ഞാൻ?
പ്രപഞ്ചവും മനുഷ്യനും | |
---|---|
ഗ്രന്ഥകർത്താവ് | കെ. വേണു |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ശാസ്ത്രസാഹിത്യം |
വര്‍ഷം |
1970 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 346 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
‘ഞാൻ ആരു്?’ എന്ന ആ അതിപുരാതന ചോദ്യത്തിനു് ഉത്തരം കണ്ടുപിടിക്കാൻ കഴിയുമോ എന്നൊന്നു നോക്കാം. നിലവിലുള്ള മനശ്ശാസ്ത്രസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ ഏവർക്കും തൃപ്തികരമായ ഒരു പരിഹാരം ഈ പ്രശ്നത്തിൽ ഇനിയുമുണ്ടായിട്ടില്ലെന്നതു് ഒരു വാസ്തവമാണു്. പക്ഷേ, പണ്ടു് കണക്കാക്കിപ്പോന്നിരുന്നതുപോലെ ഇതു് വെറുമൊരു പ്രഹേളികയല്ല ഇന്നു്. ഭൗതികശരീരത്തിനു് അതീതമായി വർത്തിക്കുന്ന പ്രകൃത്യതീത പ്രതിഭാസമാണു് ‘ഞാൻ’ എന്ന പ്രാചീന ധാരണ മനശ്ശാസ്ത്രരംഗത്തു് ആരുമിന്നു് പുലർത്തുന്നില്ല.
ഒരു ജീവശരീരത്തിന്റെ പ്രവർത്തനത്തിൽ അവശ്യം ആവശ്യമായി വരുന്ന ഐക്യത്തെയാണു് ‘അഹം’ പ്രതിനിധീകരിക്കുന്നതു്. ചുറ്റുപാടിനെക്കുറിച്ചുള്ള ബോധമാണു്, ഒരു ജന്തുവിൽ തനതായ അസ്തിത്വത്തെക്കുറിച്ചുള്ള ബോധമുളവാക്കുന്നതു്. ബാഹ്യവസ്തുക്കളിൽനിന്നു് നമ്മുടെ ശരീരത്തിനുള്ള അന്തരം, അവയുമായുള്ള ബന്ധത്തിലെ പ്രത്യേകതകൾ, ആ പ്രത്യേക പരിതഃസ്ഥിതിയിൽ തനിക്കുള്ള സ്ഥാനം എന്നിവയെ ആസ്പദമാക്കി രൂപംകൊള്ളുന്ന ധാരണകളുടെ ആകെത്തുകയാണു് ‘ഞാൻ’. ഈ ധാരണകൾക്കു് രൂപം നൽകുന്നതു് വിവിധ ബോധേന്ദ്രിയങ്ങളും നാഡീവ്യൂഹവും ഒത്തുചേർന്നു പ്രവർത്തിച്ചിട്ടാണു്.
ഒരു മനുഷ്യശിശു, ആദ്യകാലങ്ങളിൽ തന്റെ ശാരീരികാവയവങ്ങളെത്തന്നെ മറ്റു വസ്തുക്കളിൽനിന്നു് വേർതിരിച്ചറിയില്ല. അവന്റെ കാലുകളും മറ്റും ആദ്യകാലത്തു് അവനു് അത്ഭുതവസ്തുക്കൾതന്നെയാണു്. പലതരത്തിലുള്ള പരീക്ഷണങ്ങളിലൂടെയാണു് അവൻ സ്വയം കണ്ടെത്തുന്നതും, ബാഹ്യലോകത്തിൽനിന്നു് വ്യത്യസ്തമായിട്ടുള്ള തന്റെ അസ്തിത്വത്തെക്കുറിച്ചു് ബോധവാനാകുന്നതും. സ്വന്തം ശരീരത്തിൽ സ്പർശിക്കുമ്പോൾ മറ്റൊരു വസ്തുവെ സ്പർശിക്കുന്നതിൽനിന്നും വ്യത്യസ്തമായ അനുഭവമാണുണ്ടാകുന്നതു്. അതായതു് സ്പർശിക്കുന്നതിന്റെയും സ്പർശിക്കപ്പെടുന്നതിന്റെയും അനുഭവം ഒരേ സമയത്തുണ്ടാകുന്നു. നേരിട്ടുള്ള അനുഭവത്തിലുണ്ടാകുന്ന ഈ അന്തരം തന്റെ ശരീരത്തെയും ബാഹ്യലോകത്തെയും വേർതിരിച്ചു കാണാൻ സഹായകമായി തീരുന്നു.
