മനുഷ്യൻ ചിന്തിക്കുന്ന മൃഗം
പ്രപഞ്ചവും മനുഷ്യനും | |
---|---|
ഗ്രന്ഥകർത്താവ് | കെ. വേണു |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ശാസ്ത്രസാഹിത്യം |
വര്‍ഷം |
1970 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 346 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
ഏതാണ്ടു് രണ്ടായിരത്തിനാനൂറു വർഷങ്ങൾക്കുമുമ്പു് ‘യുക്തിബോധമുള്ള മൃഗം’ എന്നു് അരിസ്റ്റോട്ടിൽ മനുഷ്യനു നൽകിയ നിർവചനം ഇന്നും അന്വർത്ഥമായി നിലകൊള്ളുന്നു. ജീവശാസ്ത്രത്തിന്റെ ദ്വിപദനാമ പദ്ധതിയനുസരിച്ചു് നൽകപ്പെട്ട പേരും അതേ അർത്ഥമുളവാക്കുന്നതാണു് — ഹോമോസാപിയൻസ്: ചിന്തിക്കുന്ന മൃഗം. മനുഷ്യനെ വെറും സാങ്കല്പികസൃഷ്ടികളായ മാലാഖമാരുടെ ദിവ്യത്വത്തോടൊപ്പം പിടിച്ചിരുത്താനോ ജന്തുലോകത്തിൽനിന്നു വ്യത്യസ്തമായ വളരെ ഉയർന്ന ഒരു പീഠത്തിൽ അവനെ പ്രതിഷ്ഠിക്കാനോ അല്പം ശാസ്ത്രബോധമുള്ള ആരുംതന്നെ ഇന്നു മുതിരുകയില്ല. ഇങ്ങനെയൊക്കെയാണെങ്കിലും മനുഷ്യനെ വെറുമൊരു മൃഗമായിട്ടെണ്ണാനും നമുക്കു മടിയാണു്. മറ്റു ജന്തുക്കളിൽനിന്നെല്ലാം തന്നെ അവനെ വേർതിരിച്ചു നിർത്തുന്ന എന്തോ ചിലതു മനുഷ്യനിലുണ്ടു്; അതെന്താണു് എന്ന ചോദ്യത്തിനു് വൈവിധ്യമാർന്ന പരസ്പരവിരുദ്ധങ്ങളായ ഉത്തരങ്ങൾ നമ്മുടെ മുന്നിലുണ്ടു്.
മനുഷ്യനെ മറ്റു ജന്തുക്കളിൽ നിന്നു വേർതിരിച്ചു നിർത്തുന്ന അടിസ്ഥാനപരമായ അന്തരം ശരീരഘടനാപരമോ ശരീരപ്രവർത്തനപരമോ ആയ മണ്ഡലങ്ങളിലല്ല. കാരണം, ആ മണ്ഡലങ്ങളിൽ സസ്തനജീവികളുടെയെല്ലാം ഘടനയും പ്രവർത്തനവും ഏറെക്കുറെ ഒരേ മാതൃകയിലാണു്. ഒരു സസ്തനമായ മനുഷ്യന്റെ സ്ഥിതിയും അതിൽനിന്നു വ്യത്യസ്തമല്ല. മൗലികമായ അന്തരം സ്ഥിതിചെയ്യുന്നതു് മനുഷ്യന്റെ പെരുമാറ്റത്തിലും സ്വഭാവത്തിലും അഥവാ പരിതഃസ്ഥിതിയിൽ നിന്നുളവാകുന്ന ചോദനങ്ങൾക്കനുസൃതമായ പ്രതികരണങ്ങൾ സൃഷ്ടിക്കുന്നതിലാണു്. ഒരു തലമുറയിൽ സമ്പാദിച്ച അനുഭവപാഠങ്ങൾ സമാഹരിക്കാനും അടുത്ത തലമുറയിലേയ്ക്കു പകർന്നുകൊടുക്കാനും മനുഷ്യനു കഴിയുന്നു. ഭാഷയുടെ ആവിർഭാവമാണിതിനു കാരണം. തന്മൂലം തലമുറകളായി സമാഹരിക്കപ്പെട്ട അനുഭവസമ്പത്തു മുഴുവനും നിയതമായ ഒരു പെരുമാറ്റരീതിക്കു്, ഒരു സംസ്കാരത്തിനു ജന്മമേകി. അങ്ങനെ ഭാഷയുടെയും മറ്റു പ്രതീകങ്ങളുടെയും സഹായത്തോടെ തലമുറകൾ തോറും പകർത്തപ്പെടുകയും സമാഹരിക്കപ്പെടുകയും ചെയ്ത ആചാരങ്ങളുടെയും അനുഭവങ്ങളുടെയും അഥവാ വിജ്ഞാനത്തിന്റെയും ആകെത്തുകയായ സംസ്കാരമാണു് മനുഷ്യന്റെ സവിശേഷതയെന്നു കാണാം.
