നാഡീവ്യൂഹം ഘടനയും പ്രവർത്തനരീതിയും
പ്രപഞ്ചവും മനുഷ്യനും | |
---|---|
ഗ്രന്ഥകർത്താവ് | കെ. വേണു |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ശാസ്ത്രസാഹിത്യം |
വര്‍ഷം |
1970 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 346 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
ജീ വവസ്തുവിന്റെ മൗലികഘടകത്തെയാണു് നാം ജീവകോശം എന്നുവിളിക്കുന്നത്. ഏകകോശജീവി ഒരേ കോശംകൊണ്ടുതന്നെ ആവശ്യമായ എല്ലാ കൃത്യങ്ങളും നിർവഹിക്കുമ്പോൾ, ബഹുകോശജീവികൾ വിവിധ കോശങ്ങൾക്കായി ജോലി വിഭജനം നടത്തുന്നു. മനുഷ്യനടക്കമുള്ള ഏറ്റവും ഉയർന്ന തരം ജന്തുക്കളിൽ ഇത്തരം ജോലി വിഭജനങ്ങൾ അതീവ സങ്കീർണ്ണമാണു്. ആരംഭത്തിൽ ഭ്രൂണകോശം വിഭജിച്ചുണ്ടാകുന്ന ഏറെക്കുറെ സമാനാകൃതിയിലുള്ള കോശങ്ങൾ കാലക്രമത്തിൽ സവിശേഷീകരണ പ്രക്രിയയിലൂടെ, ഘടനയിലും പ്രവർത്തനത്തിലും യാതൊരു സാമ്യവുമില്ലാത്തവണ്ണം വിഭിന്നങ്ങളായി തീരുന്നു. അസ്ഥികൂടം, പേശികൾ, രക്തവും രക്തവാഹിനികളും, നാഡീവ്യൂഹം എന്നിങ്ങനെ പോകുന്നു ആ വിഭജനപ്രക്രിയയുടെ പരിണതഫലങ്ങൾ. ഇങ്ങനെ വിവിധ രീതിയിലും രൂപത്തിലും ഉടലെടുക്കുന്ന കോടാനുകോടി കോശങ്ങളുടെ പരസ്പരബദ്ധമായ പ്രവർത്തനത്തിലൂടെയാണു് ഒരു മനുഷ്യൻ മനുഷ്യനായി നിലനിൽക്കുന്നതു്. മറ്റെല്ലാ ജീവികൾക്കുമെന്നപോലെ, മനുഷ്യനും ആന്തരികമായ അവയവങ്ങളുടെ പ്രവർത്തനത്തെ കോർത്തിണക്കുന്നതോടൊപ്പം, ചുറ്റുപാടുമായി രമ്യതയിൽ വർത്തിക്കേണ്ടതുമുണ്ടു്. ആന്തരികസ്ഥിതിയുടെയും ബാഹ്യപരിതഃസ്ഥിതിയുടെയും മാറ്റങ്ങൾക്കും രൂപഭേദങ്ങൾക്കും അനുസരിച്ചു്, ഓരോ ജീവകോശത്തിന്റെയും ആകെത്തുകയായ ജീവശരീരത്തെയും അതിന്റെ വളർച്ചയെയും നിയന്ത്രിക്കുകയും ചെയ്യുന്ന, സവിശേഷഘടനയും പ്രവർത്തനശേഷിയുമുള്ള ജീവകോശങ്ങളുടെ വ്യവസ്ഥയാണ് നാഡീവ്യൂഹം. ഇവയുടെ പ്രവർത്തനങ്ങളെ സഹായിക്കുന്ന ശരീരത്തിലെ മറ്റൊരു വ്യവസ്ഥയാണു് ഹോർമോണുകളുൽപാദിപ്പിക്കുന്ന അന്തസ്രോതഗ്രന്ഥികൾ. ഈ രണ്ടു കോശവ്യൂഹങ്ങളും മറ്റുള്ള വിവിധതരം കോശങ്ങളെപ്പോലെതന്നെ, ആദ്യകാല വളർച്ചക്കിടയിൽ പ്രാഥമിക കോശങ്ങളിൽനിന്നു് ഉരുത്തിരിഞ്ഞ് രൂപാന്തരം ഭവിച്ചുണ്ടായവയാണു്.
ഉത്തേജകത്വം
അചേതനവസ്തുക്കളിൽനിന്നു സചേതനവസ്തുക്കളെ വേർതിരിച്ചു നിറുത്തുന്ന അവയുടെ അടിസ്ഥാനപരമായ ഒരു സ്വഭാവവിശേഷമാണു് ഉത്തേജകത്വം. ബാഹ്യപരിതസ്ഥിതിയിൽ നിന്നുളവാകുന്ന താപം, പ്രകാശം, വൈദ്യുതി, രാസവസ്തുക്കൾ തുടങ്ങിയ ചോദനങ്ങൾ ജീവവസ്തുവിൽ അഥവാ പ്രോട്ടോപ്ലാസത്തിൽ ഉദ്ദീപിപ്പിക്കുന്ന പ്രതികരണത്തെയാണു് പൊതുവിൽ ഉത്തേജകത്വം എന്നു വിളിക്കുന്നതു്.
ബാഹ്യപരിതഃസ്ഥിതിയിൽ നിന്നുടലെടുക്കുന്ന ചോദനങ്ങൾ എല്ലായ്‌പോഴും പരിവർത്തന വിധേയമായിക്കൊണ്ടിരിക്കുന്നു. അതിനനുസൃതമായി ജീവികളിലും അവയുടെ പ്രതികരണങ്ങളിലും മാറ്റമുണ്ടാകുന്നു. പക്ഷേ, ചോദനത്തിന്റെ തോതിനു് ആനുപാതികമായിട്ടായിരിക്കില്ല എല്ലായ്പോഴും പ്രതികരണം ഉളവാകുന്നതു്. ജീവികളുടെമേൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെചോദനങ്ങളുടെ ഒരാകെത്തുകയാണു് അവയുടെ ചുറ്റുമുള്ള ബാഹ്യപരിതഃസ്ഥിതി. ഈ പരിതഃസ്ഥിതിയിൽ നിന്നുടലെടുക്കുന്ന ചോദനങ്ങൾ എല്ലാ ജീവികളിലും ഒരേപോലുള്ള പ്രതികരണമല്ല ഉളവാക്കുന്നതു്. വ്യത്യസ്ത സ്പീഷിസുകളിൽപെട്ട വ്യത്യസ്ത ജന്തുക്കളിൽ വ്യത്യസ്തരീതിയിലാണു് പ്രതികരണമുളവാക്കുന്നതു്. ഓരോ ജീവജാതിയുടേയും അല്ലെങ്കിൽ ഓരോ ജീവിയുടെയും നിലനില്പിനു് അനുപേക്ഷണീയമായ വിധത്തിലാണു് അവ ബാഹ്യചോദനങ്ങൾ സ്വീകരിക്കുന്നതും അനുയോജ്യമായ പ്രതികരണങ്ങൾ സൃഷ്ടിക്കുന്നതും. തന്മൂലം ഈ പ്രതികരണങ്ങൾ യഥാർത്ഥത്തിൽ അനുകൂലപരങ്ങളാണു്. ഒരു ജന്തുവിന്റെ സവിശേഷമായ ശാരീരികവും ശരീരക്രിയാപരവുമായ ഘടനയും പ്രവർത്തനരീതിയും ബാഹ്യപരിതഃസ്ഥിതിയുമായി സ്ഥാപിക്കുന്ന ബന്ധങ്ങളാണു് ആ ജന്തുവിന്റെ സവിശേഷ സ്വഭാവങ്ങൾക്കടിസ്ഥാനം.
