കഥാന്തരം
← അഷ്ടമൂർത്തി
കഥാന്തരം | |
---|---|
ഗ്രന്ഥകർത്താവ് | കെ.വി.അഷ്ടമൂർത്തി |
മൂലകൃതി | വീടുവിട്ടുപോകുന്നു |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഡി.സി. ബുക്സ്, കോട്ടയം |
വര്‍ഷം |
1992 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 97 |
കഥാന്തരം
ഇന്നു രാത്രിയും ഞാന്‍ നിലവിളിക്കുമെന്ന് ബാലന് പേടിച്ചിട്ടുണ്ടാവും. ജാലകങ്ങള്‍ എല്ലാം ശരിക്കടച്ചിട്ടില്ലേ എന്ന് നോക്കി ഉറപ്പിച്ചിട്ടാണ് അവന് പോയത്. ശങ്കരനോട് എന്റെ മുറിക്കു പുറത്ത് കാവല്‍ കിടക്കാന്‍ ഏര്‍പ്പാടാക്കിയതും അവന് തന്നെ. വാതിലും ജാലകങ്ങളും ബന്ധിച്ചതു കാരണം രാത്രിയുടെ ഒച്ചയും അനക്കവും അടങ്ങുന്നത് എനിക്കറിയാന്‍ കഴിഞ്ഞില്ല. ഗോവിന്ദന്റെ കിടപ്പുമുറിയിലെ വെളിച്ചമണഞ്ഞതും കിഴക്കേ വീട്ടിലെ നാലുകെട്ടിന്റെ കനത്ത പൂമുഖവാതില്‍ അടഞ്ഞതും അറിഞ്ഞില്ല. സാധാരണ അതൊക്കെക്കഴിഞ്ഞേ ഞാനുറക്കം പിടിക്കാറുള്ളു. കിടക്കയില്‍ ചെവി അമര്ത്തിവെച്ചതുകൊണ്ട് താഴത്തെ മുറിയില്‍നിന്ന് ബാലന് വിളക്കൂതുന്നതുമാത്രം കേട്ടു. അതും കഴിഞ്ഞ് ഓവറയിലേക്കുള്ള വാതില്‍ തുറന്നടയുന്നതുവരെ എനിക്കുറക്കം വരാറില്ല.
കമ്പിറാന്തല്‍ ഞാന്‍ കെടുത്തിയിട്ടില്ല. നാട താഴ്ത്തി വെച്ചിട്ടേയുള്ളു. സാധാരണ ഉറങ്ങാന്‍ കിടക്കുമ്പോള്‍ വെളിച്ചത്തിന്റെ ഒരു കീറുപോലും എനിക്കസഹ്യമാണ്. അകത്തേക്കു വീഴുന്ന നിലാവുപാളിപോലും എന്റെ ഉറക്കം കെടുത്തും. ഇന്ന് എനിക്കുറക്കം വരുന്നില്ല. അതുകൊണ്ടാണ് റാന്തല്‍ ഞാനിനിയും കെടുത്താത്തത്.
ചുമരില്‍ ചാരിയിരിക്കുന്ന സുമറാണി, ഈ മങ്ങിയ വെളിച്ചത്തിലും എനിക്കു നിന്നെ വ്യക്തമായി കാണാം. വാതിലെല്ലാം തുറന്നു കിടന്ന ഇന്നലെ രാത്രിയില്‍ എന്റെ ജാലകത്തിനരികെ ചിരിയ്ക്കുന്ന മുഖവുമായി നീ വന്നപ്പോള്‍ ഒരു നിമിഷത്തേയ്ക്കു കാന്‍വാസിലെ ചിത്രം തന്നെയാണോ എന്ന് സംശയിച്ചുപോയി. പക്ഷേ, കാന്‍വാസിലെ നീ, കണ്ണുകളില്‍ ഞാന്‍ ചാലിച്ചു ചേര്‍ത്ത ആലസ്യവുമായി പുറത്തേക്കു നോക്കുകതന്നെയായിരുന്നു. നിശ്ചലദൃശ്യമൊരുക്കി നിന്ന ജാലകത്തിന്റെ മറനീക്കി നീ തെളിഞ്ഞു. നീലയില്‍ ഇളംമഞ്ഞപ്പൂക്കള് അവിടവിടെ വിതറിയിട്ട നനുത്ത സാരിയില്‍ അടിച്ച കാറ്റ് ജാലകക്കമ്പികളില്‍ തട്ടി പൊള്ളയായി നിന്നു. അപ്പോഴാണ് എന്റെ മുമ്പില്‍ ചലിയ്ക്കുന്ന രൂപം യാഥാര്‍ത്ഥ്യമാണെന്ന് ഞാനറിഞ്ഞത്. പേടിച്ചു നിലവിളിച്ചതും അപ്പോഴാണ്. പക്ഷേ അതിത്ര ഉച്ചത്തിലാവുമെന്നും ബാലന് ഉണര്‍ന്നു വരുമെന്നും ഞാന്‍ കരുതിയില്ല. അപ്പോഴേയ്ക്കും നീയെങ്ങോ മറഞ്ഞു കഴിഞ്ഞിരുന്നു.
