close
Sayahna Sayahna
Search

നമ്മുടെ ഭൂമി


പ്രപഞ്ചവും മനുഷ്യനും

പ്രപഞ്ചവും മനുഷ്യനും
PM cover.png
ഗ്രന്ഥകർത്താവ് കെ. വേണു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ശാസ്ത്രസാഹിത്യം
വര്‍ഷം
1970
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 346
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

സൂര്യന്റെയും നക്ഷത്രങ്ങളുടെയും ഉള്ളിൽ നടന്നുകൊണ്ടിരിക്കുന്നതെന്താണെന്നു് നമുക്കിന്നറിയാം. പക്ഷെ, നാമധിവസിക്കുന്ന ഭൂമിയുടെ ഉൾത്തലങ്ങളെക്കുറിച്ചു് നമുക്കു് വളരെക്കുറച്ചേ അറിയൂ. ഭൂമിയുടെ ആന്തരികഘടനയെക്കുറിച്ചുള്ള നമ്മുടെ ഊഹാപോഹങ്ങൾക്കു് നിദാനം മറ്റു ഗ്രഹങ്ങളുടെയും മറ്റും ഘടനയെക്കുറിച്ചുള്ള അറിവാണു്. വാസ്തവത്തിൽ സൗരയൂഥത്തിലെ ഏറ്റവും രഹസ്യമയനായ ഗ്രഹം ഭൂമിയാണെന്നു് പറയാം. 1969 ജൂലായ് 21-ആം തീയതി ചന്ദ്രനിൽ കാലുകുത്തിയ ആംസ്ട്രോങ്ങും ആൽഡ്രിനും ഇങ്ങോട്ടു നോക്കിയപ്പോൾ കണ്ടതു് നീല നിറം കലർന്ന പ്രകാശം ചൊരിയുന്ന വലിയൊരു ചന്ദ്രനെയാണു്. കാഴ്ചയിൽ തികച്ചും ഒരു ഗോളമെന്നു് അവർക്കു് തോന്നിയെങ്കിലും ഭൂമി കൃത്യമായ ഒരു ഗോളമല്ല. നടുവിൽ ഒരു ചെറിയ തുറിപ്പു് അതിനുണ്ടു്. ഉത്തരധ്രുവത്തിൽനിന്നു് ദക്ഷിണധ്രുവത്തിലേയ്ക്കുള്ള വ്യാസം 7900 മൈലാണു്. ഈ വ്യത്യാസമാണു് ഭൂമിയെ ഒരു പൂർണ്ണഗോളമല്ലാതാക്കി തീർക്കുന്നതു്.

ഭൂമിയെക്കുറിച്ചു് പഠിക്കാൻ ശ്രമിക്കുമ്പോൾ ഈ ഗോളത്തെക്കുറിച്ചുമാത്രം ചിന്തിച്ചാൽ പോരാ. അതിനു് ചുറ്റുമുള്ള വിപുലമായ ആവരണം കൂടി നമ്മുടെ പഠനവിഷയമാകണം. ഭൂമിയെ അതിന്റെ ആവരണത്തിൽനിന്നു് വേർതിരിച്ചു് നിറുത്തിക്കൂടാ. എന്തൊക്കെയാണതിന്റെ ആവരണത്തിലുള്ളതു്? ഭൂമിയുടെ കേന്ദ്രത്തിൽനിന്നു് 40,000–60,000 മൈലുകൾ വ്യാപിച്ചുകിടക്കുന്ന അതിവിപുലമായ കാന്തികമേഖലയാണു് പ്രധാനമായതു്. അതുകഴിഞ്ഞാൽ പിന്നെ അയണുകൾ നിറഞ്ഞ അയണ–മണ്ഡലമാണു്. ഇതാണല്ലോ റേഡിയോ തരംഗങ്ങളെയും മറ്റും പ്രതിഫലിപ്പിച്ചു്, ഭൂഗോളത്തിന്റെ മറുപുറങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ നമ്മെ സഹായിക്കുന്നതു്. സ്ട്രാറ്റോസ്ഫിയർ അഥവാ സമതാപമണ്ഡലമാണടുത്തതു്. നമ്മുടെ ബാഹ്യാന്തരീക്ഷത്തിന്റെ ഉയർന്ന പാളിയായ അവിടെ താപനില ഏറെക്കുറെ സമാനമായി നിലനില്ക്കുന്നു. അടുത്തതു് ട്രോപോസ്ഫിയർ അഥവാ ക്ഷോഭമണ്ഡലമാണു്. ബാഹ്യാന്തരീക്ഷത്തിന്റെ ഈ കീഴ്പാളിയിൽ ഉയരം കൂടുംതോറും താപനില കുറയുന്നു. വായുനിബദ്ധമായ അന്തരീക്ഷം, ജീവികളുടെ അന്തരീക്ഷം അഥവാ ജീവമണ്ഡലം, ഉറച്ച പുറംപാളി അഥവാ ലിത്തോസ്ഫിയർ, ജലാശയങ്ങളെല്ലാമടങ്ങുന്ന ജലമണ്ഡലം എന്നെല്ലാം ഭൂമിയുടെ ഉപരിതലത്തെയും തരംതിരിക്കാൻ കഴിയും. നമ്മുടെ പ്രകൃതിസിദ്ധമായ അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങൾ നൈട്രജൻ, ഓക്സിജൻ, ആർഗൺ, കാർബൺഡയോക്സൈഡ്, നിയോൺ, ഹീലിയം, ക്രിപ്റ്റോൺ, ക്ലീനോൺ, സീനോൺ, ഹൈഡ്രജൻ, മീതേൻ, നൈട്രസ് ഓക്സൈഡ് എന്നിവയാണു്. പക്ഷേ, ഭൂമിയുടെ ഈ വായുനിബദ്ധാവരണം ജീവമണ്ഡലത്താൽ സ്വാധീനിക്കപ്പെടുന്നു. സസ്യങ്ങളുടെയും ജന്തുക്കളുടെയും ശ്വാസോച്ഛ്വാസാദിപ്രക്രിയകൾ, ഈ വായുമണ്ഡലത്തിന്റെ ഉള്ളടക്കത്തെ നിയന്ത്രിക്കുന്നുണ്ടു്. ജനനമരണ പ്രക്രിയകളിലൂടെ ജീവികൾ മണ്ണിലുള്ള പല രാസവസ്തുക്കളെയും രൂപാന്തരപ്പെടുത്തി വായുവിൽ ലയിപ്പിക്കുന്നു. മണ്ണാകട്ടെ തീർച്ചയായും പാറകളുടെ സന്തതിയാണു്. കാറ്റും മഴയും മറ്റുംമൂലം പാറയിൽനിന്നു് ഉൽഭൂതമായതാണതു്. മണ്ണിൽ ജീവിക്കുന്നതും നിലനില്ക്കുന്നതുമായ ജന്തുക്കളും സസ്യങ്ങളും അവയുടെ ചുറ്റുപാടുമെല്ലാംതന്നെ, സൂര്യനിൽനിന്നും മറ്റു നക്ഷത്രങ്ങളിൽനിന്നുമുള്ള ഊർജപ്രസരണത്താൽ ഒരു പരിധിവരെ നിയന്ത്രിക്കപ്പെടുന്നുണ്ടുതാനും.