ഇങ്ങനെ പരിതഃസ്ഥിതിയുമായി നിരന്തരം ബന്ധം സ്ഥാപിക്കുന്നതിനു് ജന്തുശരീരത്തിലെ രണ്ടു പ്രധാന വ്യവസ്ഥകൾ ഒന്നു ചേർന്നു് പ്രവർത്തിക്കുന്നു. നാഡീവ്യൂഹവും പേശീവ്യൂഹവും. ബാഹ്യലോകത്തുനിന്നും വരുന്ന ചോദനങ്ങളെ സ്വീകരിക്കുന്നതു് കണ്ണു്, മൂക്കു്, ചെവി, നാവു്, ത്വക്കു് തുടങ്ങിയ ബോധേന്ദ്രിയങ്ങളാണു്. ഇങ്ങനെ സ്വീകരിക്കപ്പെടുന്ന ചോദനങ്ങൾ, കേന്ദ്രനാഡീവ്യൂഹത്തിലെത്തിച്ചേരുന്നു. അവിടെ നിന്നു് ഉചിതമായ പ്രതികരണമുളവാക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ പേശീവ്യൂഹത്തിലെത്തിക്കുന്നു. നാഡീവ്യൂഹത്തിൽനിന്നു് ലഭിക്കുന്ന ഈ നിർദ്ദേശങ്ങളനുസരിച്ചു് പേശികൾ ഉത്തേജിക്കപ്പെടുകയും പ്രത്യേക രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. പേശികളുടെ ഈ പ്രവർത്തനഫലത്തെയാണു് ആ ജന്തുവിന്റെ പ്രതികരണമെന്നു വിളിക്കുന്നതു്.
നാഡീവ്യൂഹത്തിന്റെ വളർച്ച ജീവിയുടെ വലിപ്പവും ഊർജസ്വലതയുമായി ബന്ധപ്പെട്ടിരിക്കുന്നു. നാഡീവ്യൂഹം തീരെ ഇല്ലാത്തതോ, വളരെ അപര്യാപ്തമായ രീതിയിൽ മാത്രം ഉള്ളതോ ആയ ജന്തുക്കൾ ഒന്നുകിൽ വളരെ ചെറുതും ചലിക്കുന്നതുമാകാം, അല്ലെങ്കിൽ വലിയതും ചലിക്കാത്തതുമാകാം. പക്ഷേ, ഒരേസമയം വലിയതും ചലനശക്തിയുള്ളതുമായ ജന്തുക്കൾക്കു് ദ്രുതവഹനശക്തിയുള്ള നാഡീവ്യൂഹങ്ങളുണ്ടു്. നാഡീവ്യൂഹത്തിന്റെ സങ്കീർണ്ണതയ്ക്കു് ഏറെക്കുറെ ആനുപാതികമായിട്ടായിരിക്കും ഒരു ജന്തുവിന്റെ സ്വഭാവവിശേഷങ്ങളുടെ വ്യാപ്തി.
ചോദനവും പ്രതികരണവും
ചുറ്റുപാടുമായി സദാപി ഊർജ്ജം വിനിമയം ചെയ്തുകൊണ്ടിരിക്കുന്നതും, അതിന്റെ ഫലമായി ഒരു ഗതികസംതുലനം നിലനിർത്തുന്നതുമായ പ്രവർത്തനവ്യവസ്ഥയാണു് ജീവശരീരമെന്നു മുമ്പൊരിക്കൽ വ്യക്തമാക്കിയിട്ടുണ്ടു്. ആ അടിസ്ഥാനത്തിൽ ചുറ്റുപാടിൽ നിന്നു് ഒരു ജന്തുവിലേയ്ക്കു പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഊർജത്തിന്റെ അളവിൽ ഒരു പ്രതികരണത്തെ സൃഷ്ടിക്കാൻ തക്ക വിധത്തിൽ ഉളവാകുന്ന വ്യതിയാനമാണു് ചോദനമെന്നു നിർവ്വചിക്കാം. ഈ ചോദനത്തിന്റെ നേരിട്ടുള്ള ഫലമെന്ന നിലയ്ക്കു ജീവിയിൽ നിന്നു പുറത്തേയ്ക്കു പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഊർജത്തിന്റെ അളവിലുണ്ടാകുന്ന മാറ്റത്തെ പ്രതികരണമെന്നും വിളിക്കാം. ഈ രണ്ടു പ്രവർത്തനങ്ങളും പരസ്പരം ബന്ധപ്പെട്ടവയാണു്. ഇവ രണ്ടുംകൂടി ചേർന്നു് ഒരു സങ്കീർണ്ണപ്രക്രിയായിത്തീരുകയാണു ചെയ്യുന്നതു്.
ഏകകോശജീവികളിലുണ്ടാകുന്ന പ്രതികരണം ഉടനടിയുള്ളതും സ്പഷ്ടവുമാണു്. പക്ഷേ, വലിയ ബഹുകോശ ജന്തുക്കളിൽ പ്രചോദിപ്പിക്കപ്പെടുന്ന അതേ ഭാഗം തന്നെ ഉത്തേജിക്കപ്പെടുന്നില്ല. മറ്റേതെങ്കിലും ഭാഗത്താണു് അതിന്റെ പ്രതികരണം ദ്യശ്യമാകുന്നതു്. ചോദനം സ്വീകരിക്കപ്പെടുന്ന ഭാഗത്തു് ഉത്തേജിക്കപ്പെടുന്ന കോശങ്ങളുണ്ടാകും. അവ ഉത്തേജിക്കപ്പെടുന്നതിന്റെ ഫലമായി ഊർജ്ജം ഉല്പാദിപ്പിക്കപ്പെടുന്നു. ഈ ഊർജം അതിനടുത്തുള്ള കോശങ്ങളെ ഉത്തേജിപ്പിക്കുന്നു. ഈ തുടർച്ചയായുള്ള ഉത്തേജനം പ്രതികരണം ഉളവാക്കുന്ന അവയവത്തിൽ എത്തിച്ചേരുന്നതുവരെ തുടരുന്നു. വാസ്തവത്തിൽ ഒരു ബാഹ്യചോദനം ഒരു ജന്തുവിന്റെ ശരീരത്തിലെ ഒട്ടേറെ കോശങ്ങളിൽ ഉത്തേജനം ഉളവാക്കുന്നുണ്ടെങ്കിലും പ്രകടമായ പ്രതികരണമുളവാകുന്നതു് ചോദനം സ്വീകരിക്കപ്പെട്ട അവയവവത്തിൽ നിന്നുവളരെ അകലെയാണു്.
നാഡീകോശങ്ങൾ
ബോധേന്ദ്രിയങ്ങളിൽ നിന്നു കേന്ദ്രനാഡീവ്യൂഹത്തിലേയ്ക്കും, അവിടെനിന്നു പേശികളിലേയ്ക്കും വാർത്തകൾ കൊണ്ടുപോകുന്ന ജോലി നിർവ്വഹിക്കുന്നതു നാഡികളാണു്. ഏറ്റവും ഫലപ്രദമായ രീതിയിൽ ചോദനത്തെയും പ്രതികരണത്തെയും കൂട്ടിയിണക്കി പ്രവർത്തിക്കാൻ തക്കവിധം സവിശേഷീകരിച്ചിട്ടുള്ള കോശങ്ങളാണു് ഇവയിലുള്ളതു്.
