close
Sayahna Sayahna
Search

പരിണാമത്തിന്റെ ഏണിപ്പടികൾ


പ്രപഞ്ചവും മനുഷ്യനും

പ്രപഞ്ചവും മനുഷ്യനും
PM cover.png
ഗ്രന്ഥകർത്താവ് കെ. വേണു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ശാസ്ത്രസാഹിത്യം
വര്‍ഷം
1970
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 346
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഏ താണ്ടു് നാനൂറ്റമ്പതു കോടിയോളം വർഷങ്ങൾക്കുമുമ്പു് ഭൂമി രൂപം കൊണ്ടുവെന്നും, അന്നുമുതൽ നൂറുകോടിയോളം വർഷങ്ങൾകൊണ്ടു് ഭൂമുഖത്തു നടന്ന രാസപരിവർത്തനങ്ങളുടെ ഫലമായി ഏതാണ്ടു മുന്നൂറ്റമ്പതു കോടി വർഷങ്ങൾക്കു മുമ്പു് ആദ്യത്തെ ജീവരൂപങ്ങളുടലെടുത്തു എന്നും മൂന്നാമദ്ധ്യായത്തിൽ നാം കാണുകയുണ്ടായി. അന്നു തുടങ്ങിയ ജൈവപരിണാമപരമ്പരയിലെ ആദ്യഘട്ടങ്ങളെക്കുറിച്ചു് വസ്തുനിഷ്ഠമായ തെളിവുകളധികമൊന്നും ഇന്നും ലഭ്യമല്ല. 310–320 കോടി വർഷങ്ങൾക്കുമുമ്പു് നിലനിന്നിരുന്നതെന്നു കണക്കാക്കപ്പെട്ടിട്ടുള്ള ചില പ്രാഥമിക സസ്യരൂപങ്ങൾ മാത്രമേ ജീവന്റെ ആദിരൂപങ്ങളുടെ പ്രതിനിധികളെന്ന നിലയ്ക്കു് ലഭ്യമായിട്ടുള്ളു. അതിനു മുമ്പുണ്ടായിരുന്ന ജീവരൂപങ്ങളെക്കുറിച്ചു് ഊഹിക്കാൻ മാത്രമേ നമുക്കിന്നു കഴിയുകയുള്ളു.