അഞ്ചു ബോധേന്ദ്രിയങ്ങളോടും ബന്ധപ്പെട്ട അനുഭവങ്ങളിലെല്ലാം ‘ഞാൻ’ ആണു് പ്രധാന പാത്രം — ഞാൻ കാണുന്നു; ഞാൻ കേൾക്കുന്നു; ഞാൻ രുചിക്കുന്നു; ഞാൻ മണക്കുന്നു; ഞാൻ സ്പർശിക്കുന്നു. അതുപോലെ സ്വേച്ഛയാ ചെയ്യുന്ന എല്ലാ ചേഷ്ടകളുടെ കർത്താവും ‘ഞാൻ’ തന്നെയാണു്. ഞാൻ എഴുതുന്നു, ഞാൻ സംസാരിക്കുന്നു തുടങ്ങിയവ. ഈ രണ്ടുവിഭാഗത്തിലുംപെട്ട പ്രവർത്തനങ്ങൾ സംജ്ഞാനാഡികളാലും ചേഷ്ടാ നാഡികളാലും നിയന്ത്രിക്കപ്പെടുന്നവയാണു്. ഈ രണ്ടുവിഭാഗം നാഡികളുടെയും കേന്ദ്രസ്ഥാനമാകട്ടെ പൂർവ്വമസ്തിഷ്കത്തിന്റെ ഉപരിതലപാളിയുമാണു്. ഇവിടത്തെ ബോധേന്ദ്രിയ കേന്ദ്രങ്ങളിലും ചേഷ്ടാകേന്ദ്രങ്ങളിലും എത്തിച്ചേരുന്ന പ്രവർത്തനശൃംഖലകളുടെയെല്ലാം കർത്താവു് എല്ലായ്പോഴും ‘ഞാൻ’ തന്നെയാണു്. എന്നാൽ ഉപരി കേന്ദ്രങ്ങളുമായി ബന്ധം പുലർത്താതെ ചേതനാനുചേതനാഡീവ്യൂഹങ്ങളുടെ നിയന്ത്രണത്തിൽ വർത്തിക്കുന്ന ഒട്ടേറെ ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളിൽ ‘ഞാൻ’ ഭാഗഭാക്കാകുന്നില്ല. ഹൃദയസ്പന്ദനം, രക്തചംക്രമണം, ശ്വാസോച്ഛ്വാസം, ചയാപചയം തുടങ്ങി ജീവനു് പ്രധാനങ്ങളായ ഒട്ടേറെ സങ്കീർണ്ണ പ്രവർത്തനങ്ങൾ ‘എന്റെ’ അറിവും അനുവാദവും കൂടാതെ നടന്നുകൊണ്ടിരിക്കുന്നു. അപ്പോൾ ശാരീരിക പ്രവർത്തനങ്ങളുടെ കാര്യത്തിൽ ‘ഞാൻ’ സമഗ്രമായ അധീശത്വം വഹിക്കുന്നില്ല. എന്തുകൊണ്ടു്?
ഏകീകരണകേന്ദ്രം
ജന്തുശരീര പ്രവർത്തനങ്ങളുടെ സമഗ്രമായ ഐക്യത്തിനു് കളമൊരുക്കുന്നതു് നാഡീവ്യൂഹമാണു്. നിശ്ചിതമായ പാരമ്പര്യഘടകങ്ങളുടെ നിയന്ത്രണത്തിലുള്ള ശാരീരിക പ്രവർത്തനങ്ങളെ ബാഹ്യപരിതഃസ്ഥിതിയുമായി പൊരുത്തപ്പെടുത്തുകയെന്ന കൃത്യമാണു നാഡീവ്യൂഹം പ്രധാനമായും നിർവ്വഹിക്കുന്നതു്. നാഡീകോശങ്ങളിലെ രാസവൈദ്യുത പ്രവർത്തനങ്ങളിലൂടെ, ചോദനങ്ങൾ സ്വീകരിച്ചു് അനുയോജ്യമായ പ്രതികരണങ്ങളെയും മറ്റും കോഡുകളാക്കി മാറ്റി സമാഹരിക്കാനും മുദ്രണം ചെയ്യാനുമുള്ള കഴിവു് മനുഷ്യന്റെ പൂർവ്വമസ്തിഷ്കത്തിലെ ഉപരികേന്ദ്രങ്ങൾക്കുണ്ടു്. ഈ ഉപരികേന്ദ്രത്തിലാണു് ബോധേന്ദ്രിയങ്ങളും ചേഷ്ടാ കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്നതു്. ഈ കേന്ദ്രങ്ങളിൽ ചിലതു് പ്രവർത്തനരഹിതമായാൽ അവയോടു ബന്ധപ്പെട്ട ‘ഞാനും’ അപ്രത്യക്ഷമാകുന്നു. ജന്മനാ അന്ധനായ ഒരുവനിൽ ‘ഞാൻ’ എന്ന ഭാവം രൂപപ്പെടുത്തുന്നതിൽ ‘കാണുന്ന ഞാൻ’ ഭാഗമാക്കാകുന്നില്ല. ശ്രവണേന്ദ്രിയങ്ങൾ കൂടി നിഷ്ക്രിയമായ ഒരുവനിൽ ‘കേൾക്കുന്ന ഞാനും’ ഉണ്ടാവില്ല. ഈ അവസ്ഥയിൽ ഞാൻ നിലനില്ക്കുന്നതു് രുചി, ഗന്ധ, സ്പർശകേന്ദ്രങ്ങളിലും ചേഷ്ടാകേന്ദ്രങ്ങളിലുമായിട്ടാണു്.