സുമറാണി, നീ വന്നതെന്തിനാണെന്ന് എനിയ്ക്കറിയാം. വര്‍ഷങ്ങള്‍ക്കു മുമ്പ്, ഇരുവശവും തിങ്ങിനില്ക്കുന്ന ചിരവനാക്കു ചെടികള്‍ക്കിടയിലൂടെ പോവുമ്പോള്‍ എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു പോയ ആ സായാഹ്നത്തിനു ശേഷം എത്രയെത്ര കാന്‍വാസുകള്‍ ഞാന്‍ നിനക്കു വേണ്ടി നഷ്ടപ്പെടുത്തിയെന്നറിയാമോ? ഇടിഞ്ഞുവീണ പാതയിലെ ബോധപൂര്ണ്ണയാമങ്ങളിലൊക്കെ ഞാന്‍ നിന്നെ അനുഗമിയ്ക്കാന് ശ്രമിയ്ക്കുകയായിരുന്നു. അപ്പോഴൊക്കെ നീ തൊട്ടു–തൊട്ടില്ല എന്ന മട്ടിലെത്തുമ്പോള്‍ അദൃശ്യയായി. വഴിയറിയാതെ ഞാന്‍ വലഞ്ഞു. പിന്നെ ഇവിടെ ഈ മുറിയ്ക്കകത്ത് ബന്ധിതനായപ്പോള്‍ എനിയ്ക്ക് ആരുമില്ലായിരുന്നു — എന്റെ ചുറ്റും മനസ്സിലും നിറഞ്ഞുനിന്ന ശൂന്യതയല്ലാതെ.
ഇന്നലെ ഞാന്‍ അറിയാതെ നിലവിളിച്ചുപോയതാണ്. നീയിത്ര വേഗം അപ്രത്യക്ഷയാവുമെന്ന് ഞാന്‍ വിചാരിച്ചില്ല. ബാലന് പരിഭ്രമിച്ചിട്ടുണ്ടാവും. ഈയിടെയായി രാത്രിയില്‍ ഞാന്‍ കരയാറില്ലല്ലോ!
എന്തെല്ലാം അവരോടു പറഞ്ഞെന്ന് എനിയ്ക്കോര്‍മ്മയില്ല. നിന്റെ പേര് ഉറക്കെയുറക്കെ വിളിച്ചുപറഞ്ഞിട്ടുണ്ടാവുമെന്നു തീര്‍ച്ച. ഉച്ചയ്ക്ക് നിന്റെ ചിത്രത്തിനു മുമ്പില്‍ ഞാനിരിയ്ക്കുമ്പോള്‍ എന്റെ പിന്നില്‍ വന്നു നിന്ന രുഗ്മി അതുകൊണ്ടാവും ചോദിച്ചത്: ഏട്ടനിപ്പോഴും ഓര്‍മ്മയുണ്ടോ സുമറാണിയെ?
രുഗ്മിയെ നീ കണ്ടിട്ടില്ലല്ലോ. കറുത്തിട്ടാണെങ്കിലും മുഖശ്രീയുള്ള പെണ്ണ്. അവള്‍ക്കെന്നെ ഇഷ്ടമാണ്. രാവിലെ എഴുന്നേറ്റു ചെല്ലുമ്പോള്‍ ഇറയത്തെ തിണ്ണയില്‍ ഉമിക്കരിയും ഈര്‍ക്കിലിയും പിച്ചളയില്‍ വെള്ളവും ഒരുക്കിവെച്ചിട്ടുണ്ടാവും. നേരാനേരത്തെനിയ്ക്കു വിളമ്പിത്തരും. മതിയെന്നു പറഞ്ഞാലും പിന്നെയും വിളമ്പും: ഏട്ടാ, ഒരിത്തിരി കൂടി കഴിയ്ക്കൂന്ന്, മരുന്നു സേവിയ്ക്കുമ്പോള്‍ വയറ് കായാന്‍ പാടില്ല.