ഈ ബാഹ്യാവരണത്തിനുള്ളിലുള്ള ഭൂമിയുടെ ഘടനയെന്താണെന്നു നോക്കാം. ഏതാണ്ടു് ഇരുപതുമൈൽ കനത്തിലുള്ള ഒരു പുറംതോടാണു് ഈ ഗോളത്തിന്റെ ഏറ്റവും പുറത്തുള്ളതു്. ഭൂമിയെ ഒട്ടാകെ കണക്കിലെടുക്കുമ്പോൾ വെറുമൊരു ആപ്പിൾതൊലിയുടെ കനമേ ഈ പുറംതോടിനുള്ളു. സമുദ്രങ്ങളുടെ അടിത്തട്ടിൽ ഈ പുറംതോടു് അത്യന്തം നേർത്തതാണു്. ഇതിനു കീഴെയായി വളരെയധികം കട്ടിയുള്ള ഒരു പടലവും അതിനുള്ളിൽ അതിവിപുലമായ ഒരു കേന്ദ്രമേഖലയും സ്ഥിതിചെയ്യുന്നു.

ഭൂകമ്പങ്ങളുടെ ഫലമായുണ്ടാകുന്ന കമ്പനതരംഗങ്ങളെക്കുറിച്ചു പഠിക്കുന്നതിലൂടെ സീസ്മോളജി അഥവാ ഭൂകമ്പവിജ്ഞാനം ആണു് ഭൂമിയുടെ ഉൾത്തട്ടുകളെക്കുറിച്ചുള്ള വിവരം നമുക്കു് തന്നതു്. അതിൻ പ്രകാരം ഭൂമിയുടെ ആന്തരികഘടനകളിങ്ങനെയാണു്. ഏതാണ്ടു് 4000 മൈലാണല്ലോ ഭൂമിയുടെ വ്യാസാർദ്ധം. ഇതിൽ പുറമേനിന്നു് 1800 മൈൽ കഴിഞ്ഞാൽ കേന്ദ്രമേഖല ആരംഭിക്കുന്നു. അപ്പോൾ ഈ കേന്ദ്രമേഖലയുടെ വ്യാസാർദ്ധം 2200 മൈലായിരിക്കുമല്ലോ. പിൽക്കാലത്തു്, കേന്ദ്രമേഖലയിൽ വീണ്ടും ഉള്ളിലായി 800 മൈൽ വ്യാസാർദ്ധത്തിൽ ഒരു ആന്തരമേഖലയുണ്ടെന്നു വ്യക്തമായി. പുറമെയുള്ള 1800 മൈലിൽ പുറംതോടിന്റെ ഏതാനും മൈലുകൾ കഴിച്ചുള്ള ഭാഗം മധ്യപടലമാണു്. ആ നിലയ്ക്കു പുറംതോടൊഴികെയുള്ള ഭൂമിയുടെ ഘടനയെ മൂന്നു് അടുക്കുകളായി തിരിക്കാം.

