close
Sayahna Sayahna
Search

Difference between revisions of "വലിയൊരു ആൽബം"


(Created page with " മാഷ് അപ്പോഴും അന്തം വിട്ട് നിൽക്കുകയാണ്. മുഖത്തുനിന്ന് കുറച്ചു...")
 
 
Line 1: Line 1:
 
+
{{EHK/KaruthaThambratty}}
 
+
{{EHK/KaruthaThambrattyBox}}
 
മാഷ് അപ്പോഴും അന്തം വിട്ട് നിൽക്കുകയാണ്. മുഖത്തുനിന്ന് കുറച്ചുമുമ്പുണ്ടായ ഞെട്ടലിന്റെ അന്ധാളിപ്പ് മാഞ്ഞുപോയിട്ടില്ല.  
 
മാഷ് അപ്പോഴും അന്തം വിട്ട് നിൽക്കുകയാണ്. മുഖത്തുനിന്ന് കുറച്ചുമുമ്പുണ്ടായ ഞെട്ടലിന്റെ അന്ധാളിപ്പ് മാഞ്ഞുപോയിട്ടില്ല.  
  
Line 174: Line 174:
  
 
‘പക്ഷേ,’ മാസ്റ്റർ തുടർന്നു. ‘താനൊരു എഴുത്തുകാരനാണെന്നത്, താൻ പുസ്തകങ്ങൾ ഇറക്കീട്ട്ണ്ട്ന്നത്, അവാർഡുകള് കിട്ടീട്ട്ണ്ട്ന്നത്, ദാസൻ… ഞാനറിഞ്ഞില്ല. പൊറുക്കാൻ പറ്റാത്ത വലിയൊരു തെറ്റാണത്. എനിക്കറിയില്ല എങ്ങിനെ അത്…’   
 
‘പക്ഷേ,’ മാസ്റ്റർ തുടർന്നു. ‘താനൊരു എഴുത്തുകാരനാണെന്നത്, താൻ പുസ്തകങ്ങൾ ഇറക്കീട്ട്ണ്ട്ന്നത്, അവാർഡുകള് കിട്ടീട്ട്ണ്ട്ന്നത്, ദാസൻ… ഞാനറിഞ്ഞില്ല. പൊറുക്കാൻ പറ്റാത്ത വലിയൊരു തെറ്റാണത്. എനിക്കറിയില്ല എങ്ങിനെ അത്…’   
 
+
{{EHK/KaruthaThambratty}}
 
{{EHK/Works}}
 
{{EHK/Works}}

Latest revision as of 13:23, 31 May 2014

വലിയൊരു ആൽബം
EHK Story 10.jpg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കറുത്ത തമ്പ്രാട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 81

മാഷ് അപ്പോഴും അന്തം വിട്ട് നിൽക്കുകയാണ്. മുഖത്തുനിന്ന് കുറച്ചുമുമ്പുണ്ടായ ഞെട്ടലിന്റെ അന്ധാളിപ്പ് മാഞ്ഞുപോയിട്ടില്ല.

എനിക്കു കലശലായി ദേഷ്യം പിടിച്ചുവെന്ന് മാസ്റ്റർക്ക് മനസ്സിലായി. അദ്ദേഹം അപ്പോഴും എന്തോ പിറുപിറുക്കുകയാണ്, ക്ഷമാപണത്തോടെ. ‘ഞാൻ അറിഞ്ഞില്ല ദാസൻ …’

ഒരാഴ്ചയായി ആന്റണി മാസ്റ്റർ എന്റെ അടുത്ത് വന്നു കൂടിയിട്ട്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം എന്നിൽ അടിച്ചേൽപ്പിക്കുകയാണുണ്ടായത്. പെട്ടെന്നൊരു രാവിലെയാണദ്ദേഹം കയറി വന്നത്. ഒരു ചെറിയ സൂട്ട്‌കേസും കുടയുമായി ആന്റണി മാസ്റ്റർ വാതിൽക്കൽ നിൽക്കുന്നു. ഞാൻ ഓഫീസിൽ പോകാനായി വാതിൽ തുറന്നപ്പോൾ മാസ്റ്റർ കുത്തനെ നിൽക്കുകയാണ്. എന്നെ കണ്ടപ്പോൾ ആ മുഖം വികസിച്ചു.

‘ആ, അപ്പൊ ഇതന്ന്യാണല്ലെ ദാസന്റെ വീട്. ഞാൻ സംശയിച്ചു നിക്ക്വായിരുന്നു.’

‘അപ്പൊ, മാസ്റ്റർക്ക് ബെല്ലടിക്കായിര്ന്നില്ല്യേ?’

‘എങ്ങിന്യാടോ നല്ല ഒറപ്പില്ലാതെ ഒരു വീട്ടില് കേറി ബെല്ലടിക്ക്യാ? ഇത് ദാസന്റെ വീടല്ലെങ്കിലോ?’

‘മാഷ് എപ്പഴെ വന്നത്?’