നാഡീവ്യൂഹത്തിലെ ഘടകങ്ങളെ നാഡീകോശങ്ങൾ അഥവാ ന്യൂറോണുകൾ എന്നു വിളിക്കുന്നു. ജീവശരീരത്തിലെ മറ്റു കോശങ്ങളെപ്പോലെ ഇവയ്ക്കും കോശശരീരവും സൈറ്റോപ്ലാസവും ന്യൂക്ലിയസ്സും കോശസ്തരവും ഉണ്ടു്. എന്നാൽ നാഡീകോശങ്ങളുടെ സവിശേഷധർമ്മത്തിനു് അനുസൃതമായി അവയുടെ ഘടനയിൽ ചില സവിശേഷതകൾ ഉണ്ടായിട്ടുണ്ടു്. കോശശരീരത്തിൽ നിന്നു നേർത്ത ശാഖകളുടെ ഒരു പറ്റംതന്നെ പുറപ്പെടുന്നു. ഇവയെ ഡെൻഡ്രൈറ്റുകൾ എന്നു വിളിക്കുന്നു. വാർത്തകളെ കോശശരീരത്തിലേയ്ക്കു കൊണ്ടുവരിക എന്നുള്ളതാണു് ഇവയുടെ കർത്തവ്യം. ഇവ താരതമ്യേന നീളം കുറഞ്ഞവയാണു്. ഇവയിൽനിന്നു വ്യത്യസ്തമായി വളരെ നീളം കൂടിയ ഒരു ശാഖയും നാഡീകോശശരീരത്തിൽ നിന്നു പുറപ്പെടുന്നുണ്ടു്. ഇതാണു് ആക്സോൺ. ഇതിനു ചിലപ്പോൾ രണ്ടടി വരെ നീളം കാണും. ഈ ആക്സോണിനു് പ്രോട്ടോപ്ലാസ നിർമ്മിതമായ സിലിണ്ടറാകൃതിയിലുള്ള ഒരു അക്ഷമുണ്ടു്. ഈ അക്ഷത്തെ പൊതിഞ്ഞുകൊണ്ടു് ആവരണകോശങ്ങൾ അഥവാ ഗ്ലിയൽസെല്ലുകൾ സ്ഥിതിചെയ്യുന്നു. ഈ ആവരണകോശങ്ങൾ പുറപ്പെടുവിക്കുന്ന ഒരു കൊഴുപ്പുവസ്തുവിനാൽ രൂപീകൃതമാവുന്ന മയെലിൻ ആവരണം കൊണ്ടു് ഈ അക്ഷത്തെ പൊതിഞ്ഞിരിക്കുന്നു.
ആക്സോണിന്റെ സ്വതന്ത്രാഗ്രം അനവധി ചെറുശാഖകളായി വിഭജിച്ചിരിക്കുന്നു. ഈ ശാഖകൾ തൊട്ടടുത്തുള്ള നാഡീകോശത്തിന്റെ ഡെൻഡ്രൈറ്റുകളുമായി ബന്ധപ്പെടുന്നു. ഇതിൻഫലമായുണ്ടാവുന്ന സന്ധിയെ സൈനോപ്സ് എന്നു പറയുന്നു. ഇങ്ങനെയുള്ള സന്ധികൾ മൂലം വാർത്തകൾ വളരെ ദൂരം വഹിച്ചുകൊണ്ടുപോകുന്നതിനു തുടർച്ചയായുള്ള ന്യൂറോണുകൾക്കു് അഥവാ നാഡികൾക്കു് കഴിയുന്നു. നിരവധി ന്യൂറോണുകളുടെ ആക്സോണുകൾ ഒന്നുചേർന്നിട്ടാണു് ഒരു നാഡി രൂപം കൊള്ളുന്നതു്.
വാർത്താവിനിമയം നടത്തുകയാണു് ഈ നാഡീകോശങ്ങളുടെ പ്രധാന ജോലി. ഈ കർത്തവ്യം നിർവഹിക്കുന്നതിനനുസൃതമായി അവയെ മൂന്നായി തരംതിരിച്ചിരിക്കുന്നു. ഒരു വിഭാഗം ബോധേന്ദ്രിയങ്ങളിൽനിന്നു് വാർത്തകൾ കേന്ദ്രനാഡീവ്യൂഹത്തിലെത്തിക്കുന്നു. ഇത്തരം നാഡീകോശങ്ങളുടെ തന്തുക്കൾ ചേർന്നുണ്ടാകുന്ന നാഡികളെ സംജ്ഞാനാഡികൾ എന്നു വിളിക്കുന്നു. മറ്റൊരു വിഭാഗം തലച്ചോറിൽ നിന്നോ സുഷുമ്നാകാണ്ഡത്തിൽ നിന്നോ ഉള്ള നിർദ്ദേശങ്ങൾ മാംസപേശികളിലെത്തിക്കുന്നു. അവയെ ചേഷ്ടാനാഡികൾ എന്നു വിളിക്കുന്നു. മൂന്നാമത്തെ വിഭാഗം നാഡീകോശങ്ങൾ ഈ രണ്ടു വിഭാഗത്തിലുമുള്ള നാഡീകോശങ്ങളെ ബന്ധിപ്പിക്കുന്നവയാണു്. മസ്തിഷ്കത്തിലും സുഷുമ്നാകാണ്ഡത്തിലുമാണു് പ്രധാനമായും ഇത്തരം നാഡീകോശങ്ങളുള്ളതു്.
നാഡീസ്പന്ദനം
നാഡീകോശങ്ങൾ ഒരിടത്തുനിന്നു് മറ്റൊരിടത്തേയ്ക്കു വാർത്തകൾ എത്തിക്കുന്നതു് നാഡീസ്പന്ദനങ്ങൾ വഴിയാണു്. ചുറ്റുപാടിൽനിന്നു് ഉടലെടുക്കുന്ന ഒരു ചോദനം ബോധേന്ദ്രിയത്തിൽവന്നു പതിക്കുകയും അവിടെ നിന്നു് അതു് നാഡീസ്പന്ദനങ്ങളായി അതാതു നാഡികൾ വഴി മസ്തിഷ്കകേന്ദ്രത്തിലെത്തിച്ചേരുകയും ചെയ്യുമ്പോഴാണു് അതെക്കുറിച്ചു നാം ബോധവാന്മാരാകുന്നതു്. ഒരു ഉദാഹരണം നോക്കാം. ഒരു ഭംഗിയുള്ള റോസാപുഷ്പം കാണുന്നുവെന്നിരിക്കട്ടെ. വിവിധ വർണ്ണങ്ങളിലുള്ള പ്രകാശരശ്മികളിൽനിന്നു പ്രധാനമായും ചുവപ്പു രശ്മികളെ മാത്രമെടുത്തു പ്രതിഫലിപ്പിക്കുകയാണു് റോസാപുഷ്പം ചെയ്യുന്നതു്. ഈ ചുവപ്പുരശ്മികൾ പ്രത്യേകം തരംഗെദെർഘ്യമുള്ളവയാണു്. ഇവയാണു് നിരീക്ഷകന്റെ നേത്രാന്തരപടലത്തിൽ വന്നു പതിക്കുന്നതു്. ഇവിടെ പ്രകാശരശ്മികളെ പെട്ടെന്നു് ആഗിരണംചെയ്യാൻ കഴിയുന്ന രണ്ടടുക്കു നാഡീകോശങ്ങളുണ്ടു്. ചുവപ്പുരശ്മികൾ വന്നു പതിക്കുമ്പോൾ ഈ കോശങ്ങൾ അവയുമായി പ്രതിപ്രവർത്തിക്കുന്നതിനാൽ രാസപ്രവർത്തനം നടക്കുന്നു. ഈ രാസമാറ്റം നാഡീകേന്ദ്രങ്ങളിലേയ്ക്കു വൈദ്യുതോത്തേജനമായി പകർത്തപ്പെടുന്നു. ഇവിടെ വൈദ്യുതി ഉല്പാദിപ്പിക്കപ്പെടുന്നതെങ്ങനെയാണെന്നു നോക്കാം.
വർഷകാലങ്ങളിൽ വ്യത്യസ്തസാന്ദ്രതയുള്ള മേഘപാളികൾ തമ്മിലടുക്കുമ്പോൾ വൈദ്യുതി ഉല്പാദിപ്പിക്കുന്നതും ഇടിമിന്നലിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതും നമുക്കറിയാമല്ലോ. നാഡീകോശങ്ങളിലും വൈദ്യുതി ഉണ്ടാകുന്നതു് ഇതിൽനിന്നും വളരെ വ്യത്യസ്തമായ മാർഗ്ഗത്തിലൂടെയല്ല. ഓരോ നാഡീകോശവും തന്തുവും കോശഭിത്തിയുടെ പല അടുക്കുകൾകൊണ്ട് ചുറ്റപ്പെട്ടു് സുരക്ഷിതമായി സംരക്ഷിക്കപ്പെട്ടിരിയ്ക്കുകയാണു്. നാഡീകോശത്തിനുള്ളിൽ പൊട്ടാസ്യത്തിന്റെ സാന്ദ്രത അതിനു പുറത്തുള്ളതിനേക്കാൾ വളരെ കൂടുതലാണു്. അതേ സമയം സോഡിയത്തിന്റെ കാര്യം നേരെ മറിച്ചുമാണു്. ഈ രണ്ടു രാസവസ്തുക്കളുടെയും സാന്ദ്രതയിലുള്ള വ്യത്യാസം നാഡീകോശത്തിൽ എപ്പോഴും വിദ്യുതു് ആധാനം ചെയ്യപ്പെട്ടിരിയ്ക്കാനിടയാക്കുന്നു. ഒരു ചെറിയ ഉത്തേജനമുണ്ടായാൽമതി വൈദ്യുതോല്പാദനമുണ്ടാവാൻ.
