ഏഴാം ദിവസം
ഏഴാം ദിവസം | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | എഞ്ചിന് ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
ആദ്യപതിപ്പിന്റെ പ്രസാധകര് | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 29 |
എഞ്ചിന് ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി
വലിയിടത്തച്ചന് പള്ളിയില്നിന്നിറങ്ങുമ്പോഴാണ് നാന്‍സി എത്തിയത്. അച്ചന് ഒരു നിമിഷം ശങ്കിച്ചു നിന്നു. പിന്നെ തിരിഞ്ഞ് പള്ളിയിലേയ്ക്കുതന്നെ നടന്നു. നാന്‍സി അപ്പോഴേയ്ക്കും മുന്‍വശത്തെ വാതില്‍ കടന്ന് പള്ളിയിലെത്തിയിരുന്നു. ഒഴിഞ്ഞ അങ്കണം ഒരു പ്രാചീന ദിനോസറിന്റെ വായപോലെ തന്നെ വിഴുങ്ങുന്നത് നാന്‍സി കണ്ടു. ദൂരെ, വളരെ ദുരെ അള്‍ത്താരയില്‍ വലിയിടത്തച്ചന് നില്ക്കുന്നു. നടന്നെത്താന്‍ എത്ര ദൂരമാണ്.
അച്ചന് കുമ്പസാരക്കൂടിനുനേരെ ചൂണ്ടിക്കാട്ടുകയാണ്. നാന്‍സി ഒരു നിമിഷം സംശയിച്ചുനിന്നു, പിന്നെ അങ്ങോട്ടു നടക്കുകയും ചെയ്തു. വലയിട്ട കിളിവാതിലിനപ്പുറം അച്ചന് പരുങ്ങുന്ന ശബ്ദം കേട്ടു. താമസിയാതെ ചോദ്യവും.
‘നീ കുമ്പസാരിച്ചിട്ട് എത്രകാലമായി?’
അവള്‍ക്ക് ഓര്‍മ്മയില്ല. ആറു മാസം? ഒരുകൊല്ലം? രണ്ടുകൊല്ലം?
‘ഓര്‍മ്മയില്ല.’
‘ഓര്‍മ്മയില്ല?’ വലിയിടത്തച്ചന്റെ ശബ്ദം പരുഷമായിരുന്നു. ‘സത്യകൃസ്ത്യാനികള് മാസത്തിലൊരിക്കലെങ്കിലും കുമ്പസാരിക്കണമെന്ന് അറിയില്ലേ?’
‘അതിന് അച്ചോ ഞാന്‍ പാപമൊന്നും ചെയ്തിട്ടില്ലല്ലോ.’
‘കുഞ്ഞേ,’ അച്ചന്റെ ശബ്ദം ഉയര്‍ന്നു, ‘പാപത്തിന്റെ കണക്കെടുക്കുന്നത് നീയോ അതോ കര്‍ത്താവോ?’
അവള് ഒന്നും പറഞ്ഞില്ല. അവള്‍ക്ക് അച്ചന്റെ പൗരുഷം നിറഞ്ഞ ശബ്ദം ഇഷ്ടമായിരുന്നു. ഈ ശബ്ദം കേള്‍ക്കാനെങ്കിലും കുമ്പസാരിക്കാന്‍ വരാമായിരുന്നു.
‘നീ ഒരു ചെറുപ്പക്കാരന്റെ കൂടെ നടക്കുന്നുണ്ടെന്ന് ഞാനറിഞ്ഞിരിക്കുന്നു.’
‘അതൊരു പാപമാണോ അച്ചോ?’
‘അവന് ഒരു വിശ്വാസിയല്ലെന്നും ഞാന്‍ മനസ്സിലാക്കുന്നു.’
‘പക്ഷേ അച്ചോ, അയാള്‍ കര്‍ത്താവിന്റെ മാതിരിയുണ്ട്.’
‘അതെല്ലാം സാത്താന്റെ പ്രലോഭനങ്ങളാണ്. അതിലൊന്നും വീഴാതെ നോക്കണം. നിനക്ക് കുമ്പസാരിക്കാനുണ്ടോ?’
‘ഒന്നും ഓര്‍മ്മയില്‍ വരുന്നില്ലച്ചോ.’