‘ഒരു മണിക്കൂറായി. അകത്ത്ന്ന് ഒച്ചിം അനക്കും ഒന്നുംല്ല്യ. അപ്പങ്ങനെ സംശയിച്ച് നിൽക്കുമ്പഴാ താൻ വാതിൽ തുറന്നത്.’

വല്ലാത്തൊരു മനുഷ്യൻ. എനിക്ക് അല്പം ദേഷ്യവും വന്നു. ഒരു മണിക്കൂർ. ഞാൻ കുളിയും പ്രാതലും ഒക്കെ കഴിച്ച് പത്രത്താളുകളിൽ ആദ്യവായനയിൽ ഒളിച്ചുകിടന്ന വല്ല വാർത്തയുമുണ്ടോ എന്നു പരതി സമയം കളയുകയായിരുന്നു. അപ്പോൾ ബെല്ലടിച്ചിരുന്നെങ്കിൽ മാസ്റ്റർ വന്ന കാര്യം ചോദിച്ച് സമയത്തിനു തന്നെ ഓഫീസിൽ പോകാമായിരുന്നു.

ഞാൻ മുമ്പിൽ നിൽക്കുന്ന വയസ്സനെ നോക്കി.എഴുപതിനു മീതെ പ്രായമായിട്ടുണ്ടാവും. മെലിഞ്ഞ് നീണ്ട രൂപം. ചുളിഞ്ഞ മുഖവും കഴുത്തും. നാൽപ്പതു കൊല്ലം മുമ്പ്, വരിവരിയായി നിരന്നു നിൽക്കുന്ന കുട്ടികളുടെ മുമ്പിൽ വച്ച് ഡ്രിൽ അഭ്യസിപ്പിക്കുന്ന ചെറുപ്പക്കാരന്റെ രൂപം എന്റെ മനസ്സിൽ ആവാഹിക്കാൻ കഴിഞ്ഞില്ല.

‘വരൂ’ മാസ്റ്റർ നിലത്തുവച്ച സൂട്ട്‌കേസ് എടുക്കാൻ കുനിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു.

‘ഏയ്’ എന്നെ തടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘താൻ ബുദ്ധിമുട്ടണ്ടടോ. അതൊക്കെ എടുക്കാന്ള്ള ആരോഗ്യം എനിക്ക് ഇപ്പൊണ്ട്. ഒന്നുംല്ലെങ്കില് തന്ന്യൊക്കെ ഡ്രില്ലെടുപ്പിച്ച മാഷല്ലെ?’

ലതിക സാധാരണപോലെ മുഖം അല്പം കനപ്പിച്ച് നിൽക്കുകയാണ്. മാഷും ഞാനും തമ്മിലുണ്ടായ സംവാദം ആയമ്മ കേട്ടിരിക്കുന്നു. മാസ്റ്റർ കയ്യിലേന്തിയ സൂട്ട്‌കേസും അവൾ കണ്ടിരുന്നു. പെട്ടിയും കിടക്കയുമായി വരുന്ന അതിഥികളെ അവൾക്ക് വലിയ പ്രിയമില്ല.

‘എന്താ അറിയ്യോ?’ മാസ്റ്റർ ചോദിച്ചു.

ലതിക ചിരിച്ചെന്നു വരുത്തി.

‘ഞാൻ നിങ്ങടെ കല്ല്യാണത്തിന് കണ്ടതാണ്. ഓർമ്മണ്ടോന്നെ?ഓർമ്മയുണ്ടെന്ന് ലതിക തലയാട്ടി. ഞങ്ങളുടെ കല്ല്യാണത്തിനു ശേഷവും മാസ്റ്ററെ കണ്ടിട്ടുണ്ട്. എന്റെ രണ്ടനുജന്മാരുടെയും അനുജത്തിയുടെയും കല്ല്യാണത്തിന് മാസ്റ്റർ വന്നിരുന്നു. അതൊന്നും അദ്ദേഹത്തിന് ഓർമ്മയില്ല.

‘അല്ല, മാഷ് വന്നതെന്തിനാന്ന് പറഞ്ഞില്ലല്ലോ.’

‘നിങ്ങളെയൊക്കെ ഒന്ന് കാണാൻന്ന് വച്ചോ.’ മാസ്റ്റർ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘അതല്ലെടൊ, എറണാകുളത്ത് വച്ചാണ് ആൾ കേരള അത്‌ലെറ്റ്‌സ് മീറ്റ് നടത്തണത്. നാളെത്തൊട്ടാണത്. ഞാനാണ് ഒരു ജഡ്ജി. ഒരാഴ്ചത്തെ പരിപാടിയാണ്.’

മാസ്റ്റർക്കു പിന്നിൽ നിന്ന ലതിക തലയിൽ കൈവച്ചു.

‘എന്റെ അരുമ ശിഷ്യനാണ് കേട്ടോ.’ മാസ്റ്റർ ലതികയോട് പറഞ്ഞു. പിന്നെ തിരിഞ്ഞ് എന്നോട്. ‘തനിക്കോർമ്മണ്ടോന്നറീല്ല്യ. ഒരു ദിവസം കളിക്കുമ്പോ താൻ വീണ് കാലിന് ഫ്രാക്ചറായത്? അന്ന് തന്നെ തോളിലിട്ട് മൂന്ന് കിലോമീറ്റർ ദൂരം ആശുപത്രിയിലേയ്ക്ക് നടന്നിട്ട്ണ്ട് ഞാൻ.’

