സൗരയൂഥം
പ്രപഞ്ചവും മനുഷ്യനും | |
---|---|
ഗ്രന്ഥകർത്താവ് | കെ. വേണു |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ശാസ്ത്രസാഹിത്യം |
വര്‍ഷം |
1970 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 346 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
ക്ഷീരപഥമെന്ന നക്ഷത്രസമൂഹത്തിന്റെ ബാഹ്യതലങ്ങളിലാണു് നാം ജീവിക്കുന്നതെന്നു് പറഞ്ഞാൽ വിശ്വസിക്കാൻ അല്പം പ്രയാസം തോന്നിയേക്കാം. എന്നാൽ, സൂര്യനും അതിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളുമടങ്ങുന്ന സൗരയൂഥത്തിലെ ഒരംഗമാണു ഭൂമിയെന്നുള്ള വസ്തുത കൈക്കൊള്ളാൻ ഇന്നു ഭൂരിപക്ഷം പേർക്കും കഴിയുന്നുണ്ടു്. ബാഹ്യാകാശപേടകങ്ങളിൽ ഭൂമിക്കു ചുറ്റും കറങ്ങാനും ചന്ദ്രനിൽ പോയി അവിടത്തെ പാറകളും മറ്റും കൊണ്ടുവന്നു് ലോകത്തെമ്പാടുമുള്ള ജനങ്ങൾക്കു് കാണിച്ചുകൊടുക്കാനും ആധുനികശാസ്ത്രത്തിന്റെ പ്രതിനിധികൾക്കു് കഴിഞ്ഞിട്ടുള്ള ഈ കാലഘട്ടത്തിൽ, പഴയ തളിക പ്രമാണത്തെയോ, ഭൂമിയാണു് പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവെന്ന ധാരണയെയോ പിന്തുടരാൻ അധികമാരും തയ്യാറാവുകയില്ല. മാത്രമല്ല, ശാസ്ത്രം ചൂണ്ടിക്കാണിച്ചുതരുന്ന വസ്തുതകളെ കുറെയെല്ലാം ഉൾക്കൊള്ളാൻ സാധാരണക്കാർ തയ്യാറാവുകയും ചെയ്തിരിക്കുന്നു.
ഈ പ്രപഞ്ചത്തിൽ, സൗരയൂഥത്തിൽ എന്തെല്ലാമുണ്ടെന്നും അതുത്ഭവിച്ചതെങ്ങനെയാണെന്നും ചുരുക്കത്തിലൊന്നു പരിശോധിക്കാം. കഴിഞ്ഞ അദ്ധ്യായത്തിൽ വ്യക്തമാക്കിയതുപോലെ നാമധിവസിക്കുന്നതു് അനന്തവിശാലമായ വിശ്വത്തിലെ ഒരു പ്രാദേശിക പ്രപഞ്ചത്തിലാണെന്നു് കരുതിയാൽ പോലും, ആ പ്രാദേശികപ്രപഞ്ചത്തിലെ ഒരു സൂക്ഷ്മ പ്രപഞ്ചം മാത്രമാണു് നമ്മുടെ സൗരയൂഥം. പ്രപഞ്ചത്തെ ഒട്ടാകെ കണക്കിലെടുക്കുമ്പോൾ, അതിബൃഹത്തെന്നു് നമുക്കു തോന്നിക്കുന്ന ഈ സൗരയൂഥം അത്ര നിസ്സാരമാണെന്നർത്ഥം.
സൂര്യനിൽനിന്നു് ഭൂമിയിലേയ്ക്കുള്ള അകലം 9.3 കോടി മൈലാണു്. എന്നാൽ, സൗരയൂഥത്തിന്റെ അതിർത്തിയായി കണക്കാക്കപ്പെടുന്ന പ്ലൂട്ടോവിന്റെ ഭ്രമണപഥത്തിൽ അതു് ഏറ്റവും അകന്നു നിൽക്കുമ്പോൾ, 450 കോടി മൈലാണു് അതിലേയ്ക്കുള്ള ദൂരം. ഇതു് അതിബ്രഹത്തായ ഒരു മേഖലയാണെന്നു തോന്നിയേക്കാം. വാസ്തവമതല്ല. പ്രകാശവേഗത്തെ ഒരു മാനദണ്ഡമാക്കി ഈ ദൂരമൊന്നളന്നുനോക്കാം. സെക്കന്റിൽ 1,86,300 മൈൽ സഞ്ചരിക്കുന്ന പ്രകാശത്തിനു് സൂര്യനിൽ നിന്നു് ഭൂമിയിലെത്താൻ 8 മിനിറ്റേ വേണ്ടൂ. പ്ലൂട്ടോവിലെത്താൻ 6.5 മണിക്കൂറും. എന്നാൽ നമുക്കേറ്റവും അടുത്തുള്ള നക്ഷത്രത്തിലേക്കു് എത്തിച്ചേരാൻ പ്രകാശം നാലിൽപരം വർഷങ്ങളെടുക്കും. മറ്റു പല നക്ഷത്രങ്ങളിലേക്കുമെത്താൻ ലക്ഷക്കണക്കിനും കോടിക്കണക്കിനും വർഷങ്ങൾ വേണ്ടിവരു% മ്പോൾ, നമ്മുടെ ഈ സൗരയൂഥമണ്ഡലം എത്ര നിസ്സാരമാണെന്നു് വ്യക്തമാവുമല്ലോ.
മിന്നിത്തിളങ്ങുന്ന ഒരു വെള്ളിത്തളികപോലെ തോന്നിപ്പിക്കുന്ന സൂര്യൻ നമുക്കൂഹിക്കാൻ കഴിയുന്നതിലും എത്രയോ വലുതാണു്. 864,000 മൈലാണു് അതിന്റെ വ്യാസമെന്നു് കണക്കാക്കപ്പെട്ടിരിക്കുന്നു. അതായതു് ഭൂമിയുടെ വ്യാസത്തിന്റെ 109 മടങ്ങ്! ഇത്ര വിസ്തൃതമായ സൂര്യന്റെ ഉപരിതലത്തിന്റെ ഓരോ ചതുരശ്ര സെന്റിമീറ്ററും ഒരു മിനിറ്റിൽ 90,000 കലോറി ഊർജ്ജം വമിച്ചുകൊണ്ടിരിക്കുന്നു. ഒരു വർഷത്തിൽ സൂര്യൻ പുറപ്പെടുവിക്കുന്ന ഊർജ്ജം 3×1030 കലോറിയാണു്. പക്ഷേ, ഇതിന്റെ ഇരുപതുകോടിയിലൊരംശം മാത്രമേ ഭൂമിക്കു് ലഭിക്കുന്നുള്ളു!
സൂര്യന്റെ മൊത്തത്തിലുള്ള ദ്രവ്യമാനം 2×1032 ഗ്രാമാണെന്നു് കണക്കാക്കപ്പെട്ടിരിക്കുന്നു. അതുവെച്ചു നോക്കുമ്പോൾ, ഒരു വർഷത്തിൽ, സൂര്യന്റെ ദ്രവ്യമാനത്തിലെ ഓരോ 2 ഗ്രാമും 3 കലോറി വീതം ഊർജ്ജം ഉല്പാദിപ്പിക്കുന്നതായി കാണാം. ഇതത്ര വലിയൊരു കാര്യമല്ലെന്നു് തോന്നാം. പക്ഷെ, സൂര്യൻ നിരന്തരമായ ഊർജ്ജോല്പാദനപ്രക്രിയ തുടങ്ങിയിട്ടു് കോടിക്കണക്കിനു് വർഷങ്ങളായിരിക്കുന്നു. കഴിഞ്ഞ 50 കോടി വർഷത്തിന്റെ കാര്യം മാത്രമെടുത്താൽ സൂര്യനിലെ ഓരോ ഗ്രാമും 100 കോടി കലോറി വീതമുൽപാദിപ്പിച്ചിട്ടുണ്ടെന്നു് കാണാം. ഇതു് ഊഹാതീതമായ ഒരു കാര്യമാണു്. കാരണം, ഒരു ഗ്രാം കൽക്കരിയും ഓക്സിജനും ശരിയായ തോതിൽ ചേർന്നു് കത്തിജ്വലിച്ചാലുണ്ടാകുന്നതു് 2000 കലോറി മാത്രമാണു്. ആ നിലയ്ക്കു്, ഈ വിധത്തിലുള്ള രാസപ്രവർത്തനമല്ല സൂര്യനിലെ വമ്പിച്ച ഊർജോൽപാദനത്തിനു് നിദാനമായി വർത്തിയ്ക്കുന്നതെന്നു വരുന്നു.
