close
Sayahna Sayahna
Search

പതിനാറാം ദിവസം


പതിനാറാം ദിവസം
EHK Novel 04.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 29

Externallinkicon.gif എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

‘ഇന്നല്ലേ മഹത്തായ ലഞ്ചിന്റെ ദിവസം?’ എഞ്ചിന്‍ ഡ്രൈവര്‍ ചോദിച്ചു. ലഞ്ചിനെപ്പറ്റി അവള്‍ തലേന്നു വൈകുന്നേരം പറഞ്ഞിരുന്നു. നാന്‍സി ചിരിച്ചു. ‘ഞാന്‍ എന്താണ് ആശംസിക്കേണ്ടത്?’ അയാള്‍ വീണ്ടും ചോദിച്ചു.

‘രക്ഷപ്പെടട്ടേ എന്ന്?’

‘എന്തില്‍നിന്ന്? ലഞ്ചില്‍നിന്നോ, ലഞ്ചുതരുന്ന ആളില്‍നിന്നോ?’

‘എല്ലാറ്റില്‍നിന്നും. എനിക്കു മടുത്തു.’

‘തമാശ കള.’

‘കാര്യമായിട്ടു പറയ്യാണ്. എനിക്കുവേണ്ടി ഒരുപകാരം ചെയ്യാമോ?’

‘പറയൂ.’

‘ആ റസ്റ്റോറണ്ടിലേയ്ക്കു ഒന്നു വരാമോ?’

‘റസ്റ്റോറണ്ടിലേയ്‌ക്കോ, ഞാനോ? സ്വര്‍ഗ്ഗത്തിലേയ്ക്ക് കട്ടുറുമ്പിനെ ക്ഷണിക്കു­ന്നതെന്തിന്?’

‘വരാന്‍ പറ്റുമോ? ഒരു ധാര്‍മ്മിക പിന്തുണയ്ക്കാണ്. എന്നെ പരിചയമുണ്ടെന്നു ഭാവിക്കേണ്ട. അടുത്തെ­വിടെയെങ്കിലും ഇരുന്നാല്‍ മതി.’

‘രണ്ടുമണിക്ക് എന്റെ ഉച്ചയുറക്കത്തിന്റെ സമയമാണ്. വലിയൊരു ത്യാഗമായിരിക്കും. പോരാത്തതിന് ഞാന്‍ ഉച്ചയ്ക്ക് ഉറങ്ങിയില്ലെങ്കില്‍ രാത്രി വണ്ടിയോ­ടിക്കുമ്പോള്‍ ഉറങ്ങും. അപകടമുണ്ടാവും.’

‘എങ്കില്‍ വേണ്ട.’ അവള്‍ നടന്നുനീങ്ങി. അവളുടെ സ്വരത്തില്‍ പരിഭവമുണ്ടാ­യിരുന്നില്ല. എന്തുകൊണ്ടോ അവള്‍ക്ക് രാജന്‍ ആ റസ്റ്റോറണ്ടില്‍ ചെല്ലണമെന്നു­ണ്ടായിരുന്നു. സാരമില്ല.

അവള്‍ ഉച്ചക്കിരുന്ന് ജോലിയെ­ടുക്കുന്നതു കണ്ടപ്പോള്‍ ഭാസ്‌കരന്‍ നായര്‍ ചോദിച്ചു.

‘ഇന്ന് നാന്‍സിക്ക് വിശക്കുന്നില്ലേ?’

‘ഇന്ന് എനിക്ക് ഉഗ്രന്‍ ഒരു ലഞ്ച് കിട്ടാന്‍ പോകുന്നു.’

‘ആരുടെ വക?’

ആലുവായിലെ ഒരു സ്റ്റേഷനറി മുതലാളിയുടെ വക.’

‘അപ്പോള്‍ നിന്റെ കല്യാണം ഉറപ്പിച്ചുവോ?’ ‘അതിനുള്ള പ്രാരംഭശ്രമങ്ങളാണ്. ആശയവിനിമയം നടത്തി രണ്ടു മനസുകളും ഒരേ തരംഗത്തിലാണോ ആവര്‍ത്തിക്കുന്നത് എന്നു കണ്ടുപിടിച്ച് ഹൃദയങ്ങളെ യോജിപ്പിക്കുന്ന ജോലി കര്‍ത്താവിന് എളുപ്പമാക്കിക്കൊടുക്കുക.’