സംസ്കാരത്തിന്റെ അടിത്തറതന്നെ സമൂഹമാണു്. എത്രതന്നെ ബുദ്ധിമാനായാലും ഒറ്റപ്പെട്ട ഒരു വ്യക്തി നിസ്സഹായനാണു്. സമൂഹവുമായി ബന്ധപ്പെടാതെ ഒറ്റപ്പെട്ട ഒരു ദ്വീപിൽ ഏകാന്തനായി വളർന്നുവരുന്ന ഒരുവനു സാംസ്കാരികപാരമ്പര്യം ഉൾക്കൊള്ളാനിടവരാത്തതുകൊണ്ടു് അവൻ തികച്ചും മൃഗതുല്യനായി പരിണമിക്കും. ആ നിലയ്ക്കു് ഓരോ വ്യക്തിയേയും വാർത്തെടുക്കുന്നതിൽ പരിതഃസ്ഥിതി അഥവാ സമൂഹം ഗണ്യമായ ഒരു പങ്കു് വഹിക്കുന്നുണ്ടെന്നു കാണാം. പക്ഷേ ഒരു വ്യക്തിയെ വാർത്തെടുക്കുന്നതിൽ പരിതഃസ്ഥിതി മാത്രമേ പങ്കു വഹിക്കുന്നുള്ളു എന്നു പറഞ്ഞാൽ അതൊരു അർദ്ധസത്യം മാത്രമേ ആകുകയുള്ളു. എന്തുകൊണ്ടെന്നാൽ ഓരോ വ്യക്തിയുടെയും മൗലികമായ കഴിവുകളുടെ ഉറവിടം അയാളുടെ ശാരീരിക ഘടനയും പ്രവർത്തനരീതിയുമാണു്. വ്യക്തിയുടെ പെരുമാറ്റത്തിന്റെയും സ്വഭാവത്തിന്റെയും അടിസ്ഥാനം മസ്തിഷ്കവും നാഡീവ്യൂഹവും ബന്ധപ്പെട്ട വ്യവസ്ഥകളുടെ പ്രവർത്തനവുമാണു്. ഈ ജൈവവ്യവസ്ഥകളുടെ സവിശേഷതകൾക്കനുസൃതമായ പ്രതികരണങ്ങളാണു് ഓരോ വ്യക്തിയിൽനിന്നുമുണ്ടാവുക. അതേസമയം ഈ ജൈവവ്യവസ്ഥകളെല്ലാം വളരെക്കാലം പരിതഃസ്ഥിതിയുമായി പരസ്പരം പ്രതിപ്രവർത്തിച്ചതിന്റെ ഫലമായി രൂപാന്തരപ്പെട്ടും പരിണമിച്ചുമുണ്ടായതാണുതാനും.
മനുഷ്യൻ അടിസ്ഥാനപരമായി ഒരു മൃഗമായതിനാൽ മനുഷ്യനെ സംബന്ധിച്ച എന്തും ജീവശാസ്ത്രപരമായ വിശദീകരണത്തിനു വിധേയമാണു് എന്നു കരുതുന്ന ശാസ്ത്രജ്ഞന്മാരുണ്ടു്. അതേസമയം മനുഷ്യന്റെ പെരുമാറ്റങ്ങളെല്ലാം സംസ്കാരത്തെ ആസ്പദമാക്കി നിർണ്ണയിക്കപ്പെടുന്നതാകകൊണ്ടു് ജീവശാസ്ത്രപരമായ അടിസ്ഥാനത്തിനിവിടെ പ്രാധാന്യമില്ലെന്നു കരുതുന്ന ശാസ്ത്രജ്ഞന്മാരുണ്ടു്.
ഈ രണ്ടു വീക്ഷണങ്ങളും വിപരീതധ്രുവങ്ങളിലാണു് നിലകൊള്ളുന്നതു്. വാസ്തവമാകട്ടെ അവയ്ക്കു രണ്ടിനുമിടയിലുമാണു്. ഓരോ മനുഷ്യനും ജീവശാസ്ത്രപരമായ ഒരു പശ്ചാത്തലമുണ്ടു്. അന്തർജന്യമായ സ്വഭാവങ്ങൾക്കും ജൈവപാരമ്പര്യത്തിനും അടിസ്ഥാനമതാണു്. ജൈവപാരമ്പര്യമാണു് എല്ലാ ജീവികളുടെയുമെന്നപോലെ മനുഷ്യന്റെയും മൗലികസ്വഭാവങ്ങളെയെല്ലാം നിയന്ത്രിക്കുന്നതു്. എന്നാൽ ഇതുകൊണ്ടുമാത്രം ഒരു മനുഷ്യനിലെ വ്യക്തിത്വം പൂർണ്ണമാകുന്നില്ല. ജൈവസ്വഭാവങ്ങൾക്കു സവിശേഷമായ രൂപഭാവാദികൾ നൽകുന്ന ഒരു സാംസ്കാരികപാരമ്പര്യം കൂടി വ്യക്തിത്വ രൂപീകരണത്തിൽ നിർണ്ണായക പങ്കു വഹിക്കുന്നു. ഈ സാംസ്കാരിക പാരമ്പര്യം വ്യക്തിയിലേക്കു പകരുന്നതു് സമൂഹത്തിലൂടെയാണു്. അതിനെ നിലനിർത്തിപ്പോരുന്നതു് സമൂഹമാണു്. വ്യക്തി ഈ സാംസ്കാരികപാരമ്പര്യത്തെ ഉൾക്കൊള്ളുന്നതാകട്ടെ, ഭാഷയുടെ മാധ്യമമുപയോഗിച്ചുകൊണ്ടുള്ള പഠനത്തിലൂടെ അഥവാ ബുദ്ധിപരമായ പ്രവർത്തനത്തിലൂടെയാണു്. അങ്ങനെ ജൈവപരവും സാംസ്കാരികവും (സാമൂഹ്യവും) ആയ പാരമ്പര്യങ്ങളുടെ സമ്മിശ്രമാണു് ഓരോ വ്യക്തിയും. ആ നിലയ്ക്കു മനുഷ്യനെക്കുറിച്ചുള്ള പൂർണ്ണമായ ധാരണ രൂപീകരിക്കുന്നതിനു ജീവശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ പഠനങ്ങളെ കൂട്ടിയിണക്കേണ്ടതു് അനിവാര്യമാണു്.
ശാരീരിക സവിശേഷതകൾ
മനുഷ്യനോടു് ഏറ്റവുമധികം അടുത്തുനിൽക്കുന്ന മൃഗമായ ആൾക്കുരങ്ങിൽനിന്നു ശരീരഘടനാപരമായി മനുഷ്യനുള്ള അന്തരങ്ങളെന്തെല്ലാമാണെന്നു നോക്കാം. നീണ്ടുനിവർന്നുള്ള ശരീരഘടനയും രണ്ടുകാലിൽ സഞ്ചരിക്കാനുള്ള കഴിവുമാണു് മനുഷ്യന്റെ ശാരീരികമായ സവിശേഷതകളിൽ ഏറ്റവും പ്രകടമായിട്ടുള്ളതു്. രണ്ടു കാലിൽ നടക്കാൻ കഴിഞ്ഞതോടെ മുൻകാലുകൾ അഥവാ കൈകൾ സ്വതന്ത്രമായതാണു് മനുഷ്യന്റെ പുരോഗമനപരമായ പരിണാമത്തിനു കളമൊരുക്കിയ ഏറ്റവും പ്രധാന സംഭവം. സ്വതന്ത്രമായ കൈകൾ ഉപകരണങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കാനും തുടങ്ങിയതോടെയാണു് മനുഷ്യൻ അധ്വാനശീലനും പ്രകൃതിശക്തികളെ നേരിടുന്നതിനുള്ള കഴിവുള്ളവനുമായതു്.