സൂര്യന്റെ അപാരമായ ഊർജോൽപാദനശേഷിയെക്കുറിച്ചു് മനസിലാക്കുന്നതിനു് അതിന്റെ ഘടകങ്ങളെന്തെല്ലാമാണെന്നും അവ തമ്മിലുള്ള പ്രവർത്തനങ്ങളെന്തെന്നും മനസിലാക്കിയാൽ മതി. ഇന്നു് സ്പെക്ട്രോസ്കോപ്പുപയോഗിച്ചുകൊണ്ടു്, സൂര്യനിൽ നിന്നും നക്ഷത്രങ്ങളിൽ നിന്നും വരുന്ന പ്രകാശത്തെ വിശകലനം ചെയ്തു് അവയുടെ രാസഘടന കൃത്യമായി മനസിലാക്കാൻ കഴിയുന്നുണ്ടു്. ഇത്തരം പഠനങ്ങളുടെ ഫലമായി, സൂര്യനിൽ, ഭൂമിയിലുള്ള ഏറെക്കുറെ എല്ലാ മൂലകങ്ങളും നിലനിൽക്കുന്നുണ്ടെന്നു് വ്യക്തമായിട്ടുണ്ടു്. പക്ഷേ, പ്രപഞ്ചത്തിൽ ഒട്ടാകെ തന്നെ, ഹൈഡ്രജനാണു്; രണ്ടാം സ്ഥാനം ഹീലിയത്തിനും. മറ്റു മൂലകങ്ങളെല്ലാം നന്നേ ചെറിയ തോതിലേ ഉള്ളൂ. സൂര്യനിൽ നിരന്തരം നടന്നുകൊണ്ടിരിയ്ക്കുന്ന പ്രവർത്തനത്തിൽ ഏറ്റവും പ്രധാനമായതു് ഹൈഡ്രജൻ ഹീലിയമായി മാറുന്ന പ്രക്രിയയാണു്. സെക്കൻഡുതോറും 80 കോടി ടൺ ഹൈഡ്രജൻ ഹീലിയമായിക്കൊണ്ടിരിയ്ക്കുന്നു. ഇതിന്റെ ഫലമായി 60 ലക്ഷം ടൺ ദ്രവ്യമാനം ഊർജമായി പരിവർത്തനപ്പെട്ടു് സെക്കൻഡുതോറും സൂര്യനിൽ നിന്നു് നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്നു. ഈ ഊർജമാണു് പ്രകാശവും ചൂടും റേഡിയേഷനുകളും മറ്റുമായി നിരന്തരം സൂര്യനിൽ നിന്നു് വമിച്ചു കൊണ്ടിരിയ്ക്കുന്നതു്. ഈ തോതിൽ, സൂര്യനിലുള്ള ഹൈഡ്രജൻ ജ്വലിച്ചുതീരാൻ 6000 കോടി വർഷത്തോളം ഇനിയും വേണ്ടിവരുമെന്നു് കണക്കാക്കപ്പെട്ടിരിക്കുന്നു. സൂര്യന്റെ ആന്തരികതലങ്ങളിലാണു് ഈ ഊർജോല്പാദന പ്രക്രിയ ഏറ്റവും ശക്തമായ തോതിൽ നടക്കുന്നതു്. അവിടത്തെ താപനില ഏതാണ്ടു് 12,000,000 °C ആണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. അതേസമയം സൂര്യന്റെ ഉപരിതലത്തിൽ ഏതാണ്ടു് 6,000 °C ആണു താപനില. ഏതായാലും ഈ നിലയിൽ സൂര്യൻ ജ്വലിച്ചുകൊണ്ടിരുന്നാൽ സൂര്യനും അന്തിമമായ നാശത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നു തീർച്ചയാണു്. മുമ്പൊരദ്ധ്യായത്തിൽ സൂചിപ്പിച്ചതുപോലെ, മറ്റു നക്ഷത്രങ്ങളുടെ ഗതി പിന്തുടരാൻ സൂര്യനും നിർബദ്ധമാണു്.
ഗ്രഹങ്ങൾ
സൗരയൂഥത്തിന്റെ ഒട്ടാകെയുള്ള വ്യാസം തൊള്ളായിരം കോടി നാഴികയോളം വരും. കേന്ദ്രബിന്ദുവായ സൂര്യനാണു് ഈ മേഖലയിൽ നിലനിൽക്കുന്ന എല്ലാ ഗ്രഹങ്ങളെയും അതാതിടങ്ങളിൽ നിലനിർത്തുന്നതു്. സൂര്യന്റെ ഗുരുത്വാകർഷണശക്തിയാണു് ഇതിനുത്തരവാദി. ഭൂമിയുടെ ഗുരുത്വാകർഷണശക്തിയുടെ ഏതാണ്ടു് 28 മടങ്ങുവരും സൂര്യന്റെ ഉപരിപ്ലവ ഗുരുത്വാകർഷണശക്തി.
സൂര്യനു ചുറ്റുമുള്ള ഗ്രഹങ്ങളെ രണ്ടു വിഭാഗങ്ങളായി തിരിക്കാം. ബുധൻ, വെള്ളി, ഭൂമി, ചൊവ്വ എന്നീ നാലു് ചെറുഗ്രഹങ്ങളടങ്ങിയ ആന്തരസംഘമാണു് ഒന്നു്. വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നീ വൻഗ്രഹങ്ങളും ഏറ്റവും പുറത്തുള്ള ചെറിയ ഗ്രഹമായ പ്ലൂട്ടോയും ചേർന്ന ബാഹ്യസംഘമാണു് മറ്റേതു്.
സൂര്യനിൽ നിന്നു് 3.6 കോടി നാഴിക അകലെയാണു് ബുധൻ സ്ഥിതിചെയ്യുന്നതു്. സൂര്യനെ ചുറ്റി സഞ്ചരിക്കാൻ അതിനു മൂന്നുമാസക്കാലത്തോളമേ ആവശ്യമുള്ളു. താരതമ്യേന വേഗത കൂടിയ ഗ്രഹമാണതു്. എന്നാൽ അതു് സ്വയം ചുറ്റുന്നതു് വളരെ പതുക്കെയായതിനാൽ എല്ലാ സമയവും ബുധന്റെ ഒരു വശം തന്നെയാണു് സൂര്യനഭിമുഖമായി നിൽക്കുന്നതു്. അങ്ങനെ ഒരു വശത്തു് എന്നും പകലും മറുവശത്തു് എന്നും രാത്രിയുമായിരിക്കും. ഇതുമൂലം സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ ചൂടും ഏറ്റവുമധികം തണുപ്പും ഒരേസമയത്തു നിലനിർത്തുന്ന ഒരു ഗ്രഹമാണതു്. സൂര്യനഭിമുഖമായ ഭാഗത്തു് 700°F താപനിലയായിരിക്കുമ്പോൾ മറുവശത്തു് അതു് –459°F അഥവാ കേവല പൂജ്യമായിരിക്കും. ഭൂമിയിൽ സംഭവിക്കുന്നതുപോലുള്ള താപക്രമീകരണം ബുധനിൽ സാധ്യമല്ലാതെ വന്നതു് ആ ഗ്രഹത്തിൽ വായുമണ്ഡലമില്ലെന്നതുകൊണ്ടാണു്. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധന്റെ വ്യാസം 3,000 നാഴിക മാത്രമാണു്. ഭൂമിയുടേതിന്റെ നാലിലൊന്നു ആകർഷണശക്തി മാത്രമേ അതിനുള്ളുതാനും. അന്തരീക്ഷമില്ലാത്തതിനാൽ അവിടെ കാറ്റില്ല. മഴയില്ല. അതുകൊണ്ടുതന്നെ പാറകൾ ദ്രവിക്കാനും പൊടിയാനും അവസരമില്ലാത്തതിനാൽ മണ്ണോ മണലോ ആ ഗ്രഹത്തിലില്ല.