‘ഓർമ്മണ്ട്.’ ഞാൻ പറഞ്ഞു. ‘ലതികേ ചായയുണ്ടാക്കൂ.’

‘മാഷ് ചായ കുടിച്ച് കുളിച്ച് വിശ്രമിക്കു. ഞാൻ ഓഫീസിൽ പോയിട്ട് നേരത്തെ വരാൻ നോക്കാം. ഏതായാലും മാഷ് കൊറച്ച് ദിവസം ഇവ്‌ടെണ്ടാവൂലോ.’

‘ഞാനിവിടെ ഒരാഴ്ചണ്ടാവും ദാസാ. തനിക്ക് ലീവെടുക്കാൻ പറ്റ്വോ? വി.ഐ.പി. പാസുണ്ട്.’

‘ഒരു രക്ഷയുമില്ല. നല്ല തിരക്കുള്ള സമയാ.’

ഓഫീസിൽ ജോലിയിൽ മുഴുകി ഞാൻ മാസ്റ്ററുടെ കാര്യംതന്നെ മറന്നിരുന്നു. വൈകുന്നേരം തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് ഞാൻ മറന്നിട്ട മാഷെ ഓർമ്മ വന്നത്. ശരിക്കു പറഞ്ഞാൽ ഗെയ്റ്റു കടക്കുമ്പോൾ. മാഷ് പക്ഷേ വീട്ടിലുണ്ടായിരുന്നില്ല. മാത്രമല്ല എനിക്ക് നേരിടേണ്ടി വന്നത് അത്രതന്നെ മയത്തിലല്ലാത്ത ഒരു ഭാര്യയെയാണ്.

‘എന്തു പറ്റീ?’

‘ഒന്നും പറയണ്ട, ഞാൻ നാളെത്തന്നെ വീട്ടീപ്പോവ്വാണ്.’

‘എന്തു പറ്റീ, പറ.’

‘എന്നെ കൊല്ലാതെ കൊന്നു ആ മനുഷ്യൻ. രാവിലെ തൊട്ട് ഉച്ചക്ക് ഊണു കഴിക്കണവരെ. അതു കഴിഞ്ഞ് എന്റെ ഭാഗ്യംകൊണ്ട് ഉറങ്ങാൻ കിടന്നു. നിങ്ങളുടെയൊക്കെ കുട്ടിക്കാലം, മാഷടെ വീരപരാക്രമങ്ങള് ഒക്കെ പറയ്യായിരുന്നു. എല്ലാം കഴിഞ്ഞപ്പോഴുണ്ട് രണ്ട് വലിയ ആൽബം പുറത്തെടുക്കുണു. പിന്നെ പറയണ്ട. ഓരോ ഫോട്ടോവും ആരുടെയാണ്, എടുക്കാനുണ്ടായ കാരണങ്ങൾ, അതിൽ ആരൊക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്, ആരൊക്കെ മരിച്ചു, ജീവിച്ചിരിക്കന്നവര് ഇപ്പോ എന്തു ചെയ്യുന്നു, എല്ലാം വിശദമായി പറയ്യാണ്. ഇനി ഒരു ദിവസം ആ മനുഷ്യൻ ഇവിടെ താമസിക്ക്യാണെങ്കില് ഞാൻ ആത്മഹത്യ ചെയ്യും. എനിക്കെന്ത് താൽപര്യാണ്ള്ളത് ഇതൊക്കെ സഹിക്കാൻ?’

‘മാഷ് ഒരു ശുദ്ധനാണ്’ ഞാൻ പറഞ്ഞു. ‘ഞങ്ങടെ വീട്ടില് നിത്യ സന്ദർശകനായിരുന്നു. അച്ഛനെയും വലിയ ഇഷ്ടായിരുന്നു. സ്വന്തം അച്ഛനെപ്പോലെയാന്നാ പറയാറ്.’

‘എന്നിട്ട് അച്ഛന്റെയും നിങ്ങള് മക്കള്‌ടെയും ഫോട്ടോ ഒന്നും അതിൽ കണ്ടില്ലല്ലോ. എങ്കിൽ ഒരു സമാധാനമായേനേ. നിങ്ങളൊക്കെ അതേ സ്‌കൂളിൽ പഠിച്ചവരല്ലെ?’

കാര്യം കുറച്ച് ഗൗരവമാണ്. അവൾ പിണങ്ങിയാൽ, പിന്നീട് എപ്പോഴെങ്കിലും ഞാൻ കൊണ്ടുവരുന്ന അതിഥികൾക്ക് അവൾ വിലക്കു കല്പിക്കും.