മയക്കുമരുന്നുകളുപയോഗിച്ചു പൂർവമസ്തിഷ്കത്തിലെ എല്ലാ ഉപരികേന്ദ്രങ്ങളേയും നിരോധാവസ്ഥയിലാക്കുന്നു എന്നിരിക്കട്ടെ. ‘ഞാൻ’ പരിപൂർണ്ണമായും അപ്രത്യക്ഷമാകുന്നു. ഈ അവസ്ഥയിലും ആന്തരികാവയവങ്ങളെ നിയന്ത്രിക്കുന്ന നാഡീവ്യവസ്ഥകൾ അന്യൂനമായി പ്രവർത്തിക്കുന്നു. ആ പ്രവർത്തനങ്ങളിൽനിന്നും ‘ഞാൻ’ എന്ന ബോധം ഉടലെടുക്കുന്നില്ല. ഇതിൽനിന്നും ‘ഞാൻ’ എന്ന ഭാവം ഉടലെടുക്കുന്നതിനു പൂർവമസ്തിഷ്കത്തിന്റെ പ്രവർത്തനം അനിവാര്യമാണെന്നു വ്യക്തമാവുന്നു. ഈ ഉപരികേന്ദ്രങ്ങളിലേതെങ്കിലും ഒന്നു് ഉണർന്നിരിക്കുന്നിടത്തോളം ‘ഞാൻ’ നിലനില്ക്കുന്നു. പൂർവമസ്തിഷ്കത്തിന്റെ പ്രവർത്തനത്തിലെ ഒരു സവിശേഷത മുന്നൊരിക്കൽ സൂചിപ്പിക്കുകയുണ്ടായി. അതായതു്, വിവിധ കേന്ദ്രങ്ങളുടെ പ്രവർത്തനം വിവിധ മസ്തിഷ്കഭാഗങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. പൂർവമസ്തിഷ്കത്തിലെ ഏതെങ്കിലുമൊരു ഭാഗത്തിനു തകരാറു പറ്റിയാലും, ആ ഭാഗം നിർവഹിച്ചുവന്നിരുന്ന കൃത്യങ്ങൾ മറ്റു ഭാഗങ്ങൾ ചേർന്നു നിർവ്വഹിക്കും. അങ്ങനെ എല്ലാ ഉപരികേന്ദ്രങ്ങളുമായും അതിസങ്കീർണ്ണമായ പരസ്പരബന്ധം നിലനില്ക്കുന്നുണ്ടു്. ഇങ്ങനെ വിവിധ ബോധേന്ദ്രിയകേന്ദ്രങ്ങളെയും ചേഷ്ടാ കേന്ദ്രങ്ങളെയും തമ്മിൽ കൂട്ടിയിണക്കുന്ന വിപുലമായ ഒരു ഏകീകരണ കേന്ദ്രം ഉയർന്ന ജന്തുക്കളുടെ മസ്തിഷ്കത്തിൽ നിലനില്ക്കുന്നുണ്ടു് എന്നതിൽ സംശയമില്ല. നാഡീവ്യൂഹത്തെക്കുറിച്ചു പ്രതിപാദിച്ച അദ്ധ്യായത്തിൽ ചൂണ്ടിക്കാട്ടിയ തന്തുജാലമാണു് ഈ ഏകീകരണ കേന്ദ്രമായി വർത്തിക്കുന്നതു് എന്നു് ഇന്നു് ഏറെക്കുറെ തെളിഞ്ഞിട്ടുണ്ടു്.
വിവിധ ബോധേന്ദ്രിയങ്ങളിൽനിന്നു വരുന്ന വാർത്തകളെല്ലാം തന്തുജാലത്തിൽ വന്നു് സമഗ്രമായ അപഗ്രഥനത്തിനു വിധേയമാകുന്നുണ്ടു്. അതുപോലെ മസ്തിഷ്കത്തിൽനിന്നു പുറപ്പെടുന്ന എല്ലാ നിർദ്ദേശങ്ങളും തന്തുജാലം വഴിയാണു് പുറത്തേയ്ക്കു് അയയ്ക്കപ്പെടുന്നതു്. ഇത്തരം ഏകീകരണ പ്രവർത്തനത്തിനു തികച്ചും അനുയോജ്യമായ വിധത്തിലാണു് തന്തുജാലത്തിന്റെ ഘടനയും. മസ്തിഷ്കത്തിന്റെ കേന്ദ്രഭാഗത്തായി പൂർവ്വമസ്തിഷ്കത്തിന്റെ ഉപരിതലപാളിക്കു താഴെയായിട്ടാണു് ഈ തന്തുജാലം സ്ഥിതിചെയ്യുന്നതു്. അതിനു ചുറ്റും എല്ലാ തരത്തിലുമുള്ള സംജ്ഞാകേന്ദ്രങ്ങളും ചേഷ്ടാകേന്ദ്രങ്ങളും സ്ഥിതിചെയ്യുന്നു. തന്തുജാലത്തിലെ കോശങ്ങളെല്ലാം അസംഖ്യം ശാഖോപശാഖകളോടുകൂടിയവയാണു്. തന്മൂലം വിവിധ ദിശകളിൽ വന്നുചേരുന്ന