അടുത്തതു വെള്ളിയാണു്. ഒരു വലിയ നക്ഷത്രത്തെപ്പോലെ പ്രകാശിക്കുന്ന അതു് ഒരു നക്ഷത്രം തന്നെയാണെന്നാണു് ആദ്യകാലങ്ങളിൽ കണക്കാക്കപ്പെട്ടിരുന്നതു്. വലിപ്പത്തിലും ഭാരത്തിലും മൗലികഘടകങ്ങളിലും മറ്റും ഭൂമിയും വെള്ളിയും ഏറെക്കുറെ സമന്മാരാണു്. തന്മൂലം ഈ ഗ്രഹത്തിൽ ജീവികളുണ്ടായേക്കാനിടയുണ്ടെന്നു ശാസ്ത്രജ്ഞന്മാർ കരുതിയിരുന്നു. എന്നാൽ ഈ വിശ്വാസത്തെ തകർക്കുന്ന ഒരു വസ്തുത പിന്നീടു വെളിവായി. അതു് സ്വയം ഒരു പ്രാവശ്യം ചുറ്റുന്നതിനു് ഒരു വർഷമെടുക്കുന്നു. തന്മൂലം ബുധനെപ്പോലെ തന്നെ വെള്ളിയുടെയും ഒരു വശം സ്ഥിരമായി സൂര്യനഭിമുഖമായി നിൽക്കുന്നു. ആ വശത്തു് 600°:F വരെ താപനില ഉയരും. മറുവശത്താകട്ടെ കൊടിയ തണുപ്പും. ഈ നിലയിൽ വെള്ളിയിൽ ജീവൻ ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ചു ചിന്തിക്കാൻ കൂടി സാധ്യമല്ല. മാത്രമല്ല, വെള്ളിയുടെ അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിനാണു പ്രാമുഖ്യം. ഓക്സിജൻ ഉണ്ടായിരുന്നെങ്കിൽ തന്നെ അതു് ആദ്യമേ ഇരുമ്പുമായി ചേർന്നു് തുരുമ്പായി തീർന്നിട്ടുണ്ടാകണം. ഇതും ജീവന്റെ നിലനിൽപ്പു് സാധ്യമല്ലാതാക്കിത്തീർക്കുന്ന ഒരു സാഹചര്യമാണു്.
വെള്ളി കഴിഞ്ഞാൽ പിന്നെ വരുന്നതു ഭൂമിയാണു്. ഭൂമിയെക്കുറിച്ചു അടുത്ത അദ്ധ്യായത്തിൽ വിശദമായി ചർച്ചചെയ്യുന്നതുകൊണ്ടു് ഇവിടെ നമുക്കതു വിട്ടുകളയാം.
അടുത്ത ഗ്രഹമായ ചൊവ്വ ഭൂമിയേക്കാൾ വളരെ ചെറുതും ഭാരം കുറഞ്ഞതുമാണു്. ഭൂമിയുടെ ഭ്രമണവേഗതയിൽ തന്നെയാണു് ചൊവ്വയും സ്വയം ചുറ്റുന്നതെന്നുള്ളതുകൊണ്ടു് ഇവിടത്തെപ്പോലെതന്നെയാണു് അവിടത്തെയും ദിനരാത്രങ്ങൾ. ചൊവ്വയുടെ അച്ചുതണ്ടും ഭൂമിയുടേതുപോലെ ചെരിഞ്ഞാണു സ്ഥിതി ചെയ്യുന്നതു്. തന്മൂലം നമുക്കനുഭവപ്പെടുന്നതു പോലെ നാലു് ഋതുക്കൾ ചൊവ്വയിലുമുണ്ടാകും. പക്ഷേ ഈ ഋതുക്കളുടെ കാലയളവു് നമ്മുടേതിന്റെ ഇരട്ടിവരും. എന്തുകൊണ്ടെന്നാൽ ഭൂമി സൂര്യനെ പ്രദക്ഷിണം വയ്ക്കാനെടുക്കുന്നതിന്റെ ഇരട്ടി സമയം വേണം ചൊവ്വയ്ക്കു സൂര്യനെ പ്രദക്ഷിണം വയ്ക്കാൻ. അതുമൂലം നമ്മുടെ രണ്ടുവർഷമാണു് ചൊവ്വയിലെ ഒരു വർഷം. അതിന്റെ വ്യാസം ഏതാണ്ടു് നാലായിരം മൈലാണു്. അതിന്റെ ആകർഷണശക്തി ഭൂമിയുടേതിന്റെ 2/5 മാത്രമാണു്. അതിന്റെ വായുമണ്ഡലത്തിൽ നീരാവിയും കാർബൺ ഡൈയോക്സൈഡും അല്പം ഓക്സിജനുമാണുള്ളതു്. ഈ അന്തരീക്ഷത്തെ പിടിച്ചുനിർത്താനുള്ള ആകർഷണശക്തി അതിനേതായാലും ഉണ്ടു്. ഇക്കാരണങ്ങൾ കൊണ്ടു് അവിടെ ജീവനു് നിലനിൽക്കാനുള്ള ചില സാധ്യതകളില്ലാതില്ല. പക്ഷേ, സ്വതന്ത്രമായ ഓക്സിജൻ വിരളമായതുകൊണ്ടു് ഉയർന്ന ജീവികളൊന്നുമുണ്ടാകില്ല. ഏറിവന്നാൽ ചില പൂപ്പലുകളും പായലുകളും മാത്രമേ അവിടെയുണ്ടാകൂ. ഓക്സിജൻ അധികവും പാറകളിലുള്ള ഇരു% മ്പുമായി ചേർന്നു് തുരുമ്പായി തീർന്നിരിക്കയാണു്. അതുകൊണ്ടാണത്രേ ചൊവ്വ ഗ്രഹത്തിനു ചുവപ്പുനിറം ഉള്ളതായി കാണുന്നതു്. ചൊവ്വയ്ക്കു രണ്ടു് ഉപഗ്രഹങ്ങളുമുണ്ടു്. ഫോബോസ്, ദെയ്മോസ്. ഓരോന്നിനും പത്തു മൈലോളം മാത്രമേ വ്യാസമുള്ളു.