‘ഊശ്.’ ഭാസ്‌കരന്‍ നായര്‍ പറഞ്ഞു. ‘ഏതു പുസ്തകത്തില്‍ നിന്നാണ് നീ ഈ പറഞ്ഞതെല്ലാം ചൂണ്ടിയത്?’

‘അത് രഹസ്യമാണ്. ഇത് ആധുനികോ­ത്തരമാണ്. ഒറിജിനല്‍ പറഞ്ഞുതന്നാല്‍ എന്റെ പുസ്തകം ചെലവാവില്ല.’

കൃത്യം രണ്ടു മണിക്ക് നാന്‍സി റെസ്റ്റോറണ്ടി­ലെത്തിയപ്പോള്‍ വാതില്‍ക്കല്‍ ഹീറോ കാത്തുനിന്നിരുന്നു. ഒരു ലഞ്ചിനുവേണ്ടി രണ്ടു മണിക്കുള്ള വെയിലത്തെ നടത്തം വിഫലമാകുമോ എന്ന ഭയാശങ്കകളോടെ അവള്‍ നടന്നു.

‘ഞാന്‍ ഓഫീസില്‍ വരാമെന്നാണ് കരുതിയത്?’ അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

അയ്യട! അവള്‍ മനസ്സില്‍ കരുതി.

അവര്‍ ചില്ലുവാതില്‍ കടന്ന് ഉള്ളിലേയ്ക്കു പ്രവേശിച്ചു. ഉള്ളില്‍ മങ്ങിയ വെളിച്ചത്തില്‍ കണ്ണുകള്‍ പഴകാന്‍ കുറച്ചു സമയമെടുത്തു. അവള്‍ മറ്റൊരു മുഖത്തിനു വേണ്ടി തിരയുകയായിരുന്നു. വരില്ലെന്നറിയാം എങ്കിലും....

അവര്‍ മേശക്കിരുവശത്തും ഇരിപ്പുറപ്പിച്ചു. വെയ്റ്റര്‍ വന്ന് മെന്യു കാര്‍ഡ് രണ്ടു പേരുടേയും മുമ്പില്‍വച്ചു. മെന്യു തുറക്കുമ്പോള്‍ നാന്‍സി ശ്രദ്ധിച്ചിരുന്നത് മുമ്പിലിരിക്കുന്ന ആളുടെ മുഖമായിരുന്നു. എവിടെവച്ചാണ് അതു കണ്ടത്. മുമ്പെങ്ങോ കണ്ടു മറന്ന മുഖം. പെണ്ണുകാണാന്‍ വന്ന ദിവസവും ആ മുഖം അവളെ അലട്ടിയിരുന്നു. അയാള്‍ ചോദിച്ചു.

‘എന്താണ് കഴിക്കുന്നത്?’

അവള്‍ക്ക് സംശയമുണ്ടായിരുന്നില്ല. മസാലദോശ എന്നു പറയുവാന്‍ വാ തുറന്നതാണ്. പെട്ടെന്നവള്‍ വേണ്ടെന്നു തീരുമാനിച്ചു. ഈ മനുഷ്യന്റെ ഒപ്പം താന്‍ മസാലദോശ കഴിക്കുന്നില്ല. അവള്‍ മെന്യുകാര്‍ഡ് എടുത്തു മറിച്ചുനോക്കി. ബിരിയാണി, പൊറാട്ട, ചിക്കന്‍ കറി. അവള്‍ പറഞ്ഞു.

‘എനിക്ക് വെറും ഐസ്‌ക്രീം മാത്രം മതി.’

‘ഐസ് ക്രീം പിന്നെ കഴിക്കാം. ആദ്യം ചിക്കന്‍ ബിരിയാണിയാവാം അല്ലെ?’