വാർത്തകൾ ഓരോ കോശത്തിലോ ഒരു ചെറുവിഭാഗം കോശങ്ങളിലോ സമാഹരിക്കാനിടയാകുന്നു. ഇതു് ഏകീകരണപ്രവർത്തനത്തെ അങ്ങേ അറ്റം സഹായിക്കുന്നു. ഇങ്ങനെ പൂർവമസ്തിഷ്കത്തിൽ വന്നുചേരുന്ന സംജ്ഞാകേന്ദ്രങ്ങളിലെ വാർത്തകളും അവ തമ്മിലുള്ള വിവിധ സംയോജനങ്ങൾക്കു കളമൊരുക്കുന്ന സംയോജനകേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളുമെല്ലാം ഏകീകരിക്കുന്ന മർമ്മപ്രധാനമായ കൃത്യം നിർവഹിക്കുന്നതു് തന്തുജാലമാണെന്നു കരുതേണ്ടിയിരിക്കുന്നു. ആ നിലയ്ക്കു് ‘ഞാൻ’ എന്ന ഭാവത്തിനു ജന്മമേകുന്ന ആ ഏകീകരണസ്ഥാനവും മറ്റെങ്ങുമാകാനിടയില്ല. പക്ഷേ, ഈ തന്തുജാലത്തിന്റെ പ്രവർത്തനം എല്ലായ്പോഴും പൂർവമസ്തിഷ്കത്തിലെ ഉപരികേന്ദ്രങ്ങളെയും മസ്തിഷ്കത്തിലെ മറ്റു് അധോകേന്ദ്രങ്ങളെയും തമ്മിൽ സംയോജിപ്പിക്കലായതുകൊണ്ടു് ഈ വിവിധകേന്ദ്രങ്ങളിൽനിന്നു സ്വതന്ത്രമായ ഒരസ്തിത്വം അതിനുണ്ടാവില്ല. തന്മൂലം വിപുലമായ ഒരേകീകരണ മാധ്യമമായി മാത്രമേ തന്തുജാലത്തെ കണക്കാക്കാവൂ. ഏതെങ്കിലുമൊരു പ്രത്യേക ബോധത്തിന്റെ ആസ്ഥാനമായി അതു വർത്തിക്കുന്നില്ല. ‘ഞാൻ’ എന്ന ഭാവവും അപ്രകാരത്തിൽ ഏതെങ്കിലുമൊരു പ്രത്യേക ഭാഗത്തിന്റെ പ്രവർത്തനഫലമായുണ്ടാവുന്നതല്ല; ഒട്ടേറെ ഉപരികേന്ദ്രങ്ങളും അധോകേന്ദ്രങ്ങളും തമ്മിൽ ഏകോപിച്ച പ്രവർത്തിക്കുന്നതിന്റെ അനന്തരഫലമാണതു്. ഈ ഏകീകരണത്തിൽ തന്തുജാലത്തിനു നിർണ്ണായക പങ്കുണ്ടെന്നു മാത്രം.
സമൂഹവും ഞാനും
പരിണാമപരമായി മനുഷ്യനു താഴെനില്ക്കുന്ന എല്ലാ ജന്തുക്കളിലും ബോധേന്ദ്രിയങ്ങളാകുന്ന പ്രഥമ സിഗ്നൽ വ്യവസ്ഥ മാത്രമേ നിലനില്ക്കുന്നുള്ളു. ഈ വ്യവസ്ഥയെ ഭാഷയുടെ മാധ്യമത്തിലൂടെ ദ്വിതീയ സിഗ്നൽ വ്യവസ്ഥയായി മാറ്റുന്ന പ്രക്രിയ മനുഷ്യനിൽ മാത്രമേ നടക്കുന്നുള്ളു. ഈ ദ്വിതീയ സിഗ്നൽ വ്യവസ്ഥയാണു് മനുഷ്യനെ സാമൂഹ്യജീവിയാക്കിയതു്. അഥവാ സാമൂഹ്യജീവിതമാണു് മനുഷ്യനിൽ ഈ ദ്വിതീയ സിഗ്നൽ വ്യവസ്ഥ വളർന്നുവരാനുള്ള സാഹചര്യമൊരുക്കിയതു്. ഓരോ വ്യക്തിയിലെയും അഹംബോധത്തിനു ജന്മമേകുന്നതു് സമൂഹമാണു്. ജീവിതത്തിന്റെ ആദ്യദശയിൽ പൂർവമസ്തിഷ്കത്തിൽ എത്തിപ്പെടുന്ന വൈവിധ്യമാർന്ന വാർത്തകളുടെ ഉടമയായി ഞാൻ സ്വയം കണ്ടെത്തുന്നതു് മറ്റുള്ളവരിലൂടെയാണു്. ബാഹ്യലോകവുമായുള്ള അന്തരത്തെ സ്പഷ്ടമാക്കുന്ന അനുഭവങ്ങൾക്കു ‘ഞാൻ’ എന്നും ‘എന്റെ’ എന്നും മറ്റുമുള്ള സംജ്ഞകൾ നൽകാൻ സമൂഹത്തിൽ നിന്നു് അഥവാ മറ്റുള്ളവരിൽനിന്നു് ആണു് ഞാൻ പഠിക്കുന്നതു്.