ചൊവ്വയോടുകൂടി ചെറിയ ഗ്രഹങ്ങളുടെ ആന്തരികസംഘം അവസാനിച്ചു. ഇനിയത്തേതു് ബാഹ്യസംഘത്തിലെ ആദ്യഗ്രഹമായ വ്യാഴമാണു്. പക്ഷെ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയ്ക്കു് അതിവിപുലമായ ഒരു മേഖലയിൽ, 35 കോടി നാഴികകൾക്കിടയിൽ ഒരൊറ്റ ഗ്രഹത്തെപ്പോലും കാണാനാവുകയില്ല. അവിടെ പണ്ടൊരു ഗ്രഹമുണ്ടായിരുന്നിരിക്കാം. പിന്നീടു് അതു് ഏതെങ്കിലും വിധത്തിൽ അപ്രത്യക്ഷമായതായിരിക്കാം എന്നു ശാസ്ത്രജ്ഞന്മാർ കരുതി. പിൽക്കാലഗവേഷണങ്ങൾ ഈ നിഗമനം ശരിയാണെന്നു തെളിയിച്ചു. എന്തുകൊണ്ടെന്നാൽ ഈ മേഖലയിൽ ഗ്രഹവസ്തുവിന്റെ ഛിന്നഭിന്നമായ എണ്ണമറ്റ ഭാഗങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഇവയെ ക്ഷുദ്രഗ്രഹങ്ങൾ എന്നു വിളിക്കുന്നു. സെറേസ്, ഹെർമിസ്, അഡോനിസ് എന്നിങ്ങനെയുള്ള ഗ്രീക്കുദൈവങ്ങളുടെ പേരുകളാണു് ഇവയ്ക്കിട്ടിട്ടുള്ളതു്. ഇവയിൽ ഏറ്റവും വലിയ സെറേസിനു 480 മൈൽ വ്യാസമേയുള്ളു. ഈ ക്ഷുദ്രഗ്രഹങ്ങളെല്ലാം ചേർന്നാലും ചന്ദ്രനോളമാവുകയില്ലെന്നു കാണാം. തന്മൂലം പൂർണ്ണരൂപം കൈക്കൊള്ളാനവസരം ലഭിക്കാതിരുന്ന ഒരു ഗ്രഹത്തിന്റെ ഭാഗങ്ങളാണിവയെന്നു കരുതുകയായിരിക്കും കൂടുതൽ നല്ലതു്.
ക്ഷുദ്രഗ്രഹങ്ങളുടെ മേഖല കഴിഞ്ഞാൽ കാണുന്ന വ്യാഴമാണു് ഏറ്റവും വലിയ ഗ്രഹം. അതു പൊള്ളയായിരുന്നെങ്കിൽ മറ്റെല്ലാ ഗ്രഹങ്ങളെയും കൂടി അതിനുള്ളിലൊതുക്കാമായിരുന്നു! വെള്ളി കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ശോഭയുള്ളതു് വ്യാഴത്തിനാണു്. സൂര്യനിൽനിന്നു് ഏതാണ്ടു് 50 കോടി മൈലകലെയാണു് അതിന്റെ സ്ഥാനം. പന്ത്രണ്ടു കൊല്ലം കൊണ്ടാണതു് സൂര്യനെ പ്രദക്ഷിണം വയ്ക്കുന്നതു്. പക്ഷേ അതിന്റെ ഭ്രമണവേഗം വളരെ വലുതാണു്. മണിക്കൂറിൽ 27,000 മൈൽ വേഗത്തിൽ അതു കറങ്ങിക്കൊണ്ടിരിക്കുന്നു. വ്യാഴം പത്തു മണിക്കൂറുകൾ കൊണ്ടു് ഒരു ഭ്രമണം പൂർത്തിയാക്കുന്നു. ഈ ഭ്രമണവേഗം കാരണം അതിന്റെ ആകൃതി രണ്ടറ്റങ്ങൾ അല്പം അമർത്തപ്പെട്ട ഒരു പന്തുപോലെയാണു്. അമോണിയ, മീതേൻ, ഹൈഡ്രജൻ എന്നിവ തണുത്തുറഞ്ഞ ഒരു മിശ്രിതം കൊണ്ടാണു് വ്യാഴത്തിന്റെ പുറം പാളികൾ നിർമ്മിതമായിരിക്കുന്നതു്. കുറെക്കൂടി ഉള്ളിലേക്കു ചെല്ലും തോറും അത്യധികം തണുത്തുറഞ്ഞ ഹിമപർവ്വതങ്ങളാണു്. ഏറ്റവും ഉൾത്തട്ടിൽ പാറകളും ലോഹങ്ങളും കൊണ്ടു് നിർമ്മിതമായ ഒരു കാതൽ കാണാം. പക്ഷേ, വ്യാഴത്തിന്റെ ദ്രവ്യമാനം വമ്പിച്ചതാകയാൽ അതിന്റെ ആകർഷണശക്തി വളരെ വലുതാണു്. അതിനു് ചുറ്റുമുള്ള പന്ത്രണ്ടു ഉപഗ്രഹങ്ങളെയും പിടിച്ചു നിറുത്താൻ അതിനു കഴിയുന്നതു് ഇതുകൊണ്ടാണു്. അവയിൽ നാലെണ്ണം ഒന്നരക്കോടി മൈലുകളകലെയായിട്ടുപോലും വ്യാഴം അവയെ പിടിച്ചു നിറുത്തുന്നു. ഈ നാലു ചന്ദ്രന്മാർ സൗരയൂഥത്തിലെ മറ്റു ചന്ദ്രന്മാർ ചുറ്റിക്കൊണ്ടിരിക്കുന്ന അപ്രദക്ഷിണ ദിശയ്ക്കെതിരായാണു കറങ്ങിക്കൊണ്ടിരിക്കുന്നതു്. ഈ ഉപഗ്രഹങ്ങളെ ഗലീലിയോ തന്റെ ദൂരദർശിനി കൊണ്ടു് ആദ്യമായി കണ്ടുപിടിച്ചപ്പോൾ ഭൂമിയല്ല പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന കോപ്പർനിക്കസിന്റെ സിദ്ധാന്തത്തിനു ലഭിച്ച വസ്തുനിഷ്ഠമായ ഒരു തെളിവായി അദ്ദേഹം ഇതിനെ ഉപയോഗിക്കുകയുണ്ടായി. എന്നിട്ടും അക്കാലത്തെ മതാന്ധരായിരുന്ന ശാസ്ത്രജ്ഞന്മാർ ഇതംഗീകരിക്കാൻ തയ്യാറയിരുന്നില്ലെന്നതും സ്മർത്തവ്യമാണു്.
വലിപ്പത്തിൽ രണ്ടാമത്തേതായ ശനിക്കു പല കാര്യത്തിലും വ്യാഴവുമായി സാദൃശ്യമുണ്ടു്. സൂര്യനിൽനിന്നു 20 കോടി മൈലകലെയാണു് അതു സ്ഥിതിചെയ്യുന്നതു്. ഇരുപത്തഞ്ചു വർഷം വേണം സൂര്യനെ ഒരു പ്രാവശ്യം ചുറ്റാൻ. പക്ഷെ, സ്വയം തിരിയുന്നതിനു പത്തു മണിക്കൂർ മതി. കാഴ്ചയിൽ വളരെ വലുതാണെങ്കിലും വളരെ ഭാരം കുറഞ്ഞ ഗ്രഹമാണു് ശനി. വ്യാഴത്തെപ്പോലെ അമോണിയയും മീതേനും ഹൈഡ്രജനുമാണു് പ്രധാന ഘടകങ്ങൾ. ഇവ അത്യധികം തണുത്തുറഞ്ഞു് അഥവാ –243°F-ൽ സ്ഥിതിചെയ്യുന്നു. ശനിക്കുമുണ്ടു് ഉപഗ്രഹങ്ങൾ — ഒമ്പതെണ്ണം. ഇവയിൽ ഏറ്റവും ദൂരത്തിലുള്ളതു് മറ്റുള്ളവയ്ക്കെതിരായ ദിശയിൽ സഞ്ചരിക്കുന്നു. ഒരു കാര്യത്തിൽ ശനി മറ്റുള്ള ഗ്രഹങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണു് — അതിനുചുറ്റും സഞ്ചരിക്കുന്ന അതിബൃഹത്തായ ഒരു വലയം അഥവാ മൂന്നു വലയങ്ങൾ ഉണ്ടു്. ഈ വലയം നിർമ്മിക്കപ്പെട്ടിരിക്കുന്നതു് വേറിട്ടുനിൽക്കുന്ന ഘനപദാർത്ഥങ്ങൾ കൊണ്ടാണു്. ഓരോ വലയത്തിനും 40,000 മൈൽ വീതിയും 10 മൈൽ കനവുമുണ്ടായിരിക്കും. ഈ വലയങ്ങളുടെ വ്യത്യസ്തഭാഗങ്ങൾ പല വേഗത്തിലാണു ചുറ്റിത്തിരിയുന്നതു്. മണൽത്തരികളോളം വലിപ്പമുള്ള കഷ്ണങ്ങൾ ചേർന്നാണു് ഈ വലയങ്ങളുണ്ടായിരിക്കുന്നതു്. മഞ്ഞുറഞ്ഞു കട്ടിയായതും കല്ലുപോലുള്ള ഭാഗങ്ങളും ഇവയിലുണ്ടാകും. ശനിയുടെ ഉപഗ്രഹങ്ങളിലൊന്നു് നിരോധനമേഖലയിൽ കിടന്നു് ചിന്നിച്ചിതറിയതിന്റെ ഫലമായിരിക്കാം ഈ വലയങ്ങളെന്നു ചിലർ കരുതുന്നു.
