മൂന്നാം ദിവസം
മൂന്നാം ദിവസം | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | എഞ്ചിന് ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
ആദ്യപതിപ്പിന്റെ പ്രസാധകര് | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 29 |
എഞ്ചിന് ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി
മൂന്നാം ദിവസം? ഡയറിയില്‍നിന്ന് പെന്നെടുക്കാതെ അവള് ആലോചിച്ചു. ഇതെന്താണ് വല്ല ആട്ടക്കഥയോ മറ്റോ ആണോ? സ്ഥലത്തെ കഥകളിക്ലബ്ബുകാര്‍ ടൈപ്സെറ്റുചെയ്യാന് കൊണ്ടുവരുന്ന നോട്ടീസുകളുടെ ഉള്ളടക്കം വായിച്ച് നാന്‍സി ഒരു കഥകളി വിദഗ്ദ്ധയായിരുന്നു. നളചരിതം രണ്ടാം ദിവസം, അല്ലെങ്കില്‍ മൂന്നാം ദിവസം. നോട്ടീസ് ടൈപ്പുചെയ്യാന്‍ കൊണ്ടുവന്നിരുന്നത് വലിയ കണ്ണുകള്ക്കുചുറ്റും കണ്ണെഴുതിയപോലെ പാടുള്ള ശിശുവിന്റെ മുഖമുള്ള ഒരാളായിരുന്നു. അയാളെ നാന്‍സി ആദ്യത്തെ തവണതന്നെ ഒരുതരത്തിലുള്ള ത്യാഗബോധവും നഷ്ടബോധവുമില്ലാതെ മാലതിയ്ക്കു വിട്ടുകൊടുത്തിരുന്നു. അവള് നോട്ടീസ് ടൈപ് ചെയ്യുമ്പോള്‍ കഥകളിക്കാരന് മാലതിയുമായി സംസാരിച്ചു. അതു കേട്ടുകൊണ്ടാണ് കത്തി, താടി മുതലായ വേഷങ്ങളില്‍ നാന്സിക്ക് അവഗാഹമുണ്ടായത്. അയാള്‍ പോയിക്കഴിഞ്ഞാല്‍ നാന്‍സി പറയും. ‘അയാള്‍ ഒരഞ്ചു മിനിറ്റ് അടുത്തിരുന്നാല്‍ എന്റെ മുല ചുരക്കും.’
നാന്‍സി പെട്ടെന്ന് തിരിച്ചുവന്നു. ഡയറി എഴുതാനാണ് ഒരുമ്പെട്ടത്. രാവിലെ വണ്ടിയിറങ്ങി മേല്‍പ്പാലത്തിലേയ്ക്കു കയറാതെ പ്ലാറ്റുഫോമിന്റെ അറ്റത്തേയ്ക്കു ശുഭാപ്തിവിശ്വാസത്തോടെ നടക്കുമ്പോഴാണതുണ്ടായത്. എഞ്ചിന്റൂമില്‍നിന്ന് അയാളുടെ വക ചില ആട്ടങ്ങള്‍. കൈവിരല്‍കൊണ്ട് മുദ്രകള്‍. മുഖത്ത് ഭാവാഭിനയം. കഥകളിയില്‍ അത്രതന്നെ പാണ്ഡിത്യമില്ലാത്തതുകൊണ്ട് അവള്‍ക്ക് കാര്യം പിടികിട്ടാന്‍ ഷോപ്പില്‍ചെന്ന് മാലതിയുമായി കുറച്ചുനേരം ആലോചിക്കേണ്ടി വന്നു.
