close
Sayahna Sayahna
Search

ഇരുപത്തിയൊന്നാം ദിവസം


ഇരുപത്തിയൊന്നാം ദിവസം
EHK Novel 04.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 29

Externallinkicon.gif എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

ശനിയാഴ്ച സംഭവങ്ങളൊന്നുമില്ലാതെ കടന്നുപോയി. എഞ്ചിന്‍ ഡ്രൈവറുടെ മുറിയില്‍നിന്ന് പുറത്തേയ്ക്ക് നീണ്ടത് ഒരു വയസ്സന്റെ മുഖമായിരുന്നു. ഒന്നുകില്‍ രാജന്ന് ഒരു രാത്രികൊണ്ട് വയസ്സായി­ക്കാണണം. അല്ലെങ്കില്‍ അത് വേറെ ഡ്രൈവറായിരിക്കണം. രണ്ടാമത്തേതാ­യിരിക്കണം ശരിയെന്നവള്‍ അനുമാനിച്ചു. എറണാകുളം സൗത്തില്‍ വണ്ടിയിറ­ങ്ങിയപ്പോള്‍ ഒരിക്കല്‍ക്കൂടി നിജസ്ഥിതി അറിയാന്‍ അവള്‍ മുമ്പിലേയ്ക്കു നടന്നു. ഒരു വയസ്സന്‍തന്നെ. നരച്ച കുറ്റിരോമങ്ങള്‍ ചൊറിഞ്ഞുകൊണ്ട് അയാള്‍ താന്‍ വലിച്ചുകൊണ്ടുവന്ന ജനങ്ങളെ ആശീര്‍ വ്വദിക്കാനെ­ന്നപോലെ നില്‍ക്കുന്നു. ആശിക്കാനൊ­ന്നുമില്ല. നാളെ ഞായര്‍. ഡ്രൈവറില്ലാതെ തന്റെ വണ്ടി രണ്ടു ദിവസം ഓടിക്കണം.

ഞായറാഴ്ച രാവിലെ പള്ളിയില്‍ക്കൂടി പോകാതെ ഓടിയെത്തിയ ചിറ്റപ്പന്‍ തന്ന വിവരം തീരെ ആശാവഹ മായിരുന്നില്ല. പയ്യന് നാന്‍സിയെ­ത്തന്നെ വേണമത്രെ. സ്ത്രീധനം കുറക്കാനൊന്നും പറ്റില്ല, അതുപോലെ നാല്പതു പവന്റെ പണ്ടങ്ങളും വേണം. രണ്ടാമത്തേതു മാത്രമാണ് കുറച്ച് ആശയ്ക്കു വഴിതന്നത്. സ്ത്രീധനം കുറക്കാന്‍ പറ്റില്ലെന്നു പറഞ്ഞാലെങ്കിലും അപ്പന്‍ ഈ കല്യാണത്തിന് സമ്മതം കൊടുത്തി­ല്ലെങ്കിലോ? ഞായറാഴ്ച രാത്രി അവള്‍ ഡയറിക്കു പകരം എഴുതിയത് അപ്പച്ചനുള്ള കത്തായിരുന്നു. അത് മടക്കി ബാഗിലിട്ട ശേഷം അവള്‍ സുഖമായി ഉറങ്ങി.

രാവിലെ പുറത്തിറങ്ങിയപ്പോള്‍ അമ്പലത്തില്‍ പോകണമെന്നൊന്നും ധാരണയു­ണ്ടായിരുന്നില്ല. പക്ഷേ അവ ളുടെ കാലുകള്‍ നയിച്ചത് അമ്പലത്തി­ലേയ്ക്കായിരുന്നു. പ്രസാദം കൊടുക്കുമ്പോള്‍ ശാന്തിക്കാരന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

“കുട്ടിയെ കുറേ ദിവസായി കാണാറില്ലല്ലോ.”

‘കര്‍ത്താവേ,’ നാന്‍സി മനസ്സില്‍ പറഞ്ഞു. ‘ഇയ്യാക്കും എന്നോട് പ്രേമമായോ?’ ഭഗവാന്റെ അമ്പലത്തില്‍വച്ച് കര്‍ത്താവിനെ വിളിച്ചതില്‍ ക്ഷമിക്കണമെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അവള്‍ പ്രസാദം സ്വീകരിച്ചു.