‘അവന് നിന്നെ തൊട്ടിട്ടില്ലേ?’
‘ഒരിക്കല്‍.’ ‘ഹാ, അതാണ് ഞാന്‍ പറയുന്നത് നിനക്ക് കുമ്പസാരിക്കാനുണ്ടാവുമെന്ന്.’
‘അച്ചന് കാര്യം മനസ്സിലാക്കാതെയാണ് പറയുന്നത്.’
‘എന്തേ?’
‘ഞാനാരിക്കല്‍ ട്രെയിനില്‍നിന്ന് വീണപ്പോള്‍ അയാളാണ് താങ്ങിയത്. അയാള്‍ താങ്ങിയിരുന്നില്ലെങ്കില്‍ ഞാന്‍ ട്രെയിനിന്റെ അടിയില്‍ പെടുമായിരുന്നു. അങ്ങിനെയാണയാള്‍ എന്നെ തൊട്ടുവെന്ന് പറഞ്ഞത്.’
‘താങ്ങിയപ്പോഴോ?’
‘അതെ.’
‘ഓ.’
താങ്ങിയശേഷം കുറച്ചുനേരം തന്നെ അയാളുടെ കൈകളില്‍ അയാളുടെ ദേഹത്തോടു ചേര്‍ത്തു പിടിച്ചുവെന്നത് നാന്‍സി പറഞ്ഞില്ല. അതൊരു പാപമാണോ? ആണെങ്കില്‍ത്തന്നെ അതു ചെയ്തത് താനല്ലല്ലോ.
‘നമ്മുടെ സമുദായത്തില്‍പ്പെടാത്തവരുമായി മാനസികമായി അടുക്കുന്നത് നന്നല്ല. അപ്പന് എന്നാണ് വരുന്നത്?’
‘അറിയില്ല. അച്ചോ, ഞാന്‍ പോയ്ക്കോട്ടെ, ട്രെയിനിനു സമയമായി.’
മറുപടിയൊന്നുമുണ്ടായില്ല. അവള് പുറത്തിറങ്ങിയിട്ടും വലിയിടത്തച്ചന് കുമ്പസാരക്കൂടിനുള്ളില്ത്തന്നെ ഇരുന്നു. അദ്ദേഹം പ്രലോഭനങ്ങളെപ്പറ്റിയായിരുന്നു ആലോചിച്ചിരുന്നത്. സാത്താന്റെ പ്രലോഭനങ്ങള്‍. അത് ഏതെല്ലാം രൂപത്തില്‍ വരുമെന്ന് ആര്‍ക്കറിയാം. അല്ലെങ്കില്‍ ഏതാണ് ശരി, ഏതാണ് തെറ്റ് എന്നതിനെപ്പറ്റി നമുക്കൊക്കെ എന്തറിയാം?
എഞ്ചിന്റൂമില്‍നിന്ന് തലപുറത്തിട്ട് ചിരിക്കുന്ന ഡ്രൈവറെ കണ്ടപ്പോള്‍ അന്നവള്‍ക്ക് ദ്വേഷ്യമാണുണ്ടായത്. അവള് മുഖം വെട്ടിച്ചുകൊണ്ട് തിരിഞ്ഞു നടന്നു. അന്താക്ഷരി അലമ്പായി. കമ്പാര്‍ട്ടുമെന്റ് മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും കാണാന്‍ കൊള്ളാവുന്ന ഒരൊറ്റ പയ്യനെപ്പോലും കണ്ടുകിട്ടിയില്ല. ദിവസഫലമായിരിക്കണം. അവള് ആലോചിച്ചു. ഇനി ഓഫീസില്‍ പോയാല്‍ എന്തായിരിക്കും സ്ഥിതിയാവോ?
അവള് പ്ലാറ്റുഫോമിന്റെ അറ്റത്തേയ്ക്കു നടക്കാതെ മേല്‍പ്പാലം കയറാന്‍ തുടങ്ങി. രാജന് എഞ്ചിന്റൂമില്‍നിന്ന് തന്നെ അദ്ഭുതത്തോടെ നോക്കുന്നുണ്ടെന്നവള്ക്കറിയാം. നോക്കട്ടെ!