പുറംതോടിന്റെ താഴത്തെ പരിധിയെ ‘മഹറോവിസികു് വിഛിന്നത’ എന്നാണു വിളിക്കുന്നതു്. ഇതിനു താഴെയുള്ള 1800 മൈൽ കട്ടിയിലുള്ള മധ്യപടലം പാറകൾകൊണ്ടു നിർമ്മിതമാണു്. ഇതു് ഉള്ളിലുള്ള കേന്ദ്രമേഖലയെ ആവരണം ചെയ്തുകൊണ്ടു് സ്ഥിതിചെയ്യുന്നു. കേന്ദ്രമേഖലയിലെ ബാഹ്യഭാഗം ദ്രാവകാവസ്ഥയിൽ അഥവാ ഉരുകിയ അവസ്ഥയിലാണു സ്ഥിതിചെയ്യുന്നതു്. അതേസമയം ആന്തരികതലം ഏറെക്കുറെ ഉറച്ചു കട്ടിയായതുമാണു്. ഏറ്റവും ആന്തരിക തലത്തിലുള്ളതു് അധികപക്ഷവും ഇരുമ്പായിരിക്കാനാണു സാധ്യത. അവിടെ നിലനില്ക്കുന്ന അപാരമായ മർദ്ദത്തിൽ അതു ഘനീഭവിക്കാൻ നിർബദ്ധമാണു്.

ഭൂമിയുടെ ആന്തരികഘടന ഇന്നത്തെ നിലയിൽ ആയിത്തീർന്നതിന്റെ പശ്ചാത്തലത്തെ കണ്ടെത്താൻ ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ചു് മനസ്സിലാക്കേണ്ടതത്യാവശ്യമാണു്. ഇന്നു പൊതുവെ സ്വീകാര്യമായിട്ടുള്ള സൗരയൂഥോത്ഭവസിദ്ധാന്തം കഴിഞ്ഞ അദ്ധ്യായത്തിൽ വിശദീകരിച്ചിട്ടുണ്ടല്ലോ. ആ വാതകധൂളിമേഘസിദ്ധാന്തത്തിൻ പ്രകാരം ഭൂമി രൂപം കൊണ്ടതു താരതമ്യേന തണുത്ത പദാർത്ഥങ്ങളിൽ നിന്നാണല്ലോ. സൂര്യന്റെ ചൂടേറ്റതുകൊണ്ടു് ആ തണുത്ത പദാർത്ഥം ഉരുകാനിടയില്ല. തന്മൂലം ഇന്നത്തെ ഭൂമിയുടെ ആന്തരികഘടനയുണ്ടാകുന്നതിനു മറ്റെന്തോ കാരണമുണ്ടു്. ഇന്നത്തെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ആദ്യത്തെ കോടിക്കണക്കിനു വർഷങ്ങളിൽ ഭൂമി ഉരുകിയിട്ടുണ്ടായിരുന്നില്ല. വാതകധൂളിവസ്തുക്കളാൽ നിർമ്മിതമായ ഒരു ഘനപദാർത്ഥ സഞ്ചയമായിരുന്നു അതു്. പിൽക്കാലത്തു് അതിൽത്തന്നെ നടന്നുകൊണ്ടിരുന്ന അണുഭേദനങ്ങളുടെയും മറ്റും ഫലമായി താപനില ഉയരുകയും ഭൂമിയെ ഏറെക്കുറെ ഉരുകിയ അവസ്ഥയിലേയ്ക്കെത്തിക്കുകയും ചെയ്തിരിക്കണം! ഇങ്ങനെ താരതമ്യേന മൃദുഘടനയോടു കൂടിയ ഈ കാലഘട്ടത്തിലായിരിക്കണം വിവിധ രാസപദാർത്ഥങ്ങൾ ഇന്നത്തെപ്പോലെ പല പാളികളായി വേർതിരിഞ്ഞതു്.

