close
Sayahna Sayahna
Search

പതിനാലാം ദിവസം


പതിനാലാം ദിവസം
EHK Novel 04.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 29

Externallinkicon.gif എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

പ്ലാറ്റുഫോമില്‍ പുഷ്പുള്‍ കിതച്ചുനിന്നു. അവള്‍ എഞ്ചിന്‍റൂമിലേയ്ക്കു നോക്കി. കഴിഞ്ഞ മൂന്നുനാലു ദിവസമായി പ്രഭയറ്റു കിടന്ന എഞ്ചിന്‍ മുറി വീണ്ടും പ്രഭാപൂരം പൊഴിക്കുന്നതായി അവള്‍ കണ്ടു. വീണ്ടും വസന്തം, വീണ്ടും പൂക്കളുടെ പ്രളയം. സുഗന്ധം പരത്തുന്ന മന്ദമാരുതന്‍. ഞാന്‍ പറഞ്ഞില്ലേ? അവള്‍ ആലോചിച്ചു. എനിക്ക് കവിതയെഴുതാന്‍ കഴിയും.

‘എന്താ കേറ്ണില്ലേ?’ എന്ന് രാജന്‍ ആംഗ്യം കാണിച്ചപ്പോഴാണ് പരിസരബോ­ധമുണ്ടായത്. ചുറ്റും വസന്തമല്ല, തലയ്ക്കു മുകളില്‍ മൊട്ട വെയിലാണെന്നും, ഇപ്പോള്‍ കവിതയെഴുതാ­നിരുന്നാല്‍ ശരിയാവില്ലെന്നും അവള്‍ക്കു ബോധ്യമായി. അവള്‍ ധൃതിയില്‍ വണ്ടിയില്‍ കയറി. അന്താക്ഷരിയില്‍ അവള്‍ ആദ്യമായി ജയിച്ചു. വയലാറിന്റേയും ഒ.എന്‍.വി.യുടെയും പാട്ടുകള്‍ അവളുടെ നാവിന്‍തുമ്പില്‍ അനായാസം വന്നുചേര്‍ന്നു. അവള്‍ കുട്ടിക്കാലംതൊട്ട് കേള്‍ക്കാറു­ള്ളതാണാ പാട്ടുകള്‍. അപ്പന്‍ വൈകുന്നേരം അല്പം കുടിക്കും. കുടിച്ചു കഴിഞ്ഞാല്‍ സിനിമാ­ഗാനങ്ങള്‍ നല്ല ഈണത്തില്‍ പാടും. അതുകേട്ടുകൊ­ണ്ടാണവള്‍ വളര്‍ന്നത്. ഇപ്പോള്‍ അവളുടെ ജീവിതത്തിലും ആ പാട്ടുകള്‍ക്ക് അര്‍ത്ഥമുണ്ടായി വരുന്നതവള്‍ അദ്ഭുതത്തോടെ, ആഹ്ലാദത്തോടെ കണ്ടു.

സൗത്ത് സ്റ്റേഷനില്‍ വണ്ടി നിന്നപ്പോള്‍ അവള്‍ പ്ലാറ്റുഫോമിലൂടെ നടന്ന് എഞ്ചിന്റെ അടുത്തെത്തി. രാജന്‍ പുറത്തേയ്ക്കു തലയിട്ട് നില്‍ക്കുകയാണ്.

‘അമ്മയ്ക്ക് എങ്ങിനെയുണ്ട്?’ നാന്‍സി ചോദിച്ചു.

‘മാറി.’ അയാള്‍ പറഞ്ഞു. പനിപിടിച്ചു കിടന്ന ഒരു ചെറിയ കുട്ടി കളിക്കാന്‍ പോകാനായി ‘ഊവ് മാറി’ എന്നു പറയുന്നതുപോലെ­യാണയാള്‍ പറഞ്ഞത്.

‘ഇന്നലെ എന്നെ പെണ്ണുകാണാന്‍ വന്നിരുന്നു.’

‘എങ്ങിനെയുണ്ട് പയ്യന്‍?’

‘നല്ല സുന്ദരന്‍. രാജകുമാരനെപ്പോലെയുണ്ട്.’

‘ങും, എന്നെ അസൂയപ്പെടുത്താന്‍ പറയ്യ്വാണ്. കട്ടപ്പല്ലും കോങ്കണ്ണും ഉള്ള ആരെങ്കിലു­മായിരിക്കും.’

‘ആയ്‌ക്കോട്ടെ.’ അവള്‍ കോക്കിരി കാട്ടിക്കൊണ്ട് നടന്നുപോയി.