‘സാരംല്ല്യ കുട്ടീ, വയസ്സായ മനുഷ്യനല്ലെ. എന്റെ ഗുരുനാഥനുമാണ്. പിന്നെ നാളെത്തൊട്ട് മാഷ് നേരത്തെ സ്റ്റേഡിയത്തിൽ പോവും, പിന്നെ വൈകീട്ടെ തിരിച്ചുവരൂ. ഞാൻ ഉറപ്പു തരുണു ഇനി പ്രശ്‌നംണ്ടാവില്ല. ആട്ടെ എങ്ങട്ടാ മാഷ് പോയത്?’

‘എനിക്കറീല്ല. ഞാനൊന്ന് കറങ്ങി വരാംന്ന് പറഞ്ഞ് ഇറങ്ങീതാ. ഞാൻ ഗുരുവായൂരപ്പന് ഒരു പുഷ്പാഞ്ജലി നേർന്നിട്ട്ണ്ട്. അടുത്ത പ്രാവശ്യം ഗുരുവായൂരിൽ പോമ്പ അതു നടത്തണം.’

‘എന്തിന്?’

‘മാഷെ എന്റെ തലേന്ന് ഒഴിവാക്കാൻ.’

കുറച്ച് ക്രൂരമായിപ്പോയി. എനിക്ക് ഗുരുവായൂരപ്പനെ അത്രകണ്ട് വിശ്വാസമില്ല. ഒരു ഭക്ത നേർന്ന കാര്യം ശരിയാക്കാൻ മൂപ്പര് എന്തെങ്കിലുമൊക്കെ ചെയ്‌തേക്കും. മാഷ്‌ക്കൊന്നും പറ്റാഞ്ഞാൽ മതിയായിരുന്നു.

വാതിൽക്കൽ ബെല്ലടിച്ചു. മാസ്റ്റർ തന്നെയായിരുന്നു.

‘ഞാനൊന്ന് കറങ്ങാൻ പോയതാടോ.’ അകത്തു കയറി ഇരുന്നുകൊണ്ട് മാസ്റ്റർ പറഞ്ഞു. ‘ടൗണൊക്കെ ഒന്ന് ചുറ്റി. സ്റ്റേഡിയത്തിലേയ്ക്ക് എങ്ങിന്യാ നടന്ന് പോവ്വാന്നൊക്കെ മനസ്സിലാക്കി.’

‘അപ്പൊ മാഷ് സ്റ്റേഡിയംവരെ നടന്നുപോയോ?’ ഞാൻ ചോദിച്ചു. കടവന്ത്രയിൽനിന്ന് കലൂർ സ്റ്റേഡിയത്തിലേയ്ക്ക് കുറച്ചധികം ദൂരമുണ്ട്.

‘നടത്തൊക്കെ നമുക്ക് പ്രാക്ടീസല്ലെടോ. എന്നും അഞ്ച് കിലോമീറ്റർ നടക്കും.’ പിന്നെ സ്വകാര്യമായി ചെവിയിൽ പറഞ്ഞു. ‘അതാണടോ എന്റെ ആരോഗ്യത്തിന്റെ രഹസ്യം.’

ലതിക ചായ കൊണ്ടുവന്നു. അതു കുടിച്ചുകൊണ്ട് മാസ്റ്റർ പറഞ്ഞു. ‘ഞാനെന്റെ ആൽബം തന്റെ ഭാര്യക്ക് കാണിച്ചു കൊടുത്തു. ഈ ചായ കുടിച്ചുകഴിഞ്ഞിട്ട് നമുക്കതെടുക്കാം.’

ഭഗവാനെ! ഞാൻ അദൃശ്യമായി തലയിൽ കൈവച്ചു. നാലഞ്ചു തവണ കണ്ട ആൽബമാണത്. ഓരോ തവണയും ഓരോ ചിത്രത്തിന്റെ പിന്നിലുമുള്ള ചരിത്രം…

അപകടങ്ങൾ വരുന്ന വഴികൾ! ഇതൊന്നും ആരും മുൻകൂട്ടി കാണാറില്ല. ഇനി കണ്ടാൽത്തന്നെ എന്തു ചെയ്യാനാണ്?

പഴക്കംകൊണ്ട് ചാരനിറമാർന്ന ഫ്രെയിമുകളിൽനിന്ന് ഓരോ പൗരാണികർ ഇറങ്ങിവന്നു. സുമുഖനായ ആന്റണി മാസ്റ്റർ, ഒപ്പം പഠിപ്പിച്ച മറ്റു അദ്ധ്യാപകർ. എനിക്കവരുടെ രൂപം ഇപ്പോൾ ഓർമ്മിച്ചെടുക്കാം. എന്നെ സ്‌നേഹിച്ചവർ, ഉപദ്രവിച്ചവർ. ആന്റണി മാസ്റ്ററുടെ ചിത്രങ്ങൾ നിറയെയുണ്ട് ആൽബത്തിൽ. പല അവസരങ്ങളിലായി എടുത്തത്. കല്യാണഫോട്ടോ, മാസ്റ്ററുടെ കുട്ടികളുടെ ഫോട്ടോകൾ. ഒരു ഏടെത്തിയപ്പോൾ മാസ്റ്റർ ചോദിച്ചു. ‘ഇതാര്‌ടെ ഫോട്ടോ ആണെന്നറിയ്യോ?’

