close
Sayahna Sayahna
Search

മനസ്സു്


പ്രപഞ്ചവും മനുഷ്യനും

പ്രപഞ്ചവും മനുഷ്യനും
PM cover.png
ഗ്രന്ഥകർത്താവ് കെ. വേണു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ശാസ്ത്രസാഹിത്യം
വര്‍ഷം
1970
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 346
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

മനസ്സു് — ഏവർക്കും സുപരിചിതമായ ഒരു പദം. തന്റെ മനസ്സിന്റെ കഴിവുകളേയോ കഴിവുകേടുകളേയോ കുറിച്ചു് അഭിമാനം കൊള്ളുകയോ വേദനിക്കുകയോ ചെയ്യാത്തവരായിട്ടാരുമുണ്ടാവില്ല. പതറാത്ത ‘മനോ’ധൈര്യത്തിന്റെ പേരിൽ എന്തും ചെയ്യാൻ മടിക്കാത്തവരാണു് ഒരു കൂട്ടർ. മറ്റൊരു വിഭാഗമാകട്ടെ, ‘മനോ’ ദൗർബല്യം നിമിത്തം ഒരു നിസ്സാരകാര്യം പോലും നടത്താൻ കെല്പില്ലാത്തവരാണു്. എന്തെല്ലാമുണ്ടായിട്ടും ‘മനോ’സുഖം മാത്രം ലഭിച്ചില്ലെന്ന പരാതി ഒരുവശത്തു്; മോഹഭംഗങ്ങളുടെ മധ്യത്തിൽപെട്ടുള്ള ‘മനോ’വേദനയാണു് മറുവശത്തു്. വരാനിരിക്കുന്ന സൗഭാഗ്യങ്ങളെയോർത്തു് ‘മന’ക്കോട്ട കെട്ടുകയാണു് മറ്റൊരു വിഭാഗം. എപ്പോഴും ‘മനോ’രാജ്യത്തിൽ മുഴുകിനടക്കുന്നവരും കുറവല്ല. മറ്റുള്ളവരുടെ കഷ്ടപ്പാടുകണ്ടു് ‘മന’സ്സലിയുന്ന മഹാ ‘മനസ്ക്കത’യുമുണ്ടു് നമ്മുടെ ഇടയിൽ തന്നെ. ‘മന’മില്ലാ ‘മനസ്സോ’ടെ എന്തുചെയ്തിട്ടും കാര്യമില്ലെന്നു ‘മന’സ്സിലാക്കാത്തവരുമുണ്ടു്. ഇങ്ങനെയൊക്കെയാണെങ്കിലും സർവ്വരും സർവ്വദാ കൈകാര്യം ചെയ്യുന്ന ഈ ‘മനസ്സു്’ എന്താണെന്നു ചോദിച്ചാൽ വ്യക്തമായൊരുത്തരം ലഭിക്കില്ല.

മനസ്സിന്റെ യഥാർത്ഥ സ്വഭാവമെന്തു്? അതു് ജഡമാണോ? ചൈതന്യമാണോ? അതിനു സ്വതന്ത്രമായ അസ്ഥിത്വമുണ്ടോ? അതോ, മറ്റേതെങ്കിലും വസ്തുവിനോടു ബന്ധപ്പെട്ടു്, അതിനെ ഉപാധിയാക്കിക്കൊണ്ടു് മാത്രമേ നിലനിൽക്കുകയുള്ളു എന്നുണ്ടോ?

ഇങ്ങനെ തുടർന്നുപോകാവുന്ന അനവധി സംശയങ്ങൾക്കു തൃപ്തികരമായ പരിഹാരം അടുത്തകാലംവരെ നിർദ്ദേശിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ മറ്റേതൊരു പ്രാപഞ്ചിക പ്രതിഭാസത്തേയും അപേക്ഷിച്ചു് വൈവിധ്യമാർന്ന സങ്കല്പങ്ങൾ ഈ പ്രശ്നത്തിനു പിന്നിൽ അണിനിരന്നു.