മാലതിയാണ് പ്രശ്നമുണ്ടാക്കിയത്. അവള് ചോദിച്ചു. ‘പുതിയ ജോലി കിട്ടിയിട്ട് സ്വീറ്റ്സൊന്നും കൊണ്ടുവന്നില്ലേ?’
ഭാസ്കരന് നായര്‍ ചേമ്പറില്‍ത്തന്നെയായിരുന്നു. അയാള്‍ പുറത്തു വന്നില്ല. കമ്പ്യൂട്ടര്‍ ബൂട്ടുചെയ്തിട്ടുണ്ടായിരുന്നില്ല. നാന്‍സി ഒന്നും പറയാതെ കമ്പ്യൂട്ടര്‍ ഓണാക്കി. ശനിയാഴ്ച പോകുമ്പോള്‍ പകുതി തീര്‍ത്ത ജോലിയുണ്ടായിരുന്നു. അതു തപ്പിയെടുത്ത് ടൈപ്പുചെയ്യാനാരംഭിച്ചു.
‘എന്താണൊന്നും പറയാത്തത്?’ മാലതി വീണ്ടും ചോദിച്ചു. സാധാരണ പതിവില്ലാത്തതാണ്. ഒരിക്കല്‍ ചോദിച്ചു മറുപടികിട്ടിയില്ലെങ്കില്‍ പിന്നീടവള്‍ ചോദിക്കാറില്ല. മധുരപലഹാരങ്ങള്‍ കിട്ടിയേ അടങ്ങുവെന്ന മട്ടിലാണവള്‍. പെട്ടെന്ന് നാന്‍സിക്കൊരു ഭൂതോദയമുണ്ടായി. തന്റെ പുതിയ ജോലിയെപ്പറ്റി മാലതിയും ഭാസ്കരന്‍നായരും തമ്മില്‍ സംസാരമുണ്ടായിട്ടുണ്ട്. സംസാരിച്ചുകൊണ്ട് തന്നില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ അടിച്ചെടുക്കാനുള്ള സൂത്രമാണത്. മാലതി ഒരിക്കലും മധുരപലഹാരങ്ങളുടെ ആരാധികയായി നാന്സിക്കനുഭവപ്പെട്ടിട്ടില്ല.
‘സാറ് ദാ വിളിക്ക്ണ്.’ മാലതി പറഞ്ഞു. നാന്‍സി എഴുന്നേറ്റു ചേമ്പറിലേയ്ക്കു പോയി.
ചേമ്പറിനുള്ളിലെ അന്തരീക്ഷം കനത്തതായിരുന്നു. ആകെ വിങ്ങുന്നപോലെ. പെട്ടെന്ന് താനും സാറും തമ്മിലുള്ള ബന്ധം പൊട്ടിത്തകര്‍ന്ന് കഷ്ണങ്ങളായി തെറിച്ചപോലെ അവള്‍ക്കു തോന്നി.
‘ഇരിക്കു.’ ഭാസ്കരന് നായര്‍ തികച്ചും ഔപചാരികമായി പറഞ്ഞു. നാന്‍സി ഇരുന്നു.
‘മാര്‍ക്വെല്ലിലെ തോമസ് വിളിച്ചിരുന്നു.’
അയാള്‍ നിര്‍ത്തി. നാന്‍സിയുടെ മുഖത്തു നോക്കി; അവളുടെ പ്രതികരണം പഠിക്കാനെന്നപോലെ. അവള് ഒന്നും പറയുന്നില്ല.
‘അയാള്‍ക്കറിയേണ്ടത് രണ്ടു കാര്യമാണ്. ഒന്ന് നിന്റെ സ്വഭാവത്തെപ്പറ്റി. രണ്ട്, നീയെന്തിനാണ് കൂടുതല്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കുറച്ചു ശമ്പളത്തിന് അവിടെ ചേരുന്നതെന്ന്.’
അയാള്‍ വീണ്ടും നിര്‍ത്തി. മുമ്പില്‍നിന്ന് പ്രതികരണമൊന്നുമില്ലെന്നു കണ്ട് തുടര്‍ന്നു.
‘ഒന്നാമത്തെ ചോദ്യത്തിന് ഞാന്‍ മറുപടി കൊടുത്തു. രണ്ടാമത്തേത് എനിക്കറിയില്ലെന്നും പറഞ്ഞു. നിനക്ക് അറിയാമെങ്കില്‍ കേള്‍ക്കാമെന്നുണ്ട്.’