ആൾക്കുരങ്ങുകളിലും മറ്റു പ്രൈമേറ്റുകളിലും കൈകൾ കാലുകളേക്കാൾ നീളം കൂടിയവയാണു്. എന്നാൽ മനുഷ്യനിൽ കാലുകൾക്കാണു് കൈകളേക്കാൾ നീളം. നിവർന്നു നടക്കുന്നതിനനുയോജ്യമായ പല ഘടനാപരമായ വ്യതിയാനങ്ങളും മനുഷ്യന്റെ ഇടുപ്പസ്ഥികളിൽ കാണാം. മനുഷ്യന്റെ പാദം ഒരു ആർച്ചുപോലെ വളഞ്ഞിരിക്കുന്നതു് വലിയ ശരീരത്തെ രണ്ടു കാലുകളിൽതന്നെ താങ്ങിനിറുത്താൻ സഹായകമാണു്. ഈ പാദങ്ങൾ നടക്കുന്നതിനും തികച്ചും അനുയോജ്യമാണു്. പക്ഷേ, കുരങ്ങുകളുടെ പാദങ്ങളെപ്പോലെ മരക്കൊമ്പുകളിൽ പിടിക്കാൻ ഉപയുക്തമല്ല. മനുഷ്യന്റെ തല നട്ടെല്ലിൽ ഉറപ്പിച്ചിട്ടുള്ളതു് നിവർന്നു നില്ക്കുമ്പോൾ നേരെ മുന്നോട്ടുനോക്കാൻ കഴിയുംവിധമാണു്.
മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ശാരീരിക സവിശേഷത വളരെയേറെ വളർച്ചയെത്തിയ മസ്തിഷ്കമാണു്. ആൾക്കുരങ്ങുകളെയും മറ്റുസസ്തനങ്ങളെയും അപേക്ഷിച്ചു് വളരെ വലിയ മസ്തിഷ്കമാണു് മനുഷ്യനുള്ളതു്. മനുഷ്യമസ്തിഷ്കത്തിന്റെ വ്യാപ്തം: 1200–1500 സി. സി. ആയിരിക്കുമ്പോൾ ചിമ്പാൻസിയുടേതു് വെറും 350–450 സി. സി.-യാണു്. മസ്തിഷ്കത്തിന്റെ വലിപ്പം ഉയർന്ന മാനസിക പ്രവർത്തനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടതാണു്. മസ്തിഷ്കകോശങ്ങളുടെ ആധിക്യം സങ്കീർണ്ണങ്ങളായ മസ്തിഷ്ക പ്രവർത്തനങ്ങൾക്കു് അനിവാര്യമാണല്ലോ. ഇതുകൂടാതെ തലയുടെ ആകൃതിയിലും ഘടനയിലും മനുഷ്യനു് ചില പ്രത്യേകതകളുണ്ടു്. കുരങ്ങുകളിലെപ്പോലെ മേൽ–കീഴ്താടികൾ മുന്നോട്ടു തള്ളിനില്ക്കുന്നില്ല. അതിനുപകരം കീഴ്ത്താടി കൂടുതൽ പ്രകടമായിരിക്കുകയും ചെയ്യുന്നു. വായിലെ ശ്ലേഷ്മസ്തരം, ചുണ്ടുകൾക്കു് അരുണിമ പകർന്നുകൊണ്ടു് പുറത്തേയ്ക്കു് മടങ്ങിനില്ക്കുന്നു. പുറംചെവിയുടെ അഗ്രങ്ങളും ചുരുകിയിരിക്കുന്നു. ആയുധങ്ങൾ ഉപയോഗിക്കുന്നതുമൂലം ദംഷ്ട്രങ്ങളുടെ ആവശ്യം ഇല്ലാതായതുകൊണ്ടാണു് ഇവ ഇങ്ങനെ ചെറുതാവാൻ കാരണമെന്നു കരുതപ്പെടുന്നു. മറ്റു സസ്തനികളിൽനിന്നെല്ലാം വ്യത്യസ്തമായ മനുഷ്യന്റെ മറ്റൊരു സവിശേഷത, ശരീരത്തിന്റെ ചിലഭാഗങ്ങളിൽ മാത്രമേ വലിയരോമമുള്ളു എന്നതാണു്. പക്ഷേ, ഇത്തരം സവിശേഷതകൾ ഏതേതു സാഹചര്യങ്ങൾ നിമിത്തമാണു് പരിണമിച്ചു വന്നതെന്നു വ്യക്തമായി പറയാൻ നമുക്കിന്നു കഴിയുകയില്ല.
പെരുമാറ്റപരവും സാംസ്കാരികവുമായ സവിശേഷതകൾ
മറ്റു പല സസ്തനങ്ങളെയും പോലെ, പ്രാഥമികമായി മനുഷ്യനും ആക്രമണകാരിയായ ഒരു മാംസഭുക്കാണു്. മനുഷ്യന്റെ പ്രകൃതിദത്തമായ ശാരീരികപ്രവർത്തനങ്ങളും ഒരു മാംസഭുക്കിനനുയോജ്യമായതാണു്. എല്ലാ തരത്തിലുമുള്ള ജന്തുക്കളുടെ മാംസം പച്ചയോടെ ഭക്ഷിച്ചാൽ അതിനെ ദഹിപ്പിക്കാനുള്ള കഴിവു് മനുഷ്യന്റെ ദഹനവ്യവസ്ഥയ്ക്കുണ്ടു്. അവയൊന്നുംതന്നെ പാകംചെയ്യണമെന്നില്ല. എന്നാൽ എല്ലാത്തരം സസ്യഭക്ഷണങ്ങളെയും പാകംചെയ്യാതെ ദഹിപ്പിക്കാൻ മനുഷ്യനു കഴിയില്ല. ചില ഫലമൂലാദികളും പ്രത്യേക സസ്യോല്പന്നങ്ങളും മാത്രമേ ചൂടാക്കാതെ കഴിക്കാൻ മനുഷ്യനു കഴിയുകയുള്ളു. തീയ്യിന്റെ സഹായമുള്ളതു കൊണ്ടാണു് ഇന്നു് ചില മനുഷ്യർക്കു് തികച്ചും സസ്യഭുക്കുകളായി തന്നെ ജീവിക്കാൻ കഴിയുന്നതു്.