പെണ്ണുകാണാന്‍ വന്ന കാര്യം പറഞ്ഞപ്പോള്‍ ഭാസ്‌കരന്‍ നായര്‍ ചോദിച്ചു.

‘എന്താണവരുടെ ഡിമാന്റ്?’ ‘മൂന്നുലക്ഷവും നാല്പതു പവനും മാത്രം. ഇത്ര കുറച്ചു ചോദിക്കുന്ന ഒരാളുടെ ഒപ്പം ഞാന്‍ പോവില്ലെന്ന് പറഞ്ഞിരിക്കയാണ്. എന്റെ വില കളയാനോ?’

ഭാസ്‌കരന്‍ നായരും മാലതിയും ചിരിക്കയാണ്.

‘ഞാന്‍ നിന്നെക്കൊണ്ട് തോറ്റു. ആട്ടെ പയ്യനെങ്ങിനെണ്ട്?’

‘ശരാശരി. പയ്യന്റെ അനിയനാണെങ്കില്‍ ഒരു കൈ നോക്കായിരുന്നു. ഗ്ലാമറുള്ള പയ്യനാണ്.’

രാജനെ അസൂയപ്പെടുത്താമെന്നാണ് കരുതിയത്. അയാളുടെ മുഖത്ത് അസൂയപോയിട്ട് അസഹിഷ്ണുതയുടെ ലാഞ്ചനപോലു­മുണ്ടായിരുന്നില്ല. ശാന്തമായ മുഖം, പ്രസന്നമായ മുഖം. അവള്‍ അദ്ഭുതപ്പെട്ടു. ഈയ്യാള്‍ യേശുതന്നെ വേഷം മാറിവന്നതാ­യിരിക്കുമോ? അവള്‍ ഐസ് ക്രീം നുണയുകയാണ്.

‘ഇങ്ങിനെ ദിവസവും ഐസ്‌ക്രീമും മസാലദോശയും വാങ്ങിത്തന്നാല്‍ മുതലാകുമോ?’

‘ഇല്ല.’

‘പിന്നെ എന്തിനാണ് ഇങ്ങിനെ പണം ചെലവാക്കുന്നത്?’

‘അതെല്ലാം ഞാന്‍ സ്ത്രീധനത്തുകയില്‍ കൂട്ടിയിടാം.’

‘നിങ്ങള്‍ നായന്മാര്‍ക്ക് സ്ത്രീധനം വാങ്ങുന്ന ഏര്‍പ്പാടില്ലല്ലോ.’

‘എന്റെ അച്ഛന്‍ വാങ്ങിയിട്ടില്ല. ഇങ്ങനെ പോയാല്‍ ഞാനായിട്ട് അതു തുടങ്ങേണ്ടി വരുമെന്നാണ് തോന്നുന്നത്.’

‘അങ്ങിനെയാണെങ്കില്‍ എനിക്കു യാതൊരു താല്പര്യവുമില്ല. ഞാന്‍ സ്ത്രീധനമൊന്നും കൊടുക്കാതെ ഒരു പയ്യനെ അടിച്ചെടു­ക്കാമെന്നു കരുതിയാണ് നിങ്ങളുമായി അടുത്തത്.’

‘അച്ചായത്തിയുടെ മനസ്സിലിരിപ്പ് എനിക്കു നല്ലവണ്ണം അറിയാം. ആട്ടെ മൂന്നു ലക്ഷവും നാല്പതു പവന്‍ പണ്ടങ്ങളും ചോദിക്കുന്ന ആ വിദ്വാന്റെ കയ്യിലെന്തുണ്ട്?’

‘ജനിക്കുമ്പോള്‍ ദൈവം തമ്പുരാന്‍ കല്പിച്ചുകൊടുത്ത സാധനങ്ങള്‍ മാത്രം. അതും പ്രവര്‍ത്തന­ക്ഷമമാണെന്ന് വലിയ ഉറപ്പൊന്നുമില്ല.’

‘തങ്കംപോലെയുള്ള ഒരു പെണ്‍കുട്ടിയെ കെട്ടിച്ചയക്ക­ണമെങ്കില്‍ ടണ്‍കണക്കിന് സ്വര്‍ണ്ണം വേണമെന്നത് വലിയൊരു പ്രശ്‌നംതന്നെയാണ്. ഇവരെയൊക്കെ ചാട്ടവാറുകൊണ്ട­ടിക്കുകയാണ് വേണ്ടത്.’

അവള്‍ പെട്ടെന്ന് യോഹന്നാന്റെ സുവിശേഷത്തിലെ വാക്യങ്ങളോര്‍ത്തു.