ഭൂമി അർദ്ധദ്രവാവസ്ഥയോടു് അടുത്തുവന്ന ആ കാലത്താണു് ഏറ്റവും ഭാരംകൂടിയ മൂലകങ്ങളായ ഇരുമ്പും നിക്കലും മറ്റും ഉള്ളിലോട്ടു് ആണ്ടുപോയതു്. അതുകൊണ്ടാണു്, കേന്ദ്രമേഖലയിലെ അതിമർദ്ദം മൂലം ഘനീഭവിച്ച ഉൾക്കാമ്പു് ഭൂരിഭാഗവും ഇരുമ്പായി തീർന്നതു്. ഇരുമ്പിനേക്കാൾ കൂടുതൽ ഭാരമുള്ള മൂലകങ്ങളുണ്ടെങ്കിലും, അവ വളരെ കുറച്ചായതിനാലാണു് ഇവിടെ ഇരുമ്പിനു പ്രാമുഖ്യം ലഭിച്ചതു്. കേന്ദ്രമേഖലയിലെ ബാഹ്യതലമാകട്ടെ, ഉരുകിയ ഇരുമ്പിന്റെ ഒരു തടാകമാണു്. അവിടെ ഇരുമ്പിന്റെ കൂടെ നിക്കലും മറ്റു ലോഹങ്ങളുമുണ്ടായിരിക്കാം. ഇതിനു പുറത്തുള്ള പാറകൾ നിറഞ്ഞ മധ്യപാളിയിൽ അധികവും താരതമ്യേന ഭാരം കുറഞ്ഞ ഖനിജങ്ങളാണു്. സിലിക്കേറ്റുകളും മഗ്നീഷ്യവും മറ്റുമാണു് മുഖ്യഘടകം. ഇരുമ്പുമുണ്ടെങ്കിലും. ഈ മധ്യപാളിയിൽത്തന്നെ കീഴോട്ടു ചെല്ലുംതോറും ഇരുമ്പിന്റെ ശതമാനം കൂടിവരുന്നതും കാണാവുന്നതാണു്. താരതമ്യേന ഭാരം കുറഞ്ഞ വസ്തുക്കളാണു് പുറംതോടിന്റെ നിർമ്മിതിയിൽ പങ്കുകൊണ്ടതു്. ഏറ്റവും ഭാരം കുറഞ്ഞ മൂലകങ്ങൾ വാതകങ്ങളായി അന്തരീക്ഷത്തിലും തങ്ങിനിന്നു.

ഭൂമി ഒരു കാന്തം

ഭൂമിയുടെ കാന്തശക്തിയെക്കുറിച്ചു് വളരെക്കാലം മുമ്പേ അറിവുണ്ടായിരുന്നു. പക്ഷേ, ഭൂമിയുടെ ഈ കാന്തശക്തി ഉള്ളിലാണോ അതോ പുറത്താണോ ഉത്ഭൂതമായതെന്നതു് ഒരു പ്രശ്നമായിരുന്നു. പക്ഷേ, ഭൂമിയുടെ ആന്തരികഘടനയെക്കുറിച്ചു് മുകളിൽ പറഞ്ഞ വസ്തുതകൾ ഏറെക്കുറെ അറിയപ്പെട്ടതോടുകൂടി കാന്തികമണ്ഡലം കേന്ദ്രമേഖലയിൽതന്നെയാണു് ഉടലെടുത്തതെന്നു വ്യക്തമായി. കാരണം പുറംതോടിലും മധ്യപാളിയിലുമുള്ള വസ്തുക്കൾ ഒരു കാന്തമണ്ഡലത്തിനു രൂപം കൊടുക്കാൻ പറ്റിയതല്ല. അതേസമയം അതു് ദ്രവാവസ്ഥയിലുള്ള കേന്ദ്രലോഹമേഖലയിൽ ഉടലെടുക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടു്. അഥവാ അവിടെ മാത്രമേ കാന്തികമണ്ഡലത്തിനു ജന്മംകൊള്ളാൻ കഴിയൂ. ഈ കേന്ദ്രദ്രാവകത്തിന്റെ ചലനംമൂലം വൈദ്യുതപ്രവാഹങ്ങൾ ഉടലെടുത്തുകൊണ്ടിരിക്കുകയാണു്. അഥവാ അതൊരു ഡയനാമോ ആണു്.

കഴിഞ്ഞ 500 കോടി കൊല്ലങ്ങളിലായി ഭൂമിയുടെ കാന്തമണ്ഡലം ഇന്നത്തേതുതന്നെയായിരുന്നുവെന്നാണു് കരുതപ്പെട്ടിരുന്നതു്. എന്നാൽ, പുറം തോടിലുള്ള വിവിധ അടുക്കുകളിൽ പല കാലങ്ങളിൽ നിക്ഷേപിക്കപ്പെട്ടിരുന്ന പ്രകൃതിനിർമ്മിതമായ കാന്തസൂചികൾ വ്യക്തമാക്കുന്നതു് വിവിധ കാലഘട്ടത്തിൽ ഭൂമിയുടെ കാന്തമണ്ഡലത്തിന്റെ ദിശ വ്യത്യസ്തമായിരുന്നുവെന്നാണു്. ഇങ്ങനെ സംഭവിക്കുന്നതിനു മൂന്നു സാധ്യതകളാണുള്ളതു്. ഒന്നു്, ഭൂമിയുടെ അക്ഷം നേരെ എതിർദിശയിലേയ്ക്കു തിരിഞ്ഞിട്ടുണ്ടായിരിക്കണം. രണ്ടു്, ആന്തരികതലം ഒരു ഡയനാമോ ആണെന്ന സിദ്ധാന്തത്തിനനുസരിച്ചു് അതുല്പാദിപ്പിക്കുന്ന വൈദ്യുതപ്രവാഹത്തിന്റെ ദിശ പലതവണ ആവർത്തികമായി എതിർദിശയിലായിരുന്നിരിക്കണം. മൂന്നു്, ഭൂമിയുടെ പുറംതോടു് പലപ്പോഴും തെന്നിനീങ്ങിയിട്ടുണ്ടായിരിക്കണം.