രുഗ്മിയ്ക്ക് എന്നെ മാത്രമല്ല, എല്ലാവരേയും ഇഷ്ടമാണ്. പ്രത്യേകിച്ചും ബാലനെ. അവന് രുഗ്മിയോടു മിണ്ടുന്നതു തന്നെ എനിയ്ക്കത്ര ഇഷ്ടമല്ല. കലവറ വാതില്ക്കല് വിലങ്ങനെ നിറഞ്ഞുനിന്ന അവനെ കടന്നുപോവുമ്പോള്‍ രുഗ്മി അവന്റെ മുതുകിലൊന്ന് കൈവവെച്ചാല്, ബാലന് ശേഷിച്ചിട്ട മെഴുക്കുപുരട്ടി അവള് സ്വാദോടെ കൂട്ടിയുണ്ടാല്, അവന് ജോലിക്കു പുറപ്പെടുമ്പോള്‍ അടുക്കളപ്പണിത്തിരക്കിനിടയില് സമയമുണ്ടാക്കി പൂമുഖത്തു ചെന്നു നിന്നാല്‍ അന്നു മുഴുവന്‍ ഞാനവളോട് പിണക്കം നടിച്ചിരിക്കും. എന്നെങ്കിലും ഒരു രാത്രി അവള് നേരത്തേ ഉറങ്ങാന്‍ കിടന്നാല്‍ അന്നു രാവേറെച്ചെല്ലുംവരെ ഞാനുറങ്ങാതിരിക്കും.
നിഴലുകളിരുണ്ട ഒരു സന്ധ്യയില്‍ ഇടനാഴിയില്‍ ഒരു മുഷിഞ്ഞ തുണിയായി ഞാന്‍ ചുറ്റിപ്പറ്റി നിന്നപ്പോള്‍ ബാലനെയും രുഗ്മിയെയും കണ്ടു. എന്റെ മനസ്സില്‍ കാറും കോളും ഉയരാന്‍ അതു മതിയായി. അന്നു രാത്രി ഊണു കഴിഞ്ഞ് ബാലനുറങ്ങാന് തുടങ്ങുമ്പോള്‍ ഞാന്‍ ആ മുറിയിലെത്തി. രുഗ്മി അടുക്കളയില്‍ നിന്നെത്തിയിട്ടുണ്ടായിരുന്നില്ല. എന്റെ കൈയില്‍ എന്തായിരുന്നെന്നറിയാമോ? ഉത്തരം പുതുക്കിപ്പണിയാന്‍ വന്ന ആശാരി രാമന് മറന്നിട്ടുപോയ വീതുളി. പക്ഷേ, ബാലന് ഉറങ്ങിയിരുന്നില്ല. അന്നു മുതല്ക്കാണ് ഈ വാതിലിന്റെ പുറംകതകുകള് ശബ്ദിക്കാന്‍ തുടങ്ങിയത്.
ബാലന് എന്നെ കാര്യമാണ്. എനിക്കു വേണ്ടതൊക്കെ അന്വേഷിച്ചു പിടിച്ചുകൊണ്ടുവരാന്‍ അവനെപ്പോഴും ശ്രദ്ധിക്കും. വേണ്ടത്ര ചായവും കാന്‍വാസുകളും ഇവിടെ എപ്പോഴുമുണ്ടാവും. എന്നോട് ഒരിക്കലും ഉരത്തു സംസാരിച്ചിട്ടില്ല അവന്. ഞാന്‍ എന്നെത്തന്നെ മറന്ന ആ രാത്രി നിലകിട്ടാതെ ഞാനുറക്കെ കരഞ്ഞപ്പോഴും എന്നെ ആശ്വസിപ്പിക്കാനെത്തിയത് ബാലനായിരുന്നു. അടഞ്ഞ ഈ വാതിലുകള്‍ തുടരെതുടരെ തുറക്കപ്പെട്ടു. ബന്ധനത്തിലും ബന്ധനമറിയാതെ ഞാന്‍ ദു:ഖിച്ചു. ഒടുക്കം ഈ കതകുകള്‍ അടയാതെയായി.
ഞാനെന്തൊക്കെയാണ് പറഞ്ഞുകൊണ്ടുവന്നത്? അതെ, സുമറാണി, നീയിന്നു വരുമെന്ന് എനിക്കുറപ്പുണ്ട്. ചില്ലുപോലുമില്ലാത്ത ഈ ജാലകവാതില്‍ അടഞ്ഞു കിടക്കുന്നതു കാണുമ്പോള്‍ നീ നടുങ്ങും. വാതിലും പൂട്ടിയിരിക്കുകയാണ്. എന്നാലും നീ തിരിച്ചുപോവരുത്. പ്രഭാതംവരെ കാത്തുനില്ക്കുക. ഞാന്‍ പുറത്തുവരും.