മനുഷ്യന്റെ പെരുമാറ്റപരമായ സവിശേഷതകൾക്കെല്ലാം അടിസ്ഥാനം അവന്റെ സാമൂഹ്യജീവിതമാണു്. കൂടുതൽ ശക്തരും ആക്രമണകാരികളുമായ മറ്റു സസ്തനങ്ങളെ നേരിട്ടുകൊണ്ടു് ആവശ്യമായ ഭക്ഷണം സമ്പാദിക്കാനും, ശത്രുക്കളെ പരാജയപ്പെടുത്താനും അങ്ങനെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു് പുരോഗമിക്കാനും മനുഷ്യനെ കഴിവുറ്റവനാക്കിയതു് അവന്റെ കൂട്ടായ പ്രവർത്തനങ്ങളാണു്. പ്രാകൃത ദശകളിൽ അവൻ ഒറ്റപ്പെട്ട ജീവിയായി കഴിഞ്ഞുകൂടുകയായിരുന്നുവെങ്കിൽ, ഹിംസ്രജന്തുക്കളുടെ ആക്രമണത്തിനു് വിധേയമായി എന്നേ അപ്രത്യക്ഷമാകുമായിരുന്നു.
സാമൂഹ്യജീവിതം എന്നതുകൊണ്ടർത്ഥമാക്കുന്നതു് ഒരേ സ്പീഷീസിൽ പെട്ട ഒട്ടേറെ ജന്തുക്കൾ വിവിധ കൃത്യങ്ങൾക്കായി പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുക എന്നാണു്. ഈ അർത്ഥത്തിൽ മനുഷ്യനു മാത്രമല്ല സാമൂഹ്യജീവിതമുള്ളതു്. തേനീച്ചകൾ, എറുമ്പുകൾ, ചിതലുകൾ തുടങ്ങിയ കീടങ്ങളുടെ സാമൂഹ്യജീവിതം അത്യധികം സങ്കീർണ്ണവും ക്രമബദ്ധവുമാണു്. ഇവയിൽ ഒരു പ്രത്യേക വിഭാഗം ജീവികൾ പ്രത്യേക കൃത്യങ്ങൾ മാത്രം നിർവഹിക്കുന്നു. അങ്ങനെ എല്ലാ വിഭാഗങ്ങളുടെയും പ്രവർത്തനം ഏകീകരിക്കപ്പെടുമ്പോൾ സമൂഹത്തിന്റെ മുഴുവനും ആവശ്യങ്ങൾ കൃത്യമായി നിറവേറ്റപ്പെടുകയും ചെയ്യുന്നു. ഈ വിധത്തിലുള്ള അവയുടെ പ്രവർത്തനരീതിക്കോ സാമൂഹ്യക്രമത്തിനോ ഒരു തരത്തിലുള്ള മാറ്റവുമുണ്ടാകുന്നുമില്ല. ഇത്തരം സാമൂഹ്യജീവിതം മനുഷ്യന്റെ സാമൂഹ്യജീവിതത്തിൽ നിന്നു് തുലോം വ്യത്യസ്തമാണു്. കാരണം, ഇവയിൽ സാമൂഹ്യസ്വഭാവങ്ങൾ നിർണ്ണയിക്കപ്പെടുന്നതു് ജന്മവാസനകൾ വഴിയാണു്. തലമുറകൾതോറും പകർത്തപ്പെടുന്ന പാരമ്പര്യഘടകങ്ങൾ അഥവാ ജീനുകൾ നേരിട്ടു് നിയന്ത്രിക്കുന്ന സ്വഭാവങ്ങളെയാണു് ജന്മവാസനകൾ എന്നു പറയുന്നതു്. ഒരു സ്പീഷീസിൽപെട്ട ജന്തുക്കളിലെ ജന്മവാസനകളെല്ലാം ഏകരൂപമായിരിക്കും. തേനീച്ചകളിലും മറ്റും, വ്യത്യസ്ത വിഭാഗങ്ങൾ വ്യത്യസ്തജോലികൾ നിർവഹിക്കുന്നവരായി തീരുന്നതു് റാണി പുറപ്പെടുവിക്കുന്ന ചില ബാഹ്യ ഹോർമോണുകളുടെ പ്രവർത്തന ഫലമായിട്ടാണു്. റാണിയുടെ വളർച്ചയെ നിയന്ത്രിക്കുന്നതിൽ മറ്റംഗങ്ങൾക്കും പങ്കുണ്ടു്. ഇങ്ങനെ ആ സമൂഹത്തിലെ വ്യക്തികൾ ജീനുകൾ വഴി പൂർവ്വനിർണ്ണിതമായ വിധത്തിൽ പരസ്പരം നിയന്ത്രിക്കുന്നതുവഴിയാണു് അല്പംപോലും ക്രമഭംഗം വരാത്ത സാമൂഹ്യജീവിതം നയിക്കാൻ അവയ്ക്കു കഴിയുന്നതു്.