ഭൂഖണ്ഡങ്ങളുടെ വ്യതിചലനം

ആൽഫ്രഡ് വാഗ്നറുടെ വിവാദാസ്പദമായ ‘ഭൂഖണ്ഡവ്യതിചലന’സിദ്ധാന്തപ്രകാരം ഇന്നു ഭൂമുഖത്തുള്ള എല്ലാ ഭൂഖണ്ഡങ്ങളും ആദിമസമുദ്രത്തിൽ ഒരൊറ്റ വൻകരയായിട്ടാണു സ്ഥിതിചെയ്തിരുന്നതു്. അതു്, സാന്ദ്രത കൂടിയ താഴത്തെ പാളിക്കു മീതെ പൊന്തിക്കിടക്കുകയായിരുന്നു. പിൽക്കാലത്തു് ആ ഒരൊറ്റ വൻകര വിഭജിക്കപ്പെടുകയും, പല ഭാഗത്തേക്കു തെന്നിനീങ്ങുകയും ചെയ്തുവത്രേ.

ഈ സിദ്ധാന്തപ്രകാരം അതിവിപുലമായ യൂറേഷ്യ ഏറെക്കുറെ മാറ്റം കൂടാതെതന്നെ നിലനിന്നിട്ടുണ്ടു്. എന്നാൽ രണ്ടു് അമേരിക്കകൾ ആഫ്രിക്കയുടെയും യൂറോപ്പിന്റെയും പടിഞ്ഞാറുഭാഗത്തുനിന്നുവിട്ടുപോയതാണു്. തെക്കേ അമേരിക്ക, ആഫ്രിക്കയുടെ പടിഞ്ഞാറുഭാഗത്തു ചേർത്തുവെയ്ക്കുകയാണെങ്കിൽ നല്ല യോജിപ്പായിരിക്കും. എന്നാൽ ഇന്ത്യൻ സമുദ്രപ്രദേശത്തു് ഒരു വലിയ ‘ഗ്വോണ്ടാന ലാൻഡ്’ നിലനിന്നിരുന്നു എന്നു കരുതപ്പെടുന്നു. അന്റാർട്ടിക്കയും ഇന്ത്യയും ആഫ്രിക്കയും ആസ്ത്രേലിയയുമെല്ലാം അതിലൊന്നിച്ചുകിടക്കുകയായിരുന്നു. അവ ഛിന്നഭിന്നമായി, അന്റാർട്ടിക്കയും ആസ്ത്രേലിയയും അകന്നുപോയി. ഇന്ത്യ യൂറേഷ്യയോടു ചേർന്നതിന്റെ ഫലമായി, അവയ്ക്കിടയിൽ ഉണ്ടായിരുന്ന കടൽ അപ്രത്യക്ഷമായി. അവിടെ ഹിമാലയം ഉയർന്നുവന്നു. ഇങ്ങനെ ഇന്നു വേർപെട്ടുനില്ക്കുന്ന എല്ലാ വൻകരകളും രാജ്യങ്ങളും ആദിമസമുദ്രത്തിൽ ഒരുമിച്ചു നിന്നിരുന്നവയായിരുന്നുവെന്നു വാദിക്കാം. ആദ്യകാലത്തു് വാഗ്നറുടെ സിദ്ധാന്തത്തിനു വലിയ പിന്തുണ ലഭിച്ചിരുന്നില്ലെങ്കിലും ഇന്നു പലരും അതിനെ ഗൗരവപൂർവ്വം പരിഗണിക്കാൻ തുടങ്ങിയിട്ടുണ്ടു്. വിവിധ മേഖലകളിൽനിന്നു് അതിനെ അനുകൂലിക്കുന്ന തെളിവുകളും ശേഖരിക്കപ്പെട്ടിട്ടുണ്ടു്.

അഗ്നിപർവ്വതങ്ങളും ഭൂകമ്പങ്ങളും

ഭൂമിക്കുള്ളിൽ ഉരുകിക്കിടക്കുന്ന ദ്രാവകം ആവരണപാളികളുടെ വിടവുകളിലൂടെ, അല്ലെങ്കിൽ ദുർബലഭാഗങ്ങളിലൂടെ പുറത്തേക്കു വമിക്കുന്നു. ഈ ബഹിർഗമനം നേരെയാണു നടക്കുന്നതെങ്കിൽ അവിടെ ഒരു അഗ്നിപർവ്വതം ജന്മംകൊള്ളുന്നു. തിളച്ചുമറിയുന്ന ലാവ ചുറ്റുമൊഴുകുകയും, ചൂടുപിടിച്ച വാതകങ്ങൾ അന്തരീക്ഷത്തിൽ ലയിക്കുകയും ചെയ്യുന്നു. ചിലപ്പോൾ ഈ ലാവ പുറത്തേയ്ക്കു വമിക്കാതെ തങ്ങിപ്പോവുകയും തണുത്തുറയുകയും ചെയ്യുന്നതിന്റെ ഫലമായിട്ടാണു് ഗ്രാനൈറ്റുപാറകളുണ്ടാകുന്നതു്. ചിലപ്പോൾ വാതകം ഇങ്ങനെ തടയപ്പെടുകയും പിന്നീടു് അടുത്തുള്ള പാറകളിലെ വിള്ളലുകളിലൂടെ വമിക്കുകയും ചെയ്യുന്നു. ഇവ ചിലപ്പോൾ അടിയിൽ കിടക്കുന്ന വെള്ളത്തെ ചൂടുപിടിപ്പിക്കുന്നതിന്റെ ഫലമായി ചൂടരുവികൾക്കു ജന്മമേകുന്നു.