പ്രഭാതങ്ങള്‍ നിനക്കിഷ്ടമായിരുന്നു. കാലത്തെഴുന്നേറ്റു കുളിച്ചുവന്ന് നെറ്റിയില്‍ ചന്ദനക്കുറിയും കണ്ണുകളില്‍ കട്ടിയായ കണ്ണെഴുത്തുമായി വീടിന്റെ മട്ടുപ്പാവില്‍ വന്ന് നീ പുസ്തകം നീര്ത്തിയിരിക്കുന്നതു കാണാന്‍ വേണ്ടി മാത്രം ഞാനെത്ര തവണ നേരത്തെ എഴുന്നേറ്റിട്ടുണ്ടെന്നോ! നേര്‍ത്ത കാറ്റില്‍ നിന്റെ വേഷ്ടിത്തുമ്പിളകുമ്പോള്, നനുത്തവെയില് നിന്നെ സ്വര്‍ണ്ണം പൂശുമ്പോള്‍ ഞാന്‍ സിഗരറ്റു കൊളുത്തി തലേന്നു മാറ്റിവെച്ച കാന്‍വാസ് വീണ്ടും പുറത്തെടുത്തു വെക്കുന്നു.
തുടങ്ങിവെച്ച ആ ചിത്രങ്ങളൊന്നും ഞാന്‍ മുഴുമിച്ചില്ല. പകുതിയെത്തുമ്പോള്‍ തൃപ്തിയാവാതെ ഞാന്‍ മാറ്റിവെക്കും. പുതിയ കാന്വാസെടുക്കും. നിന്നെക്കുറിച്ചുള്ളതായതുകൊണ്ടാവാം ആ അപൂര്ണ്ണചിത്രങ്ങളൊക്കെ നിനക്ക് പ്രിയപ്പെട്ടതായിരുന്നു. പക്ഷേ ഒന്നെങ്കിലും അവസാനിച്ചുകാണണം എന്ന് നീ ആഗ്രഹിച്ചു.
സുമറാണി, ഇനി നീ വരൂ. നിന്റെ ചിത്രം ആദ്യമായി ഞാന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. ഒരു പകല്‍സ്വപ്നത്തില്‍ നിന്നെ വ്യക്തമായി കണ്ടുണര്‍ന്ന ഞാന്‍ കാന്‍വാസ് തപ്പിയെടുത്ത് വരയ്ക്കാന്‍ തുടങ്ങി. ആദ്യത്തെ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ നിന്റെ ബാഹ്യരേഖകള്‍ തെളിഞ്ഞു. രാവും പകലും ഊണുമുറക്കവും മറന്ന് ഞാനീ മുറിയില്‍ത്തന്നെ ചടഞ്ഞുകൂടി. രുഗ്മി എന്റെ പിന്നില്‍ വന്നതും ചോറുമായി കാത്തുനിന്നതും ഒന്നും ഞാനറിഞ്ഞില്ല.
ഇന്നലെ ഉച്ചയ്ക്ക് നിന്റെ ചിത്രത്തില്‍ അന്ത്യസ്പര്ശങ്ങള് നടത്തുമ്പോള്‍ അവള് വീണ്ടും പിന്നില്‍ വന്നുനിന്നു. അപ്പോള്‍ ഞാന്‍ നിന്റെ കാലിലെ പാദസരങ്ങള്‍ക്ക് സുവര്‍ണ്ണനിറം പകരുകയായിരുന്നു. അതു കഴിഞ്ഞ് നിന്റെ കൈയിലെ ചുവന്ന വളകള്‍ക്ക് തുടുപ്പ് നല്കിക്കഴിയുന്നതുവരെ അവള് നോക്കിനിന്നു. ഒടു വില്‍ വെയിലാറുമ്പോള്‍ ഒരു ദീര്‍ഘ നിശ്വാസവുമായി അവള് കോണിയിറങ്ങിപ്പോയി.
സൃഷ്ടിശേഷമായ ഔദാര്യമായിരുന്നു ഇന്നലെ മുഴുവന്‍ എനിക്ക്. ബ്രഷുകള്‍ കഴുകുമ്പോള്‍, നിറഞ്ഞ കനിവുമായി ഞാന്‍ രുഗ്മിയോടു സംസാരിക്കാന്‍ തുടങ്ങി. പതിവില്ലാതെ അവള് മുഖം തിരിച്ചു. പിണക്കം നടിച്ചു. അസ്പഷ്ടവും അസാന്ദര്‍ഭികവുമായ ആ പരിഭവത്തിനുപോലും എന്റെ ഔദാര്യത്തിന് ചോര്ച്ചയേല്പിക്കാന് കഴിഞ്ഞില്ല.