ഇങ്ങനെ രൂപീകൃതമാകുന്ന അഹംബോധത്തിനു് ആനുഷംഗികമായിട്ടാണെങ്കിലും രണ്ടു ഘടകങ്ങളുണ്ടു്. ‘ഞാൻ’ എന്നെപ്പറ്റി ചിന്തിക്കുന്നു എന്നു പറയുന്നിടത്തു് ചിന്തിക്കുന്ന ‘ഞാൻ’ എന്ന ഘടകവും ചിന്തിക്കപ്പെടുന്ന ‘എന്നെ’ എന്ന ഘടകവും വ്യത്യസ്തമാണു്. പൂർവ്വ മസ്തിഷ്കത്തിൽ ജനനം മുതൽ സമാഹരിക്കാനിടയായിട്ടുള്ള വിജ്ഞാനസമ്പത്തിന്റെ പ്രതിനിധിയാണു് ‘ഞാൻ’. അതിൽ ഒരു ഭാഗത്തെമാത്രം പ്രതിബിംബിക്കുന്നതാണു് വിവക്ഷിതമായ ‘എന്നെ’ എന്ന ഘടകം. അതായതു് ‘ഞാൻ’ എന്ന വ്യക്തി മറ്റുള്ളവരിൽ പ്രതിഫലിച്ചുണ്ടാകുന്ന പ്രതിരൂപത്തെയാണു് വാസ്തവത്തിൽ ഞാൻ നോക്കിക്കാണാൻ ശ്രമിക്കുന്നതു്. എന്റെ വ്യക്തിത്വം സമൂഹത്തിലുണ്ടാക്കുന്ന പ്രതികരണത്തെ ഞാൻ വിലയിരുത്തുകയാണിവിടെ ചെയ്യുന്നതു്. ഇതിന്റെ അടിസ്ഥാനത്തിൽ ‘നിങ്ങൾ’ അഥവാ സമൂഹം ഉള്ളതുകൊണ്ടാണു് ‘ഞാൻ’ എന്നെപ്പറ്റി ചിന്തിക്കാനിടയാവുന്നതു് എന്ന നിഗമനത്തിൽ നാമെത്തിച്ചേരുന്നു. നിങ്ങളെ കൂടാതെ എനിക്കു് എന്നെപ്പറ്റി ചിന്തിക്കാനാവില്ല. അഥവാ ‘നിങ്ങൾ’ ഉണ്ടായിരുന്നില്ലെങ്കിൽ ‘ഞാൻ’ ഉണ്ടാകുമായിരുന്നില്ല.
മനസ്സാക്ഷി
ജനനം മുതൽ നിമിഷം പ്രതിയെന്നോണം പൂർവ്വമസ്തിഷ്കത്തിൽ ശേഖരിക്കപ്പെടുന്ന വാർത്തകളാണു് വ്യക്തിത്വത്തിനു രൂപഭാവങ്ങൾ നൽകുന്നതു്. അച്ഛനമ്മമാരിൽനിന്നും വിദ്യാലയജീവിതത്തിൽനിന്നും മറ്റും സ്വായത്തമാക്കുന്ന സദാചാരപാഠങ്ങൾ ഏതൊരുവന്റെയും വ്യക്തിത്വത്തിലെ സുപ്രധാന ഘടകങ്ങളാണു്. എന്തിനെയും ചോദ്യം ചെയ്തതിനുശേഷം മാത്രം സ്വീകരിക്കാനുള്ള കഴിവുണ്ടാകുന്നതിനുമുമ്പേതന്നെ അടിച്ചേല്പിക്കപ്പെടുന്ന വിലക്കുകളും ഗുണദോഷപാഠങ്ങളും മറ്റുമാണു് മസ്തിഷ്കത്തിൽ ആദ്യമേതന്നെ സ്ഥലം പിടിക്കുന്നതു്. പില്ക്കാലചെയ്തികൾക്കു കടിഞ്ഞാണിടാനെന്നവണ്ണം ഈ പ്രാഥമിക വിശ്വാസങ്ങൾ ഇടയ്ക്കിടയ്ക്കു തലപൊക്കുന്നു. ഹീനകൃത്യങ്ങളെന്നു നാം കരുതുന്ന പ്രവൃത്തികൾ ചെയ്യാൻ നിർബ്ബന്ധിതരാകുമ്പോൾ സ്വാഭാവികമായും പഴയ സദാചാരപാഠങ്ങൾ വിലക്കുകളുമായി പ്രത്യക്ഷപ്പെടുന്നു; അഥവാ പൂർവ്വമസ്തിഷ്കത്തിൽ ഉത്തേജിപ്പിക്കപ്പെടുന്നു. ഇങ്ങനെ പൂർവ്വകാലാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഉത്തേജിപ്പിക്കപ്പെടുന്ന വിലക്കുകളെയാണു് നാം ‘മനസ്സാക്ഷി’ എന്നു വിളിക്കാറുള്ളതു്. ആന്തരികമായി പ്രവർത്തിക്കുന്ന അവ്യക്തരൂപിയായ ഏതോ ഒരു പ്രതിഭാസമല്ല ‘മനസ്സാക്ഷി’യെന്നു് ഇതിൽനിന്നു വ്യക്തമാവുന്നുണ്ടല്ലോ.
സാമൂഹ്യവളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ നിലനിന്നിരുന്ന സാമൂഹ്യവും സദാചാരപരവുമായ ആചാരങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിലാണു് അതാതു് കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന വ്യക്തികളിലെ മനസ്സാക്ഷി രൂപംകൊള്ളുന്നതു്. അടിമത്തവ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തിൽ അടിമകളെക്കൊണ്ടു് കഠിനാധ്വാനം ചെയ്യിക്കുന്നതോ, അവരെ ക്രൂരമായി മർദ്ദിക്കുന്നതോ മനസ്സാക്ഷിക്കു വിരുദ്ധമായി കണക്കാക്കപ്പെട്ടിരുന്നില്ല. ആ വ്യവസ്ഥിതിയിൽ ജീവിച്ചിരുന്ന അരിസ്റ്റോട്ടിലിനെയും പ്ലേറ്റോവിനെയും പോലുള്ള ചിന്തകർക്കുപോലും അടിമകളടക്കമുള്ള എല്ലാ മനുഷ്യരും തുല്യരാണെന്നു ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ല. അപ്പോൾ നിലവിലുള്ള ഒരു സാമൂഹ്യവ്യവസ്ഥിതി വ്യക്തികളുടെ വീക്ഷണഗതിയുടെ അഥവാ മനസ്സാക്ഷിയുടെ രൂപീകരണത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്നു വ്യക്തമാവുന്നുണ്ടല്ലോ. രാജവാഴ്ചക്കാലത്തു് രാജാവിനെതിരായി ചിന്തിക്കുന്നതു മനസ്സാക്ഷിക്കു വിരുദ്ധമായിരുന്നു, എന്നാൽ ഇന്നോ? രാജാവെന്ന സങ്കല്പം തന്നെ വ്യക്തികളുടെ വീക്ഷണഗതിയിൽനിന്നു നിശ്ശേഷം മാഞ്ഞുപോയിരിക്കുന്നു. എല്ലാ വ്യവസ്ഥിതിയിലും ഉടലെടുക്കുന്ന സദാചാരങ്ങളുടെയും സ്ഥിതി ഇതാണു്. സാമൂഹ്യവ്യവസ്ഥിതി മാറുന്നതിനനുസരിച്ചു് അവയും മാറുന്നു. അതിനനുസരിച്ചു് മനസ്സാക്ഷിയും.