മൺമറഞ്ഞുപോയ ജീവികളെക്കുറിച്ചു് പഠിക്കുന്നതു് ഭൂമിയുടെ പലഭാഗങ്ങൾ ഖനനം ചെയ്തു്, ഭൂബാഹ്യപടലത്തിന്റെ വിവിധ പാളികളിൽ നിന്നായി ശേഖരിക്കുന്ന പുരാജീവാവശിഷ്ടങ്ങൾ ഉപയോഗിച്ചാണു്. ജലാശയങ്ങളുടെയും മറ്റും അടിത്തട്ടിലെ ചെളിയിൽ പൂണ്ടുപോകാനിടയുള്ള ജീവികൾ, ചിലപ്പോൾ പല കാരണങ്ങൾകൊണ്ടു് ആ ഭാഗം കട്ടപിടിച്ചു് പാറയാവുകയാണെങ്കിൽ അതേരൂപവും ഘടനയും ഉള്ള ശിലകളായി മാറും, അല്ലെങ്കിൽ, കക്കകളെയും ചിപ്പികളെയും മറ്റും പോലെ കരുത്താർന്ന കവചമുള്ള ജീവികളുടെ കവചങ്ങൾ അതേപടി ഇത്തരം ശിലാപാളികളിൽ സംരക്ഷിക്കപ്പെടും. അവയ്ക്കുമീതെ പിന്നെയും പല അടുക്കുപാറകളും മറ്റും വന്നു ചേരുകയും ചെയ്യും. ഇങ്ങനെ ഭൂമിയുടെ ഉപരിതലത്തിൽ രൂപം കൊണ്ടിട്ടുള്ള വിവിധതരത്തിലുള്ള പാറകളുടെയും മണ്ണിന്റെയും അടുക്കുകളെ ആസ്പദമാക്കിക്കൊണ്ടു് ഭൂമിയുടെ ഭൂതകാലചരിത്രത്തെ വിവിധ ഘട്ടങ്ങളിലായി ഭൂവൈജ്ഞാനികർ വിഭജിച്ചിരുന്നു. ഇങ്ങനെയുള്ള വിവിധ അടുക്കുകളുടെ പഴക്കം നിർണ്ണയിക്കപ്പെട്ടാൽ, ആ അടുക്കുകളിൽ നിക്ഷേപിക്കപ്പെട്ടിട്ടുള്ള ജീവികളുടെ പഴക്കവും നിർണ്ണയിക്കാമല്ലോ. ഭൂമിയുടെ വിവിധ പാളികളുടെയും അതോടനുബന്ധിച്ചുള്ള ജീവാശ്മങ്ങളുടെയും പഴക്കം നിർണ്ണയിക്കുന്നതിനു ചില പ്രത്യേക പരീക്ഷണമാർഗ്ഗങ്ങൾ ഉപയോഗിച്ചു വരുന്നു. യുറേനിയം തുടങ്ങിയ റേഡിയോപ്രസരണവസ്തുക്കൾ നിരന്തരം റേഡിയോ തരംഗങ്ങൾ വിക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നവയാകയാൽ കാലക്രമത്തിൽ അവ വ്യത്യസ്ത മൂലകങ്ങളായിത്തീരും. യുറേനിയം ഈ മാറ്റത്തിനുശേഷം ഇയ്യമായി മാറുകയാണു ചെയ്യുന്നതു്. ഇന്നു ഭൂമുഖത്തുള്ള ഇയ്യം മുഴുവനും ഇങ്ങനെ റേഡിയോപ്രസരവസ്തുക്കൾ രൂപാന്തരീകരിച്ചുണ്ടായതാണു്. ഒരു നിശ്ചിത അളവു് ഇയ്യം ഇപ്രകാരമുണ്ടാകുന്നതിനുവേണ്ട കാലയളവു് കണക്കാക്കപ്പെട്ടിട്ടുണ്ടു്. അതിന്റെ അടിസ്ഥാനത്തിൽ ഒരു പ്രത്യേക ജീവാശ്മത്തോടൊപ്പമോ, പാറകളുടെ ഒരു പ്രത്യേക അടുക്കിലോ ഉള്ള ഇയ്യത്തിന്റെ അളവിൽ നിന്നു് അവയുടെ പഴക്കം കണക്കാക്കാൻ കഴിയും. അടുത്തകാലത്തായി ജീവാശ്മങ്ങളുടെ അഥവാ ഫോസ്സിലുകളുടെ പഴക്കം നിർണ്ണയിക്കാൻ മറ്റൊരു സമ്പ്രദായമുപയോഗിച്ചു വരുന്നുണ്ടു്. റേഡിയോപ്രസരകാർബണി (C14)-ന്റെയും സാധാരണ കാർബണി (C12)-ന്റെയും ആപേക്ഷികമായ അളവു് തിട്ടപ്പെടുത്തിയിട്ടാണു് ഈ കണക്കുകൂട്ടൽ നടത്തുന്നതു്. അന്തരീക്ഷത്തിൽ നിന്നു നേരിട്ടോ പരോക്ഷമായോ ജീവികൾ റേഡിയോപ്രസരണ കാർബണെ ഉൾക്കൊള്ളുന്നുണ്ടു്. അതൊരു നിശ്ചിത തോതിൽ നശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഏതാണ്ടു് 5600 വർഷങ്ങൾക്കുശേഷം റേഡിയോപ്രസര കാർബണിന്റെ തോതു് സാധാരണ ജീവിയിലുള്ളതിന്റെ പകുതിയായി കുറയുമെന്നു കണക്കാക്കപ്പെട്ടിട്ടുണ്ടു്. ഈ സമ്പ്രദായമുപയോഗിച്ചു ജീവാശ്മങ്ങളിലുള്ള റേഡിയോപ്രസരകാർബണിന്റെ അളവു് തിട്ടപ്പെടുത്തിയാൽ അതിന്റെ പഴക്കം കണ്ടുപിടിക്കാം. ഇതുപോലെ പൊട്ടാസ്യത്തിലടങ്ങിയിട്ടുള്ള റേഡിയോപ്രസര ഐസോട്ടോപ്പിന്റെ പരിവർത്തനം കണക്കാക്കിയും ഇവയുടെ പഴക്കം കണ്ടുപിടിക്കാവുന്നതാണു്.

ഭൂവിജ്ഞാനീയ സമയവിവരപ്പട്ടിക

ഈ വിധത്തിൽ ഭൂമിയുടെ ഉപരിതലത്തിലെ വിവിധ പാളികളുടെ പഴക്കം നിർണ്ണയിക്കുകവഴി, ചരിത്രാതീത ഭൂതകാലത്തെ വിവിധ ഘട്ടങ്ങളായി തിരിക്കാൻ ഭൂവൈജ്ഞാനികർക്കു കഴിഞ്ഞിട്ടുണ്ടു്. ജീവികളുടെ അവശിഷ്ടങ്ങൾ അഥവാ ഫോസ്സിലുകൾ ഉറച്ച പുറംതോടോ അസ്ഥികൂടമോ ഉള്ളവയുടേതാണധികവും ലഭിച്ചിട്ടുള്ളതു്. എന്നാൽ ജൈവപരിണാമത്തിലെ ഏറ്റവും ദീർഘമേറിയ ആദ്യഘട്ടങ്ങളിലെല്ലാം അസ്ഥികളോ ബാഹ്യകവചങ്ങളോ ഇല്ലാത്ത ലോലമാംസള ജീവികളാണു് നിലനിന്നിരുന്നതു് എന്നതുകൊണ്ടു് അവയുടെ അവശിഷ്ടങ്ങളൊന്നും കാര്യമായി ഭൂമിയുടെ പുറം പാളികളിൽ സംരക്ഷിക്കപ്പെട്ടിട്ടില്ല. തന്മൂലം അവയെക്കുറിച്ചു വസ്തുനിഷ്ഠമായ അറിവു് സമ്പാദിക്കാൻ നമുക്കിന്നു കഴിയുന്നില്ല.