പ്രാചീന ചിന്താശകലങ്ങളിലൂടെ കടന്നുചെന്നാൽ അന്നുമുതൽക്കേ ഈ പ്രശ്നത്തെ സംബന്ധിച്ചു് രൂപംകൊണ്ടു വന്നിരുന്ന അഭിപ്രായാന്തരങ്ങളെക്കുറിച്ചു് നമുക്കു് ഒരേകദേശരൂപം കിട്ടും. ഛാന്ദോഗ്യോപനിഷത്ത് മനസ്സിനെ ഒരു ഭൗതികവസ്തുവായിട്ടാണു് ദർശിച്ചതു്. ‘മനസ്സു്’ അന്നമയമായതാണു്. തൈർ കലക്കിയാൽ അതിലെ സൂക്ഷ്മാംശം മുകളിലേയ്ക്കു പൊന്തി വരുന്നു; അതു് വെണ്ണയായി തീരുന്നു. അപ്രകാരം ഭക്ഷിക്കപ്പെട്ട അന്നത്തിന്റെ സൂക്ഷ്മാംശം മുകളിലേയ്ക്കു പൊന്തിവരുന്നു. അതു മനസ്സായി തീരുന്നു.

പരിണാമവാദിയായ കണാദനെ സംബന്ധിച്ചിടത്തോളം ‘സൂക്ഷ്മപരിണാമമുള്ളതുമാണു് മനസ്സു്. അതു പ്രത്യക്ഷവിഷയമല്ല’. ഇങ്ങനെ പരസ്പരവിരുദ്ധങ്ങളായ ഒട്ടേറെ ആശയഗതികൾ ആദ്യകാലങ്ങളിൽ നിലനിന്നിരുന്നു.

അതിപുരാതനകാലം മുതൽക്കെ നമ്മുടെ പൂർവ്വികർ മനസ്സിനെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങിയതാണു്. അതിനനുസൃതമായി രൂപംകൊണ്ട സങ്കല്പങ്ങളാണു് ആ പദത്തിനു ചുറ്റും പരിവേഷം ചാർത്തിക്കൊണ്ടു് അർത്ഥപുഷ്ടിയുണ്ടാക്കുന്നതും. ഇത്തരം സങ്കല്പങ്ങളെല്ലാം കാലപ്പഴക്കം കൊണ്ടു മാത്രം ‘സത്യ’ങ്ങളായി അംഗീകരിക്കപ്പെട്ടിരിക്കയാണു്. ‘ജീവ’ന്റെ കാര്യത്തിലെന്നപോലെ ഇവിടെയും സാധാരണക്കാർ സത്യമായി അംഗീകരിച്ചുവരുന്ന ഒരു സങ്കല്പമുണ്ടു്. ‘മനസ്സു്’എന്നതു് എന്താണെന്നു് തങ്ങൾക്കു വാസ്തവത്തിൽ അറിവില്ലെന്ന പരമാർത്ഥം അവഗണിച്ചുകൊണ്ടു് ഭൗതികാതീതമായ ഒരു പ്രതിഭാസമാണെന്നും, അതിനാൽ ശാസ്ത്രീയപഠനംകൊണ്ടു് അതിനെക്കുറിച്ചു എന്തെങ്കിലും മനസ്സിലാക്കാൻ കഴിയില്ലെന്നുമാണു് ആ സങ്കല്പം. എന്നാൽ ഇങ്ങനെയൊരഭിപ്രായം പറയണമെങ്കിൽ മനസ്സു് എന്താണെന്നു വ്യക്തമായി അറിഞ്ഞിരിക്കണ്ടേ? അതൊട്ടറിഞ്ഞുകൂടാതാനും. അപ്പോൾ ആദ്യമായി നാം ചെയ്യേണ്ടതു് ഇത്തരം മുൻ വിധികളെ മാറ്റി നിർത്തുകയാണു്. എന്നിട്ടു് അല്പം വിശകലനബുദ്ധിയോടെ പ്രശ്നത്തെക്കുറിച്ചു പഠിക്കാൻ ശ്രമിക്കുകയാണു്.