മുകളിൽ സൂചിപ്പിച്ചതുപോലെ നേത്രാന്തരപടലത്തിൽ ചുവപ്പു രശ്മികളുണ്ടാക്കുന്ന രാസമാറ്റം തൊട്ടുകിടക്കുന്ന നാഡീകേന്ദ്രങ്ങളിൽ വൈദ്യുതോല്പാദനമുളവാക്കുന്നു. ആ സമയത്തു് നാഡീകോശത്തിനുള്ളിലെ പൊട്ടാസ്യം പുറത്തേയ്ക്കും, പുറത്തുള്ള സോഡിയം അകത്തേയ്ക്കും പ്രവേശിക്കുന്നു. ഇതിൻഫലമായുണ്ടാകുന്ന വൈദ്യുതപ്രവാഹം തൊട്ടടുത്ത പ്രദേശത്തേയ്ക്കും തുടർച്ചയായി വ്യാപിക്കുന്നു. അങ്ങനെ നാഡീകേന്ദ്രത്തിൽ നിന്നാരംഭിക്കുന്ന വൈദ്യുതോത്തേജനം ഓരോ കോശത്തിന്റെയും പ്രധാന തന്തുക്കൾ അഥവാ ആക്സോണുകൾ വഴി സഞ്ചരിച്ചു് നേത്രേന്ദ്രിയ നാഡിയിലൂടെ തലച്ചോറിലെ ദർശനകേന്ദ്രത്തിലെത്തുന്നു. അവിടെയുള്ള നാഡീകോശങ്ങളുടെ സ്വീകരണകേന്ദ്രങ്ങളിൽ അവ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. നേത്രാന്തരപടലത്തിലെ ആയിരക്കണക്കിനു കോശങ്ങളിൽ അണിനിരക്കുമ്പോൾ ആ റോസാപുഷത്തിന്റെ പ്രതിബിംബം ഒരു ക്യാമറയിലെന്നപോലെ നിരീക്ഷകന്റെ ബോധതലത്തിൽ പതിയുന്നു.
ശരീരത്തിന്റെ ഏതൊരു ഭാഗത്തുമുണ്ടാകുന്ന നേരിയ ചലനങ്ങൾ പോലും അവിടവിടെയുള്ള നാഡീകോശങ്ങൾ വഴി വൈദ്യുതോത്തേജനമായി കേന്ദ്രനാഡീവ്യൂഹത്തിലെത്തിച്ചേരുന്നു. ഈ ഉത്തേജനങ്ങളുടെ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തുന്നതു് അവയുടെ ശക്തി കൂട്ടിയും കുറച്ചുമല്ല. ശക്തിയുള്ള ഉത്തേജനമാണെങ്കിൽ അടുത്തടുത്തായി അനവധി വൈദ്യുതതരംഗങ്ങളായി അവ സഞ്ചരിക്കുന്നു. ശക്തി കുറഞ്ഞതാണെങ്കിൽ തരംഗങ്ങളുടെ എണ്ണം കുറയുന്നു. നാഡീതന്തുക്കളിൽ നടക്കുന്ന ഈ പ്രവർത്തനങ്ങൾ താരതമ്യേന ലളിതങ്ങളാണു്. എന്നാൽ അവ മസ്തിഷ്കത്തിലെത്തിച്ചേരുമ്പോൾ അതീവ സങ്കീർണ്ണങ്ങളായ നാഡീകോശപ്രവർത്തനങ്ങൾക്കു കളമൊരുക്കുന്നു.
പ്രാന്തനാഡീവ്യൂഹം
ബോധേന്ദ്രിയങ്ങളിൽനിന്നു് വാർത്തകളുമായി വരുന്ന നാഡികളെ സംജ്ഞാനാഡികൾ എന്നു വിളിക്കുന്നതായി മുകളിൽ വിവരിച്ചിട്ടുണ്ടല്ലോ. അവയ്ക്കു നൽകിയിട്ടുള്ള മറ്റൊരു പേരാണു് അഭിഗനാഡികൾ. അതുപോലെ മാംസപേശികളിലേയ്ക്കു നിർദ്ദേശങ്ങൾ എത്തിക്കുന്ന ചേഷ്ടാനാഡികളെ അപഗനാഡികളെന്നും വിളിക്കുന്നു. അകത്തേയ്ക്കു വരുന്നവയും പുറത്തേയ്ക്കു പോകുന്നവയുമായ ഈ നാഡികൾ ഒരുമിച്ചു് പ്രാന്തനാഡീവ്യൂഹം എന്നറിയപ്പെടുന്നു. സാധാരണയായി നാഡികളെല്ലാം പലതരം നാഡീതന്തുക്കളുടെ സമ്മിശ്രങ്ങളായിരിക്കും. അതായതു് ഒരേ നാഡിയിൽത്തന്നെ അപഗനാഡീതന്തുക്കളും അഭിഗനാഡീതന്തുക്കളും ഇതു രണ്ടുമല്ലാത്ത അനിച്ഛാനാഡീതന്തുക്കളും ഉണ്ടായിരിക്കും. തന്മൂലം പല നാഡികളെയും വ്യത്യസ്ത വിഭാഗത്തിൽ പെടുന്നവയായി കണക്കാക്കുക വിഷമമാണു്.
പ്രാന്തനാഡീവ്യൂഹത്തെ പ്രധാനമായും രണ്ടുവിഭാഗമായി തിരിക്കാം. മസ്തിഷ്കഭാഗങ്ങളിൽ നിന്നു പുറപ്പെടുന്ന ശിരോനാഡികളാണു് ഒരു വിഭാഗം. സുഷുമ്നാകാണ്ഡത്തിൽനിന്നു പുറപ്പെടുന്ന സുഷുമ്നാനാഡികളാണു് ഇതരവിഭാഗം. മനുഷ്യനിൽ 31 ജോഡി സുഷുമ്നാനാഡികളും 12 ജോടി ശിരോനാഡികളുമുണ്ടു്. മസ്തിഷ്കത്തെ തുടർന്നു് നട്ടെല്ലിനുള്ളിലൂടെ നീണ്ടുകിടക്കുന്ന നാഡീകാണ്ഡത്തെയാണു് സുഷുമ്നാകാണ്ഡമെന്നു വിളിക്കുന്നതു്. നട്ടെല്ലിലെ കശേരുകൾക്കിടയിലുള്ള സുഷിരങ്ങളിലൂടെയാണു് സുഷുമ്നാനാഡികൾ പുറത്തോട്ടു കടക്കുന്നതു്. മുകൾഭാഗത്തുനിന്നും താഴെനിന്നും പുറപ്പെടുന്ന രണ്ടു ശാഖാവേരുകൾ ഒന്നു ചേർന്നിട്ടാണു് ഓരോ നാഡിയുമുണ്ടാകുന്നതു്. ശരീരത്തിന്റെ എല്ലാ ഭാഗത്തുള്ള പേശികളിലേയ്ക്കും ശരീരോപരിതലത്തിലുള്ള സംവേദന കോശങ്ങളിലേയ്ക്കും ഇവയിൽനിന്നു നാഡീതന്തുക്കൾ പോകുന്നുണ്ടു്. നമ്മുടെ ബോധപരമായ നിയന്ത്രണം കൂടാതെ ചുറ്റുപാടിൽ നിന്നുള്ള ചോദനങ്ങളെ സ്വീകരിച്ചു് ഉടനടി അവക്കനുസൃതമായ പ്രതികരണങ്ങളുളവാക്കുന്നതു് ഈ നാഡികളാണു്. കയ്യോ കാലോ മറ്റോ തീയ്യിലോ മുള്ളിലോ മറ്റോ സ്പർശിക്കാനിടയായാൽ ഉടനടി പിൻവലിക്കുന്നതും മറ്റും ഈ നാഡികളുടെ പ്രവർത്തനം മൂലമാണു്. ഏറ്റവും ലളിതരൂപത്തിലുള്ള റിഫ്ളെക്സുകൾ അഥവാ അനൈച്ഛിക പ്രതികരണങ്ങളാണു് ഇത്തരം സന്ദർഭങ്ങളിൽ സംഭവിക്കുന്നതു്.