അവള്‍ ഒന്നും പറയുന്നില്ല. അവള്‍ക്ക് വിശപ്പുണ്ട്. എന്തെങ്കിലും അവട്ടെ. അവള്‍ വീണ്ടും മുമ്പിലിരിക്കുന്ന മനുഷ്യന്റെ മുഖത്തെപ്പറ്റി ആലോചിക്കുകയാണ്. എവിടെയാണതു കണ്ടിട്ടുള്ളത്. പെട്ടെന്ന് ഓര്‍മ്മകള്‍, വര്‍ഷങ്ങളുടെ മയില്‍ക്കുറ്റികള്‍ താണ്ടി, പുറകോട്ട് വാങ്ങി. സ്‌കൂള്‍ ആനിവേര്‍സറിയുടെ നാടകം. ‘അവസാനത്തെ തിരുവത്താഴം’. പ്രിന്‍സിപാള്‍ മൈക്കലച്ചന്‍ തന്നെ എഴുതിയുണ്ടാക്കിയ നാടകമാണ്.

യേശു അപ്പക്കഷ്ണം മുക്കി യൂദാസിനു കൊടുത്തുകൊണ്ട് പറഞ്ഞു:

‘നീ ചെയ്യാനിരിക്കുന്നത് വേഗം ചെയ്യുക.’

യൂദാസായി അഭിനയിച്ചത് നാന്‍സിയുടെ സഹപാഠിയായിരുന്ന ആന്റണി­യായിരുന്നു. ആ മുഖമാണ് താനിപ്പോള്‍ മുമ്പില്‍ കാണുന്നത്. അവള്‍ക്ക് ആന്റണിയെ ഇഷ്ടമായിരുന്നില്ല.

‘എന്റെ പേര് ഷാജീന്നാണ്.’

നാന്‍സി യേശുവിന്റെ മുഖത്തിനുവേണ്ടി ചുറ്റും നോക്കുക­യായിരുന്നു. യൂദാസിന്റെ ചതിക്കുന്ന മുഖത്തിനു­മപ്പുറത്ത് അവള്‍ കണ്ടു, മറ്റൊരു മേശക്കുപിന്നില്‍ ചിരിക്കുന്ന മുഖം.

‘കല്യാണം ഒറപ്പിക്കണതിനു മുമ്പ് ഒന്നു സംസാരിക്കാംന്ന് വിചാരിച്ച് വിളിച്ചതാ.’

നാന്‍സി സന്തോഷവതിയായിരുന്നു. രാജന്‍ വരില്ലെന്നുതന്നെയാണ് വിചാരിച്ചത്. ഇപ്പോള്‍ ഇതാ തൊട്ടടുത്ത മേശക്കു പിന്നില്‍.....

പ്രതിശ്രുതവധുവിന്റെ മുഖം പെട്ടെന്നു തെളിഞ്ഞതിന്റെ പിന്നിലെ ചേതോവികാ­രങ്ങളൊന്നും വരന് മനസ്സിലായില്ല. അയാള്‍ അതൊരു അനുകൂലപ്രതി­കരണമാണെന്നു കരുതി തുടര്‍ന്നു.

‘നാന്‍സിക്കും എന്തെങ്കിലുമൊക്കെ സംസാരിക്കാ­നുണ്ടാവൂലോ?’

‘എനിക്കൊന്നും സംസാരിക്കാനില്ല.’ അവള്‍ നുണ പറഞ്ഞു. അവള്‍ക്ക് ശരിക്കു പറഞ്ഞാല്‍ ഒരു നൂറു കാര്യങ്ങള്‍ സംസാരിക്കാ­നുണ്ടായിരുന്നു. അതു കഴിഞ്ഞാല്‍ പിന്നെ അവിടെനിന്നു ഒറ്റത്തടിയായി രക്ഷപ്പെടുന്ന കാര്യത്തില്‍ മാത്രമായിരുന്നു സംശയം.

‘നാന്‍സിക്ക് എന്നെ ഇഷ്ടായില്ലേ?’