മനസ്സു് എന്ന സങ്കല്പം

നമ്മുടെ മുന്നിലുള്ള ഈ സങ്കീർണ്ണപ്രശ്നം നിരൂപണബുദ്ധിയോടെ വിശകലം ചെയ്യണമെങ്കിൽ ആദ്യംതന്നെ ‘മനസ്സു്’ എന്ന പദംകൊണ്ടു് സാധാരണഗതിയിൽ നാമർത്ഥമാക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്നു പരിശോധിക്കണം. ചിന്ത, ബുദ്ധി, ധൈര്യം, ഭയം, കോപം, ദയ, സ്നേഹം, ക്രൂരത, സുഖം, ദുഃഖം തുടങ്ങിയ വിവിധ സ്വഭാവങ്ങളെല്ലാം തന്നെ മനസ്സിന്റെ സാമ്രാജ്യത്തിലുൾപ്പെടുത്തിയിരിക്കുകയാണു നാം. പുരാതനകാലത്തു് ബുദ്ധിപരമായ പ്രവർത്തനങ്ങൾ കൂടി ഹൃദയത്തിലാണു നടക്കുന്നതെന്ന ധാരണ നിലനിന്നിരുന്നു. അതുകൊണ്ടാണു് ‘ഹൃദിസ്ഥമാക്കുക’ മുതലായ വാക്കുകൾ ഇന്നും നിലനിൽക്കുന്നതു്. എന്നാൽ ഹൃദയം രക്തചംക്രമണത്തെ നിയന്ത്രിക്കുന്ന ഒരവയവം മാത്രമാണെന്നു് രണ്ടായിരം വർഷങ്ങൾക്കുമുമ്പു് ഹിരാക്ലീറ്റസ് എന്ന ശാസ്ത്രജ്ഞൻ തെളിയിച്ചെങ്കിലും ഭാഷയിൽനിന്നു് ഇന്നും ആ പദപ്രയോഗം നീങ്ങി കിട്ടിയിട്ടില്ല. അതുപോലെ എല്ലാ വികാരങ്ങളും ഹൃദയത്തിലാണു് ജന്മമെടുക്കുന്നതെന്നു് അഭ്യസ്തവിദ്യരടക്കമുള്ള ഒരു വലിയ വിഭാഗം ജനങ്ങൾ ഇന്നും വിശ്വസിക്കുന്നു. ഒരാളുടെ ഹൃദയം മറ്റൊരാളിലേയ്ക്കു മാറ്റിവെച്ചാൽ ആദ്യത്തെയാളുടെ വികാരങ്ങൾ അപരനിലേയ്ക്കു പകരുന്നില്ലെന്നും അയാൾ തന്റെ പഴയ വികാരങ്ങളുമായിത്തന്നെ ജീവിതം തുടരുമെന്നും വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുണ്ടിന്നു്. എന്നാൽ പോലും തങ്ങളുടെ പഴയ വിശ്വാസത്തെ ചോദ്യം ചെയ്യാനും തിരുത്താനും മടിക്കുന്നവരാണധികം പേരും. ബുദ്ധിപരമായ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ തരത്തിലുള്ള വികാരങ്ങൾ വരെ ‘മാനസികം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന എല്ലാ പ്രക്രിയകളും നടക്കുന്നതു് മസ്തിഷ്കത്തിലും അതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലുമാണു്.