നാന്‍സി ഒന്നും പറയുന്നില്ല.
‘ഒരു കാര്യം നീ ആലോചിച്ചില്ല. തോമസിന് എന്റെ പ്രായമറിയില്ല. പത്തറുപതു വയസ്സായ ഒരാളാണ് ഞാനെന്നയാള്ക്കറിയില്ല. പിന്നെ ഞാനും നിന്റെ അപ്പനും തമ്മിലുള്ള സ്നേഹബന്ധവും അയാള്‍ക്കറിയില്ല. അപ്പോള്‍ പത്തിരുപതു വയസ്സായ പെണ്‍കുട്ടി ഒരു കാരണവുമില്ലാതെ കുറഞ്ഞ ശമ്പളത്തിന് ഒരു ജോലി ഇട്ടെറിഞ്ഞു പോകയാണെങ്കില്‍ അതയാളെ അദ്ഭുതപ്പെടുത്തിയിട്ടുണ്ടാവും. അതിനുള്ള കാരണങ്ങളെപ്പറ്റി അയാള്‍ കുറെയേറെ ഊഹങ്ങള്‍ നടത്തിയിട്ടുണ്ടാവും. ചിലപ്പോള്‍ എന്നെയായിരിക്കും അയാള്‍ സംശയിക്കുക.’
നാന്‍സിയുടെ മുഖം വിളറി. അവള് അങ്ങിനെയൊന്നും ചിന്തിച്ചിരുന്നില്ല. അവളുടെ മനസ്സ് വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതായിരുന്നു. അവള് തമാശകള്‍ പറയുന്നുണ്ടെങ്കിലും ഒരിക്കലും സന്തോഷവതിയായിരുന്നില്ല. ഭാസ്കരന് നായര്‍ക്ക് താന്‍ ഒരധികപ്പറ്റാണെന്ന ബോധം കുറച്ചുകാലമായി അവളെ അലോസരപ്പെടുത്തുന്നു. അതിനിടയ്ക്കാണ് തമാശയായിട്ടെങ്കിലും അവള് കഴുത്തില്‍ തൂങ്ങുന്നതിനെപ്പറ്റി അദ്ദേഹം പറഞ്ഞത്. അതത്ര കാര്യമാക്കേണ്ട ആവശ്യമൊന്നുമുണ്ടായിരുന്നില്ല. തന്റെ അന്നത്തെ മൂഡ് അങ്ങിനെയായിരുന്നു. അവള്‍ക്ക് വിഷമമായി.
‘ഞാന്‍ നിന്നെ പിടിച്ചു നിര്‍ത്തില്ല. നിനക്കു പോകാം. പക്ഷേ പോകുന്നതിനുമുമ്പ് നീ എനിക്ക് കുറച്ചു വല്ലായ്മ തന്നുവെന്നു മാത്രം.’ അദ്ദേഹം തുടര്‍ന്നു. ‘ഞാന്‍ തരുന്നതിനേക്കാള്‍ കുറച്ചു ശമ്പളത്തിനാണ് നീ പോകുന്നതെന്ന് തോമസ് വിളിച്ചു പറഞ്ഞപ്പോഴേ മനസ്സിലായുള്ളൂ. നിന്റെ ഇഷ്ടം നടക്കട്ടെ. ആട്ടെ അപ്പന് കത്തെഴുതിയോ?’
നാന്‍സി ഒന്നും പറയാതെ തലയും കുമ്പിട്ട് ഇരിക്കയാണ്. കണ്ണുകള്‍ തുളുമ്പാനൊരുങ്ങുന്നു. അവള് പെട്ടെന്ന് എഴുന്നേറ്റു പുറത്തേയ്ക്കു കടന്നു.
എന്നെ ആരും മനസ്സിലാക്കുന്നില്ല. അവള് സ്വയം പറഞ്ഞു. ആരും. മോണിറ്ററിലെ അക്ഷരങ്ങള്‍ ശിഥിലമായി. അരികില്‍ മഴവില്ലിന്റെ വര്‍ണ്ണരാജി തെളിഞ്ഞു.