എനിക്കറിയാം. രാജശേഖരൻ സ്‌കൂളിൽ എന്റെ രണ്ടു കൊല്ലം സീനിയറായിരുന്നു. ഇപ്പോൾ എറണാകുളത്തുതന്നെയുണ്ട്. വല്ലപ്പോഴും കാണാറുമുണ്ട്.

‘ഈ തൃപ്പൂണിത്തുറാന്ന് പറയണ സ്ഥലം ദൂരെയാണോ? അവിട്യാണ് രാജശേഖരൻ താമസിക്കണത്.’

‘വലിയ ദൂരംല്ല്യ. അര മണിക്കൂർ ബസ്സിലിരുന്നാൽ മതി.’ ഞാൻ പറഞ്ഞു. എന്തുകൊണ്ടോ എനിക്ക് രാജശേഖരനെപ്പറ്റി സംസാരിക്കാൻ തോന്നിയില്ല. കൈപ്പുള്ള അനുഭവങ്ങളാവാം കാരണം. ഒന്നിലധികം തവണ അയാൾ എന്റെ കുതികാൽ വെട്ടാൻ ശ്രമിച്ചിട്ടുണ്ട്.

ആൽബത്തിന്റെ ഏടുകൾ മറഞ്ഞു. പെട്ടെന്ന് ഞാൻ ലതിക പറഞ്ഞതോർത്തു. ഇത്രയധികം സ്‌നേഹമുള്ള മാഷടെ ആൽബത്തില് നിങ്ങടെ ആര്‌ടേം ഫോട്ടോ ഇല്ലല്ലോ. ശരിയാണ്. ഒരൊറ്റ ഫോട്ടോ ഇതുവരെ കണ്ടില്ല. പെട്ടെന്ന് ഒരു ഗ്രൂപ്പു ഫോട്ടോ കാണിച്ചുകൊണ്ട് മാസ്റ്റർ ചോദിച്ചു.

‘ഇതാരാണെന്നറിയ്യോ?’

ഒരു നാടകാവതരണത്തിനു ശേഷം എടുത്ത ഫോട്ടോ ആണത്. എല്ലാവരും കഥാപാത്രങ്ങളുടെ വേഷങ്ങളിൽ. അറിയുന്ന മുഖങ്ങൾക്കു വേണ്ടി ഞാൻ പരതി. ഇരുപതാം വയസ്സിൽ ഞാൻ നാടു വിട്ട ശേഷം അവിടുത്തെ വായനശാല അരങ്ങേറിയ നാടകമാണത്.

‘മനസ്സിലായില്ലാ അല്ലേ?’

ഇല്ലെന്നു ഞാൻ തലയാട്ടി.

‘ഇതു തന്റെ അച്ഛനാണെടോ. ഒരു സ്‌കൂൾ മാസ്റ്ററുടെ വേഷത്തിൽ. താട്യൊക്കെ വച്ചതോണ്ട് തനിക്ക് മനസ്സിലാവാത്തതാ. ഞാനാണ് മേക്കപ്പ് ചെയ്തത്.’

അപ്പോൾ അച്ഛന്റെ ഒരു ഫോട്ടോവെങ്കിലും മാസ്റ്ററുടെ ആൽബത്തിലുണ്ട്. ഏടുകൾ മറിഞ്ഞു. മാസ്റ്റർ പറഞ്ഞു.

‘ഇതാ ഈ പേജു മുഴുവൻ രാജശേഖരനു വേണ്ടി ഒഴിച്ചിട്ടിരിക്ക്യാണ്. ഇനി അയാള്‌ടെ കുടുംബത്തിന്റെ ഗ്രൂപ്പു ഫോട്ടോ കൂടി വേണം.’

രാജശേഖരൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയായി, പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയായി, സ്‌കൂൾ വാർഷികത്തിലെ പ്രാസംഗികനായി, നാടകത്തിൽ പെൺവേഷമായി, ശരിക്കുള്ള ജീവിതത്തിൽ ടൈ കെട്ടി മെഡിക്കൽ റെപ്പായി, ഏറ്റവും അവസാനം കല്യാണഫോട്ടാവിൽ വരനായി, വിവിധ റോളുകളിൽ പ്രത്യക്ഷപ്പെടുന്നു. ആ പേജിൽ ഒരു ഫോട്ടോവിനുള്ള സ്ഥലം മാത്രമേ ബാക്കിയുള്ളൂ. ആ സ്ഥലമാണ് ആന്റണി മാസ്റ്റർ, രാജശേഖരന്റെ കുടുംബഫോട്ടോവിനു വേണ്ടി ഒഴിച്ചിട്ടിരിക്കുന്നുത്. അതോടെ ആ ഏടു പൂർണമാകുന്നു.