സൗരയൂഥത്തിന്റെ ഏറ്റവും ഇരുണ്ട മേഖലകളിൽ സ്ഥിതിചെയ്യുന്നവയാണു് യുറാനസും നെപ്റ്റ്യൂണും പ്ലൂട്ടോവും. അവയിൽനിന്നു നോക്കിയാൽ സൂര്യൻ ഒരു വിദൂര നക്ഷത്രമാണെന്നേ തോന്നൂ. യുറാനസ്സിലേയ്ക്കു സൂര്യനിൽനിന്നു 200 കോടി മൈലാണു് ദൂരം. നെപ്റ്റ്യൂണിലേയ്ക്കു 300 കോടിയും. 85 കൊല്ലം കൊണ്ടാണു് യുറാനസ് ഒരു പ്രാവശ്യം സൂര്യനെ ചുറ്റുന്നതു്. നെപ്റ്റ്യൂൺ ഇതിന്റെ ഇരട്ടി സമയമെടുത്തിട്ടാണു് ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നതു്. ഈ രണ്ടു ഗ്രഹങ്ങളും മിക്ക കാര്യങ്ങളിലും സമന്മാരാണു്. വലിപ്പം ഒപ്പമാണു്. മീതേനും അമോണിയയുമാണു് പ്രധാന ഘടകങ്ങൾ. വ്യാഴത്തിലെയും ശനിയിലെയും പോലെ ഹൈഡ്രജൻ അത്ര അധികമില്ല. ഈ വക സാമ്യങ്ങളുണ്ടെങ്കിലും യുറാനസിനു് ഒരു പ്രത്യേകതയുണ്ടു്. മറ്റു ഗ്രഹങ്ങളെല്ലാം സൂര്യനു ചുറ്റും അപ്രദിക്ഷണമായി ചുറ്റിക്കൊണ്ടിരിക്കുമ്പോൾ യുറാനസ് മാത്രം അവയുടെ ദിശയ്ക്കു സമകോണമായി സഞ്ചരിക്കുന്നു. യുറാനസ് ഒരു വശത്തേയ്ക്കു വല്ലാതെ ചെരിഞ്ഞിരിക്കുന്നതാണിതിനു കാരണം.
സൗരയൂഥത്തിലെ പരിധിയിലെ കാവൽക്കാരനായ പ്ലൂട്ടോയെക്കുറിച്ചു നമുക്കു് അധികം വിവരങ്ങൾ ലഭിച്ചിട്ടില്ല. പ്ലൂട്ടോ സൂര്യനു ചുറ്റും തുല്യ അകലത്തിലല്ല ചുറ്റിക്കറങ്ങുന്നതു്. ഒരു വശത്തു് അതു് കൂടുതലകന്നു പോകുന്നു. അതിന്റെ ഭ്രമണപഥത്തിലെ ഏറ്റവും അകന്ന സ്ഥാനത്തെത്തുമ്പോൾ സൂര്യനിൽ നിന്നു 450 കോടി മൈലകലെ ആയിരിക്കുമതു്. 248 വർഷങ്ങൾ വേണം പ്ലൂട്ടോവിനു് ഒരു പ്രാവശ്യം സൂര്യനെ പ്രദക്ഷിണം വയ്ക്കാൻ. പ്ലൂട്ടോയ്ക്കു മുമ്പുള്ള ഗ്രഹങ്ങളിൽ നിന്നു വ്യത്യസ്തമായി വളരെ ചെറിയ ഒരു ഗ്രഹമാണിതു്. വെറും 3600 മൈലാണിതിന്റെ വ്യാസം. ആന്തരസംഘത്തിലെ ഗ്രഹങ്ങളുടെ കൂടെയാണു് യഥാർത്ഥത്തിൽ ഇതു വരേണ്ടിയിരുന്നതു്. വലിപ്പം കുറഞ്ഞതിനനുസൃതമായി ഇതിന്റെ ഘടനയിലുമുണ്ടു് പ്രത്യേകത. ഘനപദാർത്ഥങ്ങൾ കൊണ്ടാണു് അതു നിർമ്മിക്കപ്പെട്ടിരിക്കുന്നതു്. അതിനു സ്വയം ചുറ്റാൻ ആറു ദിവസം വേണംതാനും. ഈ സ്വഭാവങ്ങളെല്ലാം കാണിക്കുന്നതു് പ്ലൂട്ടോ ഗ്രഹങ്ങളുടെ ബാഹ്യസംഘത്തിൽ പെടാനർഹനല്ലെന്നാണു്. മറ്റേതെങ്കിലും വഴിയിലൂടെ അതു് ആ സ്ഥാനത്തു് വന്നുപെട്ടതായിരിക്കും. ഒന്നുകിൽ അതു് നെപ്റ്റ്യൂണിന്റെയോ മറ്റോ ഒരു ഉപഗ്രഹമായിരുന്നിരിക്കാം; അവിടെ നിന്നു രക്ഷപെട്ടു് സൂര്യന്റെ ആകർഷണവലയത്തിൽ പെട്ടുപോയതായിരിക്കാം. അല്ലെങ്കിൽ മറ്റേതെങ്കിലും നക്ഷത്രത്തിന്റെ ഉപഗ്രഹമായിരുന്നിരിക്കാം. യാദൃശ്ചികമായി അവിടെനിന്നും തെറ്റിത്തെറിച്ചലഞ്ഞു തിരിയുമ്പോൾ സൂര്യന്റെ ആകർഷണശക്തിയിൽ കുടുങ്ങിപ്പോയതായിരിക്കാം. ഏതായാലും ഇതിനെക്കുറിച്ചു വ്യക്തമായൊരഭിപ്രായം രൂപീകരിക്കാൻ നമുക്കിന്നു കഴിയുകയില്ല.