‘നിനക്കെന്തു പറ്റീ?’ രാജന് ചോദിച്ചു. അയാള്‍ എന്നത്തേയുംപോലെ സ്റ്റേഷന് കവാടത്തില്‍ കാത്തുനില്ക്കുകയായിരുന്നു. രാവിലെ അങ്കമാലിയില്‍നിന്നും പിന്നെ ഇവിടെ പ്ലാറ്റ്ഫോമില്‍നിന്നും അയാളെ അവഗണിച്ചതൊന്നും അയാള്‍ക്ക് പ്രശ്നമില്ല. നാന്‍സി ഒന്നും പറയുന്നില്ല. അവളുടെ മുഖം വാടിയിരുന്നു. അയാള്‍ ചോദിച്ചു.
‘എന്തുകൊണ്ട് നമുക്കൊരു മസാലദോശ തിന്നുകൂടാ?’
അവള് വീണ്ടും ഒന്നും പറയുന്നില്ലെന്നു കണ്ടപ്പോള്‍ അയാള്‍ അവളുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു. ‘വരൂ.’
അവള് കൈ വലിച്ചില്ല. പ്ലാറ്റുഫോമിലേയ്ക്കു നടക്കുമ്പോള്‍ അവള് പറഞ്ഞു.
‘നമുക്ക് പുറത്ത് ഏതെങ്കിലും റെസ്റ്റോറണ്ടില്‍ പോകാം.’
‘നിനക്ക് നേരം വൈകേണ്ട എന്നു കരുതിയാണ് ഞാന്‍ റെയില്‍വേ റെസ്റ്റോറണ്ടില്‍ പോകാമെന്നു വച്ചത്.’
‘സാരമില്ല, ഞാന്‍ ബസ്സില്‍ പോവാം. ഒരു ദിവസമല്ലേ.’ അവര്‍ പുറത്തേയ്ക്കു നടന്നു.
‘ഒരു മസാലദോശ തരാമെന്നു പറഞ്ഞാല്‍ ആര്‍ക്കും എന്നെ പിടിച്ചുകൊണ്ടുപോകാമെന്ന സ്ഥിതിയാണ്.’ നാന്‍സി പറഞ്ഞു.
‘മസാലദോശ അത്ര ഇഷ്ടമാണോ?’
‘ശരിക്കു പറഞ്ഞാല്‍ ഐസ്ക്രീം വാങ്ങിത്തരാമെന്നു പറഞ്ഞാലും ഞാന്‍ ഒപ്പം പോകും.’
‘ആഹാ.’ രാജന് ചോദിച്ചു. ‘മറ്റെന്തൊക്കെയാണ് താങ്കള്‍ക്ക് ഇഷ്ടപ്പെട്ട തീറ്റസ്സാധനങ്ങള്‍?’
‘എനിക്ക് ഇഷ്ടമില്ലാത്ത സാധനങ്ങള്‍ പറയുകയാവും എളുപ്പം.’
‘എനിക്ക് തോന്നിയിട്ടുണ്ട്.’
റെസ്റ്റോറണ്ടില്‍ അടുക്കളകൗണ്ടറില്‍ നിന്ന് രണ്ടു പ്ലെയ്റ്റില്‍ മസാലദോശ കൊണ്ടുവന്ന് വച്ചശേഷം അയാള്‍ ചോദിച്ചു.
‘ഐസ്ക്രീം ഇപ്പോള്‍ കൊണ്ടുവരണോ, അതോ ദോശ തിന്നുകഴിഞ്ഞിട്ട് മതിയോ?’
‘എനിക്ക് ഒരു ദോശകൂടി വേണ്ടിവരും.’ നാന്‍സി പറഞ്ഞു.
‘തമാശ പറയുകയാണല്ലേ?’
‘നിങ്ങളെന്റെ മൂഡ് കേടുവരുത്താന്‍ കൊണ്ടുവന്നതാണോ?’ ‘ആട്ടെ, ചോദിക്കട്ടെ, എന്താണ് ഭവതിയുടെ മുഡ് തേങ്ങയുടെ മൂടായത്? രാവിലെ എന്നെ നോക്കിയതേയില്ല. പിന്നെ ഇറങ്ങിപ്പോകുമ്പോഴെങ്കിലും കടാക്ഷിക്കുമെന്നു കരുതി. അതും ഉണ്ടായില്ല. ഞാനായതുകൊണ്ട് പിന്നേയും പിന്നാലെ നടക്കുന്നു.’