നട്ടെല്ലുള്ള ജന്തുക്കളിൽ പലതും പലതരത്തിലുള്ള സമൂഹങ്ങളായി ജീവിക്കുന്നവയാണു്. പക്ഷേ, അവരുടെ സാമൂഹ്യജീവിതം, തേനീച്ചകളുടേതിൽനിന്നു് തുലോം വിഭിന്നമാണു്. കർശനമായ തൊഴിൽ വിഭജനമോ, ക്രമബദ്ധമായ ജീവിതരീതികളോ അവയ്ക്കില്ല. സ്പീഷീസിൽ പെട്ട ഒട്ടേറെ ജന്തുക്കൾ കൂട്ടമായിട്ടോ പറ്റമായിട്ടോ ജീവിക്കുന്നു എന്നു മാത്രമേയുള്ളു. സാധാരണഗതിയിൽ ഓരോ ജന്തുവും സ്വന്തമായ ആവശ്യങ്ങൾ തനിച്ചുതന്നെ നിർവ്വഹിക്കുന്നു. എങ്കിലും ഒരേ സ്പീഷീസിൽ തന്നെ പെട്ട വ്യത്യസ്തവിഭാഗങ്ങൾ തമ്മിൽ തമ്മിലുള്ള ബന്ധങ്ങൾ ശ്രദ്ധാർഹമാണു്. എല്ലാ സസ്തനസ്പീഷീസുകളിലും, ആണുങ്ങൾ പെണ്ണുങ്ങൾ, കുഞ്ഞുങ്ങൾ എന്നിങ്ങനെ മൂന്നുവിഭാഗം ജന്തുക്കളെ കാണാം. ഇവ തമ്മിൽ വ്യത്യസ്തരീതിയിലുള്ള ബന്ധങ്ങൾ നിലനിൽക്കുന്നു. വാസ്തവത്തിൽ, ഈ ബന്ധങ്ങളാണു് സാമൂഹ്യബന്ധങ്ങളുടെ അടിത്തറ. ഈ മൂന്നു വിഭാഗങ്ങൾ തമ്മിൽ ആറുതരത്തിലുള്ള പരസ്പരബന്ധങ്ങൾ നിലനിൽക്കുന്നതു കാണാം. ആണും പെണ്ണും; പെണ്ണും കുഞ്ഞും; പെണ്ണും പെണ്ണും; ആണും ആണും; ആണും കുഞ്ഞും; കുഞ്ഞും കുഞ്ഞും.
സസ്തനങ്ങളിൽ കുഞ്ഞുങ്ങളെല്ലാം ആദ്യകാലത്തു് അമ്മയുടെ മുലകുടിച്ചു് വളരുന്നവയായതുകൊണ്ടു്, പെണ്ണും കുഞ്ഞും തമ്മിലുള്ള ബന്ധം സാർവത്രികമായി കണ്ടുവരുന്നു. ബീജസങ്കലനം ശരീരത്തിനുള്ളിൽവെച്ചു നടക്കുന്നതുകൊണ്ടു്, പ്രജനനകാലത്തു് ആണും പെണ്ണും തമ്മിലുള്ള ബന്ധവും അനിവാര്യമാണു്. അതുപോലെതന്നെ ഒരേ സമയം ഒന്നിലധികം കുഞ്ഞുങ്ങൾ ജനിക്കുക സാധാരണമായതുകൊണ്ടു് കുഞ്ഞും കുഞ്ഞും തമ്മിലുള്ള ബന്ധവും സാധാരണമാണു്. പ്രൈമേറ്റുകളടക്കമുള്ള പല സസ്തനങ്ങളിലും ആണുങ്ങളും പെണ്ണുങ്ങളും കുഞ്ഞുങ്ങളുമെല്ലാമടങ്ങുന്ന ചെറുപറ്റങ്ങളെ കാണാവുന്നതാണു്. ഇങ്ങനെയുള്ള സമൂഹങ്ങളിൽ മുകളിൽ പറഞ്ഞ തരത്തിലുള്ള എല്ലാ ബന്ധങ്ങളും നിലനിൽക്കുന്നുണ്ടായിരിക്കും. മനുഷ്യന്റെ സാമൂഹ്യപെരുമാറ്റങ്ങളുടെ പരിണാമത്തിലേക്ക് വഴിയൊരുക്കിയ ചില പ്രാഥമിക സാമൂഹ്യരൂപങ്ങൾ നമുക്കിവിടെ കാണാം.
മനുഷ്യന്റെ സാമൂഹ്യബന്ധങ്ങൾക്കടിസ്ഥാനമായി മറ്റൊരു സ്വഭാവമുണ്ട്. മനുഷ്യൻ പൂർണ്ണവളർച്ചയെത്തി സ്വതന്ത്രനാവുന്നതിനു് നീണ്ട ഒരു കാലഘട്ടം പിന്നിടേണ്ടിയിരിക്കുന്നു. 6–8 വയസ്സാകുന്നതുവരെ പ്രായമായവരുടെ എല്ലാവിധ സഹായങ്ങളും മനുഷ്യശിശുവിനാവശ്യമാണ്. 18–20 വയസ്സാകുമ്പോഴേയ്ക്ക്, മനുഷ്യന്റെ എല്ലാ കഴിവുകളുമുള്ള ഒരു പൂൎണ്ണവ്യക്തിയായി തീരുന്നുള്ളു അവൻ. ഈ സുദീർഘമായ വളർച്ചാഘട്ടം, സാംസ്കാരികമായ വളർച്ചയ്ക്ക് ഏറ്റവും സഹായമായി തീരുന്നു. എന്തുകൊണ്ടെന്നാൽ, ഒരു തലമുറയുടെ ആർജ്ജിതവിജ്ഞാനം അടുത്ത തലമുറയിലേയ്ക്കു പകർത്തപ്പെടുന്നതാണല്ലോ സാംസ്കാരികവളർച്ചയ്ക്കു നിദാനം; ഈ വിജ്ഞാനകൈമാറ്റത്തിന് ഏറ്റവും സഹായകമാണ് സുദീർഘമായ വളർച്ചയുടെ കാലഘട്ടം. മുതിർന്ന തലമുറയ്ക്കു പഠിപ്പിക്കാനും, ഇളംതലമുറയ്ക്കു പഠിക്കാനുമുള്ള അവസരം ഇതുമൂലം ലഭിക്കുന്നു.