മസ്തിഷ്കഭാഗങ്ങളിൽനിന്നും പുറപ്പെടുന്ന 12 ജോഡി ശിരോനാധികൾ പ്രധാനമായും ബോധേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വിവിധ ബോധേന്ദ്രിയങ്ങളുടെ സംവേദനപരമായ പ്രവർത്തനങ്ങൾ, അവയുടെ പ്രതികരണങ്ങൾക്കാധാരമായ ചേഷ്ടാപ്രവർത്തനങ്ങൾ, ബന്ധപ്പെട മറ്റവയവങ്ങളുടെ സംവേദനപരവും മറ്റുമായ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഈ നാഡികൾ വഴിയായി നിർവ്വഹിക്കുന്നു. കൂടാതെ ആന്തരികാവയവങ്ങളിൽ ചിലതിൽ നിന്നുമുള്ള വാർത്തകൾ മസ്തിഷ്കത്തിൽ എത്തിക്കുകയും, ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും മറ്റും ഈ നാഡികളിൽ ചിലതു് നിർവഹിക്കുന്നുണ്ടു്.
അടുത്ത വിഭാഗമാണു് അനിച്ഛാനാഡീവ്യൂഹം. നമ്മുടെ നിലനില്പിനനുപേക്ഷണീയമായ ഒട്ടേറെ സുപ്രധാന പ്രവർത്തനങ്ങൾ നമ്മുടെ ശരീരത്തിൽ എല്ലായ്പോഴും നടന്നുകൊണ്ടിരിക്കുന്നുണ്ടു്. ശ്വാസോച്ഛ്വാസം, ഹൃദയസ്പന്ദനം, രക്തചംക്രമണം, ദഹനം തുടങ്ങി പ്രകടമായതും അല്ലാത്തതുമായ അനവധി ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതു് അനിച്ഛാനാഡീവ്യൂഹമാണു്. സുഷുമ്നാകാണ്ഡത്തെ പൊതിഞ്ഞുകൊണ്ടുള്ള നട്ടെല്ലിന്റെ പാർശ്വങ്ങളിലായുള്ള നാഡീകോശ സമൂഹങ്ങളോടു ബന്ധപ്പെട്ടു് ആന്തരികാവയവങ്ങളെ നിയന്ത്രിക്കുന്ന നാഡികളാണു് ഈ വ്യൂഹത്തിലുള്ളതു്. ഇവയെ പ്രധാനമായും മൂന്നാക്കി വിഭജിച്ചിട്ടുണ്ടു്. ഉപമസ്തിഷ്കഭാഗങ്ങളിൽനിന്നു് പുറപ്പെടുന്ന ഏതാനും നാഡികൾ പ്രധാനമായും ഗ്രന്ഥികളെയും മറ്റുമാണു് നിയന്ത്രിക്കുന്നതു്. അതുപോലെതന്നെ സുഷുമ്നാകാണ്ഡത്തിന്റെ പിന്നറ്റത്തുനിന്നും പുറപ്പെടുന്ന അല്പം ചില നാഡികളും ഇത്തരത്തിൽ പെട്ടതാണു്. ഈ രണ്ടു വിഭാഗം നാഡികളും ചേർന്നു് അനുചേതനാ നാഡീവ്യൂഹത്തിനു് രൂപം നൽകുന്നു. സാധാരണഗതിയിൽ ശരീരത്തിൽ നടക്കുന്ന ദഹനം, വളർച്ച, ലൈംഗിക വളർച്ച തുടങ്ങിയ വിവിധ പ്രവർത്തനങ്ങളെ ഇവ നിയന്ത്രിക്കുന്നു. ഇപ്പറഞ്ഞ രണ്ടുവിഭാഗം നാഡികളുടെയും ഇടയ്ക്കു് സുഷുമ്നാകാണ്ഡത്തിൽ നിന്നു് പുറപ്പെടുന്ന ഒട്ടേറെ നാഡികളുണ്ടു്. അവയെല്ലാം ചേർന്നതാണു് ചോതനാനാഡീവ്യൂഹം. അടിയന്തിരഘട്ടങ്ങളിൽ പ്രത്യേകം പ്രവർത്തോന്മുഖമാകുന്നവയാണിവ. രക്തക്കുഴലുകളും ചില അന്തസ്രോതഗ്രന്ഥികളും മറ്റും ഇവയാൽ നിയന്ത്രിക്കപ്പെടുന്നുണ്ടു്.
അനിച്ഛാനാഡീവ്യൂഹം കേന്ദ്രനാഡീവ്യൂഹത്തിൽനിന്നു് തികച്ചും സ്വതന്ത്രമല്ല. കാരണം, അതിൽപെട്ട എല്ലാ നാഡികളും ജന്മമെടുക്കുന്നത് സുഷുമ്നാകാണ്ഡത്തിൽനിന്നുമാണു്. പക്ഷേ, അവയോരോന്നും തന്നെ നട്ടെല്ലിന്റെ പാർശ്വത്തിലുള്ള അനിച്ഛാനാഡീകോശകേന്ദ്രങ്ങളാൽ നിയന്ത്രിക്കപ്പെടുന്നവയാണു്. ഇവയുടെ പ്രവർത്തനങ്ങൾ വ്യക്തിത്വരൂപവൽക്കരണത്തിൽ അതിയായ പങ്കു വഹിക്കുന്നുണ്ടു്. വ്യക്തിയുടെ വൈകാരികമായ നിലവാരത്തെ ഏറ്റവുമധികം സ്വാധീനിക്കുന്നതു് ഈ നാഡീവ്യൂഹമാണു്.
കേന്ദ്രനാഡീവ്യൂഹം
ഉയർന്ന ജന്തുക്കളുടെ ഭ്രൂണപരമായ വളർച്ചയുടെ ഘട്ടങ്ങളിൽ നാഡീകോശങ്ങൾ നീണ്ട കുഴലിന്റെ രൂപത്തിൽ ഒത്തുചേരുന്നു. ഈ കുഴൽ മുന്നറ്റത്തു് അവസാനിക്കുന്നിടത്തു് വികസിച്ച മസ്തിഷ്കമാകുന്നു. ഇതുരണ്ടും കൂടി ചേർന്നതാണു് കേന്ദ്രനാഡീവ്യൂഹം.
അടിസ്ഥാനപരമായി രണ്ടു പ്രാഥമിക കർത്തവ്യങ്ങളാണു് കേന്ദ്രനാഡീവ്യൂഹം നിർവ്വഹിക്കുന്നതു്. ജന്തുശരീരത്തിന്റെ വ്യത്യസ്തഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന ബോധേന്ദ്രിയങ്ങളെയും പ്രതികരണമുളവാക്കുന്ന പേശീഭാഗങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതു് കേന്ദ്രനാഡീവ്യൂഹമാണു്. ഇന്ദ്രിയങ്ങളിൽനിന്നു് വരുന്ന വാർത്തകളെയും അവയുടെ ഫലമായ ചേഷ്ടാപ്രതികരണങ്ങളെയും സമ്യക്കായവിധം സംയോജിപ്പിക്കുന്നതുവഴി ജന്തു ഒരേസമയം ഒരു ദിശയിൽ മാത്രം പ്രവർത്തിക്കാനിടവരുത്തുന്നു. ഉയർന്ന ജന്തുക്കളിൽ ഈ ഏകീകരണ പ്രക്രിയ കൂടുതൽ സങ്കീർണ്ണമായി തീർന്നിരിക്കുന്നു. വാർത്തകൾ ശേഖരിച്ചുവെയ്ക്കാനും പിന്നീടു വരുന്ന വാർത്തകളുമായി തുലനം ചെയ്യാനും കഴിയും. ഇത്തരം പ്രവർത്തനങ്ങൾ മനുഷ്യനിലും മറ്റു ഉയർന്ന ജന്തുക്കളിലും വളർന്നു വികസിച്ചിരിക്കുന്നു.