എല്ലാ മാനസിക പ്രവർത്തനങ്ങളും മസ്തിഷ്കത്തിലാണെന്നു വരുമ്പോൾ ‘മനസ്സു്’ എന്നു നാം വിളിക്കുന്ന പ്രതിഭാസം മസ്തിഷ്കവുമായി ബന്ധപ്പെട്ടതാണെന്നുള്ള കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ലല്ലോ. എന്നാൽ പരസ്പരവിരുദ്ധങ്ങളെന്നു കരുതാവുന്ന വികാരങ്ങളും വിചാരങ്ങളും ഒരേ പ്രതിഭാസത്തിന്റെ രണ്ടു വശങ്ങളാണെന്നു കരുതാമോ? ഏതായാലും വികാരങ്ങൾക്കു ജന്മം നൽകിയ അതേ മസ്തിഷ്കപ്രവർത്തനങ്ങൾ തന്നെയാവില്ല വിചാരങ്ങൾക്കു രൂപം നൽകുന്നതു്. മസ്തിഷ്കത്തിലെ വ്യത്യസ്ത ഭാഗങ്ങളായിരിക്കണം വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾക്കു നിദാനം. അപ്പോൾ വളരെയൊന്നും പരസ്പരബന്ധമില്ലാത്തതെന്നു തോന്നുന്ന വിവിധ വികാരവിചാരങ്ങളെല്ലാം തന്നെ ഒരേ പൊതുസ്വഭാവത്തിനു കീഴിൽ വർത്തിക്കുന്നു എന്നു വരുന്നു. ഈവിധ മാനസിക പ്രവർത്തനങ്ങളുടെയെല്ലാം ആകെത്തുകയെ ‘മനസ്സു്’എന്നു വിളിക്കുന്നതിൽ പന്തികേടുണ്ടു്.

വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളെയെല്ലാം സംയോജിപ്പിച്ചുകൊണ്ടുപോകാൻ മസ്തിഷ്കത്തിനു് എങ്ങനെ കഴിയുന്നു എന്നു പരിശോധിക്കേണ്ടതുണ്ടു്. ഒരു ഉദാഹരണം നോക്കാം. ആധുനിക കാലഘട്ടത്തിലെ ഏതെങ്കിലുമൊരു ഗവണ്മെന്റിന്റെ പ്രവർത്തനരീതി നോക്കുക. രാജ്യത്തെ പരസ്പരബന്ധമില്ലാത്തതെന്നു തോന്നാവുന്ന വിവിധ പ്രശ്നങ്ങൾക്കായി വിവിധ മന്ത്രിമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും കീഴിൽ അനവധി വകുപ്പുകളുണ്ടു്. അവയെല്ലാം തന്നെ തനതായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി വ്യത്യസ്ത രീതിയിൽ പ്രവർത്തിക്കുന്നു. എന്നാൽ ഈ പ്രവർത്തനങ്ങളുടെ ഫലമായി രാജത്തിന്റെ വൈവിധ്യമാർന്ന പ്രശ്നങ്ങൾ പരിഹൃതമാകുന്നു. ഇങ്ങനെയുള്ള വ്യത്യസ്ത പ്രവർത്തനങ്ങളാണു് അവിടെ നടക്കുന്നതെങ്കിലും ഗവണ്മെന്റ് എന്ന ഏകസ്ഥാപനമാണു് പ്രശ്നങ്ങൾ പരിഹരിക്കുന്നതെന്നു നാം കരുതുന്നു. ഒരർത്ഥത്തിൽ ഗവണ്മെന്റ് എന്നതു് നമ്മുടെ ഒരു സങ്കല്പമാണു്. യഥാർത്ഥത്തിലുള്ളതു് വിവിധ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും എന്നാൽ കൂട്ടായ ഉത്തരവാദിത്വവും പരസ്പരധാരണയുള്ളതുമായ ഏതാനും വകുപ്പുകളും അവയുടെ തലവന്മാരുമാണു്. ഇതുപോലെ മനസ്സു് എന്നതും നമ്മുടെ ഏറ്റവും സുന്ദരമായ ഭാവനകളിലൊന്നാണു്. യഥാർത്ഥത്തിൽ മാനസികപ്രവർത്തനങ്ങളെന്നറിയപ്പെടുന്ന വിവിധ വികാര വിചാരങ്ങൾക്കു നിദാനമായ മസ്തിഷ്കഭാഗങ്ങളും അവയുടെ പരസ്പരാഭിമുഖ്യമുള്ള പ്രവർത്തനങ്ങളുമാണു നിലനിൽക്കുന്നതു്. ഇതിനുപരിയായി മസ്തിഷ്കത്തിൽനിന്നു വ്യത്യസ്തമായോ അതിനതീതമായോ വർത്തിക്കുന്ന ഒരു മനസ്സിനെക്കുറിച്ചു നിലനിൽക്കുന്ന ധാരണകൾ, മസ്തിഷ്കപ്രവർത്തനങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ നിരർത്ഥകങ്ങളാണെന്നു കാണാവുന്നതാണു്.