എന്തുകൊണ്ടോ ഞാൻ സ്‌കൂൾ ദിനങ്ങളെപ്പറ്റി ഓർത്തു. സ്‌കൂളിൽ കണിശക്കാരനായ മാസ്റ്റർ ഞങ്ങളുടെ വീട്ടിൽ വന്നാൽ നേരെ മറിച്ചാവുന്നു. അച്ഛന് മാസ്റ്ററെ ഇഷ്ടമാണ്. മാസ്റ്റർ എന്നോട് ഇടക്കിടക്കു പറയും. ‘എടോ, താൻ എന്റെ അനുജനാണ്. അച്ഛന്റെ മൂത്ത മകൻ ഞാനാണ്.’ സാരമില്ല. മൂത്ത മകനെന്ന സ്ഥാനം ഒഴിഞ്ഞു കൊടുക്കാൻ ഞാൻ തയ്യാറായിരുന്നു, ഡ്രിൽ സമയത്ത് ചില ഇളവുകൾ അനുവദിച്ചിരുന്നുവെങ്കിൽ. പക്ഷേ ഡ്രിൽ സമയത്ത് മാസ്റ്റർ ഒരു പ്രത്യേക മനുഷ്യനാണ്. ഒരിക്കൽ എന്നെ ഇട്ട് ഫുട്ബാൾ ഗ്രൗണ്ടിനു ചുറ്റും രണ്ടുതവണ ഓടിച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് അത്‌ലെറ്റ്‌സ് മീറ്റ് കഴിയുന്നത്. വൈകീട്ട് നാലരയോടെ വീട്ടിൽ തിരിച്ചെത്തിയ മാസ്റ്റർ പറഞ്ഞു.

‘എടോ ഞാൻ രാജശേഖരനെ ഫോണിൽ വിളിച്ചിരുന്നു. അയാളെ ഒന്ന് കാണണം.’

ഞാൻ ഒന്നും പറയാതെ ഇരുന്നു. ഇന്നുകൂടിയല്ലെ ഉള്ളൂ എന്ന ആശ്വാസത്തിലാണ് ഞാൻ. രാജശേഖരന്റെ വീട്ടിൽ പോയാലും തിരിച്ച് ഇങ്ങോട്ടു തന്നെ വരും. രാവിലത്തെ ഏതെങ്കിലും വണ്ടിയിൽ പോകാമെന്നാണ് മാസ്റ്റർ പറഞ്ഞിരുന്നത്.

‘എടോ താൻ വരുന്നോ എന്റെ കൂടെ?’

‘ഇല്ല, മാഷ് പോയിവരൂ.’

‘എന്താണെടോ ഒരു വലിയ സാഹിത്യകാരനെ ഇടക്കൊന്ന് കാണണത് നല്ല കാര്യല്ലെ? അയാള് രണ്ടു പുസ്തകം എഴുതീട്ട്ണ്ട്; തനിക്കറിയ്യോ?’

‘അറിയാം’ ഞാൻ പറഞ്ഞു. ഒന്ന് ഒരു ചെറുകഥാസമാഹാരമാണ്. ചെറുകഥാ സംഹാരമെന്നു പറയുന്നതാവും കൂടുതൽ ഭംഗി. രണ്ടാമത്തേത് ഒരു നോവലാണ്.

‘അയാള് നന്നായിട്ടെഴുതും.’ മാസ്റ്റർ പറഞ്ഞു. ‘സ്‌കൂളില് കഥാമത്സരത്തിന് ഫസ്റ്റ് പ്രൈസ് ഒക്കെ കിട്ടീട്ട്ണ്ട്.’

ഞാൻ ഓർത്തു. സ്‌കൂൾ വിട്ടശേഷം ഞാൻ മാസ്റ്ററെ അധികമൊന്നും കണ്ടിട്ടില്ല. ജോലി അന്വേഷിച്ച് ബോംബെയിൽ പോയി. ഇടക്ക് നാട്ടിൽ വരുമ്പോൾ ഒന്ന് കാണും. അത്ര മാത്രം. പിന്നെ മാസ്റ്റർ റിട്ടയർ ചെയ്ത ശേഷം രണ്ടോ മൂന്നോ തവണയെ കണ്ടിട്ടുള്ളൂ. ഒരിക്കൽപ്പോലും മാസ്റ്റർ എന്റെ സാഹിത്യ ജീവിതത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്റെ ഒരൊറ്റ പുസ്തകത്തെപ്പറ്റി പറഞ്ഞിട്ടില്ല. വായിച്ചിട്ടില്ലെന്നു സ്പഷ്ടം. എനിക്കു കിട്ടിയ പുരസ്‌കാരങ്ങൾ… മാസ്റ്റർ അവയെപ്പറ്റിയൊന്നും പറഞ്ഞുകേട്ടിട്ടില്ല. മറിച്ച് ഓരോ വട്ടം എന്നെ കാണുമ്പോഴും രാജശേഖരന്റെ സാഹിത്യ ജീവിതത്തെക്കുറിച്ച് വാനോളം പ്രശംസിക്കാറുമുണ്ട്. ഞാൻ പറഞ്ഞു.

‘മാഷേ ഞാനൊരു കാര്യം ചോദിക്കട്ടെ.’

