിപ്പോർട്ടിൽ നിന്ന്)

* * *

1996

ഇരുനൂറ് കട്ടിലുകൾമാത്രമേ ഇപ്പോൾ ഉപയോഗയോഗ്യമായുള്ളു. മുന്നൂറ് കട്ടിലുകൾ വാങ്ങുന്നതിനുള്ള അനുമതിക്കുവേണ്ടി ആരോഗ്യവകുപ്പു ഡയറക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മെത്തകളുടെ ഉപയോഗം ഭൂരിപക്ഷം രോഗികൾക്കും കാര്യക്ഷമമാകുന്നില്ല. കാരണം മൂട്ടകളുടെ ശല്യമാണ്. മൂട്ട കളയുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നുണ്ട്.

* * *

കാൻഫെഡ് എന്ന സന്നദ്ധസംഘടനയുടെ ഒരു പ്രവർത്തക ഈ കേന്ദ്രത്തിൽവന്ന് സ്ത്രീകളായ രോഗികൾക്ക് കഥകൾ പറ ഞ്ഞുകൊടുക്കുകയും പാട്ടുപാടിക്കേൾപ്പിക്കുകയും ഉത്തമഗ്രന്ഥങ്ങൾ വായിച്ചു കേൾപ്പിക്കുകയും ചെയ്യുന്നുണ്ട്. വിദ്യാകേന്ദ്രത്തിലുള്ള വായനശാലയിൽ പുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. വാർഡുക ളിൽനിന്നും രോഗികളെ ഈ കേന്ദ്രത്തിൽ കൊണ്ടുവന്ന് അവർക്കു വായിക്കുന്നതിനുള്ള സൗകര്യം ചെയ്തുെകാടുക്കുന്നുണ്ട്. ഈ പരിപാടി കൂടുതൽ പുരോഗമനമാക്കാൻ സന്നദ്ധസംഘടനകളുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

* * *

മനോരോഗം പൂർണ്ണമായോ ഭാഗികമായോ ഭേദപ്പെട്ട് വീട്ടുകാരുടെ പരിചരണത്തിൽ കഴിയാൻ പ്രാപ്തരായവർക്ക് പ്രതിമാസം ഇരുനൂറ് രൂപ സഹായധനമായി നല്കുന്നതിന് കമ്മിറ്റി ശുപാർശ ചെയ്യുന്നു.

* * *

മനോരോഗ ചികിത്സാരംഗം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിയമിക്കപ്പെട്ട കൃ ഷ്ണമൂർത്തി കമ്മീഷന്റെയും ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷന്റെയും റിപ്പോർട്ടുകളിലെ നടപ്പിലാക്കാത്ത ശുപാർശകൾ നടപ്പിലാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സമിതി ശക്തമായി ശുപാർശചെയ്യുന്നു.
(വി.എം. സുധീരൻ ചെയർമാനായിരുന്ന നിയമസഭാ കമ്മിറ്റി റിപ്പോർട്ടിൽനിന്ന്)

* * *

”ഒരു സമൂഹത്തിന്റെ ആത്മാവിൽനിന്നാവണം ഭ്രാന്താലയത്തിൽ ഇരുട്ടു പടരുന്നത്.”

—ഒരു ചിത്തരോഗി