കേന്ദ്രനാഡീവ്യൂഹത്തിലെ ഏറ്റവും പ്രാഥമിക ഭാഗം സുഷുമ്നാകാണ്ഡമാണു്. പ്രാന്തനാഡീവ്യഹത്തിലും അനിച്ഛാനാഡീവ്യൂഹത്തിലുംപെട്ട അനവധി നാഡികൾ സുഷുമ്നാകാണ്ഡത്തിൽനിന്നും ആണല്ലോ പുറപ്പെടുന്നതു്. ആ നാഡികളുടെ പ്രവർത്തനങ്ങളെ പരസ്പരം കൂട്ടിയിണക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയാണു് സുഷുമ്നാകാണ്ഡത്തിന്റെ ജോലി.
സുഷുമ്നാകാണ്ഡത്തിന്റെ ഏറ്റവും പൂർവ്വഭാഗവും മസ്തിഷ്കത്തിന്റെ പിൻഭാഗവുമായ പിൻമസ്തിഷ്കത്തിലെ ഭാഗങ്ങളെ മെഡുല്ലാ ഒബ്ളോംഗേറ്റയെന്നും പോൺസ് എന്നും പറയുന്നു. ഭൂരിപക്ഷം ശിരോനാഡികൾക്കും പ്രവേശനവും ബഹിർഗമന കവാടവും നൽകുന്നതു് ഈ ഭാഗമാണു്. കൂടാതെ, പിൻമസ്തിഷ്കം പല സമാകലന ധർമ്മങ്ങളും, പ്രത്യേകിച്ചു് ആന്തരാവയവങ്ങളുടെ നിയന്ത്രണം നടത്തുന്നുണ്ടു്. നട്ടെല്ലുള്ള എല്ലാ ജന്തുക്കളിലും ശ്വസനകേന്ദ്രം സ്ഥിതിചെയ്യുന്നതു് പിൻമസ്തിഷ്കത്തിലാണു്. സസ്തനികളിൽ ശ്വസനകേന്ദ്രത്തിൽ അധോ-ശ്വസനകേന്ദ്രവും ഉണ്ടു്. ശരീരത്തിന്റെ സംതുലനം നിലനിർത്തുന്നതും ഈ മസ്തിഷ്കഭാഗം തന്നെയാണു്.
അടുത്ത മസ്തിഷ്കഭാഗം അനുമസ്തിഷ്കം അഥവാ സെറിബെല്ലമാണു്. ദിൿവിന്യാസവും സംസ്ഥിതിയും സൂക്ഷ്മമായി ക്രമീകരിക്കുകയാണു് ഈ മസ്തിഷ്കഭാഗത്തിന്റെ ജോലി. പക്ഷികളിലും മറ്റും സംതുലനം നിയന്ത്രിക്കുന്ന കാര്യത്തിൽ അനുമസ്തിഷ്കം സുപ്രധാന പങ്കു വഹിക്കുന്നുണ്ടു്. ഒരു സസ്തനിയിൽനിന്നു് അനുമസ്തിഷ്കം നീക്കംചെയ്താൽ ഏതെങ്കിലും ഒരു പ്രത്യേക സ്വഭാവം നഷ്ടപ്പെടുന്നില്ല; പക്ഷേ സംതുലനം ചെയ്യാനുള്ള കഴിവു് വ്യക്തമായും ചുരുങ്ങുന്നു. അനുമസ്തിഷ്കവും മസ്തിഷ്കത്തിലെ ഏറ്റവും പ്രധാന ഭാഗമായ സെറിബ്രവും തമ്മിൽ വിപുലമായ പ്രതിപ്രവർത്തനം നിലനിൽക്കുന്നു. അനുമസ്തിഷ്കത്തിന്റെ ബന്ധങ്ങൾ അനവധിയാണു്. അതു മസ്തിഷ്കത്തിന്റെ പല ഭാഗങ്ങളും നിയന്ത്രിക്കുകയും അവയാൽ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു.
അനുമസ്തിഷ്കത്തെ തുടർന്നുള്ള മദ്ധ്യമസ്തിഷ്കം താഴെക്കിടയിലുള്ള നട്ടെല്ലു ജന്തുക്കളിൽ ഒരു സുപ്രധാന സമാകലനകേന്ദ്രമാണു്. ദൃശ്യവ്യവസ്ഥയുടെ പ്രധാന കേന്ദ്രങ്ങൽ (മുകൾഭാഗത്തെ കോളിക്കുലൈ) അതിലുണ്ടു്. ഉയർന്ന നട്ടെല്ലു ജന്തുക്കളിൽ ശ്രവണകേന്ദ്രങ്ങളും കൂടി ഇതിൽ രൂപം കൊള്ളുന്നു. സസ്തനികളിൽ കൺപോളകൾ പെട്ടെന്നു് അടയ്ക്കുന്നതും മറ്റും കോളിക്കുലൈ വഴിയാണു് നിയന്ത്രിക്കപ്പെടുന്നതു്. അതുപോലെ തന്നെ കൃഷ്ണമണിയുടെ സങ്കോചത്തിനും പൂർവമസ്തിഷ്കം ആവശ്യമാണു്. പക്ഷേ, ഭൂരിപക്ഷം ദർശന പ്രതികരണങ്ങളും, സെറിബ്രത്തിലെ ദർശനകേന്ദ്രങ്ങളാണു് നിയന്ത്രിക്കുന്നതു്. മധ്യമസ്തിഷ്കത്തിനു് തൊട്ടു മുന്നിലായി മസ്തിഷ്കം കുറുകെ മുറിച്ചാൽ നായയ്ക്കും പൂച്ചയ്ക്കും സ്വയം തെറ്റുതിരുത്താനും ഏറെക്കുറെ നിവർന്നുനിൽക്കാനും കഴിയും. പക്ഷേ, കുരങ്ങുകൾക്കും മനുഷ്യനും മറ്റും നിൽക്കാൻപോലും കഴിയില്ല. മത്സ്യങ്ങളിലും ഉഭയവാസികളിലും മധ്യമസ്തിഷ്കം ഏറ്റവും പ്രധാനപ്പെട്ട സമാകലനകേന്ദ്രമായി പ്രവർത്തിക്കുന്നു; അവയുടെ ഭൂരിപക്ഷം സ്വഭാവങ്ങളെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കുകയും ചെയ്യുന്നു. എന്നാൽ സസ്തനികളിൽ അല്പം ചില ദൃശ്യ ശ്രവണ റിഫ്ളെക്സുകൾ മാത്രമേ ഈ ഭാഗം നിയന്ത്രിക്കുന്നുള്ളു. സങ്കീർണ്ണമായ സമാകലനം മസ്തിഷ്കത്തിന്റെ പൂർവ്വഭാഗങ്ങളിലേയ്ക്കു് നീങ്ങിയിരിക്കുന്നു.