അഹംബോധത്തിന്റെ രൂപീകരണത്തിൽ ജീവിതപരിതഃസ്ഥിതികൾക്കുള്ള സ്ഥാനം അതിവിപുലമാണു്. ഒരുവൻ തിരഞ്ഞെടുക്കുന്ന പ്രവർത്തനമണ്ഡലവുമായി താദാത്മ്യം പ്രാപിക്കുംതോറും അവനിലെ ‘ഞാൻ’ ആ വഴിക്കു രൂപം പ്രാപിച്ചുകൊണ്ടിരിക്കുകയാവും. അവന്റെ വ്യക്തിത്വം തനതു മണ്ഡലത്തിൽ പ്രശോഭിക്കുംതോറും ഇതരമണ്ഡലങ്ങളോടു് അവഗണന വളർന്നുകൊണ്ടിരിക്കും. ഒരു കവിയുടെ മുന്നിൽ കുഴഞ്ഞുമറിഞ്ഞ ഗണിതശാസ്ത്രപരമായ ഒരു പ്രശ്നം ഉന്നയിക്കപ്പെട്ടു എന്നിരിക്കട്ടെ. കവി ആ പ്രശ്നപരിഹാരത്തിനായി ഒരു ചെറിയ ശ്രമമെങ്കിലും നടത്താൻ തയ്യാറാവില്ല. മാത്രമല്ല; കവിയിലെ ‘ഞാൻ’ ഈ പരാജയത്തിൽ അല്പമെങ്കിലും അവമാനിതനായി എന്നു ഭാവിക്കയില്ല. അതേസമയം ഒരു ഗണിതശാസ്ത്രജ്ഞൻ പ്രസ്തുത ശ്രമത്തിൽ പരാജയപ്പെടുകയാണെങ്കിൽ അയാളിലെ ‘ഞാൻ’ അങ്ങേയറ്റം അവമാനിക്കപ്പെട്ടതായി കണക്കാക്കും. കവിയിലെ ‘ഞാൻ’ ഗണിതശാസ്ത്രവുമായി വലിയ ബന്ധമൊന്നും പുലർത്തിയിട്ടില്ലാത്തതിനാലാണു് അതിനോടൊരു അവഗണനാമനോഭാവം കൈക്കൊണ്ടതു്. അതേസമയം ഗണിതശാസ്ത്രജ്ഞനിലെ ‘ഞാൻ’ ആകട്ടെ ഗണിതശാസ്ത്രത്താൽ തന്നെയാണു് പടുത്തുയർത്തപ്പെട്ടതു്. ആ മണ്ഡലത്തിൽ സംഭവിക്കുന്ന ഏതൊരു പരാജയവും അയാളുടെ അഹംബോധത്തെ ക്ഷീണിപ്പിക്കുന്നു. ഓരോ വ്യക്തിയിലെയും ‘ഞാൻ’ എന്ന ഭാവം അയാൾ ആർജ്ജിച്ചിട്ടുള്ള അറിവുമായി അഥവാ അയാളുടെ പൂർവമസ്തിഷ്കത്തിൽ സമാഹരിക്കപ്പെട്ടിട്ടുള്ള വാർത്തകളുമായി എത്രത്തോളം ബന്ധപ്പെട്ടിട്ടുണ്ടെന്നു് ഇതു കാണിച്ചു തരുന്നു.