ഇക്കാരണത്താൽ, 350 കോടി വർഷം നീണ്ടുനിന്ന ജൈവപരിണാമ ചരിത്രത്തിൽ ഇക്കഴിഞ്ഞ 50 കോടി വർഷത്തെക്കുറിച്ചു മാത്രമെ നമുക്കു വ്യക്തമായ ധാരണ ലഭിച്ചിട്ടുള്ളു. അന്നുമുതൽക്കിങ്ങോട്ടുള്ള കാലഘട്ടത്തെയാണു് ഭൂവിജ്ഞാനീയ സമയവിവരപ്പട്ടിക എന്നു പറയുന്നതു്. ഈ സമയവിവരപ്പട്ടികയിലെ ഏകകങ്ങൾ മണിക്കൂറുകളും മിനിറ്റുകളും സെക്കന്റുകളുമല്ല; മഹാകല്പങ്ങളും കല്പങ്ങളും യുഗങ്ങളുമാണു്. ഇവയുടെയെല്ലാം കാലയളവാകട്ടെ ലക്ഷക്കണക്കിനും കോടിക്കണക്കിനും വർഷങ്ങളുമാണു്.

ജൈവപരിണാമ ചരിത്രകാലഘട്ടത്തെ മൊത്തത്തിൽ നാലു മഹാകല്പങ്ങളാക്കി തിരിച്ചിരിക്കുന്നു. നമ്മുടെ ഈ കാലഘട്ടം മുതൽ പിന്നോട്ടു് 6{\frac1 4}–7 കോടി വർഷം മുമ്പുവരെയുള്ള കാലഘട്ടത്തെ സീനോസോയിക് മഹാകല്പമെന്നു പറയുന്നു. ഇതാണു് നാലു മഹാകല്പങ്ങളിലും വച്ചു് ആധുനികമായിട്ടുള്ളതു്. അതിനുമുമ്പുള്ള മഹാകല്പത്തെ മീസോസോയികു് അഥവാ മധ്യമഹാകല്പം എന്നു വിളിക്കുന്നു. ഏതാണ്ടു് 22{.5} കോടി വർഷങ്ങൾക്കു മുമ്പാരംഭിച്ചു് സീനോസോയികു് മഹാകല്പത്തിൽ ഇതവസാനിക്കുന്നു. മീസോസോയിക്കിനു മുമ്പുള്ളതാണു് പാലിയോസോയിക് അഥവാ പ്രാചീന മഹാകല്പം. ഇതു് ഏതാണ്ടു് 55 കോടി വർഷങ്ങൾക്കുമുമ്പാരംഭിച്ചു് മീസോസോയിക്കിന്റെ ആരംഭത്തിലവസാനിക്കുന്നു. ഈ പ്രാചീന മഹാകല്പത്തിന്റെ ആരംഭം മുതൽക്കിങ്ങോട്ടുള്ള 55 കോടി കാലത്തെ പരിണാമചരിത്രത്തെക്കുറിച്ചു മാത്രമേ നമുക്കിപ്പോൾ വസ്തുനിഷ്ഠമായ തെളിവുകൾ ലഭിച്ചിട്ടുള്ളു. ഇതിനു് മുമ്പുള്ള ഏതാണ്ടു് 300 കോടി വർഷക്കാലത്തെ മുഴുവനും കൂടി പ്രികേംബ്രിയൻ മഹാകല്പമെന്നു പറയുന്നു.

പ്രികേംബ്രിയൻ മഹാകല്പത്തിൽ അത്യധികം പരിണാമപരമായ പരിവർത്തനങ്ങൾ നടക്കുകയുണ്ടായി. ജീവികളുടെ ഘടനാപരവും മറ്റുമായ പരിണാമപരമായ ബന്ധങ്ങളെ ആസ്പദമാക്കിക്കൊണ്ടു് ഏതേതു ജീവികളാണു് ആദ്യമുണ്ടായതെന്നും, അവയിൽനിന്നു് ഏതേതു വിഭാഗങ്ങൾ പരിണമിച്ചു എന്നും ഏറെക്കുറെ മനസ്സിലാക്കാൻ നമുക്കിന്നു കഴിയുന്നുണ്ടു്. തന്മൂലം, പ്രികേംബ്രിയൻ മഹാകല്പത്തിലെ പരിണാമചരിത്രത്തിനുള്ള തെളിവുകൾ ഭൂവിജ്ഞാനത്തിനു് നൽകാൻ കഴിഞ്ഞിട്ടില്ലെങ്കിലും അന്നു നടന്ന പരിണാമഗതികളെക്കുറിച്ചു് ഒരേകദേശചിത്രം രൂപീകരിക്കാൻ നമുക്കിന്നു കഴിയും.