അയാള്‍ ആദ്യം വാച്ച് തൊട്ടുകാണിച്ചു. പിന്നെ അഞ്ചു വിരലുകളും വിടര്‍ത്തിക്കാണിച്ചു. അതുകഴിഞ്ഞ് ഒന്നാം നമ്പര്‍ പ്ലാറ്റുഫോമിലേയ്ക്ക് ചൂണ്ടിക്കാട്ടി ഒരു വിരല്‍ മാത്രം കാണിച്ചു. പിന്നെ അയാളെയും നാന്‍സിയെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള അഭിനയവും. ഇതെന്തുകാര്യമാണെന്ന മട്ടില്‍ അവള് വാപൊളിച്ചു നിന്നു. എന്തോ വലിയ കാര്യമായിരിക്കും പറയുന്നത്, പക്ഷേ മനസ്സിലാവണ്ടേ? താന്‍ ആയിരക്കണക്കിന് യാത്രക്കാരുടെ ഇടയില്‍ പ്ലാറ്റുഫോമിനു നടുവിലാണ് വാപൊളിച്ച് നില്‍ക്കുന്നത് എന്നു മനസ്സിലായപ്പോള്‍ അവള് വായ അടച്ച് കിഴിഞ്ഞുപോയ ഷോള് തോളിലേയ്ക്കുതന്നെ തിരിച്ചിട്ട് നടന്നു നീങ്ങി.
ഈ കാര്യം പറഞ്ഞപ്പോള്‍ മാലതി കുറച്ചു നേരം ആലോചിച്ചു. കഥകളിക്കാരനുമായുള്ള നിരന്തര സംസര്‍ഗ്ഗം അവളെ സഹായിച്ചു. വാച്ചുതൊട്ടു കാണിച്ച മുദ്ര സമയത്തെ സൂചിപ്പിക്കാനായിരിക്കുമെന്ന് അവള് സംശയം പറഞ്ഞു. തൊട്ടുതന്നെ അഞ്ചു വിരലുകള്‍ വിടര്ത്തിക്കാണിച്ചത് അഞ്ചുമണി എന്നു സൂചിപ്പിക്കാനായിരിക്കും. അതായത് അഞ്ചുമണിനേരത്ത് എന്നര്‍ത്ഥം. നാന്‍സി മാലതിയെ ആദരവോടെ അഭിനന്ദനങ്ങളോടെ വീക്ഷിച്ചു, തുടര്‍ന്നുള്ള മുദ്രകളേയും വിവര്‍ത്തനം ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചു. മാലതി തുടര്‍ന്നു.
‘ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിനു നേരെ ചൂണ്ടി ഒരു വിരല്‍ കാണിച്ചത് ഒന്നാം നമ്പര്‍ പ്ലാറ്റുഫോമില്‍ എന്നു പറയാനായിരിക്കണം. അതു കഴിഞ്ഞ് നിന്നെയും അയാളെയും ബന്ധിപ്പിച്ചു നടത്തിയ മുദ്ര എന്തിന്റേതായിരിക്കണം?’
‘ആഹ്, ആര്‍ക്കറിയാം?’
‘അയാള്‍ കണ്ണുതൊട്ട് കാണിച്ചുവോ?’
‘ഇല്ലാ.’
‘കണ്ണുതൊട്ടു കാണിക്ക്യാണെങ്കില് അയാള്‍ക്ക് നിന്നെ കാണണംന്ന് പറയ്യാണ്.’
ഭാസ്കരന് നായര്‍ ചേമ്പറില്‍നിന്ന് വന്ന് മാലതിയുടെ തൊട്ടു പിന്നിലായി നിന്നത് അപ്പോഴാണ് നാന്‍സി കണ്ടത്.
‘ദൈവമേ!’
അയാള്‍ അവിടെ നില്ക്കാന് തുടങ്ങിയിട്ട് കുറച്ചുനേരമായെന്നു തോന്നുന്നു. മുദ്രകള്‍ വിവര്‍ത്തനം ചെയ്യിക്കുന്ന അദ്ധ്വാനത്തില്‍ നാന്‍സി അതു ശ്രദ്ധിച്ചില്ല. അവള് പെട്ടെന്ന് കീബോര്‍ഡിലേയ്ക്കു തിരിഞ്ഞ് ടൈപ്പുചെയ്യാന്‍ തുടങ്ങി. ഭീഷണി തൊട്ട പിന്നില്‍ വന്നുനില്ക്കുന്നത് കണ്ടിട്ടില്ലാത്തതുകൊണ്ട് മാലതി തുടര്‍ന്നു.