തലാമസും അധോതലാമസും ബന്ധപ്പെട്ട അവയവങ്ങളുമടങ്ങിയതാണു് മസ്തിഷ്കത്തിന്റെ അടുത്ത ഭാഗം. ഇവയ്ക്കു മസ്തിഷ്കപ്രവർത്തനങ്ങളിൽ സുപ്രധാനമായ പങ്കു് വഹിക്കാനുണ്ടു് എന്നുള്ളതു ഇന്നു് ഏറെക്കുറെ വ്യക്തമായിക്കൊണ്ടിരിക്കുകയാണു്. പക്ഷികളിലും സസ്തനികളിലും പല പ്രധാന സംവേദനകേന്ദ്രങ്ങളും തലാമസിൽ സ്ഥിതി ചെയ്യുന്നുണ്ടു്. സസ്തനികളിൽ, വാർത്തകൾ സെറിബ്രത്തിലേയ്ക്കു് പുനഃപ്രേഷണം ചെയ്യുന്ന കേന്ദ്രങ്ങളായും അവ പ്രവർത്തിക്കുന്നു. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പിൻഭാഗത്തു് ശേഖരിക്കപ്പെടുന്നതും അവിടെനിന്നു് പുറപ്പെടുവിക്കുന്നതുമായ ചില ഹോർമോണുകൾ അധോതലാമസിലാണു് ഉല്പാദിപ്പിക്കപ്പെടുന്നതു്. പക്ഷികളിലും സസ്തനികളിലും ‘താപസ്ഥാപി’ ആയി വർത്തിക്കുന്ന താപസംവേദക കോശങ്ങളും അധോതലാമസിലാണുള്ളതു്. ചുരുക്കത്തിൽ ഒട്ടേറെ സ്വയംപ്രവർത്തകവും അന്തസ്രാവിപരവുമായ ധർമ്മങ്ങളെ നിയന്ത്രിക്കുന്നതു് അധോതലാമസാണു്. വികാരപരമായ പ്രവർത്തനങ്ങളെയും സങ്കീർണ്ണമായ ജന്മവാസനകളെയും നിയന്ത്രിക്കുന്നതിൽ ഇതിനു് സുപ്രധാന സ്വാധീനശക്തിയുണ്ടു്.
നട്ടെല്ലുള്ള ജന്തുക്കളുടെ പൂർവിക പ്രതിനിധിയായ ആംഫിയോക്സിൽ പൂർവമസ്തിഷ്കം രൂപം പ്രാപിച്ചിട്ടില്ല. അവിടന്നിങ്ങോട്ടുള്ള പരിണാമപരമ്പരയിലാണു് പൂർവമസ്തിഷ്കം രൂപം പ്രാപിക്കുന്നതും സങ്കീർണ്ണമായ മനുഷ്യമസ്തിഷ്ക്കത്തിലെ ഭീമഭാഗമുൾക്കൊള്ളുന്ന സെറിബ്രം വരെ വളരുന്നതും. പരിണാമപ്രക്രിയയ്ക്കിടയിൽ, വിവിധ ഘട്ടങ്ങളിൽ പൂർവമസ്തിഷ്കം അതിന്റെ ഘടനയിലും ധർമ്മത്തിലും അത്ഭുതാവഹമായ പരിവർത്തനങ്ങൾക്കു വിധേയമായിട്ടുണ്ടു്. പടിപടിയായി പുതിയ കഴിവുകൾ ഈ മസ്തിഷ്കഭാഗം ആർജ്ജിക്കുന്നതു് എങ്ങനെയാണെന്നു് നട്ടെല്ലുള്ള ജന്തുക്കളിലെ മസ്തിഷ്ക പ്രവർത്തനങ്ങളുടെ താരതമ്യപഠനത്തിലൂടെ മനസ്സിലാക്കാം.
താഴെക്കിടയിലുള്ള നട്ടെല്ലു ജന്തുക്കൾ തുടങ്ങിതന്നെ പൂർവമസ്തിഷ്കം രണ്ടു അർദ്ധഗോളങ്ങളുടെ രൂപത്തിലാണു് സ്ഥിതിചെയ്യുന്നതു്. താഴ്ന്ന ജന്തുക്കളിൽ ഈ ഭാഗത്തു് ഏറ്റവും പ്രധാനമായ മസ്തിഷ്കകേന്ദ്രങ്ങളൊന്നും സ്ഥിതിചെയ്യുന്നില്ല. എന്നാൽ പരിണാമഗതിക്കനുസരിച്ചു് കൂടുതൽ ഉയർന്ന ജന്തുക്കളിൽ ഈ രണ്ടു് അർദ്ധഗോളങ്ങൾ പ്രമുഖങ്ങളായിത്തീരുകയും മറ്റു ഭാഗങ്ങൾ താരതമ്യേന ചുരുങ്ങിവരുകയും ചെയ്യുന്നു. അവസാനം മസ്തിഷ്കത്തിലെത്തുമ്പോൾ ഈ രണ്ടു് അർദ്ധഗോളങ്ങൾ അഥവാ സെറിബ്രം മസ്തിഷ്കത്തിന്റെ ബഹുഭൂരിഭാഗവും കയ്യടക്കിയിരിക്കുന്നു. മാത്രമല്ല, മനുഷ്യന്റെ സവിശേഷതയായി ഉയർന്ന മാനസിക പ്രവർത്തനങ്ങളുടെയെല്ലാം ആസ്ഥാനവും ഇതായി തീർന്നിരിക്കുന്നു. സെറിബ്രത്തിന്റെ ഉപരിതലപാളി (കോർടെക്സ്) യിലാണു് ഈ പ്രവർത്തനങ്ങളധികവും നടക്കുന്നതു്. ഈ പാളിയെ ആവൃതി എന്നു വിളിക്കുന്നു. ഈ പാളിയിൽ അത്യധികം മടക്കുകളും ചുളുക്കുകളും മറ്റും കാണാം.
മനുഷ്യനും കുരങ്ങുകളുമെല്ലാമുൾപ്പെടുന്ന ജന്തുവിഭാഗമായ പ്രൈമേറ്റുകളിൽ മസ്തിഷ്കത്തിലെ ആവൃതിയിൽ എവിടെയെല്ലാം ഏതേതു മസ്തിഷ്കപ്രവർത്തനങ്ങളാണു് നടക്കുന്നതെന്നു മനസ്സിലാക്കാനുള്ള വിപുലമായ പഠനങ്ങൾ നടന്നിട്ടുണ്ടു്. ആവൃത്തിയുടെ ഓക്സ്പിറ്റൽ ദളത്തിലാണു് ദർശനകേന്ദ്രം സ്ഥിതിചെയ്യുന്നതു്. പരൈറ്റൽ ദളത്തിന്റെ മദ്ധ്യാനന്തര പാളിമടക്കിലാണു് പ്രാഥമിക സ്പർശകേന്ദ്രങ്ങളുള്ളതു്. ദ്വിതീയ സ്പർശനകേന്ദ്രങ്ങൾ അതിനു താഴെയും പാർശ്വങ്ങളിലും സ്ഥിതിചെയ്യുന്നു. ടെമ്പറൽ ദളങ്ങളിലാണു് ശ്രവണകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നതു്. മനുഷ്യനിൽ കായികസംജ്ഞാകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നതു് പാർശ്വഭാഗങ്ങളിലാണു്.
പ്രാഥമിക ചേഷ്ടാകേന്ദ്രങ്ങൾ പൂർവമധ്യപാളികളിലാണു് സ്ഥിതിചെയ്യുന്നതു്. പാദങ്ങളെയും കാലുകളെയും പ്രതിനിധീകരിക്കുന്ന ഭാഗങ്ങൾ മുകളിലും, പിന്നെ കീഴോട്ടു് ദേഹവും കൈകളും കഴുത്തും മുഖവും നാവും മറ്റും പ്രതിനിധീകരിക്കപ്പെടുന്നു. ഈ മസ്തിഷ്കഭാഗങ്ങളെ ഉത്തേജിപ്പിക്കുകയാണെങ്കിൽ അതിനനുസൃതമായ പേശീഭാഗങ്ങളിലും പ്രതികരണമുണ്ടാവും. ഈ ചേഷ്ടാകേന്ദ്രങ്ങൾക്കനുസൃതമായ സംവേദകകേന്ദ്രങ്ങൾ മദ്ധ്യാനന്തര പാളികളിലും കാണപ്പെടുന്നു. മസ്തിഷ്കത്തിലെ പൂർവചേഷ്ടാ–ആവൃതി നീക്കം ചെയ്യുകയാണെങ്കിൽ, ജീവിതകാലത്തു് പരിശീലിച്ചിട്ടുള്ള എല്ലാ കായിക ചലന കഴിവുകളും നഷ്ടപ്രായമാകുന്നു.