കലാകാരന്റെ സർഗാത്മകത
മസ്തിഷ്കകോശങ്ങളുടെ മൗലികമായ പ്രവർത്തനരീതിയിൽ, മറ്റു ശരീരഭാഗങ്ങളെപ്പോലെതന്നെ വ്യക്തിപരമായി നിലനിൽക്കുന്ന വൈവിധ്യം അനന്തമാണെന്നു് നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. കലാകാരന്റെ മസ്തിഷ്കകോശങ്ങളിൽ ശേഖരിക്കപ്പെട്ടിട്ടുള്ള പൂർവ്വകാലാനുഭവശകലങ്ങൾ പുതിയ ബന്ധങ്ങൾ രൂപീകരിക്കുമ്പോഴാണു് പുതുമയുള്ള ചിത്രങ്ങൾ ആവിഷ്കൃതമാകുന്നതു്. മഹത്തായ ഒരു സാഹിത്യസൃഷ്ടിയിൽ ഉപയോഗപ്പെട്ടിട്ടുള്ള എല്ലാ പദങ്ങളും ആ ഭാഷയിൽ നേരത്തെതന്നെ നിലനിൽക്കുന്നതാണു്. പദങ്ങളുടെ സൃഷ്ടിയിലല്ല, മറിച്ചു് അവയുടെ ബന്ധങ്ങളിലാണു് പുതുമയും അപൂർവതയും ദൃശ്യമാകുന്നതു്. അതുപോലെ ചിത്രകാരൻ തന്റെ ചിത്രത്തിനു് മിഴിവേകുന്നതു് പുതിയ വർണ്ണങ്ങളോ വരകളോ സൃഷ്ടിച്ചുകൊണ്ടല്ല. അവ തമ്മിലുള്ള ബന്ധങ്ങളിൽ പുതുമ സൃഷ്ടിച്ചുകൊണ്ടാണു്. ഒരു സാധാരണക്കാരനിലെപ്പോലെ തന്നെ, ഭാഷാപദങ്ങളും വർണ്ണങ്ങളും വരകളും ജീവിതാനുഭവങ്ങളും കലാകാരന്റെ മസ്തിഷ്കത്തിലും മുദ്രണം ചെയ്യപ്പെടുന്നു. എന്നാൽ പൂർവ്വമസ്തിഷ്കത്തിന്റെ സംയോജക കേന്ദ്രങ്ങളിൽവെച്ചു് ഈ മുദ്രിതചിത്രങ്ങൾ തമ്മിൽ പുതിയ പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്ന കാര്യത്തിൽ, കലാകാരന്റെയും സാധാരണക്കാരന്റെയും കഴിവുകളിൽ പ്രകടമായ അന്തരം കാണുന്നുവെന്നുമാത്രം.
ഏറ്റവും മഹത്തരമെന്നു വിശേഷിപ്പിക്കപ്പെടുന്ന കലാസൃഷ്ടികളെല്ലാം തന്നെ, കലാകാരന്റെ ബോധപൂർവമായ നിയന്ത്രണത്തിൽനിന്നും ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതല്ല. പൂർവമസ്തിഷ്ക്ക സംയോജകകേന്ദ്രങ്ങളിലെ നാഡീകോശങ്ങൾ സദാ പുതിയ പുതിയ ബന്ധങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അവയിൽ ഭൂരിഭാഗവും അപ്രസക്തങ്ങളായിരിക്കും. വളരെ അപൂർവമായി മാത്രം, തികച്ചും യാദൃശ്ചികമായ, നിത്യനൂതനമായ ബന്ധങ്ങൾവഴി രൂപം കൊണ്ടു് ചിത്രങ്ങൾ കലാകാരന്റെ മസ്തിഷ്കത്തിൽ മിന്നിമറയുന്നു. ഈ അപൂർവ സന്ദർഭങ്ങളെ തന്മയത്വത്തോടുകൂടി കൈകാര്യം ചെയ്യുമ്പോൾ അപൂർവസുന്ദരങ്ങളായ കലാശില്പങ്ങൾ രൂപംകൊള്ളുകയായി. മസ്തിഷ്ക കോശങ്ങളിൽ നടക്കുന്ന ഈ യാദൃശ്ചിക സമ്മേളനങ്ങളാണു് അപൂർവകലാശില്പങ്ങളെ വാർത്തെടുക്കുന്നതു് എന്നതുകൊണ്ടാണു്, തന്റെ കവിതയോ കലാശില്പമോ ജനിച്ചതെങ്ങനെയാണെന്നു വിവരിക്കാൻ ഒരു കലാകാരനു് കഴിയാതെ വരുന്നതു്. ആ അപൂർവസന്ദർഭങ്ങളെ അവർ വിവരണാതീതമായ, ദിവ്യമായ അനുഭൂതിയെന്നെല്ലാം വിളിക്കുന്നു എന്നുമാത്രം.
ആത്മസാക്ഷാത്ക്കാരം
ആത്മീയവാദികളുടെ ആത്മസാക്ഷാൽക്കാര സിദ്ധാന്തത്തെക്കുറിച്ചും ചിലതിവിടെ പറയേണ്ടിയിരിക്കുന്നു. നിരന്തരമായ ധ്യാനത്തിലൂടെ, ബാഹ്യലോകവുമായുള്ള എല്ലാ ബന്ധങ്ങളും വേർപെടുത്തി, ആത്മാവിലേയ്ക്കും അതുവഴി പരമാത്മാവിലേയ്ക്കും ലയിച്ചുചേർന്നു്, ആത്മസാക്ഷാത്ക്കാരമെന്നും, നിർവികല്പസമാധിയെന്നും വിളിക്കപ്പെടുന്ന അവസ്ഥയിലെത്തിച്ചേരാമെന്നു് പ്രാചീന ഭാരതീയ ചിന്തകർ സിദ്ധാന്തിച്ചിട്ടുണ്ടു്. പലരും ഇതു് പ്രയോഗത്തിലെത്തിച്ചിട്ടുണ്ടെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
ഏറെക്കാലത്തെ ആസൂത്രിതമായ പരിശീലനവും, സങ്കീർണ്ണമായ യോഗസൂത്രാനുശാസനങ്ങളുടെ യഥാവിധിയുള്ള ഉപയോഗവുംകൊണ്ടു മാത്രമേ പ്രസ്തുത ലക്ഷ്യത്തിലെത്തിച്ചേരാൻ കഴിയു. ശ്രമാവഹമായ പരിശീലനംകൊണ്ടു്, മറ്റു ശാരീരികാവയവങ്ങളെപ്പോലെതന്നെ, ബോധേന്ദ്രിയങ്ങളെയും മസ്തിഷ്കത്തെയും നിയന്ത്രണാധീനമാക്കാൻ പറ്റും. മറ്റവയവങ്ങളെയെല്ലാം മെരുക്കിയെടുത്തതിനുശേഷം മസ്തിഷ്കത്തെയും നിയന്ത്രിക്കുകയാണു് സാധാരണ പതിവു്. നിരന്തരമായ ധ്യാനത്തിലൂടെ ബാഹ്യലോകവുമായുള്ള ബന്ധം വിടർത്തുക സാധ്യമാണു്. പക്ഷേ, ഇത്തരത്തിലുള്ള അന്തർമുഖത്വം സാദ്ധ്യമാവുന്നതു് പൂർവ മസ്തിഷ്കത്തിലെ ബോധേന്ദ്രിയ മസ്തിഷ്കകോശങ്ങളിൽ നിരോധം ഏർപ്പെടുത്തിയിട്ടാണെന്നു മാത്രം. ഇതു് ഒരു സാധാരണക്കാരനു് അസാദ്ധ്യമാണു്.