ഇന്നും എഞ്ചിന്‍ മുറിയില്‍ രാജനെ കണ്ടില്ലെങ്കില്‍ അതേ വണ്ടിയില്‍ തല വെക്കണ­മെന്നവള്‍ തീര്‍ച്ചയാക്കിയിരു ന്നു. അതിന്റെ ആവശ്യമുണ്ടായില്ല. മോന്തയും പുറത്തിട്ട് ഇളിച്ചുകൊണ്ട് അയാള്‍ ഇരിക്കുന്നു­ണ്ടായിരുന്നു. നാന്‍സി തലവെട്ടിച്ച് കമ്പാര്‍ട്ടുമെന്റില്‍ കയറി. അന്താക്ഷരിയുടെ അഭിനേതാക്കള്‍ തയ്യാറെടു­ത്തിരിക്കയാണ്.

ട്രെയിന്‍ ഇറങ്ങി നേരിട്ടു നടക്കാതെ പാലത്തിന്മേല്‍ കയറാന്‍ നില്‍ക്കു­മ്പോഴാണ് അവള്‍ കണ്ടത്. രാജന്‍ എഞ്ചിന്റെ പുറത്തിറങ്ങി നില്‍ക്കയാണ്. അവള്‍ നോക്കിയപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ട് അവളെ വിളിച്ചു. അടുത്തു ചെന്നപ്പോള്‍ ചോദിച്ചു.

“എന്താണ് പിണക്കം?”

“ശനിയാഴ്ച സാങ്ക്ഷനില്ലാതെ ലീവെടുത്തതെന്തിനാണ്?”

“ആരുടെ സാങ്ക്ഷന്‍?”

“എന്റെ.”

“വൈകുന്നേരം കാണില്ലേ, അപ്പോള്‍ പറയാം.”

“വൈകുന്നേരം കാണുന്നില്ലെങ്കിലോ?”

“പറയലുണ്ടാവില്ല.”

ഞാന്‍ തോറ്റു. നാന്‍സി വിചാരിച്ചു. അപ്പന്നുള്ള കത്ത് അവളുടെ കൈസഞ്ചിയില്‍ ഇരുന്ന് വേവുന്നുണ്ട്. അപ്പച്ചനെന്താണ് വിചാരിക്കുക എന്നറിയില്ല. എന്തു വിചാരിച്ചാലും കുഴപ്പമില്ല. തനിക്ക് ഒരു തീരുമാനം എടു ക്കേണ്ടതുണ്ട്. തിരക്കിന്നി­ടയില്‍ക്കൂടി നടക്കുമ്പോള്‍ അവള്‍ ഒരിക്കല്‍ക്കൂടി ആലോചിച്ചു. ആ കത്ത്, അത് പോസ്റ്റു ചെയ്യണോ? റോഡില്‍ അവള്‍ക്കു പോകാനായി വാഹനങ്ങള്‍ നിര്‍ത്തിയ പോലീസുകാരന് സാധാരണ കൊടു ക്കാറുള്ള ചിരി സമ്മാനിച്ച് അവള്‍ നടന്നു. പോസ്റ്റാഫീസിന്റെ മുമ്പിലെത്തി­യപ്പോള്‍ അവള്‍ സഞ്ചി തുറന്ന് കത്തു പുറത്തെടുത്തു. ഒരിക്കല്‍ക്കൂടി അതു വായിക്കാനുള്ള ആഗ്രഹം മനസ്സിലൊതുക്കി അവള്‍ കത്ത് പെട്ടിയിലിട്ടു. ഒരിക്കല്‍ക്കൂടി വായിച്ചാല്‍ ആ കത്ത് പോസ്റ്റുചെയ്യലുണ്ടാവില്ല.

“എന്തായീ നിന്റെ കല്യാണക്കാര്യങ്ങള്‍?” ഭാസ്‌കരന്‍ നായര്‍ ചോദിച്ചു.

“സാറിന് ഇത്രയും ഗഹനമായ കാര്യങ്ങള്‍ ഇത്രയും ലാഘവബു­ദ്ധിയോടെ എങ്ങിനെ എടുക്കാന്‍ പറ്റുന്നൂ?”