പ്രാഥമിക ജീവികൾ

ഇന്നു നിലവിലുള്ള ജീവികളിൽ ഏറ്റവും പ്രാഥമികമായിട്ടുള്ളതു് ബാക്ടീരിയങ്ങളും ഏകകോശജീവികളായ പ്രോട്ടോസോവനുകളുമാണു്. വൈറസുകൾ ഘടനയിൽ ഇവയെക്കാൾ ലളിതങ്ങളാണെങ്കിലും, പരിണാമഗതിയിൽ ക്ഷയോന്മുഖമായ പരിവർത്തനഫലമായി അവ രൂപം പ്രാപിച്ചതാണെന്നു് കരുതപ്പെടുന്നു. പ്രികേംബ്രിയൻ മഹാകല്പത്തിലെ ആദ്യഘട്ടം മുഴുവനും ഈ ഏകകോശജീവികളാൽ ഭൂമിയിലെ സമുദ്രങ്ങൾ നിറഞ്ഞു നിന്നിരിയ്ക്കും. സസ്യകോശജീവികളിൽ അന്നു് ഒട്ടേറെ വൈവിധ്യമാർന്ന ജാതികൾ ഉടലെടുത്തിരിക്കും. ഇന്നുതന്നെ ആയിരക്കണക്കിനു് ഏകകോശജീവജാതികൾ നിലനിൽക്കുന്ന സ്ഥിതിക്കു് അന്നു് അവയുടെ വൈവിധ്യം അത്യന്തം വിപുലമായിരുന്നിരിയ്ക്കണം.

ബഹുകോശജീവികളുടെ പ്രാഥമിക പ്രതിനിധികളായി കണക്കാക്കപ്പെടുന്ന ഹൈഡ്രനുകളും ജെല്ലിമത്സ്യങ്ങളുമെല്ലാമടങ്ങുന്ന സിലിണ്ടറേറ്റുകൾ ഏകകോശജീവികളിൽനിന്നു് ഉടലെടുത്തവയാണു്. അന്നുമുതലിന്നു വരെ, വളരെ ചെറിയ പരിണാമങ്ങൾക്കു മാത്രം വിധേയമായിക്കൊണ്ടു് അവ നിലനിന്നുപോരുന്നു. സിലിണ്ടറേറ്റുകളുടെ ശരീരം പ്രധാനമായും രണ്ടുപാളി കോശങ്ങളാൽ നിർമ്മിതമാണു്. എന്നാൽ ഇവയേക്കാൾ പുരോഗതിപ്രാപിച്ച പരപ്പൻ പുഴുക്കൾ മൂന്നുപാളി കോശങ്ങളാൽ നിർമ്മിക്കപ്പെട്ടവയാണു്. ഈ പരപ്പൻ പുഴുക്കൾ സിലിണ്ടറേറ്റുകളിൽ നിന്നാണു് ഉടലെടുത്തതെന്നും കരുതപ്പെട്ടിരുന്നു. എന്നാൽ ഇവ പാരമേസിയത്തെപ്പോലുള്ള ഏകകോശജീവികളിൽനിന്നുതന്നെ പരിണമിച്ചുണ്ടായതാണെന്നു് ഇപ്പോൾ കണക്കാക്കാൻ തുടങ്ങിയിട്ടുണ്ടു്.

പരപ്പൻ പുഴുക്കളുടെ വിഭാഗത്തിൽപ്പെട്ട മറ്റു ജീവികളാണു് നാടപ്പുഴുക്കളും ഉരുളൻ പുഴുക്കളും മറ്റും. ഇവയെ തുടർന്ന് ഒട്ടേറെ വ്യത്യസ്തസ്വഭാവങ്ങളോടുകൂടിയ ചെറുവിഭാഗങ്ങൾ രംഗപ്രവേശം ചെയ്തു. അവയിൽ ചിലതു് പരിണമിച്ചിട്ടാണു്, ഇന്നത്തെ മണ്ണിരകളും മറ്റുമുൾപ്പെടുന്ന അന്നലിഡാവിഭാഗം ജന്തുക്കളുണ്ടായതു്. ഇവയുടെ ശരീരം, അവയ്ക്കു മുമ്പുള്ളവയെ അപേക്ഷിച്ചു് കൂടുതൽ സങ്കീർണ്ണവും കഴിവുറ്റതുമായിരുന്നു. അന്നലിഡുകളിൽനിന്നു് വിവിധതരം ജീവവിഭാഗങ്ങളുടലെടുക്കുകയുണ്ടായി. അവയിൽ ചിലതു് ചെമ്മീനുകളും ഞണ്ടുകളും മറ്റുമുൾക്കൊള്ളുന്ന ആർത്രോപ്പോഡ വിഭാഗത്തിനു് ജന്മമേകി. ആർത്രോപ്പോഡ വിഭാഗത്തിൽ തന്നെ പെടുന്ന ഷഡ്പദങ്ങൾ അഥവാ കീടങ്ങളും ഇത്തരമൊരു വിഭാഗത്തിൽനിന്നു് പരിണമിച്ചുണ്ടായതാണെന്നു് കണക്കാക്കപ്പെടുന്നു. കക്കകളും ചിപ്പികളും ശംഖുകളുമെല്ലാമുൾപ്പെടുന്ന മൊളസ്കവിഭാഗവും ഇതുപോലൊരു വിഭാഗത്തിൽ നിന്നുടലെടുത്തതാണെന്നു് കരുതിപ്പോരുന്നു. ആർത്രോപ്പോഡുകളിൽ പെട്ട ചില വിഭാഗങ്ങളിൽനിന്നാണു്, നട്ടുല്ലുള്ള ജന്തുക്കളുടെ പ്രാഥമിക രൂപങ്ങളുമായി ബന്ധമുള്ള ചില ജീവികൾ ഉടലെടുത്തതെന്നു കരുതാൻ ന്യായമുണ്ടു്. അവയിൽനിന്നായിരിക്കണം നട്ടെല്ലുള്ള ജീവികളിൽ പെട്ട ആദിമജന്തുക്കളുടലെടുത്തതു്.