‘എന്തിനാടോ അവതരണൊക്കെ.’

‘അല്ലാ, ഞാൻ കഥയും നോവലുമൊക്കെ എഴുതുന്നുണ്ടെന്ന് മാഷ്‌ക്കറിയാമോ?’

‘താൻ സ്‌കൂൾ മാസികേലൊക്കെ എഴുതിയിരുന്നു അല്ലെ? തന്റെ അച്ഛൻ നാടകൊക്കെ എഴുതീട്ടണ്ട്. താൻ അങ്ങിനെ ഒന്നും എഴുതിയതായി അറിയില്ല.’

‘ഞാനും അത്യാവശ്യമൊക്കെ എഴുതീട്ട്ണ്ട്. ഒമ്പത് ചെറുകഥാ സമാഹാരങ്ങൾ, നാല് നോവലുകൾ. സാഹിത്യ അക്കാദമി അവാർഡടക്കം മൂന്ന് അവാർഡുകൾ കിട്ടിയിട്ട്ണ്ട്. എന്റെ കഥകളും നോവലുകളും ഒരുമാതിരി എല്ലാ വാരികേലും വരാറുണ്ട്. എന്നിട്ടും മാഷ്‌ക്കറിയില്ല ഞാൻ കഥയെഴുതാറുണ്ടോന്ന്. ആകെ രണ്ടു പുസ്തകം മാത്രം എഴുതീട്ട്ള്ള രാജശേഖരൻ, മാഷടെ കണ്ണിൽ വലിയ സാഹിത്യകാരനാണ്. ഒരു മാതിരി നിലവാരംള്ള വാരികേലൊന്നും അയാള്‌ടെ കഥ വന്നിട്ടില്ല. ഒരു അവാർഡും കിട്ടീട്ടില്ല. എന്നിട്ടും മാഷ്‌ക്ക് അയാളൊരു വലിയ സാഹിത്യകാരൻ. എന്നെ ഒരു സാഹിത്യകാരനായി അറിയുംല്ല്യ, അല്ലേ?’

മാഷ് സ്തബ്ധനായി ഇരിക്കുകയാണ്. അവസാനം വിക്കിവിക്കിക്കൊണ്ട് പറഞ്ഞു.

‘താൻ ഒരു സാഹിത്യകാരൻ… ഞാൻ ശരിക്കും അറിയില്ല ദാസൻ…’

മാസ്റ്ററുടെ മുഖത്ത് അമ്പരപ്പ്, ജാള്യത. എനിക്ക് ദ്വേഷ്യം പിടിച്ചിരുന്നു. ഞാൻ തുടർന്നു.

‘നാട്ടിലുള്ളപ്പോൾ എന്നും വരാറുള്ളതാണ് മാഷ് ഞങ്ങടെ വീട്ടില്. അച്ഛന്റെ മൂത്ത മകനാണെന്ന് എപ്പോഴും പറയാറുമുണ്ട്. എന്നിട്ടും ഞങ്ങളുടെ ആരുടെയെങ്കിലും ഫോട്ടോ മാഷടെ ആൽബത്തിൽ കണ്ടില്ലല്ലോ. അച്ഛന്റെ ഫോട്ടോതന്നെ കണ്ടാൽ മനസ്സിലാവാത്ത പ്രഛന്നവേഷത്തിലും. മറിച്ച് രാജശേഖരന്റെ ഫോട്ടോ നിറച്ച ഒരു ഏടുതന്നെണ്ട് മാഷടെ ആൽബത്തില്. ഇനിയും ഫോട്ടോവിന് വേണ്ടി സ്ഥലമൊഴിച്ചിട്ടിരിക്കുന്നു.’

മാസ്റ്റർ തലകുനിച്ചിരിക്കയാണ്.

‘ഇവിടെ ഒരാഴ്ച വന്ന് താമസിക്കാൻ തെരഞ്ഞെടുത്തത് രാജശേഖരന്റെ വീടല്ലല്ലോ.’ ഞാൻ തുടർന്നു. ‘വന്ന ദിവസംതന്നെ മാഷ് ഈ രണ്ട് ആൽബങ്ങളും ലതികയെ കാണിച്ചു. ഓരോ ഫോട്ടോവിന്റെയും പിന്നിലുള്ള ചരിത്രം പറഞ്ഞ് അവളെ ബോറടിപ്പിച്ചു. അവൾക്ക് എന്തു താല്പര്യാണ്ള്ളത് കണ്ടോന്റെ ഫോട്ടോ കണ്ട് ആരൊക്കെയാണെന്നറിയാൻ. മാഷ് ഒരു കാര്യം മനസ്സിലാക്കണം, എല്ലാവർക്കും അവനവന്റെ ആൾക്കാര്‌ടെ ഫോട്ടോ കാണാനേ താല്പര്യണ്ടാവൂ. ഇത്രേം ഫോട്ടോവിന്റെ എടേല് എന്റെ ഒരു ഫോട്ടോവെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവൾക്ക് സമാധാനായേനേ. അതു ചോദിച്ചു വാങ്ങാനോ വെക്കാനോ മാഷ്‌ക്ക് തോന്നീല്ല്യ. ഇതിനൊക്കെ മാഷ്‌ക്ക് എന്തു മറുപടിയാണ്ള്ളത്?’