പ്രപഞ്ചത്തോടു മുഴുവന്‍ വഴിഞ്ഞൊഴുകുന്ന സ്നേഹവുമായി ഇന്നലെ ആ മുറിയില്‍ തനിച്ചിരിക്കുമ്പോള്‍, സുമറാണി, നിന്നേക്കുറിച്ചു കൗമാരചാപല്യത്തില്‍ ്യൂഞാനെഴുതിയ കവിതകള്‍ ഓര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രത്യേകിച്ചൊന്നിനുമല്ല. വെറുതെ എല്ലാം ഓര്‍ത്ത് ഒന്നു ചിരിക്കാമെന്നു കരുതി പക്ഷേ, എനിക്കതിലെ ഒറ്റവരിപോലും തോന്നിയില്ല.
അതു മാത്രമേ, പക്ഷേ ഞാന്‍ മറന്നിട്ടുള്ളൂ. ബാക്കിയെല്ലാം എനിക്കു നല്ല ഓര്‍മ്മയുണ്ട്. രാവിലെ എന്നും കല്ലുവെട്ടാമടയ്ക്കടുത്തുളള വഴിത്തിരിവില്‍ കാത്തുനിന്നതും, പരീക്ഷയ്ക്ക് പഠിക്കുന്ന കാലത്ത് ഞാന്‍ തന്ന കുഞ്ഞുണ്ണിക്കവിത വായിച്ച് നീ കുടുകുടെ ചിരിച്ചതും പുതുമഴ നനഞ്ഞ് നീ പനിപിടിച്ചു കിടന്നതും (അന്നും നീ മട്ടുപ്പാവില്‍ വന്നു നിന്നു), ഒരു വൈകുന്നേരം ഒന്നിച്ചു മടങ്ങുമ്പോള്‍ കാരണമൊന്നുമില്ലാതെ നിന്റെ കണ്ണുനിറഞ്ഞു തുളുമ്പിയതും…
പിന്നെ, ചിരവനാക്കു ചെടികള്‍ക്കിടയിലുള്ള നീണ്ട പാതയില്‍ നമ്മുടെ യാത്ര അവസാനിക്കുന്നതുവരെ —
വാതിലിന്റെ കതകു ശബ്ദിച്ചുവോ? ഞാന്‍ കാതോര്‍ത്തു നോക്കട്ടെ.
ഇല്ല, ശബ്ദമൊന്നും കേള്‍ക്കാനില്ല. എനിക്കു വെറുതെ തോന്നിയതാവും.
ഇന്നലെ രാത്രി, അപൂര്‍ണ്ണമായ കാന്വാസുകളൊക്കെയെടുത്ത് ഞാന്‍ തട്ടിന്‍പുറത്തേക്കിട്ടു. നിന്റെ ചിത്രമെഴുതാനുള്ള ശ്രമമായിരുന്നു അതിലൊക്കെയും. പകുതിയെത്തും മുമ്പേ അവയൊക്കെ ഞാനുപേക്ഷിക്കാന് കാരണമെന്തായിരുന്നെന്നറിയുമോ? സുമറാണി, ഞാനറിയാതെ അവയൊക്കെ രുഗ്മിയുടെ ചിത്രങ്ങളായി മാറുകയായിരുന്നു.
ഇത്തിരി നേരം ഞാനൊന്നു മയങ്ങിപ്പോയോ? എനിക്കു വിശ്വസിക്കാനാവുന്നില്ല. നീയെങ്ങനെ ഈ മുറിയിലെത്തി സുമറാണി? വാതിലും ജാലകങ്ങളും ബന്ധിച്ചിട്ടും ശങ്കരന് പുറത്തു കാവല്‍ കിടന്നിട്ടും…
ഇന്നലെ, നോക്കു, ഞാന്‍ നിന്നേപ്പറ്റി മാത്രം ഓര്‍ത്തു കിടക്കുകയായിരുന്നു. എനിക്കുറക്കം വന്നില്ല. ജാലകങ്ങള്‍ അടയ്ക്കുകയും തുറക്കുകയും ലോകത്തിലെ സര്‍വ്വശബ്ദങ്ങള്‍ക്കും കാതോര്ത്തുനില്ക്കുകയും ചെയ്തു. നടക്കുമ്പോള്‍ തട്ടു കുലുങ്ങുന്നതുപോലും ഞാന്‍ ശ്രദ്ധിച്ചില്ല. പിന്നെ വിയര്‍ത്തുകുളിച്ച്, ക്ഷീണം എന്നെ പൊതിഞ്ഞപ്പോള്‍ ഞാന്‍ മയങ്ങാന്‍ തുടങ്ങി. ഈ വേനല്‍രാത്രികള്‍ അങ്ങനെയാണ്. എത്ര ശാപങ്ങള്ക്കുശേഷമാണെന്നോ എനിക്കൊന്നുറങ്ങാന്‍ കഴിയാറ്.