മനുഷ്യസമൂഹത്തിനു് അടിത്തറ പാകിയത് ഉപകരണങ്ങളുടെ നിർമ്മാണോപയോഗങ്ങളുടെ കണ്ടുപിടിത്തമാണെങ്കിലും അതിനെ അരക്കിട്ടുറപ്പിക്കുകയും സാംസ്കാരികവളർച്ചയ്ക്ക് കളമൊരുക്കുകയും ചെയ്തതു ഭാഷയാണു്. ഭാഷ ആവിർഭവിച്ചതെങ്ങനെയാണെന്നതിനെക്കുറിച്ച് വ്യക്തമായ തെളിവുകളൊന്നും ഇന്നു ലഭ്യമല്ല. ജീവിതായോധനം സമ്പാദിക്കാനും ശത്രുക്കളെയും പ്രകൃതിവിക്ഷോഭങ്ങളെയും നേരിടുന്നതിനും കൂട്ടായി പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ ഓരോ സമൂഹത്തിലെയും അംഗങ്ങൾ തമ്മിൽ ആശയവിനിമയം നടത്തേണ്ടിവരുന്നത് സ്വാഭാവികമാണല്ലോ. ഒരേ സ്പീഷീസിൽപ്പെട്ട വ്യക്തികൾ തമ്മിൽ ആശയവിനിമയം നടത്തുന്നത് മിക്ക ജന്തുക്കളിലും കാണാവുന്നതാണു്. പലതരം ശബ്ദങ്ങളും ആംഗ്യങ്ങളും അവയുപയോഗിക്കുന്നു. എന്നാൽ മനുഷ്യനിലെപ്പോലെ മസ്തിഷ്കവളർച്ച പ്രാപിക്കാത്തതുമൂലം അവയ്ക്ക് അത്തരം ആശയവിനിമയ സമ്പ്രദായത്തെ കൂടുതൽ വിപുലപ്പെടുത്താൻ കഴിയുന്നില്ല. മനുഷ്യന്റെ മസ്തിഷ്കവളർച്ച അവനെ അതിനു സഹായിക്കുകയും ചെയ്തു.
മനുഷ്യന്റെ സാംസ്കാരികവളർച്ചയുടെ ചരിത്രം വിശദമാക്കുന്ന വസ്തുനിഷ്ഠമായ തെളിവുകൾ വിവിധകാലഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളിൽ നിന്നാണു് നമുക്കു ലഭിക്കുന്നത്. ഭാഷാപരമായ വളർച്ചയെ കുറിക്കുന്ന ഒന്നുംതന്നെ ആവിധം അവശേഷിക്കുകയില്ലല്ലോ. ഉപകരണങ്ങൾ ഉപയോഗിക്കുന്ന സ്വഭാവം മനുഷ്യന്റെ മാത്രം കുത്തകയല്ല. ചില ഷഡ്പദങ്ങളും നട്ടെല്ലുള്ള ജന്തുക്കളും ഉപകരണങ്ങൾ ഉപയോഗിക്കുക പതിവുണ്ട്. അതുപോലെ ചില കുരങ്ങുകളും മറ്റും ഉപകരണങ്ങൾ ഉണ്ടാക്കാനും ശ്രമിക്കാറുണ്ട്. പക്ഷേ, മുൻകൂട്ടി നിർണ്ണയിക്കുന്ന വിധത്തിൽ ഉപകരണമുണ്ടാക്കാൻ മനുഷ്യനു കഴിയുന്നു എന്നതാണു് ഏറ്റവും പ്രധാനപ്പെട്ട മനുഷ്യസ്വഭാവം. ഈ സ്വഭാവത്തിൽ ഭാഷയ്ക്കും ചിന്താഗതിയ്ക്കും നിർണ്ണായകമായ പങ്കുണ്ട്. അതുപോലെ തീയിന്റെ ഉപയോഗവും മനുഷ്യന്റെ മാത്രം കണ്ടുപിടിത്തമാണു്. ഇങ്ങനെയൊക്കെയാണെങ്കിലും അടിസ്ഥാനപരമായി നോക്കിയാൽ മനുഷ്യനെ മറ്റു ജന്തുക്കളിൽനിന്നു വേർതിരിച്ചുനിർത്തുന്നതു് ഉപകരണങ്ങൾ തന്നെയാണു്.
ഇന്നു് മനുഷ്യനും മറ്റു മൃഗങ്ങൾക്കും തമ്മിൽ വമ്പിച്ച അന്തരമുണ്ടെങ്കിലും മനുഷ്യൻ ഭൂമുഖത്ത് രംഗപ്രവേശം ചെയ്ത കാലങ്ങളിൽ ഈ വിടവു് ഒരു തരത്തിലും ഇത്ര വിപുലമായിരുന്നില്ല. ആസ്ത്രലോപിത്തെക്കസിനെപ്പോലുള്ള ആയുധങ്ങളുപയോഗിക്കുന്ന ജന്തുക്കൾ അന്നുണ്ടായിരുന്നു. ഒരുപക്ഷേ, അവയ്ക്ക് ഭാഷ ഉപയോഗിക്കാനുള്ള കഴിവ് ലഭിച്ചിരുന്നില്ല. അതുകൊണ്ടായിരിക്കാം അവ കൂടുതൽ പരിണമിക്കാതിരുന്നത്. അത്തരമൊരു ജന്തുവിനു് ഭാഷ ഉപയോഗിക്കാനുള്ള കഴിവുണ്ടാകുന്നതിനു അതിവിപുലമായ പുതിയ ഗുണങ്ങളൊന്നുമുണ്ടാവണമെന്നില്ല. മസ്തിഷ്കപ്രവർത്തനങ്ങളിൽ എന്തെങ്കിലും വിധത്തിലുള്ള ഒരു ചെറിയ വ്യതിയാനം അവയെ ഭാഷ ഉപയോഗിക്കാൻ കഴിവുറ്റവരാക്കുമായിരുന്നിരിക്കാം. ആ കഴിവു് ലഭിച്ചത് മനുഷ്യന്റെ പൂർവ്വികർക്കായിപ്പോയി എന്നതുകൊണ്ട് അവനു നിരന്തരം പുരോഗമിക്കാൻ കഴിഞ്ഞുവെന്നു മാത്രം. ഈ പുതിയ കഴിവിന്റെ ആരംഭം കുറിക്കുന്നതിനു വമ്പിച്ച പരിവർത്തനങ്ങളൊന്നുമാവശ്യമായിരുന്നില്ല. എന്നാൽ, ഒരിക്കലതാരംഭിച്ചുകഴിഞ്ഞാൽ അതു പടിപടിയായി പുരോഗമിക്കുകയും ആ കഴിവില്ലാത്തവരിൽ നിന്ന് കാലം ചെല്ലുന്തോറും കൂടുതൽ കൂടുതൽ അകന്നുകൊണ്ടിരിക്കയും ചെയ്യും. അതുകൊണ്ടാണു് ഇന്നു നമ്മുടെ പൂർവ്വികരെക്കുറിച്ച് ചിന്തിക്കുമ്പോൾ പലപ്പോഴും കുറേയേറെ അവിശ്വസനീയത നമ്മിൽ കടന്നു കൂടുന്നത്.