ആർത്രോപ്പോഡുകളിലും മൊളസ്കുകളിലും പെട്ട ജന്തുക്കൾക്കു് കട്ടിയേറിയ ബാഹ്യകവചമുള്ളതുകൊണ്ടു് അവയുടെ അവശിഷ്ടങ്ങൾ ഒട്ടേറെ ജീവാശ്മങ്ങളായി അതിപുരാതനകാലത്തെ ശിലാപാളികളിൽനിന്നും മറ്റും കണ്ടുകിട്ടിയിട്ടുണ്ടു്. ഏതാണ്ടു് 55 കോടി വർഷങ്ങൾക്കു മുമ്പാരംഭിച്ച പാലിയോസോയിക് മഹാകല്പത്തിന്റെ ആരംഭത്തിൽ ഇത്തരം ജീവികളുടെ ഫോസ്സിലുകൾ അസംഖ്യം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടു്. പാലിയോസോയിക് മഹാകല്പത്തിന്റെ ആരംഭകാലത്തെ 7–9 കോടി വർഷങ്ങളെ കേംബ്രിയൻ കല്പമെന്നു വിളിക്കുന്നു. പാലിയോസോയിക് മഹാകല്പത്തെ ഏഴു കല്പങ്ങളായി തിരിച്ചിട്ടുള്ളതിൽ ആദ്യത്തേതാണിതു്. ഈ കല്പത്തിൽ സമുദ്രത്തിലും കടലുകളിലും മാത്രമേ ജീവികളുണ്ടായിരുന്നുള്ളു. കടലിൽതന്നെ നട്ടെല്ലുള്ള ജന്തുക്കളൊന്നും തന്നെ ആവിർഭവിച്ചിരുന്നില്ല. അതുപോലെ ആ കാലത്തു് പുഷ്പങ്ങളോ ചെടികളോ മരങ്ങളോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. സസ്യലോകത്തിന്റെ പ്രതിനിധികളായി നിലനിന്നിരുന്നതു് കടൽക്കളകൾ മാത്രമായിരുന്നു.


ഭൂവിജ്ഞാനീയസമയപ്പട്ടിക

Pm-tbl-165.png


നട്ടെല്ലുള്ള ജന്തുക്കൾ

പാലിയോസോയിക് മഹാകല്പത്തിലെ അടുത്ത കല്പമായ ഓർഡോവിഷ്യൻ 48 കോടി വർഷങ്ങൾക്കുമുമ്പാരംഭിക്കുകയും 4.5 കോടി വർഷങ്ങളോളം നിലനിൽക്കുകയും ചെയ്തു. ഈ കാലഘട്ടത്തിലാണു് ആദ്യത്തെ പ്രാഥമിക മത്സ്യങ്ങൾ പ്രത്യക്ഷപ്പെടുന്നതു്. നട്ടെല്ലുള്ള ജീവികളിലെ ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ പ്രതിനിധികളാണിവ. ഈ ഘട്ടത്തിലും 3 കോടി കൊല്ലം നീണ്ടുനിന്ന അടുത്ത കല്പമായ സൈലൂറിയനിലും വൈവിധ്യമാർന്ന രീതിയിൽ മത്സ്യങ്ങൾ പരിണമിക്കുകയും വ്യത്യസ്ത മത്സ്യജാതികൾ ആവിർഭവിക്കുകയും ചെയ്തു. കരയിലെ പ്രാഥമിക സസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നതു് സൈലൂറിയൻ കല്പത്തിലാണു്. അതുപോലെ തന്നെ ചിലതരം മത്സ്യങ്ങളിൽ ശ്വാസകോശങ്ങൾക്കു തുല്യമായ അവയവങ്ങൾ ഉടലെടുക്കുകയും അവ കരയിലേക്കു അല്പാല്പം കയറിക്കൂടാൻ ആരംഭിക്കുകയും ചെയ്തിരുന്നു.

40.5 കോടി വർഷങ്ങൾക്കുമുമ്പാരംഭിച്ചു് 6.5 കോടിയോളം വർഷം നീണ്ടുനിന്ന അടുത്ത കല്പമായ ഡിവോണിയനിലാണു്, കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിവുള്ള തവളയുടെ വംശത്തിൽപ്പെട്ട ഉഭയവാസികൾ പ്രത്യക്ഷപ്പെട്ടതു്. ജൈവപരിണാമ ചരിത്രത്തിലെ സുപ്രധാനമായ ഒരു ഘട്ടമായിരുന്നു ഇതു്. കാരണം, വിജനമായി കിടന്നിരുന്ന വിശാലമായ കരകളെ സജീവമാക്കിത്തീർക്കുകയും തുടർന്നുള്ള അത്ഭുതാവഹമായ പരിണാമങ്ങൾക്കു് കളമൊരുക്കുകയും ചെയ്തതു് ഈ ജന്തുവിഭാഗങ്ങളുടെ കരയിലേയ്ക്കുള്ള രംഗപ്രവേശമായിരുന്നു. ഇതേസമയത്തുതന്നെ, സമുദ്രത്തിലെന്നപോലെ ശുദ്ധജലാശയങ്ങളിലും മത്സ്യങ്ങൾ വൈവിധ്യത്തിലും എണ്ണത്തിലും പെരുകിക്കൊണ്ടിരുന്നു.