ഈ ഒമ്പതു ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും കൂടാതെ സൗരയൂഥത്തിൽ മറ്റു ചിലർ കൂടിയുണ്ടു്. ധൂമകേതുക്കളും ഉൽക്കകളും ഉൽക്കാപിണ്ഡങ്ങളുമാണവ. സൂര്യനു ചുറ്റും കറങ്ങുന്ന വാതകസംഘാതങ്ങളാണു ധൂമകേതുക്കൾ. അവയെ കാണുന്നതു നാശസൂചകമായിട്ടാണു് പണ്ടുമുതൽക്കേ കണക്കാക്കിപ്പോന്നിട്ടുള്ളതു്. വാസ്തവത്തിൽ അവ നിരുപദ്രവികളാണു്. ജ്വലിക്കുന്ന ഒരു തലയും ലക്ഷക്കണക്കിനു മൈൽ നീളമുള്ള ഒരു വാലുമാണിതിനുള്ളതു്. ഈ വാൽ അത്യന്തം നേർത്ത വാതകം കൊണ്ടു നിർമ്മിതമാണു്. പലപ്പോഴും ലക്ഷക്കണക്കിനു മൈൽ നീളമുള്ള ഈ വാലിലെ പദാർത്ഥം ഒരൗൺസിലധികമുണ്ടാകില്ലത്രേ! നന്നേ ചെറിയ തരികളും മഞ്ഞിൻകട്ടകളും കൊണ്ടു് നിർമ്മിതമാണു് അവയുടെ തല. 2000 കോടിയിലധികം ധൂമകേതുക്കൾ ഭൂമിയെ ചുറ്റുന്നുണ്ടത്രേ. പക്ഷേ, ഇവയെല്ലാം ചേർന്നാലും ഭൂമിയോളം ഭാരമുണ്ടാവുകയില്ല! ഇവ സൂര്യനിൽനിന്നു വളരെ അകന്നു നിൽക്കുമ്പോൾ വളരെ സാവധാനത്തിലേ സഞ്ചരിക്കുകയുള്ളു. പക്ഷേ, അടുത്തുവരുംതോറും ഗതിവേഗം വർദ്ധിക്കുന്നു. ഈ ഘട്ടത്തിൽ വാൽ പിന്നിൽ ഇഴയുന്നുണ്ടാകും. പക്ഷേ, സൂര്യനെ ചുറ്റി തിരിച്ചുപോകുമ്പോൾ വാലായിരിക്കും മുമ്പിൽ. അകന്നുപോകുമ്പോൾ വാൽ ചെറുതായി വന്നു് അപ്രത്യക്ഷമാകുന്നു. പിന്നീടു് വളരെയേറെ വർഷങ്ങൾക്കുശേഷമായിരിക്കും ആ ധൂമകേതു തിരിച്ചുവരികയും ഇതെല്ലാം വീണ്ടും ആവർത്തിക്കുകയും ചെയ്യുക.
ചിലപ്പോൾ ഈ ധൂമകേതുക്കൾ ഛിന്നഭിന്നമായിപ്പോവുന്നു. അതിൻഫലമായി ഉണ്ടാകുന്നവയാണു് ഉൽക്കകൾ. ഇവ നന്നേ ചെറിയവയാണു്. മൊട്ടുസൂചിത്തലപ്പിന്റെ വലിപ്പത്തിലുള്ളവ. ദിവസം പ്രതി 500–1000 കോടി ഉൽക്കകൾ ഭൂമിയിൽ പതിക്കുന്നുണ്ടത്രേ. ഭൂമിയിലേക്കു കുതിച്ചുപായുന്ന ഈ ഉൽക്കകൾ അന്തരീക്ഷവുമായിക്കൂട്ടി ഉരസി കത്തിജ്വലിച്ചുപോവുകയാണു് പതിവു്. വളരെ കുറച്ചേ ഭൂമിയിലെത്തിച്ചേരുന്നുള്ളു. കൊള്ളിമീനുകളെന്നു നാം വിളിക്കുന്നതിവയെയാണു്.
സൗരയൂഥത്തിൽ കാണുന്ന മറ്റൊരു വിഭാഗം വസ്തുക്കളാണു് ഉൽക്കാപിണ്ഡങ്ങൾ. ഇവയിൽ ചിലതിനു് 30 ടണ്ണോളം ഭാരം വരും. പക്ഷേ ഭൂരിപക്ഷവും നഗ്നനേത്രങ്ങൾക്കു് വിഷയീഭവിക്കാത്തത്ര ചെറുതാണു്. ബാഹ്യാന്തരീക്ഷത്തിൽ കോടിക്കണക്കിനു വർഷങ്ങളായിട്ടു് തണുത്തുറഞ്ഞു കിടക്കുന്ന പദാർത്ഥങ്ങളാണവ. അവയുടെ ഘടകങ്ങൾ പരിശോധിച്ചാൽ, കല്ലുകൊണ്ടും ലോഹംകൊണ്ടും നിർമ്മിക്കപ്പെട്ടവയാണു് അവയെന്നു കാണാം. ബാഹ്യാകാശത്തിൽ എവിടെനിന്നു് ഇവ വന്നു എന്നതൊരു കുഴഞ്ഞ പ്രശ്നമാണു്. ഒരു പക്ഷേ, ഏതാനും കോടി വർഷങ്ങൾക്കു മുമ്പു് ഭൂമിയെപ്പോലുള്ള ഒരു ഗ്രഹം പൊട്ടിത്തെറിച്ചതിന്റെ ഫലമായിരിക്കാം ഇവ.
സൗരയൂഥത്തിന്റെ ഉത്ഭവം
അധികപക്ഷവും താത്ത്വികനിലവാരത്തിൽ തന്നെ നിലകൊള്ളുന്ന ഒരു പ്രശ്നമാണിതു്. ഒട്ടേറെ സിദ്ധാന്തങ്ങൾ ഇതിന്റെ പേരിൽ ഉടലെടുത്തിട്ടുമുണ്ടു്. ഏതാണ്ടു് ഒന്നര നൂറ്റാണ്ടു മുമ്പു് ലാ പ്ലേസു് ഒരു നെബുലാ സിദ്ധാന്തം ആവിഷ്കരിയ്ക്കുകയുണ്ടായി. ഒരു നെബുല പോലെ, വിപുലമായ തോതിൽ പ്രസരിയ്ക്കപ്പെട്ടു്, ചുറ്റിക്കറങ്ങിക്കൊണ്ടിരുന്ന പദാർത്ഥസഞ്ചയത്തിൽ നിന്നാണു് സൂര്യൻ ഉടലെടുത്തതെന്നു് അദ്ദേഹം കരുതി! സ്വന്തം ഗുരുത്വാകർഷണശക്തിയുടെ ഫലമായി ഈ നെബുല ചുരുങ്ങി കേന്ദ്രീകരിച്ചു വന്നപ്പോൾ, ചുറ്റുമുണ്ടായിരുന്ന വസ്തുസഞ്ചയം ഒരു വലയമായി കേന്ദ്രത്തിൽ നിന്നു്; അഥവാ സൂര്യനിൽ നിന്നു് വേർപെട്ടു. ആ വലയം ഛിന്നഭിന്നമാവുകയും ഘനീഭവിയ്ക്കുകയും ചെയ്തതിന്റെ ഫലമാണു് ഇന്നത്തെ ഗ്രഹങ്ങൾ. പക്ഷേ, ഈ സിദ്ധാന്തപ്രകാരം സുപ്രധാനമായ ചില പ്രശ്നങ്ങൾക്കു് വിശദീകരണം ലഭിയ്ക്കുന്നില്ല. സൂര്യനിലെ വസ്തുസഞ്ചയത്തിൽ ഭൂരിഭാഗവും ഹൈഡ്രജനും ഹീലിയവുമാണു്. അങ്ങനെയുള്ള സൂര്യനിൽ നിന്നു് കല്ലു്, ഇരുമ്പു് തുടങ്ങിയ ഘനപദാർത്ഥങ്ങൾ കൊണ്ടു് നിർമ്മിതമായ ഗ്രഹങ്ങളെങ്ങനെയുണ്ടാകുന്നു? മാത്രമല്ല, സൂര്യന്റെയും ഗ്രഹങ്ങളുടെയും ഭ്രമണ വേഗതകൾ തമ്മിലും പൊരുത്തമില്ല. സൂര്യനു് ഒരു പ്രാവശ്യം തിരയുന്നതിനു് ഒരു മാസത്തോളം കാലം വേണം. അതേസമയം വ്യാഴവും ശനിയും മറ്റും പത്തുമണിക്കൂർ കൊണ്ടു് തിരിയും. ഇത്ര വേഗത കുറഞ്ഞ സൂര്യൻ ഇത്രയധികം വേഗതയുള്ള ഗ്രഹങ്ങൾക്കെങ്ങനെ ജന്മമേകും? നെബുലസിദ്ധാന്തം ഇതിനു് പരിഹാരമേകുന്നില്ല.