മനുഷ്യവംശങ്ങൾ
പരസ്പരം ഇണ ചേരാനും പ്രജനനം നടത്താനും കഴിവുള്ള ജീവികളെയെല്ലാം ഒരു സ്പീഷിസ് ആയി കണക്കാക്കുന്നു. ഈ മാനദണ്ഡത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സ്പീഷിസിൽ തന്നെ ഘടനയിലും സ്വഭാവത്തിലും ചെറിയ തോതിൽ വൈജാത്യമുള്ള വിവിധ വിഭാഗങ്ങൾ കാണും. ഇത്തരം വിഭാഗങ്ങളെ പ്രജാതികളെന്നും വംശങ്ങളെന്നും മറ്റും വിളിക്കുന്നു. ഇന്നു നിലനില്ക്കുന്ന മനുഷ്യരെല്ലാം ഉൾപ്പെടുന്ന ഹോമോസാപിയൻസ് എന്ന സ്പീഷിസിൽ തന്നെ ഇത്തരം പല വംശങ്ങളുണ്ട്.
രണ്ടാം ഭാഗത്തിൽ ജൈവപരിണാമത്തെക്കുറിച്ചു ചർച്ച ചെയ്തപ്പോൾ ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവും മറ്റുമായ ഒറ്റപ്പെടലിന്റെ ഫലമായി പുതിയ സ്പീഷിസുകൾ ഉടലെടുക്കുന്നത് എങ്ങനെയാണെന്നു വ്യക്തമാക്കുകയുണ്ടായല്ലോ. അതേകാരണങ്ങൾ തന്നെയാണു് വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ ഓരോ സ്പീഷിസിലുംപെട്ട ജന്തുക്കൾ വ്യത്യസ്ത വംശങ്ങളായി തീരുന്നതിനടിസ്ഥാനമായി വർത്തിക്കുന്നതും.
പ്ലീസ്റ്റോസീൻ യുഗത്തിന്റെ വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ഥ ഹോമിനിഡ് ജന്തുക്കൾ നിലനിന്നിരുന്നുവെന്നു നാം കാണുകയുണ്ടായി. ഇവയെല്ലാം തമ്മിൽ പരസ്പരപ്രജനനം നടന്നിരുന്നുവോ എന്നു് ഉറപ്പിച്ചുപറയാനാവില്ല. വിവിധ കാലാവസ്ഥകളും ഭൂപരമായ പ്രത്യേകതകളുമായിരിക്കണം അത്തരം വൈജാത്യമാർന്ന മനുഷ്യപൂൎവ്വികർ ജന്മമെടുക്കാനിടയാക്കിയതു്. അവയിൽ ചില വംശജർ മാത്രമേ പ്രകൃതി നിർദ്ധാരണത്തെ അതിജീവിച്ചുള്ളൂ. അങ്ങനെ അതിജീവിച്ചവതന്നെ മറ്റുജാതികളെ ഉന്മൂലനം ചെയ്യുന്നതിലും കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. നമ്മുടെ യഥാർഥ പൂർവ്വികരായ ക്രോമഗ്നൻ മനുഷ്യൻ നിയാണ്ടർത്താലുകാരെ ഇവ്വിധം നശിപ്പിച്ചതായിരിക്കണമെന്നു കരുതാൻ ന്യായമുണ്ട്.
നമ്മുടെ യഥാർത്ഥപൂർവ്വികരുടെ ഉറവിടം ആഫ്രിക്കയായിരിക്കാനാണു കൂടുതൽ സാദ്ധ്യത. അവർ രംഗപ്രവേശം ചെയ്തതിനുശേഷം അതിവേഗം ലോകത്തിന്റെ നാനാഭാഗങ്ങളിലും എത്തിച്ചേരുകയുണ്ടായി. ഏതാണ്ട് മുപ്പത്തയ്യായിരം കൊല്ലങ്ങൾക്കുമുമ്പു തന്നെ ആദിമനുഷ്യൻ അമേരിക്കയിലെത്തിച്ചേർന്നിരുന്നു. ഏതാണ്ടതോടൊപ്പംതന്നെ അവർ ഏഷ്യയുടെ എല്ലാ ഭാഗങ്ങളിലും ആസ്ത്രേലിയയിലും എത്തിയിരുന്നു. പിൽക്കാലത്തു് ഇങ്ങനെ എത്തിച്ചേർന്ന മനുഷ്യർ മറ്റു ഭാഗത്തുള്ളവരുമായി ബന്ധപ്പെടാതെ ഒറ്റപ്പെട്ട വിഭാഗങ്ങളായി ജീവിക്കാനിടായായി. തന്മൂലം അതാതു സ്ഥലത്തെ പരിതഃസ്ഥിതികൾക്കനുസരിച്ചുള്ള പരിണാമഭേദങ്ങൾ അവരിൽ ഉണ്ടാകാൻ തുടങ്ങി. ഇങ്ങനെയുള്ള സമൂഹങ്ങളിൽ ഉണ്ടാകുന്ന മ്യൂട്ടേഷനുകളുടെ ഫലമായി പ്രകടമാകുന്ന പുതിയ സ്വഭാവങ്ങൾ മറ്റു ഭൂഖണ്ഡങ്ങളിലുള്ള സമൂഹങ്ങളുമായി പങ്കിടാനിടവന്നില്ല. അങ്ങനെ ഓരോ ഭൂഖണ്ഡങ്ങളിലും പരസ്പരബന്ധമില്ലാതെ ജീവിച്ചുപോന്ന മനുഷ്യസമൂഹങ്ങളിൽ വ്യത്യസ്തസ്വഭാവങ്ങൾ സംജാതമായി. പ്രകൃതിനിർദ്ധാരണത്തിലൂടെ ഇവയിൽ ചിലത് അതിജീവിക്കുകയും, ആ സ്വഭാവങ്ങൾ ഓരോ വിഭാഗങ്ങളുടെയും സവിശേഷതകളായി തീരുകയും ചെയ്തു.