അഗ്നിപർവ്വതങ്ങളും ഭൂകമ്പങ്ങളും ഭൂമിയുടെ മുഖഛായ രൂപപ്പെടുത്തുന്നതിൽ നിർണ്ണായകപങ്കു് വഹിച്ചിട്ടുണ്ടു്. പുറംതോടിന്റെ അടിത്തട്ടിലുള്ള പാറകൾ അടർന്നുവീഴുന്നതിന്റെയും മറ്റും ഫലമായിട്ടാണു് ഭൂകമ്പങ്ങളുണ്ടാകുന്നതെന്നു കരുതപ്പെടുന്നു. ഹിമയുഗങ്ങളിൽ ധ്രുവപ്രദേശങ്ങളിൽ നിന്നുള്ള മഞ്ഞുരുകി ഭൂതലത്തിന്റെ പല ഭാഗങ്ങളും മൂടിപ്പോവുക മൂലവും ആദിമരൂപത്തിനു് അത്യധികം മാറ്റങ്ങൾ വന്നിട്ടുണ്ടു്. ഇതിന്റെയെല്ലാം ഫലമായി ആദിമവൻകര തകരുകയും, തെന്നിനീങ്ങുകയും ചെയ്തു. ഭൂകമ്പങ്ങളും പുറംപാളിയിലെ ചലനങ്ങളും അവയെ ഇളക്കിമറിച്ചു. അഗ്നിപർവതങ്ങൾ ഉടലെടുക്കുകയും അവ പുതിയ പർവതങ്ങളായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു. വൻകരഭാഗങ്ങൾ അവിടവിടങ്ങളിൽ സ്ഥാനമുറപ്പിച്ചതോടെ പുതിയ പർവ്വതങ്ങൾ ഉയർന്നുവന്നു. ഇവയിൽ നിന്നും ഒലിച്ചുവന്ന വസ്തുക്കളും പാറകളുടെ പാളികളും പർവതപ്രാന്തങ്ങളിൽ ശേഖരിക്കപ്പെടുകയും ചെറുചെറു പർവതശൃംഖലകൾക്കു രൂപം കൊടുക്കുകയും ചെയ്തു. ഭൂമിയുടെ ആവിർഭാവം മുതൽക്കേ ഇത്തരം മാറ്റങ്ങൾ ഇവിടെ നിരന്തരം നടന്നുകൊണ്ടിരുന്നു. അതിന്റെയെല്ലാം ഫലമാണു് ഇന്നു നാം കാണുന്ന ഭൂതലം. ഈ പരിവർത്തനങ്ങൾ എങ്ങനെയെല്ലാം നടന്നുവെന്നു കൃത്യമായി പറയാൻ നമുക്കിന്നു കഴിയില്ല.

ഭൂമിയും ചന്ദ്രനും

പൊതുവിൽ സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ചു് പ്രതിപാദിക്കുന്ന സിദ്ധാന്തങ്ങളിൽ നിന്നു് വ്യത്യസ്തമായി, ഭൂമിയുടെയും ചന്ദ്രന്റെയും ഉത്ഭവത്തെക്കുറിച്ചുള്ള പല പരികല്പനകളും നിലനില്ക്കുന്നുണ്ടു്. ഇതിൽ ഏറ്റവും പഴക്കം ചെന്നതാണു്, ഭൂമിയും ചന്ദ്രനും ആദിമദശയിൽ ഒരു ഗോളമായിരുന്നുവെന്നും പിന്നീടു് ചന്ദ്രൻ അതിൽനിന്നു് വേറിട്ടുപോയതാണെന്നുമുള്ള സിദ്ധാന്തം. ചന്ദ്രൻ വേറിട്ടുപോയ ആ സ്ഥാനമാണത്രെ ഇന്നത്തെ പസഫിക് സമുദ്രമായി തീർന്നതു്. ഈ സിദ്ധാന്തത്തിന്റെ ആവിഷ്കർത്താവിനെ തുടർന്നു ഇതിനെ ഗെഴ്സ്റ്റങ്കൺ സിദ്ധാന്തമെന്നു് വിളിക്കുന്നു.

