ആമുഖം
പ്രപഞ്ചവും മനുഷ്യനും | |
---|---|
ഗ്രന്ഥകർത്താവ് | കെ. വേണു |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ശാസ്ത്രസാഹിത്യം |
വര്ഷം |
1970 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള് | 346 |
വായനക്കാരുടെ പ്രതികരണങ്ങള് | ഇവിടെ രേഖപ്പെടുത്തുക |
ഈ പുസ്തകം എഴുതാനിടയായ ഒരു പശ്ചാത്തലമുണ്ടു്. 1966-68 കാലത്തു് ഞാൻ കോഴിക്കോടു് മലബാർ കൃസ്ത്യൻ കോളേജിൽ എം. എസ്സിക്കു് പഠിക്കുകയാണു്. ഒന്നാം വർഷം തന്നെ പഠിത്തത്തിനു് പുറമേ വലിയൊരു പദ്ധതി ആസൂത്രണം ചെയ്തു. ‘ഭഗവൽഗീത ഇരുപതാംനൂറ്റാണ്ടിൽ’ എന്നൊരു ലേഖനപരമ്പരയായിരുന്നു ലക്ഷ്യം. ഗീതയിലെയും പ്രധാന ഉപനിഷത്തുകളിലെയും ജീവാത്മാ, ബ്രഹ്മസങ്കൽപങ്ങളെ, അഥവാ ആത്മീയവാദത്തെ ശക്തമായ ഭൌതികവാദനിലപാടിൽ നിന്നുകൊണ്ടു് ഖണ്ഡിക്കുകയും പ്രപഞ്ചം, ജീവൻ, മനസ്സു്, സമൂഹം എന്നിവയ്ക്കു് ആധുനികശാസ്ത്രം നൽകുന്ന ഉത്തരങ്ങൾ അവതരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു പദ്ധതി. ഒന്നാം വർഷം കഴിഞ്ഞുള്ള വെക്കേഷൻ കാലത്തു് തന്നെ 20 അദ്ധ്യായങ്ങളിലായി അതു് ഏറെക്കുറെ എഴുതി തീർക്കുകയും ചെയ്തു.
എവിടെ പ്രസിദ്ധീകരിക്കും എന്നതായിരുന്നു അടുത്ത പ്രശ്നം. വളരെ യാഥാസ്ഥിതിക സ്വഭാവം നിലനിർത്തിയിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പു് അതു് പ്രസിദ്ധീകരിക്കില്ലെന്നു അറിയാമായിരുന്നു. എങ്കിലും സമീപിച്ചു നോക്കി. അവർ താൽപര്യം കാണിച്ചില്ല. അക്കാലത്തു് മാതൃഭൂമിയെക്കാൾ ഏറെ പ്രചാരമുള്ള, പ്രത്യേകിച്ചും പുരോഗമന ചിന്താഗതിക്കാർക്കിടയിൽ, വാരികയായിരുന്നു ജനയുഗം. ചെറുകാടിന്റെ ‘ശനിദശ’ നോവൽ ജനയുഗം വാരികയിലാണ് പ്രസിദ്ധീകരിച്ചതു്. ഞാൻ മുഴുവൻ ലേഖനങ്ങളും ജനയുഗത്തിനു അയച്ചുകൊടുത്തു. ഉടനെ പത്രാധിപർ കാമ്പിശ്ശേരി കരുണാകരന്റെ മറുപടി വന്നു. പരമ്പര അടുത്ത ലക്കം മുതൽ പ്രസിദ്ധീകരിക്കുന്നു എന്നു പറഞ്ഞുകൊണ്ടു്. ജനയുഗം വാരികയിൽ പരമ്പരയെക്കുറിച്ചു് അനുകൂലവും പ്രതികൂലവുമായ സജീവ ചർച്ചയും നടന്നു.
കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി, ഞാൻ അവതരിപ്പിച്ച വിഷയങ്ങളെക്കുറിച്ചു് ചർച്ചകളിലും ക്ലാസുകളിലും പങ്കെടുക്കാനുള്ള ക്ഷണങ്ങൾ വരാൻ തുടങ്ങി. ’68 മേയിൽ രണ്ടാം വർഷ പരീക്ഷ കഴിഞ്ഞതിനു ശേഷം അനവധി പരിപാടികളിൽ തുടർച്ചയായി പങ്കെടുക്കേണ്ടി വന്നു. ഇത്തരം ചർച്ചകളിൽ ആവർത്തിച്ചു് ഉയർന്നു വന്നുകൊണ്ടിരുന്ന ആവശ്യമായിരുന്നു പ്രകൃതി ഉൾപ്പെടെയുള്ള കാര്യങ്ങളെപ്പറ്റി ശാസ്ത്രത്തെ അടിസ്ഥാനമാക്കി ഞാൻ അവതരിപ്പിച്ചു കൊണ്ടിരുന്നതെല്ലാം ഒരു പുസ്തകമായി പ്രസിദ്ധീകരിക്കണമെന്നതു്. അങ്ങിനെയാണു് പ്രപഞ്ചവും മനുഷ്യനും എഴുതാൻ തയ്യാറാവുന്നതു്. 1969 അവസാനമായപ്പോഴേക്കും പുസ്തകം ഏറെക്കുറെ എഴുതി തീർന്നു. 1970 മേയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
അക്കാലത്തു് കമ്മ്യൂണിസത്തോടും വിപ്ലവത്തോടും ആഭിമുഖ്യം ഉണ്ടായിരുന്നെങ്കിലും അതെക്കുറിച്ചൊന്നും ഗൌരവത്തോടെ പഠിച്ചിരുന്നില്ല. കമ്മ്യൂണിസത്തെക്കുറിച്ചുള്ള പ്രാഥമിക ധാരണകൾ ഈ പുസ്തകത്തിൽ അവതരിപ്പിക്കുകയും അവസാന അദ്ധ്യായത്തിൽ അക്കാലത്തു് പ്രചാരത്തിൽ ഉണ്ടായിരുന്ന വിപ്ലവ സങ്കൽപ്പങ്ങൾ പങ്കു് വെയ്ക്കുകയും ചെയ്തിരുന്നു. 1968-ലെ ഫ്രഞ്ചു് കലാപത്തെ തുടർന്നു ഉയർന്നു വന്ന നവീന ഇടതു പക്ഷ ചിന്തകളും ചെ ഗുവേരയുടെ ബൊളീവിയൻ ഡയറിയും റെജി ദെബ്രെയുടെ വിപ്ലവത്തിനുള്ളിൽ വിപ്ലവവുമൊക്കെയാണു് മാവോയോടൊപ്പം അതിൽ പരാമർശിച്ചിരുന്നതു്.
പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു അധികം താമസിയാതെ തന്നെ ഞാൻ നക്സലൈറ്റു് പ്രവർത്തകനാവുകയും ജെയിലിലാവുകയും ചെയ്തു. ’70-കളിലും ’80-കളിലും കേരളത്തിൽ ഈ പുസ്തകം വലിയ സ്വാധീനം ചെലുത്തുകയും അന്നത്തെ തലമുറയെ നക്സലൈറ്റു് പ്രസ്ഥാനത്തിലേക്കു് ആകർഷിക്കുന്ന പ്രമാണഗ്രന്ഥമായി മാറുകയും ചെയ്തു. ഞാൻ അപ്പോഴേക്കും മാവോയിസ്റ്റു് ആയിക്കഴിഞ്ഞിരുന്നതു് കൊണ്ടു് ഈ പുസ്തകത്തിന്റെ പുതിയ പതിപ്പുകൾ ഇറക്കണമെന്ന വ്യാപകമായ ആവശ്യത്തെ ചെറുത്തു നിൽക്കുകയാണു് ചെയ്തതു്. ഒരു മാവോയിസ്റ്റു് എന്ന നിലയ്ക്കു് ഈ പുസ്തകം അന്നത്തെ രൂപത്തിൽ പ്രസിദ്ധീകരിക്കാൻ പാടില്ലെന്നായിരുന്നു എന്റെ നിലപാടു്. മാവോയിസ്റ്റു് നിലപാടിൽ നിന്നുകൊണ്ടു് പുസ്തകം മുഴുവൻ മാറ്റി എഴുതുക എന്നതു് പ്രായോഗികമായി സാദ്ധ്യവുമായിരുന്നില്ല.
പ്രസ്ഥാനം വളരുകയും പുസ്തകത്തിനു വേണ്ടിയുള്ള ആവശ്യം ശക്തവും വ്യാപകവുമായതോടെ 1984-ൽ പുസ്തകം പുനഃപ്രസിദ്ധീകരിക്കാൻ ഞങ്ങളുടെ അന്നത്തെ പാർട്ടി തന്നെ തീരുമാനിച്ചു നടപ്പിലാക്കുകയാണുണ്ടായതു്. പുതിയ രാഷ്ട്രീയവീക്ഷണവുമായി ഒട്ടും പൊരുത്തപ്പെടുത്താനാകാത്ത അവസാന അദ്ധ്യായവും സ്വാതന്ത്ര്യത്തെക്കുറിച്ചു് ഒരു പ്രത്യേക ധാരണ അവതരിപ്പിച്ചിരുന്ന മറ്റൊരു അദ്ധ്യായവും പുസ്തകത്തിൽ നിന്നു ഒഴിവാക്കി. അന്നത്തെ രാഷ്ട്രീയ ധാരണകളെ പ്രതിഫലിപ്പിക്കുന്ന അൽപം ദീർഘമായ ഒരു മുഖവുരയുമായിട്ടാണു് 1984-ൽ ഈ രണ്ടാം പതിപ്പു് ഇറങ്ങിയത്. 1992-ൽ അന്നത്തെ രാഷ്ട്രീയ ചിന്തക്കനുസൃതമായ പുതിയൊരു മുഖവുരഭാഗം കൂടി ചേർത്തു് കൊണ്ടു് ഒരു മൂന്നാം പതിപ്പും ഇറങ്ങി. ’93-ൽ അതേപടി ഒരു നാലാം പതിപ്പും ഇറങ്ങി. ശാസ്ത്രരംഗങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വളർച്ചകൾക്കനുസരിച്ചു പുസ്തകത്തിൽ മാറ്റം വരുത്താതെ പ്രസിദ്ധീകരിക്കേണ്ടെന്ന ധാരണ നിമിത്തമാണു് തുടർപതിപ്പുകൾ ഇറക്കാൻ മടിച്ചതു്.