പദാർത്ഥം–ജീവൻ–മനസ്സ്

എല്ലാ ജൈവപ്രതിഭാസങ്ങളെയും ജീവശരീരത്തിൽ നടക്കുന്ന രാസഭൗതികപ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാവുന്നതാണെന്നു് രണ്ടാം ഭാഗത്തിൽ നാം കാണുകയുണ്ടായി. അതുപോലെ ശരീരത്തിൽ നടക്കുന്ന ജൈവപ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ മാനസികപ്രവർത്തനങ്ങളുടെയും അന്തസ്സത്ത കണ്ടെത്താവുന്നതാണു്. അതായതു്, ജീവനെന്നും മനസ്സെന്നും നാം കണക്കാക്കിപ്പോരുന്ന പ്രതിഭാസങ്ങൾ വാസ്തവത്തിൽ അടിസ്ഥാനപരമായ രാസഭൗതിക പ്രവർത്തനങ്ങളുടെ വ്യത്യസ്തപ്രകടനരൂപങ്ങൾ മാത്രമാണു്.

അടിസ്ഥാന ഘടകങ്ങൾ ഒന്നുതന്നെയാണെങ്കിൽ പദാർത്ഥവും ജീവനും മനസ്സും തമ്മിലുള്ള ഗുണപരമായ അന്തരത്തിനു വിശദീകരണം കണ്ടെത്തേണ്ടതുണ്ടു്. ജീവനെക്കുറിച്ചു പ്രതിപാദിച്ചപ്പോൾ പദാർത്ഥത്തിന്റെ രചനാപരമായ സങ്കീർണ്ണത വർദ്ധിക്കുന്നതനുസരിച്ചു പുതിയ ഗുണങ്ങൾ ഉടലെടുക്കുന്നതെങ്ങനെയാണെന്നു വ്യക്തമാക്കുകയുണ്ടായി. നിർഗതഗുണങ്ങളെക്കുറിച്ചുള്ള സിദ്ധാന്തം മാനസിക പ്രവർത്തനങ്ങളുടെ കാര്യത്തിലും പ്രസക്തമാണു്. ലളിതങ്ങളായ രാസവസ്തുക്കൾ ഒരു പ്രത്യേകരീതിയിൽ സംയോജിച്ചതിന്റെ ഫലമായി സ്വയം പുനരാവർത്തിക്കാൻ കഴിവുള്ള പുതിയ ഒരു രാസവസ്തു രൂപംകൊണ്ടു. ജൈവസ്വഭാവത്തിന്റെ അടിസ്ഥാനമായി തീർന്നതു് ആ പുതിയ ഗുണമാണു്. എന്നാൽ ജൈവപരിണാമം തുടർന്നതിന്റെ ഫലമായി കൂടുതൽ സങ്കീർണ്ണമായ ജീവികൾ രൂപംകൊള്ളാൻ തുടങ്ങിയപ്പോൾ പിന്നെയും പുതിയ സ്വഭാവവിശേഷങ്ങൾ അനിവാര്യമായിത്തീർന്നു. മാറിവരുന്ന പരിതഃസ്ഥിതികളെ നേരിടുന്നതിനു് ചുറ്റുപാടുമുണ്ടാകുന്ന മാറ്റങ്ങൾ ഗ്രഹിക്കുവാനും, അതിനനുസൃതമായ പ്രതികരണങ്ങളുളവാക്കാനും ഉള്ള കഴിവുകൾ സമാർജിക്കേണ്ടതുണ്ടായിരുന്നു. പരിണാമപരമ്പരകളുടെ ഓരോ പടികളും കയറിക്കൊണ്ടിരുന്നപ്പോൾ ഈ ആവശ്യം കൂടിക്കൂടി വന്നു. ജന്തുലോകത്തിന്റെ നിലനില്പിനും പരിണാമത്തിനും അനിവാര്യമായിരുന്ന ഈ സ്വഭാവവിശേഷത്തിനാധാരമായി രൂപം കൊണ്ടതാണു് നാഡീകോശങ്ങളും നാഡീവ്യൂഹവും. പ്രാഥമിക ജീവികളിലെ നാഡീകോശങ്ങൾ തികച്ചും യാന്ത്രികമായി ബാഹ്യചോദനങ്ങളെ സ്വീകരിക്കുകയും ഉടനടി പ്രതികരണമുളവാക്കുകയും ചെയ്യുന്നവയാണു്. എന്നാൽ ഘടനാപരമായ സങ്കീർണ്ണത വർദ്ധിച്ചതോടെ നാഡീകോശങ്ങളുടെ പ്രവർത്തനങ്ങളും സങ്കീർണ്ണമായിത്തീർന്നു. ജന്തുലോകത്തിൽ അനുക്രമികമായി നടന്ന പരിണാമത്തിനനുസരിച്ചു് നാഡീവ്യൂഹവും പരിണമിക്കുകയും വിവിധ ഘട്ടങ്ങളിൽ പുതിയ സ്വഭാവങ്ങൾ ഉടലെടുക്കുകയും ചെയ്തു.