ഉറക്കം പിടിച്ചതേയുള്ളു. എന്നെ നീ തൊട്ടുണര്‍ത്തി. ഉണരും മുമ്പേത്തന്നെ പാദസരങ്ങളുടെ നേരിയ കിലുക്കം അടുത്തുവരുന്നതുപോലെ എനിക്കുതോന്നിയിരുന്നു. കണ്ണുതുറന്നപ്പോള്‍ നിന്റെ കൈത്തണ്ടയില്‍ നിന്നൊലിക്കുന്ന ചുവന്ന വരയാണ് കണ്ടത്. അവ വളയാണെന്നറിയും മുമ്പേ ഞാന്‍ നിലവിളിച്ചുപോയി.
ഇല്ല, ഇന്നു ഞാന്‍ നിലവിളിക്കുന്നില്ല. ഞാന്‍ പറഞ്ഞില്ലേ. ഇന്നലെ അബദ്ധം പറ്റിയതാണ്. നമുക്കിന്ന് നേരം വെളുക്കുംവരെ വര്‍ത്തമാനം പറഞ്ഞിരിക്കാം. അതിനുമുമ്പ് നീയിവിടെ ഇരിക്കൂ. ഇതാ, ഇവിടെ. ഞാന്‍ നിന്നെ നല്ലവണ്ണമൊന്നു കാണട്ടെ.
നാട നീട്ടാന്‍ ശ്രമിച്ചപ്പോഴാണറിയുന്നത്. കമ്പിറാന്തല്‍ കെട്ടുപോയിരിക്കുന്നു. പോട്ടെ, സാരമില്ല, എനിക്കു നിന്നെ വിളക്കില്ലാതെത്തന്നെ കാണാം.
വര്‍ഷങ്ങള്‍ നിന്നില്‍ കാര്യമായ ഒരു മാറ്റവും വരുത്തിയിട്ടില്ല. നീ ഇത്തിരിയൊന്നിരുണ്ടുപോയിട്ടുണ്ടെന്നല്ലാതെ. നെറ്റിയില്‍ ചന്ദനക്കുറിയില്ലല്ലോ. രാത്രിയായതു കൊണ്ടാവും. രാവിലെയായാല്‍ കുളിച്ച് തുമ്പുകെട്ടിയ ഈറന്മുടിയുമായി നീ വരുമെന്ന് എനിക്കറിയാം.
രുഗ്മി രാവിലെ നേരത്തെ കുളിക്കാറില്ല. ചൂടും വിയര്‍പ്പുമായി പതിനൊന്നു മണിവരെ അടുക്കളയില്‍ കഴിച്ചുകൂട്ടും. പിന്നെ ഒരു മൂളിപ്പാട്ടുമായി കുളിക്കാന്‍ പോവുമ്പോള്‍ ബ്ളൗസ് നനഞ്ഞൊട്ടിയിട്ടുണ്ടാവും. അപ്പോള്‍ ഞാന്‍ ജാലകത്തിനടുത്തേക്ക് ഒരു കസേര വലിച്ചിട്ടിരിക്കും. പന്ത്രണ്ടു മണിയാവും അവള് കുളിച്ചുവരുമ്പോള്‍.
നീയെന്താണ് ചുറ്റും നോക്കുന്നത്? ഓ ശരി, ഈ മുറിയില്‍ കണ്ണാടിയില്ല. താഴെ ബാലന്റെ കിടപ്പുമുറിയില്‍ നാലരയടിപൊക്കമുള്ള നില ക്കണ്ണാടിയുണ്ട്. അതിന്റെ മുന്നിലിരിക്കുന്ന രുഗ്മിയുടെ മുടി കെട്ടഴിഞ്ഞുവീഴുമ്പോള്‍ കണ്ണാടി ഇരുണ്ടുപോവും. ബാലന് അവളുടെ പിന്നില്‍ പതുങ്ങിയെത്തി ആ മേഘക്കാറ് മുഴുവന്‍ വാരിയെടുക്കുന്നതു കണ്ടുകൊണ്ടാണ് ഒരിക്കല്‍ ഞാനാ മുറിയില്‍ എത്തിപ്പെട്ടത്.
സുമറാണി, പറയൂ, എന്തെല്ലാമാണ് വിശേഷങ്ങള്‍? കാലമിത്രയായില്ലേ. എന്തെല്ലാം നമുക്ക് തമ്മില്‍ത്തമ്മില്‍ പറയാനുണ്ട്. ഈ രാത്രി നമുക്കുറങ്ങണ്ട. വരൂ. ഈ കട്ടിലില്ത്തന്നെയിരിക്കൂ. അതെ, അങ്ങനെ ഇവിടെത്തന്നെ.