മാഷ് അപ്പോഴും ഞെട്ടലിലായിരുന്നു. എന്റെ വായിൽനിന്ന് ഇതൊന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. അതിനേക്കാൾ ഒരു പക്ഷേ വിഷമമായത് ഇങ്ങിനെ ഒരു വീഴ്ച തന്റെ ഭാഗത്തുനിന്ന് എങ്ങിനെ വന്നു എന്നതിലായിരിക്കണം.

ഞാൻ എഴുന്നേറ്റു പോയി. അകത്ത് എല്ലാം ശ്രദ്ധിച്ചുകൊണ്ട് ലതിക നിന്നിരുന്നു. പറഞ്ഞത് നന്നായിയെന്ന് അവളുടെ മുഖത്തുണ്ട്. അകത്തെ മുറിയിൽ കട്ടിന്മേലിരുന്ന് ഒരു പുസ്തകം വായിക്കുകയാണെന്ന മട്ടിലിരുന്ന എനിക്ക് പക്ഷേ വിഷമമായി. മാസ്റ്ററുടെ അന്ധാളിപ്പുള്ള മുഖം എന്നെ അലട്ടിത്തുടങ്ങി. പത്തെഴുപതു കഴിഞ്ഞ മനുഷ്യനാണ്. ഞങ്ങളെക്കുറിച്ചെല്ലാം നല്ല മതിപ്പാണ്. ഇപ്പോൾ ജീവിതത്തിന്റെ അവസാനകാലത്ത് ഞാനെന്തിനദ്ദേഹത്തിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തി? അതും ഒരാഴ്ച ഒപ്പം താമസിപ്പിച്ച് പോകാൻ നേരത്ത്? ഞാനൊരു വലിയ സാഹിത്യകാരനാണെന്ന് അറിയാതെ അദ്ദേഹം മരിച്ചുപോയാൽത്തന്നെ എന്താണ് കുഴപ്പം? അദ്ദേഹത്തെ സന്തോഷത്തോടുകൂടി പറഞ്ഞയക്കാമായിരുന്നില്ലേ?

ഞാൻ ഉമ്മറത്തേയ്ക്കു തിരിച്ചുപോയി. മാസ്റ്റർ അതേ ഇരുപ്പുതന്നെയായിരുന്നു. മുഖം വല്ലാതെയിരുന്നു. ഞാൻ അടുത്തുചെന്ന് പറഞ്ഞു.

‘മാഷ് ക്ഷമിക്കണം, ഞാനെന്തൊക്കെയോ പറഞ്ഞു.’

ആന്റണി മാസ്റ്റർ എന്നെ കുറേ നേരം നോക്കി. ആ നോട്ടത്തിൽ പലതുമുണ്ടായിരുന്നു. എനിക്കു മനസ്സിലാക്കാൻ പറ്റാത്ത പലതും. നീണ്ടുനിന്ന ആ നോട്ടത്തിനു ശേഷം അദ്ദേഹം പറഞ്ഞു.

‘ക്ഷമ ചോദിക്കേണ്ടത് താനല്ലെടൊ, ഞാൻ തന്ന്യാണ്. എന്റെ കയ്യിൽ പറ്റിയ ഒരബദ്ധാണത്.’ അദ്ദേഹം ഒന്നു നിർത്തി, സാവധാനത്തിൽ തുടർന്നു. ‘ഞാൻ മാപ്പു ചോദിക്ക്യാണ്. ഒരു കാര്യം ദാസനറിയ്യോ. എന്റെ കയ്യിൽ ഈ രണ്ട് ആൽബത്തിനു പുറമേ വേറെ വലിയൊരാൽബം കൂടിണ്ട്. ഇതാ ഇവിടെ.’ മാസ്റ്റർ നെഞ്ചു തൊട്ടു കാണിച്ചു. ‘ഞാനെപ്പഴും കൊണ്ടു നടക്കണത്, ഞാൻ മരിച്ചുപോവുമ്പഴും ഒപ്പം കൊണ്ടുപോണത്. ആ ആൽബത്തില് താനും തന്റെ അച്ഛനും ഒക്കെ നെറഞ്ഞ് നിക്ക്വാണ്.’

മാസറ്ററുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

ഞാൻ ചെറുതായി വരികയാണ്.

‘പക്ഷേ,’ മാസ്റ്റർ തുടർന്നു. ‘താനൊരു എഴുത്തുകാരനാണെന്നത്, താൻ പുസ്തകങ്ങൾ ഇറക്കീട്ട്ണ്ട്ന്നത്, അവാർഡുകള് കിട്ടീട്ട്ണ്ട്ന്നത്, ദാസൻ… ഞാനറിഞ്ഞില്ല. പൊറുക്കാൻ പറ്റാത്ത വലിയൊരു തെറ്റാണത്. എനിക്കറിയില്ല എങ്ങിനെ അത്…’