വ്യത്യസ്ത മാനസിക മേഖലകൾ

നാഡീവ്യൂഹം ഏറ്റവും സങ്കീർണ്ണമായ വിധത്തിൽ പരിണമിച്ചിട്ടുള്ള മനുഷ്യനിൽ മാനസികപരിണാമത്തിന്റെ വിവിധ ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന മേഖലകൾ നിലവിലുണ്ടു്. മാനസിക പ്രവർത്തനങ്ങളെ വിവിധ വീക്ഷണ കോണുകളിൽ നിന്നുകൊണ്ടു് വിശകലനം ചെയ്യാൻ ശ്രമിച്ചവർ അടിസ്ഥാനപരമായി ഈ പരിണാമപരമ്പരക്കനുസൃതമായ നിഗമനങ്ങളിലാണെത്തിച്ചേർന്നിട്ടുള്ളതു്. മനശ്ശാസ്ത്രമണ്ഡലത്തിൽ പ്രമുഖമായ നാലു വീക്ഷണഗതികൾക്കു ജന്മമേകിയവരും, അവർ വിഭാവനം ചെയ്ത മാനസികമേഖലകളും അവയ്ക്കാധാരമായ മസ്തിഷ്കഭാഗങ്ങളും മാനസികപ്രവർത്തനങ്ങളുമാണു് അടുത്ത പേജിൽ കൊടുത്തിട്ടുള്ള ചാർട്ടിൽ സൂചിപ്പിക്കപ്പെട്ടിട്ടുള്ളതു്.

ഇംഗ്ലീഷ് ന്യൂറോളജിയുടെ ഉപജ്ഞാതാവായ ഹൂഗ്ലിംഗ്സ് ജാക്സണും, റഷ്യൻ നാഡീശരീരക്രിയാശാസ്ത്രജ്ഞനായ ഐ. പി. പാവ്‌ലോവും മനോരോഗഗവേഷകനായ സിഗ്മണ്ട് ഫ്രോയ്ഡും ആവിഷ്കരിച്ച വിവിധ മാനസിക മേഖലകളും, അവയ്ക്കനുസൃതമായി താരതമ്യ നാഡീശരീര ശാസ്ത്രജ്ഞരായ എഡിംഗർ തുടങ്ങിയവർ ചൂണ്ടിക്കാണിച്ച മസ്തിഷ്കഭാഗങ്ങളും, ആണു് ചാർട്ടിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ളതു്. വ്യത്യസ്തവീക്ഷണകോണുകളിൽ നിന്നാണു് അവർ പ്രശ്നത്തെ സമീപിച്ചതെങ്കിലും, അവരുടെ സിദ്ധാന്തങ്ങൾക്കു് അടിസ്ഥാനപരമായ സാദ്യശ്യമുണ്ടെന്നു കാണാം.