മസ്തിഷ്കകോശങ്ങളുടെ സുഗമമായ പ്രവർത്തനത്തിനിടയ്ക്ക് ആവശ്യമായി വരാനുള്ള നിരോധനത്തെക്കുറിച്ചും, ഉറക്കത്തിനു് കാരണമായ വ്യാപകമായ നിരോധത്തെക്കുറിച്ചും, മുന്നദ്ധ്യായങ്ങളിൽനിന്നു് ചിലതെല്ലാം വ്യക്തമായിട്ടുണ്ടല്ലോ. എന്നാൽ അത്തരം നിരോധങ്ങളൊന്നും തന്നെ നമ്മുടെ ബോധപൂർവമുള്ള ആഗ്രഹാനുസാരം ഉടലെടുക്കുന്നതല്ല. അതസാദ്ധ്യവുമാണു്. യോഗാഭ്യാസംകൊണ്ടു്, പൂർവ്വമസ്തിഷ്കത്തിലെ ഉപരി കേന്ദ്രങ്ങളിൽ പടിപടിയായി നിരോധം ഏർപ്പെടുത്താൻ സാദ്ധ്യമാവുന്നു. ചേഷ്ടാനാഡീകേന്ദ്രത്തെ നിരോധിക്കുന്നതുനിമിത്തം ചലനമറ്റു് ഏറെ നേരം ഇരിക്കാനും അതുവഴി മറ്റു് ഉപരികേന്ദ്രങ്ങളുടെ നിരോധത്തിനു് കളമൊരുക്കാനും കഴിയുന്നു. പിന്നീടു് ഓരോ ബോധേന്ദ്രിയ കേന്ദ്രത്തെയും നിരോധിച്ചുകൊണ്ടു്, ക്രമത്തിൽ ബാഹ്യലോകവുമായുള്ള ബന്ധം വേർപെടുത്താൻ കഴിയുന്നു. ഈ സന്ദർഭത്തിൽ, പൂർവ മസ്തിഷ്കത്തിൽ നേരത്തെ ശേഖരിച്ചുവെച്ചിട്ടുള്ള ആത്മ, പരമാത്മ സാങ്കല്പിക ചിത്രങ്ങൾക്കു് മിഴിവേകുകയും മറ്റു ചിത്രങ്ങളെയെല്ലാം നിരോധിക്കുകയും ചെയ്യാൻ ശ്രമിക്കുന്നതു നിമിത്തം താൻ അന്തിമലക്ഷ്യത്തിലെത്തിച്ചേരുകയാണെന്ന ധാരണ ഉടലെടുക്കുന്നു. ക്രമത്തിൽ പൂർവമസ്തിഷ്കത്തിലെ നിരോധപ്രക്രിയ വ്യാപകമായിക്കൊണ്ടിരിക്കുന്നു. തൽഫലമായി, സ്വപ്നാവസ്ഥയിലും, നിരോധം പരിപൂർണ്ണമായി തീരുമ്പോൾ സുഷുപ്തിയിലും എത്തിച്ചേരുന്നു. ഇങ്ങനെ പൂർവമസ്തിഷ്കത്തിൽ വ്യാപകമായി നിരോധം ഏർപ്പെടുത്തുമ്പോൾ ആ മസ്തിഷകകോശങ്ങളിൽ മുദ്രണം ചെയ്യപ്പെട്ടിരുന്ന എല്ലാ വിഷയങ്ങളും ബോധതലത്തിൽനിന്നു് അപ്രത്യക്ഷമാകുന്നതുകൊണ്ടു് ഒരു തരം നിർവിഷയാവസ്ഥ സംജാതമാകുന്നു. ചുരുക്കത്തിൽ, ആത്മസാക്ഷാൽക്കാരം കൈവരിക്കുന്നതിനുവേണ്ടി, മസ്തിഷ്കകോശങ്ങളുടെ മൗലികസ്വഭാവങ്ങളായ ഉത്തേജന, നിരോധപ്രക്രിയകളെ ആവശ്യാനുസാരം ഉപയോഗപ്പെടുത്തുകയാണ് പ്രാചീന താപസർ ചെയ്തിരുന്നതെന്നു കരുതാൻ ന്യായമുണ്ടു്.
|