ഇപ്പോൾ സായാഹ്ന ഫൌണ്ടേഷൻ മലയാളത്തിലെ ഒട്ടേറെ പ്രധാന പുസ്തകങ്ങൾ തിരഞ്ഞെടുത്തു് ഏറ്റവും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു് പ്രസിദ്ധീകരിക്കുന്ന ഒരു വൻ പദ്ധതിയിൽ ഈ പുസ്തകവും ഉൾപ്പെടുത്തുകയാണു് ഉണ്ടായതു്. ആരംഭത്തിൽ പ്രസിദ്ധീകരിച്ച രൂപത്തിൽ തന്നെയാണു് പുനഃപ്രസിദ്ധീകരിക്കേണ്ടതെന്ന സായാഹ്നയുടെ നിലപാടിനോടു് യോജിക്കുകയും ചെയ്യുന്നു. പക്ഷെ ആദ്യപതിപ്പിന്റെ കോപ്പികൾ ഇപ്പോൾ എങ്ങും ലഭ്യമല്ലാത്തതു കൊണ്ടു് അതിൽ നിന്നു പിൽക്കാല പതിപ്പുകളിൽ ഉപേക്ഷിക്കാൻ ഇടയായ രണ്ടു് അദ്ധ്യായങ്ങൾ കൂട്ടിച്ചേർക്കാൻ കഴിയാതെ വന്നിരിക്കുന്നു എന്നതാണു് ഖേദകരമായ സംഗതി.
ഈ പുതിയ പതിപ്പിൽ അതാതു കാലത്തു് മാറിവന്ന രാഷ്ട്രീയ ധാരണകളെ പ്രതിഫലിപ്പിക്കാനായി ചേർത്തിരുന്ന മുഖവുരകളെല്ലാം ഒഴിവാക്കിയിട്ടുണ്ടു്. അതേസമയം പുസ്തകത്തിന്റെ അവസാനഭാഗത്തു് കമ്മ്യൂണിസത്തെ കുറിച്ചുള്ള ഒരു അവതരണം ഉള്ളതുകൊണ്ടു് കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനുണ്ടായ പരിണാമത്തെ വിലയിരുത്തുന്ന ഒരു അനുബന്ധം 1984-ൽ ചേർത്തതും 1992-ൽ അതിന്റെ തുടർച്ച ചേർത്തതും നിലനിർത്തിയിട്ടുണ്ടു്. കൂടാതെ, മാർക്സിസവും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെ ആധാരമാക്കി രണ്ടു് സന്ദർഭങ്ങളിൽ എഴുതാനിടയായ രണ്ടു് ലേഖനങ്ങൾ 1984-ലും ’92-ലും അനുബന്ധമായി ചേർത്തതു് ഈ പതിപ്പിലും നിലനിർത്തിയിട്ടുണ്ടു്.
1969-70 കാലത്തു് അന്നു് ലഭ്യമായ ശാസ്ത്രവിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ പ്രകൃതിയെയും മനുഷ്യനെയും അവതരിപ്പിക്കാനാണു് ഈ പുസ്തകത്തിൽ ശ്രമിച്ചിട്ടുള്ളതു്. സമൂഹപരിണാമത്തെ അവതരിപ്പിച്ചതു് മാർക്സിയൻ ധാരണകൾ ഉപയോഗിച്ചുമായിരുന്നു. പ്രകൃതിയെയും മനുഷ്യനെയും സമൂഹത്തെയും ശാസ്ത്രീയ വീക്ഷണകോണിൽ നിന്നു നോക്കികാണാൻ ഇപ്പോഴും ഈ പുസ്തകം സഹായകം തന്നെയാണു്.
സായാഹ്ന ഫൌണ്ടേഷൻ ഈ പുസ്തകം സ്വയമേവ തിരഞ്ഞെടുക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടു്. അവർക്കു് അകമഴിഞ്ഞ നന്ദി.
കെ.വേണു
തൃശൂർ , 10-12-2018
|