ഇവരുടെ എല്ലാവരുടെയും അഭിപ്രായത്തിൽ, ഓരോ ജീവിയുടെയും ജീവജാതിയുടെയും നിലനില്പിനു് അനിവാര്യമായ പ്രാഥമികവും അന്തർജന്യവും രൂഢമൂലവുമായ സ്വഭാവവിശേഷങ്ങൾ. കേന്ദ്രനാഡീവ്യൂഹത്തിന്റെ ഏറ്റവും പഴക്കം ചെന്നതും കോർടെക്സിനു് താഴെയുള്ളതുമായ നാഡീകാണ്ഡത്തിലാണു് സ്ഥിതിചെയ്യുന്നതു്. ജന്മവാസനാപരമായ എല്ലാ സ്വഭാവങ്ങളുടെയും അടിസ്ഥാനമിതാണു്. ഓരോ ജീവജാതിയിലുംപെട്ട അംഗങ്ങളിൽ ജന്മവാസനകളെല്ലാം ഏറെക്കുറെ സമാനമായിരിക്കും. പാരമ്പര്യഘടകങ്ങളായ ജീനുകളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണവ. ഏറ്റവും താഴെക്കിടയിലുള്ള നട്ടെല്ലുജന്തുക്കൾ മുതൽ മനുഷ്യൻ വരെയുള്ള എല്ലാ ജന്തുക്കളിലും കേന്ദ്രനാഡീവ്യൂഹത്തിലെ നാഡീകാണ്ഡമാണു് ഈ സ്വഭാവങ്ങളുടെ ആസ്ഥാനം. ഈ മേഖലയെ ജാക്സൺ ഏറ്റവും താഴ്ന്ന മേഖലയെന്നും, പാവ്‌ലോവ് അവ്യവസ്ഥിതമായ (നിരുപാധികമായ) റിഫ്ളെക്സുകളുടെ മേഖലയെന്നും, ഫ്രോയ്ഡ് ഇദ് എന്നും നാമകരണം ചെയ്തു.

ബാഹ്യലോകവുമായി ബന്ധം പുലർത്തുന്ന, പുറത്തുനിന്നുള്ള വാർത്തകളെ സ്വീകരിക്കുന്ന ബോധേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട മസ്തിഷ്കത്തിലെ സംജ്ഞാകേന്ദ്രങ്ങളും, ബാഹ്യചോദനങ്ങൾക്കനുസൃതമായി പേശികളെ ചലിപ്പിച്ചു് പ്രതികരണമുളവാക്കുന്ന ചേഷ്ടാകേന്ദ്രങ്ങളുമാണു് അടുത്ത മേഖലയെ പ്രതിനിധീകരിക്കുന്നതു്. എല്ലാ ജീവികളും, പരിതഃസ്ഥിതിക്കനുസരിച്ചു് ജീവിക്കാൻ തക്കവിധമുള്ള പുതിയ സ്വഭാവങ്ങൾ ആർജിക്കുന്നതു് ഈ മേഖലയുടെ സഹായത്തോടെയാണു്. നമ്മുടെ ചുറ്റുപാടുകൾ നമ്മിലടിച്ചേൽപ്പിക്കുന്ന ധാരണകളും വിശ്വാസപ്രമാണങ്ങളുമെല്ലാം ഈ മേഖലയിൽ രൂഢമൂലമായിരിക്കും. ജാക്സൺ മദ്ധ്യമേഖലയെന്നു് വിളിച്ചതു് ഇതിനെയാണു്. ഫ്രോയ്ഡ് ഇതിനു് ഈഗോ എന്നും പേരു നൽകി. പാവ്‌‌ലോവിന്റെ നിഗമനങ്ങളനുസരിച്ചു്, നിരുപാധിക റിഫ്ലെക്സുകളേക്കാൾ കൂടുതൽ പരിവർത്തനവിധേയവും അനുവർത്തനപരവും ആർജിതവുമായ സ്വഭാവങ്ങൾക്കാസ്പദമായ വ്യവസ്ഥിത റിഫ്ലെക്സുകൾ (സോപാധിക റിഫ്ലെക്സുകൾ) ആണു് ഈ മേഖലയെ പ്രതിനിധാനം ചെയ്യുന്നതു്.