എന്താണ് നിനക്കൊരു പേടി? പേടിക്കണ്ട. ആരും വരില്ല. എല്ലാവരും നല്ല ഉറക്കമാണ്. രുഗ്മി ഉറങ്ങിക്കഴിഞ്ഞാല്‍ ഉണരാന്‍ നന്നെ ബുദ്ധിമുട്ടാണ്.
ഒരു കഥ പറയാം. കേള്‍ക്കൂ. ഒരിക്കല്‍ ഒരിളംകാറ്റുപോലും വീശാത്ത പുഴുകിയ ഉച്ചനേരത്ത് മറ്റൊരു കാന്‍വാസ് വലിച്ചെറിഞ്ഞ് ഞാന്‍ താഴേക്കിറങ്ങി. അവളുറങ്ങിക്കിടക്കുന്ന മുറിയില്‍ ചെന്നു. നെഞ്ചിടിപ്പോടെ ഞാന്‍ ആ കട്ടിലില്‍ ചെന്നിരുന്നു. അവളുടെ മുടിക്കെട്ടഴിച്ച് അതില്‍ മുഖം പൂഴ്ത്തി. എന്റെ സിരകളില്‍ ജ്വരം തരിയ്ക്കുകയായിരുന്നു. ചെരിഞ്ഞുകിടന്നുറങ്ങുന്ന അവളുടെ ദേഹമാസകലം ഞാന്‍ തലോടി. വിയര്‍പ്പില്‍ പറ്റിക്കിടന്ന മുടിയിഴകള്‍ മാറ്റി കവിളില്‍ ഉമ്മവെച്ചു. എന്നിട്ടും അവളുണര്‍ന്നില്ല. അവള് കള്ളയുറക്കം നടിക്കുകയാണോ എന്നുപോലും ഞാന്‍ സംശയിച്ചു. ഒടുവില്‍ രണ്ടും കല്പിച്ച് ഞാനവളെ കുലുക്കിയുണര്‍ത്തിയപ്പോള്‍ അവള് ഞെട്ടിയെഴുന്നേറ്റിരുന്നു. എന്താ ഏട്ടാ എന്നു ചോദിച്ചു. ഞാന്‍ എന്തു വേണമെന്നറിയാതെ അന്തം വിട്ടിരുന്നപ്പോള്‍ അഴിഞ്ഞ തലമുടി തികച്ചും സ്വാഭാവികമായി വാരിക്കെട്ടുന്നതിനിടയില് അവള് പറഞ്ഞു: ഏട്ടന് പോയിക്കിടന്നോളൂ.
ഇതൊരു പഴംകഥയാണ്, സുമറാണി. കഴിഞ്ഞ കുറെ ദിവസങ്ങളായി അവളെന്റെ മുന്നില്‍ വന്നുനിന്നാല്‍ പ്പോലും ഞാനവളെ കാണാറില്ല. കണ്ണടച്ചാലും തുറന്നാലും എന്റെ മുന്നില്‍ നീ, നീ മാത്രം.
നിനക്കൊരു തമാശ കേള്‍ക്കണോ? ഇന്നുച്ചയ്ക്ക് ഞാനുണ്ണാനിരിക്കുകയായിരുന്നു. ഉപ്പിലിട്ടതു വിളമ്പുമ്പോള്‍ രുഗ്മിയുടെ കൈയിലെ ചുവന്ന വള ഞാന്‍ ശ്രദ്ധിച്ചു. ഉരത്തു കയറ്റിയ സ്വര്‍ണവളകളാണ് പതിവ്. പക്ഷേ ഞാന്‍ ഒന്നും ചോദിച്ചില്ല.
ഞാന്‍ മോരു കൂട്ടിയപ്പോള്‍ പതിവില്ലാതെ എന്റെ അരികെ ഇടതു വശത്തു വന്നിരുന്നു രുഗ്മി. വേഷ്ടി ഉരത്തുകയറ്റി വലതുകാലടി മുന്നിലേക്കു വെച്ച് എന്നോടു ചോദിച്ചു: ഏട്ടാ ഈ പാദസരം എങ്ങനെയുണ്ട്?
കാന്‍വാസില്‍ നീയിരിക്കുന്ന അതേപോലെയാണ് രുഗ്മിയും ഇരുന്നത്. ഒരു നിമിഷാര്‍ദ്ധം എന്റെ കാന്‍വാസിനു ജീവന്വെച്ചുവോ എന്നു ഞാന്‍ പേടിച്ചുപോയി. പക്ഷേ രുഗ്മിയുടെ കാലടികള്‍ക്ക് നിന്റെ കാലടിയുടെ രൂപസൗഭാഗ്യവും സൗവര്ണ്ണനിറവും ഉണ്ടായിരുന്നില്ല. ഞാനെന്തു പറയാന്‍. എല്ലാം അടക്കിക്കൊണ്ട് വെറുതെ ഒന്നു ചിരിച്ചു. അത്രമാത്രം.