‘നീയൊരു കാര്യം ചെയ്യ്, അഞ്ചുമണിക്ക് ഒന്നു പോയിനോക്ക്. നിന്റെ വണ്ടീടെ സമയാണല്ലോ. എന്താണയാള് പറേണത്ന്ന് നോക്കാലോ?’
നാന്‍സി ധൃതിയില്‍ ടൈപ്പുചെയ്യുകയാണ്. എങ്ങുമില്ലാത്ത ധൃതി. പെട്ടെന്നവള്‍ക്ക് വിഷയത്തില്‍ ഒട്ടും താല്പര്യമില്ലാത്ത പോലെ. അപ്പോഴാണ് മാലതി ഭാസ്കരന് നായരെ കാണുന്നത്.
‘ദൈവമേ!’
അരമണിക്കൂറായി ഭാസ്കരന് നായര്‍ സംസാരിക്കുകയായിരുന്നു. നാന്‍സി കണക്കാക്കി. ശരിക്കും അര മണിക്കൂര്‍ സമയം തനിക്കുവേണ്ടി അദ്ദേഹം പാഴാക്കിയിരിക്കുന്നു. നാലേകാല്‍ തൊട്ട് നാലേമുക്കാല്‍ വരെ. മനുഷ്യന്റെ സ്വഭാവം രൂപീകരിക്കുന്നതിനെപ്പറ്റിയായിരുന്നു പ്രസംഗം. ഒരിക്കലും ഒരെഞ്ചിന്‍ ഡ്രൈവറെ സ്നേഹിക്കരുത്. അദ്ദേഹം പറഞ്ഞു. അവരുടെ ജീവിതം ചക്രങ്ങളുടെ മേലാണ്. ഉരുളുന്ന ചക്രങ്ങള്‍ക്ക് അധികനേരം ഒരിടത്തും ഉറച്ചു നില്‍ക്കാനാവില്ല. കാലക്രമത്തില്‍ അതിനുമേലെ സഞ്ചരിക്കുന്ന മനുഷ്യര്‍ക്കും ആ സ്വഭാവം വന്നുചേരുന്നു. അവരുടെ രക്തത്തില്‍, മജ്ജയില്‍ ഉരുളുന്ന ചക്രങ്ങള്‍ സ്ഥാനം പിടിക്കുന്നു. പിന്നെ വേറൊരു കാര്യമുള്ളത് അവര്‍ ഓടുന്നത് വളവില്ലാത്ത നെടുങ്കന്‍ പാളങ്ങളിലാണെന്നതാണ്. ഒരു ട്രാക്കില്‍ മാത്രം ചിന്തിക്കാന്‍ അതവരെ പ്രേരിപ്പിക്കുന്നു. അതായത് അവരുടെ കാര്യം മാത്രം. നീ പിന്നീട് ഖേദിക്കും.
പ്രസംഗം കഴിഞ്ഞപ്പോള്‍ സമയം നാലേമുക്കാലായിരിക്കുന്നു. അവള് നന്ദി പറഞ്ഞ് പുറപ്പെടാന്‍ കുളിമുറിയിലേയ്ക്കുപോയി. നിര്‍ണ്ണായകമായ ആ അഞ്ചുമിനിറ്റിനു ശേഷം സുന്ദരിയായി പുറത്തു വന്ന അവള് സ്റ്റേഷനിലേയ്ക്കു നടന്നു. അവിടെ ഒന്നാം നമ്പര്‍ പ്ലാറ്റുഫോമിലേയ്ക്കു പ്രവേശിക്കുന്നിടത്ത് അയാള്‍ നില്ക്കുന്നുണ്ടായിരുന്നു. എഞ്ചിന് ഡ്രൈവര്‍!