‘ഞാന്‍ എല്ലാവരുമായി ഒടക്കാന്‍ പോവ്വാണ്.’
‘എന്റെ കര്‍ത്താവേ എന്താണീ കേക്കണത്?’ രാജന് അവളെ അനുകരിച്ചു.
‘എന്തിനാണ് കര്‍ത്താവിനെ വിളിക്കുന്നത്. കര്‍ത്താവ് ഇതിലൊന്നും പാര്‍ട്ടിയല്ലല്ലോ. പിന്നെ പീറ നായന്മാര് കര്‍ത്താവിനെ വിളിക്കുന്നത് അങ്ങേര്‍ക്കിഷ്ടമാവില്ല.’
‘ഞാന്‍ നായരാണെന്ന് ആരു പറഞ്ഞു?’
‘കണ്ടാലറിഞ്ഞുകൂടെ? വല്ല അച്ചായന്മാരാണെങ്കില് ഇങ്ങിനെ പണം ചെലവാക്കുമോ? നാലു കാശുണ്ടാക്കാന്‍ നോക്കുകയല്ലാതെ?’
‘എന്നാല്‍ ഐസ്ക്രീം വേണ്ടെന്നു വയ്ക്കാം.’
‘ഞാന്‍ ഒന്നുകൂടി ചോദിക്കുന്നു, എന്റെ മതവികാരങ്ങള്‍ വ്രണപ്പെടുത്താന്‍ കൊണ്ടുവന്നതാണോ?’
വീട്ടിലെത്തിയപ്പോള്‍ എട്ടുമണിയായിരുന്നു. ചേച്ചി കാത്തുനില്ക്കുകയായിരുന്നു.
‘എന്താണ് നീയിത്ര നേരം വൈകീത്? ഞാന്‍ പേടിച്ചു.’
‘ഞാന്‍ ക്ഷീണിച്ചു ചേച്ചീ. രണ്ട് മസാല ദോശ, ഒരു കോക്ടെയ്ല്‍ ഐസ്ക്രീം. എനിക്കിന്ന് ഭക്ഷണമൊന്നും വേണ്ട.’
‘ഓഫീസില്‍ പാര്‍ട്ടിയുണ്ടായിരുന്നോ?’
‘ഇല്ലാ, ഞാനൊരാളുടെ ഒപ്പം പോയി. ഒരു എഞ്ചിന് ഡ്രൈവറുടെ ഒപ്പം.’
‘എഞ്ചിന് ഡ്രൈവറോ?’
‘അതേ ചേച്ചീ, നല്ല ഗ്ലാമറുള്ള പയ്യനാണ്.’
‘നോക്ക് നീയെന്നെക്കൊണ്ട് പറയിപ്പിക്കണ്ട. അപ്പച്ചന് ഞാന്‍ നാളെത്തന്നെ എഴുതുന്നുണ്ട്.’
‘വേണ്ട ചേച്ചീ, ഞാന്‍ തമാശ പറഞ്ഞതാ.’
‘എന്താണയാളുടെ പേര്?’
‘രാജന്.’
‘രാജന്? മുഴുവന്‍ പേരെന്താ?’ ‘അറിയില്ല ചേച്ചീ.’
‘എന്താണയാള്ടെ ജാതി?’
‘അറിയില്ല ചേച്ചീ, ഞാന്‍ ചോദിച്ചപ്പോ ജാതി ചോദിക്കരുത്, പറയരുത് എന്നാണ് പറഞ്ഞത്.’
‘അയാള്ടെ അപ്പന്റെ പേര് ചോദിക്കായിര്ന്നില്ലേ.’
‘ചോദിച്ചു. പേര് നാരായണന് നായര്ന്നാ.’
ചിരിക്കയാണോ ശകാരിക്കയാണോ വേണ്ടതെന്നു മനസ്സിലാവാതെ മേരി കുഴങ്ങി.
നെല്സന് അവളുടെ സഞ്ചി തപ്പി മിട്ടായിയെടുത്ത് തിന്നാന്‍ തുടങ്ങിയിരുന്നു.