നാലുകോടി വർഷം നീണ്ടുനിന്ന മിസിസിപ്പിയൻ കല്പമാണടുത്തതു്. ഈ ഘട്ടത്തിലാണു്, അസ്ഥിമത്സ്യങ്ങളിൽനിന്നു് വ്യത്യസ്തമായ സ്രാവുകളെപ്പോലുള്ള തരുണാസ്ഥിമത്സ്യങ്ങൾ അത്യധികമായി പെരുകിയതു്. ഈ സമയത്തു്, ഈർപ്പമുള്ള ചർമ്മത്തോടുകൂടിയ തവളകളെപ്പോലുള്ള ഉഭയവാസികൾ നദികളുടേയും തടാകങ്ങളുടേയും കരയിൽ അലഞ്ഞു നടക്കുന്നുണ്ടായിരുന്നു. ഈർപ്പമുള്ള ചർമ്മം വരണ്ടുപോകാതിരിക്കാനായി അവയ്ക്ക് ഇടയ്ക്കിടെ വെള്ളത്തിലേയ്ക്കു് തിരിച്ചുവരേണ്ടിയിരുന്നു. മാത്രമല്ല, മുട്ടയിടാനും കുഞ്ഞുങ്ങൾക്കു വളരാനും ജലത്തെത്തന്നെ ആശ്രയിക്കാൻ അവർ നിർബന്ധിതരായിരുന്നു. ഈ കാലത്തു് ഭൂമിയാകെ പുൽച്ചെടികളെക്കൊണ്ടും പായലുകളെക്കൊണ്ടും നിറഞ്ഞുകഴിഞ്ഞിരുന്നു.

മുപ്പതുകോടി വർഷങ്ങൾക്കുമുമ്പാരംഭിച്ചതും നാലുകോടി വർഷം നീണ്ടുനിന്നതുമായ അടുത്ത കല്പം പെൻസിൽവേനിയൻ എന്നറിയപ്പെടുന്നു. ഈ കാലഘട്ടത്തിലാണു് ആദ്യത്തെ ഇഴജന്തുക്കൾ പ്രത്യക്ഷപ്പെടുന്നതു്. ഉഭയവാസികളുടെയും ഇഴജന്തുക്കളുടെയും പൊതു പൈതൃകസ്ഥാനം അല% ങ്കരിച്ച ഏതോ പ്രാഥമിക ഉഭയജീവിയിൽ നിന്നാണു് ഇഴജന്തുക്കൾ ആവിർഭവിച്ചതു്. ഇന്നത്തെ പല്ലി, അരണ, പാമ്പു്, ആമ, മുതല തുടങ്ങിയവയെല്ലാം ഇഴജന്തുക്കളാണു്. പക്ഷേ, ഇവയെല്ലാം അന്നത്തെ പ്രാഥമിക ജന്തുക്കളിൽനിന്നു് പിൽക്കാലത്തു് പരിണമിച്ചുണ്ടായവയാണു്. ഇതേ കാലഘട്ടത്തിൽതന്നെ, ഭൂമിയുടെ വിവിധഭാഗങ്ങളിലായി വമ്പിച്ച വനങ്ങൾ വളർന്നുവരികയുണ്ടായി. ഈ സമയത്തെ ഇഴജന്തുക്കളുടെ ചർമ്മം, ശുഷ്ക്കിച്ചതായിരുന്നതുകൊണ്ടു് അവയ്ക്കു് ശരീരത്തിലെ ജലം നഷ്ടപ്പെടാതെ കഴിക്കാനും അങ്ങനെ ഉഭയവാസികളെപ്പോലെ ജലത്തെ ആശ്രയിക്കാതിരിക്കാനും കഴിഞ്ഞു. സുരക്ഷിതകവചത്തോടുകൂടിയ ഇഴജന്തുക്കളുടെ മുട്ടകൾ ജലത്തെ ആശ്രയിക്കാതെ കുഞ്ഞുങ്ങൾക്കു വളരാനുള്ള സാഹചര്യമൊരുക്കി.

പാലിയോസോയിക് മഹാകല്പത്തിലെ അവസാനകല്പമായ പെർമിയനാണു് അടുത്തതു്. 26 കോടി വർഷങ്ങൾക്കു മുമ്പാരംഭിച്ച അതു 3.5 കോടി വർഷം നീണ്ടുനിന്നു. ഈ കാലഘട്ടത്തിൽ കോണിഫർ (സൂചിമുന) മരങ്ങൾ അത്യധികം വളർന്നു പെരുകുകയുണ്ടായി. അതുപോലെ പനമരങ്ങളുടെയും മറ്റും ബന്ധുക്കളും രംഗപ്രവേശം ചെയ്തു. വരണ്ട ചർമ്മത്തോടു കൂടിയ ഇഴജന്തുക്കൾ വളരെയേറെ വളർന്നു വികസിച്ചു. ഭൂമിയുടെ വൻകരകൾ പലതും ഇവയുടെ സാമ്രാജ്യങ്ങളായി മാറി. കരയിൽ ഇവയെ ആക്രമിക്കാൻ പറ്റിയ ജന്തുക്കളൊന്നും അന്നുണ്ടായിരുന്നില്ലല്ലോ.