‘പിന്നേ?’ അവള്‍ സത്യം പറഞ്ഞു. ശരാശരിക്കു മീതെയുള്ള ഏത് ആണ്‍പിള്ളരേയും അവള്‍ക്കിഷ്ടമായിരുന്നു. ശരാശരിക്കു താഴെയാണെങ്കില്‍ മാത്രം അവള്‍ തെരഞ്ഞെ­ടുക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കും. മുമ്പിലിരിക്കുന്ന പുരുഷന്‍ ലക്ഷണമൊത്ത ആളാണ്. കട്ടിയുള്ള പുരികങ്ങള്‍, കട്ടിയുള്ള മീശ, നിറം കുറഞ്ഞ മുഖത്ത് രാവിലെ ഷേവുചെയ്തിട്ടും മാഞ്ഞുപോയിട്ടില്ലാത്ത താടിയുടെ കറുത്ത ഭൂപടം. ചുവപ്പില്‍ വെള്ളവരയുള്ള ടെറികോട്ട് ഷര്‍ട്ടിനടിയിലൂടെ പ്രത്യക്ഷപ്പെടുന്ന ഉറച്ച പേശികളുള്ള ദേഹം. മുഖത്തെ ഭാവം മാത്രമാണ് അവള്‍ക്കിഷ്ടപ്പെടാത്തത്. യൂദാസിന്റെ മുഖം!

പിന്നില്‍ യേശു വെയ്റ്റര്‍ക്ക് എന്തോ ഓര്‍ഡര്‍ കൊടുത്ത് ചിരിച്ചുകൊണ്ട് ഇരിക്കയാണ്. അവള്‍ക്ക് പെട്ടെന്ന് മേശ മാറിയിരിക്കാന്‍ തോന്നി.

‘നാന്‍സി എന്തു ജോലിയാണ് ചെയ്യണത്? കമ്പ്യൂട്ടറിലാ­ണെന്നറിയാം.’

‘ഡി.ടി.പി. ചെയ്യ്വാണ്.’

ഷാജിക്ക് മതിപ്പുണ്ടായി. ആലുവായിലും ഡിടിപി. സെന്ററുകളുണ്ട്. ചില്ലിട്ട് എയര്‍കണ്ടീഷന്‍ ചെയ്ത വാതിലുകള്‍ക്കപ്പുറത്ത് സുന്ദരികളായ പെണ്‍കുട്ടികള്‍ കമ്പ്യൂട്ടറിനു മുമ്പില്‍ ഇരുന്ന് ജോലിയെ­ടുക്കുന്നത് അയാള്‍ കണ്ടിട്ടുണ്ട്. തന്റെ ഭാവിവധുവും അങ്ങിനെയൊരു സ്ഥലത്താണ് ജോലിയെ­ടുക്കുന്നത്. ഒരു കച്ചവടക്കാ­രനായിരുന്ന അയാള്‍ക്ക് ഓഫീസുകളും അതില്‍ ജോലിയെ­ടുക്കുന്നവരും ആദരണീയരായിരുന്നു. അപ്പന്റെ കാലത്ത് തുടങ്ങിയ കച്ചവടമാണ്. ഇപ്പോള്‍ താനും അനുജനുംകൂടി നടത്തുന്നു. രണ്ടുപേരും പ്രീഡിഗ്രിവരെ മാത്രമേ പഠിച്ചിട്ടുള്ളൂ. കച്ചവടം നടത്താന്‍ അത്രതന്നെ പഠിത്തം ആവശ്യമില്ലെന്ന അപ്പന്റെ നിലപാടിനോട് പഠിക്കാന്‍ മടിയനായ ഷാജി പെട്ടെന്നു യോജിച്ചു. അനുജനാണ് പിന്നേയും പഠിച്ചാല്‍ കൊള്ളാമെന്നു­ണ്ടായിരുന്നത്. പഠിക്കാന്‍ പോയാല്‍ നിലവിലുള്ള ബിസിനസ്സ് ചേട്ടനു മാത്രമായി കൊടുക്കേ­ണ്ടിവരുമെന്ന് മനസ്സിലായപ്പോള്‍ അവനും പഠിത്തം വേണ്ടെന്നു വച്ചു.

‘ആരാ അത് നടത്തണത്?’

‘ഒരു സാറാണ്.’

‘ചെറുപ്പക്കാരനാണോ?’

‘ഉം. അറുപത്തഞ്ചു വയസ്സേ ആയിട്ടുള്ളൂ.’

അയാള്‍ ചിരിച്ചു. അയാളുടെ കഴുത്തില്‍ കെട്ടിയ സ്വര്‍ണമാല അപ്പോഴാണവള്‍ കാണുന്നത്. അറ്റത്തൊരു കുരിശും തൂങ്ങിക്കിടന്നിരുന്നു. അതു നോക്കിക്കൊണ്ട് നാന്‍സി ചോദിച്ചു.