ജെയിംസ്ജീൻ, ചേംബർലിൻ തുടങ്ങിയവർ ചേർന്നാവിഷ്കരിച്ച സിദ്ധാന്തപ്രകാരം, ഒരജ്ഞാതനക്ഷത്രം സൂര്യന്റെ മേഖലയിൽ കടന്നുവന്നു് തൊട്ടടുത്തുകൂടി പാഞ്ഞുപോകാനിടയായപ്പോഴുണ്ടായ ശക്തമായ മർദ്ദത്തിന്റെ ഫലമായി സൂര്യനിൽ നിന്നു് തെറിച്ചുപോയ പദാർത്ഥഭാഗങ്ങളാണു് ഗ്രഹങ്ങളായിത്തീർന്നതു്. ഈ സിദ്ധാന്തത്തിനു് വലിയ പോരായ്മകളുണ്ടു്. ഒന്നാമതു് ഈ കൂട്ടിമുട്ടൽ തികച്ചും സാങ്കല്പികമായ ഒന്നാണു്. പ്രപഞ്ചത്തിൽ സാധാരണ നടക്കുന്ന ഒരു സംഭവമല്ല അതു്. ഇനി കൂട്ടിമുട്ടിയാൽ തന്നെ, തൽഫലമുണ്ടാകുന്ന വമ്പിച്ച താപത്തിന്റെ ഫലമായി ഛിന്നഭിന്നമായ വസ്തുക്കൾ ഘനീഭവിക്കുകയല്ല; അപ്രത്യക്ഷമാവുകയാണു് ചെയ്യുക. പിന്നെ, മുകളിലത്തെ സിദ്ധാന്തത്തിലെപ്പോലെ, ഇരുമ്പും കല്ലും മറ്റും എവിടെനിന്നു വന്നു എന്ന പ്രശ്നവുമവശേഷിക്കുന്നു.
ഇനിയും മറ്റൊരു സിദ്ധാന്തപ്രകാരം, ഇന്നു നമുക്കു് കാണാവുന്ന മറ്റു പല നക്ഷത്രങ്ങളെയും പോലെ സൂര്യനും മറ്റൊരു നക്ഷത്രത്തോടൊപ്പം ഇരട്ടനക്ഷത്രമായാണു് സ്ഥിതിചെയ്തിരുന്നതത്രേ! സൂര്യന്റെ കൂട്ടുകാരൻ പൊട്ടിത്തെറിക്കുകയും, ഛിന്നഭിന്നമായ ഭാഗങ്ങൾ സൂര്യന്റെ ആകർഷണവലയത്തിൽ പെട്ടു് ഗ്രഹങ്ങളായിത്തീരുകയും ചെയ്തു. സൂര്യനിൽ അധികമില്ലാത്ത വസ്തുക്കൾ ഗ്രഹങ്ങളിൽ എങ്ങനെയുണ്ടായി എന്നതിനു് പരിഹാരമിതിലടങ്ങിയിട്ടുണ്ടു്. പക്ഷേ, സൂര്യന്റെ കൂടെ ഒരു കൂട്ടുകാരനുണ്ടായിരുന്നു എന്നതും അതു പൊട്ടിത്തെറിച്ചു എന്നതും തികച്ചും സാങ്കല്പികമേഖലയിൽതന്നെ സ്ഥിതിചെയ്യുന്നു.
ഏതാനും വർഷങ്ങൾക്കുമുമ്പു് കുറേക്കൂടി യുക്തിസഹങ്ങളായ രണ്ടു സിദ്ധാന്തങ്ങൾ ആവിഷ്കരിക്കപ്പെടുകയുണ്ടായി. സി. എഫ്. ഫോൺ വിസിക്കറുടെ സിദ്ധാന്തപ്രകാരം, സൂര്യൻ നക്ഷത്രങ്ങൾക്കിടയിലുള്ള ഒരു വാതകമേഘത്തിലൂടെ കടന്നുപോകാനിടയായപ്പോൾ ആ മേഘത്തിലെ കുറെ ഭാഗങ്ങളെ തന്റെകൂടെ കൊണ്ടുവന്നു. ഈ പ്രക്രിയയ്ക്കിടയിലുണ്ടായ വമ്പിച്ച ചുഴികളിൽപ്പെട്ടു്, ആ മേഘപദാർത്ഥങ്ങൾ പല ഭാഗങ്ങളായി കേന്ദ്രീകരിക്കുകയും ഗ്രഹങ്ങളായി തീരുകയുമാണുണ്ടായതത്രേ.
വിസിക്കറുടെ സിദ്ധാന്തപ്രകാരം സൂര്യൻ കത്തിജ്വലിച്ചുകൊണ്ടിരുന്ന അവസരത്തിലാണു് ഗ്രഹങ്ങളുണ്ടായതു്. എന്നാൽ, എച്ച്. സി. ഉറെയുടെ സിദ്ധാന്തപ്രകാരം, സൂര്യനും ഗ്രഹങ്ങളും ഒരേ സമയത്താണുത്ഭവിച്ചതു്. ആദ്യഘട്ടത്തിൽ, ഏതാണ്ടു് 500 കോടി വർഷങ്ങൾക്കു മുമ്പു് ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്ന വമ്പിച്ചൊരു വാതകധൂളിമേഘമാണു് സൗരയൂഥത്തിന്റെ സ്ഥാനത്തു നിലനിന്നിരുന്നതു്. കാലക്രമത്തിൽ ഈ ഭ്രമണം നിമിത്തം മേഘം പരന്നുവരികയും ഒരു തളികപോലാവുകയും ചെയ്തു. ഈ സമയത്തു് ഈ മേഘം സങ്കോചിച്ചു കൊണ്ടിരുന്നു. തുടർച്ചയായ സങ്കോചത്തിന്റെ ഫലമായി അവസാനം മേഘത്തിന്റെ പ്രമുഖ കേന്ദ്രഭാഗം ഒരു പ്രാഥമികനക്ഷത്രമായി തീരുകയും ചുറ്റുമുള്ള തളികരൂപഭാഗങ്ങളിൽനിന്നു് വേർപെടുകയും ചെയ്തു. അതു് ആ നക്ഷത്രത്തിനു ചുറ്റും വാതകങ്ങളും ധൂളികളുമടങ്ങിയ നെബുലയായി ചുറ്റിക്കൊണ്ടിരുന്നു. ഈ നെബുല കാലക്രമത്തിൽ പല ഭാഗങ്ങളായി വിഭജിക്കപ്പെടുകയും ചെറു ചുഴികൾ പോലെ സ്വയം ചുറ്റിക്കൊണ്ടു് പ്രത്യേകം ഗോളങ്ങളാവുകയും ചെയ്തു. ബാഹ്യസംഘത്തിൽപെട്ട കൂറ്റൻ ഗ്രഹങ്ങൾ ധൂളിമേഘത്തിന്റെ ബാഹ്യതലങ്ങളിലാണുണ്ടായതു്. ആദ്യമുണ്ടായതും അവയാണു്. പുറംമേഖലകളിൽ താപനില വളരെ താഴ്ന്നതാകയാൽ അവിടെ വാതകങ്ങൾ കുഴഞ്ഞപോലെയായിരുന്നു. മേഘപദാർത്ഥത്തിന്റെ ഭൂരിഭാഗവും, അതായതു് അമോണിയ, മീതേൻ, ഹൈഡ്രജൻ, ജലം എന്നിവ സമാഹരിക്കാൻ ഇവയ്ക്കു കഴിഞ്ഞു. എന്നാൽ സൂര്യനോടടുത്ത പ്രദേശം തണുത്തുവന്നു് ആന്തരികഗ്രഹങ്ങളുടെ നിർമ്മിതി സാധ്യമായപ്പോഴേയ്ക്കും ഘനപദാർത്ഥങ്ങളാണധികവും ശേഷിച്ചിരുന്നതു്, തന്മൂലം അവയിൽ നിന്നുണ്ടായവയാണു് ഭൂമിയും മറ്റു ചെറുഗ്രഹങ്ങളും.