സൗരയൂഥത്തിനു് ജന്മമേകിയ വാതകധൂളിമേഘത്തിൽനിന്നുതന്നെ മറ്റു ഗ്രഹങ്ങളെപ്പോലെ ഭൂമിയും ചന്ദ്രനും പ്രത്യേകം വാതകധൂളിഗോളങ്ങളായി ഉരുത്തിരിഞ്ഞുവന്നു പിന്നീടു് രൂപാന്തരപ്പെട്ടതാണെന്നു സമർത്ഥിക്കുന്ന മറ്റൊരു സിദ്ധാന്തവുമുണ്ടു്. ഇനിയും മറ്റു ചിലരുടെ അഭിപ്രായത്തിൽ ചന്ദ്രൻ സൗരയൂഥത്തിന്റെ മറ്റേതോ മേഖലകളിൽ രൂപപ്പെട്ടതും, പില്ക്കാലത്തു് ഭൂമിയുടെ ആകർഷണപരിധിയിൽ വന്നുപെട്ടതുമാണു്. ഈ സിദ്ധാന്തങ്ങളൊന്നും തന്നെ ഭൂമിയും ചന്ദ്രനും തമ്മിലുള്ള പരസ്പരബന്ധത്തെ തൃപ്തികരമായി വ്യാഖ്യാനിക്കുന്നില്ല.

ഭൂമിയുടെ അകകാമ്പു മുഴുവൻ അത്യധികം ഭാരമുള്ള വസ്തുക്കളാൽ നിർമ്മിക്കപ്പെട്ടിരിക്കുമ്പോൾ ചന്ദ്രനാകട്ടെ, ഭൂമിയുടെ പുറംതോടിലുള്ള ഭാരം കുറഞ്ഞ വസ്തുക്കളായ സിലിക്കേറ്റുകൾ തുടങ്ങിയവകൊണ്ടാണു് നിർമ്മിക്കപ്പെട്ടിരിക്കുന്നതു്. ഭൂമിയോടേറ്റവും അടുത്തു സ്ഥിതിചെയ്യുന്ന ചൊവ്വയും ഇതുപോലെതന്നെയാണു്. ചൊവ്വയുടെയും ചന്ദ്രന്റെയും ഘടകവസ്തുക്കൾക്കു തമ്മിൽ അടുത്ത സാദൃശ്യമുണ്ടുതാനും. അപ്പോൾ ഘനപദാർത്ഥനിർമ്മിതമായ ഭൂമിയെപ്പോലുള്ള ഒരു ഗ്രഹത്തിന്റെ ഉപഗ്രഹമായ ചന്ദ്രനും തൊട്ടടുത്ത ഗ്രഹമായ ചൊവ്വയും ഭാരം കുറഞ്ഞ വസ്തുക്കളടങ്ങിയവയായിത്തീർന്നതു് എങ്ങനെയാണെന്നതു് ഗൗരവാവഹമായ ഒരു പ്രശ്നമാണു്. ഇതിനുത്തരം കണ്ടെത്തിയാൽ ഈ ഗ്രഹങ്ങളുടെ ആവിർഭാവത്തെക്കുറിച്ചു് കുറേക്കൂടി വ്യക്തമായ ധാരണ രൂപപ്പെടുത്താൻ കഴിയും.

അടുത്ത കാലത്തു് ഈ പ്രശ്നങ്ങൾക്കുത്തരം നൽകാൻ ശ്രമിക്കുന്ന ചില സിദ്ധാന്തങ്ങൾ ആവിഷ്കൃതമായിട്ടുണ്ടു്. എം. ഐ. ടി-യിലെ പ്രൊ. ഓറോവന്റെ സിദ്ധാന്തപ്രകാരം ആദിമ വാതകമേഘത്തിലെ ലോഹകണികകളെല്ലാം ഒന്നുചേരുകയും അങ്ങനെ ഭൂമിയുടെ രൂപീകരണത്തിന്റെ മുന്നോടിയെന്നോണം ഉറപ്പുള്ള ഒരു അകക്കാമ്പു് ഉടലെടുക്കുകയും ചെയ്തു. ഈ കേന്ദ്രഘനപദാർത്ഥസഞ്ചയം ആവശ്യമായത്ര വലുതായിക്കഴിഞ്ഞപ്പോൾ അലോഹവസ്തുക്കളുടെ ഒരാവരണം രൂപീകരിക്കുക വളരെ എളുപ്പമായിരുന്നു. ഇങ്ങനെ ഭൂമിയുടെ രൂപീകരണത്തിനു ലോഹവസ്തുക്കളെല്ലാം ഉപയോഗിച്ചു കഴിഞ്ഞപ്പോൾ ചുറ്റുമുണ്ടായിരുന്ന അലോഹവസ്തുക്കളിൽനിന്നു ചന്ദ്രനും രൂപംകൊണ്ടു. ഈ നിഗമനം ചന്ദ്രന്റെയും ഭൂമിയുടെയും ഘടകങ്ങളിലുള്ള അന്തരത്തിനു വിശദീകരണമേകുന്നുണ്ടു്.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ആർ. എ. ലിറ്റിൽടൺ അല്പം വ്യത്യസ്തമായ വിധത്തിൽ ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടു്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഭൂമിയും ചന്ദ്രനും ചൊവ്വയും പ്രാഥമികഘട്ടത്തിൽ ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്ന ഒരു അസ്ഥിരഗോളമായിരുന്നു. അതു് ചുറ്റിത്തിരിയലിനിടയിൽ ഗോളാകൃതി പോയി, നീണ്ടു് അണ്ഡാകാരത്തിലായിത്തീർന്നു. പിന്നീടു് അതു കൂടുതൽ നീണ്ടുവരികയും രണ്ടു പ്രധാന ഭാഗങ്ങളും മധ്യത്തിൽ ഒരു ചെറുഭാഗവും ആയി വിഭജിക്കുകയുമുണ്ടായി. രണ്ടറ്റത്തും രൂപംകൊണ്ട പ്രധാന ഭാഗങ്ങളിൽ വലുതു് ഭൂമിയും ചെറുതു് ചൊവ്വയുമായി. നടുക്കു രൂപംകൊണ്ട അവശിഷ്ടഭാഗം ചന്ദ്രനും. ചൊവ്വ ഭൂമിയെപ്പോലെ സൂര്യനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ തന്നെ നിലനിന്നപ്പോൾ ചന്ദ്രൻ, ഭൂമിയുടെ ആകർഷണപരിധിയിൽ പെടുകയും അതിന്റെ ഉപഗ്രഹമായിത്തീരുകയും ചെയ്തു.