ഇങ്ങനെയാണു് ഇന്നു ഭൂമുഖത്തു കാണുന്ന വ്യത്യസ്ത മനുഷ്യവംശങ്ങൾ ഉടലെടുത്തത്. ശരീരഘടനാപരവും സാംസ്കാരികവുമായ സ്വഭാവവൈജിത്യങ്ങളെ അടിസ്ഥാനമാക്കി മനുഷ്യരിൽ ഒട്ടേറെ വംശങ്ങളുണ്ടെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഏതാനും വംശങ്ങളെന്തെല്ലാമാണെന്നിവിടെ പരിശോധിക്കാം. പ്രധാന വംശങ്ങളിവയാണ്: കോക്കസോയിഡ്, അമേരിക്കൻ ഇൻഡ്യൻ, മംഗോളോയ്ഡ്, നീഗ്രോയ്ഡ്, ആസ്ത്രേലിയൻ.
പ്രധാനമായും വെള്ളക്കാരുൾപ്പെടുന്ന യൂറോപ്യൻ വംശത്തെയാണു് കോക്കസോയ്ഡ് എന്നു വിളിക്കുന്നത്. യൂറോപ്പ്, വടക്കേ ആഫ്രിക്ക, മധ്യേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലെ ജനങ്ങളെല്ലാം ഈ വംശത്തിൽപെടുന്നു. ഈ വംശത്തിൽതന്നെ വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത ഉപവംശങ്ങളുണ്ട്.
കൊളംബസ് അമേരിക്കയിലെത്തുന്നതിനു മുൻപ് അവിടെ നിലനിന്നിരുന്ന വംശത്തെയാണു് അമേരിക്കനിന്ത്യൻ എന്നു പറയുന്നതു്. യൂറോപ്യന്മാരുടെ കുടിയേറ്റത്തിനുശേഷം ഈ വംശം അമേരിക്കയുടെ ചല ഭാഗങ്ങളിൽ മാത്രമായി അവശേഷിച്ചിരിക്കുകയാണ്. ഏഷ്യയേയും അമേരിക്കയേയും തമ്മിൽ കൂട്ടിയിണക്കുന്ന ബെറിങ്ങ് കടലിടുക്കു വഴി പലതവണ അമേരിക്കയിലേയ്ക്ക് ആദിമനുഷ്യർ പ്രവേശിച്ചിട്ടുണ്ട്. അവരുടെയെല്ലാം ഒരു സങ്കരമാണ് വാസ്തവത്തിൽ ഇന്നത്തെ അമേരിക്കനിന്ത്യൻ വംശം. നിറത്തിലും മറ്റും ഇവർക്ക് മംഗൊളോയ്ഡ് വംശജരോടാണ് സാമ്യം.
ചൈന, മംഗോളിയ, ജപ്പാൻ, ബർമ്മ, തെക്കുകിഴക്കേഷ്യ എന്നിവിടങ്ങളിലെ മനുഷ്യരെല്ലാം മംഗൊളോയ്ഡ് വംശത്തിൽപ്പെടുന്നു. മഞ്ഞനിറവും തവിട്ടുനിറമുള്ള കണ്ണുകളും പതിഞ്ഞ മൂക്കും ഇവരുടെ പ്രത്യേകതകളാണ്. ഇവരിലും പല ഉപവംശങ്ങളുണ്ട്.
ഇരുണ്ട ചുരുണ്ട തലമുടിയും, ഇരുണ്ട തവിട്ടു മുതൽ നന്നേ കറുത്തതുവരെയുള്ള ചർമ്മവും തടിച്ച ചുണ്ടുകളുമുള്ള ആഫ്രിക്കൻനിവാസികളെയാണു് നീഗ്രോയ്ഡ് വംശജരെന്നു പറയുന്നതു്.
ഇരുണ്ടതോ ചുവപ്പുകലർന്നതോ ആയ തവിട്ടു നിറത്തോടുകൂടിയ തലമുടിയും ഇളം തവിട്ടുനിറമുള്ള ശരീരവുമാണ് ആസ്ത്രേലിയയിലെ ആദിമവാസികളായ ആസ്ത്രേലിയൻ വംശത്തിനുള്ളത്. മനുഷ്യവംശങ്ങളിൽ ഏറ്റവും ആദിമമായിട്ടുള്ള വംശം ഇവരാണെന്നു ചില നരവംശശാസ്ത്രജ്ഞന്മാർ കരുതുന്നുണ്ട്.
ഈ വിഭജനത്തിന്റെ പരിധിയിലൊതുങ്ങാത്ത ഒട്ടേറെ ചെറുവംശങ്ങളേയും ഭൂമുഖത്തു കാണാം. എന്തായാലും ഇവരെല്ലാംതന്നെ പരസ്പരം ലൈംഗികബന്ധത്തിലേർപ്പെടാൻ കഴിവുള്ളവരായതുകൊണ്ട് ഒരേസ്പീഷിസിൽത്തന്നെ ഉൾപ്പെടുന്നവരാണു്. വിപുലമായ യാത്രാസൗകര്യം വന്നതോടെ പഴയ കാലത്തെപ്പോലെ വംശപരമായ വേർതിരിവ് പതുക്കേ അപ്രത്യക്ഷമായിത്തുടങ്ങിയിട്ടുണ്ട്.
|