‘ഭക്തിയൊക്കെ ഉള്ള ആളാണല്ലോ.’

‘എന്താ നാന്‍സിക്ക് ഭക്തിയൊന്നുമില്ലേ?’

‘ഉണ്ടല്ലോ, ഞാന്‍ യേശുവില്‍ വിശ്വസിക്കുന്നു.’ പക്ഷേ പള്ളിയില്‍ പോകാറില്ല എന്നു പറയാന്‍ ഓങ്ങിയതായിരുന്നു. അവള്‍ പറഞ്ഞില്ല. യേശു അവളെ സംബന്ധി­ച്ചേടത്തോളം ഒരു സ്വകാര്യ­സ്വത്തായിരുന്നു.

‘ധ്യാനത്തിനൊക്കെ കൂടാറുണ്ടോ?’ അയാള്‍ വീണ്ടും ചോദിച്ചു.

‘ഇല്ല, എനിക്കതിലൊന്നും വിശ്വാസമില്ല.’

‘എന്തേ? ധ്യാനകേന്ദ്രത്തില്‍ പല അദ്ഭുതങ്ങളും സംഭവിക്കുന്നുണ്ടല്ലോ?’

‘ഒരദ്ഭുതം മാത്രം സംഭവിച്ചുകാണാറില്ല. അതു സംഭവിച്ചു­കണ്ടാല്‍ ഞാന്‍ എല്ലാ മാസവും ഓരോ ആഴ്ച ധ്യാനത്തിനു കൂടും.’

‘എന്തദ്ഭുതം?’

‘പിന്നെ പറയാം.’

ഭക്ഷണമെത്തിയിരുന്നു. ബിരിയാണിയും, കറികളും സാലഡും അച്ചാറുകളും നിറച്ച പ്ലെയ്റ്റുകളും പാത്രങ്ങളും രണ്ടുപേരുടെയും മുമ്പില്‍ ഭവ്യതയോടെ നിരത്തിവച്ച് വെയ്റ്റര്‍ സ്ഥലം വിട്ടു. രാജന്റെ മുമ്പിലും ഇതേ വിഭവങ്ങളാണെന്ന് അദ്ഭുതത്തോടെ, ആഹ്ലാദത്തോടെ നാന്‍സി മനസ്സിലാക്കി. അവള്‍ ചിരിച്ചു. രാജനും ചിരിക്കുന്നുണ്ടായിരുന്നു.

തന്റെ മുഖത്തു കണ്ട സന്തോഷത്തിന്റെ കാരണമറിയാതെ താനൊരു ആര്‍ത്തിപ്പ­ണ്ടാരമാണെന്ന് ഷാജി മനസ്സില്‍ കരുതിയിട്ടു­ണ്ടാവാമെന്ന് നാന്‍സി ഊഹിച്ചു. സാരമില്ല. താനൊരു ആര്‍ത്തിപ്പണ്ടാരം തന്നെയാണല്ലോ. അവള്‍ ആത്മീയചിന്തകളെ മനസ്സില്‍നിന്നകറ്റി മുമ്പില്‍ വച്ച ബിരിയാണിയോടു നീതി പുലര്‍ത്താന്‍ തുടങ്ങി. യാതൊരു ഖേദവുമില്ലാതെ ഡയറിയില്‍ കുറിച്ചിടാന്‍ ഒരു കാര്യമായല്ലോ.

ബിരിയാണിക്കും ഐസ്‌ക്രീമിനുമിടയ്ക്ക് സമയത്തിന്റെ അപാരമായ വിടവു സംസാരംകൊണ്ട് നികത്താന്‍ അവള്‍ തീര്‍ച്ചയാക്കി. അവള്‍ ചോദിച്ചു.

‘എത്രയാണ് സ്ത്രീധനം ആവശ്യപ്പെട്ടിട്ടുള്ളത്?’

ഷാജി അല്പം അസ്വസ്ഥനായി. ഈ വക കാര്യങ്ങള്‍ സംസാരിക്കാ­നല്ലായിരുന്നു അയാള്‍ അവളെ വിളിച്ചത്.