Pm-tbl-182.png

അവസാനത്തെ മേഖല പ്രധാനമായും മനുഷ്യമസ്തിഷ്കത്തിൽ മാത്രമേ വളർന്നു വികസിച്ചിട്ടുള്ളൂ. ഉയർന്ന നിലവാരം പുലർത്തുന്ന സ്തന്യപങ്ങളിലും മറ്റു ജന്തുക്കളിലും ചില ഭാഗങ്ങൾ ഭാഗികമായി പ്രവർത്തിക്കുന്നുണ്ടു്. മനുഷ്യമസ്തിഷ്കത്തിൽ പൂർവദളങ്ങളുടെയും പരൈറ്റോ–ഓക്സിപിറ്റോ–ടെമ്പറൽ ദളങ്ങളുടെയും സംയോജക കോർടെക്സുകളുടെയും അമിത വളർച്ചയെത്തിയ ഭാഗങ്ങളാണു് ഈ മേഖലയെ പ്രതിനിധീകരിക്കുന്നതു്. ജാക്സൺ ഉയർന്ന മേഖലയെന്നും, ഫ്രോയ്ഡ് സൂപ്പർഈഗോ എന്നും ഇതിനു് പേരു നൽകി. ഉയർന്ന തരത്തിലുള്ള എല്ലാ മാനസിക പ്രവർത്തനങ്ങളും വാർത്താവിനിമയവും മറ്റും നടക്കുന്നതിവിടെയാണു്. പാവ്‌‌‌‌‌‌ലോവ് ഭാഷയെ ദ്വിതീയസിഗ്നൽ എന്നാണു് വിളിക്കുന്നത്‌. തന്മൂലം ഭാഷയുടെ മാധ്യമമുപയോഗിച്ചു് കൊണ്ടു് നടക്കുന്ന മാനസിക പ്രവർത്തനങ്ങളുടെ ഈ മേഖലയെ ദ്വിതീയ സിഗ്നൽ വ്യവസ്ഥയെന്നു പാവ്‌‌ലോവ് വിളിക്കുന്നു. ഈ വിവിധ മേഖലകൾ അഭേദ്യമായവിധം ബന്ധപ്പെട്ടുകൊണ്ടാണു് എല്ലാ ജീവികളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതു്. ഈ മേഖലകളുടെയെല്ലാം ഒത്തു ചേർന്നുള്ള പ്രവർത്തനങ്ങളുടെ ഫലമായാണു് ഓരോ ജീവിയും പ്രകടിപ്പിക്കുന്ന എല്ലാ സ്വഭാവങ്ങളും രൂപം കൊള്ളുന്നത്‌. ഈ നാഡീ വ്യൂഹമേഖലകൾ, ശരീരത്തിലെ മറ്റു പ്രവർത്തനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നവയാണെന്ന കാര്യവും ശ്രദ്ധേയമാണു്. ശരീരത്തിലെ എല്ലാ പ്രവർത്തനവ്യവസ്ഥകളുടെയും കൂട്ടായ പ്രവർത്തനമാണു് ഓരോ ജന്തുവിന്റെയും വ്യക്തിത്വത്തിനാധാരം. അപ്പോൾ ഒരു വ്യക്തിയുടെ വ്യക്തിത്വത്തിനാധാരമായ എല്ലാ ജൈവപ്രവർത്തനങ്ങൾക്കുംകൂടി ‘മനസ്സു്’ എന്നു് പൊതുസംജ്ഞ നൽകുന്നതു് നിരർത്ഥകമാണെന്നു വ്യക്തമാണു്.