“അപ്പോള്‍ നീ കാര്യങ്ങള്‍ ഗൗരവത്തോടെ എടുക്കാന്‍ തുടങ്ങിയെന്നര്‍ത്ഥം. എനിക്കു സന്തോഷായി.”

“സാറ് അങ്ങിനെ സന്തോഷിക്കയൊന്നും വേണ്ട.”

“എന്തേ?”

“ഞാനൊരു നായര് ചെക്കന്റെ ഒപ്പം ഒളിച്ചോടാന്‍ പോകുന്നു.”

“എന്തിനാ ഓടുന്നത്, നടന്നുപോകാന്‍ മേലാ?”

“സാറിന് തമാശയാ. എന്നെ കാണാതാവുമ്പോ മനസ്സിലാവും.”

“ആട്ടെ ആരാണാ നിര്‍ഭാഗ്യവാന്‍?”

“എന്നെ കിട്ടാന്‍ വേണ്ടി ഏഴു ജന്മം തപസ്സിരുന്ന ആ ഭാഗ്യവാന്റെ പേര് രാജന്‍.”

“എന്താണയാള്‍ ചെയ്യുന്നത്?”

“ദിവസവും അങ്കമാലിയില്‍നിന്ന് എന്നെ ഏറ്റി എറണാകുളത്തെത്തിക്കുന്നു.”

“എന്നു വച്ചാല്‍?”

“അയാളൊരു എഞ്ചിന്‍ ഡ്രൈവറാണ്.”

ഭാസ്‌കരന്‍ നായര്‍ നിശ്ശബ്ദനായി.

രാജന്‍ മേശയുടെ മറുവശത്ത് അവളെ നോക്കി ചിരിച്ചുകൊ­ണ്ടിരുന്നു. റസ്റ്റോറണ്ടില്‍ തിരക്കു കുറവായിരുന്നു. തിങ്കളാഴ്ച പൊതുവേ തിരക്ക് കുറവാണ്.

“ഞാന്‍ ജീവിതത്തില്‍ തിന്ന മസാലദോശ നീട്ടി വച്ചാല്‍ ചന്ദ്രനിലേയ്ക്കും തിരിച്ചുമുള്ള ദൂരം കാണും.” നാന്‍സി പറഞ്ഞു.

“ഞാന്‍ അതിനു വേണ്ടി ചിലവാക്കിയ നോട്ടുകള്‍ നീട്ടിവച്ചാല്‍ ആകാശഗംഗ രണ്ടുവട്ടം വലംവെക്കാനാവും.” രാജന്‍ പറഞ്ഞു. “ആട്ടെ രാവിലെ മോന്ത കനപ്പിച്ച് പോകാന്‍ എന്താണ് കാരണം?” “എനിക്ക് ഭംഗിയുള്ള മോന്ത ഉണ്ടായതുകൊണ്ട്.” നാന്‍സി പറഞ്ഞു. “അതല്ലാ കേട്ടോ കാര്യം. ദിവസവും കാണുന്ന ഒരാളെ ഒരു ദിവസം കാണാതായാല്‍ നമുക്കൊക്കെ വിഷമമുണ്ടാവില്ലെ. അത് പല വിധത്തിലും പുറത്തുവരും. ആട്ടെ, താങ്കള്‍ എവിടേയ്ക്കാണ് ശനിയാഴ്ച അപ്രത്യക്ഷ­നായതെന്ന് പറയാമോ?”

“എനിക്ക് മാറ്റമായി. വീണ്ടും കോയമ്പത്തൂരിലേയ്ക്കുതന്നെ.”

വിശ്വസിക്കാന്‍ പ്രയാസമായ പോലെ നാന്‍സി ഇരുന്നു.

“മാറ്റമൊഴിവാക്കാനാകുമോ എന്നന്വേഷിക്കാന്‍ പോയതാണ്. പറ്റില്ലെന്നാണവര്‍ പറയുന്നത്. ഒരു മൂന്നു മാസ മെങ്കിലും അവിടെ വേണം. അതുകഴിഞ്ഞിട്ട് നോക്കാമെന്നു പറയുന്നു.”