ദിനോസോറുകൾ

പാലിയോസോയിക് മഹാകല്പത്തിനു ശേഷമുള്ള മിസോസോയിക് മഹാകല്പമാണടുത്തതു്. ഈ മഹാകല്പത്തെ മൂന്നു കല്പങ്ങളായി വിഭജിച്ചിരിക്കുന്നു — ട്രയാസിക്, ജുറാസിക്, ക്രെട്ടേഷ്യസ്. ഇതിലാദ്യത്തേതായ ട്രയാസിക് കല്പം 22.5 കോടി വർഷങ്ങൾക്കു മുമ്പാരംഭിക്കുകയും 4.5 കോടി വർഷം നിലനില്ക്കുകയും ചെയ്തു. ഇഴജന്തുക്കളിൽ പെട്ട അത്ഭുതാവഹമായ ഒരു വിഭാഗം ജന്തുക്കൾ ആവിർഭവിച്ചതു് ഈ കല്പത്തിലാണു്. നമുക്കൂഹിക്കാൻപോലും കഴിയാത്തത്ര വലിയ ഭീമാകാര ജന്തുക്കളായിരുന്നു ഇവ. ദിനോസോറുകൾ എന്നാണിവ അറിയപ്പെട്ടിരുന്നതു്. 80-ഉം 100-ഉം അടി നീളവും, 20–30 അടി ഉയരവുമുണ്ടായിരുന്ന ചില പർവ്വതസദൃശജന്തുക്കളും ഇവയിലുൾപ്പെട്ടിരുന്നു. സാധാരണയിൽ കവിഞ്ഞ ഈ ശാരീരിക വളർച്ച തന്നെയാണു് പിൽക്കാലത്തു് ഇവയെ ഉന്മൂലനം ചെയ്തതു്.

അടുത്ത കല്പമായ ജുറാസിക് 18 കോടി വർഷങ്ങൾക്കു മുമ്പാണാരംഭിച്ചതു്. അതിന്റെ കാലയളവു് 5 കോടി വർഷമായിരുന്നു. ദിനോസോറുകൾ ഭൂമിയെ അടക്കി ഭരിച്ചിരുന്നതു് ഈ കാലത്താണു്. അവ അത്രയധികം പെരുകിയിരുന്നു. ഇതേ സമയം അതിപ്രധാനങ്ങളായ ചില പരിണാമങ്ങൾ കൂടി നടക്കുന്നുണ്ടായിരുന്നു. താരതമ്യേന ചെറിയ ഒരു വിഭാഗം ദിനോസോറുകളിൽനിന്നു് പറക്കാൻ കഴിവുള്ള ചില ജന്തുക്കൾ ഈ കാലഘട്ടത്തിൽ ഉടലെടുക്കുകയുണ്ടായി. ഇഴജന്തുക്കളുടേതു പോലത്തെ വാലും പല്ലുകൾ നിറഞ്ഞ താടിയും, അതേസമയം പക്ഷികളെപ്പോലെ ചിറകുമുള്ള ഒരു തരം ജന്തുക്കൾ ഈ സമയത്തു് രംഗപ്രവേശം ചെയ്തു. ഇവയാണു് ആധുനിക പക്ഷിയുടെ പൂർവികരായി തീർന്നതു്. മറ്റൊരു വിഭാഗം പ്രാഥമിക ഇഴജന്തുക്കളിൽനിന്നു്, കുഞ്ഞുങ്ങളെ പ്രസവിച്ചു് മുലകൊടുത്തു് വളർത്തുന്ന സസ്തനികളുടെ വിഭാഗത്തിൽപെട്ട വളരെ ചെറിയ ചില ജന്തുക്കൾ ആവർഭവിക്കുകയുണ്ടായി. പിൽക്കാലത്തെ സസ്തനികളുടെയെല്ലാം പൂർവ്വികരായിത്തീർന്നതു് ഇവയായിരുന്നു.

മിസോസോയികു് മഹാകല്പത്തിലെ അവസാനകല്പമായ ക്രെട്ടേഷ്യസ് 13 കോടി വർഷങ്ങൾക്കു മുമ്പാരംഭിച്ചു് 6 കോടി വർഷങ്ങളോളം നിലനിന്നു. പർവതാകാരദേഹികളായ ദിനോസോറുകൾ തങ്ങളുടെ ഭാരിച്ച ദേഹം താങ്ങാനാവാതെയും കൂടുതൽ ബുദ്ധിശക്തിയുള്ള ചെറിയ സസ്തനികളെയും മറ്റു ഇഴജന്തുകളെയും നേരിടാനാവാതെയും അപ്രത്യക്ഷപ്പെടാൻ തുടങ്ങിയതു് ഈ കാലഘട്ടത്തിലാണു്. ഈ കല്പത്തിന്റെ അന്ത്യത്തോടുകൂടി ദിനോസോറുകളെല്ലാം ഏതാണ്ടു് അപ്രത്യക്ഷമാവുകയുണ്ടായി. ആധുനിക സസ്യസമൂഹങ്ങളോടു സാദൃശ്യം പുലർത്തുന്ന സസ്യങ്ങൾ ഭൂമുഖത്തു് വലിയ തോതിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതും ഈ കല്പത്തിലാണു്.