‘ആവക കാര്യങ്ങളില്‍ നമ്മള്‍ ഇടപെടേണ്ട. മൂത്തവര്‍ തീര്‍ച്ചയാക്കട്ടെ.’

‘മൂത്തവര്‍ക്കു വേണ്ടിയാണോ പണം വാങ്ങുന്നത്?’

അയാള്‍ ഒന്നും പറയുന്നില്ല.

‘നിങ്ങള്‍ക്ക് കടയെടുക്കാനാണെന്നാണല്ലോ പറഞ്ഞുകേട്ടത്?’

‘അതെല്ലാം നമ്മുടെ സമുദായത്തിലെ സമ്പ്രദായങ്ങളല്ലേ? എന്താ ഇഷ്ടമായില്ലേ?’

‘പിന്നേ, നമുക്ക് വരവല്ലേ? ഇത്ര കുറച്ചു ചോദിച്ചതു മാത്രം എനിക്കിഷ്ടായില്ല. മൂന്നു ലക്ഷല്ലേ ചോദിച്ചുള്ളൂ.’

‘തല്ക്കാലം അതു മതി.’ അയാള്‍ തുടര്‍ന്നു. ‘പിന്നെ ആവശ്യമായി വര്വാണെങ്കില്‍ ചോദിക്കാലോ.’

‘അപ്പന്റെ കയ്യില് പൂത്ത പണം ഇരിക്കിണ്ണ്ട്. ചോദിച്ചാല്‍ എടുത്തുതരും.’

പയ്യന്‍ വിഷണ്ണനായി. മൂന്നുലക്ഷം മാത്രം ചോദിച്ചത് വലിയ വിഡ്ഢിത്തമാ­യെന്നയാള്‍ക്കു തോന്നി. സാരമില്ല. അതില്‍ ഒട്ടും കുറക്കേണ്ട.

അടുത്ത മേശക്കരികെ ഇരുന്ന് ചിരിച്ചുകൊണ്ട് എഞ്ചിന്‍ ഡ്രൈവര്‍ സംഭാഷണം ആസ്വദിക്കുന്നു­ണ്ടായിരുന്നു. ഐസ്‌ക്രീം വന്നു.

ഐസ്‌ക്രീമിന്റെ ഗ്ലാമറില്‍ വൈവാഹി­കചിന്തകള്‍ അപ്രത്യക്ഷമായി. രാജനും ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തിരുന്നു. ഓര്‍ഡര്‍ ചെയ്തില്ലായിരു­ന്നുവെങ്കില്‍ താന്‍ അയാളെ കൊല്ലുമായി­രുന്നുവെന്ന് അവള്‍ മനസ്സില്‍ കരുതി. അപ്പുറത്തെ മേശമേലാണെങ്കിലും താന്‍ കഴിക്കുന്ന­തുതന്നെ അയാളും കഴിക്കണം.

ഐസ്‌ക്രീം കഴിച്ചുകൊണ്ടിരിക്കേ ഷാജി ചോദിച്ചു.

‘എന്നെ ഇഷ്ടമായോ?’

‘ഇഷ്ടമായില്ലെങ്കില്‍ ഞാന്‍ വരില്ലായിരുന്നു.’

‘എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ?’

അവള്‍ ഒരു നിമിഷം ആലോചിച്ചു. വേണോ? കാര്യമുണ്ടോ? ചോദിക്കാതി­രിക്കുന്നതു കൊണ്ട് ഗുണമൊന്നുമില്ല എന്നതുകൊണ്ട് ചോദിക്കാന്‍ തന്നെ അവള്‍ തീര്‍ച്ചയാക്കി.

‘ധ്യാനകേന്ദ്രത്തില്‍ പല അദ്ഭുതങ്ങളും നടക്കാറുണ്ട് എന്നു പറഞ്ഞല്ലോ.’

‘അതേ?’

‘അവിടെ ധ്യാനം കൂടാന്‍ വരുന്ന ഏതെങ്കിലും ചെറുപ്പക്കാര്‍ സ്ത്രീധനമില്ലാതെ കല്ല്യാണം കഴിക്കാന്‍ തയ്യാറായി എന്ന അദ്ഭുതം സംഭവിച്ചിട്ടുണ്ടോ? നമ്മുടെ സമുദായത്തില്‍നിന്ന് സ്ത്രീധനം എന്ന വ്യവസ്ഥ നീങ്ങിക്കിട്ടുക എന്ന അദ്ഭുതം സംഭവിച്ചാല്‍ ഞാന്‍ മാസത്തിലൊ­രിക്കലെങ്കിലും ധ്യാനം കൂടാന്‍ വരാം.’