നാന്‍സി ഒന്നും പറയാതെ, ദോശ തിന്നാതെ ഇരിക്കയാണ്. അവളുടെ മുഖം വാടിയിരുന്നു.

“ദോശകളോടും ഐസ്‌ക്രീമുകളോടും വിട പറയണ്ടേ എന്ന വിഷമമാണോ?”

നാന്‍സി ചിരിക്കുന്നില്ല. പെട്ടെന്നാണയാള്‍ കണ്ടത്. അവളുടെ കണ്ണില്‍ ജലകണങ്ങള്‍ ഉരുണ്ടുകൂടുന്നു. അവളുടെ തുടുത്ത കവിളിലൂടെ അത് ഒലിച്ചിറങ്ങുകയാണ്.

നാന്‍സി കരയുക! ഈ പെണ്ണിന് കരയാനും അറിയാമോ? അയാള്‍ അവളുടെ കൈ പിടിച്ച് അമര്‍ത്തി.

ഡയറിയെഴെുത്ത് ഒരു സാന്ത്വനമായി അനുഭവപ്പെട്ടത് അന്നാണ്. രാത്രിയുടെ ശബ്ദങ്ങള്‍ അവള്‍ക്ക് അകമ്പടി സേവിച്ചു. കട്ടിലില്‍ ശാന്തയായി ഉറങ്ങുന്ന ചേച്ചി ഒന്നുമറിയുന്നില്ല. അവള്‍ ഭാസ്‌കരന്‍ നായര്‍ പറഞ്ഞതോര്‍ത്തു. ഒരിക്കലും ഒരെഞ്ചിന്‍ ഡ്രൈവറെ സ്‌നേഹിക്കരുത്. അവരുടെ ജീവിതം ഉരുളുന്ന ചക്രങ്ങള്‍ക്കു മീതെയാണ്. ഒരിടത്ത് ഉറച്ചുനില്‍ക്കാന്‍ കഴിയില്ല. നന്നായിപ്പോയി! അവള്‍ ഡയറി അടച്ചുവച്ചു. റസ്റ്റോറണ്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ കോണിപ്പടി­യില്‍വച്ച് രാജന്‍ ആരും കാണാതെ തന്നെ ഉമ്മവച്ചത് അവള്‍ ഡയറിയില്‍ എഴുതിയില്ല. അതെന്റെ മനസ്സില്‍ കിടക്കട്ടെ. എന്റെ ഏറ്റവും അടുത്ത ഡയറിയില്‍.

എനിക്കുവേണ്ടി കാത്തിരിക്കുമോ എന്ന് രാജന്‍ ചോദിച്ചതിന് അവള്‍ മറുപടിയൊന്നും പറഞ്ഞില്ല. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. അയാള്‍ അന്നു രാത്രി പോവുകയാണ്. ചൊവ്വാഴ്ച കോയമ്പ­ത്തൂരില്‍ ഡ്യൂട്ടിക്ക് ചേരണം. ശരിക്കു പറഞ്ഞാല്‍ തിങ്കളാഴ്ചതന്നെ ചേരേണ്ടതാണ്. അങ്കമാലി­യില്‍നിന്നു കയറി എറണാകുളത്തിറങ്ങി തന്റെ ഹൃദയവും കടംവാങ്ങി പോകുന്ന ഒരു സുന്ദരിയോട് യാത്രപറയാന്‍ വേണ്ടി ഒരു ദിവസത്തെ സാവകാശം ആവശ്യ­പ്പെട്ടതാണ്. ഇനിയും സന്തോഷിക്കേണ്ട. രാജന്‍ പറഞ്ഞു. ഞാന്‍ ഒരാളോടുംകൂടി പറഞ്ഞുവച്ചിട്ടുണ്ട്. അതു ശരിയാവുക­യാണെങ്കില്‍ ഞാന്‍ തിരിച്ച് ഉടനെത്തന്നെ ഈ വണ്ടിയില്‍ എത്തും. നിന്നെ ശല്യപ്പെടുത്താന്‍.

“എനിക്കത്രയൊന്നും ഭാഗ്യമില്ല.” നാന്‍സി പറഞ്ഞു.