ആവൃതിയുടെ ഏറ്റവും മുൻഭാഗങ്ങൾ ‘സംയോജക’ പ്രദേശങ്ങളാണു്. ഈ ഭാഗത്തെ പ്രചോദിപ്പിച്ചാൽ ചേഷ്ടാപരമായ പ്രതികരണങ്ങളൊന്നുമുളവാകുകയില്ല. മനുഷ്യനിൽ ഈ ഭാഗം നീക്കം ചെയ്താൽ ഉൾക്കാഴ്ചയും ദീർഘവീക്ഷണവും മറ്റു ബുദ്ധിപരമായ കഴിവുകളും തീരെ കുറഞ്ഞുപോകുന്നു. ടെമ്പറൽ ദളത്തിലെ ശ്രവണകേന്ദ്രത്തിനു താഴെയുള്ള ഭാഗത്തു് സ്ഥിതിചെയ്യുന്നതാണു് വ്യാഖ്യാനപരമായ കഴിവുകളുള്ള പ്രദേശം. മനുഷ്യനിൽ ഈ ഭാഗം ഉത്തേജിപ്പിക്കപ്പെടുമ്പോൾ ശ്രവണപരവും ദൃശ്യപരവും ആയ മിഥ്യാനുഭവങ്ങളും ഭയവും നിരാശയും മറ്റു വികാരങ്ങളും ഉളവാക്കുകയും ചെയ്യുന്നു.
മസ്തിഷ്ക–ആവൃതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷത ഇപ്പോൾ വ്യക്തമായിട്ടുണ്ടു്. അതായതു്, അതിന്റെ വിവിധ ഭാഗങ്ങൾക്കു്, വിവിധ ധർമ്മങ്ങൾ നിർവഹിക്കാനുള്ള കഴിവു് തുല്യമാണു്. കുരങ്ങുകളിലെ ദർശന–ആവൃത്തി നീക്കം ചെയ്താൽ സ്വായത്തമാക്കിയ ദൃഷ്ടിഭാവങ്ങളെല്ലാം നഷ്ടപ്പെടുമെങ്കിലും അതു വീണ്ടും പഠിക്കാൻ കഴിയുന്നു. അതായതു്, മസ്തിഷ്ക–ആവൃതിയുടെ മറ്റു ഭാഗങ്ങൾ ഉപയോഗിച്ചു് ദർശനപരമായ കൃത്യങ്ങൾ നിർവഹിക്കാൻ കഴിയുന്നു. നായകളിലെ മൂന്നു ശ്രവണകേന്ദ്രങ്ങളിൽ ഏതെങ്കിലുമൊന്നു കേടുകൂടാതെ ഇരിക്കുമ്പോൾ ശ്രവണപരമായ പഠനം സാധ്യമാണു്. ഇതിൽനിന്നു് ഒരു കാര്യം വ്യക്തമാവുന്നുണ്ടു്. സംവേദനപരവും ചേഷ്ടാപരവും ആയ കേന്ദ്രീകരണം ആദ്യം കരുതിയിരുന്നതുപോലെ അത്ര കണിശമായിട്ടല്ല. ഓരോ ശരീരഭാഗത്തിനും പല സംവേദനചേഷ്ടാകേന്ദ്രങ്ങളുണ്ടു്. ഒരു ഭാഗം നഷ്ടപ്പെട്ടാൽ മറ്റൊരു ഭാഗത്തിനു് നഷ്ടപ്പെട്ട ഭാഗത്തിന്റെ കർത്തവ്യം നിർവഹിക്കാൻ കഴിയും. ഇതു് മസ്തിഷ്കപ്രവർത്തനങ്ങളുടെ സങ്കീർണ്ണത ഒന്നുകൂടി വർദ്ധിപ്പിക്കുകയാണു് ചെയ്യുന്നതു്.
തന്തുജാലം
മുകളിൽ പറഞ്ഞ മസ്തിഷ്കഭാഗങ്ങൾ കൂടാതെ, കേന്ദ്രനാഡീകാണ്ഡത്തിൽ, പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ചെറിയ ന്യൂറോണുകളുടെ ഒരു തന്തുജാലമുണ്ടു്. മെഡുലയുടെയും പോൺസിന്റെയും മധ്യമസ്തിഷ്കത്തിന്റെയും മറ്റും ഏറെ ഭാഗങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു. അടുത്ത കാലംവരെ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചു് വ്യക്തമായ രൂപം ലഭിച്ചിരുന്നില്ല. നട്ടെല്ലുള്ള ജന്തുക്കളിലെല്ലാംതന്നെ സങ്കീർണ്ണമായ സംവേദന–ചേഷ്ടാ പ്രവർത്തനങ്ങളെയും സ്വയം പ്രവർത്തനവ്യൂഹത്തിന്റെ പ്രവർത്തനങ്ങളെയുമെല്ലാം ഏകോപിപ്പിക്കുന്ന സുപ്രധാന കൃത്യം നിർവഹിക്കുന്നതു് ഈ തന്തുജാലമാണെന്നു് ഇപ്പോൾ വ്യക്തമായിട്ടുണ്ടു്. ഇതിന്റെ പ്രവർത്തനം മൂലമാണു് ജന്തുവിന്റെ വിവിധ പ്രവർത്തനങ്ങൾക്കു് ഏകീഭാവം ലഭിക്കുന്നതു്. അല്ലെങ്കിൽ, വിവിധ പ്രവർത്തന വ്യവസ്ഥകൾ വിവിധ രീതിയിൽ പ്രവർത്തിക്കുന്ന അവ്യവസ്ഥിത ഘടനകളായി തീരുമായിരുന്നു ജന്തുക്കൾ. ഏകതാമനോഭാവത്തിന്റെയും വ്യക്തിത്വത്തിന്റെ തന്നെയും മൗലികമായ അടിത്തറ ഈ തന്തുജാലത്തിലാണെന്നു് കരുതേണ്ടിയിരിക്കുന്നു.
മനുഷ്യനിൽ സെറിബ്രത്തിലെ വിവിധ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ അതീവ സങ്കീർണ്ണങ്ങളാവുകയും വിപുലീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മറ്റെല്ലാ കശേരുജന്തുക്കളിലുമെന്നപോലെ, സെറിബ്രത്തിന്റെ പ്രവർത്തനങ്ങളുടെയെല്ലാം കേന്ദ്രനിയന്ത്രണം തന്തുജാലത്തിൽ തന്നെ അധിഷ്ഠിതമാണു്.
തന്തുജാലത്തിന്റെ പൂർവഭാഗം ഉത്തേജിപ്പിക്കുന്നതുവഴി പൊതുവായ ഉണർവുണ്ടാകുന്നതായി കാണാം. പ്രത്യേക ഭാഗങ്ങളെ മാത്രം ഊർജസ്വലമാക്കുന്നതിനു് പിൻഭാഗങ്ങൾ ഉത്തേജിപ്പിച്ചാൽ മതി. അബോധാവസ്ഥയിലാവുമ്പോൾ ആദ്യം നിഷ്ക്രിയമാവുന്നതു് ആരോഹണതന്തുജാലപ്രവർത്തനവ്യൂഹമാണു്. സംവേദനപാതകളിൽ വാർത്താവിനിമയം നിലനില്ക്കുമെങ്കിലും ഇന്ദ്രിയബോധവും ബോധപരമായ തിരിച്ചറിവും തന്തുജാലപ്രവർത്തനത്തോടൊപ്പം അപ്രത്യക്ഷമാകുന്നു. തന്തുജാലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന മുറിവു് ഉറക്കവും അബോധാവസ്ഥയും ഉളവാക്കുന്നു. ആവൃത്തിയും തന്തുജാലവും തമ്മിലുള്ള നിരന്തരമായ സംവേദനപ്രതിപ്രവർത്തനം ബോധത്തിനു് അനിവാര്യമാണെന്നു് തെളിഞ്ഞിട്ടുണ്ടു്.
|