ഷാജി ഒന്നും പറയുന്നില്ല. അയാള്‍ ശരിക്ക് ആശയക്കുഴപ്പത്തി­ലായിരിക്കയാണ്. എന്താണിവളുടെ മനസ്സില്‍?

‘അദ്ഭുതം സൃഷ്ടിക്കുന്ന കര്‍ത്താവെന്തേ ഈയൊരദ്ഭുതം നടത്താതിരുന്നത്?’

അവള്‍ ശരിക്കും രോഷാകു­ലയായിരുന്നു. ട്രെയിന്‍ യാത്രയില്‍ അവളുടെ കൂട്ടുകാരികളുടെ കദനകഥകള്‍ നിത്യേന­യെന്നോണം കേള്‍ക്കാറുണ്ട്. സ്ത്രീധനം കൊടുക്കാന്‍ പറ്റാതെ മുടങ്ങിയ കല്യാണങ്ങള്‍. സ്ത്രീധനം കൊടുത്തിട്ടും പോരാതെ വീണ്ടും വീണ്ടും പണമാവശ്യപ്പെട്ട് കൊടുക്കാന്‍ കഴിയാതെ­വരുമ്പോള്‍ ഭാര്യയെയും കുട്ടികളേയും വീട്ടില്‍ കൊണ്ടുവിട്ട സംഭവങ്ങള്‍. പീഡനകഥകള്‍. അദ്ഭുതം കാട്ടേണ്ടത് ഈയൊരു കാര്യത്തിലാ­ണെന്നവള്‍ ഉറച്ചു വിശ്വസിച്ചു. ദൈവത്തിന് അവന്റെ സൃഷ്ടികളില്‍ വലിയ സ്വാധീനമൊന്നുമില്ലെന്നായിരുന്നു അവളുടെ അനുഭവം.

വൈകുന്നേരം രാജനെ കാണുന്നതുവരെ അവള്‍ വളരെ ചീത്ത മൂഡിലായിരുന്നു. ഷാജി ബൈക്കിലായിരുന്നു വന്നത്. ഓഫീസില്‍ വിടാമെന്നു പറഞ്ഞപ്പോള്‍ അവള്‍ ഒഴിഞ്ഞുമാറി.

‘ഗിരിപ്രഭാഷണം നന്നായിരുന്നു.’ രാജന്‍ പറഞ്ഞു.

‘എന്നെ ഇനിയും ദ്വേഷ്യം പിടിപ്പിക്കണ്ട.’

‘തണുക്കാന്‍ എന്തെങ്കിലും?’

‘ഐസ്‌ക്രീം മതിയാവും.’

ഐസ്‌ക്രീം കഴിച്ചുകൊണ്ടിരിക്കേ രാജന്‍ ചോദിച്ചു.

‘നിങ്ങടെ വീട്ടില്‍ പണത്തിലെ പൂപ്പല്‍ കളയാന്‍ എന്താണുപയോ­ഗിക്കുന്നത്?’

‘എന്തിനാ?’

‘ഞങ്ങടെ വീട്ടിലും കുറെ പൂത്ത പണമിരിക്കുന്നുണ്ട്. അതൊന്നു വൃത്തിയാക്കി എടുക്കാനാ.’

‘അയാള് ശരിക്കും വിചാരിക്കണത് അപ്പന്റെ കയ്യില് പൂത്ത പണം ഇരിക്കുന്നു­ണ്ടെന്നാണ്.’ അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ഇല്ലേ, എന്നിട്ട്?’

‘ഇല്‍...ല്യാ...!?’

‘ഞാന്‍ ആലോചിക്യായിരുന്നു.’

‘എന്ത്?’

‘എത്ര ഐസ്‌ക്രീമുകളും മസാലദോശകളും നഷ്ടമായെന്ന്.’ ‘അത്രയല്ലേ ഉള്ളൂ!’