സസെക്സു് യൂണിവേഴ്സിറ്റി (ഇംഗ്ലണ്ട്)യിലെ ഡബ്ലിയു. എച്ചു്. മാക്‌ക്രിയാ, ഓറോവന്റെയും ലിറ്റിൽടന്റെയും സിദ്ധാന്തങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ടു് കൂടുതൽ സമഗ്രമായ ഒരു വീക്ഷണം കെട്ടിപ്പടുക്കുകയുണ്ടായി. ഇതിൻപ്രകാരം ഭൂമി ഇന്നത്തെ സ്ഥിതിയിലാവുന്നതിനു വളരെമുമ്പു് ഈ ഗോളത്തിനു ചുറ്റും വളരെയേറെ അലോഹവസ്തുക്കൾ (സിലിക്കേറ്റും, മറ്റും) സമാഹരിക്കപ്പെട്ടിരുന്നു. അവയാണു് ലിറ്റിൽ ടൺ സിദ്ധാന്തിച്ചതുപോലെ ഭൂമിയിൽ നിന്നു വേറിട്ടുപോയി ചൊവ്വയും ചന്ദ്രനുമായി തീർന്നതു്. അതുകൊണ്ടാണു് അവയിൽ സമാനവസ്തുക്കൾ നിലനില്ക്കുന്നതു്.

അപ്പോളോ 11-ലെ ചാന്ദ്രയാത്രികർ കൊണ്ടുവന്ന പാറക്കഷ്ണങ്ങളും പൊടിയും മറ്റും പരിശോധിച്ചതിന്റെ ഫലമായി ചന്ദ്രനും ഭൂമിക്കും ഒരു പൊതുവായ ആരംഭമാണുള്ളതെന്നു ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ടു്. രാസഘടനയുടെയും മൂലകങ്ങളുടെ അനുപാതത്തിന്റെയും കാര്യത്തിൽ ഭൂമിക്കും ചന്ദ്രനും വളരെയേറെ സാദൃശ്യമുണ്ടു്. പക്ഷേ, ഈ പഠനങ്ങൾ മറ്റൊരു വസ്തുത കൂടി വെളിവാക്കിയിട്ടുണ്ടു്. അതായതു് ചന്ദ്രൻ രൂപം കൊണ്ടിട്ടു് 460 കോടി വർഷങ്ങളായി എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. അതേസമയം ഭൂമിയുടെ പ്രായമാകട്ടെ, 455 കോടിയുമാണു്. മാത്രമല്ല, ചന്ദ്രനിലെ ധൂളിക്കു് 460 കോടി വർഷത്തെ പഴക്കമുള്ളപ്പോൾ ഭൂമിയിലെ ഏറ്റവും പഴക്കംചെന്ന പാറയ്ക്കു് 340 കോടി വർഷത്തെ പഴക്കമേയുള്ളു. ഇതു സൂചിപ്പിക്കുന്നതു് ചന്ദ്രൻ ഭൂമിയിൽനിന്നു് വേറിട്ടുപോയതല്ലെന്നും, ഭൂമി ഉത്ഭവിച്ചതിനോടൊപ്പമോ അതിനുമുമ്പോ ഉടലെടുത്തതാണെന്നുമാണു്. ഏതായാലും ഈ പ്രശ്നത്തിൽ തികച്ചും സ്വീകാര്യവും സർവ്വസമ്മതവുമായ ഒരു നിഗമനത്തിലെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.