ഈ സിദ്ധാന്തപ്രകാരം പ്രാഥമികനക്ഷത്രം ഉടലെടുക്കുന്ന രീതിയിൽ പ്രപഞ്ചത്തിന്റെ പല മേഖലകളിലും നക്ഷത്രങ്ങളുടലെടുക്കുന്നുണ്ടത്രെ. മകയിരം നക്ഷത്രത്തിലെ നെബുല ഇതിനു നല്ലൊരുദാഹരണമാണു്. ഈ നെബുലയിൽ ഒട്ടേറെ ഇരുണ്ട ഗോളങ്ങൾ കാണാം. ഇവ രൂപം പ്രാപിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രങ്ങളാണെന്നു കരുതപ്പെടുന്നു. ക്ഷീരപഥത്തിൽ കാണാൻ കഴിയുന്ന ഇത്തരം പല വമ്പിച്ച വാതകമേഘങ്ങളിലും ഒന്നല്ല. ആയിരക്കണക്കിനു് നക്ഷത്രങ്ങൾ ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരിക്കാം. അങ്ങനെയാണെങ്കിൽ ഇത്തരം നക്ഷത്രജനനം പ്രപഞ്ചത്തിൽ വ്യാപകമായി നടക്കുന്നുണ്ടെന്നു കരുതേണ്ടിവരും. ഇങ്ങനെയുള്ള ചില പ്രാഥമിക നക്ഷത്രങ്ങൾ ഉരിത്തിരിഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരിക്കാം. അങ്ങനെയാണെങ്കിൽ ഇത്തരം നക്ഷത്രജനനം പ്രപഞ്ചത്തിൽ വ്യാപകമായി നടക്കുന്നുണ്ടെന്നു കരുതേണ്ടിവരും. ഇങ്ങനെയുള്ള ചില പ്രാഥമിക നക്ഷത്രങ്ങൾ സങ്കോചിക്കുംതോറും അവയുടെ ആന്തരികതലത്തിൽ പദാർത്ഥങ്ങൾ രൂപാന്തരീഭവിച്ചതിനുശേഷം, അവ പൊട്ടിത്തെറിക്കുകയും ഘനപദാർത്ഥങ്ങൾ ചിന്നിച്ചിതറുകയും ചെയ്യുന്നു. ഇങ്ങനെ ചിതറപ്പെടുന്ന പദാർത്ഥങ്ങളിൽ കുറേഭാഗം രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കുന്ന, സൂര്യനെപ്പോലുള്ള മറ്റു നക്ഷത്രങ്ങൾക്കു് ചുറ്റുമുള്ള നെബുലകളിൽ സമാഹരിക്കപ്പെടുന്നു.
ഈ പശ്ചാത്തലത്തിൽ, ഇന്നു് സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ധാരണ കുറേക്കൂടി വ്യക്തമാണു്. മകയിരത്തിലെ നെബുലകളിൽ സംഭവിക്കുന്നതുപോലെ, ഏതാണ്ടു് 500 കോടി വർഷങ്ങൾക്കു മുമ്പു് വാതകധൂളിമേഘത്തിൽനിന്നു് സൂര്യൻ ജന്മമെടുത്തു. ആ ആദിമ സൂര്യനോടൊപ്പം ബന്ധപ്പെട്ട നെബുലയുമുണ്ടായിരുന്നു. ആ നെബുലയിൽ, ആദിമ ഹൈഡ്രജൻ വാതകത്തോടൊപ്പം സൂപ്പർനോവ സ്ഫോടനംമൂലം പൊട്ടിത്തെറിച്ച മറ്റൊരു നക്ഷത്രത്തിലെ, രൂപാന്തരീകരിച്ച ആന്തരികമൂലകങ്ങളും ഇടകലർന്നിരുന്നു. പിന്നീടുള്ള ഒരു 100 കോടി വർഷങ്ങൾക്കിടയ്ക്കു് ഭൂമിയും മറ്റു ഗ്രഹങ്ങളും ഈ നെബുലയിൽനിന്നു് ഉരുത്തിരിഞ്ഞുവന്നു.
ഈ നിഗമനങ്ങളുടെ ഫലമായി കുറേക്കൂടി വ്യാപകമായ ചില നിഗമനങ്ങൾ രൂപം കൊള്ളുന്നുണ്ടു്. അതായതു് സൗരയൂഥത്തെപ്പോലുള്ള ഒട്ടേറെ ഗ്രഹവ്യവസ്ഥകൾ പ്രപഞ്ചത്തിന്റെ വിവിധ മേഖലകളിൽ ഉണ്ടായിരിക്കാനുള്ള സാദ്ധ്യത വളരെയേറെയാണു്. മറ്റൊന്നു്, ഭൂമിയും മറ്റു ഗ്രഹങ്ങളും, അതുപോലെ മറ്റു നക്ഷത്രങ്ങൾക്കു ചുറ്റുമുള്ള ഗ്രഹങ്ങളും തണുത്തിരുന്ന സാഹചര്യങ്ങളിൽ നിന്നാണു് ജന്മമെടുത്തതെന്നു് സിദ്ധിക്കുന്നു. തന്മൂലം അധികം വൈകാതെതന്നെ അവിടങ്ങളിൽ ജീവന്റെ ആവിർഭാവത്തിനുള്ള സാഹചര്യങ്ങളുമുണ്ടായിരുന്നു. മാത്രമല്ല, ആദിമധൂളിപടലത്തിൽ വല്ല ജൈവാംശങ്ങളുമുണ്ടായിരുന്നെങ്കിൽ അതു് നശിക്കാതെ പുതിയ ഗ്രഹങ്ങളിലേയ്ക്കു് സംക്രമിക്കുന്നതിനുള്ള സാധ്യതയും നിലവിലുണ്ടു്. എങ്കിലും ഈ വക നിഗമനങ്ങളെക്കുറിച്ചു് വ്യക്തമായ ധാരണകൾ രൂപീകരിക്കാൻ നമുക്കിന്നു കഴിയുകയില്ല.
1969-ൽ ചന്ദ്രനിലിറങ്ങിയ അമേരിക്കൻ ബാഹ്യാകാശവാഹനമായ അപ്പോളോ 11-ലെ ചന്ദ്രയാത്രികർ ചന്ദ്രനിൽനിന്നു് കൊണ്ടുവന്ന ചന്ദ്രപ്പാറകളുടെയും ധൂളിയുടെയും മറ്റും പഠനഫലമായി, ചന്ദ്രന്റെ ഉത്ഭവകാലം ഭൂമിയുടേതിനു് പത്തുകോടിയോളം വർഷം മുമ്പുതന്നെ നടന്നിരിക്കാമെന്ന സൂചനകൾ ലഭ്യമായിട്ടുണ്ടു്. അതുപോലെ ചന്ദ്രനിലെ പാറകളെക്കാൾ 100 കോടിയോളം വർഷത്തെ പ്രായകൂടുതൽ ധൂളികൾക്കുണ്ടത്രെ! ചന്ദ്രനിലെ മൂലകങ്ങളെല്ലാം ഭൂമിയിലേതുതന്നെയാണെങ്കിലും ചില ഖനിജങ്ങൾ മാത്രം പുതുതായി കണ്ടെത്തിയിട്ടുണ്ടു്. ജീവികളുടെ ഉത്ഭവത്തിനാവശ്യമായ എല്ലാ രാസവസ്തുക്കളും ചന്ദ്രനിലുണ്ടെങ്കിലും ജീവൻ നിലനിൽക്കുന്നതിന്റെ യാതൊരു സൂചനയും ലഭ്യമായിട്ടില്ല: ഈ വക വസ്തുതകളുടെ അടിസ്ഥാനത്തിൽ ഇത്തരം പ്രശ്നങ്ങളിൽ എന്തെങ്കിലും അവസാന തീർപ്പു് കല്പിക്കാനുള്ള അവസരമായിട്ടില്ല.
|