‘അവന്‍ കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ദേവാലയ­ത്തില്‍നിന്നു അടിച്ചു പുറത്താക്കി.....’

രാജന്റെ മുഖത്ത് താടി വളര്‍ന്നുവെന്ന് താന്‍ ഭാവനയില്‍ കാണുകയാണോ? കൈയ്യിലുള്ള ചാട്ടവാര്‍ അദ്ദേഹം ചുഴറ്റിയടിക്കുകയാണ്. ആനന്ദ­ഹര്‍ഷത്തോടെ അവള്‍ ആ രംഗം നോക്കി നിന്നു.

‘എന്താണാലോചിക്കുന്നത്?’ രാജന്‍ ചോദിച്ചു.

‘ഒന്നുമില്ല.’ അവള്‍ പറഞ്ഞു. ‘ഞാന്‍ നന്മതിന്മകളെപ്പറ്റി ആലോചി­ക്കയായിരുന്നു.’

രാത്രി ഊണു കഴിക്കുമ്പോഴാണ് മേരി പറഞ്ഞത്.

‘വൈകീട്ട് ചിറ്റപ്പന്‍ വന്നിരുന്നു.’

നാന്‍സി ചോദ്യഭാവത്തില്‍ ചേച്ചിയെ നോക്കി.

‘അവര്‍ക്ക് നിന്നെ ഇഷ്ടപ്പെട്ടുത്രെ.’

‘വലിയ കാര്യമായി!’

‘പയ്യന് നിന്നോടൊന്നു സംസാരിക്കണംത്രെ. നാളെ നിന്റെ ഓഫീസില് വന്നാല്‍ സൗകര്യാവ്വോന്ന് ചോദിച്ചു.’

‘ഈവക അലവലാതികളെയൊന്നും ഓഫീസിലേയ്ക്ക് വിടേണ്ട. എന്റെ ഗ്ലാമര്‍ പോവും. ആ പരിസരത്തൊക്കെ എനിക്ക് നല്ല ഗ്ലാമറാ.’

‘പിന്നെ എവിടെവച്ചാ കാണാന്‍ പറ്റുക?’ അനിയത്തിയുടെ സ്വഭാവം നല്ലവണ്ണം അറിയാവുന്നതുകൊണ്ട് മേരി ഏറെ സംയമനം പാലിച്ചിരുന്നു. കുട്ടിക്കാലംതൊട്ട് പരിശീലിച്ചുണ്ടാക്കിയ സിദ്ധിയാണത്.

‘അയാള്‍ക്ക് ഉച്ചയ്ക്ക് രണ്ടുതൊട്ട് മൂന്നുമൂന്നരമ­ണിവരെള്ള സമയത്തേ പറ്റൂന്ന് പറഞ്ഞു.’

‘നല്ല സമയമാണ്. ഞാന്‍ നാളെ ലഞ്ചു കൊണ്ടുപോ­കുന്നില്ല. ഏതെങ്കിലും റെസ്റ്റോറ­ണ്ടില്‍വച്ചു കാണാം.’

‘റെസ്റ്റോറണ്ടില്‍ വച്ചോ?’

‘അതെ. അയാള്‍ എത്ര അര്‍ക്കീസാണെന്നും മനസ്സിലാക്കാലോ? എനിക്ക് ഒരു നല്ല ലഞ്ചും തരാവും!’ അവള്‍ നിര്‍ത്തി വീണ്ടും പറഞ്ഞു. ‘നല്ല ലഞ്ച് എന്നു ഞാന്‍ പറഞ്ഞോ? എന്റെ പ്രതീക്ഷകള്‍ കാടുകയറ്വാണോ?’

‘ഞാന്‍ ചിറ്റപ്പനോടു പറയാം.’

ഡയറി അടച്ചുവച്ചപ്പോള്‍ നാന്‍സി ഓര്‍ത്തു. എല്ലാ ദിവസവും അവസാനി­ക്കുന്നത് ഒരുപോലെയാണ്. രാത്രിയുടെ ഇരുട്ട് വന്നു വലയം ചെയ്ത് ബോധമ­ണ്ഡലത്തെ പതുക്കെ കാര്‍ന്നു തിന്നുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ ഭ്രമാത്മകതയ്ക്ക് വഴി മാറിക്കൊടുക്കുന്നു. അതു മേെറ്റാരു ലോകം. അതാണ് തന്റെ സത്ത. അതിലാണ് താന്‍ ജീവിക്കുന്നത്.

അവള്‍ സ്വയം പറഞ്ഞു. കര്‍ത്താവേ ഇതിന്റെ പൊരുളെന്താണ്?