സുമറാണി നിനക്ക് മുഷിയുന്നുണ്ട്, ഇല്ലേ? നീ എന്റെ അടുത്തേക്കു ചായുന്നതു കണ്ടാല്‍ എനിക്കറിയാം. എന്താ നിനക്കു വല്ലാത്ത ചൂടുണ്ടല്ലോ. പനിക്കുന്നുണ്ടോ?
കാലം കടന്നുപോയപ്പോള്‍ നിന്റെ വളകളൊക്കെ പൊട്ടിപ്പോയോ? നിന്റെ കൈയില്‍ എപ്പോഴും രണ്ടു ജോഡി ചുവന്ന കുപ്പിവളകള്‍ ഇക്കിളിക്കൊണ്ടു ചിരിക്കാറുണ്ടല്ലോ. നിന്നേപ്പോലെത്തന്നെ, കാരണമൊന്നുമില്ലാതെ നുറുങ്ങിവീഴുന്ന ആ ചിരിക്കുടുക്കകള്‍. നോക്ക്, ഈ ഒറ്റവള എങ്ങനെ ചിരിക്കാനാണ് കൂട്ടുകാരില്ലാതെ? നമുക്ക് ഈ കൈ വളകള്കൊണ്ടു നിറയ്ക്കണം.
നിനക്ക് തീരെ ക്ഷമയില്ല, അതെ ഇവിടെത്തന്നെ നമുക്കലിഞ്ഞുചേരാം. ഈ രാത്രിതന്നെ. അതിനുമുമ്പ്, ഹൗ, വല്ലാതെ ഉഷ്ണിക്കുന്നു. കരിമ്പടംപോലെ നമ്മെ പുതപ്പിക്കുന്ന ഈ മുടിയൊന്നു കെട്ടിവെക്കു, വേഗം.
വളരെ വൈകിയാണ് ഉണര്‍ണത്. അപ്പോള്‍ എന്റെ അരികെ ആരുമില്ല. എഴുന്നേറ്റ് ആദ്യം നോക്കിയത് സുമറാണിയുടെ ചിത്രത്തിലാണ്.
പൊടുന്നനെ ഞാന്‍ ശ്രദ്ധിച്ചു. അവളുടെ കാലില്‍ പാദസരങ്ങളില്ല. ആരോ തൊട്ടുമുമ്പ് അഴിച്ചെടുത്തുകൊണ്ടുപോയതുപോലെ. അവിടെ വെളുത്ത പാട് ശേഷിക്കുന്നു.
വിശ്വാസം വരാതെ അടുത്തുചെന്നു നോക്കിയപ്പോള്‍ ഒന്നുകൂടി അറിഞ്ഞു. അവളുടെ കൈയില്‍ മൂന്നു വളകളേയുള്ളൂ. ഒന്ന് നഷ്ടപ്പെട്ടിരിക്കുന്നു.
കോണിപ്പടികള്‍ ചാടിയിറങ്ങി ഞാന്‍ രുഗ്മിയുടെ അടുത്തുചെന്നു. പക്ഷേ, അവളെ കണ്ടപ്പോള്‍ എനിക്കെന്തോ, ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഞാന്‍ തിരിച്ച് ഇറയത്തേക്കു നടന്നു.
പല്ലു തേപ്പു കഴിഞ്ഞ് വീണ്ടും അടുക്കളയിലെത്തി. സാധാരണയായി അപ്പോള്‍ കിഴക്കോട്ടു തിരിച്ച് ഒരു പലക വെച്ചിട്ടുണ്ടാവും രുഗ്മി. അതിനു മുമ്പില്‍ എനിക്കു സേവിക്കേണ്ട കഷായവും. ‘അച്യുതനന്ദഗോവിന്ദ’ ഞാനിരിക്കുമ്പോള്‍ അവള് മന്ത്രമോര്മിപ്പിക്കും. ഒന്നും കാണാഞ്ഞ് ഞാന്‍ രുഗ്മിയെ പകച്ചുനോക്കി.
കാപ്പി ആറ്റുന്നതിനിടയ്ക്ക് പാദസരത്തിന്റെ നേരിയ കിലുക്കവുമായി അവളെന്റെ അടുത്തു വന്നുനിന്നു. പിന്നെ വല്ലാത്ത ഒരു ചിരിയോടെ പറഞ്ഞു.
ഏട്ടന്റെ ദണ്ണൊക്കെ മാറില്യേ. ഇനി മരുന്നൊന്നും വേണ്ട.
(1981)