സസ്തനികൾ

അവസാന മഹാകല്പമായ സീനോസോയിക്കാണു് ഇനിയുള്ളതു്. 6.5–7 കോടി വർഷങ്ങൾക്കു മുമ്പാണിതു് ആരംഭിച്ചതു്. രണ്ടു കല്പങ്ങളായി ഇതിനെ തിരിച്ചിരിക്കുന്നു — നമുക്കേറ്റവുമടുത്ത 20 ലക്ഷം വർഷങ്ങളടങ്ങുന്ന ക്വാർടർനറികല്പവും ബാക്കിയുള്ള ടെർഷ്യറി കല്പവും. ഇതിൽ ടെർഷ്യറി കല്പത്തെ അഞ്ചു യുഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഇതിലാദ്യത്തേതു് പാലിയോസീൻ യുഗമാണു്. 65–70 ദശലക്ഷം വർഷങ്ങൾക്കു മുമ്പാരംഭിക്കുകയും 10–15 ദശലക്ഷം വർഷങ്ങൾ നീണ്ടുനിൽക്കുകയും ചെയ്തു ഇതു്. ഈ യുഗത്തിലാണു് ആദ്യത്തെ പ്ളാസന്റാ സസ്തനികൾ ഉടലെടുത്തതു്.

17 ദശലക്ഷം വർഷം നീണ്ടുനിന്ന അടുത്ത യുഗമായ ഇയോസീനിലാണു് സപുഷ്പികളായ സസ്യങ്ങൾ ആവിർഭവിച്ചതു്. പിന്നത്തെ 11 ദശലക്ഷം വർഷങ്ങളിലെ ഒലിഗോസീൻ യുഗത്തിലാണു്, കന്നുകാലികളെപ്പോലുള്ള വലിയ മേഞ്ഞുനടക്കുന്ന സസ്തനികൾ ഏറ്റവും അധികം ജന്മമെടുത്തതു്. പിന്നത്തെ 17 ദശലക്ഷം വർഷങ്ങളിൽ മയോസീൻ യുഗത്തിൽ — തിമിംഗലങ്ങളെപ്പോലുള്ള വലിയ ജലവാസികളായ ഭീമാകാരസസ്തനികൾ ഏറ്റവും അധികം വളർച്ച പ്രാപിച്ചു. ഇതേ ഘട്ടത്തിൽ തന്നെയാണു് ഇന്നത്തെ മനുഷ്യരെല്ലാമുൾപ്പെടുന്ന പ്രൈമേറ്റുകൾ എന്ന സസ്തനി വിഭാഗത്തിലെ ഒരു പ്രധാന വിഭാഗമായ ആൾക്കുരങ്ങുകൾ വളരെയധികം പ്രത്യക്ഷപ്പെടാൻ തുടങ്ങിയതു്. ടെർഷ്യറി കല്പത്തിലെ അവസാന യുഗമായ പ്ലയോസീൻ 8 ദശലക്ഷം വർഷങ്ങൾ നീണ്ടുനിന്നു. പുലി, സിംഹം തുടങ്ങിയ വലിയ മാംസഭുക്കുകളെല്ലാം ഈ യുഗത്തിലാണു് പ്രമുഖമായി തീർന്നതു്.

സീനോസോയികു് മഹാകല്പത്തിലെ രണ്ടാമത്തെ കല്പമായ ക്വാർടർനറിയാണിനിയുള്ളതു്. ഇരുപതു ലക്ഷം വർഷങ്ങളാണിതിന്റെ കാലയളവു്. ഈ കല്പത്തെ രണ്ടു യുഗങ്ങളായി തിരിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ 11,000 വർഷങ്ങളടങ്ങുന്ന ആധുനികയുഗവും, ശേഷിക്കുന്ന വർഷങ്ങളെല്ലാമടങ്ങുന്ന പ്ലീസ്റ്റോസീൻയുഗവുമാണവ. പ്ലീസ്റ്റോസീൻ യുഗം പ്രധാനമായും ആദിമ മനുഷ്യന്റെ പരിണാമപരമ്പരയുടെ ചരിത്രത്തെയാണു് പ്രതിനിധാനം ചെയ്യുന്നതു്. പ്രാഥമിക മനുഷ്യക്കുരങ്ങുകളിൽനിന്നു് വിവിധതരം ഹോമിനിഡുകളിലൂടെ ആധുനിക മനുഷ്യനിലേയ്ക്കുള്ള പരിണാമത്തിന്റെ ഒരേകദേശചിത്രം ഈ യുഗത്തിൽ നമുക്കു ലഭിക്കുന്നു. അതിനു ശേഷമുള്ള ആധുനികയുഗം കഴിഞ്ഞ 11,000 വർഷക്കാലത്തെ സാംസ്ക്കാരിക പുരോഗതിയുടെ ചരിത്രത്തെയാണു് പ്രതിനിധാനം ചെയ്യുന്നതു്.